സ്നാനം ഏല്ക്കേണ്ട നാമം
“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19)
നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ആദ്യത്തേതാണ് സ്നാനം; അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:
1. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: കർത്താവ് അപ്പൊസ്തലന്മാർക്ക് നല്കിയ മഹാനിയോഗമാണ്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക” എന്നത്. “പിതാവ്, പുത്രൻ, പരിശുദ്ധാത്മാവു” എന്നത് സംജ്ഞാനാമമല്ല (Proper Noun); സ്ഥാനനാമം (Title) അല്ലെങ്കിൽ, പദവിനാമമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന മൂന്ന് പദവികൾക്കുശേഷം “നാമം അഥവാ, പേരു” (onoma – Name) എന്ന ഏകവചനം പറഞ്ഞിരിക്കയാൽ, അതൊരു “സംജ്ഞാനാമത്തെയാണ്” (Proper Noun) സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ദൈവത്തിനും ക്രിസ്തുവിനുമായി ഒരേയൊരു സംജ്ഞാനാമേ പറഞ്ഞിട്ടുള്ളു; അതാണ്, “യേശു അഥവാ, യേശുക്രിസ്തു.” (കാണുക: മത്താ, 1:21; ലൂക്കൊ, 1:31). അതായത്, ഏകസത്യദൈവമായ പിതാവിൻ്റെ നാമവും (യോഹ, 17:3. ഒ.നോ: യോഹ, 5:43; യോഹ, 17:11; യോഹ, 17:12), അവൻ്റെ ജഡത്തിലെ വെളിപ്പെടായ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ നാമവും (മത്താ, 1:21; 1തിമൊ, 2:6; 1തിമൊ, 3:14-16), പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്: (യോഹ, 14:26. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5).
2. ദൈവത്തിൻ്റെ വെളിപ്പാടുകളും പദവികളും: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ “പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണ നിയമപ്രകാരം തെറ്റാണ്. വ്യക്തികളെ ചേർത്ത് പറയുമ്പോൾ “നാമം” (Onoma – Name) എന്ന ഏകവചനമല്ല; “നാമങ്ങൾ” (Onomata – Names) എന്ന ബഹുവചനമാണ് വരേണ്ടത്. ഭാഷ അറിയാവുന്നവർക്കും വചനപരിജ്ഞാനമുള്ളവർക്കും ബൈബിളിൻ്റെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവക്കും ഈ വസ്തുത അറിയാൻ പ്രയാസമില്ല. ഉദാ: പല അപ്പൊസ്തലന്മാരെ ചേർത്ത്, ”അപ്പൊസ്തലന്മാരുടെ നാമം ഇവയാകുന്നു”‘ എന്ന് ഏകവചനത്തിൽ പറയാൻ കഴിയില്ല; വ്യത്യസ്ത വ്യക്തികളെ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” (Names) എന്ന ബഹുവചനം പറയണം: (കാണുക: മത്താ, 10:2. ഒ.നോ: KJV) എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ ”മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ ശരിയാണ്; ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏകവ്യക്തിയാണ്. അതുപോലെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആയതിനാലാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5: കൊലൊ, 3:17). കൂടുതൽ തെളിവുകൾ താഴെക്കാണാം:
3. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ: ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുകളുണ്ട്. അതുപോലെ, നാമത്തിനും നാമങ്ങൾക്കും ബൈബിളിൽ തെളിവുണ്ട്; നാമങ്ങൾ എന്ന ബഹുവചനത്തിൻ്റെ തെളിവുകൾ: 1. “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെ നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ് “പേരുകൾ അഥവാ നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും ഐക്യത്തിൽ അവർ ഒന്നായതുകൊണ്ടും ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “പേര് അഥവാ നാമം” എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. 