ദൈവപുത്രൻ ആരാധന സ്വീകരിച്ചോ❓

ദൈവപുത്രനായ ക്രിസ്തു ആരാധന സ്വീകരിച്ചതായി പലരും വിശ്വസിക്കുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും തമ്മിൽ തിരിച്ചറിയാത്തതാണ്, പലരുടെയും പ്രശ്നം. പഴയപുതിയനിയമങ്ങളിൽ ആരാധനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. പഴയനിയമത്തിൽ, ആരാധിക്കുക, നമസ്കരിക്കുക, കുനിയുക, കുമ്പിടുക എന്നീ അർത്ഥങ്ങളിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്, ഷാഹാ (shaha) എന്നൊരു പദമാണ്. 175 പ്രാവശ്യം ഷാഹാ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, ഉല്പത്തി 18:2-ലാണ്.  സെഗേദ് (segeed) എന്ന മറ്റൊരു പദം 12 പ്രാവശ്യമുണ്ട്. (ദാനീ, 2:46). പുതിയനിയമത്തിൽ, ആരാധിക്കുക, നമസ്കരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഏഴ് പദങ്ങളുണ്ട്. അതിൽ, ദൈവത്തെ ആരാധനാ പരമായും മനുഷ്യനെ ആചാരപരമായും നന്ദിസൂചകമായും നമസ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, പ്രോസ്കുനിയൊ (proskyneo) എന്ന പദമാണ്. 60 പ്രാവശ്യം ആ പദം ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, മത്തായി 2:2-ലാണ്. ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലാട്രൂവോ (latreuo) എന്ന മറ്റൊരു പദമുണ്ട്. 21 പ്രാവശ്യം അത് ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം മത്തായി 4:10-ലാണ്. ഇസെബെയോ (eusebeo – പ്രവൃ, 17:23), സെബോ (sebo – പ്രവൃ, 18:13), സെബാസൊമായ് (sebazomai – റോമ, 1:25), ലാട്രായ (latreia – റോമ, 12:1), സെബസ്മ (sabasma – 2തെസ്സ, 2:4) എന്നീ പദങ്ങളുമുണ്ട്. സത്യവേദപുസ്തകത്തിൽ, പ്രോസ്കുനിയൊ എന്ന പദത്തെ നമസ്കാരം എന്നാണ് കൂടുതലും പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിനെ അനേകർ നമസ്കരിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവൻ്റെ ജനനത്തിൽ: വിദ്വാന്മാരും, (മത്താ, 2:11), ശുശ്രൂഷയിൽ: കുഷ്ഠരോഗിയും (മത്താ, 8:2), പ്രമാണിയും (മത്താ, 9:18), ശിഷ്യന്മാരും (മത്താ, 14:33), കാനാന്യ സ്ത്രീയും (മത്താ, 15:25), സെബെദി പുത്രന്മാരുടെ അമ്മയും (മത്താ, 20:20), ഭൂതഗ്രസ്തനും (മർക്കൊ, 5:6), പിറവിക്കുരുടനും (യോഹ, 9:38) തുടങ്ങിയവർ യേശുവിനെ നമസ്കരിച്ചതായി കാണാം. എന്നാൽ, ദൈവികമായ ആരാധന ക്രിസ്തു സ്വീകരിച്ചതായി എവിടെയും കാണുന്നില്ല. അതിൻ്റെ ചില തെളിവുകൾ നമുക്ക് നോക്കാം:

1. സത്യവേദപുസ്തകത്തിൽ പ്രധാനമായും നമസ്കാരം എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “ഷഹാ” (shaha) എന്ന എബ്രായ പദം, ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി ബഹുമാനിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1), അബ്രാഹാം ഹിത്യരെയും (ഉല്പ,23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7), സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) ആചാരപരമായും നന്ദിസൂചകമായി നമസ്കരിച്ചതിന്, ഷാഹാ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും “ഷഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ‘പ്രോസ്കുനിയൊ’ (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായും നന്ദിസൂചകമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്, നമസ്കാരം എന്നാണ് സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. തന്മൂലം, നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ, പത്തുനൂറ്റമ്പത് ദൈവങ്ങളെങ്കിലും ബൈബിളിലുണ്ടാകും.

