ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.”
ഏഴ് കാര്യങ്ങളാണ് ഈ വേദഭാഗത്ത് പറയുന്നത്: 1️⃣ദൈവത്തോടുള്ള സമത്വം, 2️⃣ദാസരൂപം എടുത്തു, 3️⃣മനുഷ്യസാദൃശ്യത്തിലായി, 4️⃣തന്നെത്താൻ ഒഴിച്ചു, 5️⃣വേഷത്തിൽ മനുഷ്യനായി, 6️⃣തന്നെത്താൻ താഴ്ത്തി, 7️⃣മരണത്തോളം അനുസരണമുള്ളവനായി. ഇവിടെ പറഞ്ഞിരിക്കുന്നത് യഥാർത്ഥത്തിലാണെങ്കിൽ, ഈ ഏഴുകാര്യങ്ങളും സത്യേകദൈവത്തിന് യോജിക്കുന്നതല്ല. അത് മനസ്സിലാക്കാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അഥവാ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. എന്നാൽ, ട്രിനിറ്റിയുടെ ദൈവം ഏകനല്ല; മൂന്നുപേരാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് ട്രിനിറ്റി വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ അതിൽ ഒരുത്തനാണ്, ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ ട്രിനിറ്റിയുടെ ആപ്പീസ് പൂട്ടും.
ദൈവം ഒരുത്തൻ മാത്രം: ദൈവത്തിൻ്റെ പ്രകൃതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. അതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്:⏬
1️⃣യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9).
2️⃣ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
3️⃣പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
4️⃣അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6).
5️⃣”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം യഹോവ ഒരുത്തൻ മാത്രമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ള മറ്റൊരുത്തൻ ഉണ്ടാകുക സാദ്ധ്യമോ❓
മോണോസ് തിയോസ്: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു” (thou art the God, even thou alone, of all the kingdoms of the earth. 2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല.
ദൈവത്തിൻ്റെ വെളിപ്പാട്: ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാണ്. അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (സങ്കീ, 40:6; എബ്രാ, 10:5 = മത്താ, 1:21; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40). ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി കന്യകയിൽ ജനിച്ചുജീവിച്ച് മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40). തന്മൂലം, സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ദൈവവും ക്രിസ്തുവും വിഭിന്നരാണെന്ന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).
ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല; ഏകദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. അതായത്, “അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147: 19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).
ക്രിസ്തുവിന് ദൈവത്തോട് സമത്വമുണ്ടോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, ദൈവത്തോടുള്ള സമത്വം എന്ന വിഷയംതന്നെ അപ്രസക്തമാണ്. രണ്ടോ അതിലധികമോ പേരുടെ തുല്യമായ അവസ്ഥയ്ക്കാണ് സമത്വം എന്നു പറയുന്നത്. ട്രിനിറ്റിക്ക് ദൈവം ഒരുത്തനല്ല; മൂന്നുപേരാണ്. ഏകദൈവത്തിലെ സമനിത്യരും വ്യതിക്തരുമായ മൂന്ന് വ്യക്തിയാണ്, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നാണ് പഠിപ്പിക്കുന്നത്. എന്നാൽ, ദൈവത്തിൽ ഉണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന വ്യക്തികളുടെ സമത്വത്തെക്കുറിച്ചല്ല അവിടെ പറയുന്നത്. അതായത്, പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ദൈവത്തോടുള്ള സമത്വം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ദൈവത്തോട് സമനായ മറ്റൊരു ദൈവമാണ് ക്രിസ്തു. അഥവാ, മൂന്ന് വ്യക്തികളുള്ള ത്രിത്വ ദൈവത്തോടു സമനായ മറ്റൊരു ത്രിത്വ ദൈവമായി അവൻ മാറും. അത്, ത്രിത്വവിശ്വാസത്തെക്കാൾ ഭയാനകമായ ബഹുദൈവവിശ്വാസവും ബൈബിൾ വിരുദ്ധവും ആകും. തന്മൂലം, ദൈവത്തോടുള്ള സമത്വം എന്നത് പരിഭാഷാപരമായ ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കാം. അവിടെ, ദൈവ–ത്തോടുള്ള അഥവാ, ഓടുള്ള (with) എന്ന വാക്ക് ഗ്രീക്കിൽ കാണാൻ കഴിയില്ല. ദൈവസമാനത മുറുകെപ്പിടിച്ചല്ല എന്നാണ് ശരിയായ പ്രയോഗം. ഓടുള്ള അഥവാ, with എന്ന സമുച്ചയപദം (Conjunction) പില്ക്കാലത്ത് ചേർക്കപ്പെട്ടതാണ്. ദൈവസമാനത മുറുകെപ്പിടിച്ചില്ല അഥവാ, ദൈവം തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാത എന്നാണ് ആ പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. അടുത്തതായിപ്പറയുന്ന: ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിലായി, തന്നെത്താൻ ഒഴിച്ചു, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി, മരണത്തോളം അനുസരണമുള്ളവനായി എന്നീ ആറു പ്രയഗങ്ങളും അക്ഷരാർത്ഥത്തിൽ സത്യേകദൈവത്തിന് യോജിക്കുന്നതല്ല. മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനുമാണ് ദൈവം. (മലാ, 3:6; 1തിമൊ, 6:16 യാക്കോ, 1:17). ഇംഗ്ലീഷിൽ മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്തവനും മരണം ഇല്ലാത്തവനുമായ ദൈവത്തിന് തന്നെത്താൻ താഴ്ത്താനോ, വേഷംമാറിവന്ന് ക്രൂശിൽ മരിക്കാനോ കഴിയില്ല. തന്മൂലം, അതെല്ലാം ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് വ്യക്തമാണ്. “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മവും പൗലൊസിലൂടെയാണ് ദൈവം വെളിപ്പെടുത്തിയതെന്ന് ഓർക്കുക. ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). ഏകദൈവം തൻ്റെ വെളിപ്പാടിനായി, മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശുവെന്നും നാം മുകളിൽ കണ്ടതാണ്. അതാണ്, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവ് അഥവാ, യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (യെശ, 25:8-9; 35:4-6).
ക്രിസ്തുയേശുവിലുള്ള ഭാവം അഥവാ, മനോഭാവമാണ് പ്രസ്തുത വേദഭാഗത്തിൻ്റെ വിഷയം. ക്രൂശിലെ മരണത്തോളം താഴ്മയുള്ള ക്രിസ്തുവിൻ്റെ മനോഭാവം വർണ്ണിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവം, തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി എന്ന് പൗലൊസ് ആലങ്കാരികമായി പറയുകയാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് പൗലൊസ് അത് പറയുന്നത്.
(1തിമൊ, 3:14-16).
1️⃣ ദൈവത്തോടുള്ള സമത്വം: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രുഷ ചെയ്തവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) ദൈവത്തോട് സമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?
ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ആവർത്തിച്ച് പറയുന്നു:⏬
1. നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25)
2. നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
3. എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
4. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
5. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
6. യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
7. കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
8. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
9. മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
10. ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6,8)
11. സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
12. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളൂ. (സങ്കീ, 89:8)
13. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5)
14. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
15. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവാത്മാവിനാൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുമ്പോൾ, ഫിലിപ്പിയരിലെ വിഷയം “ദൈവത്തോടുള്ള സമത്വം” അല്ലെന്ന് ആർക്കും മനസ്സിലാകും. അത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് യഹോവ പറയുന്നു: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത്, ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറയുന്നതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? ക്രിസ്തു ദൈവം ആണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്താൽ താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആകില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? തന്മൂലം, ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് യഹോവയുടെ വാക്കിനാൽ സ്ഫടികസ്ഫുടം വ്യക്തമാകും.
ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് മോശെ സാക്ഷ്യം പറയുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15. ഒ.നോ: 3:22; 7:37). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലെരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, ദൈവമായ യഹോവയെപ്പോലെ ആരുമില്ലെന്നും യഹോവയ്ക്ക് തുല്യൻ ആരുമില്ലെന്നും യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും മോശെ ആവർത്തിച്ച് പറയുമായിരുന്നില്ല. (പുറ, 8:10; 15:11; ആവ, 4:35; 4:39). താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവത്തോട് സമത്വമുള്ള ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമായ മോശെയുടെ വാക്കിനാൽ, ക്രിസ്തു ദൈവത്തോട് സമത്വമുള്ളവനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
ഏകസത്യദൈവമായ പിതാവിനെക്കുറിച്ച് (Father, the ony true God) ക്രിസ്തു പറയുന്നത് നോക്കുക:⏬
1. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
2. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29).
3. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19).
4. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30).
5. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (8:28).
6. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49).
7. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50).
8. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36).
9. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18).
10. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്നെക്കാൾ വലിയവനാണെന്നും പിതാവ് തൻ്റെ ദൈവമാണെന്നുമൊക്കെ പുത്രൻ പറയുന്നു. തന്മൂലം, “ദൈവത്തോട് സമത്വം” പുത്രനില്ലെന്നും അത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്നും വ്യക്തമാണ്.