2. “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ ‘പേരാവിതു’ എന്നാണു കാണുന്നത്. ഗ്രീക്കിൽ “ഒനോമാട്ടയും” (onomata) ഇംഗ്ലീഷിൽ “പേരുകളും” (names) ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയും മലയാളം ഓശാനയും പി.ഒ.സിയും വിശുദ്ധഗ്രന്ഥവും നോക്കുക. (കാണുക: മത്താ, 10:2. ഒ.നോ: KJV) അപ്പൊസ്തലന്മാർ ഒന്നിലധികം അഥവാ, പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ‘പേരു’ എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ അഥവാ നാമങ്ങൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അപ്പൊസ്തലന്മാർ ക്രിസ്തുവെന്ന ഏകശരീരത്തിൽ ഐക്യത്തിൽ ഒന്നായിട്ടും അവർക്ക് നാമമല്ല; നാമങ്ങളാണുള്ളത്: (യോഹ, 17:11,21,23). എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണനയമപ്രകാരം “നാമം” എന്നല്ല; “നാമങ്ങൾ” എന്നാണ് പറയേണ്ടത്. “നാമം“ ഏകവചനത്തിൻ്റെ തെളിവ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇവിടെ ശ്രദ്ധിക്കുക: ഒരുത്തൻ്റെ നാല് പ്രാവചനികനാമം (Prophetic Name) പറഞ്ഞശേഷം “പേർ” (name) എന്ന് ഏകവചനത്തിൽ പറയുന്നു. ആ നാലു പദവികൾ ഏകവ്യക്തിയുടെ “പ്രാവചനിക നാമം” ആയതുകൊണ്ടാണ്, “പേർ” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അത് ഒന്നിലധികം വ്യക്തികളെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ഏകവചനമല്ല; ബഹുവചനം അഥവാ, “പേരുകൾ” (names) എന്ന് പറയുമായിരുന്നു. അതുപോലെ മത്തായി 28:19-ലെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് വ്യത്യസ്ത വ്യക്തികളല്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവിയുമാകുന്നു. “നാമം” യേശുക്രിസ്തു എന്നും ആകുന്നു. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5: കൊലൊ, 3:17).
4. ദൈവവും മനുഷ്യനും: സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6. ഒ.നോ: 1തിമൊ, 3:15-16). ആത്മാവായ ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്: (യോഹ, 4:24; 1തിമൊ, 3:15-16; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 840; 1പത്രൊ, 2:24). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). “പിതാവു എന്നെക്കാൾ വലിയവനാണെന്നും” ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 14:28). വിശേഷചരിത്രകാലത്ത്, പിതാവും പുത്രനും ദൈവവും മനുഷ്യനുമെന്ന നിലയിൽ ഐക്യത്തിൽ ഒന്നായിരുന്നു: (യോഹ, 17:11; യോഹ, 17:21; യോഹ, 17:23). പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നപോലെ, അപ്പൊസ്തലന്മാരും ഐക്യത്തിൽ ഒന്നായിരുന്നു. “അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരായിരിക്കണം” എന്ന് ക്രിസ്തു പ്രാർത്ഥിക്കുന്നുണ്ട്: (യോഹ, 17:23). ഐക്യത്തിൽ ഒന്നായിരിക്കുന്ന അപ്പൊസ്തലന്മാർക്ക് പുതിയ യെരൂശലേമിലും പേർ അല്ല; പേരുകൾ” ആണുള്ളത്: (വെളി, 21:14. ഒ.നോ: KJV). വ്യത്യസ്ത വ്യക്തികളെച്ചേർത്ത് ഒരിക്കലും “നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അതിനാൽ, സുവിശേഷചരിത്രകാലത്ത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം പറയാൻ കഴിയില്ല. സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം പറയാൻ കഴിഞ്ഞത്: (മത്താ, 28:19; യോഹ, 10:30; യോഹ, 14:9; പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). കർത്താവ് കല്പന നൽകുന്ന സമയത്തും പിതാവും പുത്രനും വ്യതിരിക്തരാണെങ്കിൽ, പിതാവിന്റെയും “പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം അഥവാ, പേരു” (onoma – Name) എന്ന ഏകവചനപ്രയോഗം പരമാബദ്ധമായി മാറും.
5. സമാന്തരഭാഗങ്ങൾ: മത്തായി 28:19-ൽ പറഞ്ഞിരിക്കുന്ന നാമം ഏതാണെന്നറിയാൻ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15-16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം പ്രസംഗിക്കുകയും കേൾവിക്കാരനായ വ്യക്തി സുവിശേഷം കൈക്കൊള്ളുകയും ചെയ്യുന്നില്ലെങ്കിൽ സ്നാനത്തിൻ്റെ ആവശ്യമില്ല. പത്രൊസിൻ്റെ “വാക്കു അഥവാ, വചനം” കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. (പ്രവൃ, 2:41). അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്: (പ്രവൃ, 8:36-37; പ്രവൃ, 10:43-48; പ്രവൃ, 16:30-33). സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4). സുവിശേഷം യേശുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12. ഒ.നോ: പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28). അടുത്തവാക്യം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46-47). സുവിശേഷം ആരുടെ നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ആരുടെ നാമത്തിലാണോ ആ നാമത്തിൽത്തന്നെയാണ് സ്നാനവും. യേശുവിൽനിന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസും സകല പ്രവാചകന്മാരും അത് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:38; പ്രവൃ, 10:43). “യേശുക്രിസ്തു” എന്ന നാമത്തിൻ്റെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, അത് പുത്രൻ്റെ നാമം മാത്രമല്ല; പിതാവായ ഏകസത്യദൈവത്തിൻ്റെ നാമമാണ്. (യോഹ, 17:3. ഒ.നോ: യോഹ, 5:43; യോഹ, 17:11; യോഹ, 17:12).
6. സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം: പഴയനിയമത്തിൽ ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയുടേതാണ്: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). അടുത്തവാക്യം: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവംനും രക്ഷിക്കപെടും.” (യോവേ, 2:32. പ്രവൃ, 2:21; റോമ, 10:13). പുതിയനിയമത്തിൽ ആകാശത്തിനു കീഴിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തുവാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു” എന്ന നാമമല്ലാതെ വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). പഴയനിയമത്തിലെ യഹോവയല്ല യേശുക്രിസ്തുവെങ്കിൽ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടല്ല പുത്രനെങ്കിൽ (1തിമൊ, 3:14-16), പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം “യേശുക്രിസ്തു” എന്ന ഏകനാമല്ലെങ്കിൽ, ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല.” (മത്താ, 12:26).
7. അപ്പൊസ്തലന്മാർ കാണിച്ച മാതൃക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവ് കല്പിച്ചത്: (മത്താ, 28:19). അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” (പ്രവൃ, 2:38), “കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു” (പ്രവൃ, 8:16), “യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു” (പ്രവൃ, 10:48), “കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു” (പ്രവൃ, 19:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സ്നാനമെന്നല്ല, പുതിയനിയമത്തിലെ ഏതൊരുകാര്യം ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17). കർത്താവ് ഏതൊരു “നാമത്തിൽ അഥവാ, പേരിൽ” സ്നാനം കഴിപ്പിക്കാനാണോ അപ്പൊസ്തലന്മാരോട് കല്പിച്ചത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ ആത്മാവ് ആലേഖനംചെയ്ത് വെച്ചിട്ടും അങ്ങനല്ല; ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിച്ചാൽ നന്നായിരിക്കും.
8. വാക്കിനാലും ക്രിയയാലും: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). പുതിയനിയമത്തിൽ വാക്കിലും പ്രവൃത്തിയിലുമുള്ള സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്. വിശ്വാസമൊഴികെ, വാക്കും പ്രവൃത്തിയും ആവശ്യമില്ലാത്ത ഒന്നും ബൈബിളിലില്ല. വിശ്വാസം തെളിയിക്കണമെങ്കിലും പ്രവൃത്തി ആവശ്യമാണ്: (യാക്കോ, 2:18). തന്നെയുമല്ല, വാക്കും പ്രവൃത്തിയും ഒരുപോലെ ആവശ്യമുള്ള പ്രധാന ശുശ്രൂഷയാണ് സ്നാനം. വാക്കിനാലും ക്രിയയാലുമല്ലാതെ ജലസ്നാനം സാദ്ധ്യമല്ല. സ്നാപകൻ സ്നാനാർത്ഥിയുടെമേൽ നാമം പ്രസ്താവിക്കുകയും ഇരുവരും പ്രവൃത്തി ചെയ്യുകയും വേണം. അതിനാൽ ജലസ്നാനം ഏല്ക്കേണ്ടത് “യേശുക്രിസ്തുവിൻ്റെ” നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. തന്നെയുമല്ല,
9. പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്: പ്രവചനം (മത്താ, 7:22), ജാതികളുടെ പ്രത്യാശ (മത്താ, 12:20), കൂടിവരുന്ന നാമം (മത്താ, 18:20), ഭൂതോച്ചാടനം (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത് (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത് (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത് (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത് (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത് (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത് (പ്രവൃ, 2:38), രോഗസൗഖ്യം (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത് (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത് (പ്രവൃ, 4:30), സുവിശേഷം.” (പ്രവൃ, 8:12. ഒ.നോ: പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28). പാപമോചനം ലഭിക്കുന്നത് (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത് (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത് (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത് (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത് (ഫിലി, 2:10), ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്: (1തിമൊ, 3:15-16). അവൻ മനുഷ്യനാണെന്ന് നാല്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 1തിമൊ, 2:6). പിതാവും പുത്രനും പരിശുദ്ധാത്മാവും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ അല്ലെങ്കിൽ, ഏകമനുഷ്യനായ പുത്രൻ്റെ നാമത്തിൽ മാത്രം എല്ലാക്കാര്യങ്ങളും ചെയ്യാൻ കല്പിക്കുമോ? (റോമ, 5:15). എന്തെങ്കിലും ഒരുകാര്യം പിതാവിൻ്റെ നാമത്തിൽ (യഹോവ) ചെയ്യുവാൻ കല്പിക്കുമായിരുന്നില്ലേ? അതിനാൽ, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാകാൻ വല്ല പ്രയാസവുമുണ്ടോ?
10. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം: “അവരിൽ വിശ്വസിക്കുന്ന ഏവന്നും അവരുടെ നാമം മൂലം” എന്നു മൂന്നു പേരെക്കുറിച്ചല്ല; “അവനിൽ’ അഥവാ ‘യേശുക്രിസ്തുവിൽ” എന്നു ഏകനെക്കുറിച്ചാണ് പറയുന്നത്. അടുത്തത്; “അവരുടെ നാമം മൂലം പാപമോചനം ലഭിക്കും’ എന്നു മൂന്നുപേരെക്കുറിച്ചല്ല; “അവൻ്റെ നാമം മൂലം” എന്നു യേശുക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് പറയുന്നത്. അതുതന്നെയാണ് കർത്താവ് കല്പിച്ച “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം.” (മത്താ, 28:19). അതിൻ്റെ തെളിവാണ് പത്രൊസിൻ്റെ വാക്കുകൾ: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38. ഒ.നോ: പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷമാണ് പത്രൊസ് സ്നാനം കഴിപ്പിച്ചതെന്നും ഓർക്കുക: (പ്രവൃ, 2:1-4). യഹോവയായ ഏകദൈവമാണ് രക്ഷകനും പാപമോചകനും: (യെശ, 45:22; യോവേ, 2:32 → യെശ, 43:25; യെശ, 44:22; മീഖാ, 7:19). ഏകസത്യദൈവമായ പിതാവും പുത്രനും സുവിശേഷചരിത്രകാലം കഴിഞ്ഞും വ്യതിരിക്തരാണെങ്കിൽ, മനുഷ്യനായ ക്രിസ്തുവിൻ്റെ നാമത്തിൽ മാത്രം പാപമോചനവും രക്ഷയും ലഭിക്കുമോ?
11. ആദിമസഭ വിളിച്ചപേക്ഷിച്ച നാമം: ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:22), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം (യഹോവ) ആരും വിളിച്ചപേക്ഷിച്ചിട്ടില്ല. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമാണെങ്കിൽ അപ്പൊസ്തലന്മാരും യെഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ ആ നാമം വിളിച്ചപേക്ഷിക്കുമായിരുന്നോ?
