യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണ് അല്ലെങ്കിൽ യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്നിങ്ങനെ പറയുന്ന അനേകം പേരുണ്ട്. യഹോവസാക്ഷികളും കുറേ നവീന ഉപദേശക്കാരും യേശുവെന്ന ദൈവപുത്രനെ അറിയാത്ത എല്ലാവരും അക്കുട്ടത്തിൽ പെട്ടവരാണ്. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നതിനാൽ ത്രിത്വവിശ്വാസികൾ യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറഞ്ഞുകേൾക്കാറില്ല; പക്ഷെ, യേശുവിൻ്റെ പിതാവാണ് ഞങ്ങളുടെയും പിതാവെന്ന് അവരും പറയാറുണ്ട്. ആരോ പറഞ്ഞുപഠിപ്പിച്ചപോലെ യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നതല്ലാതെ, ബൈബിളിൽ വലിയ ഗ്രാഹ്യമൊന്നും ഇക്കൂട്ടർക്കുണ്ടെന്ന് കരുതാൻ നിർവ്വാഹമില്ല. ഇവർക്ക് ആകെക്കൂടി അറിയാവുന്നത്; ക്രിസ്തുവിനെ പുത്രനെന്നും ദാസനെന്നും വിളിച്ചിട്ടുണ്ട്; അവൻ ദൈവത്തെ, പിതാവെന്നും ദൈവമെന്നും വിളിച്ചിട്ടുണ്ട്. അതിനാൽ, സ്രഷ്ടാവും സൃഷ്ടിയായ മനുഷ്യരും തമ്മിലുള്ള ബന്ധംപോലെയാണ് ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും തമ്മിലുള്ളതെന്ന് അവർ വിചാരിക്കുന്നു. യേശു ദൈവത്തെ ‘എൻ്റെ പിതാവു‘ എന്നു വിളിക്കുന്നത് സുവിശേഷങ്ങളിൽ ഉടനീളം കാണാം. (ഉദാ: മത്താ, 11:27; 15:3; 18:35: 20:23; 24:26). അപൂർവ്വമായിട്ടാണെങ്കിലും പിതാവിനെ ‘എൻ്റെ ദൈവം‘ എന്നും  സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; യോഹ, 20:17). അഭിഷിക്ത മനുഷ്യനായ യേശു തൻ്റെ പിതാവിനെ ‘എൻ്റെ ദൈവം’ എന്നു വിളിച്ചിരിക്കയാലാണ്, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, ഇവർക്കാർക്കും ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെ യഥാർത്ഥയി മനസ്സിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. (1തിമൊ, 2:5,6)

ഇവിടെയൊരു ചോദ്യമുണ്ട്: ദൈവപുത്രനായ ക്രിസ്തുവെന്ന മനുഷ്യൻ, എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും വിളിക്കുന്നവൻ തന്നെയല്ലേ മനുഷ്യരുടെ ദൈവം; പിന്നെന്താണ് പ്രശ്നം? പ്രശ്നമുണ്ട്. മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. മനുഷ്യർ ദൈവത്തിൻ്റെ സൃഷ്ടികളും ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടുമാണ്: (1തിമൊ, 3:14-16). അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം ജഡത്തിൽ വെളിപ്പെട്ടു മനുഷ്യസാദൃശ്യത്തിലായി അഥവാ മനുഷ്യരോട് താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ, അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? ക്രിസ്തു അപ്പൊസ്തലന്മാരെ സഹോദരന്മാരെന്ന് സംബോധന ചെയ്തിട്ടുണ്ട്; അപ്പൊസ്തലന്മാർ ആരെങ്കിലും യേശുവിനെ സഹോദരാ എന്ന് വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടില്ലെന്ന് മാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ ദാസൻ (അടിമ) ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്. എന്തിനേറെപ്പറയുന്നു: യേശുവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും പോലും അവൻ്റെ ദാസനെന്നാണ് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ മൂത്ത ജ്യേഷ്ഠനാണ് യേശുവെന്ന് അവർ എന്തേ പറഞ്ഞില്ല? ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കുകയും അവനെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയും ചെയ്തിരിക്കയാൽ, നാം ദൈവത്തിൻ്റെ അനന്തര ജാതന്മാരാണ്. എന്നുകരുതി ക്രിസ്തുവിനെ ചേട്ടാ എന്ന് വിളിക്കാമോ? വിളിക്കാം; തലയായ ക്രിസ്തുവിനോളം നാം വളരണം. എന്നിട്ട് ചേട്ടാന്ന് വിളിക്കുയോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുകയോ ചെയ്യാം.

മനുഷ്യരിൽ നിന്നും ദൂതന്മാരിൽനിന്നും അഭിഷിക്തമനുഷ്യനായ യേശു വ്യത്യസ്തനാണെന്നു കാണിക്കുന്ന വേദഭാഗങ്ങൾ പലതുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2). ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നു; എങ്കിലും എല്ലാമനുഷ്യരെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്ന് വേറൊരിടത്ത് പറയുന്നുമുണ്ട്. (1കൊരി, 15:21). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ ക്രിസ്തു നമ്മുടെ ഗുരുവും നായകനും കർത്താവുമാണ്: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: ലൂക്കൊ, 2:11). ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6). “ഏതു പുരുഷൻ്റെയും അഥവാ മനുഷ്യൻ്റെയും തലയും (1കൊരി, 11:3), സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായ (കൊലൊ, 2:10) ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.”

ഇനി, യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞത് നോക്കാം: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരെ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോട്: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് നമ്മുടെ എന്നു പറയാതെ; എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ചു പറഞ്ഞത്? മനുഷ്യനായ ക്രിസ്തുവിന് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിനും അവൻ്റെ ക്രിസ്തുവിനുമുള്ള ബന്ധത്തിനു തുല്യമായിരുന്നില്ല സൃഷ്ടികളായ ദൂതന്മാർക്കും മനുഷ്യർക്കും ദൈവത്തോട് ഉണ്ടായിരുന്നത്. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി, ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ ‘എൻ്റെ ദൈവം നിങ്ങളുടെ ദൈവം’ എന്ന് പറയാതെ ‘നമ്മുടെ ദൈവം’ എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ പിതൃപുത്രബന്ധമാണ് പിതാവും പുത്രനും തമ്മിൽ ഉണ്ടായിരുന്നത്. ദൈവവത്തിന് തൻ്റെ ക്രിസ്തുവുമായി ഉണ്ടായിരുന്ന ഈ നിസ്തുലമായ ബന്ധത്താലാണ് അവൻ ഏകജാതനെന്ന് വിളിക്കപ്പെട്ടത്. അല്ലാതെ ദൈവം ജനിപ്പിക്കുകയോ, സൃഷ്ടിക്കുകയോ ചെയ്ത പുത്രനല്ല ക്രിസ്തു. നമ്മുടെ ദൈവമെന്ന് ദൈവപുത്രനായ യേശുവോ, നമ്മുടെ ദൈവമെന്നോ, ഞങ്ങളുടെ ദൈവമെന്നോ ദൈവപുത്രനെയും ചേർത്ത് അപ്പൊസ്തലന്മാരും പറയാതിരിക്കെ, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്നു ഒരു വിശ്വാസിക്ക് എങ്ങനെ പറയാൻ കഴിയും?

യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറയുന്നവരും ദൈവം ത്രിത്വമാണെന്നു വിശ്വസിക്കുന്നവരും അവൻ ദൂതനാണെന്ന് വിശ്വസിക്കുന്നവരും യഥാർത്ഥത്തിൽ ദൈവത്തെയോ, അവൻ്റെ ക്രിസ്തുവിനെയോ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ലെന്നതാണ് വസ്തുത. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19. ഒ.നോ: 14:7). ക്രിസ്തുവിനെ അറിയാതെ അവൻ്റെ പിതാവിനെ എങ്ങനെ അറിയും? നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശു, “ആരാകുന്നു” എന്നു ചോദിച്ചാൽ; ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1യോഹ, 4:2; 2യോഹ, 1:7). അതായത്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനു വേണ്ടി, പരിശുദ്ധാത്മാവിൽ ഉല്പാദിതമായ; പരിശുദ്ധനായ ഒരു മനുഷ്യനാണ് ദൈവപുത്രനായ ക്രിസ്തു. (യോഹ, 6:69). ഏകസത്യദൈവം, അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. അതായത്, “അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“

ദൈവപുത്രൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്താണ്; പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്, സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിനു് കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യനു് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; മത്താ, 1:21; ഗലാ, 4:4). ദൈവത്തിൻ്റെ അരുളപ്പാടുകളും പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും ചട്ടങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ജാതിയാണ് യിസ്രായേൽ. (റോമ, 3:2; 9:4; സങ്കീ, 147: 19-20). അതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16). പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ ശരീരം അഥവാ, മനഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (എബ്രാ, 10:5).

യേശുക്രിസ്തുവിൻ്റെ ദൈവം: പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തുതി കരേറ്റുന്നതായി കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). അപ്പൊസ്തലന്മാർ സ്തുതി കരേറ്റുന്നത്; മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവത്തെയാണ്. (1തിമൊ, 2:5,6). നമുക്കുവേണ്ടി ക്രൂശിൽമരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37 ). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). അതിനാലാണ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലൻ സ്തുതിക്കുന്നതും (2കൊരി, 11:31; എഫെ, 1:3; 1:17), അവൻ മുഖാന്തരം ദൈവത്തിനു സ്തോത്രം കരേറ്റുന്നതും (റോമ, 1:8; 7:25; 1കൊരി, 15:57), മഹത്വം കരേറ്റുന്നതും (റോമ, 16:26; യൂദാ, 1:24), അവൻ മുഖാന്തരം ദൈവത്തിൽ പ്രശംസിക്കുന്നതും. (റോമ, 5:11).

ക്രിസ്തുവിൻ്റെ നിസ്തുല്യത: 1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുലനാണ്. 2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:19-20; ലൂക്കൊ, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്. 3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:22; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും എശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. 4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മശീഹമാർ അഥവാ, ക്രിസ്തുക്കൾ അനവധിയുണ്ടെങ്കിലും, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്. 5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്. യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. 6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്. (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്. 7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്. (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. ഇതുപോലെ അനവധി തെളിവുകളുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല.

“പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്. അതായത്, യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു.”

2 thoughts on “യേശുക്രിസ്തുവിൻ്റെ ദൈവം”

Leave a Reply

Your email address will not be published. Required fields are marked *