ദൈവപുത്രനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രമാണ് നാം ചിന്തിക്കുന്നത്. പരിശുദ്ധാത്മാവിനാൽ, കന്യകയായ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവനും, പരിശുദ്ധാത്മാവിനാൽ,അവളിൽനിന്ന് ഉദ്ഭവിച്ചവനുമാണ്, യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 2കൊരി, 5:21). അവൻ, എട്ടാം നാളിൽ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏറ്റവനും, കന്യകയുടെ ആദ്യജാതനാകയാൽ, അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടവനും ആണ്. (ഉല്പ, 17:10-14; ലേവ്യ, 12:2-8; സംഖ്യാ, 18:15; ലൂക്കൊ, 2:21-24). അവൻ, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുമാണ് മുതിർന്നുവന്നത്. (ലൂക്കൊ, 2:40,52). അവനു്, ഏകദേശം 30 വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനം പോലെ യോർദ്ദാനിൽവെച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21; പ്രവൃ, 4:27; 10;38). അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് യേശുവെന്ന പരിശുദ്ധ മനുഷ്യൻ ദൈവപുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22; യോഹ, 6:69). അനന്തരം, അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്, അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). ദൈവത്താലാണ്, അവൻ പാപമോചനം നല്കിയത്. (മത്താ, 9:8). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് മറുവിലയായി അവൻ തന്നെത്തന്നെ മരണത്തിനു് ഏല്പിച്ചത്. (ലൂക്കൊ, 23:46; 1തിമൊ, 2;5-6; എബ്രാ, 3:1; 9:14). മൂന്നാം ദിവസം, ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ജീവിപ്പിക്കപ്പെട്ടത്. (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 20:17; എബ്രാ, 9:11-12). നമുക്കുവേണ്ടി ക്രൂശിൽമരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37 ). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.