12. ‘ഞാനോ’ എല്ലാനാളും കൂടെയുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത വ്യക്തിയല്ലെന്നതിൻ്റെ തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്; അതിൻ്റെ അവസാനഭാഗം: ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് കർത്താവ് അരുളിച്ചെയ്ത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായ മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം “ഞാനോ എന്നല്ല ഞങ്ങളോ” ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് പറയുമായിരുന്നു. തന്മൂലം, ആ വേദഭാഗത്ത് നിന്നുതന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആണെന്ന് മനസ്സിലാക്കാം. “എല്ലാവർക്കും മീതെയുള്ളവനുൽ എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)
13. കർത്താവിൻ്റെ മഹാനിയോഗം: കർത്താവ് സ്നാനത്തെക്കുറിച്ചുള്ള കല്പന നല്കിയത് ത്രിത്വവിശ്വാസികൾക്കല്ല; ഏകദൈവവിശ്വാസികളായ അപ്പൊസ്തലന്മാർക്കാണ്. യേശു അവരുടെ ഭാഷയിൽ അവരോട് പറഞ്ഞ കാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. കർത്താവിൽനിന്ന് അവർക്ക് ലഭിച്ച കല്പന അവരെങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു എന്ന് പരിശോധിച്ചാൽ, സത്യവിശ്വാസികൾക്ക് സ്നാനത്തെക്കുറിച്ചുള്ള ഉത്തരമായി. ത്രിത്വനാമത്തിൽ അഥവാ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന സ്ഥാനനാമത്തിൽ ഒരിക്കലും അവർ സ്നാനം കഴിപ്പിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). ചിലർ കരുതുന്നത്; യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനപ്പെടുത്തിയതെന്നാണ്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റയക്ഷരം യേശു എഴുതിയിട്ടില്ല. എല്ലാം അപ്പൊസ്തലന്മാരും അവരുടെ സഹചരന്മാരുമാണ് എഴുതിയിരിക്കുന്നത്. അവർ യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ, പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് പിന്നെ യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ല. ന്യായപ്രമാണകല്പനപോലെ, ഒന്നിൽ തെറ്റിയ അവർ സകലത്തിന്നും കുറ്റക്കാരായി തീരുകയും ചെയ്യുമായിരുന്നു. (യാക്കോ, 2:10). 2. പെന്തെക്കൊസ്തിൽ സഭ സ്ഥാപിതമായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതിനും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മത്തായി സുവിശേഷം എഴുതുന്നത്. അവർ കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് സ്നാനം കഴിപ്പിച്ചിരുന്നതെങ്കിൽ, കർത്താവിൻ്റെ കല്പനയെ അവർക്കനുകൂലമായി മത്തായിക്ക് തിരുത്തിയെഴുതാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിൽനിന്ന് കർത്താവ് പറഞ്ഞ കല്പനയാണ് അവർ അതേപോലെ അനുസരിച്ചതെന്ന് മനസ്സിലാക്കാം. 3. അപ്പൊസ്തലന്മാരുടെ പ്രവൃത്തികളെന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ എന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അതിലെ പ്രവൃത്തികൾ മുഴുവൻ പരിശുദ്ധാത്മാവിൻ്റേതാണ്. പരിശുദ്ധാത്മാവ് അപ്പൊസ്തലന്മാരെ തടുക്കുന്നതായും, പറഞ്ഞയക്കുന്നതായും, എടുത്തുകൊണ്ട് പോകുന്നതായും നാം വായിക്കുന്നു. (പ്രവൃ, 8:39; പ്രവൃ 13:4; പ്രവൃ, 16:7). ആത്മാവിന് വിരുദ്ധമായി പ്രവർത്തിച്ച ഒരു കുടുംബം പട്ടുപോയതായും കാണാം. (പ്രവൃ, 5:1-11). എന്നുവെച്ചാൽ, കർത്താവ് കല്പിച്ചതിന് വിരുദ്ധമായി അപ്പൊസ്തലന്മാർ പ്രവർത്തിക്കാൻ ഇച്ഛിച്ചാലും അവരിൽ വസിക്കുന്ന ദൈവാത്മാവ് അതിന് സമ്മതിക്കില്ലായിരുന്നു. അതിനാൽ, കർത്താവ് കല്പിച്ച പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം അഥവാ, പേര് ” യേശുക്രിസ്തു’ ആണെന്നും ആ നാമത്തിലാണ് അവർ സ്നാനം കഴിപ്പിച്ചതെന്നും അസന്ദിഗ്ദമായി തെളിയുന്നു.
ഒരു നാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനമേല്ക്കാനാണ് കർത്താവു് കല്പിച്ചിരിക്കുന്നത്; ആ നാമം “യേശു” എന്നല്ലാതെ മറ്റൊന്നല്ല. (പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള “യെഹോശൂവാ അഥവാ, യേശു” എന്നതാണ് സംജ്ഞാനാമം. (മത്താ, 1:21; ലൂക്കൊ, 1:31). അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന പദവിനാമം പിൽക്കാലത്ത്, യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ “യേശു” എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് “യേശുക്രിസ്തു” എന്ന പേരായി മാറിയതാണ്. (യോഹ, 17:3). പെന്തെക്കൊസ്തുനാളിൽ പത്രൊസും അത് വ്യക്തമാക്കി: (പ്രവൃ, 2:38. ഒ.നോ: മത്താ, 1:1; മർക്കൊ, 1:1). പ്രവൃത്തികളിൽ ‘യേശുക്രിസ്തു’ (പ്രവൃ, 2:38; പ്രവൃ, 10:48) എന്ന നാമത്തിൽ സ്നമേറ്റതായി രണ്ടിടത്തും, ‘കർത്താവായ യേശു’ (പ്രവൃ, 8:16; പ്രവൃ, 19:5) എന്ന നാമത്തിൽ സ്നാനമേറ്റതായി രണ്ടിടത്തും പറഞ്ഞിട്ടുണ്ട്. അതിനാൽ, ”കർത്താവായ യേശു, യേശുക്രിസ്തു, കർത്താവായ യേശുക്രിസ്തു” എന്നിങ്ങനെ ഏത് നാമത്തിലും സ്നാനമേല്ക്കാവുന്നതാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിക്കുന്നവനും ഏല്ക്കുന്നവനും പിതാവായ ദൈവത്തിനാണ് സ്തോത്രം കരേറ്റുന്നത്. സ്നാനം വാക്കിലും പ്രവൃത്തിലും ഉൾപ്പെടുന്ന ശുശ്രൂഷയല്ലെന്ന് ഒരു വ്യക്തിയോ, പ്രസ്ഥാനമോ കരുതുന്നുവെങ്കിൽ, അവരെ തിരുത്താൻ ഈ ലേഖനത്തിനെന്നല്ല, ദൈവത്തിനുപോലും കഴിയില്ല.
യേശുക്രിസ്തു അടിസ്ഥാനമിട്ട (1കൊരി, 15:3-4) യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8) അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷം കൈക്കൊണ്ട് അവൻ്റെ രക്ഷയിലേക്ക് വരുന്ന വ്യക്തിക്ക് സ്നാനമേല്ക്കേണ്ട നാമം ഏതാണെന്ന് നിശ്ചയമുണ്ടാകില്ല; കഴിപ്പിക്കുന്ന ആൾക്കാണ് ശരിയായ നാമത്തിൽ സ്നാനം നൽകാനുള്ള ഉത്തരവാദിത്വം. വാക്കുകൊണ്ടും ക്രിയകൊണ്ടുമുള്ള രണ്ടു ശുശ്രൂഷകളാണ് ദൈവസഭയ്ക്കുള്ളത്: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (1പത്രൊ, 4:11). ഇതുരണ്ടും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം. നാമം പ്രസ്താവിക്കപ്പെടുകയും ക്രിയചെയ്യുകയും ചെയ്യുന്നു. തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, സ്നാനം കഴിപ്പിക്കുന്നയാൾ മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു: കർത്താവിൻ്റെ കല്പന ലംഘിക്കുന്നു (മത്താ, 28:19); ദൈവവചനത്തോടു മറുതലിക്കുന്നു (കൊലൊ, 3:17); യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). കല്പന അനുസരിക്കാൻ ഉള്ളതാണ്; ആവർത്തിക്കാൻ ഉള്ളതല്ല. ത്രിത്വനാമത്തിൽ സ്നാനപ്പെടുത്തുന്ന എല്ലാവരും കർത്താവിൻ്റെ കല്പന അനുസരിക്കുകയല്ല; ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
14. ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ക്രിസ്തുവിൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
15. ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകളാണുള്ളത്: അനേകർക്കും ദൈവത്തിൻ്റെ പ്രകൃതിപോലും അറിയില്ലെന്നതാണ് വസ്തുത: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്:“ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പലരും കണ്ടിട്ടുണ്ട്. പിതാവ്: “എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” ക്രിസ്തു പറഞ്ഞു: (മത്താ, 18:11). പിതാവായ യഹോവയെ അനേകംപേർ കണ്ടിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2). സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന യഹോവയെയാണ്, മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-3), ദാനീയേനും (7:9-10), യോഹന്നാനും കണ്ടത്: (വെളി, 4;6-8). യഹോവ സ്വർഗ്ഗസിംഹാസനത്തിലിരുന്ന് രാപ്പകൽ അഥവാ, നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്: (വെളി, 4:8; യെശ, 6:3). അതാണ്, “എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” ക്രിസ്തു പറഞ്ഞു: (മത്താ, 18:11). സ്വർഗ്ഗത്തിൽക്കണ്ട യഹോവയായ ദൈവത്തിനു് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യെഹെ, 1:26; യെഹെ, 10:1). ബൈബിൾ പുസ്തകങ്ങളിൽ ചരിത്രപരമായി അവസാനം അഞ്ചു പുസ്തകങ്ങളെഴുതിയ യോഹന്നാൻ അപ്പോസ്തലൻ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടശേഷമാണ്, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12). അതിനാൽ, സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യനായ ദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കയാണെന്ന് മനസ്സിലാക്കാം. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:27; ഉല്പ, 5:1; ഉല്പ, 9:6). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്: (മത്താ, 18:11; വെളി, 4:8; യെശ, 6:3). പുത്രൻ: അന്ത്യകാലത്ത് മനുഷ്യനായി വെളിപ്പെട്ട പുത്രനെയും ലക്ഷക്കണക്കിനുപേർ കണ്ടിട്ടുണ്ട്: (യോഹ, 8:40; 1കൊരി, 15:21; 1തിമൊ, 2:6; 1തിമൊ, 3:15-16; 1പത്രൊ,1:20). പരിശുദ്ധാത്മാവ്: ആത്മാവിനെ ദേഹരൂപത്തിൽ അഥവാ, മനുഷ്യരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടു: (ലൂക്കൊ, 3:22. ഒ.നോ: യോഹ, 1:32). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടിട്ടുണ്ട്. അതായത്, അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും അഥവാ, ഏകദൈവത്തിൻ്റെ പുതിയനിയമത്തിലെ നാമമാണ് “യേശുക്രിസ്തു.” (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). [കാണുക: ദൈവനാമം: യഹോവ → യേശുക്രിസ്തു]. ദൈവത്തിനു് വേറെയും വെളിപ്പാടുകളുണ്ട്. [കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും]
മത്തായി 28:19 സ്നാനം സ്വീകരിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരിയായി: പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമമാണ്. സ്വർഗ്ഗത്തെക്കാൾ ഉന്നതമായ, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന അതിശയകരമായ നാമമാണതെന്ന് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ത്രിത്വവിശ്വാസികൾ നെഞ്ചത്തടിച്ച് അവകാശപ്പെടുന്ന ഒരു കാര്യമുണ്ട്: ഞങ്ങൾ കർത്താവ് കല്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലാണ് സ്നാനമേറ്റത്. അല്ല സഹോദരങ്ങളെ, ഇതുവരെയും നിങ്ങൾ കർത്താവിൻ്റെ കല്പന അനുസരിച്ചിട്ടില്ല. നിങ്ങൾ യഥാർത്ഥമായി ആ നാമം ഗ്രഹിച്ചിട്ടില്ല; പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമത്തിൽ” (onoma) സ്നാനം ഏറ്റിട്ടില്ല. ആ അതിപരിശുദ്ധനാമം “യേശുക്രിസ്തു” എന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ട; ക്രിസ്തുവിൽ ഇടറിപ്പോകാത്തവർ ഭാഗ്യവാന്മാർ!
കൂടുതൽ അറിവിനായി താഴെക്കാണുന്ന ലേഖനങ്ങൾ കാണുക: 👇
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?
2 thoughts on “സ്നാനം ഏല്ക്കേണ്ട നാമം”