യിസ്രായേലിൻ്റെ പദവികൾ
“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)
യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യേശുക്രിസ്തുവിൽ നിവൃത്തിയായ ദൈവപുത്രൻ എന്ന പദവിയുൾപ്പെടെ എല്ലാ പദവികളുടെയും ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി വന്നത്. (ലൂക്കൊ, 1:68; മത്താ, 1:21; ഗലാ, 4:4). ന്യായപ്രമാണത്തെ നീക്കുവാനല്ല; പൂർത്തീകരിക്കാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17).
യിസ്രായേലിന്റെ പദവികൾ:
1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)
2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)
3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)
4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (ദാനീ, 7:13)
5. ആദ്യജാതൻ (പുറ, 4:22)
6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (സങ്കീ, 2:9)
7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)
8. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6)
9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)
10. ജാതികളെ ന്യായം വിധിക്കുന്നവൻ (സങ്കീ, 72:2-4; യെശ, 11:4; 16:5; 42:1-4,7)
11. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)
12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)
13. ദാവദിൻ്റെ കർത്താവ് (സങ്കീ, 110:1)
14. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)
15. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)
16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)
17. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)
18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനുഷ്യപുത്രൻ (സങ്കീ, 80:17)
19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)
20. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)
21. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)
22. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)
23. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)
24. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)
25. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)
26. മനുഷ്യപുത്രനോടു സദൃശൻ (ദാനീ, 7:13)
27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4)
28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)
29. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)
30. യാക്കോബിൻ്റെ സന്തതി (28:13,14)
31. യിശ്ശായി/ദാവീദിൻ്റെ മുള/വേര് (യെശ, 4:2; 11:1,10; യിരെ, 23:5; 33:15; സ്ഖ, 3:8; 6:12)
32. യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5)
33. രക്ഷാവാഹകൻ (യെശ, 49:6),
34. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)
35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17)
36. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)
37. വിശ്വസ്തസാക്ഷി (സങ്കീ, 89:37)
38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)
യേശുക്രിസ്തുവിൻ്റെ പദവികൾ:
1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)
2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16)
3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)
4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (മത്താ, 26:64)
5. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)
6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (വെളി, 19:15)
7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)
8. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)
9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)
10. ജാതികളെ ന്യായം വിധിക്കുന്നവൻ (മത്താ, 12:17-19)
11. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)
12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)
13. ദാവീദിൻ്റെ കർത്താവ് (മത്താ, 22:43,44)
14. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)
15. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)
16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:7,9)
17. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)
18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനഷ്യപുത്രൻ (മത്താ, 26:64; 14:62; പ്രവൃ, 7:55)
19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:27,31; 13:34,35,37)
20. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)
21. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)
22. പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22)
23. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)
24. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)
25. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)
26. മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13)
27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (എബ്രാ, 5:10
28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)
29. മുന്തിരിവള്ളി (യോഹ, 15:1, 15:5)
30. യാക്കോബിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 28:13,14)
31. യിശ്ശായി/ദാവീദിൻ്റെ വേര് (റോമ, 15:12; വെളി, 5:5; 22:16)
32. യിസ്ഹാക്കിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 26:5)
33. രക്ഷാനായകൻ (എബ്രാ, 2:10),
34. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)
35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 26:64)
36. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:16)
37. വിശ്വസ്തസാക്ഷി (വെളി, 1:5)
38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)
അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ നിത്യപുത്രൻ യിസ്രായേലാണ്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല.
ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)
ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ)
ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5).
യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ആറുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവനാണ് അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).
യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ)
പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക)
യിസ്രായേലും സഭയും താരതമ്യം:
1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)
2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)
3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)
4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)
5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)
6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ
7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)
8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)
9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)
10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)
11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)
12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)
13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)
14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)
പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല.
പഴയനിയമത്തിൽ അഭിഷിക്തനായ പുത്രൻ യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്. യിസ്രായേലെന്ന സ്വന്തജനത്തിനു വേണ്ടിയാണ് യഹോവ-ശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും യഹോവ മനഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് ദൈവം മനുഷ്യനായത്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ലുപോലെ, യിസ്രായേൽ പൗരതയോട് യാതൊരു സംബന്ധവും ഇല്ലാഞ്ഞിട്ടും ദൈവത്തിൻ്റെ കൃപയാൽ മാത്രം രക്ഷപ്രാപിച്ചവരാണ് നമ്മൾ. ആകയാൽ, സ്വന്തജനമായ യിസ്രായേലിന്റെ പദവികളറിയാതെ, യിസ്രായേലിൻ്റെ പരിശുദ്ധനെയും അവനൊരുക്കിയ രക്ഷാകരപ്രവൃത്തിയെയും ഗ്രഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതില്പരം അബദ്ധമെന്താണ്. യിസ്രായേലിലൂടെ ദൈവത്തിൻ്റെ പുത്രത്വവും, അതിലൂടെ ഏകസത്യദൈവത്തെയും അറിയാൻ കഴിയും. യേശു പറയുന്നു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19). അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ!
“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)
11 thoughts on “യിസ്രായേലിൻ്റെ പദവികൾ”