ജന്തുലോകം

ജന്തുലോകം (Animal world)

ശ്വസിക്കുന്നത് എന്നർത്ഥമുള്ള ലത്തീൻ ധാതുവായ Anima-യിൽ നിന്നാണു Animal എന്ന പദത്തിന്റെ നിഷ്പത്തി. ലേവ്യർ 11-ാം അദ്ധ്യായത്തിൽ അനേകം ജന്തുക്കളുടെ പേരുകൾ ഉണ്ട്. അവയെ നാലു വർഗ്ഗങ്ങളായി തിരിക്കാം. 1. കരയിലുളള വലിയ മൃഗങ്ങൾ (ലേവ്യ, 11:2). 2. ജലജീവികൾ (ലേവ്യ, 11:9-10). 3. പക്ഷികൾ (ലേവ്യ, 11:13). 4. ചെറു മൃഗങ്ങൾ (ലേവ്യ, 11:20). ഇവയെത്തന്നെ ശുദ്ധിയുളളതും ശുദ്ധിയില്ലാത്തതും എന്നു പൊതുവെ രണ്ടായി പിരിച്ചിട്ടുണ്ട്. ശുദ്ധിയുള്ളവ ഭക്ഷ്യയോഗ്യമാണ്. കരയിലുള്ള വലിയ മൃഗങ്ങളെ പഴയ നിയമത്തിൽ ഇണക്കമുള്ള മൃഗങ്ങൾ അഥവാ കന്നുകാലികൾ എന്നും വന്യമൃഗങ്ങൾ എന്നും തിരിച്ചിട്ടുണ്ട്. 

മൃഗങ്ങളുടെ ശുദ്ധാശുദ്ധവിഭജനം നോഹയുടെ കാലത്തെ പ്രളയത്തിനുമുമ്പു തന്നെ നാം കാണുന്നു. എന്നാൽ സൃഷ്ടിക്കുമ്പോൾ ഇങ്ങനെയൊരു വേർപാട് ഉണ്ടായിരുന്നില്ല. വിശുദ്ധനായ ദൈവത്തിന്റെ നല്ല സൃഷ്ടികളായിരുന്നു എല്ലാ ജീവികളും. (ഉല്പ, 1:31). വിവേകമില്ലാത്ത ജീവികൾക്കു പാപം ബാധിച്ചിട്ടില്ലെങ്കിൽ തന്നെയും മനുഷ്യന്റെ വീഴ്ചയോടു കൂടി പാപത്തിന്റെ തിക്തഫലത്തിന് അവയും വിധേയമായി. ലേവ്യപുസ്തകത്തിലെയും (11:1-31, 46 ), ആവർത്തന പുസ്തകത്തിലെയും (14:1-19) പട്ടികകളനുസരിച്ച് തിന്നാവുന്ന ശുദ്ധിയുള്ള മൃഗങ്ങൾ കുളമ്പുകൾ പിളർന്നവയും അയവിറക്കുന്നവയുമായ നാല്ക്കാലികളും ചിറകുകളും ചെതുമ്പലുകളും ഉളള ജലജന്തുക്കളും പ്രത്യേകം എടുത്തു പറഞ്ഞിട്ടുള 19 എണ്ണം ഒഴികെയുള്ള എല്ലാ പക്ഷികളും തുള്ളനെപ്പോലെ ചാടുന്നതിനു രണ്ടു കാലുള്ള പറക്കുന്ന ഷഡ്പദപ്രാണികളും ആണ്. 

മൃഗങ്ങളെയും പക്ഷികളെയും യാഗത്തിനുപയോഗിച്ചിരുന്നു. യാഗത്തിനർപ്പിക്കാവുന്നവയുടെ പ്രത്യേകം പട്ടികതന്നെ നല്കിയിട്ടുണ്ട്. പശുവർഗ്ഗത്തിലുൾപ്പെട്ട പശു, കാള, കന്ന്; ആടിൻ വർഗ്ഗത്തിലുള്ള ആണാട്, പെണ്ണാട്, കുഞ്ഞാട്, ഇവ അർപ്പിക്കാം. ഊനമുള്ളവയെ യാഗം കഴിക്കുവാൻ പാടില്ല. (ലേവ്യ, 22:22). ഈ വിഭജനം ക്രിസ്തു മാനിച്ചതായി കാണുന്നില്ല. മാത്രവുമല്ല, ദൈവസൃഷ്ടിയിലുള്ള എല്ലാ ജീവികളും ശുദ്ധിയുള്ളതാണെന്നു പത്രോസിനെ പഠിപ്പിക്കുന്നതായി പ്രവൃത്തികൾ 10:1-16-ൽ കാണുന്നു. പൗലൊസും ഇക്കാര്യം ഉറപ്പായി പറയുന്നു. (റോമ, 14; കൊലൊ, 2:16; തീത്താ, 1:15). 

താരതമ്യേന ഒരു വലിയ സംഖ്യ മൃഗങ്ങളെക്കുറിച്ചു ബൈബിൾ പ്രസ്താവിക്കുന്നുണ്ട്. പലസ്തീനിലുള്ള 130 സസ്തനികളിൽ 38 എണ്ണവും, 350 പക്ഷികളിൽ 34 എണ്ണവും, നൂറോളം ഇഴജന്തുക്കളിൽ 11 എണ്ണവും, ഉഭയജീവികളിൽ ഒന്നും എടുത്തു പറയുന്നുണ്ട്. എന്നാൽ ഒരു മീനിന്റെ പേരു പോലും സൂചിപ്പിച്ചിട്ടില്ല. ഷഡ്പദപ്രാണികളിൽ 16 എണ്ണം തിരുവെഴുത്തുകളിലുണ്ട്. പേർ പറയപ്പെട്ടിട്ടുളള നാലു കക്കാപ്രാണികളും, വിരകളിൽ ഒന്നും ബെബിളിൽ ഉണ്ട്. 

അച്ച് അഥവാ, ഒച്ച് (snail)

ബൈബിൾ നാടുകളിൽ ഒച്ചു ധാരാളമുണ്ട്. ഇവ പാറകളിലും, ചുവരുകളിലും മരക്കൊമ്പുകളിലും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുമ്പോൾ പാദഗ്രന്ഥികളിൽ നിന്നു സ്രവിക്കുന്ന ഒരു ദ്രവം വീണു അവയുടെ പാത ഒരു നേരിയ രേഖപോലെ കാണപ്പെടും. ഒച്ചു അലിഞ്ഞാണു ഈ ദ്രവം ഉണ്ടാകുന്നതെന്നു പ്രാചീനർ വിശ്വസിച്ചിരുന്നു. ഈ ധാരണയാണ് ‘അലിഞ്ഞുപൊയ്പോകുന്ന അച്ചുപോലെ’ എന്ന പ്രയോഗത്തിന്നടിസ്ഥാനം. (സങ്കീ, 58:8).

അണലി (viper)  

വിഷമുളള ഏതു പാമ്പിനെയും കുറിക്കുവാൻ ഗ്രീക്കിൽ ഉപയോഗിക്കുന്ന പദമാണ് എഖിഡ്നാ. പ്രവൃത്തി 28:3-ൽ അണലി സാക്ഷാൽ സർപ്പത്തെക്കുറിക്കുന്നു; മറ്റു സ്ഥാനങ്ങളിൽ രൂപകാർത്ഥത്തിലും. പരീശന്മാരെയും സദൂക്യരെയും യേശുവും (മത്താ, 12:34; 23:33), യോഹന്നാൻ സ്നാപകനും (മത്താ, 3:7; ലൂക്കൊ, 3:7), അണലി സന്തതികളെ (സത്യവേദപുസ്തകത്തിൽ; ‘സർപ്പസന്തതികളേ’) എന്നു വിളിച്ചു. അണലിവിഷം ഉഗമാണ്. മദ്യം അണലിപോലെ കൊത്തും. (സദൃ, 23:32). ദുഷ്ടൻ്റെ അധരങ്ങൾക്കുകീഴെ അണലിവിഷമുണ്ട്. (സങ്കീ, 140:3). മശീഹയുടെ വാഴ്ചയിൽ മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. (യെശ, 11:8). 

അരണ (skink) 

വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു. Scincidae എന്ന ഉരഗ ഉപഗോത്രത്തിലെ ഒരംഗം. വിവിധ സ്ഥലങ്ങളിലുള്ളവയ്ക്ക് നിറത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാം. വീടുകളിലും പാറകൾക്കിടയിലും മറ്റു പ്രകാശം കുറഞ്ഞ ഭാഗങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ചില അംഗങ്ങൾ ഭാഗികമായി ജലജീവികളാണ്. (ലേവ്യ, 11:30).

അസ്ത്രനാഗം (arrow-snake)  

അസ്ത്രനാഗത്തിനു പകരം മൂങ്ങ എന്ന പേരാണ് ആധുനിക പരിഭാഷയിൽ കാണുന്നത്. അമ്പുപോലെ കുതിക്കുന്ന ഒരിനം പാമ്പാണു് അസത്രനാഗം. കിപ്പോസ് എന്ന എബ്രായ പദത്തിന്റെ ധാതുവായ കാഫറ്റ്സ്-നു കുതിക്കുക എന്നർത്ഥം. ഉത്തമഗീതം 2:8-ൽ ഈ ധാതുവിനെ കുതിക്കുക എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. “അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.” (യെശ, 34:15).

അളുങ്ക് (ferret)  

ഉടുമ്പിന്റെ ആകൃതിയും വയറൊഴിച്ചുള്ള പുറംതൊലിയിൽ കക്കപോലെ കട്ടിച്ചെതുമ്പലും ഉള്ള ഒരു ജീവിയാണു് അളുങ്ക്. ഒരു പ്രത്യേകതര ശബ്ദം പുറപ്പെടുവിക്കുന്നത് എന്നാണ് എബ്രായപദത്തിന്നർത്ഥം. അതിനാൽ ഇത് ചുവർപ്പല്ലി അഥവാ ഗൗളി ആണെന്നു കരുതപ്പെടുന്നു. ഇഴജാതിയിൽ അളുങ്ക് അശുദ്ധമാണ്. (ലേവ്യ, 11:30).

ആട് (sheep)  

ബൈബിളിൽ ആടിനെക്കുറിക്കുവാൻ പന്ത്രണ്ട് എബ്രായപദങ്ങളും നാല് ഗ്രീക്കുപദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ആടിനെക്കുറിച്ച് അഞ്ഞൂറോളം പരാമർശങ്ങളുണ്ട്. ആട്ടിൻകൂട്ടത്തിൽ കോലാടുകളും ചെമ്മരിയാടുകളും ഉണ്ട്. രൂപത്തിൽ വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് കോലാടുകളെയും ചെമ്മരിയാടുകളെയും തമ്മിൽ വേർതിരിക്കുന്നതിന് സൂക്ഷ്മ പരിശോധന ആവശ്യമാണ്. പലസ്തീനിൽ ധാരാളമായി കാണപ്പെടുന്നത് തടിച്ച വാലുളള ഒരിനം ആടാണ്. ഇവയുടെ വാലിന് അഞ്ചുകിലോഗ്രാം വരെ തൂക്കം കാണും. ഒട്ടകത്തിന്റെ മുഴപോലുള്ള ഒരു സംഭരണാവയവം ആണിത് വ്യത്യസ്ത നിറങ്ങളിലുള്ള ചെമ്മരിയാടുകളും കോലാടുകളും ഉണ്ട്. ആടിന്റെ പ്രധാന ഭക്ഷണം പുല്ലാണ്. ആടിന്റെ പൂർവ്വികൻ കാട്ടാടാണ്. മാംസത്തിനും കൊഴുപ്പിനും വേണ്ടിയായിരുന്നു ആദ്യകാലത്ത് ആടുകളെ വളർത്തിയിരുന്നത്. ആട്ടുകൊറ്റൻ തോൽ ഊറയ്ക്കിട്ടു, വസ്ത്രം, സമാഗമനകൂടാരത്തിന്റെ അകത്തെ മറശ്ശീല എന്നിവയുടെ നിർമ്മാണത്തിനുപയോഗിച്ചിരുന്നു. (പുറ, 25:5). ആടിന്റെ കൊമ്പ് തൈലക്കുപ്പി സംഗീതോപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരുന്നു. (1ശമൂ, 16:1; യോശു, 6:4). 

പ്രാചീനകാലത്ത് വളർത്തിയിരുന്ന ആടുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. മോവാബ് രാജാവായ മേശ യിസ്രായേൽ രാജാവിനു കപ്പമായി കൊടുത്തിരുന്നത് രണ്ടുലക്ഷം ആടുകളുടെ രോമമായിരുന്നു. (2രാജാ, 3:4. രൂബേന്യർ യിശ്മായേൽ സന്തതികളുടെ 2,50,000 ആടിനെയാണു് പിടിച്ചുകൊണ്ടു പോയത്. (1ദിന, 5:21). ദൈവാലയ പ്രതിഷ്ഠയോടുള്ള ബന്ധത്തിൽ 1,20,000 ആടിനെ ശലോമോൻ സമാധാനയാഗമായി അർപ്പിച്ചു. (1രാജാ, 8:63). ആടുമേയ്പ് മാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു. ദാവീദ് രാജാവും ആമോസ് പ്രവാചകനും ആട്ടിടയന്മാരായിരുന്നു. ആടുകൾ ഇടയന്മാരുടെ ശബ്ദം തിരിച്ചറിയുന്നു. (യോഹ, 10:3,4). പുതിയനിയമത്തിൽ വാച്യാർത്ഥത്തിൽ ആടുകളെക്കുറിച്ചുള്ള ഒരേയൊരു പ്രസ്താവന ദൈവാലയത്തിൽ ആടുകളെ വില്ക്കുന്നതിനെ കുറിച്ചുളളതാണ്. (യോഹ, 2:14). ഇതാ ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാട് എന്നതിന്റെ വിശദീകരണമാണ് പുതിയനിയമം. ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടു് (1പത്രൊ, 1:19) ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടാണ് (വെളി, 13:8). മശീഹയുടെ വാഴ്ചയിൽ ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും. (യെശ, 11:6).

ആന (elephant)

ആനയെക്കുറിച്ചുള്ള പ്രത്യക്ഷ സൂചനകളൊന്നും തിരുവെഴുത്തുകളിലില്ല. എന്നാൽ, ആനക്കൊമ്പിനെക്കുറിച്ചുള്ള ചില പരാമർശങ്ങളുണ്ട്. ആനക്കൊമ്പുകളിലധികവും ആഫ്രിക്കയിൽ നിന്നോ മറ്റ് ഏഷ്യൻ രാഷ്ടങ്ങളിൽ നിന്നോ ഇറക്കുമതി ചെയ്തവയാണ്. ബി.സി. മൂന്നാം സഹസ്രാബ്ദം മുതൽ തന്നെ ആനയെ മെരുക്കുവാനുളള വിദ്യ ഭാരതത്തിൽ വികസിപ്പിച്ചെടുത്തിരുന്നു. അപ്പൊക്രിഫയിൽ അന്ത്യൊക്കസ് എപ്പിഫാനസും സെലൂക്യ രാജാക്കന്മാരും ആനയെ യെഹൂദന്മാർക്കെതിരെ യുദ്ധത്തിനുപയോഗിച്ചതായി കാണുന്നു. (1മക്കാ, 6:30). ആനക്കൊമ്പു വിലയേറിയ വ്യാപാര ചരക്കായിരുന്നു. (1രാജാ, 10:22; 2ദിന, 9:21). ശലോമോൻ രാജാവ് ദന്തംകൊണ്ടു സിംഹാസനം നിർമ്മിച്ചു തങ്കം പൊതിഞ്ഞു. (1രാജാ, 10:18; 2ദിന, 9:17). ആഹാബു രാജാവിനു ദന്തമാളിക ഉണ്ടായിരുന്നു. (1രാജാ, 22:39). ധനവാന്മാർ ആനക്കൊമ്പു കൊണ്ടു കട്ടിലുകളും ഇരിപ്പിടങ്ങളും നിർമ്മിച്ചിരുന്നു. (ആമോ, 6:4). സോർ രാജാക്കന്മാർക്കു ആനക്കൊമ്പു കപ്പം കിട്ടിവന്നു. (യെഹെ, 27:15. രാജകീയ സുഖസൗകര്യങ്ങളുടെ പ്രതീകമായി ദന്തമന്ദിരത്തെക്കുറിച്ചു പറയുന്നു. (സങ്കീ, 45:8). വെളിപ്പാട് 18:12ൽ ദന്തനിർമ്മിത വസ്തുക്കളെക്കുറിച്ചുള്ള പരാമർശമുണ്ട്. 

ഇളമാൻ (roebuck) 

ഇളമാൻ മാൻകുട്ടിയാണ്. ഒരു ചെറിയ ഇനം മാനിന്റെ പേരായിട്ടാണ് ബൈബിളിൽ കാണുന്നത്. (1രാജാ, 4:23; യെശ, 13:14). ഇളമാൻ പേട = പെൺമാൻ> (സദൃ, 5:19).

ഈച്ച (fly)  

ഇരട്ടച്ചിറകുകളുളള ഷഡ്പദപ്രാണിയാണു് ഈച്ച. എക്രോനിലെ ദേവനായ ബാൽസെബൂബ് ഈച്ചകളുടെ തമ്പുരാനാണ്. (2രാജാ, 1:2). മിസ്രയീമിലെ ബാധകളിലൊന്നായ ഈച്ചയെ (പുറ, 8:21; സങ്കീ, 78:45; 105:31) നായീച്ച എന്നു സത്യവേദപുസ്തകവും ഈച്ച എന്നു മലയാളം ബൈബിളും പരിഭാഷപ്പെടുത്തുന്നു. ഇവിടത്തെ എബ്രായ പ്രയോഗം വ്യക്തമല്ല. ബൈബിൾ നാടുകളിൽ ഈച്ച നയനരോഗം പരത്തുന്നു. ചത്ത ഈച്ച തൈലക്കാരൻ്റെ തൈലം നാറുമാറാക്കുന്നു. (സഭാ, 10:31). യെശയ്യാവ്  7:18-ലെ ഈച്ച (സ.വേ.പു. തേനീച്ച; മ.ബൈ. ഈച്ച) ഒരാലങ്കാരിക പ്രയോഗമാണ്. 

ഉറുമ്പ് (ant) 

ഉറുമ്പുകളുടെ ഒരു വലിയ സമൂഹം തന്നെ പൗരസ്ത്യദേശങ്ങളിലുണ്ട്. പൊതുവെ മെതിനിലങ്ങൾക്കടുത്തും സമൃദ്ധിയായി ഭക്ഷണം കിട്ടുന്ന ഇടങ്ങളിലും അവ പാർപ്പിടം നിർമ്മിക്കുന്നു. ലോകത്തെവിടെയും പരിശ്രമത്തിന്റെ പര്യായമാണു് ഉറുമ്പ്. “മടിയാ ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക” (സദൃ, 6:6) എന്നിങ്ങനെ മടിയനോടു ഉറുമ്പിന്റെ അടുക്കൽ പോയി ബുദ്ധി പഠിക്കാൻ ശലോമോൻ ഉപദേശിക്കുന്നു. ഉറുമ്പിൻ്റെ ബുദ്ധിയെക്കുറിച്ചും കരുതലിനെക്കുറിച്ചും വളരെയേറെ തർക്കങ്ങളുണ്ട്. “ഉറുമ്പ് ബലഹീന ജാതി എങ്കിലും അതു വേനൽക്കാലത്തു് ആഹാരം സമ്പാദിച്ചു വെക്കുന്നു.” (സദൃ, 30:25).

എലി (rat)

എലി, ചുണ്ടെലി ഇവയ്ക്കെല്ലാം എബ്രായയിൽ ഒരു വാക്കാണ് കാണുന്നത്. കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സസ്തനികളിൽ ആറിലൊന്നു എലികളാണ്. ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ എലികൾക്ക് വംശനാശ ഭീഷണി ഇല്ല. ഒരു പെൺ എലി പ്രതിവർഷം 100 എലികളെ പ്രസവിക്കും. ലോകത്തെമ്പാടുമായി 4000 ഓളം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. എലിയുടെ വർഗ്ഗത്തിലുള്ള നാല്പതോളം ഇനം ജന്തുക്കൾ പലസ്തീനിലുണ്ട്. യെഹൂദന് എലി നിഷിദ്ധമാണ്. (ലേവ്യ, 11:29).

ഒട്ടകം (camel)  

ഇണക്കമുള്ള മൃഗമാണ് ഒട്ടകം. മനുഷ്യനുപയോഗിക്കുന്ന മൃഗങ്ങളിൽ ആന കഴിഞ്ഞാൽ ഏറ്റവും വലുത്. 2.5 മീറററോളം പൊക്കവും നല്ല ശക്തിയും സഹനശക്തിയും ഉള്ള ഈ മൃഗത്തിനു കനത്തഭാരം വഹിക്കുന്നതിനും മരുഭൂമിയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നതിനും കഴിയും. പാദം വിശാലമാകയാൽ മണൽക്കാടുകളിലൂടെ താഴാതെ സഞ്ചരിക്കുവാൻ സാധിക്കും. ധാരാളം ജലം സംഭരിക്കുവാൻ കഴിവുളള ജലസഞ്ചി ആമാശയത്തിലുണ്ട്. പതിനേഴു ദിവസത്തോളം വെള്ളം കുടിക്കാതെ കഴിയുവാൻ ഒട്ടകങ്ങൾക്കു സാധിക്കും. ഏറ്റവും കടുപ്പവും മുള്ളുള്ളതും ആയ ചെടികളെ ചവച്ചു തിന്നുവാനുള്ള കഴിവ് അവയുടെ പല്ലുകൾക്കുണ്ട്. പൊക്കം കൂടുതലാണെങ്കിലും അവ മുട്ടുമടക്കുമ്പോൾ വളരെ എളുപ്പം ഭാരം കയറ്റുവാൻ സാധിക്കും. 500 പൗണ്ടോളം ഭാരം ചുമക്കുന്നതിന് അതിനു പ്രയാസമില്ല. മുതുകിലുളള മുഴ ഭാരം കയറ്റുന്നതിനു സൗകര്യം നല്കുന്നു. ഒട്ടകമാംസം നിഷിദ്ധമാണ്. എന്നാൽ അറബികൾ ഒട്ടകമാംസം ഭക്ഷിക്കും. ഒട്ടകത്തിന്റെ തോൽ ചെരുപ്പുണ്ടാക്കുന്നതിനും അവയുടെ രോമം ബാഹ്യവസ്ത്രങ്ങളും കൂടാരങ്ങളും നിർമ്മിക്കുവാനുള്ള പരുപരുത്ത തുണി നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. തിരുവെഴുത്തുകളിൽ ഒട്ടകങ്ങളെക്കുറിച്ച് അനേകം സൂചനകളുണ്ട്. 

പുതിയനിയമത്തിൽ ഒട്ടകങ്ങളെ സംബന്ധിക്കുന്ന രണ്ടാലങ്കാരിക പ്രസ്താവനകളുണ്ട്: (മത്താ, 19:24; 23:24). ‘ഒട്ടകം സൂചിക്കുഴയിലുടെ കടക്കുക’ എന്നതിലെ സുചിക്കുഴ പട്ടണവാതിലിന്റെ സമീപത്തുള്ള ചെറിയ വാതിലിനെ സൂചിപ്പിക്കുന്നു എന്ന ധാരണയ്ക്ക് അടിസ്ഥാനം ഇല്ല. ഒട്ടകത്തിന്റെ വലിപ്പമാണ് സാദൃശ്യകഥനത്തിൽ വിവക്ഷിക്കുന്നത്. പ്രധാനകാര്യങ്ങൾ അവഗണിച്ചുകൊണ്ട്, നിസ്സാര സംഗതികൾക്കു പ്രാധാന്യം നല്കുന്നതിനെ ഓർമ്മിപ്പിച്ചുകൊണ്ട് ‘ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും’ എന്ന ശൈലി ക്രിസ്തു ഉപയോഗിച്ചു. യോഹന്നാൻ സ്നാപകന്റെ വസ്ത്രം ഒട്ടകരോമം കൊണ്ടുള്ളതായിരുന്നു. (മത്താ, 3:4; മർക്കൊ, 1:6). ശേബാരാജ്ഞി സുഗന്ധവർഗ്ഗവും പൊന്നും രത്നവും ഒട്ടകങ്ങളെക്കൊണ്ടു ചുമപ്പിച്ചാണ് ശലോമോനെ കാണാൻ വന്നത്. (1രാജാ, 15:2). യുദ്ധത്തിന് ഒട്ടകത്തെ പ്രയോജനപ്പെടുത്തിയിരുന്നു. (1ശമൂ, 25:3; 27:9; 30:17). അരാംരാജാവായ ബെൻ-ഹദദ് നാല്പത് ഒട്ടകച്ചുമട് വിശേഷവസ്തുക്കൾ എലീശാ പ്രവാചകന് കാഴ്ചയായി കൊടുത്തയച്ചു. (2രാജാ, 8:9). സെരുബ്ബാബേലിനോടൊപ്പം പ്രവാസത്തിൽ നിന്നു തിരിച്ചുവന്ന യെഹൂദന്മാരുടെ കൂടെ 435 ഒട്ടകം ഉണ്ടായിരുന്നു. (എസാ, 2:57). പ്രാചീനകാലത്തു സമ്പത്തിന്റെ മാനദണ്ഡമായി ഒട്ടകം പരിഗണിക്കപ്പെട്ടിരുന്നു. ഇയ്യോബിന് മൂവായിരം ഒട്ടകം ഉണ്ടായിരുന്നു. (ഇയ്യോ, 1:3).

ഒട്ടകപ്പക്ഷി (ostrich)  

ഒട്ടകപ്പക്ഷി ആഫ്രിക്കയിലെയും അറേബ്യയിലെയും മരുഭൂമികളിൽ കാണപ്പെടുന്നു. ഏറ്റവും വലിപ്പമുള്ള പക്ഷിയാണ്, പറക്കുവാനുള്ള കഴിവില്ല. (ഇയ്യോ, 30:29; 39:13). ഇതിന്റെ തല പരന്നതും കഴുത്തു നീണ്ടു നഗ്നമായതും ശരീരം കറുത്ത തൂവലുകൾകൊണ്ട് ആവരണം ചെയ്തതുമാണ്. പെൺപക്ഷികളിലും കുഞ്ഞുങ്ങളിലും ചാര നിറത്തിലുള്ള തൂവലുകളുണ്ട്. പ്രായമായ ഒരാൺ പക്ഷിക്കു 2.5 മീറ്റർ ഉയരവും 135 കി.ഗ്രാം ഭാരവും കാണും. ഒട്ടകപ്പക്ഷിയുടെ ഭക്ഷണത്തിനുവേണ്ടിയുളള ആർത്തി പ്രസിദ്ധമാണ്. കല്ലുകൾ, കുപ്പിച്ചില്ലുകൾ തുടങ്ങിയവ വിഴുങ്ങുന്നു. പെൺപക്ഷി ആഴമില്ലാത്ത കുഴി കുഴിച്ച് ധാരാളം മുട്ടകൾ ഇടുന്നു. തന്മൂലം മുട്ടകൾ എല്ലാം മൂടപ്പെടാതിരിക്കുന്നതു കൊണ്ടു അവ എല്ലാം വിരിയുന്നില്ല. പകൽ വെയിൽ തട്ടുന്നതിനുവേണ്ടി മുട്ടകളെ വിട്ടുമാറുകയും രാതിയിൽ അടയിരിക്കുകയും ചെയ്യും. ആൺപക്ഷിയാണ് പ്രായേണ അടയിരിക്കുന്നത്; അപൂർവ്വമായി പെൺപക്ഷിയും. ഒട്ടകപ്പക്ഷി കുഞ്ഞുങ്ങളെ കാര്യമായി സൂക്ഷിക്കാറില്ല. (ഇയ്യോ, 39:16; വിലാ, 4:3). വേട്ടക്കാർ ഓടിക്കുമ്പോൾ കാറ്റിനെതിരെ വലിയവട്ടത്തിൽ ഓടുന്നു. അതിനാൽ വേട്ടക്കാരനു പതിയിരുന്ന് അതിന്റെ വർദ്ധിച്ച വേഗത്തെ അതിക്രമിച്ച് അതിനെ പിടിക്കുവാൻ സാധിക്കും. ആപത്തു വരുമ്പോൾ ഒട്ടകപ്പക്ഷി മണലിൽ തല പൂഴ്ത്തിവെച്ച് ഒളിക്കുമെന്ന ധാരണ തെറ്റാണ്. അതിവേഗം കൊണ്ടു രക്ഷപ്പെടാമെന്ന മിഥ്യാമോഹത്തിൽ മുട്ടകളിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നും ഒട്ടകപ്പക്ഷി ഓടി ഒളിക്കുന്നതു കൊണ്ട് അതിനെ വിഡ്ഢി എന്നു പറയാറുണ്ട്. (ഇയ്യോ, 39:14). ഇതിന്റെ മാംസം യെഹൂദനു ഭക്ഷിക്കുവാൻ അനുവാദമില്ല. (ലേവ്യ, 11:16; ആവ, 14:14).  

പ്രാചീന രാജകൊട്ടാരങ്ങളിൽ വിശറിയായി ഒട്ടകപ്പക്ഷിയുടെ തൂവലുകളുപയോഗിച്ചിരുന്നു. തുത്തൻഖാമൻ രാജാവ് ഉപയോഗിച്ചിരുന്ന ദന്തനിർമ്മിതമായ പിടിയോടുകൂടിയ വിശറിയിലെ ഒട്ടകപ്പക്ഷിയുടെ മനോഹരമായ തൂവലുകൾക്ക് മൂവായിരം വർഷത്തിനുശേഷവും മങ്ങലേറ്റിട്ടില്ല. ഇതു കെയ്റോരിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ഓന്ത് (chameleon)

ലേവ്യർ 11:30-ലെ ഇഴജന്തുക്കളിൽ ഓന്ത് എന്നു തർജ്ജമ ചെയ്തിട്ടുള്ള എബായപദം ഏതു ജീവിയെക്കുറിക്കുന്നുവെന്നു പറയുക പ്രയാസമാണ്. ഒരിനം പല്ലി ആയിരിക്കാനാണു സാദ്ധ്യത. സെപ്റ്റജിന്റിന്റെയും വുൾഗാത്തയുടെയും പിൻബലത്തിലാണ് ഓന്ത് എന്നു പരിഭാഷ പ്പെടുത്തിയിട്ടുള്ളത്. 

കടന്നൽ (hornet, wasp)  

