“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ ദബാർ ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11). “ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു, ലോഗോസ് ദൈവത്തോടുകൂടെ ആയിരുന്നു, ലോഗോസ് ദൈവം ആയിരുന്നു. ലോഗോസ് ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു, സകലവും ലോഗോസ് മുഖാന്തരം ഉളവായി, ഉളവായതു ഒന്നും ലോഗോസിനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:1-3).
യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷ ചരിത്രത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-ാം വാക്യംവരെ ഇങ്ങനെ സംഗ്രഹിക്കാം:⬇️
1-2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ, ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വം വ്യക്തമാക്കുന്നു. (1യോഹ, 1:2)
3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു. (സങ്കീ, 33:6; 2പത്രൊ, 3:5)
4-5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. (യോഹ, 6:63,68; എബ്രാ, 4:12; 119:105)
6-ാം വാക്യം: യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (യോഹ, 15-16, 30-33)
7-9 വാക്യങ്ങൾ: ലോകത്തിൻ്റെ വെളിച്ചമായ ക്രിസ്തുവിനെക്കുറിച്ചുള്ള യോഹന്നാൻ്റെ സാക്ഷ്യവും സത്യവെളിച്ചമായ ക്രിസ്തുവിൻ്റെ ലോകത്തിലേക്കുള്ള ആഗമനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (യോഹ, 1:26-34; 3:19; 8:12; 9:5; യോഹ, 1:14)
10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു. (സങ്കീ, 33:6)
11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു. (യോഹ, 1:4,5; 6:63; എബ്രാ, 4:12)
12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു. (പ്രവൃ, 15:7)
13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം. (1കൊരി, 4:15; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23)
14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു. (1യോഹ, 1,2)
15-ാം വാക്യം: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. (1തിമൊ, 3:14-16)
16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11)
17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18)
18-ാം വാക്യം: വചനം ജഡമായവനും ദൈവവുമായുള്ള അഭേദ്യമായ ബന്ധം. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, ഏകജാതനായ പുത്രൻ’ എന്ന പ്രയോഗത്തിനാധാരം: (യോഹ, 17:5). ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിഷശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9)
യോഹന്നാൻ ഒന്നാം വാക്യത്തിലെ വചനം, അക്ഷരാർത്ഥത്തിൽ ക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാൽ ഒന്നാം വാക്യം ക്രിസ്തുവിൻ്റെ നിത്യാസ്തിത്വത്തിൻ്റെ തെളിവായിട്ടും, അവനെ ദൈവത്തോടു കൂടെയുള്ള മറ്റൊരു ദൈവം അല്ലെങ്കിൽ വ്യക്തിയായിട്ടും ട്രിനിറ്റി മനസ്സിലാക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണെന്നാണ് നാം പരിശോധിക്കുന്നത്. 1യോഹന്നാൻ 1ൻ്റെ1ൽ ക്രിസ്തുവിനെ ‘ജീവൻ്റെ വചനം’ എന്ന് യോഹന്നാൻ വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അതിനാലാണോ എന്നറിയില്ല, ക്രിസ്തു അക്ഷരാർത്ഥത്തിൽ വചനമാണെന്ന് കരുതുന്നവരാണ് അധികവും. എന്നാൽ, ജീവൻ്റെ വചനം എന്നത് ക്രിസ്തുവിൻ്റെ അഭിധാനം അഥവാ സ്ഥാനപ്പേരാണ്. ക്രിസ്തുവിലൂടെയാണ് നിത്യജീവൻ ലഭിക്കുന്നത് എന്നതിനാലാണ് അവനെ ജീവൻ്റെ വചനം എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. (യോഹ, 3:15-16; 20:31). അല്ലാതെ, ക്രിസ്തു സാക്ഷാൽ വചനമല്ല, വചനം ജഡമായവൻ അഥവാ മനുഷ്യനായവനാണ്. വചനം ജഡമായത് 14-ാം വാക്യത്തിലാണ്. അതായത്, ഒന്നുമുതൽ പന്ത്രണ്ടാം വാക്യംവരെ പറഞ്ഞിരിക്കുന്നതാണ് സാക്ഷാൽ വചനത്തെക്കുറിച്ചാണ്. പതിമൂന്നാം വാക്യത്തിൽ വചനത്താലുള്ള വ്യക്തികളുടെ വീണ്ടും ജനനത്തെക്കുറിച്ചാണ്: 1കൊരി, 4:15; ഗലാ, 3:2; യാക്കോ, 1:18; 1പത്രൊ, 1:23). പതിനാലാം വാക്യത്തിൽ: “വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരുടെ ഇടയിൽ പാർത്തതാണ് യേശുവെന്ന ക്രിസ്തു.” വചനം മനുഷ്യനായവൻ എങ്ങനെയാണ് യഥാർത്ഥത്തിൽ വചനമാകുന്നത്? ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മത്തായിയും ലൂക്കോസും പറയുന്നത്, അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു എന്നാണ്: (മത്താ, 1:20. ഒ.നോ: 1:18; ലൂക്കോ, 1:35). അതായത്, യേശു മറിയയിൽ ഉരുവായത് പരിശുദ്ധാത്മാവിലാണ്. അതിൻ്റെ വേറൊരു പ്രയോഗമാണ് യോഹന്നാൻ പറയുന്ന, വചനം ജഡമായിത്തീർന്നു എന്നത്. പരിശുദ്ധാത്മാവിൽ ഉല്പാദിതമായതും വചനം ജഡമായതും സ്വർഗ്ഗത്തിലല്ല, മറിയയുടെ ഉദരത്തിലാണ്. പരിശുദ്ധാന്മാവിനാൽ ഉല്പാദിതമായതുകൊണ്ട് അവൻ സാക്ഷാൽ പരിശുദ്ധാത്മാവ് ആകില്ലെങ്കിൽ, വചനം ജഡമായവൻ എങ്ങനെയാണ് സാക്ഷാൽ വചനമാകുന്നത്? പരിശുദ്ധാവിൽ ഉല്പാദിതമായി എന്നതും വചനം ജഡമായിത്തീർന്നു എന്നതും യേശുവിൻ്റെ ഐഹിക ജനനത്തോടുള്ള ബന്ധത്തിലെ വ്യത്യസ്ത പ്രയോഗങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ ക്രിസ്തു വചനമല്ല, ഏകസത്യദൈവത്തിൻ്റെ അഥവാ, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പെടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം:1തിമൊ, 3:14-16).
അങ്ങനെയാണെങ്കിൽ, സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, വചനം ജഡമായിത്തീർന്നു, എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് എന്താണ്? അതിന്, പ്രധാനമായും രണ്ട് കാരണങ്ങളാണ് കാണാൻ കഴിയുന്നത്. ഒന്ന്; നാലു സുവിശേഷകന്മാരും വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ് യേശുവിൻ്റെ ഐഹികചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ, സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന, യേശുവിൻ്റെ ജീവചരിത്രത്തിലെ പ്രത്യേകവിഷയങ്ങളെയും പ്രഭാഷണങ്ങളെയും കോർത്തിണക്കിയാണ് യോഹന്നാൻ സുവിശേഷം രചിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച വിഷയങ്ങളോടുള്ള ബന്ധത്തിൽ, തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി ക്രിസ്തുവിനെ ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനമെന്ന നിലയിലാണ് യോഹന്നാൻ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു എന്നും, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 3:13,17). “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്നതായും കാണാം: (യോഹ, 17:5). എന്നാൽ, സമവീക്ഷണ സുവിശേഷങ്ങളിലൊന്നും ഇതുപോലുള്ള പ്രയോഗങ്ങൾ കാണാൻ കഴിയില്ല. എന്തെന്നാൽ, മത്തായിയുടെയും ലൂക്കോസിൻ്റെയുൽ ക്രിസ്തു കന്യകയായ മറിയയിൽ ജനിച്ചിട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന പാപമറിയാത്ത മനഷ്യനാണ്. (മത്താ, 1:18,25; ലൂക്കോ, 1:35; 2:52. മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. അതായത്, സമവീക്ഷണ സുവിശേഷങ്ങളിലെ ക്രിസ്തുവിന് ജനനമെന്നൊരു ഉത്ഭവമുണ്ട്: (ലൂക്കോ, 1:35). വിശേഷാൽ, മത്തായിയും ലൂക്കോസും ക്രിസ്തുവിൻ്റെ വംശാവലിയും പറഞ്ഞിട്ടുണ്ട്. വംശാവലിയോടെ ഉത്ഭവിച്ചവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നൊക്കെ പറഞ്ഞാൽ, അത് പരസ്പരവിരുദ്ധമാകും. അതുകൊണ്ടാണ് യോഹന്നാനിലെ പ്രത്യേക പ്രയോഗങ്ങളൊന്നും ആദ്യ സുവിശേഷങ്ങളിൽ കാണാത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ്റെ ക്രിസ്തുവും പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയിലൂടെ ജനിച്ചവൻ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൻ്റെ ജീവിതത്തിൽനിന്ന് താൻ തിരഞ്ഞെടുത്ത പ്രത്യേക പ്രഭാഷണങ്ങളോടുള്ള ബന്ധത്തിൽ, കന്യകാജനനമെന്ന വിഷയം പറയാതെ, വചനം ജഡമായവനായി ക്രിസ്തുവിനെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
രണ്ട്. അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് വചനം അഥവാ ലോഗോസ്. എന്തെന്നാൽ, ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ അഥവാ ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ വായിൽനിന്നു വരുന്ന വചനമാണ്. പഴയനിയമത്തിലെ വചനം അഥവാ ദബാർ ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: (യെശ, 55:11). ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ എന്ന നിലയിലാണ്, പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു എന്ന് യോഹന്നാൻ 1:18-ൽ പറഞ്ഞിരിക്കുന്നത്. ആ വാക്യത്തിലെ, മടിയിൽ എന്ന പ്രയോഗം കൃത്യമല്ല. Bosom, എന്ന പദത്തിന് നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണ് അർത്ഥം. അതേപദത്തെ യോഹന്നാൻ 13:23-ൽ, മാർവ്വിടം എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ മടിയിലല്ല വചനമിരിക്കുന്നത്, മാർവ്വിൽ അഥവാ ഹൃദയത്തിലാണ് ഇരിക്കുന്നത്. ദൈവവും വചനവുമായുള്ള അഭേദ്യമായ ബന്ധം മൂലമാണ്, വചനം ജഡമായ ക്രിസ്തുവിനെ, മാർവ്വിലിരിക്കുന്ന പുത്രൻ, ഏകജാതനായ പുത്രൻ എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകജാതനെന്ന പ്രയോഗം യോഹന്നാനിൽ മാത്രമേ കാണാൻ കഴികയുള്ളു എന്നകാര്യവും ശ്രദ്ധിക്കണം. അതായത്, ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു, എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത്, പിതാവിൻ്റെ ഉള്ളിൽനിന്ന് അഥവാ ഹൃദയത്തിൽനിന്ന് പുറപ്പെട്ട വചനം മനുഷ്യനായതിനാലാണ്: (യോഹ, 1:14). ദൈവത്തിൻ്റെ ഉള്ളിലെ വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് സ്നേഹത്തിൻ്റെ അപ്പൊസ്തലൻ തൻ്റെ സുവിശേഷത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള മാനവരാശിയോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലെ വചനം ജഡമായ പുത്രനിലൂടെ യോഹന്നാൻ വരച്ചുകാട്ടുന്നത്. ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മത്തിലൂടെ, പൗലൊസ് പാപികളായ മനുഷ്യരോടുള്ള ദൈവത്തിൻ്റെ കരുണ വെളിപ്പെടുത്തുമ്പോൾ, യോഹന്നാൻ വചനം ജഡമായിത്തീർന്ന പുത്രനിലൂടെ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഥവാ ദൈവത്തിൻ്റെ ഹൃദയത്തിലെ മനുഷ്യരോടുള്ള സ്നേഹമാണ് ലോകത്തിന് വെളിപ്പെടുത്തുന്നത്. ദൈവത്തെയും അവൻ്റെ ഉള്ളിലെ വചനത്തെയും ആർക്കെങ്കിലും വേർപെടുത്താൻ കഴിയുമോ? അപ്പോൾ, അവൻ്റെ വായിലെ വചനം അവനിൽ നിന്നും വിഭിന്നനായ വ്യക്തിയാണെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?
ആദിയിൽ വചനം ഉണ്ടായിരുന്നു: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, ആദിയിൽത്തന്നെ വചനം ഉണ്ടായിരുന്നു എന്നും, ഇ.ആർ.വിയിൽ, ലോകാരംഭത്തിനു മുമ്പ് വചനം ഉണ്ടായിരുന്നു എന്നും, വിശുദ്ധ ഗ്രന്ഥത്തിൽ, വചനം ആദിയിലേ ഉണ്ടായിരുന്നു എന്നും കാണാവുന്നതാണ്. നിത്യനായ ദൈവത്തിൻ്റെ വചനവും നിത്യമാണ്. വചനത്തിന് ആരംഭമോ അവസാനമോ ഇല്ല. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് ദൈവത്തിൻ്റെ വചനം: (സങ്കീ, 119:89). അതിനാൽ, ആദിമുതലെ ദൈവത്തിൻ്റെ വചനം ഉണ്ടായിരുന്നു. ദൈവത്തിൻ്റെ വചനം അഥവാ പഴയനിയമത്തിലെ ദബാർ, ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും, അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവം തൻ്റെ വായിലെ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താൽ അഥവാ ലോഗോസിനാൽ ഉണ്ടായി” എന്ന് പത്രോസ് അപ്പൊസ്തലൻ പറയുന്നു: (2പത്രോ, 3:5). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള അഥവാ വായിൽനിന്നു പുറപ്പെടുന്ന വചനത്താലാണ് ആദിയിൽ സകലവും സൃഷ്ടിച്ചത്. ആ വചനം തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (1:14; ഗലാ, 4:4). അതിനാലാണ്, സകലവും അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം ഉളവായി, ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് 1-3-ൽ പറഞ്ഞിരിക്കുന്നത്. അതായത്, യോഹന്നാൻ ഒന്നേ ഒന്നിലെ വിഷയം ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമല്ല. പ്രത്യുത, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. അതുകൊണ്ടാണ്, ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ, യേശുവെന്ന ക്രിസ്തു അഥവാ പാപമറിയാത്ത മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല അവിടെ പറഞ്ഞിരിക്കുന്നത്. ആദിയിൽ സൃഷ്ടികൾക്കെല്ലാം മുഖാന്തരമായ ദൈവത്തിൻ്റെ വായിലെ വചനം തന്നേയാണ് കാലസമ്പൂർണ്ണതയിൽ മനുഷ്യനായി തീർന്നത്.
വചനം ദൈവത്തോടുകൂടെ ആയിരുന്നു: ദൈവത്തിൻ്റെ വായിലെ വചനം അഥവാ ഉള്ളിലെ വചനം ദൈവത്തോടു കൂടെത്തന്നെ ആയിരിക്കും. ദൈവത്തെയും അവന്റെ വചനത്തെയും ആർക്കും വേർപിരിക്കാൻ കഴിയില്ല. എന്നാൽ, എഴുത്തുകാരൻ ജീവനും ചൈതന്യവുമുള്ള ദൈവത്തിൻ്റെ വചനത്തിന് വ്യക്തിത്വം അല്ലെങ്കിൽ മനുഷ്യത്വാരോപണം (personification) കല്പിച്ചുകൊണ്ട്, വചനം ദൈവത്തോടു കൂടെയായിരുന്നു എന്ന് ആലങ്കാരികമായി പറയുന്നതാണ്. ഈ വേദഭാഗത്തിന് കൃത്യമായൊരു തെളിവ് സദൃശ്യവാക്യങ്ങളിലുണ്ട്. അവിടെ ശലോമോൻ ജ്ഞാനത്തിന് വ്യക്തിത്വം കൊടുത്തിരിക്കുന്നതായി കാണാൻ കഴിയും. എന്നാൽ അവിടെ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഒരു ശില്പിയായി താൻ ദൈവത്തോടുകൂടെ ഉണ്ടായിരുന്നു, എന്ന് പറയുന്നത് ജ്ഞാനമാണ്: (സദൃ, 8:27-30). രണ്ടും തമ്മിൽ ഒരു വ്യത്യാസമേയുള്ളു; സദൃശ്യവാക്യത്തിൽ ജ്ഞാനം ഉത്തമപുരുഷനാണ്; സുവിശേഷത്തിൽ വചനം പ്രഥമപുരുഷനാണ്. അതായത്, അവിടെ എഴുത്തുകാരനായ ശലോമോൻ ജ്ഞാനത്തിന് വ്യക്തിത്വം കല്പിച്ചുകൊടുത്തിട്ട്, ജ്ഞാനമാണ് സംസാരിക്കുന്നത്. ഇവിടെ എഴുത്തുകാരനായ യോഹന്നാൻ വചനത്തിന് വ്യക്തിത്വം കൊടുത്തിട്ട്, താൻതന്നെയാണ് പ്രഥമപുരുഷനിൽ വചനത്തെക്കുറിച്ച് പറയുന്നത്. എന്തെന്നാൽ, യഹോവ തൻ്റെ വചനത്താലും ജ്ഞാനത്താലുമാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് അഭിന്നമായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു, വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19; യിരെ, 10:12; 51:15). സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും, യോഹന്നാനിൽ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഒരേ കാര്യമാണ്. ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു: (സദൃ, 8:27). വചനത്തെക്കുറിച്ചു പറയുന്നു; അവൻ അഥവാ വചനം ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു: (യോഹ, 1:2). ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു: (8:35). വചനത്തെക്കുറിച്ചു പറയുന്നു; അവനിൽ ജീവൻ ഉണ്ടായിരുന്നു: (1:4). ജ്ഞാനം പറയുന്നു; ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു: (8:24). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്; പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു. തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? വചനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് പറയാത്തതെന്താണ്? ജ്ഞാനത്തെ സ്തീലിംഗത്തിലാണ് ശലോമോൻ അവതരിപ്പിച്ചിരിക്കുന്നത്. ദൈവത്തിൻ്റെ വചനം, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവർ, ജ്ഞാനമെന്നൊരു പുത്രികൂടി ദൈവത്തിനുണ്ടെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യാത്തതെന്താണ്? രസകരമായ കാര്യം അതൊന്നുമല്ല. ട്രിനിറ്റിയുടെ വിശ്വാസത്തിന് ആധാരമായ നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്, പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനും എന്നാണ്. വചനമായ പുത്രൻ ദൈവത്തിൽനിന്ന് ജനിക്കണമെങ്കിൽ, വചനത്തിനൊരു ആരംഭമുണ്ടാകണം. ജ്ഞാനത്തെ അഥവാ ക്രിസ്തുവിനെ ദൈവം സൃഷ്ടിച്ചുവെന്നാണ് യഹോവസാക്ഷികളുടെ വിശ്വാസം: (സദൃ, 8:22). ബൈബിൾ പ്രകാരവും ലോകപ്രകരവും സൃഷ്ടിച്ചു എന്ന് പറഞ്ഞാലും, ജനിപ്പിച്ചു എന്ന് പറഞ്ഞാലും ആരംഭമുണ്ടെന്നാണ് അർത്ഥം. “ദൈവം ആദാമിനെ സൃഷ്ടിച്ചു, ആദാം നൂറ്റിമുപ്പത് വയസ്സായപ്പോൾ ശേത്തിനെ ജനിപ്പിച്ചു. സൃഷ്ടിക്കുന്നതിന് മുമ്പ് ആദാമും ഇല്ലായിരുന്നു, ജനിക്കുന്നതിന് മുമ്പ് ശേത്തുമില്ലായിരുന്നു.” (ഉല്പ, 5:1,3). ഫലത്തിൽ, സൃഷ്ടിവാദികളും ജനനവാദികളും ഒരേ തൂവൽപ്പക്ഷികളാണ്. ദൈവം തൻ്റെ ജ്ഞാനത്തെയും വചനത്തെയും മറ്റു സവിശേഷ ഗുണങ്ങളെയെല്ലാം ഓരോന്നായി സൃഷ്ടിച്ചും ജനിപ്പിച്ചും എടുത്തിട്ട്, കാലക്രമേണയാണ് പൂർണ്ണദൈവമായത് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? ഇതുപോലെയുള്ള ദുരന്തവിശ്വാസങ്ങൾ ലോകത്താർക്കും ഉണ്ടാകാതിരിക്കട്ടെ.
വചനം ദൈവം ആയിരുന്നു. വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. ഉല്പത്തി 2:4-ൽ, യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ, ദൈവത്തിൻ്റെ വചനത്താൽ സഷ്ടിച്ചു എന്നും (സങ്കീ, 33:6), യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു എന്നും (സദൃ, 3:19), യഹോവയുട ഭുജത്താൽ സൃഷ്ടിച്ചു എന്നും (യിരെ, 27:5), യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു എന്നും (യിരെ, 10:12), യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു എന്നും പറഞ്ഞിട്ടുണ്ട്: (യിരെ, 51:15). ദൈവത്തിൻ്റെ സവിശേഷ ഗുണങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം വ്യക്തിത്വം കൊടുത്താൽ, ജ്ഞാനം സംസാരിക്കുന്നതുപോലെ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഞാൻ അവൻ്റെ അടുക്കൽ ശില്പിയായിരുന്നു എന്ന് ഓരോ ഗുണങ്ങൾക്കും പറയാൻ കഴിയും. അല്ലെങ്കിൽ, യോഹന്നാൻ വചനത്തെക്കുറിച്ച് പറയുന്നതുപോലെ, ദൈവത്തോടു കൂടെയായിരുന്നെന്നും, സകലവും അവൻ മുഖാന്തരം ഉളവായി, എന്നിങ്ങനെ ദൈവത്തിൻ്റെ ഓരോ ഗുണങ്ങളെക്കുറിച്ചും പറയാൻ കഴിയും. എന്തെന്നാൽ, ദൈവത്തിൻ്റെ വചനവും ജ്ഞാനവും തുടങ്ങി പ്രദേയവും അപ്രദേയവുമായ ഗുണഗണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം വെവ്വേറെ വ്യക്തികളാണെന്ന് പറയാത്തതെന്താണ്?
