ക്രിസ്തുവിൻ്റെ സ്നാനങ്ങളും വിശ്വാസികളുടെ സ്നാനങ്ങളും

☛ നമ്മുടെ കർത്താവായ യേശു രണ്ടു സ്നാനമേറ്റു: ➤ജലത്താൽ ഒരു സ്നാനവും ➤ആത്മാവിനാൽ മറ്റൊരു സ്നാനവും. 
❶ യേശുവിൻ്റെ ആദ്യത്തെ സ്നാനം യോർദ്ദാനിൽവെച്ച് യോഹന്നാനാൽ ഏറ്റ ജലസ്നാനമാണ്: (മത്താ, 3:16). ➟യേശു ജലത്താൽ, തൻ്റെ ജഡത്തിൽ ഏറ്റ സ്നാനം ആർക്കും രക്ഷനല്കാനല്ല; നീതി നിവൃത്തിക്കാനായിരുന്നു: (മത്താ, 3:15). ➟ന്യായപ്രമാണത്തിൻ്റെ (പ്രവർത്തിയാലുള്ള) നീതിയാണ് അവിടെ വിവക്ഷിതം. 
❷ അടുത്ത സ്നാനം തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനമാണ്. ➟ഈ സ്നാത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: ➤❝എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.❞ (ലൂക്കോ, 12:50). ➟ഇത് യോർദ്ദാനിൽ ഏറ്റുകഴിഞ്ഞ സ്നാനമല്ല; താൻ ഏല്ക്കാനിരുന്ന ക്രൂശിലെ പരമയാഗമാണ്. ➟ക്രിസ്തു ഏല്പാനിരുന്ന ഈ സ്നാനത്തെയോർത്ത് എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: ➤❝പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ❞ എന്നു പ്രാർത്ഥിച്ചു. (മത്താ, 26:39). ➟ക്രിസ്തു മൂന്നു പ്രാവശ്യമാണ് ഈയൊരു കാര്യംചൊല്ലി പ്രാർത്ഥിച്ചത്: (മത്താ, 26:42; 26:44). ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (എബ്രാ, 5:7). ➟മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 22:43-44; 1തിമൊ, 2:6). ➟അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ➟ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി കഷ്ടമേറ്റു മരിക്കുകയും ഉയിർക്കുകയും ചെയ്തത് സ്വന്ത ശക്തിയാലല്ല; ദൈവത്തിൻ്റെ ആത്മാവിനാലാണ്. (1തിമൊ, 2:6 ⁃⁃ എബ്രാ, 9:14; 1പത്രൊ, 3:18). ➟അതായത്, യേശു എന്നു പേരുള്ള മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന സ്നാനമേറ്റത് ആത്മാവിനാലാണ്: (യോഹ, 9:11). 
➦ ക്രിസ്തു രണ്ട് സ്നാനം ഏറ്റപോലെ വിശ്വാസികൾക്കും രണ്ട് സ്നാനമുണ്ട്; 
❶ ആദ്യത്തേത് പരിശുദ്ധാത്മാവിനാലുള്ള സ്നാനമാണ്: ➤❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:12-13). ➟ഈ സ്നാനം വിശ്വാസത്തിൻ്റെ പ്രസംഗത്താൽ (സുവിശേഷം) ദാനമായി ലഭിക്കുന്നതാണ്: (ഗലാ, 3:2; ഗലാ, 3:5). ➟ഇതിനു് വചനപരമായ അനേകം തെളിവുകളുണ്ട്; തന്നെയുമല്ല, ചരിത്രപരമായ തെളിവുമുണ്ട്. (പ്രവൃ, 10:38-48 ⁃⁃ 11:1-18). 
❷ അടുത്തത് ജലസ്നാനമാണ്: ➤❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19). ➤❝Go therefore and make disciples of all the nations, baptizing them in the name of the Father and of the Son and of the Holy Spirit, teaching them to observe all things that I have commanded you.❞ (𝐌𝐚𝐭, 𝟐𝟖:𝟏𝟗). ➟ഈ വേദഭാഗത്തിൻ്റെ ഇംഗ്ലീഷിലെയും മലയാളത്തിലെയും മൂലഭാഷയിലെയും അർത്ഥം ഒന്നാണെങ്കിലും, മലയാളത്തിലെ ക്രമം തലതിരിഞ്ഞുപോയി. ➟ഗ്രീക്കിലും ഇംഗ്ലീഷിലും ഇപ്രകാരമാണ്:  
❶ നിങ്ങൾ പോയി സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ (Make disciples of all nations). ➟❛ശിഷ്യരാക്കിക്കൊൾവിൻ❜ (Make disciples) എന്നത് ഗ്രീക്കിൽ ❛Matheteusate❜ എന്ന ഒറ്റവാക്കാണ്. 
❷ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിപ്പിൻ (baptizing them in the name of the Father and of the Son and of the Holy Spirit) 
❸ ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിപ്പിൻ (teaching them to obey everything I have commanded you). 
➦ ലൂക്കൊസിൻ്റെ സമാന്തരവാക്യവും ഇതിനോട് ചേർത്ത് പഠിച്ചാൽ, കർത്താവിൻ്റെ കല്പന ഇപ്രകാരമാണ്: ➟ക്രിസ്തുവിൻ്റെ നാമത്തിലുള്ള സൂവിശേഷത്താൽ സകല ജാതികളെയും ശിഷ്യരാക്കുക: (ലൂക്കൊ, 24:47 ⁃⁃ പ്രവൃ, 10:43; 13:8). ➟ശിഷ്യരായവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുക: (പ്രവൃ, 2:38; 8:16; 10:48; 19:5 ⁃⁃ കൊലൊ, 3:17). ➟സ്നാനം ഏറ്റവരെ കർത്താവ് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിക്കുക. ➟ഇതാണ് കർത്താവിൻ്റെ കല്പനയും പുതിയനിയമത്തിൻ്റെ അടിസ്ഥാന ഉപദേശവും. ➟❛പത്രൊസിൻ്റെ വാക്കു കൈക്കൊണ്ടവർ❜ അഥവാ, പത്രൊസിൽനിന്ന് ക്രിസ്തുസിനെക്കുറിച്ചുള്ള സുവിശേഷവചനം കൈക്കൊണ്ട് രക്ഷപ്രാപിച്ചവരാണ് സ്നാനം ഏറ്റത്. ➟സ്നാനം ഏറ്റവരാണ് അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടത്. 
സഭയുടെ  അടിസ്ഥാന ഉപദേശങ്ങൾ: 
➦ ❝അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.❞ ( (പ്രവൃ, 2:41-42). ➤❝Then they that gladly 𝐫𝐞𝐜𝐞𝐢𝐯𝐞𝐝 𝐡𝐢𝐬 𝐰𝐨𝐫𝐝, were 𝐛𝐚𝐩𝐭𝐢𝐳𝐞𝐝, and the same day there were 𝐚𝐝𝐝𝐞𝐝 𝐭𝐨 𝐭𝐡𝐞 𝐂𝐡𝐮𝐫𝐜𝐡 about three thousand souls. And they 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐝 𝐢𝐧 𝐭𝐡𝐞 𝐀𝐩𝐨𝐬𝐭𝐥𝐞𝐬’ 𝐝𝐨𝐜𝐭𝐫𝐢𝐧𝐞, and 𝐟𝐞𝐥𝐥𝐨𝐰𝐬𝐡𝐢𝐩, and 𝐛𝐫𝐞𝐚𝐤𝐢𝐧𝐠 𝐨𝐟 𝐛𝐫𝐞𝐚𝐝, and 𝐩𝐫𝐚𝐲𝐞𝐫𝐬.❞ (GNV, 1560). 
❶ ദൈവവചനം കൈക്കൊള്ളുക: അവന്റെ വാക്കു കൈക്കൊണ്ടവർ ⁃⁃ പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ. (2:41
❷ സ്നാനം ഏല്ക്കുക. (2:41
❸ സഭയോടു ചേരുക: അവരോടു ചേർന്നു ⁃⁃ പ്രാദേശിക സഭയോടു ചേരുക. (2:41
❹ ഉപദേശം കേൾക്കുക. (2:42
❺ കൂട്ടായ്മ ആചരിക്കുക (2:42
❻ അപ്പം നുറക്കുക. (2:42)  
❼ പ്രാർത്ഥന കഴിക്കുക. (2:42). 
➦ പ്രവൃത്തികൾ 2:38-ലെ ❛മാനസാന്തരം❜ മുതലാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ➟ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ➟ദൈവഹിതപ്രകാരമുള്ള മാനസാന്തരം അഥവാ, ജീവപ്രാപ്തിക്കുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. ➟അത് ദൈവത്തിൻ്റെ വചനം അഥവാ, സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (പ്രവൃ, 11:14-18; 2കൊരി, 7:8-10; ഗലാ, 3:2; 3:5; എഫെ, 1:13-14). ➤❛അവരോടു ചേർന്നു❜ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. ➟എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവാണ്: ➤❝കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.❞ (പ്രവൃ, 2:47; 1കൊരി, 12:12-13).
➦ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സുവിശേഷത്താൻ അല്ലാതെ, ജലസ്നാനത്താൽ രക്ഷകിട്ടുമെന്ന് വചനം പഠിപ്പിക്കുന്നില്ല: (ലൂക്കൊ, 24:46:-47; 1കൊരി, 15:3-4; 2തിമൊ, 2:8). ➟സുവിശേഷത്താൽ രക്ഷിക്കപ്പെട്ടവർ ലോകത്തിൽനിന്ന് വേർപെട്ട് ക്രിസ്തുവിൻ്റെ ശിഷ്യരാകുന്നു എന്നതിൻ്റെ പരസ്യമായ സാക്ഷ്യമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ➟അല്ലാതെ, ജലസ്നാനം രക്ഷയ്ക്കായുള്ള ഉപാധിയല്ല.
സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് രക്ഷയെന്ന് കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ സംശയലേശമന്യേ മനസ്സിലാക്കാം:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.❞ (പ്രവൃ, 11:14). ➟ദൈവദൂതൻ പ്രത്യക്ഷനായിട്ട് കൊർന്നേല്യൊസിനോട് പറഞ്ഞത്: പത്രൊസിനെ വിളിച്ച് ജനസ്നാനം കഴിപ്പിക്കാനല്ല; ➤❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും❞ എന്നാണ് പറഞ്ഞത്. ➟രക്ഷിക്കപ്പെടുവാനുള്ള സുവിശേഷം പത്രൊസ് അറിയിച്ചപ്പോൾത്തന്നെ അവൻ്റെയും കുടുംബത്തിൻ്റെയും മേൽ ആത്മസ്നാനം നടക്കുകയും അവൻ രക്ഷപ്രാപിക്കുകയും ചെയ്തു: (പ്രവൃ, 10:38:46; 11:15-18). ➟ആത്മസ്നാനത്താൽ അവൻ രക്ഷിക്കപ്പെട്ടശേഷമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവനെ ജലസ്നാനം കഴിപ്പിച്ചത്: (പ്രവൃ, 47:48). ➟വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മാവ് ലഭിക്കുന്നതെന്നാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: (ഗലാ, 3:2; 3:5). ➟അതിനാൽ, ജലസ്നാനത്താലല്ല രക്ഷയെന്ന് ബൈബിൾ വായിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 
ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോടു ചേരുന്നതാണ് ആത്മസ്നാനം. ആ സ്നാനം ഏതാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്:
➦ ❝യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.❞ (മർക്കൊ, 10:39). ➟ഈ വേദഭാഗം മൂലഭാഷയിൽ ചെറിയൊരു വ്യത്യാസമുണ്ട്. ➟പുരാതനമായ മൂന്ന് കോഡെക്സിലും വാക്യം ഇപ്രകാരമാണ്: ➤❝to baptisma ho egō baptizomai baptisthēsesthe❞ (τὸ βάπτισμα ὃ ἐγὼ βαπτίζομαι βαπτισθήσεσθε). ➤❝ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും❞ (With the baptism I am baptized with, you will be baptized) എന്നാണർത്ഥം. ➤[കാണുക: Codex Vaticanus, Sinaiticus, Alexandrinus]. ➟മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയിൽ കാണുക: ➤❝അപ്പോൾ യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്ന് നിങ്ങളും കുടിക്കയും, ഞാൻ ബാപ്റ്റിസ്മപ്പെടുന്ന ബാപ്റ്റിസ്മകൊണ്ട് നിങ്ങളും ബാപ്റ്റിസ്മപ്പെടുകയും ചെയ്യും നിശ്ചയം.❞ ➤[കാണുക: Benjamin Baily]. ➟KJV-യും കാണുക: ➤❝And Jesus said unto them, Ye shall indeed drink of the cup that I drink of; and with the baptism that I am baptized withal shall ye be baptized.❞ 
➦ ക്രിസ്തു ഏറ്റ രണ്ടാമത്തെ സ്നാനം തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟ആ സ്നാനം ഏൽക്കാൻ അവൻ വളരെ ഞെരുങ്ങിയ കാര്യവും ക്രിസ്തുതന്നെ പറഞ്ഞത് നാം കണ്ടതാണ്: (ലൂക്കൊ, 12:50). ➟ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം ഒരു വ്യാഖ്യാനവും കൂടാതെ ആർക്കും മനസ്സിലാക്കാം: ➤ഞാൻ സ്നാനപ്പെടുന്ന സ്നാനംപോലെയുള്ള സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും എന്നോ, അതിനോട് സദൃശമായ ജലസ്നാനംകൊണ്ട് സ്നാനപ്പടുമെന്നോ അല്ല ക്രിസ്തു പറഞ്ഞത്; ➤❛ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും നിശ്ചയം.❜ ➟അതായത്, താൻ സ്നാനപ്പെട്ട തൻ്റെ മരണവും അടക്കവും പുനരുത്ഥാനവും എന്ന സ്നാനംകൊണ്ട് നമ്മളും സ്നാനപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്. ➟ക്രിസ്തു എങ്ങനെയാണ് തൻ്റെ സ്നാനം ഏറ്റത്❓ ➟അവൻ ആത്മാവിനാലാണ് മരണം വരിച്ചതും ഉയിർത്തെഴുന്നേറ്റതും: (എബ്രാ, 9:14; 1പത്രൊ, 3:18). ➟ക്രിസ്തുവിനു് തൻ്റെ മരണം, അടക്കം, പുനരുത്ഥാനമെന്ന സ്നാനമേൽക്കാൻ പരിശുദ്ധാത്മാവിനാലേ കഴിയുമായിരുന്നുള്ളു എങ്കിൽ, ➟ക്രിസ്തു ഏറ്റ അതേ സ്നാനമേൽക്കാൻ ആത്മാവിനാലല്ലാതെ ജലത്താൽ ആർക്കെങ്കിലും കഴിയുമോ❓ 
അപ്പൊസ്തലനായ പൗലൊസും ഈ രണ്ട് സ്നാനങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്: 
ജലസ്നാനം: ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.❞ (1കൊരി, 1:17). 
ആത്മസ്നാനം: ➤❝ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (2കൊരി, 12:12-13). 
➦ ജാതികൾക്ക് രക്ഷ നൽകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പൗലൊസ്: ➤❝നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.❞ (പ്രവൃ, 13:47-48 ⁃⁃ 1തിമൊ, 2:4-7). ഭൂമിയുടെ അറ്റത്തോളം രക്ഷയാകാൻ ദൈവത്താൽ തിരഞ്ഞടുക്കപ്പെട്ടവൻ, ജലസ്നാനത്തെക്കുറിച്ച് പറഞ്ഞത് എന്താണെന്ന് ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ ➟രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെക്കാണാം: ❶ജലസ്ഥാനത്താലല്ല രക്ഷ. ❷സുവിശേഷത്താലാണ് രക്ഷ. അഥവാ, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന ആത്മസ്നാനത്താലാണ് രക്ഷ: (പ്രവൃ, 10:38-44; ഗലാ, 3:2; ഗലാ, 3:5). ➟ചിലർ കരുതുന്നപോലെ, ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നു എങ്കിൽ, ജാതികൾക്ക് രക്ഷ നല്കാൻ ദൈവം അയച്ചവൻ, ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു❞ എന്ന് പറയുമായിരുന്നോ❓ ➟ജലസ്നാനത്താൽ രക്ഷ പ്രസംഗിക്കുന്നവർ ആരോടാണ് മത്സരിക്കുന്നത്❓
ജലസ്നാനത്താലല്ല രക്ഷ എന്നത് അപ്പൊല്ലോസിനോടുള്ള ബന്ധത്തിലും മനസ്സിലാക്കാം. ➟അവനെക്കുറിച്ച് ഏഴ് കാര്യങ്ങൾ ദൈവാത്മാവിനാൽ രേഖപ്പെടുത്തിയിട്ടുണ്ട്:
❶ വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 
❷ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 
❸ ആത്മാവിൽ എരിവുള്ളവൻ. 
❹ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 
❺ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 
❻ യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 
❼ അവൻ അപ്പൊസ്തലൻ ആയിരുന്നു: (1കൊരി, 4:6-9). ➟എന്നാൽ ശ്രദ്ധേയമായ കാര്യം എന്താണെന്നുചോദിച്ചാൽ, ➤അപ്പൊല്ലോസിനു് ക്രിസ്തീയ ജലസ്നാനത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു; യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ➟സ്നാനവാദികളുടെ ഉപദേശപ്രകാരം ജലസ്നാനം ഏൽക്കാത്തതിനാൽ അവൻ രക്ഷിക്കപ്പെട്ടവനല്ല. ➟ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; രക്ഷിക്കപ്പെടാത്ത, ജലസ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലോസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്❓ ➟സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ അവനു് ലഭിച്ച ഉപദേശം എന്താണ്❓ ➟രക്ഷിക്കപ്പെടാത്തവൻ ഏതാത്മാവിലാണ് എരിവുള്ളവനായിരുന്നത്❓ ➟രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി❓ ➟ഈ അപ്പൊല്ലോസിനെക്കുറിച്ച് മാത്രം പഠിച്ചാലും ജലസ്നാത്തിനു് രക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് സത്യസന്ധനായ ഒരു വിശ്വാസിക്ക് മനസ്സിലാകും. ➟അല്ലാത്തവർ ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും സത്യം വിശ്വസിക്കുകയോ രക്ഷ പ്രപാക്കുകയോ ചെയ്യില്ല.
➦ ഓരോ പ്രാദേശിക സഭകളുടെയും ഇഷ്ടമനുസരിച്ച്, ചിലർ തളിച്ചും ചിലർ മുക്കിയും മറ്റുചിലർ ഇരുത്തിയും നിർത്തിയും കിടത്തിയുമൊക്കെ കൊടുക്കുന്ന വിവിധ ജലസ്നാനങ്ങൾക്ക്, ക്രിസ്തു ഏറ്റ തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാകുന്ന സ്നാനവുമായി എന്താണ് ബന്ധം❓ ➟ക്രിസ്തു ആത്മാവിനാൽ ഏറ്റ സ്നാനം ജലത്താൽ എങ്ങനെ ഏൽക്കാൻ കഴിയും❓ ➟ദൈവം തൻ്റെ ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമായി നല്കുന്ന ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോട് ഏകീഭവിക്കുന്നതും രക്ഷിക്കപ്പെടുന്നതും: (യോഹ, 3:6; പ്രവൃ, 10:38-44; ഗലാ, 3:2; ഗലാ, 3:5). ➟ക്രിസ്തു തൻ്റെ മരണപുനുരുത്ഥാനങ്ങളാകുന്ന സ്നാനമേറ്റത് പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 12:50; എബ്രാ, 9:14; 1പത്രൊ, 3:18). ➟ആ സ്നാനത്തോട് ഏകീഭവിക്കാൻ ദൈവം തൻ്റെ ക്രിസ്തുവിലൂടെ ദാനമായി നല്കുന്ന പരിശുദ്ധാത്മ സ്നാനത്താലല്ലാതെ, ➟തോട്ടിലെ ജലത്താൽ എങ്ങനെ കഴിയും❓ ➟പ്രാദേശിക സഭകളിലെ ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനത്താൽ ക്രിസ്തു ആത്മാവിനാൽ ഏറ്റ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന സ്നാനത്തോട് ഏകീഭവിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ എന്തൊരു അബദ്ധമാണ്❓ ➟ദൈവം നല്കുന്ന ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനമെന്ന് വിശ്വസിക്കുന്നവർ ഏതാത്മാവിനു് അധീനരാണ്❓
➦ ക്രിസ്തു ഏറ്റ സ്നാനം ❛യെഹൂദൻ യവനൻ ദാസൻ സ്വതന്ത്രൻ❜ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ഏകാത്മസ്നാനത്താൽ മാത്രം ലഭിക്കുന്നതാണ്. ➟ഏകദൈവത്തിലും ക്രിസ്തുവിലുമുള്ള വിശ്വാസമല്ലാതെ കണ്ണിമ ചിമ്മുന്ന ഒരു പ്രവൃത്തിപോലും ആത്മസ്നാനത്തിനോ, രക്ഷയ്ക്കോ വേണ്ട: (1തിമൊ, 2:4-7; 1കൊരി, 12:13). ➟ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും, ദൈവം ഒരുപോലെ ദാനമായി നല്കുന്ന ആത്മസ്നാനത്തെക്കുറിച്ച് കേട്ടറിവെങ്കിലും ഉള്ള ഒരുത്തനും ജലസ്നാനത്താലാണ് രക്ഷയെന്ന് വിശ്വസിക്കില്ല; ➟അങ്ങനെ പറയില്ല; ➟അങ്ങനെ പഠിപ്പിക്കുകയുമില്ല. ➤[കാണുക: ആത്മസ്നാനവും ജലസ്നാനവും, പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേസൂസ് ക്രിസ്തോസ് എന്ന നാമം]


7 thoughts on “ക്രിസ്തുവിൻ്റെ സ്നാനങ്ങളും വിശ്വാസികളുടെ സ്നാനങ്ങളും”

Leave a Reply

Your email address will not be published. Required fields are marked *