ഹൈമനോപ്റ്റെറ (hymenoptera) എന്ന ഓർഡറിൽപ്പെടുന്ന അപകടകാരിയായ ഷഡ്പദം. ഉറുമ്പുകളും തേനീച്ചകളും ഈ ഓർഡറിൽപ്പെടുന്നു. കടന്നലിനു ദംശനാവയവങ്ങളും ശൃംഗികകളും (കൊമ്പ്) ഉണ്ട്. കടന്നലിനുപയോഗിക്കുന്ന എബ്രായപദത്തിന്റെ അർത്ഥം കുത്തുന്നത് എന്നാണ്. കടന്നലിന്റെ അർത്ഥവും കഠിനമായി തല്ലുന്നത് അഥവാ കുത്തുന്നത് എന്നത്രേ. പലസ്തീനിൽ പലയിനം കടന്നലുകളുണ്ട്. കടന്നലിനെക്കുറിച്ചുള്ള മൂന്നു പരാമർശങ്ങളുണ്ട്: (പുറ, 23:28; ആവ, 7:20; യോശു, 24:12). യിസ്രായേലിന്റെ ശത്രുക്കൾക്കുനേരെ ദൈവം അയക്കുന്ന ബാധയാണു കടന്നൽ. മേല്പറഞ്ഞ വേദഭാഗങ്ങളിലെ കടന്നൽ ആക്ഷരികമോ ആലങ്കാരികമോ എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. പുറപ്പാട് 23:28-ൽ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയക്കും എന്നത് ആക്ഷരികമായി വ്യാഖ്യാനിക്കേണ്ടതു തന്നെയാണ്. കുതിരകളെയും കന്നുകാലികളെയും കടന്നലുകളും തേനീച്ചകളും കുത്തി വിരളിപിടിപ്പിച്ച് ഓടിച്ചതിന്റെ പല ദൃഷ്ടാന്തങ്ങളുണ്ട്. “ഞാൻ നിങ്ങളുടെ മുമ്പിൽ കടന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽ നിന്നു അമ്മോന്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചു കളഞ്ഞു.” (യോശു, 24:12). ഈ വാക്യത്തിലെ കടന്നൽ കനാനിലെ ഈജിപ്ഷ്യൻ (മിസ്രയീം) സാമ്രാജ്യത്തെകുറിക്കുന്നുവെന്നൊരു വ്യാഖ്യാനം ഉണ്ട്. പക്ഷേ പ്രസ്തുത വ്യാഖ്യാനം സർവാദൃതമല്ല. 

കടമാൻ (falow-deer)  

ഒരിനം മാനാണെന്നു പേരിൽനിന്നു തന്നെ വ്യക്തമാണ്. (ആവ, 14:35). ഈ എബ്രായനാമത്തെ 1രാജാക്കന്മാർ 4:23-ൽ മ്ലാവ് എന്നു പരിഭാഷ ചെയ്തിരിക്കുന്നു. ശലോമോൻ രാജാവിൻ്റെ ഭോജന വിഭവങ്ങളിലൊന്നായിരുന്നു പ്ലാവിന്റെ ഇറച്ചി. മ്ലാവും മാനുകളുടെ വർഗ്ഗത്തിലുൾപ്പെട്ടതാണ്. മ്ലാവും കടമാനും ഒരേ ജന്തുവിനെ വിവക്ഷിച്ചുകൂടായ്ക്കയില്ല. കടമാൻ എബ്രായർക്കു ഭക്ഷ്യയോഗ്യമാണ്. 

കടലാന (whale) 

ജലജീവിയായ സസ്തനിയാണ് കടലാന (elephant seal). (ഇയ്യോ, 7:12; മത്താ, 12:40). ആറുമീറ്ററോളം നീളമുള്ള കടലാനകളുണ്ട്. ചെറിയ തുമ്പിക്കൈ പോലുള്ള മുഖവും വലിയ ശരീരവുമാണ് കടലാന എന്ന പേരിനടിസ്ഥാനം. തിമിംഗലവും ഒരു സസ്തനിയാണ്. യോനാ പ്രവാചകനെ വിഴുങ്ങിയ മഹാമത്സ്യം സ്പേം തിമിംഗലം ആയിരിക്കണം. കീറ്റോസ് എന്ന ഗ്രീക്കുനാമത്തിന് മഹാമത്സ്യം എന്നർത്ഥം. (മത്താ, 12:40). സെപ്റ്റജിന്റിൽ താഴെപ്പറയുന്ന സ്ഥാനങ്ങളിൽ കീറ്റൊസ് ഉണ്ട്: (ഉല്പ, 1:21 (തിമിംഗലം), ഇയ്യോ, 3:8 (മഹാസർപ്പം), 9:13; 26:12; യോനാ, 1:17; 2:1, 10).

കടൽകാക്ക (sea gull) 

ലാറിഡേ (laridae) കുടുബത്തിൽ ലാറൂസ് (larus) ഗണത്തിൽപ്പെട്ടതാണ് കടൽകാക്ക. സമൂഹമായി സഞ്ചരിക്കുകയും അധികം ശബ്ദകോലാഹലമുണ്ടാക്കുകയും ചെയ്യും. കടൽത്തീരങ്ങളിലും തടാകങ്ങളിലും കാണപ്പെടുന്നു. വെളളത്തിൽ നീന്താൻ കഴിവുണ്ട്. മത്സ്യം, വിരകൾ, ശലഭങ്ങൾ, പക്ഷിമുട്ടകൾ, ചെറിയ പക്ഷികൾ, ഉച്ഛിഷ്ടങ്ങൾ തുടങ്ങിയവയാണ് ഭക്ഷണം. അശുദ്ധ പക്ഷികളിലൊന്നാണ് കടൽകാക്ക. (ലേവ്യ, 11:16; ആവ, 14:15).

കടൽറാഞ്ചൽ (ospray)  

കടൽത്തീരങ്ങളിലും തടാകങ്ങളിലും നിന്നു മീൻറാഞ്ചിയെടുത്തു ഭക്ഷിക്കുന്ന ഒരിനം പരുന്ത്. ഇതു അശുദ്ധപക്ഷിയാണ്. (ലേവ്യ, 11:14; ആവ, 14:12).

കന്നട്ട (horseleech)  

കന്നട്ട കന്നുകളെ കടിക്കുന്ന അട്ടയാണ്. കന്നട്ടയെക്കുറിച്ചുള്ള ഒരേയൊരു പരാമർശം സദൃശ്യവാക്യം 30-15-ലാണ്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു. കുടിക്കുന്ന വെള്ളത്തോടൊപ്പം ഇവ ഉള്ളിൽ പോകുകയാണെങ്കിൽ കന്നുകാലികൾക്കും മനുഷ്യർക്കും ഒന്നുപോലെ അപകടകരമാണ്. 

കന്നുകാലി (cattle) 

കാർഷികജനതയായിരുന്ന യിസ്രായേല്യരുടെ സമ്പത്തിന്റെ ഭാഗമായിരുന്നു കന്നുകാലികൾ. കന്നുകാലികൾ എന്നറിയപ്പെടുന്നത് അധികവും കാളയുടെ വർഗ്ഗത്തിലുള്ള വളർത്തുമൃഗങ്ങളും അല്ലാത്തവയുമാണ്. എന്നാൽ ഈ പദംകൊണ്ട് ബൈബിൾ സൂചിപ്പിക്കുന്നത് വളർത്തു മൃഗങ്ങളെയാണ്. കന്നുകാലികളെ കുറിക്കുന്ന പത്തോളം എബ്രായപദങ്ങൾ 450-ലധികം സ്ഥാനങ്ങളിൽ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ആറു ഗ്രീക്കുപദങ്ങൾ ഇതിനു തുല്യമായി പുതിയനിയമത്തിലും കാണാം. കാട്ടുകാളയിൽ (പോത്ത്) നിന്നാണ് കന്നുകാലികൾ വന്നത്. നവീന ശിലായുഗത്തോടുകൂടിയാണ് കന്നുകാലികളെ വളർത്തു മൃഗങ്ങളായി മെരുക്കിയെടുത്തത്. ഇവയെ മെരുക്കിയത് പ്രധാനമായും മാംസത്തിനുവേണ്ടിയായിരുന്നു. തുടർന്നു പശുക്കളെ പാലിനും കാളകളെ വെള്ളം ചുമക്കുന്നതിനും ഉപയോഗിച്ചു. കാർഷികാവശ്യത്തിന് ഇതു വളരെ സഹായകമായിരുന്നു. 

വളരെ അനുകമ്പാപൂർണ്ണമായിരുന്നു യെഹൂദന്മാരുടെ കന്നുകാലികളോടുള്ള പെരുമാറ്റം. കന്നുകാലികൾക്കു ശബ്ബത്തിൽ വിശ്രമം അനുവദിച്ചിരുന്നു. (പുറ, 23:12). അലഞ്ഞുതിരിയുന്ന കാളയെ രക്ഷാസ്ഥാനത്തെത്തിക്കേണ്ടതാണ്. (പുറ, 23:4). ശബ്ബത്തിൽ വേല വിലക്കപ്പെട്ടിരുന്നെങ്കിലും കന്നുകാലികൾക്കു വെള്ളം കൊടുക്കുവാൻ അനുവാദമുണ്ടായിരുന്നു. (ലൂക്കൊ, 13:15). മെതിക്കുന്ന കാളെക്കു മുഖക്കൊട്ട് കെട്ടരുതെന്ന മോശീയ നിയമത്തെ (ആവ, 25:4) പൗലൊസ് അപ്പൊസ്തലൻ രണ്ടിടത്ത് ഉദ്ധരിച്ചിട്ടുണ്ട്. (1കൊരി, 9 : 9;  1തിമൊ, 5:18). കന്നുകാലികളുടെ ക്ഷേമത്തെക്കുറിച്ചുള്ള ഈ കരുതലുകൾ പാശ്ചാത്യ രാജ്യങ്ങൾക്ക് അജ്ഞാതമായിരുന്നു. 

ഒരുജോടി കാളകളെ നുകം വയ്ക്കുന്നത് ആഘോഷം പോലെ കരുതപ്പെട്ടിരുന്നു. (ലൂക്കൊ, 14:19). യോർദ്ദാനു കിഴക്കുള്ള ബാശാൻ പ്രദേശം കന്നുകാലികൾക്ക് മേച്ചിലിനു പറ്റിയ സ്ഥലമായിരുന്നു. അവിടെയുള്ള കാളകൾക്കും പശുക്കൾക്കും ആരോഗ്യവും ശക്തിയും അധികമായിരുന്നു. ബാശാൻ കൂറ്റന്മാർ (സങ്കീ, 22:12) ബാശാനിലെ ക്രൗര്യമുള്ള കാളകളെക്കുറിക്കുന്നു. ആഡംബരപ്രിയരായ സ്ത്രീകളെ ആമോസ് വിളിക്കുന്നത് ബാശാന്യ പശുക്കൾ എന്നാണ്. (ആമോ, 4:1). 

ബാലിന്റെ മൃഗം കാളയായിരുന്നു. ഫിനിഷ്യർ, അരാമ്യർ തുടങ്ങിയവർ ബാലിന്റെ ആരാധനയോടുകൂടി കാളക്കുട്ടികളെ ആരാധിച്ചുവന്നു. മിസ്രയീം വിട്ടുപോന്ന യിസ്രായേൽ ജനം മരുഭൂമിയിൽ വച്ചു വാർത്തുണ്ടാക്കിയ പൊൻ കാളക്കുട്ടിയെ ആരാധിച്ചു. ബേഥേലിലും ദാനിലും യൊരോബയാം ആരാധനയ്ക്കായി പൊന്നുകൊണ്ടുണ്ടാക്കിയ കാളക്കുട്ടിയുടെ രണ്ടു പ്രതിമകൾ സ്ഥാപിച്ചു. (1രാജാ, 12:27-29). കാളയെ യാഗമൃഗമായി ഉപയോഗിച്ചിരുന്നു. വെളിപ്പാടു നാലാമധ്യായത്തിലെ സ്വർഗ്ഗീയദർശനത്തിൽ കാണുന്ന നാലു ജീവികളിൽ രണ്ടാമത്തേതു കാളയ്ക്കു സദൃശമാണ്. കർത്താവിന്റെ ശുശ്രൂഷയെ കാണിക്കുന്ന മർക്കൊസിന്റെ സുവിശേഷത്തിന് ഇതു പ്രാതിനിധ്യം വഹിക്കുന്നു.

കരടി (bear)  

ശ്വാനവർഗ്ഗത്തിൽപ്പെട്ട മൃഗമാണ് കരടി. സിറിയയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്നു. ലെബാനോനിലെ ഉയർന്ന പ്രദേശങ്ങൾ, ആന്റിലെബാനാൻ, അമാനസ് എന്നിവിടങ്ങളിൽ കരടി ഉണ്ട്. ബാശാൻ, ഗിലെയാദ്, മോവാബ് എന്നിവിടങ്ങളിലെ കാടുകളിൽ വിളമായി കാണാം. പശ്ചിമ പലസ്തീനിൽ കരടി ഇല്ലെന്നുതന്നെ പറയാം. ഒരു കാലത് കരടി പലസ്തീനിൽ ധാരാളം ഉണ്ടായിരുന്നു. (1ശമൂ, 17:38; 2രാജാ, 2:24). മാംസഭുക്കാണെങ്കിൽ തന്നെയും അപൂർവ്വമായി മാത്രമേ മാംസം ഭക്ഷിക്കാറുള്ളു. ഫലങ്ങളും മൂലങ്ങളും (roots) ആണു പ്രധാന ഭക്ഷണം. എന്നാൽ അവസരം കിട്ടുമ്പോൽ മറ്റു മൃഗങ്ങളെ കൊന്നു ഭക്ഷിക്കാറുണ്ട്. ആളുകൾ സിംഹത്തെക്കാളേറെ കരടിയെ ഭയപ്പെട്ടിരുന്നു. കരടിക്ക് അമിതശക്തി ഉണ്ടെന്നു മാത്രമല്ല, അതിന്റെ പ്രവർത്തനം അപ്രതീക്ഷിതവുമാണ്. പതിയിരിക്കുന്ന സൂത്രശാലിയാണു കരടി. (വിലാ, 3:10). കുട്ടികൾ കാണാതെപോയ കരടി ക്രൂരതയുടെ പര്യായമാണ്. (സദൃ, 17:12; 2ശമൂ, 17:8; ഹോശേ, 13:8). മനുഷ്യന് അപകടകാരിയാണ് കരടി. (ആമോ, 5:19). മശീഹയുടെ വാഴ്ചയിൽ ക്രൂരമൃഗമായ കരടിയും ശാന്തമൃഗമായ പശുവും ഒരുമിച്ചു മേയും. “പശു കരടിയോടുകൂടെ മേയും. അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും.” (യെശ, 11:7). ദാനീയേൽ പ്രവാചകൻ മേദ്യപാർസ്യയുടെ പ്രതീകമായി കരടിക്കു സദൃശമായ ഒരു മൃഗത്തെയാണു ദർശനത്തിൽ കണ്ടത്. (ദാനീ, 7:5).

കലമാൻ (hart)   

കവരങ്ങളോടുകൂടിയ കൊമ്പുകളുള്ള ഒരിനം മാൻ. (ആവ, 12:15, 22; 14:5; 15:22). ഇവയിൽ അമ്പതോളം അവാന്തര വിഭാഗങ്ങളുണ്ട്. കലമാനിന് 90 സെന്റീമീറ്ററിലധികം ഉയരമില്ല. കൊമ്പുകളുടെ ഏറ്റവും കുറഞ്ഞ നീളം 23 സെന്റീമീറ്ററും കൂടിയത് 76 സെന്റീമീറ്ററുമാണ്. 

കവരിമാൻ (chamois)  

യിസ്രായേല്യർക്കു ഭക്ഷിക്കാവുന്ന മൃഗങ്ങളിലൊന്നാണ് കവരിമാൻ. ഈ പേര് ചമരി മൃഗത്തെയാണ് ഉദ്ദേശിക്കുന്നത്. പ്രാചീനകാലത്തു സീനായിയിൽ കവരിമാൻ ധാരാളമുണ്ടായിരുന്നു. കഴുത്തിലും നെഞ്ചിലുമുഉള്ള നീണ്ട രോമങ്ങൾ ഇതിന്റെ സവിശേഷതയാണ്. മലയാടിന്റെ കൊമ്പുകൾക്കു സമാനമാണ് കവരിമാനിന്റെ കൊമ്പുകൾ. (ആവ, 14:35).

കഴുകൻ (eagle)  

കഴുകനു സമാനമായി ഇംഗ്ലീഷിൽ eagle എന്നും vulture എന്നും കാണാം. പലസ്തീനിൽ കുറഞ്ഞതു നാലിനം ഈഗിളും എട്ടിനം വൾച്ചറും ഉണ്ട്. കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ, ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം അതതുവിധം പരുന്ത് എന്നിങ്ങനെ വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 14:12). യെഹൂദന് കഴുകൻ ഭക്ഷ്യയോഗ്യമല്ല. (ആവ, 14:12). കഴുകനു വളരെ ദൂരവും വളരെ ഉയരത്തിലും പറക്കുവാൻ കഴിയുന്നു. (ആവ, 28:49). ഉയർന്ന സ്ഥലത്ത് പാറക്കെട്ടുകളിലോ വൃക്ഷങ്ങളിലോ അവ കൂടുവയ്ക്കുന്നു. (ഇയ്യോ, 39:27; യിരെ, 49:16; ഓബ, 4). മനുഷ്യർക്ക് അപ്രാപ്യമായ പാറക്കെട്ടുകളിലാണിവ കൂടുവയ്ക്കുന്നത്. (ഇയ്യോ, 39:27-30). വളരെ ദൂരെനിന്നും ഇരയെ അതു കാണുന്നു. “നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നത6? അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ. അവിടെനിന്ന് അതു് ഇര തിരയുന്നു, അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു. അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.” (ഇയ്യോ, 39:27-30). കഴുകന്റെ വിവിധ സ്വഭാവങ്ങളെക്കുറിക്കുന്ന ധാരാളം വേദഭാഗങ്ങളുണ്ട്. (സംഖ്യാ, 24:21; ഇയ്യോ, 9:26; സദൃ, 30:17, 19; യിരെ, 4916; യെഹെ, 17:3; ഓബ, 4; ഹബ, 1:8; മത്താ, 24:28; ലൂക്കൊ, 17:37). കഴുകൻ തന്റെ കുഞ്ഞുങ്ങളോടു കാണിക്കുന്ന സ്നേഹം തിരുവെഴുത്തുകളിൽ മനോഹമായി ചിത്രീകരിച്ചിട്ടുണ്ട്. യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്നു കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു യഹോവ തന്റെ അടുക്കൽ വരുത്തി. (പുറ, 19:4). 

കഴുകൻ ശവത്തെ ആർത്തിയോടെ ഭക്ഷിക്കും. പഴയനിയമകാലത്ത് യുദ്ധത്തിൽ മരിക്കുന്നവരുടെയും വധിക്കപ്പെടുന്നവരുടെയും ജഡം മറവു ചെയ്യാതെ കഴുകനിട്ടു കൊടുക്കുക പതിവായിരുന്നു. കഴുകൻ പ്രായംചെന്നു ക്ഷീണിക്കുമ്പോൾ അവശനിലയിൽ എവിടെയെങ്കിലും വിശ്രമിക്കും. അപ്പോൾ ഭക്ഷണമില്ലാതെ ക്ഷീണിച്ച് തൂവലുകൾ മുഴുവൻ കൊഴിഞ്ഞ് കഴുകന് പറക്കാൻ കഴിയാതാകും. നാളുകൾ കഴിയുമ്പോൾ പുതിയ തൂവലുകൾ മുളച്ചു കഴുകൻ പുതുശക്തിപ്രാപിക്കും എന്ന് എബ്രായ പാരമ്പര്യം പറയുന്നു. (സങ്കീ, 103:5; യെശ, 40:31). യെഹെസ്ക്കേൽ പ്രവചനത്തിലും വെളിപ്പാടിലും കഴുകന്റെ സൂചനയുണ്ട്. (യെഹെ, 1:10; വെളി, 4:7). കർത്താവിന്റെ ദൈവികസ്വഭാവത്തെ കുറിക്കുകയാണ് ഇവിടെ കഴുകൻ. യോഹന്നാന്റെ സുവിശേഷത്തെ കഴുകനോടാണ് ബൈബിൾ പണ്ഡിതന്മാർ സാമ്യപ്പെടുത്തുന്നത്. 

കഴുത (ass, donkey)  

ബൈബിളിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മൃഗമാണു് കഴുത. ഫറവോൻ (ഉല്പ, 12:16), അബ്രാഹാം (ഉല്പ, 22:3), യാക്കോബ് (ഉല്പ, 35:5), മോശെ (പുറ, 4:20), ബിലെയാം (സംഖ്യാ, 22:21, 23) തുടങ്ങിയ പല പ്രമുഖ വ്യക്തികളുടെയും ചരിത്രത്തിൽ കഴുതയെ കാണാം. 

കഴുതപ്പുറത്തു സഞ്ചരിക്കുന്നത് അപമാനകരമായി കരുതപ്പെട്ടിരുന്നില്ല. ക്രിസ്തുവിന്റെ സമാധാന ദൗത്യനിർവഹണത്തിന്റെ സൂചനയായി കഴുതപ്പുറത്തുള്ള യാത്ര കാണാം. (സെഖ, 9:9; മത്താ, 21:7). പൗരസ്ത്യദേശത്തു സമ്പന്നന്മാരും രാജാക്കന്മാരും മഹാപുരോഹിതന്മാരും ന്യായാധിപന്മാരും കഴുതപ്പുറത്തു സഞ്ചരിക്കുമായിരുന്നു. ഭാരം ചുമക്കുന്ന മൃഗമായി പൗരാണികകാലം മുതല്ക്കേ കഴുതയെ ഉപയോഗിച്ചിരുന്നു. ഭാരവാഹികളായി ഉപയോഗിച്ചിരുന്നത് അധികവും കോവർ കഴുതകളെയാണ്. വലിപ്പത്തിന്റെ അനുപാതത്തിൽ ഭാരം ചുമക്കുന്നതിന് മറ്റ് യാതൊരു മൃഗത്തേക്കാളും കഴിവ് കഴുതയ്ക്കുണ്ട്. കഴുതകളെ നിലം ഉഴുന്നതിനുപയോഗിച്ചിരുന്നു. എന്നാൽ, കാളകളെയും കഴുതകളെയും ഒരുമിച്ചുഴുന്നതിനെ വിലക്കി. (ആവ, 22:10). കഴുതയുടെ മാസം തിന്നുവാൻ ന്യായപ്രമാണം അനുവദിച്ചിരുന്നില്ല. എന്നാൽ, ശമര്യയുടെ ഉപരോധത്തിൽ വിശപ്പു ഹേതുവായി കഴുതയുടെ മാസം ഭക്ഷിക്കുകയുണ്ടായി. (2രാജാ, 6:25). 

കാക്ക (crow, raven)  

കാ കാ എന്നു കരയുന്നത് കാക്ക. ഗ്രീക്കു പദവും (കൊറക്സ്) കാക്കയുടെ ശബ്ദത്തെ അനുരണനം ചെയ്യുന്നു. എബ്രായപദമായ ‘ഓറേവി’നു കറുത്തിരിക്കുക എന്നർത്ഥം. കാക്കയുടെ വർഗ്ഗത്തിലുള്ള എല്ലാറ്റിനെയും ഓറേവ് എന്ന പദം ഉൾക്കൊള്ളുന്നു. ‘അതതുവിധം കാക്ക’ എന്ന് ലേവ്യർ 11:5-ലും ആവ, 14:14-ലും എടുത്തു പറയുന്നുണ്ട്. ബൈബിളിൽ ആദ്യം പേർ പറയപ്പെട്ട പക്ഷിയാണിത്. (ഉല്പ, 8:7). വിത്തുകളും ഫലങ്ങളും ഭക്ഷിക്കുന്നു. കാക്കകളുടെ ഈ പ്രകൃതത്തെയാണ് അതു വിതയ്ക്കന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല എന്നു കർത്താവു സൂചിപ്പിച്ചത്.  (ലൂക്കൊ, 12:24). കാക്ക ചെറിയ ജീവികളെ പിടിക്കുകയും ശവം കൊത്തിപ്പറിക്കുകയും ചെയ്യുന്നു. (സദൃ, 30:17). ഇതൊരു അശുദ്ധജീവിയാണ്. കാക്കയെ ദുശ്ശകുനമായി കരുതുന്നു. (യെശ, 34:11). ഉത്തമഗീതം 5:11-ൽ കാക്കയുടെ കറുപ്പിനെ പ്രത്യേകം പരാമർശിക്കുന്നു. കെരീത്തു തോടിന്നരികിൽ ഏലീയാപ്രവാചകനു ഭക്ഷണം എത്തിച്ചതു കാക്കയാണ്. (1രാജാ, 17:4). കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കു ദൈവം ആഹാരം നല്കുന്നു. (ഇയ്യോ, 38:41; സങ്കീ, 147:9). 

കാടപ്പക്ഷി (quail)   

ഈജിപ്റ്റിലും പലസ്തീനിലും കാണപ്പെടുന്നു. മാർച്ചു മാസത്തിൽ ഇവ വടക്കോട്ടും സെപ്റ്റംബർ മാസത്തിൽ തെക്കോട്ടും കൂട്ടമായി സഞ്ചരിക്കുന്നു. സമുദ്രത്തിനു മുകളിലൂടെ പറന്നു പോകുന്ന കാട മടങ്ങിവരുന്നത് പരിപൂർണ്ണമായി ക്ഷീണിച്ച് അവശനിലയിലാണ്. ഈ യാത്രയിൽ അനേകം നശിച്ചുപോകാറുണ്ട്. മണ്ണിന്റെ നിറമാണു് കാടയ്ക്ക്. ശരീരത്തിൽ കറുപ്പും മങ്ങിയ വെള്ളയുമായി അനേകം വരകളുണ്ട്. ഇവ ശത്രുക്കളെ കണ്ടാൽ പതുങ്ങിക്കിടക്കും. ശത്രു അടുത്തെത്തുമ്പോൾ മാത്രമാണ് പറന്നുപോകുന്നത്. യിസ്രായേൽ ജനത്തിന് നാല്പതു വർഷം ഭക്ഷിക്കുവാൻ ദൈവം കൊടുത്തത് കാടപ്പക്ഷിയെയാണ്. (പുറ, 

16:13; സംഖ്യാ, 11:31, 32; സങ്കീ, 105:40). കാടപ്പക്ഷികളുടെ വടക്കോട്ടുള്ള മാർഗ്ഗമദ്ധ്യേ ആയിരുന്നു യിസ്രായേല്യർ അവയെ പിടിച്ചത്. 

കാട്ടാട് (wildgoat)  

തൊണ്ണൂറു സെന്റീമീറ്റർ വരെ നീളവും അർദ്ധവൃത്താകൃതിയും ഉള്ള കൊമ്പുകളോടുകൂടിയ മനോഹരമായ ഒരു മൃഗമാണു് കാട്ടാട്. കൊമ്പു പുറകോട്ടു വളഞ്ഞതാണ്. അപ്രാപ്യമായ മലകളിലും മരുഭൂമികളിലും കാണപ്പെടുന്നു. (സങ്കീ, 104:18). പലസ്തീനിലെ പാറക്കെട്ടുകളിൽ ഇവ സാധാരണമായിരുന്നു എന്നതിനു തെളിവാണ് കാട്ടാടിൻ പാറകൾ എന്ന പ്രയോഗം. (1ശമൂ, 24:2). മനുഷ്യർക്കു കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥാനങ്ങളിലാണ് കാട്ടാടുകൾ പ്രസവിക്കുന്നത്. (ഇയ്യോ, 39:1). 

കാട്ടുകഴുത (wild ass)  

കുതിരയുടെ കുടുംബത്തിലുള്ള വന്യജീവിയാണ് കാട്ടുകഴുത. ശീഘ്രഗാമികളും ഇണങ്ങാത്ത സ്വഭാവമുള്ളവയുമാണിവ. ആൾപ്പാർപ്പു കുറഞ്ഞ പ്രദേശങ്ങളിൽ അവ അലഞ്ഞു നടന്നിരുന്നു. ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ മെസൊപ്പൊട്ടേമിയയിൽ കാട്ടുകഴുത ഉണ്ടായിരുന്നതായി ക്സെനോഫോൺ രേഖപ്പെടുത്തിയിട്ടുണ്ട്. ‘യിശ്മായേൽ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും’ എന്ന് യഹോവയുടെ ദൂതൻ ഹാഗാറിനോടു പറഞ്ഞു. (ഉല്പ, 16:12). നെബൂഖദ്നേസർ രാജാവിനു കാട്ടുകഴുതകളോടുകൂടെ കഴിയേണ്ടിവന്നു. (ദാനീ, 5:21). മറ്റു മൃഗങ്ങളോടൊപ്പം കാട്ടുകഴുതയ്ക്കും ദൈവം ജലം നല്കുന്നു. (സങ്കീ, 104:11). 

കാട്ടുകോഴി (partridge)  

കോഴിയോടു സാദൃശ്യമുള്ള കാട്ടുപക്ഷിയാണ് കാട്ടുകോഴി. ‘കോറേ’ എന്ന എബ്രായ പേരിനടിസ്ഥാനം അതു പുറപ്പെടുവിക്കുന്ന ശബ്ദമാണ്. (1ശമൂ, 26:20). യിരെമ്യാവ് 17:11-ൽ തിത്തിരിപ്പക്ഷി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് കോറേ എന്ന എബ്രായ പദത്തെയാണ്.  

കാട്ടുപന്നി (boar)

പന്നിയുടെ പൂർവ്വികനാണ് കാട്ടുപന്നി. മധ്യ പൂർവ്വദേശങ്ങളിൽ കാട്ടുപന്നി സാധാരണമാണ്. കാടുകളിലാണ് അധികവും കാണപ്പെടുന്നത്. കൃഷി നശിപ്പിക്കുന്നതിന്കാട്ടുപന്നി സമർത്ഥനാണ്. (സങ്കീ, 80:13). ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തു (സങ്കീ, 68:30) കാട്ടുപന്നി എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. യെഹൂദന്മാർക്കും മുസ്ലീങ്ങൾക്കും കാട്ടുപന്നി നിഷിദ്ധമാണ്. 

കാട്ടുപോത്ത് (unicorn, wild ox)  

കാട്ടുപോത്ത് ഇന്നു നാമാവശേഷമായിരിക്കുന്നു. പരന്ന നെറ്റിയും, അമിതബലവും, ശൗര്യവും, വളഞ്ഞു ശക്തമായ കൊമ്പുകളുമുള്ള ഒരു കാട്ടു മൃഗമാണിത്. അമിത ശക്തിക്ക് ഉപമാനമാണ് കാട്ടുപോത്ത്. (സംഖ്യാ, 23:22; 24:8). അതിനു വളരെ വേഗത്തിൽ ഓടാൻ കഴിയും. (സങ്കീ, 29:6). കാട്ടുപോത്തിനെ ഇണക്കുവാൻ സാദ്ധ്യമല്ല. “കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ? കാട്ടുപോത്തിനെ നിനക്കുകയറിട്ട് ഉഴവിനു കൊണ്ടുപോകാമോ? അതുനിന്റെ പിന്നാലെ നിലം നിരത്തുമോ?” (ഇയ്യോ, 39:9-10). 

കാട്ടു മൃഗങ്ങൾ (wild beasts) 

വനത്തിൽ വളരുന്നവയും മാംസഭുക്കുകളുമായ മൃഗങ്ങൾ. ഹിംസ്രസ്വഭാവമുള്ളവയാണ് അധികവും. പർവ്വതങ്ങളിൽ വിഹരിക്കുകയും (ഇയ്യോ, 40:20), ഗുഹകളിൽ പാർക്കുകയും ചെയ്യുന്നു. (ഇയ്യോ, 37:8). പർവ്വതം അവയ്ക്കു ഭക്ഷണം നല്കുന്നു; രാത്രിയിൽ അവ സഞ്ചരിക്കുന്നു. (സങ്കീ, 104:20). അനുസരണംകെട്ട മനുഷ്യനെയും സമ്പത്തിനെയും നശിപ്പിക്കുവാൻ ദൈവം അയക്കുന്ന ശിക്ഷകളിലൊന്നാണ് കാട്ടുമൃഗങ്ങൾ. (ലേവ്യ, 26:22; ആവ, 7:22; യിരെ, 7:33; യെഹെ, 29:5; 39;4, 17; ഹോശേ, 2:12). പരീക്ഷാകാലത്തു യേശു കാട്ടു മൃഗങ്ങളോടൊപ്പം കഴിഞ്ഞു. (മർക്കൊ, 1:13). 

Next Page —>