2. ബൈബിളിൽ അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. അതിൽ, പേർ പറഞ്ഞിരിക്കുന്ന 18 പേരുണ്ട്. എന്നാൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിലെ മശീഹമാർ അഥവാ, അഭിഷിക്തരായ രാജാക്കന്മാരെ ജനങ്ങൾ നമസ്കരിച്ചതിൻ്റെ അനേകം തെളിവുകളുണ്ട്: ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയ പല രാജാക്കന്മാർ നമസ്കാരം സ്വീകരിച്ചതായി കാണാം: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). പഴയനിയമത്തിലെ ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാർ നമസ്കാരത്തിന് യോഗ്യരാണെങ്കിൽ, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു എത്രയധികമായി നമസ്കാരത്തിന് യോഗ്യനാണ്. എന്നാലത്, ആരാധനാപരമായ നമസ്ക്കാരമല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

3. യഥാർത്ഥ ആരാധനയെ കുറിക്കുന്ന, “ലാട്രൂവോ” (latreuo) എന്ന ഒരു  ഗ്രീക്കുപദം 21 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 7:42; 24:14; 26:7; 27:23; റോമ, 1:10; 1:25; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3) എന്നാൽ, ആ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ്. (എബ്രാ, 2:9). ദൈവം മനുഷ്യനുമല്ല; അവന് മരണവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16). എന്നാൽ, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ ആണ്. (1പത്രൊ, 2;24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). അവൻ ക്രൂശിൽ മരിച്ചുയിർത്തു എന്നതും അനിഷേധ്യമായ സത്യമാണ്. (2തിമൊ, 2:8). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; പ്രവൃ, 2:22, റോമ, 5:15, 1കൊരി, 15:21, 47, 2കൊരി, 11:2, (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. ആരാധന മനഷ്യനുള്ളതല്ല; ദൈവത്തിനു മാത്രം ഉള്ളതാണ്.

4. ഇനി, ഈ വിഷയത്തിൽ ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും അഭിപ്രായം നമുക്ക് നോക്കാം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, പ്രോസ്കുനിയൊ എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന ലാട്രുവോ എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. രണ്ടാമത്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറഞ്ഞാൽ; അവൻ വലിയ; അബദ്ധമാണ് പറഞ്ഞതെന്ന് വരും,. അതാണ്, ഭാഷയുടെ നിയമം. മൂന്നാമത്, ഈ വാക്യത്തിൽ, ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. അവനെ മാത്രം ആരാധിക്കണം എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) എന്ന പദം കൊണ്ട്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ഇംഗ്ലീഷിൽ ഹീം ഒൻലി എന്നാണ്. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം.

5. “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ആരാധനയ്ക്കോ ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ, ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ദൈവം ഒരുവനല്ലാതെ നല്ലവനില്ലെന്ന് പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലുമാണ് പറഞ്ഞത്. താൻ  ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ, താൻ നിഷേധിക്കുകയോ, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ഇല്ലെന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട്, ഉപദേശം ഉണ്ടാക്കാൻ ശ്രമിച്ചാൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. അവരെല്ലാം, ആരാധന സ്വീകരിച്ചതായും തെളിയിക്കാം. പക്ഷെ, ദുരുപദേശമാകും എന്നുമാത്രം,

6. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്നതും പറയനിയമത്തിലെ യാഹീദിന് തുല്യവുമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ക്രിസ്തു പറയില്ലായിരുന്നു. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ടാണ് ക്രിസ്തു പറഞ്ഞത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും മോണോസ് കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്, വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്. (യേശ, 53:9; 1പത്രോ, 2:22). ദൈവം ത്രിത്വമാണെങ്കിലോ, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആണെങ്കിലോ വായിൽ വഞ്ചനയില്ലാത്ത താൻ വലിയ വഞ്ചകനാണെന്ന് വരും. അതാണ്, സാത്താൻ മെനഞ്ഞ ത്രിമൂർത്തി തന്ത്രം. പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാനാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയത്. (2കൊരി, 11:2-3).

7. ക്രിസ്തു, ആരാധനയെക്കുറിച്ച് ശമര്യക്കാരത്തിയോട് പറയുന്ന മറ്റൊരു ഭാഗമുണ്ട്. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെപ്പറയുന്ന നമസ്കാരം, ദൈവത്തിനുള്ള ആരാധനയാണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല; എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. വാക്യം ശ്രദ്ധിക്കണം: അവരെ എന്നോ, ഞങ്ങളെ എന്നോ ബഹുവചനത്തിൽ അല്ല; അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ സൂചിപ്പിച്ചുകൊണ്ടാണ്, അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞകാര്യം മുകളിൽ നാം കണ്ടു: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാത്തെ അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? ക്രിസ്തുവിനെ വിശ്വസിക്കിത്തവർക്ക് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവൻ്റെമേൽ വരികയും ചെയ്യുമെന്നാണ് ബൈബിൾ പറയുന്നത്. (യോഹ, 3:36).

8. “ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (റോമ, 16:26; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ ആരാധനയ്ക്ക്  യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറയുമായിരുന്നില്ല. അടുത്തത്, “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് പറയുമായിരുന്നില്ല. അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, പിതാവായ ഏകദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനായവൻ എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇതുപോലെ അനേകം തെളിവുകൾ പഴയപുതിയ നിയമങ്ങളിലുണ്ട്. വിസ്തരഭയത്താൽ ഇവിടെ ചുരുക്കുകയാണ്.

ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തു ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ അല്ല. അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *