നാം നമ്മുടെ സ്വരൂപത്തിൽ
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26,27)
ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നു പറഞ്ഞതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി നാലുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ബൈബിളിൽ അഞ്ചുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം തന്നോടുതന്നെയാണ് ബഹുവചനം പറഞ്ഞതെന്നും അതിനാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നും ട്രിനിറ്റി വാദിക്കുന്നു. ഇവരുടെ വാദം ശുദ്ധ അസംബന്ധമാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. മാത്രമല്ല, ബഹുവചമെന്നാൽ അതിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അത് ത്രിത്വമാണെന്ന് പറയും???… ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ പ്രകൃതിയറിയാതെ, ബഹുവചനമെന്ന നിങ്ങളുടെ ബാലിശമായ വ്യാഖ്യാനംപോലെ, ഹൈന്ദവ സഹോദരങ്ങൾക്കു വേണമെങ്കിൽ അവരുടെ മപ്പത്തിമുക്കോടി ദൈവങ്ങൾ ബൈബിളിലുണ്ടെന്ന് വാദിച്ചുകൂടെ???… അതുതന്നെയല്ലേ നിങ്ങളുടെയും വാദവും???… യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പോസ്തലന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ ആദിയോടന്തം പറഞ്ഞുവെച്ചിരിക്കെയാണ് ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്. എന്നാൽ, എന്താണതിലെ വസ്തുതയെന്ന് നമുക്കു നോക്കാം:
നാം നമ്മുടെ സ്വരൂപത്തിൽ: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “⁴ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? ⁶പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ ⁷അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ആറാം വാക്യത്തിൽ ദൈവം സൃഷ്ടി നടത്തുമ്പോൾ; ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും ദൂതന്മാരാണ്. ദൈവപുത്രന്മാരെ ഗ്രീക്കു സെപ്റ്റ്വജിൻ്റിലും (LXX), NIV-യിലും ദൂതന്മാർ (Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ABP, CEV, CVB, NCV, NLT തുടങ്ങിയവയും കാണുക. ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ പറഞ്ഞിട്ടുണ്ട്: (1:6; 2:1). അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? ഇയ്യോബിനോട് ദൈവമത് സ്പഷ്ടമായി പറയുകയും ചെയ്യുന്നു.
ഉല്പത്തിയിൽ ‘നാം നമ്മുടെ’ എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായും പല വേദഭാഗങ്ങളിലും കാണാം. (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:
വിശ്വാസയോഗ്യമായ ചില തെളിവുകൾ:
1. ഒന്നാം പ്രമാണം: ഉല്പത്തി 1:26-ൽ സൃഷ്ടി നടത്തുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും: “യഹോവയായ ദൈവം ഞാനാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 56,7). ഇതാണ് ഒന്നാമത്തെ കല്പന. ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന് കല്പന നല്കിയപ്പോൾ ബഹുത്വം ആവിയായിപ്പോയോ? പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). അതായത്, ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!
2. ക്രിസ്തുവിൻ്റെ സാക്ഷ്യം: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: “അതിന്നു ക്രിസ്തു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ രണ്ടുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. ഉല്പത്തിയിൽ സ്രഷ്ടാവായ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു ‘സൃഷ്ടിച്ചവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ചവർ‘ (they which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ത്രിത്വവ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? അതിൻ്റെ ഉത്തരമാണ്; സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; യെശ, 44:24). ക്രിസ്തു ഷ്മാ പ്രാർത്ഥന ഉദ്ധരിച്ചതും നോക്കുക: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” മർക്കോ, 12:29). ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാനൊരു നിയമവും ഉണ്ട്; അതിനെ അതിലംഘിച്ചാൽ ദുരുപദേശമായി മാറും. ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം.
3. എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ട്രിനിറ്റി പഠിപ്പിക്കുന്നത്; യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു; മൂന്നുപേരും കൂടിയാണ് സൃഷ്ടി നടത്തിയത്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് അഥവാ ഉത്തമപുരുഷൻ യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ദൈവം അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നല്ല, തൻ്റെ (his) അഥവാ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിൽ ദൈവം ത്രിത്വമായിരുന്നെങ്കിൽ അടുത്ത വാക്യത്തിൽ വന്നപ്പോൾ ത്രിത്വം ആവിയായിപ്പോയോ? നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ “നാം, നമ്മുടെ” ബഹുവചനമാണ്; കൂടെയുള്ളത് ദൂതന്മാരാണെന്നും മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം എഴുത്തുകാരനായ മോശെ പറയുന്നതാണ്. ഇനി, ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ മോശെ പറയേണ്ടത്? അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ഭാഷയുടെ വ്യാകരണ നിയമത്തെയെല്ലാം അതിലംഘിക്കുന്ന പക്കാ ദുരുപദേശമാണ് ത്രിത്വം. ഉപായിയായ സർപ്പം എത്രയൊക്കെ ശ്രമിച്ചാലും ഏകദൈവത്തെ ബഹുത്വമാക്കാൻ സിംഗിൾ തെളിവുപോലും ബൈബിളിൽ നിന്ന് ലഭിക്കില്ലെന്ന് ഓർത്തുകൊള്ളുക.
4. സമാന്തരവാക്യങ്ങൾ: ബൈബിളിലെ ഒരു വാക്യംകൊണ്ട് ഒരുപദേശവും സ്ഥാപിക്കാൻ സമാന്തരവാക്യങ്ങൾ സമ്മതിക്കില്ലെന്ന് ദുരുപദേശകർക്ക് അറിയില്ല. സൃഷ്ടിയെക്കുറിക്കുന്ന ആ ഒരു വാക്യം മാത്രമല്ല; അനേകം വാക്യങ്ങളുണ്ട്; അവിടെയൊന്നും ബഹുവചനമില്ല; ഏകവചനമാണുള്ളത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒറ്റയ്ക്ക് സൃഷ്ടി നടത്തിയെന്നാണ്. പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നതിനും വാക്യമുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളും ഓർക്കുക: (മത്താ, 19:4; മർക്കൊ, 10:6). കർത്താവായ യേശുവിൻ്റെ വാക്കുകളെങ്കിലും ത്രിത്വദുരുപദേശകർ വിശ്വസിച്ചിരുന്നെങ്കിൽ….!
നമ്മിൽ ഒരുത്തനെപ്പോലെ: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ ‘നമ്മിൽ ഒരുത്തനെപ്പോലെ’ എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും, അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ് തുടർന്ന് കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും???…
ഒരു ചോദ്യം: ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും; “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്; ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ? ഉത്തരം: ദൂതന്മാർ അഥവാ സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). താൻ സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:
ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: സ്വരൂപവും (image) സാദൃശ്യവും (likeness) പര്യായങ്ങളാണ്. പ്രതിബിംബം, പ്രതിച്ഛായ, പ്രതിമ, പ്രതിരൂപം, സ്വരൂപം, തത്സ്വരൂപം, സമാനത, സാദൃശ്യം, സാമ്യം എല്ലാം ഒന്നുതന്നെയാണ്. യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). എട്ടാം അദ്ധ്യായത്തിലും മനുഷ്യസാദൃശ്യത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ..നോ: 1:26,27). ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; പുരാതനനായവൻ എന്നർത്ഥത്തിലാണ്. യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5. ഒ.നോ: 8:2; 10:2). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16). ഹിദ്ദെക്കേൽ മഹാനദീതീരത്ത് ഇരിക്കുമ്പോൾ കണ്ട ദൂതനു മനുഷ്യസാദൃശനായിരുന്നു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു:” (ദാനീ, 10:16. ഒ.നോ: 10:18). ഇതിൽനിന്ന് ദൈവത്തിൻ്റെയും ദൂതന്മാരുടെ സാദൃശ്യം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ.
സ്രഷ്ടാവ് ഒരുത്തൻ മാത്രം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). സൃഷ്ടിയിൽ കൂടെയുണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിവു കൊടുക്കുമ്പോൾ, ദൂതന്മാരുടെയും ദൈവത്തിൻ്റെയും സാദൃശ്യം ഒന്നാണോ, ദൂതന്മാരും ദൈവവും ചേർന്നാണോ മനുഷ്യനെ സൃഷ്ടിച്ചത്? എന്നൊക്കെയുള്ള വെളിവില്ലാത്ത ചോദ്യമാണ് ട്രിനിറ്റി ചോദിക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് ദൂതന്മാരുടെ സാദൃശ്യത്തിലും സഹായത്താലുമല്ല. ദൈവത്തിൻ്റെയും തൻ്റെ ആദ്യസൃഷ്ടികളായ ദൂതന്മാരുടെയും സാദൃശ്യം ഒന്നാണെന്നല്ലാതെ, സൃഷ്ടിയിൽ ദൂതന് യാതൊരു പങ്കുമില്ലെന്ന് മേല്പറഞ്ഞ വാക്യം തെളിവു നല്കുന്നു. സൃഷ്ടിനടത്തിയത് താൻ ഒറ്റയ്ക്കാണെന്നതിന് അനേകവാക്യങ്ങൾ മുകളിൽ കാണിച്ചതാണ്: യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്ന ഒരു ഭാഗമുണ്ട്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 64:8; മലാ, 2:10). താൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു; തൻ്റെകൂടെ സഹായത്തിന് ആരുണ്ടായിരുന്നു എന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുമ്പോൾ; പ്രത്യുത്തരമായി ട്രിനിറ്റി പറയുന്നു: യഹോവേ, നിനക്കറിയില്ല നിൻ്റെകൂടെ പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തവ്യക്തികളായി ഉണ്ടായിരുന്നു. യഹോവയെ പഠിപ്പിക്കുന്ന ത്രിമൂർത്തി ബഹുദൈവിശ്വാസികൾ!
വരുവിൻ നാം ഇറങ്ങിച്ചെല്ലാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആർ നമുക്കുവേണ്ടി പോകും: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകും എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ലല്ലോ? ത്രിത്വം പറയുന്നതുപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ; പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. മാത്രമല്ല യോഹന്നാൻ സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനമാണ് കാണുന്നത്: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടത്. (വെളി, 4:2). അതിൽനിന്ന് സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനം ഏകദൈവവും മാത്രമേയുള്ളെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.
ഒരു മനോഹരമായ ദുരുപദേശം: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). ഈ വാക്യത്തിൽ ‘ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?‘ എന്നു യഹോവ ചോദിക്കുമ്പോൾ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ‘ എന്ന് പ്രത്യുത്തരം പറയുന്നത് യെശയ്യാവാണ്. അതിനെ ട്രിനിറ്റി പഠിപ്പിക്കുന്നത്; യേശുക്രിസ്തുവാണ് ‘അടിയൻ ഇതാ അടിയനെ അയക്കേണമേ’ എന്ന് പറയുന്നതെന്നാണ്. ആ വേദഭാഗം വായിച്ചാൽ ‘അടിയനെ അയക്കേണമേ’ എന്നു പറയുന്നത് യെശയ്യാവാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അവിടെ ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത് രണ്ടുപേരാണ്: യെശയ്യാവും യഹോവയും. ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിനൊന്ന് വാക്യങ്ങളിലെ ഉത്തമപുരുഷൻ യെശയ്യാവാണ്; എട്ടാം വാക്യത്തിലെ ആദ്യത്തെ ഉത്തമപുരുഷ്യൻ യഹോവയായ കർത്താവാണ്. രണ്ടാമത്തേത്, ‘എന്നു ഞാൻ പറഞ്ഞു‘ എന്നിങ്ങനെ പറയുന്നത് യെശയ്യാവാണ്. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യനായ താൻ യഹോവയെ കണ്ടതുകൊണ്ട് നശിച്ചുപോകുമെന്ന് വിലപിച്ച യെശയ്യാവിനെ ബലപ്പെടുത്തുന്നത് ദൂതനാണ്. (6:5-7). തുടക്കംമുതൽ ഞാൻ, എൻ്റെ എന്നിങ്ങനെ സംസാരിക്കുന്നത് യെശയ്യാവാണ്. യേശുക്രിസ്തുവാണ് സംസാരിക്കുന്നതെങ്കിൽ, ‘എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ’ എന്നൊക്കെ പറയുന്നതും യേശുക്രിസ്തുവാണെന്ന് സമ്മതിക്കണം. ഓരോരോ ഉപദേശങ്ങൾ! ഇനി, ജനത്തോട് പോയി അറിയിക്കാൻ പറഞ്ഞകാര്യം, ‘അടിയനെ അയക്കേണമേ’ എന്നു പറഞ്ഞത് യേശുവാണെങ്കിൽ അവൻതന്നെ പോയി അറിയിക്കണ്ടേ? എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്; യെശയ്യാവാണ് അക്കാര്യം ജനത്തോടറിയിച്ചതെന്നു പറഞ്ഞിരിക്കുന്നു. (യോഹ, 12:38-41). പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ എഴുത്തുകാരനല്ലാതെ ആർക്കും സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വമെന്ന ദുരുപദേശം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ. സിംഹാസനത്തിൽ ഇരിക്കുന്നതായി യെശയ്യാവ് കണ്ട സൈന്യങ്ങളുടെ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; എബ്രാ, 2:14-15)). സകല പ്രവാചകന്മാരെയും യേശുക്രിസ്തു ആക്കിയാലും നടപടിയാകുന്ന ഒരു ഉപദേശമേയല്ല ട്രിനിറ്റി. ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരമാണെന്ന് ഓർത്തുകൊൾക. (എബ്രാ, 10:31).
ഒരു മാരണ വ്യാഖ്യാനം: ¹ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ² ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. ³ വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്പ, 1:1-3). ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ ആദ്യ മൂന്നു വാക്യങ്ങളിൽത്തന്നെ ത്രിത്വത്തിനു തെളിവുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. ‘ഒന്നാം വാക്യത്തിൽ ദൈവം, രണ്ടാം വാക്യത്തിൽ ആത്മാവ്, മൂന്നാം വാക്യത്തിൽ ദൈവത്തിൻ്റെ കല്പന’ ഇതാണവരുടെ ത്രിത്വം. ‘കല്പിച്ചു’ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിൻ്റെ വചനംകൊണ്ടാണല്ലോ, വചനം പുത്രനാണെന്നു യോഹന്നാൻ പറഞ്ഞിട്ടുണ്ടെന്നാണ് ത്രിത്വവാദം. മൂന്നാം വാക്യത്തിൽ ‘വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു’ എന്നാണ് കാണുന്നത്. കല്പിച്ചു (said) എന്നതിന് ‘അമർ’ (amar) എന്ന എബ്രായ വാക്കാണ് മൂന്നാം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കല്പന, അരുളപ്പാട്, പറഞ്ഞു, എന്നിത്യാദി അർത്ഥങ്ങളിൽ ‘അമർ’ 5,000-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വചനം അഥവാ വാക്കിനെ കുറിക്കുന്ന എബ്രായപദം ‘ദവാർ’ (dabar) ആണ്. ആ പദം 1,500-ലധികം പ്രാവശ്യമുണ്ട്. ദവാർ ‘വാക്കു’ എന്നർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിരിക്കുന്നത് ഉല്പത്തി 11:1-ലാണ്: “ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും (ദവാർ) ആയിരുന്നു.” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് ദവാർ: (യെശ, 55:11; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). മൂന്നാം വാക്യത്തിലുള്ളത് ദവാർ അഥവാ വചനമല്ല; അമർ അഥവാ കല്പനയാണ്. മൂന്നാം വാക്യത്തിൽ ഇല്ലാത്ത ‘വചനത്തെ’ പുത്രനെന്ന് വ്യാഖ്യാനിക്കുന്ന ത്രിത്വകുതുകികളോട് ചോദിക്കട്ടെ; ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പാമ്പും ഇയ്യോബിൻ്റെ പുസ്തകത്തിൽ സാത്താനും ‘പറഞ്ഞു’ (said) എന്നതിനെ ‘അമർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്; അതും പുത്രനാണെന്നു സമ്മതിക്കുമോ? (ഉല്പ, 3:1,4; ഇയ്യോ, 1:7,9; 2:2,4). ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: അവരുടെ വ്യാഖ്യാനപ്രകാരം ആദ്യത്തെ 1, 2, 3 വാക്യങ്ങളിൽ ദൈവവും ആത്മാവും പുത്രനും വേറിട്ടു നില്ക്കുകയാണ്. എന്നിട്ടു അവർതന്നെ പറയുന്നു: ഒന്നാം വാക്യത്തിലെ ദൈവം അഥവാ എലോഹീം ബഹുവചനമാണ്; അതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ട്. ദൈവം അഥവാ എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്ന ഇവരുടെ വാദം അംഗീകരിച്ചാൽ, ഒന്നാം വാക്യത്തിൽത്തന്നെ അവർക്ക് ത്രിത്വമുണ്ട്; അപ്പോൾ രണ്ടാം വാക്യത്തിൽ വേറിട്ടു നില്ക്കുന്ന ആത്മാവും മൂന്നാം വാക്യത്തിൽ ഉണ്ടെന്നു വ്യാജമായി പറയുന്ന പുത്രനെയും ചേർത്താൽ, മൂന്നും രണ്ടും അഞ്ചു വ്യക്തികളായി; അപ്പോൾ അവരുടെ ദൈവം ത്രിത്വം പോയി പഞ്ചത്വമായി. ഇനി, ഒന്നാം വാക്യത്തിലുള്ള എലോഹീമിനു ബഹുത്വമില്ല; ഒന്നുംരണ്ടുംമൂന്നും വാക്യങ്ങളിൽ ത്രിത്വം വേർപെട്ട് നില്ക്കുകയാണെന്ന് പറഞ്ഞാലോ, 26-ാം വാക്യത്തിൽ പിന്നെയും കുടുങ്ങും: അവിടെ സാരാംശത്തിലൊന്നായ ദൈവം തന്നൊടുതന്നെ ബഹുവചനം പറയുന്നു. മാരണ വ്യാഖ്യാനംതന്നെ!
അനുബന്ധം: ഏകദൈവത്തെക്കുറിച്ച് രണ്ടു കാര്യങ്ങൾകൂടി പറയാം: ഒന്ന്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!
പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു വിളിച്ചു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.
രണ്ട്; ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”
ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). എന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.
Good! God bless you
What a beautiful explanation.
ഇത്രയും സുവ്യക്തമായി എഴുതിയിട്ടും ക്രിസ്ത്രിയ ലോകം എന്തേ ഇങ്ങനെ ആയി പോയി ….
Thank God! God bless you 🙏
ദൈവത്തിനോടൊപ്പമുണ്ടായിരുന്ന 24 ശ്രേഷ്ഠാത്മാക്കളോടല്ലേ നമുക്ക് നമ്മുടെ സാദൃശ്യത്തിൽ മനുഷ്യെനെ ഉണ്ടാക്കാമെന്ന് പറഞ്ഞത്. അവ ആദി മുതൽ ദൈവത്തിൽ തന്നെയായിരുന്നല്ലോ.