ക്രിസ്തു ആരാണെന്നറിയാതെ, അവൻ ദൈവത്തോട് സമനായ ദൈവമാണെന്ന് കരുതുന്നവരാണ് ത്രിത്വവിശ്വാസികൾ. എന്നാൽ, താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. രണ്ട് തെളിവുകൾ ചവടെ ചേർക്കുന്നു:⏬
ഏകദൈവം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ് ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമത്വമുള്ള ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.
പിതാവ് മാത്രം സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. വചനത്തെളിവ്: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അറിയുന്നവരോ, അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. തന്മൂലം, പുത്രന് ദൈവത്തോട് സമത്വമില്ലെന്ന് ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.
താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമത്വമുള്ള ദൈവമല്ലെന്നും മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
2️⃣ ദാസരൂപം എടുത്തു: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം; മാറ്റമില്ലാത്തവൻ (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17). തന്മൂലം, തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട്, തനിക്ക് നേരിട്ട് ദാസരൂപം എടുക്കാൻ പറ്റത്തില്ല. എന്നാൽ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ (1തിമൊ, 3:16) ക്രിസ്തുവിന് ദാസരൂപമായിരുന്നു: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13. ഒ.നോ: 3:26; 4:27,30; മത്താ, 12:17). തന്മൂലം, ദാസരൂപമെടുത്തു എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
3️⃣ മനുഷ്യസാദൃശ്യത്തിലായി: അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിന് രൂപമൊന്നുമില്ല. (1തിമോ, 1:17; 6:16; 1യോഹ, 4:12). എന്നാൽ, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമുള്ളതായി പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; യെശ, 6:1-3; വെളി, 4:2,8). “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26. ഒ.നോ: 8:2). ഇതാണ്, ആദിമനുഷ്യനായ ആദാമിനെ സൃഷ്ടിച്ച ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവുമെന്ന് പറയുന്നത്. (ഉല്പ, 1:26-27; 5:1; മത്താ, 19:4; മർക്കൊ, 10:6). അതുപോലെ, അദൃശ്യനായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു മനുഷ്യനായിരുന്നു; അതുകൊണ്ടുതന്നെ മനുഷ്യസാദൃശ്യത്തിലായിരുന്നു. (യോഹ, 8:40; 1തിമൊ, 6:16). അതുകൊണ്ടാണ്, പുരുഷനെയും (1കൊരി, 11:7) ആദാമിനെയും (1കൊരി, 15:49) മനുഷ്യനായ ക്രിസ്തുയേശുവിനെയും (2കൊരി, 4:4; കൊലോ, 1:15) ദൈവത്തിൻ്റെ പ്രതിമയെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്. (1തിമൊ, 2:6). തന്മൂലം, മനുഷ്യസാദൃശ്യത്തിലായി എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് വ്യക്തമാണ്.
4️⃣ തന്നെത്താൻ ഒഴിച്ചു: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2. ഒ.നോ: യെശു, 57:15; വെളി, 4:10). ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇല്ലാതിരിക്കുന്ന കാലം ഉണ്ടാകയുമില്ല. തന്നെയുമല്ല, അവൻ മാറ്റമില്ലാത്തവൻ (മലാ, 3:6), അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണ്. (യാക്കോ, 1:17). തന്മുലം, സത്യദൈവത്തിന് തന്നെത്താൻ ഒഴിക്കാനോ, തനിക്കുള്ളതൊന്നും ത്യജിക്കാനോ കഴിയില്ല. എന്നാൽ, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം സ്വയംഭൂ ആയവനാണ്. [Systematic Theology, ദൈവത്തിൻ്റെ അസ്തിത്വം, പേജ് 97]. സ്വയംഭൂ എന്നാൽ, സ്വയം ഉളവായവൻ അഥവാ, തന്നെത്താൻ ജനിച്ചവൻ ആണ്. തന്നെത്താൻ ഉളവായ ദൈവത്തിന് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് മായാവിയെപ്പോലെ മനുഷ്യനാകാനോ, മൃഗമാകാനോ, തന്നെത്താൻ ഇല്ലാതാകാനോ കഴിയുമായിരിക്കും. എന്നാൽ, സത്യദൈത്തിന് അതൊന്നും സാദ്ധ്യമല്ല; അവൻ മാറ്റമില്ലാത്തവനാണ്. അതുകൊണ്ടാണ്, അവൻ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പരിശുദ്ധ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, തന്നെത്താൻ ഒഴിച്ചു എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ അഥവാ, താഴ്മയുടെ ഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
5️⃣ വേഷത്തിൽ മനുഷ്യനായി: ദൈവം മാറ്റമില്ലാത്തവൻ (മലാ, 3:6) അഥവാ, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്തവനാണ്. (യാക്കോ, 1:17). അതിനാൽ, അവന് തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊരു വേഷം എടുക്കാൻ പറ്റില്ല. തന്നെയുമല്ല, അവൻ മരണമില്ലാത്തവനാണ്. (1തിമൊ, 6:16). മരണമില്ലാത്ത ദൈവം വേഷംമാറിവന്ന് മരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓ അതൊരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ❓ ക്രിസ്തു പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയിൽ ഉല്പാദിതമായവനും ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനുമാണ്. (മത്താ, 1:20; ലൂക്കൊ, 2:21,40,52). അവൻ്റെ അമ്മയായ മറിയ കന്യകയായിരുന്നു എന്നത് ഒഴികെ, അവൻ്റെ ജനനവും വളർച്ചയും ഏതൊരു മനുഷ്യനെപ്പോലെയും സ്വാഭാവികമായിരുന്നു. ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകൾ അവനുമുണ്ടായിരുന്നു. അതിനാൽ, അവൻ വേഷത്തിൽ മനുഷ്യനായതാണെന്ന് എങ്ങനെ പറയും❓ തന്മൂലം, വേഷത്തിൽ മനുഷ്യനായി എന്ന പ്രയോഗം, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
6️⃣ തന്നെത്താൻ താഴ്ത്തി: ദൈവം ഗതിഭേദത്താൽ ആകയാൽ, തന്നെത്താൻ താഴ്ത്താൻ കഴിയില്ല. ദൈവം സർവ്വത്തിനും മീതെ ഉന്നതനാകയാൽ (ലൂക്കൊ, 1:32; റോമ, 9:5) തന്നെത്താൻ ഉയർത്താനും ആവശ്യമില്ല. താഴ്ത്തുക, ഉയർത്തുക, വേഷം മാറുക എന്നിത്യാദി കലാപരിപാടികൾ സത്യേക ദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. തന്മൂലം, തന്നെത്താൻ താഴ്ത്തി എന്നത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തോളം താഴ്ചയുള്ള ഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
7️⃣ മരണത്തോളം അനുസരണമുള്ളവനായി: ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). ബൈബിൾ വെളിപ്പെടുത്തുന്ന ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ല. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 6:16). എന്നാൽ, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്നാണ്. (Systematic Theology, പേജ്, 228). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ദൈവത്തിൻ്റെ വെളിപ്പാടായ പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40;1തിമൊ, 3:14-16).
അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപം അറിയാത്ത മനുഷ്യനാണ്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമത്തതുകൊണ്ട് പാപം ആക്കപ്പെട്ടതും നമ്മുടെ പാപപരിഹാരത്തിനായി മരണം ആസ്വദിച്ചതും. (2കൊരി, 5:21; 1തിമൊ, 2:6; എബ്രാ, 2:9; 1പത്രൊ, 2:24). ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള അധികാരം പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ആ നിലയിൽ ക്രിസ്തുവിന് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:⬇️
രക്ഷാവചനമെന്ന നിലയിൽ മിക്ക പ്രൊട്ടസ്റ്റൻ്റുകാരും ഏറ്റുചൊല്ലുന്ന ഒരു വേദഭാഗമുണ്ട്: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.” (റോമ, 10:9-10). വാക്യം ശ്രദ്ധിക്കുക: യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിന് തന്നെത്താൻ മറുവിലയായി അർപ്പിച്ചത് ദൈവമല്ല; മനുഷ്യനായ ക്രിസ്തുയേശുവാണ്. (1തിമൊ, 2:5-6). ആ മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. അതാണ്, ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കേണ്ടത്. അല്ലാതെ മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് പറയുന്നത് രക്ഷയല്ല; ശിക്ഷയാണ്. അതായത്, പലരുടെയും തെറ്റായ വിശ്വാസംകൊണ്ട്, രക്ഷയ്ക്കായി ഏറ്റുപറയുന്ന വാക്യംതന്നെ ശിക്ഷയായി മാറുന്നു.
1. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
2. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
3. ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
4. യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
5. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
6. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
7. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ: (പ്രവൃ, 13:32)
8. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
9. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
10. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
11. ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
12. ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
13. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
14. യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
15. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)
16. “എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1കൊരി, 6:14).
ഏകദൈവവും ഏകകർത്താവും: നമുക്കുവേണ്ടി മരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!