വെളിപ്പാടും അവതാരവും

വെളിപ്പാടും അവതാരവും

“ജീവനുള്ള ദൈവം ജഡത്തിലുള്ള വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16)

ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവസഭയിലെ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. അവതാരവും വെളിപ്പാടും ഒന്നാണെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണുള്ളത്. ദൈവം അവതരിച്ചിട്ടില്ല എന്നല്ല; ദൈവത്തിന് അവതരിക്കാൻ കഴിയില്ലെന്നതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവന് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അവതാരവും വെളിപ്പാടും തമ്മിലുള്ള വ്യത്യാസംപോലും അനേകർക്കും അറിയില്ലെന്നതാണ് വസ്തുത. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” “അവതാരമെന്നാൽ; “തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” അവതാരം പേഗൻ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ലെന്ന് അറിയുമ്പൊഴാണ് ത്രിത്വമെന്ന ഉപദേശം എത്ര ഹീനമാണെന്ന് മനസ്സിലാകുന്നത്. ബൈബിൾവിരുദ്ധമായ ഉപദേശം സ്ഥാപിക്കാൻ അവതാരമെന്ന പേഗൻ സങ്കല്പമാണ് ത്രിത്വം സത്യദൈവത്തോടു കൂട്ടിക്കെട്ടിയത്.

ത്രിത്വോപദേശം അതിൽത്തന്നെ പൂർണ്ണമായൊരുപദേശമല്ല. മറ്റനേകം ബൈബിൾ വിരുദ്ധ ഉപദേശങ്ങളുടെ സഹായത്തോടെയാണ് അത് നിലനില്ക്കുന്നത്. ഏകദൈവത്തെ ത്രിത്വമാക്കിയവർ, “ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായവനെ രണ്ടാമനാക്കി; നിത്യപിതാവായവനെ നിത്യപുത്രനാക്കി; ജഡത്തിൽ പാപമറിയാത്ത മനുഷ്യൻ മാത്രമായവനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കി; ജഡത്തിൽ വെളിപ്പെട്ടവനെ അവതരിച്ചവനുമാക്കി.” ത്രിത്വമെന്നൊരു പദമോ ആശയമോ ബൈബിളിലില്ലാത്തതുപോലെ, അവതാരമെന്ന പദമോ ആശയമോ ബൈബിളിലില്ല. എങ്കിലും പണ്ഡിതന്മാരും വിശ്വാസികളും ഒരിക്കൽപ്പോലും ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു പറയാതെ, അവതരിച്ചുവെന്നു മാത്രമേ പറയാറുള്ളു. പ്രസംഗങ്ങളിലും പാട്ടുകളിലും അവതാരമാണുള്ളത്. ആത്മീയ ഗീതങ്ങളിലെ ചില പാട്ടുകൾ കാണിക്കാം: “ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ, ദേവകുമാരാ! സർവ്വപാപവിദൂരാ!… എന്നു തുടങ്ങുന്ന പാട്ടിൻ്റെ അനുപല്ലവി ഇപ്രകാരമാണ്: സ്വർഗ്ഗമഹിമാസനവും നിസ്തുലപ്രഭാനിറവും അത്രയും വെടിഞ്ഞു ഭൂവിൽ അവതരിച്ചോനേ! അവതരിച്ചോനേ! താഴ്മ സ്വയം വരിച്ചോനേ!…” (song no: 213). അടുത്തത്: “നിജ ജനക സന്നിധിയും വിബുധരുടെ വന്ദനവും വെടിഞ്ഞുവന്ന ദിവ്യഗുരോ!…. നമസ്കാരം!” (song no: 23). വേറൊരണ്ണം: “സ്വർഗ്ഗപിതാവിൻ മടിയിൽ പാർക്കും നാഥനേ! സ്വർഗ്ഗം വിട്ടീ ഭൂമിയിൽ നീ വന്നതെങ്ങനെ?….” (song no: 333. ഒ.നോ: 15, 111, 140, 147, 154, 170, 199, 277, 288, 321, 346, 354, 397, 662). ദൈവത്തിനെങ്ങനെയാണ് സകലവും ത്യജിച്ചിട്ട് ഭൂമിയിൽ അവതരിക്കാൻ കഴിയുന്നത്? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ? ദൈവത്തിൻ്റെ പ്രകൃതിക്കു നിരക്കാത്ത സത്യവിരുദ്ധമായ കാര്യങ്ങളാണ് അനേകരും പഠിപ്പിക്കുന്നത്. 

ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് അക്ഷരംപ്രതി പൗലൊസ് എഴുതിവെച്ചിട്ടുണ്ട്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യം. (1തിമൊ, 3:14-16). ദൈവത്തിൻ്റെ വചനം ആയിരിക്കുന്നതുപോലെ വിശ്വസിക്കാൻ കഴിയാത്തതാണ് വിശ്വാസികളുടെ പ്രശ്നം. താൻ വെളിപ്പെട്ടവനാണെന്ന് യേശുവിൻ്റെ വാക്കുകളിൽ വ്യക്തമാണ്:” സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). ഇതാണ് വെളിപ്പാട്; സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയുന്നതാണ് വെളിപ്പാട്. സർവ്വശക്തിയുള്ള ദൈവമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടുനിന്നത്. അവതാരത്തിന് ഇത് സാദ്ധ്യമല്ല; സ്വർഗ്ഗത്തിലുള്ള തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചിട്ടല്ലാതെ ഭൂമിയിൽ മനുഷ്യനായി അവതാരമെടുക്കാൻ  കഴിയില്ല. എന്നാൽ സത്യദൈവത്തിന് അവതാരം സാദ്ധ്യമല്ല. (യാക്കൊ, 1’17; മലാ, 3:6).

ത്രിത്വം ദൈവാത്മാവിൻ്റെ ഉപദേശമല്ല; അല്ലെങ്കിൽ വെളിപ്പെട്ട ദൈവത്തെ പുറംജാതികളുടെ സങ്കല്പമായ അവതരിച്ചവൻ ആക്കില്ല. ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കാൻ കഴിയാത്തതാണ് ത്രിത്വത്തിൻ്റെ പ്രശ്നം. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; “മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; നമ്മിൽ ഒരുത്തനെപ്പോലെന്നു പറഞ്ഞിരിക്കുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). നൂറ്റമ്പതോളം വാക്യങ്ങൾ തെളിവായിട്ട് ബൈബിളിലുണ്ട്; ഒന്നാം പ്രമാണംപോലും ലംഘിച്ചുകൊണ്ടാണ് ത്രിത്വദുരുപദേശം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയത്. തെളിവുകൾ കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). 

പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് പ്രത്യക്ഷതകളാണുള്ളത്: അബ്രാഹാമിനു അഞ്ചു പ്രാവശ്യവും; യിസ്ഹാക്കിനു രണ്ടു പ്രാവശ്യവും; യാക്കോബിനു രണ്ടുപ്രാവശ്യവും; മോശെയ്ക്ക് അഞ്ചുപ്രാവശ്യം; അഹരോൻ, നാദാബ്, അബീഹൂ, എഴുപത് മൂപ്പന്മാർ, യിസ്രായേൽ ജനം; ബിലെയാമിനു നാലുപ്രാവശ്യം; യഹോവ ശമൂവേലിനു വചനമായി നാലുപ്രാവശ്യം അല്ലാതെ രണ്ടു പ്രാവശ്യവും; ദാവീദ്, ശലോമോൻ, മീഖായാവ്, ഇയ്യോബ്, യെശയ്യാവ്, യിരെമ്യാവ് യെഹെസ്ക്കേൽ, ദാനീയേൽ, ആമോസ് തുടങ്ങിയവർക്കെല്ലാം പ്രത്യക്ഷനായിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും; പുനരുത്ഥാനത്തിനു ശേഷം വന്നതിനെക്കുറിക്കാൻ പതിമൂന്നു പ്രാവശ്യവും; മഹത്വത്തിൽ ഇനി വരുവാനുള്ളതിനെ കുറിക്കാൻ പതിനെട്ട് പ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് പുതിയനിയത്തിൽ മാത്രമുള്ള സംഗതിയല്ല; പഴയനിയമത്തിലും ദൈവം ജഡത്തിൽ വെളിപ്പെട്ടിട്ടുണ്ട്. “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. ഒൻപത് പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ നമസ്കരിക്കുന്നതനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

ഇനിയും തെളിവുണ്ട്: അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). എന്നുവെച്ചാൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായവൻ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. (1തിമൊ, 3:14-16).

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, യേശുവെന്ന അഭിഷിക്തനെക്കുറിച്ചുള്ള പ്രവചനവും പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

“മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; യോഹ, 1:1; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായതും. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി തന്നെത്തന്നെ ദൈവത്തിന് യാഗമാക്കിയത്. (എഫെ, 5:2; 1തിമൊ, 2:5,6). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. (1തിമൊ, 2:5,6; തീത്തൊ, 2:12). സുവിശേഷങ്ങളിൽ കാണുന്നത് (യോഹ, 20:17 വരെ) യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ്; ലേഖനങ്ങളിൽ കാണുന്നത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ്. (തീത്തൊ, 2’12). യേശുവിൻ്റെ ഐഹിക ജീവകാലത്ത് ആരുമവനെ ദൈവമെന്ന് വിളിക്കുകയോ താൻതന്നെ ദൈവമാണെന്ന് അവകാശപ്പെടുകയോ ചെയ്തില്ല; യേശു പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നതിന് അനേകം തെളിവുകളുമുണ്ട്. ദൈവത്തെയും മനുഷ്യനെയും വേർതിരിച്ചു മനസ്സിലാക്കാൻ ഒരു സംഭവം പറയാം: യേശുവിൻ്റെ അടുക്കൽ വന്ന ഒരു പ്രമാണി തന്നെ ‘നല്ല ഗുരോ’ എന്നു സംബോധന ചെയ്യുന്നതായി കാണാം. അതിനു യേശുവിൻ്റെ മറുപടി ശ്രദ്ധേയമാണ്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്. (മർക്കൊ, 10:17,18; ലൂക്കൊ, 18:18,19). താൻ നല്ലവനല്ലെന്നല്ല പറഞ്ഞതിനർത്ഥം; ആത്യന്തികമായ അർത്ഥത്തിൽ ദൈവം മാത്രമാണ് നല്ലവൻ. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 100:5; നഹൂം, 1:7). മനുഷ്യൻ മാത്രമായതിനാൽ ‘നല്ലവൻ’ എന്ന പദവിപോലും നിഷേധിച്ച താൻ പുനരുത്ഥാനശേഷം തോമാസ് തന്നെ: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക. (യോഹ, 20:28). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

പുതിയനിയമത്തിൽ ദൈവത്തിൻ്റെ മനുഷ്യനായുള്ള പ്രത്യക്ഷത കൂടാതെ ദൈവമായുള്ള പ്രത്യക്ഷതകളും പലപ്രാവശ്യമുണ്ട്. ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും മറ്റൊരു വ്യക്തിയുമായിരുന്നു. സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്ന് പിതാവിനെയും ചേർത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 8:29; 16:32). യോർദ്ദാനിലെ സ്നാനംമുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു; അതിനാലാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞത്. (മത്താ, 3:16; യോഹ, 3:2;  പ്രവൃ, 10:38). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അതിനാൽ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. പുനരുത്ഥാനശേഷം യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയതോടുകൂടി മനുഷ്യനെന്ന നിലയിലുള്ള ശുശ്രൂഷയ്ക്ക് വിരാമമായി. (യോഹം 20:17). വീണ്ടും പ്രത്യക്ഷനായത് ദൈവമാണ്; അതിനാലാണ് തോമാസ് “എൻ്റെ ദൈവമേ” എന്നു യേശുവിനെ വിളിച്ചത്. (യോഹ, 20:28). മുമ്പേ പ്രമാണി തന്നെ നല്ലവനെന്ന് വിളിച്ചപ്പോൾ നിഷേധിച്ച യേശു, എന്തുകൊണ്ട് തോമാസിനെ തടുത്തില്ലെന്ന് ചിന്തിച്ചാൽ മതി.

ജഡത്തിൽ വെളിപ്പെട്ടതാരാണ്: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (തിമൊ, 3:16). “അവൻ” എന്ന സർവനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവമെന്നു കിട്ടും. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതിന് ഒരുപ്രാവശ്യം നാമം ആവർത്തിച്ചിട്ടുണ്ടാകണം; എന്നാലല്ലേ ‘അവൻ’ എന്ന സർവ്വനാമം ചേർക്കാൻ പറ്റുകയുള്ളു; മകളിലെ വാക്യത്തിൽ നാമമുണ്ട്; അവിടെ ജീഒനുള്ള ദൈവത്തെക്കുറിച്ചും അവൻ്റെ സഭയെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്: “താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” (1തിമൊ, 3:15). ജീവനുള്ള ദൈവം യഹോവയാണെന്ന് പഴയനിയമത്തിൽ എഴുതിവെച്ചിട്ടുണ്ട്. (യിരെ, 10:10). ആരാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലായില്ല? അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV, KJ2000, KJCNT; KJLNT, KJV+; KJV1611; LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. ” ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നത് ഒരു പരിധിവരെ ശരിയാണെന്നല്ലാതെ, വ്യാകരണനിയമപ്രകാരം അത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഈ പരിഭാഷ വ്യാകരണനിയമപ്രകാരം ശരിയാണ്; എന്തെന്നാൽ 15-ാം വാക്യത്തിൽ സഭയെ “ദൈവപിതാവിന്റെ ഭവനം” (the house of God-The Father) എന്നാണ് പറഞ്ഞിരിക്കുന്നത്: “But if I wait long, that you may know how you ought to behave yourself in the house of God-The Father, which is the church of the living God-The Father, the pillar and ground of the truth.” (3:15). ജീവനുള്ളദൈവവും പിതാവുമായ യഹോവയാണ് ജഡത്തിൽ പ്രത്യക്ഷനായത് (യിരെ, 10:10); അതാണ് പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം. പിതാവായ ദൈവം അഥവാ യഹോവ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോൾത്തന്നെ യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (യോഹ, 3:13).

ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 3:14-16: 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ പിന്നെ ആ പദവിയല്ലാതെ, മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷത നിത്യമാണെങ്കിൽ, അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11), ദൈവാലയത്തിൽ നിറഞ്ഞ തേജസ്സും (2ദിന, 5:14), യേശുവിൻ്റെ സ്നാനസമയത്തെ പ്രാവും (മത്താ, 3:16), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3), പൗലൊസിനു വെളിപ്പെട്ട സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞ വെളിച്ചവും (പ്രവൃ, 26:13), നിത്യമായിരിക്കണം. അതെല്ലാം ദൈവത്തിൻ്റെ വലത്തുമിടത്തുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നുണ്ടെന്ന് പറയുമോ? പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമത്തിൽ ദൈവം യിസ്രായേലിനോടു വാഗ്ദത്തം ചെയ്തതെല്ലാം തൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയായ പുത്രനിലൂടെ നിവൃത്തിയാകുകയായിരുന്നു. ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല നിവൃത്തിപ്പാനത്രെ വന്നതെന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). യഹോവ ഒരു പുതിയനിയമം സ്ഥാപിക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. (യിരെ, 31:31-34). തൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ  ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: യോഹ, 14:26; 17,11,12; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതുകൊണ്ടാണ്, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). പഴയനിയമത്തിൽ സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവും നാമവും യഹോവയായിരുന്നു പുതിയനിയമത്തിൽ യേശുക്രിസ്തുവും. (യെശ, 45:22). യഹോവയും യേശുക്രിസ്തുവും വ്യതിരിക്തരായാൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമം മാത്രമേയുള്ളെന്ന് പറയാൻ കഴിയുമോ? പറഞ്ഞാൽ, പഴയപുതിയനിയമങ്ങൾ പരസ്പരവിരുദ്ധമാകില്ലേ?