എന്നാൽ, ഈ വേദഭാഗത്ത് ഒരു ചോദ്യമുണ്ട്: ഏകദൈവത്തിൻ്റെ വചനം ആ ദൈവം തന്നെയാണെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്. യോഹന്നാൻ ഒന്നേ ഒന്നിൻ്റെ വിഷയം പൂർവ്വാസ്തിത്വം ആണ്. ഭാഷയിൽ അല്പമായി ജ്ഞാനമുള്ള ആർക്കും അതിൽ തർക്കമൊന്നും ഉണ്ടാകാനിടയില്ല. അതിനാലാണ്, വചനം ഉണ്ടായിരുന്നു, ദൈവത്തോടു കൂടെയായിരുന്നു, ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അതുപക്ഷെ, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമല്ല, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, വചനം ജഡമായിത്തീർന്നവൻ ആരാകുന്നു അഥവാ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാകുന്നു: (യോഹ, 1:14. 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ, ജഡമായിത്തീർന്ന വചനം മുമ്പേ ആരായിരുന്നു അഥവാ മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ അസ്തിത്വം എന്തായിരുന്നു എന്ന് ചോദിച്ചാൽ, അവൻ ദൈവം ആയിരുന്നു. അതായത്, യേശുവിൻ്റെ അസ്തിത്വമല്ല, യേശുവെന്ന മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ ഒന്നേ ഒന്നിലെ വിഷയം. അതുകൊണ്ടാണ്, വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല, വർത്തമാനം മാത്രമേയുള്ളു. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (മലാ, 3:6; യാക്കോ, 1:17). ഏതൊരു കാരണം ചൊല്ലിയും ദൈവത്തിന് തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് തനിക്ക് മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അപ്പോൾ, ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് ആരാണ്? ദൈവത്തിൻ്റെ ആജ്ഞയാൽ അതിവേഗം ഓടുന്ന വചനമാണ് ജഡമായിത്തീർന്നത്: (സങ്കീ, 147:15). ജീവനും ചൈതന്യവുമുള്ള ദൈവത്തിൻ്റെ വചനത്തിന് സകലവും സാദ്ധ്യമാണ്: (എബ്രാ, 4:12; സങ്കീ, 107:20; 119:105; 147:18,19; യെശ, 9:8; യിരെ, 23:29). ട്രിനിറ്റിക്ക് ഇപ്പോഴും മറവായിരിക്കുന്ന, അല്ലെങ്കിൽ അവർ അന്ധത നടിക്കുന്ന ഒരു വിഷയമുണ്ട്. ട്രിനിറ്റിക്ക് യേശു ദൈവത്തോടുകൂടെയുള്ള നിത്യവചനവും നിത്യദൈവവുമാണ്. അപ്പോൾ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ, അതും യേശുവാണെന്ന് അവർ പറയും. അപ്പോൾ, ത്രിത്വത്തിൻ്റെ ദൈവം ഒരു ഭൂതകാലം ഉള്ളവനും, ഗതിഭേദത്താൽ ആഛാദനം ഉള്ളവനുമാണെന്നുവരും. എങ്ങനെയായാലും ഏകസത്യദൈവത്തെ ബഹുദൈവമാക്കണമെന്നാണ് ത്രിമൂർത്തികളുടെ ചിന്ത. ദൈവത്തിൻ്റെ പ്രകൃതിപോലും അറിയാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്. ട്രിനിറ്റിയെ സംബന്ധിച്ച് ബൈബിൾ വായിക്കുകയോ, പഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. വന്നതും നിന്നതും പോയതും വരാനുള്ളതുമെല്ലാം ഓരോരോ ദൈവങ്ങളാണെന്ന് ആശെക്ക് വിരോധമായി ആശയോടെ വിശ്വസിച്ചാൽ മാത്രംമതി.
വചനം ദൈവത്തോടു കൂടെയായിരുന്നു എന്ന ആമുഖ വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും പുരോഗമിക്കുന്നത്. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു, എന്നു പറഞ്ഞിരിക്കയാൽ യേശു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു എന്നാണ് ത്രിത്വം വിശ്വസിക്കുന്നത്. എന്നാൽ ദൈവം അയച്ചത്, അതിവേഗം ഓടുന്നതും ജീവദായകവുമായ വചനത്തെയാണ്: (സങ്കീ, 147:15; യെശ, 55:11; എബ്രാ, 4:12; 1പത്രോ, 1:23). ആ വചനമാണ് ജഡമായിത്തീർന്നത്: (യോഹ, 1:14). അപ്പോൾ, അയച്ചു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന ഒരാളെ, ദൂതന്മാരെ അയക്കുന്നപോലെ അയച്ചുവെന്നാണോ? അല്ല. ദൈവം അയച്ചുവെന്ന് പറയുമ്പോലെതന്നെ, ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് ക്രിസ്തുവും പറയുന്നതായി കാണാം: (യോഹ, 3:13; 6:38). ദൈവം അയച്ചിട്ട് ദൂതന്മാർ വന്നപോലെയോ, ക്രിസ്തു മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവരികയോ ആയിരുന്നില്ല. പിന്നെങ്ങനെയാണ് ക്രിസ്തുവിൻ്റെ ലോകപ്രവേശം? പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉത്ഭവിക്കുകയായിരുന്നു: (മത്താ, 1:18,20; ലൂക്കൊ, 1:35). അഥവാ, ദൈവത്തിൻ്റെ വചനം കന്യകയുടെ ഉദരത്തിൽ ജഡമാകുകയായിരുന്നു: (സങ്കീ, 147:15; യോഹ, 1:14). പരിശുദ്ധാത്മാവിൽ ഉല്പാദിതമായി എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ്, ദൈവത്തിൻ്റെ അതിവേഗമോടുന്ന വചനം ജഡമായിത്തീർന്നു എന്നത്. ദൈവം തൻ്റെ വചനത്തെ അയക്കുന്നതായി പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.” (സങ്കീ, 107:20; 147:18; യെശ, 9:8; സെഖ, 7:12). തൻ്റെ ലോഗോസിനെ അയച്ചതായി പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം (ലോഗോസ്). (പ്രവൃ, 10:36). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം (ലോഗോസ്) അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അതിനെയാണ് അയച്ചു, ഇറങ്ങിവന്നു എന്നൊക്കെ പറയുന്നത്. ക്രിസ്തുവിനെ ദൈവം അയച്ചു, എന്ന് പറഞ്ഞിരിക്കുന്നപോലെ, ദൈവം അയച്ചിട്ടുവന്ന മനുഷ്യനാണ് യോഹന്നാൻ സ്നാപകൻ. യോഹന്നാൻ: (1:6). യോഹന്നാൻ മാത്രമല്ല, സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അവരാരും സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നതല്ല. ദൈവനിയോഗപ്രകാരം ഭൂമിയിൽ ജനിച്ചവരാണ്. അതിൽനിന്ന് വ്യത്യസ്തമായി ദൈവത്തിൻ്റെ വചനം മനുഷ്യനായിത്തീർന്നു എന്നാണ്, ക്രിസ്തുവിനെക്കുറിച്ച് യോഹന്നാൻ പറയുന്നത്. വചനം ജഡമായി പിന്നെയും മുപ്പതുവർഷം കഴിഞ്ഞാണ് ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവത്തോട് കൂടെയുള്ള നിത്യദൈവവുമാകും? (ലൂക്കോ, 1:32,35; 3:22).
ഇനി, ട്രിനിറ്റി വിചാരിക്കുന്നപോലെ; ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെങ്കിൽ അവൻ ദൈവം തന്നെയായിരിക്കുമല്ലോ? അത് ബൈബിൾ സമ്മതിക്കുമോ? “ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന ഒന്നാം കല്പനതുടങ്ങി, “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല” എന്നിങ്ങനെ യഹോവയായ ദൈവം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു: (പുറ, 20:2-3; ആവ, 32:39). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയനിയമ ഭക്തന്മാരും പറഞ്ഞിരിക്കുന്നു: 2രാജാ, 19:15,19; നെഹെ, 9:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരുപോലെ പറഞ്ഞിരിക്കുന്നു: (ലൂക്കൊ, 5:21; യോഹ, 5:44; 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). യഹോവയായ ദൈവവും അവന്റെ ഭക്തന്മാരും, ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണ് (The one and only God – monos theos) ഖണ്ഡിതമായി പറഞ്ഞിരിക്കെ, ക്രിസ്തു ദൈവതോടുകൂടെയുള്ള മറ്റൊരു വ്യക്തിയോ, ദൈവമോ ആണെന്നു പറഞ്ഞാൽ ശരിയാകുമോ? യഹോവയായ ദൈവം പറയുന്നത്; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നാണ്: (യെശ, 43:10; 44:8). യഹോവയ്ക്കുപോലും അറിയാത്ത മറ്റൊരു ദൈവമാണ് ക്രിസ്തുവെന്നാണോ ട്രിനിറ്റി വിശ്വസിക്കുന്നത്? യഹോവ അഥവാ, പിതാവായ ഏകദൈവമേ നമുക്കുള്ളെങ്കിൽ, വചനം എങ്ങനെയാണ് ദൈവത്തോടു കൂടെയുള്ള മറ്റൊരു ദൈവമാകുന്നത്? വചനം ഏത് ദൈവത്തിൻ്റെ കൂടെയായിരുന്നോ, ആ ദൈവം തന്നെയാണ്, അല്ലാതെ മറ്റൊരു ദൈവമല്ല. ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു, എന്നാണ് പൗലോസ് പറയുന്നത്: (1കൊരി, 8:6). അതിനാൽ, അവിടെ പറയുന്ന വചനം മറ്റൊരു ദൈവമല്ല, ഏകദൈവം തന്നെയാണ്. RNKJV പരിഭാഷയിൽനിന്ന് അത് വ്യക്തമായി മനസ്സിലാക്കാം. In the beginning was the Word. and the Word was with Jehovah. and the Word was Jehovah എന്നാണ് അതിൽ കാണുന്നത്. അതായത്, ആദിയിൽ വചനമുണ്ടായിരുന്നു, വചനം യഹോവയോടുകൂടെ ആയിരുന്നു, വചനം യഹോവ ആയിരുന്നു. വചനം യഹോവയായ ദൈവം തന്നെയായിരുന്നു എന്ന് ഈ പരിഭാഷയിൽ വ്യക്തമാണല്ലോ? ഇനി, മൂന്ന് യഹോവ ഉണ്ടെന്ന് പറഞ്ഞ് ആരും വരണ്ട. യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (2രാജാ, 19:19; നെഹ, 9:6; സങ്കീ, 83:18, യെശ, 37:20). ട്രിനിറ്റി വിശ്വസിക്കുന്നതുപോലെ, വചനത്തിന് ദൈവത്തിൽനിന്നും സ്വതന്ത്രമായ അസ്തിത്വവും ദൈവത്വവും ഉണ്ടായിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു, എന്ന് ഭൂതകാലത്തിൽ പറയാതെ, വചനം ദൈവം ആകുന്നു, എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. എന്തെന്നാൽ, ദൈവം ആയിരുന്നവൻ അല്ല, ആകുന്നവൻ ആണ്. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്: (പറ, 3:14). ദൈവത്തിന് മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഉള്ളവനല്ല: (മലാ, 3:6; യാക്കോ, 1:17). അതായത്, വചനം ദൈവം ആകുന്നു എന്നോ, വചനവും, ദൈവം ആകുന്നു എന്നോ പറഞ്ഞിരുന്നെങ്കിൽ, വചനം മറ്റൊരു വ്യക്തിയും ദൈവവും ആണെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാൽ അങ്ങനെ പറയാത്തതിൻ്റെ കാരണം, വചനം മറ്റൊരു വ്യക്തിയല്ലാത്തതുകൊണ്ടും, അത് ഏകദൈവമെന്ന ബൈബിളിൻ്റെ മൗലിക ഉപദേശത്തിന് വിരുദ്ധമായതിനാലും ആണ്.
യോഹന്നാൻ്റെ ക്രിസ്തു: യോഹന്നാനിലെ ക്രിസ്തു ദൈവം ആണെന്ന് പൊതുവേ പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ, യോഹന്നാൻ്റെ ക്രിസ്തു യഥാർത്ഥത്തിൽ ദൈവവുമല്ല, വചനവുമല്ല. വചനം ജഡമായി തീർന്നവനാണ്, അഥവാ ദൈവത്തിൻ്റെ വചനം മനുഷ്യനായി തീർന്നവനാണ്: (യോഹ, 1:14). സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതുതന്നെയാണ്. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിലും ലേഖനത്തിലുമൊക്കെ സമവീക്ഷണ സുവിശേഷങ്ങളിൽ കാണാത്ത അനേകം പ്രയോഗങ്ങൾ കാണാൻ കഴിയും. ഉദാഹരണത്തിന്, ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ, തുടങ്ങിയവ. സമവീക്ഷണ സുവിശേഷത്തിലൊന്നും അങ്ങനെയൊന്നും കാണാത്തതിൻ്റെ കാരണമെന്താണെന്ന് ആദ്യമറിയണം. ബൈബിളിലെ പുസ്തകങ്ങളായാലും, മറ്റേതു പുസ്തകമായാലും, ആമുഖം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്ന് ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു: (മത്ത, 1:1,16). ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. അതായത്, ആദാമ്യപാപത്തിന് പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ കന്യകയായ മറിയയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവന്ന മനുഷ്യനാണ് ക്രിസ്തു: (ലൂക്കോ, 2:7,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. യെഹൂദന്മാരുടെ ഇടയിൽ ദാസന്മാരുടെ വംശാവലി രേഖപ്പെടുത്താറില്ല. അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്ന് മനസ്സിലാക്കാം. അതിനാൽ, സമവീക്ഷണ സുവിശേഷങ്ങളിലെ ക്രിസ്തുവിന് താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, എന്നൊന്നും പറയാൻ കഴിയില്ല. എന്നാൽ, യോഹന്നാൻ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്, ദൈവത്തിൻ്റെ വചനം ജഡമായൻ ആയിട്ടാണ്: (യോഹ, 1:14). അതിനർത്ഥം, യോഹന്നാൻ്റെ ക്രിസ്തു കന്യകയിൽനിന്ന് ജനിച്ചവനേ അല്ലെന്നാണോ? അങ്ങനെയല്ല. ക്രിസ്തു ഭൂമിയിൽ വെളിപ്പെട്ടത് അഥവാ മാനിഫെസ്റ്റ് ചെയ്തത് കന്യകയായ മറിയയുടെ ഉദരത്തിലൂടെ തന്നെയാണ്. അഥവാ, വചനം ജഡമായത് കന്യകയുടെ ഉദരത്തിലാണ്. എന്നാൽ, യോഹന്നാൻ തനിക്ക് ലഭിച്ച സുവിശേഷങ്ങളുടെ വിഷയങ്ങളോടുള്ള ബന്ധത്തിൽ കന്യകാജനനം പറയാതെ, വചനം ജഡമായവനായിട്ടാണ് ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. അതായത്, മത്തായിയും ലൂക്കോസും പരിശുദ്ധാത്മാവിനാൽ മറിയ ഗർഭിയായി അഥവാ, മറിയയുടെ ഉദരത്തിൽ യേശു പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നു പറയുന്നതിനെ, വചനത്താൽ ക്രിസ്തു ഉരുവായി എന്നാണ് യോഹന്നാൻ പറയുന്നത്. അതായത്, നമുക്കറിയാം യോഹന്നാനാണ് അവസാനം സുവിശേഷം രചിക്കുന്നത്. ആദ്യസുവിശേഷകന്മാർ എടുക്കാഞ്ഞ, ക്രിസ്തുവിൻ്റെ ശുശ്രൂഷയിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും, പ്രഭാഷണങ്ങളെയും കോർത്തിണക്കിയാണ് താൻ സുവിശേഷം രചിച്ചത്. തൻ്റെ സുവിശേഷങ്ങളുടെ പൂർണ്ണതയ്ക്കായിട്ടാണ്, കന്യകാജനനം പറയാതെ, ദൈവത്തോടുകൂടെയായിരുന്ന വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ്, യോഹന്നാൻ്റെ ക്രിസ്തു ദൈവമാണെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നത്.
യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തൻ: ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല, മനുഷ്യനാണ്. അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപമറിയാത്ത മനുഷ്യനാണ് യേശു. (ലൂകൊ, 3;22; യോഹ, 1:32, പ്രവൃ, 10:38). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെയും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:40; 1കൊരി, 15:21; 1തിമൊ, 2:6). മനുഷ്യനെന്ന നിലയിൽ ക്രിസ്തുവിനൊരു ഉത്ഭവമുണ്ട്. അതിനെയാണ്, വചനം ജഡമായിത്തീർന്നു (യോഹ, 1:14), പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി (മത്താ, 1:18), കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു (മത്താ, 1:22), അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു (ലൂക്കോ, 2:7), ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു (യോഹ, 3:17), യിസ്രായേലിൽനിന്നു ഉത്ഭവിച്ചു, (റോമ, 9:5). കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ജനിച്ചു (ഗലാ, 4:4). ന്യായപ്രമാണത്തിൽ കീഴ് ജനിച്ചു (ഗലാ, 4:4) ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്തു (ഫിലി, 6:7), ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3ൻ്റെ16), പിതാവ് പുത്രനെ ലോകരക്ഷിതാവായിട്ട് എന്നൊക്കെ പറഞ്ഞിരിക്കുന്നത്: അയച്ചു (1യോഹ, 4:14). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ, ഇല്ലാതിരിക്കെ, വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. “താൻ മാത്രമാണ് അമർത്യതയുള്ളവൻ” എന്നാണ് ദൈവത്തെക്കുറിച്ച് വചനം പറയുന്നത്: (1തിമൊ, 6:16). അമർത്യതയുള്ളവൻ എന്നാൽ, മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതനപരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല, മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ മൂന്നാൽ ദിവസം ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (1തിമൊ, 2:6, പ്രവൃ, 10:40). ക്രിസ്തുവും മറ്റൊരു ദൈവമാണെന്ന ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, പാപത്തിൻ്റെ ശമ്പളം മരണം, പാപം ചെയ്യുന്ന ദേഹി മരിക്കും എന്ന ദൈവനീതി നിവൃത്തിക്കാൻ, ത്രിത്വത്തിലെ മൂന്ന് ദൈവങ്ങളുംകൂടി ഗൊൽഗോഥായിൽ ഒരു മരണനാടകം അവതരിപ്പിക്കുകയായിരുന്നു. അതായത്, മരിക്കാൻ കഴിയാത്ത ദൈവത്തെ മരിച്ചതായി അഭിനയിപ്പിച്ചു എന്നുവരും. ബഹുദൈവവിശ്വാസത്തെ ഞങ്ങൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ദൈവാത്മാവുള്ളവർ ചിന്തിച്ചുകൊള്ളുക. മനുഷ്യൻ്റെ രക്ഷയ്ക്കുപോലും പാലംവലിക്കുന്ന ഉപദേശമാണ് ത്രിത്വം.
മനുഷ്യനായ ക്രിസ്തുയെശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ക്രിസ്തുവിനെ സംബന്ധിച്ച വസ്തുത ഇതാണ്: കാലസമ്പൂർണ്ണതയിൽ വചനം ജഡമാകുന്നതിന് മുമ്പേ അഥവാ, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശു എന്നൊരു പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ഇല്ലായിരുന്നു. യേശു എന്ന പേർപോലും, താൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 2കൊരി, 5:21). അനന്തരം, ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും, അഭിഷേകം ചെയ്തപ്പോഴാണ്, യേശുവെന്ന മനുഷ്യൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (ലൂക്കോ, 2:40,52; മത്താ, 3:16; പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18:21). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് സ്വർഗ്ഗത്തിൽനിന്ന്, ദൈവപിതാവ് അരുളിച്ചെയ്തപ്പോഴാണ്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32,35, 3:22). അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടുമെന്ന, രണ്ട് പ്രവചനങ്ങളാണ്, യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനമെന്നാൽ, മേലാൽ അഥവാ, ഭാവിയിൽ സംഭവിപ്പാനുള്ളത് എന്നാണ്: (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും, പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്: (യെശ, 46;10). ദൈവത്തിന് ഭോഷ്ക്ക് പറയാൻ കഴിയില്ല: (എബ്രാ, 6:18). എന്തെന്നാൽ, വ്യാജം പറവാൻ അവൻ മനുഷ്യനല്ല: (സംഖ്യാ, 23:9). പ്രവചനംപോലെ, മറിയയുടെ ഉദരത്തിൽനിന്ന് ജനിച്ച്, 30 വർഷങ്ങൾക്കുശേഷം, ദൈവപിതാവിനാൽ, പുത്രനെന്ന് വിളിക്കപ്പെട്ടവൻ, ആദിമുതൽ ദൈവത്തോടൊപ്പം എങ്ങനെയുണ്ടാകും? അതായത്, യേശുവെന്ന ക്രിസ്തുവും, ദൈവപുത്രനും ജനിക്കുന്നത്, നിഖ്യാസുനഹദോസ് പഠിപ്പിക്കുന്ന പോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല, മറിയയുടെ ഉദരത്തിൽ നിന്നുമല്ല. എ.ഡി. ഇരുപത്തൊൻപതിൽ യോർദ്ദാനിൽ വെച്ചാണ്. പിന്നെങ്ങനെ, അവൻ നിത്യപുത്രനും, ദൈവത്തോടു കൂടെയുള്ള ദൈവവുമാകും?
ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; (ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 10:7). അതുകൊണ്ടാണ് പഴയനിയമ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ അഭിഷിക്തൻ്റെ ആത്മാവിനാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് അഥവാ രക്ഷയെക്കുറിച്ച് ആരാഞ്ഞ് അന്വേഷിച്ചിരുന്നത്: (1പത്രോ, 1:11). മുമ്പേയുള്ള ഒരാളെക്കുറിച്ച് ആരാഞ്ഞ് അന്വേഷിക്കേണ്ടതില്ലല്ലോ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയുന്നത്, അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു എന്നാണ്: (1പത്രോ, 1:20). യേശുവെന്ന ക്രിസ്തു ലോകസ്ഥാപനത്തിന് മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രോസ് പറയുന്നത്, മുന്നറിയപ്പെട്ടവൻ അഥവാ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ മാനിഫെസ്റ്റ് ചെയ്തവനും ആകുന്നു എന്നാണ്. അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആദിയിൽ എങ്ങനെയാണ് ദൈവത്തോടൊപ്പം ഉണ്ടായിരിക്കുന്നത്?
അതായത്, യേശുവിന് പൂർവ്വാസ്തിത്വം ഇല്ലെന്നല്ല, പറഞ്ഞതിൻ്റെ സാരം. മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യന് പൂർവ്വാസ്തിത്വം ഉണ്ട്. എന്നാൽ, അനേകർ കരുതുന്നപോലെ, ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയായിട്ടോ, ദൈവത്തോടു കൂടെയായിരുന്നു എന്ന് യോഹന്നാൻ പറയുന്ന വചനമായിട്ടോ ഒന്നുമല്ല. പ്രത്യുത, അവൻ പൂവ്വാസ്തിത്വത്തിൽ ഏകസത്യദൈവം തന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ പിതാവ് എന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറയുന്നത്. (യോഹ, 8ൻ്റെ24,28, 10ൻ്റെ30, 14ൻ്റെ9. പൗലോസിന് ദൈവം വെളിപ്പെടുത്തിക്കോടുത്ത ദൈവഭക്തിയുടെ മർമ്മം അതാണ്. 1തിമൊഥെയോസ് 3ൻ്റെ14-16. അവടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. യിരെമ്യാവ് 10:10. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട്, മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകസത്യദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും പാപമറിയാത്ത, പൂർണ്ണമനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗേകരേറി അപ്രത്യക്ഷമായത്. ഇയ്യോബ് 15ൻ്റെ14, റോമർ 3ൻ്റെ23, സങ്കീർത്തനം 49ൻ്റെ7-9, റോമർ 6ൻ്റെ23, യെഹെസ്ക്കേൽ 18ൻ്റെ4, എബ്രായർ 9:22, മത്തായി 1ൻ്റെ21, ലൂക്കൊസ് 1ൻ്റെ32,35,68, 2കൊരിന്ത്യർ 5:21, ഫിലിപ്പിയർ 2ൻ്റെ6-8, 1തിമൊഥെയോസ് 2ൻ്റെ6, 3ൻ്റെ14-16, എബ്രായർ 2ൻ്റെ14-15).
ഇനി നമുക്ക് വചനത്തെക്കുറിച്ച് നോക്കാം. പഴയനിയമത്തിൽ വചനത്തെ കുറിക്കുന്ന എബ്രായപദം ദബാർ ആണ്. വാക്ക്, അരുളപ്പാട്, പറയുക, കല്പന, വചനം എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു: (ഉല്പ, 11:1; 15:1; 20:8; 47:30; പുറ, 4:28). പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ലോഗൊസ്, ഹ്റെമാ (hraymah) എന്നിങ്ങനെ രണ്ട് ഗ്രീക്കുപദങ്ങളുണ്ട്. ലോഗൊസ് എന്ന പദത്തെ പറയുക, വാക്ക്, വചനം എന്നൊക്കെ പരിഭാഷ ചെയ്തിട്ടുണ്ട്: (മത്താ, 5:37; 7;24; 7:28). ഹ്റെമാ എന്ന പദത്തെയും വചനം, പറയുക, വാക്ക്, എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു: (മത്താ, 4:4; 12:36; 27:14). യോഹന്നാന്നാൻ തൻ്റെ സുവിശേഷത്തിൽ യേശുവിനെ വെളിപ്പെടുത്തുന്നത്, വചനം അഥവാ ലോഗൊസ് ജഡമായിത്തീർന്നൻ ആയിട്ടാണ്: (യോഹ, 1:14). 1യോഹന്നാൻ 1ൻ്റെ1ൽ ക്രിസ്തുവിനെ ജീവൻ്റെ വചനം അഥവാ ലോഗോ തിസോയിസ് എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. അല്ലാതെ, ത്രിത്വം വിശ്വസിക്കുന്നതുപോലെ സവിശേഷമായ മറ്റൊരർത്ഥവും യോഹന്നാൻ്റെ ലോഗൊസിനില്ല. കാരണം പറയാം: പഴയനിയമത്തിലെ ദൈവത്തിൻ്റെ വചനം അഥവാ ദബാറിനു തത്തുല്യമായ രണ്ടു പദങ്ങളാണ്,: ലോഗൊസും (Logos), ഹ്റെമായും (hraymah). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് എബ്രായയിൽ ‘ദവാർ’ (dabar). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: ആവ, 8:3; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:7). തൻ്റെ വായിൽനിന്നു പുറപ്പെടുന്ന ഈ വചനത്താലാണ് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). എന്നാൽ പുതിയനിയമത്തിൽ എബ്രായലേഖകൻ, ദൈവത്തിൻ്റെ റീമാ കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും (എബ്രാ, 11:3), പത്രൊസ് അപ്പൊസ്തലൻ, ദൈവത്തിൻ്റെ ലോഗൊസ് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു. (2പത്രാ, 3:5). ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ ലോഗോസിനാൽ തീക്കായി സൂക്ഷിച്ചിരിക്കയുമാണ്. (2പത്രൊ, 3:7). എന്ത് വ്യത്യാസമാണ് ലോഗോസിനും ഹ്റെമായ്ക്കും തമ്മിലുള്ളത്? ലോഗോസ് അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് പറയുന്നവർ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ഹ്റെമാ ആരാണെന്ന് പറയും? ഹ്റെമാ ദൈവത്തിൻ്റെ മറ്റൊരു പുത്രനാണെന്ന് പറയുമോ? ഇനി, ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം. ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്. “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ലോഗോസ് പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച ലോഗോസ്.” (പ്രവൃ, 10:36. ഒ.നോ: യോഹ, 5:38; 8:55; 17;6,14,20; പ്രവൃ, 10:36; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:2,9). യഥാർത്ഥത്തിൽ ലോഗോസ് ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ?
യഥാർത്ഥത്തിൽ ലോഗോസ് ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നവർ ലോഗോസും ഹ്റെമായും തമ്മിൽ ഒന്ന് താരതമ്യം ചെയ്ത് പഠിച്ചാൽ മതിയാകും. യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെ പിതാവിൻ്റെ അഥവാ ദൈവത്തിൻ്റെ വചനത്തെ: ലോഗൊസെന്നും (5:38; 8:55; 10:35; 14:24; 17:6; 17:14; 17:17); ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (3:34; 8:47). ക്രിസ്തുവിൻ്റെ വചനത്തെയും: ലോഗൊസെന്നും (4:41; 4:50; 5:24; 8:31; 8:37; 8:43; 8:51; 8:52; 12:48; 14:23; 14:24), ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: ((5:47; 12:47; 12:48; 15:7). ലൂക്കോസിൽ ദൂതൻ്റെ വചനത്തെയും ലോഗൊസെന്നും (ലൂക്കൊ, 1:20; 1:29) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (ലൂക്കൊ, 1:38). മനുഷ്യരുടെ വചനത്തെയും: ലോഗൊസെന്നും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (മത്താ, 12:36; 18:16; 27:14). ക്രിസ്തു പ്രസ്താവിച്ച വചനത്തെയും ലോഗൊസെന്നും (2:22; 6:60; 7:35; 7:40; 10:19; 12:48: 15:3; 18:9; 18:32; 20:21) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്: (6:63; 6:68; 8:20; 10:21; 14:10). പുതിയനിയമത്തിൽ, ആദിയിൽ ഉണ്ടായിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവത്തിൻ്റെ വായിൽനിന്നു വരുന്നത് ഹ്റെമായാണ്: (മത്താ, 4:4; ലൂക്കൊ, 4:4). ദൈവത്തിൻ്റെ കൂടെയായിരുന്നത് ലോഗാസാണെങ്കിൽ (1:1); യേശുവിൻ്റെ പക്കലുള്ളത് നിത്യജീവൻ്റെ ഹ്റെമായാണ്: (യോഹ, 6:68). ദൈവം ആയിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവം പുത്രനിൽ വസിച്ചുകൊണ്ട് സംസാരിച്ചത് ഹ്റെമായാണ്: (14:10). ക്രിസ്തുവിൻ്റെ വചനത്തെ ഒരു വാക്യത്തിൽത്തെന്നെ ഹ്റെമായെന്നും ലോഗൊസെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്: “എന്റെ ഹ്റെമാ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച ലോഗൊസ് തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഇങ്ങനെ ലോഗൊസിനെയും ഹ്റെമായെയും അഭിന്നമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതൻ്റെയും മനുഷ്യരുടെയും വചനം അഥവാ ലോഗൊസും ഹ്റെമായും ഒന്നായിരിക്കെ, ക്രിസ്തുവിൻ്റെ സ്ഥാനപ്പേരാണ് വചനമെന്നല്ലാതെ, യേശു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെന്ന് പറയുന്നവർ ഏതാത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക.
യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെങ്കിൽ; ക്രിസ്തുവിൻ്റെ വചനം അഥവാ ലോഗോസ് ആരാണ്? (കൊലൊ, 3:16). ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനമാരാണ്? (എബ്രാ, 1:3). ലോഗോസിനെ ‘എൻ്റെ വചനം‘ എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), ‘ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). ക്രിസ്തു പ്രസംഗിച്ചതും (ലൂക്കൊ, 5:1; 8:21; 11:28), പറഞ്ഞതും (യോഹ, 12:48; 15:3), പ്രമാണിച്ചതും ദൈവത്തിൻ്റെ ലോഗൊസാണ്. (യോഹ, 8:55). ലോഗൊസ് പിതാവിൻ്റെ വചനമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 17:6,14,17). ത്രിത്വം വിശ്വസിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലുമൊരു വചനത്തെളിവ് വേണ്ടേ? യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്. (വെളി, 1:2,9; 20:4). ക്രിസ്തു യഹോവയുടെ പ്രത്യക്ഷതയായ വ്യക്തിയായിരുന്നു എന്നല്ലാതെ വചനമായ മറ്റൊരു വ്യക്തിയായിരുന്നു എന്ന് ഏത് കാരണത്താൽ പറയും? ക്രിസ്തു അക്ഷരാർത്ഥത്തിൽ ലോഗൊസാണെങ്കിൽ അവൻ പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതുമായ ലോഗൊസ് ആരാണ്? തൻ്റെ ലോഗൊസും പിതാവിൻ്റെ ലോഗൊസും ഒന്നാണെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (ലോഗോസ്) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (ലോഗോസ്) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (ലോഗോസ്) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. അതിനാൽ വചനം അഥവാ ലോഗൊസ് എന്നത് ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ അഭിധാനം മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും അനേകർ അജ്ഞത നടിക്കുകയാണ്.
പഴയനിയമത്തിലെ ദവാർ: ശമൂവേലിനു വെളിപ്പെട്ട വചനം. (1ശമൂ, 3:17). സത്യവചനം. (2ശമൂ, 7:28). നിർമ്മല വചനങ്ങൾ. (സങ്കീ, 12:6). നേരുള്ള വചനം. (സങ്കീ, 33:4). ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം. (സങ്കീ, 33:6). സൃഖ്യമാക്കുന്ന വചനം. (സങ്കീ, 107:20). നീതിയുടെ വചനം. (സങ്കീ, 119:123). അതിവിശുദ്ധ വചനം. (സങ്കീ, 119:140). സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. (സങ്കീ, 119:89). കാലിന്നു ദീപവും എന്റെ പാതയ്ക്കു പ്രകാശവും നല്കുന്ന വചനം. (സങ്കീ, 119:105). ദൈവത്തിൻ്റെ ആജ്ഞയാൽ അതിവേഗം ഓടുന്ന വചനം. (സങ്കീ, 147:15). മഞ്ഞുകട്ടയെ ഉരുക്കുന്ന വചനം. (സങ്കീ, 147:18). യാക്കോബിനു വെളിപ്പെടുത്തിയ വചനം. (സങ്കീ, 147:19). ന്യായവിധിയുടെ വചനം. (യെശ, 9:8). എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്നെ വചനം. (യെശ, 40:8). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനം. (യെശ, 55:11). തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയുമുള്ള വചനം. (യിരെ, 23:29).
പുതിയനിയമത്തിലെ വചനം: ദൈവവചനം (മർക്കൊ, 7:13; ലൂക്കൊ, 5:1; യോഹ, 10:35), ആത്മാവും ജീവനുമായ വചനം (യോഹ, 6:63), ജീവൻ്റെ വചനം/നിത്യജീവൻ്റെ വചനം: (യോഹ, 6:68; പ്രവൃ, 5:20; ഫിലി, 2:15; 1യോഹ, 1:2), സത്യവചനം: (യോഹ, 17:17; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9), കർത്താവിൻ്റെ വചനം: (പ്രവൃ, 8:35; 13:48; 15:34,35), രക്ഷാവചനം: (പ്രവൃ, 13:26), കൃപയുടെ വചനം: (പ്രവൃ, 14:3; 20:32), സുവിശേഷവചനം: (പ്രവൃ, 15:7), വാഗ്ദത്തവചനം: (റോമ, 9:9), ക്രൂശിൻ്റെ വചനം: (1:കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം: (1കൊരി, 12:8), പരിജ്ഞനത്തിൻ്റെ വചനം: (1കൊരി, 12:8), നിരപ്പിൻ്റെ വചനം: (2കൊരി, 5:19), ക്രിസ്തുവിൻ്റെ വചനം: (കൊലൊ, 3:16), വിശ്വാസവചനം: (1തിമൊ, 4:6), സദുപദേശത്തിൻ്റെ വചനം: (1തിമൊ, 4:6), അംഗീകരിക്കാൻ യോഗ്യമായ വചനം: (1തിമൊ, 4:9), പത്ഥ്യവചനം: (1തിമൊ, 6:3), വിശ്വാസ്യവചനം: (തീത്തൊ, 1:8), ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനം: (എബ്രാ, 1:3), നീതിയുടെ വചനം: (എബ്രാ, 5:13), ആണയുടെ വചനം: (എബ്രാ, 7:28), ആകാശവവും ഭൂമിയും സൃഷ്ടിച്ച വചനം (എബ്രാ, 11:3; 2പത്രൊ, 3:5), വീണ്ടും ജനിപ്പിക്കുന്ന വചനം (യാക്കോ, 1:18; 1പത്രൊ, 1:23), ഉൾനട്ട വചനം: (യാക്കോ, 1:21), എന്നേക്കും നിലനില്ക്കുന്ന വചനം (മത്താ, 24:35; 1പത്രൊ, 1:25), ന്യായവിധിയുടെ വചനം (യോഹ, 12:48; 2പത്രൊ, 3:7), സാക്ഷ്യവചനം: (വെളി, 12:11). “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ, 4:12). വചനം ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയാണെന്ന് വിശ്വസിക്കുന്നവർ പഴയപുതിയ നിയമങ്ങളിലുള്ള മേല്പറഞ്ഞ വചനങ്ങൾക്കൊക്കെ എന്ത് സമാധാനം പറയും?
ലോഗോസ് മറ്റൊരു വ്യക്തിയും, മറ്റൊരു ദൈവവുമാണെന്ന് ട്രിനിറ്റി തങ്ങളുടെ വിശ്വാസികളെ പഠിപ്പിക്കുന്നു. ഇനിയും അജ്ഞത നടിക്കുന്നവർ താഴെയുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
1. പരിശുദ്ധാന്മാവിനാൽ ഉല്പാദിതമായതുകൊണ്ട്, അവൻ സാക്ഷാൽ പരിശുദ്ധാത്മാവ് ആകില്ലെങ്കിൽ, വചനം ജഡമായതുകൊണ്ട് എങ്ങനെ സാക്ഷാൽ വചനമാകും?
2. യഥാർത്ഥത്തിൽ ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനവും ദൈവവുമാണെങ്കിൽ, വചനം ദൈവമായിരുന്നു എന്ന്, ഭൂതകാലത്തിൽ എങ്ങനെ പറയും? ത്രിത്വദൈവത്തിന് ഭൂതകാലമുണ്ടോ?
3. ഏകദൈവത്തിൻ്റെ വായിലെ വചനമെന്ന നിലയിൽ ജഡമായിത്തീർന്ന വചനത്തെ, വചനം ദൈവമായിരുന്നു എന്നല്ലാതെ, വചനം ദൈവം ആകുന്നു, എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല,. പിന്നെ, ഏത് കാരണത്താൽ വചനം ദൈവത്തിൽനിന്ന്, വിഭിന്നനായ വ്യക്തിയും ദൈവവുമാണെന്ന് പറയും?
4. യഥാർത്ഥത്തിൽ ക്രിസ്തു ലോഗോസ് ആണെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും പത്തിലേറെ വാക്യങ്ങളിൽ വേർതിരിച്ച് പറയുമായിരുന്നോ?
5. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ദബാർ, യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, ലോഗോസ് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും ഹ്റെമാ കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും അഭിന്നമായി പറയുമായിരുന്നോ?
6. ദൈവത്തോടു കൂടെയായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം, മറ്റൊരു വ്യക്തിയാണെങ്കിൽ, ദൈവത്തോടു കൂടെയുണ്ടായിരുന്ന ജ്ഞാനത്തെ, മറ്റൊരു വ്യക്തിയും ദൈവത്തിൻ്റെ പുത്രിയുമായി, എന്തുകൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല?
7. ക്രിസ്തു ലോഗോസായ മറ്റൊരു വ്യക്തിയാണെങ്കിൽ, ക്രിസ്തുവിൻ്റെ ലോഗോസ് ആരാണ്? ക്രിസ്തു പ്രസംഗിച്ചതും പ്രമാണിച്ചതുമായ, ലോഗോസ് ആരാണ്?ദൈവാത്മാവുള്ളവർ ചിന്തിക്കുക. സത്യം അറികയും സത്യം ഏവരേയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ..
ദൈവപുത്രൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായവനാണ്. വചനം മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി പിന്നെയും മുപ്പത് വർഷം കഴിഞ്ഞാണ് പ്രവചനംപോലെ അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? എല്ലാം ത്രിത്വത്തിൻ്റെ വികലമായ ഭാവന മാത്രം!
2 thoughts on “വചനം ദൈവത്തോടുകൂടെ ആയിരുന്നു”