വെളിപ്പാടായാലും അവതാരമായാലും എന്താണ് കുഴപ്പമെന്ന് വളരെ ലാഘവത്തോടെയും ഏറെ പുച്ഛത്തോടെയും ചോദിക്കുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. ബൈബിൾവിരുദ്ധ ഉപദേശങ്ങളോടുള്ള വിശ്വാസികളുടെ മൃദുസമീപനമാണ് ക്രൈസ്തവസഭയിലെ എണ്ണമില്ലാത്ത ദുരുപദേശങ്ങൾക്കു കാരണം. വെളിപ്പെട്ടവനെ അവതരിച്ചവനാക്കിയാൽ എന്താണ് കുഴപ്പമറിയാമോ? മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് അഥവാ കാലസമ്പൂർണ്ണതയിലാണ് ഏകദൈവം ജഡത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4; 1തിമൊ, 3:16; എബ്രാ, 1:2; 1പത്രൊ, 1:20). എന്നുവെച്ചാൽ; വെളിപ്പെടുന്നതിനു മുമ്പോ, വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായ ശേഷമോ വെളിപ്പാട് അഥവാ വെളിപ്പെട്ട മനുഷ്യൻ ഉണ്ടാകുകയില്ല. ആരോണോ മനുഷ്യനായി വെളിപ്പെട്ടത് അവൻ മാത്രമാണ് ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8; വെളി, 1:17). ഏകദൈവത്തിന് അവതരിക്കാൻ കഴിയില്ല; അതിനാണ് ത്രിത്വം പുത്രനെ മറ്റൊരു വ്യക്തിയും, ഏകദൈവത്തെ ബഹുത്വവും ആക്കിയത്. എന്തെന്നാൽ അവതാരത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. (യോഹ, 3:13). എന്നാൽ ത്രിത്വവിശ്വാസത്തിന് അവതാരമെന്ന ജാതീയ സങ്കല്പംപോലും യോജിക്കില്ലെന്നതാണ് വസ്തുത: ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (1കൊരി, 15:21; 2കൊരി, 5:21; ഫിലി, 2:8; 1തിമൊ, 2:6). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിക്കുന്നവരാണ് ത്രിത്വക്കാർ. എന്നാൽ, ക്രിസ്തുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെന്നുള്ള വിശ്വാസം അവതാരത്തിന് യോജിക്കുന്ന ഉപദേശമേയല്ല. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മാത്രമേ അവതരിക്കാൻ കഴിയുകയുള്ളു. ദൈവത്വവുമായാണ് മനുഷ്യനായതെങ്കിൽ ത്രിത്വദൈവം അവതാരവുമല്ല വെളിപ്പാടുമല്ലെന്ന് വരും. മറ്റൊരു പ്രയോഗം കണ്ടെത്തേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ; ഏകസത്യദൈവമായ യഹോവ അഥവാ യേശുക്രിസ്തുവിനെ ബഹുദൈവം ആക്കാൻ ഉപായിയായ സർപ്പം സംവിധാനം ചെയ്ത ത്രിത്വനാടകത്തിലെ ഒരു രംഗമാണ് അവതാരമെന്ന പേഗൻ സങ്കല്പം; അതിലെ അഭിനേതാക്കളാണ് ത്രിത്വവിശ്വാസികൾ.

യോഹന്നാൻ്റെ സുവിശേഷത്തിലെ ചില വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വെളിപ്പെടുകയല്ല; സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നതാണെന്ന് തോന്നും. “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹ, 6:38). “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; യേശു അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയായിരുന്നില്ല; കന്യകയായ മറിയയിലൂടെ ജനിക്കുകയായിരുന്നു എന്ന് എല്ലാവർക്കും അറിയാം. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). അപ്പം സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50). പ്രതിരൂപാത്മകമായും ആലങ്കാരികമായും ആത്മീയമായും പറഞ്ഞിരിക്കൂന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; നിത്യജീവൻ ലഭിക്കാൻ യേശുവിനെ കടിച്ചുപറിച്ച് തിന്നേണ്ടിവരും. “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറയുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിക്തനെങ്ങനെ ഉണ്ടാകും? എന്നാൽ എന്നുമെന്നേക്കും ഉള്ളതാരാണ്? അഭിഷിക്തമനുഷ്യനായി അഥവാ മനുഷ്യരുടെ പാപപരിഹാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത് ആരാണോ അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയോ, ദൈവം അയച്ചിട്ടുവന്ന വ്യക്തിയോ, ഇറങ്ങിവന്ന വ്യക്തിയോ ആണെങ്കിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും  സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നതെങ്ങനെയാണ്? യേശു പറയുന്നു: ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും സ്ർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നു. (യോഹ, 3:13). അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയെന്ന് പറയുന്നത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിലെ യഹോവയും ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്; ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ ക്രിസ്തു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ബാഹ്യമായ രണ്ടു തെളിവുകൾ: ദൈവം അവതരിക്കുകയല്ല വെളിപ്പെടുകയാണ് ചെയ്തതെന്ന് എല്ലാ പെന്തെക്കൊസ്ത് ബ്രദ്റൻ പണ്ഡിതന്മാർക്കും അറിയാം. എന്നാൽ അവരുടെ പ്രസ്ഥാനത്തിൻ്റെ വിഴുപ്പു ചുമക്കുകയെന്ന ബാധ്യത അവർക്കുള്ളതിനാൽ അവരത് പരസ്യമായി അംഗീകരിക്കില്ല. എങ്കിലും ചില പ്രത്യേക സാഹചര്യത്തിൽ അവരിൽനിന്നുതന്നെ അറിഞ്ഞോ അറിയാതെയോ സത്യം പുറത്തുവരും. അങ്ങനെയുള്ള രണ്ടു തെളിവുകളാണ് ചുടെ ചേർക്കുന്നത്:

1. ആദ്യത്തേത്, ബ്രദ്റൻ സഭയുടെ സ്ഥാപകനേതാവും ക്രൈസ്തപണ്ഡിതനും ഭാഷാപണ്ഡിതനുമായ ശ്രീ കെ.വി. സൈമൺ സാറിൻ്റെ ത്രിത്വപ്രബോധിക എന്ന പുസ്തകത്തിൽ നിന്നുള്ള തെളിവാണ്. 1തിമൊഥെയൊസ് 3:14:16-ൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് “അവൻ” എന്ന സർവ്വനാമത്തോടുള്ള ബന്ധത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ത്രിത്വവിശ്വാസിയാണെങ്കിലും ഭാഷയുടെ വ്യാകരണനിയമത്തെ മറിച്ചുകളയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളത് ഒരു വലിയ കാര്യമാണ്.

2. പെന്തെക്കൊസ്തു പാസ്റ്ററും പണ്ഡിതനും വാഗ്മിയുമായ അനിൽ കൊടിത്തോട്ടത്തിൻ്റെതായ ഒരു വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. (കാണുക: അവതാരമല്ല; വെളിപ്പാട് (കൊടിത്തോട്ടം)

പ്രത്യക്ഷനായവൻ പാപമറിയാത്ത മനുഷ്യൻ: ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നവൻ ജഡത്തിൽ വന്നവൻ പൂർണ്ണദൈവമാണെന്ന് ഒരിക്കലും പറയില്ല. സമസ്തവും സൃഷ്ടിച്ച സർവ്വശക്തൻ മനുഷ്യനായി വെളിപ്പെടാതെ മനുഷ്യൻ്റെ പാപംപോക്കാൻ കഴിയില്ലായിരുന്നോ? കഴിയില്ലായിരുന്നു! അതാണുത്തരം. ദൈവത്തിൻ്റെ കല്പനകൾ ആരൊക്കെ ലംഘിച്ചാലും കല്പന പുറപ്പെടുവിച്ച തനിക്കത് പിൻവലിക്കാനോ, ലംഘിക്കാനോ കഴിയില്ല. ‘പാപം ചെയ്യുന്ന ദേഹി മരിക്കും’ (യെഹെ, 18:4), ‘പാപത്തിൻ്റെ ശമ്പളം മരണം’ (റോമ, 6:23), ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാനാണ് ദൈവം മനുഷ്യനായത്. (മത്താ, 3:15). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. ഒന്ന്; വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: പരിശുദ്ധനായ ദൈവം പാപിയായ മനുഷ്യൻ്റെ ബന്ധുവാകുന്നതെങ്ങനെ? അതിനാണവൻ ദൈവത്വം മാറ്റിവെച്ചിട്ട് മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15). പുത്രനെന്ന വ്യക്തിയിൽ ഇരുപ്രകൃതി അഥവാ, മനുഷ്യനോടുകൂടി പൂർണ്ണദൈവവും ഉണ്ടെങ്കിൽ, പാപികളായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. രണ്ട്; വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: മനുഷ്യർക്കാർക്കും ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയില്ലെന്നു ബൈബിൾ പറയുന്നു. (സങ്കീ, 49:7-10). കാരണം, സകല മനുഷ്യരും പാപികളാണ്. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). തന്മൂലം, ദൈവം മനുഷ്യനായി വെളിപ്പെട്ട് തൻ്റെ രക്തം മറുവിലയായി നല്കിയാണ് വീണ്ടെടുപ്പു സാധിച്ചത്. (പ്രവൃ, 20:28; 1പത്രൊ, 1:18,19). മനുഷ്യൻ്റെ വീണ്ടെടുപ്പുവില കൊടുക്കേണ്ടത് സാത്താനല്ല; ദൈവത്തിനാണ്. അതു നല്കേണ്ടത് ദൈവമല്ല; മനുഷ്യനാണ്. മനുഷ്യപുത്രനായി വന്നവനിൽ ദൈവവും ഉണ്ടെങ്കിൽ, പൂർണ്ണദൈവവുമായ പുത്രൻ മറ്റേതു ദൈവത്തിനാണ് വീണ്ടെടുപ്പുവില നല്കിയത്? ദൈവം ഒന്നല്ലേയുള്ളൂ? ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില നല്കിയെന്നു പറഞ്ഞാൽ അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു സമ്മതിക്കേണ്ടിവരും. മൂന്ന്; വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: മനുഷ്യപുത്രൻ തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തവനാണ്. (ഗലാ, 1:3; 2:20; എഫെ, 5:2; 5:27; ഫിലി, 2:8; 1തിമൊ,2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). ‘മനസ്സോടെ ശാപമരത്തിൽ തൂങ്ങി’ എന്നു പാട്ടുപാടിയാൽ പോര; മഹത്വധാരിയായ ഏകസത്യദൈവമാണ് മഹത്വം വെടിഞ്ഞ് മനുഷ്യനായി മരിച്ചതെന്ന് വിശ്വസിക്കുകയും വേണം. നാല്; വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായത്. ജഡത്തിൽ വന്നവൻ ദൈവവും ആണെങ്കിൽ, ‘പാപം അറിയാത്തവൻ’ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്നൊക്കെ പറഞ്ഞാൽ അതിനെന്തത്ഥമാണുള്ളത്? മനുഷ്യനല്ലാതെ, ദൈവത്തിനു പാപം ചെയ്യാൻ കഴിയുമോ? അടുത്തത്; ‘പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു’ (എബ്രാ, 4:16) ആര്; ദൈവമോ? ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെങ്കിൽ എങ്ങനെ പരീക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയും? ദൈവത്തിനും പരീക്ഷയോ! ഇതെന്താ നാടകമോ? മഹത്വധാരിയായ സർവ്വശക്തൻ ദൈവമായിത്തന്നെയിരുന്നാൽ ന്യായപ്രമാണപ്രകാരമുള്ള വീണ്ടെടുപ്പു സാദ്ധ്യമാകില്ല. അതുകൊണ്ടാണ് തന്നെത്താൻ ശൂന്യമാക്കിക്കൊണ്ട് മനുഷ്യനായി മണ്ണിൽ വന്നത്. (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെന്നു പറഞ്ഞാൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകം എന്നു പറയേണ്ടിവരും. സാക്ഷാൽ ദൈവം ജഡത്തിൽ വന്നപ്പോൾ മനുഷ്യൻ മാത്രമായതുകൊണ്ടാണ് മനുഷ്യരുടെ ചാർച്ചക്കാരനായതും എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിച്ചതും. (എബ്രാ, 9:12). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യട്ടെ!

“അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊസ് 1:20)

2 thoughts on “വെളിപ്പാടും അവതാരവും”

    1. സാറിന് ഒന്നും മനസ്സിലായില്ലെങ്കിൽ പിന്നെ, എങ്ങനെ അങ്ങയെ പറഞ്ഞു മനസ്സിലാക്കും. ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം, പേഗൻ അന്ധവിശ്വാസം പ്രകാരം അവതാരമെടുത്തു എന്നു പറഞ്ഞാൽ അങ്ങയ്ക്ക് മനസ്സിലാകുമല്ലോ; അങ്ങത് വിശ്വസിച്ചാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *