വചനം ദൈവത്തോടുകൂടെ ആയിരുന്നു

വചനം ദൈവത്തോടുകൂടെ ആയിരുന്നു

“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും (റൂവഹ്) നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും (ദവാർ) നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 59:21).

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹന്നാൻ 1:1-3)

‘ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു’ എന്നു പറഞ്ഞിരിക്കയാൽ; യേശു ആദിമുതൽ ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയും ദൈവവുമായി ഉണ്ടായിരുന്നെന്നും; ആ ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുവെന്നും; ജഡത്തിൽ അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ആയിരുന്നെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ത്രിത്വം മുന്നോട്ടുവെയ്ക്കുന്ന ഈ ഉപദേശങ്ങൾ ദൈവവചന വിരുദ്ധമാണെന്ന് യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം നമ്മോടു പറയുന്നു. അതാണ് നാം പരിശോധിക്കുന്നത്:

യോഹന്നാൻ 1:1: ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

പഴയനിയമത്തിൽ വചനത്തെ കുറിക്കുന്ന എബ്രായപദം ദവാർ (dabar) ആണ്. വാക്കു (ഉല്പ, 11:1), അരുളപ്പാടു (15:1), പറയുക (20:8), കല്പന (47:30), വചനം (പുറ, 4:28) എന്നൊക്കെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ഗ്രീക്കുപദം ലോഗൊസ് (logos) ആണ്. പറയുക (മത്താ, 5:37), വാക്കു (5:37), വചനം (7:26) എന്നൊക്കെ തർജ്ജമ ചെയ്തിട്ടുണ്ട്. വചനത്തെ കുറിക്കുന്ന മറ്റൊരു ഗ്രീക്കുപദം റീമാ (rhema) ആണ്. 

യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 18-വരെയുള്ള വാക്യങ്ങൾ സുവിശേഷ ചരിത്രത്തിൻ്റെ ആമുഖം (introduction) ആണ്. 19-ാം വാക്യം തുടങ്ങിയാണ് വിശദമായ ചരിത്രം ആരംഭിക്കുന്നത്. 1,2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ ജഡമായിത്തീർന്ന വചനത്തിൻ്റെ അസ്തിത്വം എന്തായിരുന്നുവെന്നു വ്യക്തമാക്കുന്നു: (1യോഹ, 1:2). 3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു: (സങ്കീ, 33:6; 2പത്രൊ, 3:5). 4,5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു: (യോഹ, 6:63,68; എബ്രാ, 4:12; 119:105). 6-8 വാക്യങ്ങൾ: വെളിച്ചത്തിനു സാക്ഷ്യം പറയാൻ ദൈവം അയച്ച യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു: (യോഹ, 1:26-34). 9-ാം വാക്യം: ജഡമായിത്തീരാൻ സത്യവെളിച്ചമായ വചനത്തിൻ്റെ ആഗമനത്തെക്കുറിച്ചു പറയുന്നു: (യോഹ, 1:14; 1യോഹ, 2:7,8). 10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു: (സങ്കീ, 33:6). 11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു: (യോഹ, 1:4,5; എബ്രാ, 4:12). 12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു: (പ്രവൃ, 15:7). 13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം: (1കൊരി, 4:15; ഗലാ, 3:2; യാക്കോ, 1:18; 1പത്രൊ, 1:23). 14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു: (1യോഹ, 1,2). 15-ാം വാക്യം: വചനം ജഡമായവൻ്റെ പൂർവ്വാസ്തിക്യം: (1തിമൊ, 3:14-16). 16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11). 17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18). 18-ാം വാക്യം: വചനം ജഡമായ ക്രിസ്തുവും ദൈവവുമായുള്ള അഭേദ്യമായ ബന്ധം. (യോഹ, 17:5).

ഒന്നാം വാക്യത്തിലെ ‘വചനം‘ അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് പലരും വിശ്വസിക്കുന്നു. അതിനാൽ അതവൻ്റെ പൂർവ്വാസ്തിത്വത്തിൻ്റെ (pre-existence) തെളിവായിട്ടും അവനെ മറ്റൊരു ദൈവം അല്ലെങ്കിൽ വ്യക്തിയായിട്ടും പലരും മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാൽ വസ്തുതയെന്താണ്: കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള പ്രവചനവും; [വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്; ആ സന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുത്ത, കൊടുക്കുന്ന സന്തതിയാണ് യേശുക്രിസ്തു] പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ, വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു വചനമായി ഉണ്ടായിരുന്നെന്ന് പറയും? ക്രിസ്തുവിന് പൂർവ്വാസ്തിത്വം ഇല്ലെന്നല്ല പറഞ്ഞത്; യോഹന്നാൻ 1:1-ലുള്ള വചനമെന്ന നിലയിൽ മറ്റൊരു വ്യക്തിയായിട്ടല്ല ക്രിസ്തുവിൻ്റെ നിത്യാസ്തിക്യവും (Eternity) പൂർവ്വാസ്തിത്വവും (pre-existence) സ്ഥിതിചെയ്യുന്നത്; പ്രത്യുത, ഒന്നാം വാക്യത്തിലെ ദൈവമെന്ന നിലയിലാണ് അവൻ്റെ നിത്യമായ അസ്തിത്വം സ്ഥിതിചെയ്യുന്നത്. യേശുവെന്ന അഭിഷിക്തമനുഷ്യൻ എന്നേക്കുമുള്ളവനല്ല; യേശുക്രിസ്തുവെന്ന മഹാദൈവമാണ് ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യൻ. (തീത്തൊ, 2:12; എബ്രാ, 13:8). ജീവനുള്ള ദൈവമായ യേശുക്രിസ്തു അഥവാ യഹോവയുടെ ജഡത്തിലുള്ള വെളിപ്പെടാണ് ക്രിസ്തു. (1തിമൊ,3:14-16). യേശുവെന്ന ക്രിസ്തുവിന്, മനുഷ്യനെന്ന നിലയിൽ ഉത്ഭവമുണ്ട്; അതിനെയാണ്, ‘ജഡത്തിൽ വെളിപ്പെട്ടു’ (1തിമൊ, 3:16), ‘വചനം ജഡമായിത്തീർന്നു’ (യോഹ, 1:14), ‘കന്യകഗർഭിണിയായി മകനെ പ്രസവിച്ചു’ (1:22), ‘യിസ്രായേലിൽനിന്നു ഉത്ഭവിച്ചു’ (റോമ, 9:5), ‘കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ജനിച്ചു’ (ഗലാ, 4:4), ‘ന്യായപ്രമാണത്തിൽ കീഴ് ജനിച്ചു’ (ഗലാ, 4:4), ‘ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്തു’ (ഫിലി, 6:7), ‘പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചു’ (1യോഹ, 4:14), ‘ഞാൻ (പുത്രൻ) സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു’ (യോഹ, 6:41) എന്നൊക്കെ പറഞ്ഞിരിക്കുന്നത്. (കാണുക: ദൈവപുത്രനായ യേശു; ഞാനും പിതാവും ഒന്നാകുന്നു).

ആദിയിൽ വചനം ഉണ്ടായിരുന്നു; സത്യവേദപുസ്തകം നൂതന പരിഭാഷയിൽ: “ആദിയിൽത്തന്നെ വചനം ഉണ്ടായിരുന്നു” എന്നും; ഇ.ആർ.വി മലയാളത്തിൽ: “ലോകാരംഭത്തിനു മുമ്പ് വചനം ഉണ്ടായിരുന്നു” എന്നും; വിശുദ്ധഗ്രന്ഥത്തിൽ (സുറിയാനി): “വചനം ആദിയിലേ ഉണ്ടായിരുന്നു” എന്നുമാണ്. നിത്യനായ ദൈവത്തിൻ്റെ വചനവും നിത്യമാണ്; വചനത്തിന് ആരംഭമോ അവസാനമോ ഇല്ല. എന്നേക്കുമിരിക്കുന്ന വചനത്തെ ‘ആദിയിൽ വചനം ഉണ്ടായിരുന്നു’ (In the beginning was the Word) എന്ന് പറഞ്ഞിരിക്കുന്നത്; ദൈവത്തിൻ്റെ വചനത്തിന് യോഹന്നാൻ ആളത്തം കല്പിച്ചുകൊണ്ട് ആലങ്കാരികമായി പറയുന്നതാണ്. സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തിനും ആളത്തം കല്പിച്ചിട്ടുണ്ട്. ഇത് പരിശുദ്ധാത്മ നിയോഗപ്രകാരം ഉള്ളതാണ്. (2പത്രൊ, 1:21). ഏങ്കിലും പരിശുദ്ധാത്മാവ് ബലാത്കാരത്താൽ (hijack) എഴുത്തുകാരെക്കൊണ്ട് ബൈബിൾ എഴുതിച്ചിരിക്കുന്നു എന്നു കരുതാൻ വയ്യ. അവർക്ക് എഴുതുവാനുള്ള നിയോഗം നല്കുകയും കൃപയാൽ തെറ്റിൽനിന്ന് അവരെ സൂക്ഷിക്കുകയുമാണ് ആത്മാവ് ചെയ്തത്. (2പത്രൊ, 1:21). ഭാഷയും ശൈലിയും എഴുത്തുകാരുടെ തന്നെയായിരിക്കും. ഉദാഹരണത്തിന്; ക്രിസ്തുവിൻ്റെ പരിശുദ്ധിയെ കുറിക്കാൻ പണ്ഡിതശ്രേഷ്ഠനായ പൗലൊസ് ഉപയോഗിക്കുന്നത് “പാപമറിയാത്തവൻ” എന്ന പ്രയോഗമാണ്. (2കൊരി, 5:21). അതേസ്ഥാനത്ത് പഠിപ്പില്ലാത്തവരും സാമാന്യരുമായ പത്രോസും യോഹന്നാനും യഥാക്രമം; “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ 2:22) “അവനിൽ പാപം ഇല്ല” എന്നിങ്ങനെയാണ്. (1യോഹ, 3:5. ഒ.നോ: പ്രവൃ, 4:13). ഒരേ കാര്യമാണ് മൂന്നുപേരും പറയുന്നത്; അവരവരുടെ ഭാഷയിലാണെന്നുമാത്രം. എന്നുവെച്ചാൽ, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയായ ക്രിസ്തുവിനെ, ദൈവത്തിൻ്റെ വചനം ജഡമായവനായി യോഹന്നാൻ അവതരിപ്പിച്ചിരിക്കുകയാണ്.

വചനം ദൈവത്തോടുകൂടെ ആയിരുന്നു: ദൈവത്തിൻ്റെ വചനം ദൈവത്തോടു കൂടെത്തന്നെ ആയിരിക്കും; ദൈവത്തെയും അവന്റെ വചനത്തെയും ആർക്കും വേർപിരിക്കാൻ കഴിയില്ല. എന്നാൽ എഴുത്തുകാരൻ വചനത്തിന് ആളത്തം കല്പിച്ചുകൊണ്ട് ആലങ്കാരികമായി പറയുകയാണ്, ‘വചനം ദൈവത്തോടു കൂടെയായിരുന്നു’ (the Word was with God). സദൃശ്യവാക്യങ്ങളിൽ ജ്ഞാനം പറഞ്ഞിരിക്കുന്നു: “എൻ്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു” (my delights were with the sons of men). (8:31). രണ്ടും തമ്മിൽ ഒരു വ്യത്യാസമേയുള്ളു: സദൃശ്യവാക്യങ്ങളിൽ ജ്ഞാനം ഉത്തമപുരുഷനാണ്; സുവിശേഷത്തിൽ വചനം പ്രഥമപുരുഷനാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ; അവിടെ എഴുത്തുകാരനായ ശലോമോൻ ജ്ഞാനത്തിന് ആളത്തം കൊടുത്തിട്ട് ജ്ഞാനമാണ് സംസാരിക്കുന്നത്. ഇവിടെ എഴുത്തുകാരനായ യോഹന്നാൻ വചനത്തിന് ആളത്തം കൊടുത്തിട്ടുണ്ടെങ്കിലും വചനത്തെക്കുറിച്ച് പറയുന്നത് എഴുത്തുകാരൻ തന്നെയാണ്. 

ദൈവത്തിൻ്റെ ജ്ഞാനം: വചനം ദൈവത്തോടു കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് വ്യർത്ഥമായി വിചാരിക്കുന്നവർ സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനം പറയുന്നത് കൂടി ശ്രദ്ധിക്കുക; “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:30. ഒ.നോ: 8:22-29). ദൈവം ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം അവനോടുകൂടെ ഉണ്ടായിരുന്നു. (സദൃ, 8:27). ജ്ഞാനത്താലാണ് യഹോവ ഭൂമിയെ സ്ഥാപിച്ചത്. (സദൃ, 3:19; യിരെ, 10:12; 51:12), ജ്ഞാനം പല കാര്യങ്ങൾ ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: ഘോഷിക്കുന്നു (1:2), വിളിക്കുന്നൂ 1:21), ചോദ്യം ചോദിക്കുന്നു 1:22), വിളിച്ചുപറയുന്നു (8:1), വീടു പണിയുന്നു (9:1), സദ്യ ഒരുക്കുന്നു (9:2-5), പീഠത്തിന്മേൽ ഇരിക്കുന്നു (9:15) തുടങ്ങിയ അനവധി കാര്യങ്ങൾ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

വചനവും ജ്ഞാനവും താരതമ്യം: “ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു.” (8:27). വചനത്തെക്കുറിച്ചു പറയുന്നു: “അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:2).

“ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു.” (8:35). വചനത്തെക്കുറിച്ചു പറയുന്നു; “അവനിൽ ജീവൻ ഉണ്ടായിരുന്നു.” (യോഹ, 1:4; 3:36). 

“ജ്ഞാനത്തോടു പിഴെക്കുക്കുന്നവൻ പ്രാണഹാനി വരുത്തുന്നു.” (8:36). വചനം ജഡമായ പുത്രനെക്കുറിച്ചു പറയുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). 

ജ്ഞാനം പറയുന്നു: “ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ജനിച്ചു.” (8:24). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്: “പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു.” 

ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെന്നു പറയുന്നവർ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തോടൊപ്പം ശില്പിയായി അഥവാ എഞ്ചിനീയറായി ഉണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ജ്ഞാനം ഒരു സ്ത്രീയാണെന്നുകൂടി ഓർക്കണം. (സദൃ, 8:1-3). ദൈവത്തിൻ്റെ വചനം ജഡമായ പുത്രൻ നിത്യപുത്രനാണെന്ന് പറയുന്നവർ, ദൈവത്തിനൊരു നിത്യപുത്രികൂടി ഉണ്ടെന്ന് സമ്മതിക്കുമോ? വചനം ജഡമാകുന്നതിന് മുമ്പ് പുത്രൻ മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു; വചനം ജഡമായ പുത്രൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യമായശേഷം മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. എന്തെന്നാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായ പുത്രൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും ഇരിക്കുന്നത് ഏകസത്യദൈവമായ യഹോവ അഥവാ യേശുക്രിസ്തു മാത്രം. (വെളി, 1:17; എബ്രാ, 13:8). അവൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനാണ് ജനിച്ചുജീവിച്ചു മരിച്ചുയിർത്ത് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനായത്; അല്ലാതെ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവമല്ല മനുഷ്യനായി ജനിച്ചുജീവിച്ചു മരിച്ചുയിർത്തത്. ഈ ബാലപാഠം അറിയാത്തതാണ് വിശ്വാസികളുടെ പ്രശ്നം. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, മഹാദൈവം വംശാവിലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തെന്ന് വിശ്വാസിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഹോ! എത്ര ബലഹീനമായ വിശ്വാസം.

വചനം ദൈവം ആയിരുന്നു: വചനം മാത്രമല്ല; ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ ആത്മാവും കരുണയും കൃപയും ജ്ഞാനവും ഭുജവും വചനവും വിവേകവും ശക്തിയുമെല്ലാം ദൈവമാണ്. ദൈവത്തിൻ്റെ ആത്മാവിനെയും വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല; എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. ദൈവത്തിൻ്റെ സവിശേഷ ഗുണങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം ആളത്തം കൊടുത്താൽ അവയോരോന്നും ജ്ഞാനം സംസാരിക്കുന്നതുപോലെ സംസാരിക്കും. (സദൃ, 8:1-36). അല്ലെങ്കിൽ, യോഹന്നാൻ വചനത്തെക്കുറിച്ച് പറയുന്നതുപോലെ, ദൈവത്തിൻ്റെ ഓരോ ഗുണങ്ങൾക്കും ആളത്തം കൊടുത്തുകൊണ്ട് നമുക്കും അവയെക്കുറിച്ച് പറയാനും എഴുതാനും കഴിയും. എന്തെന്നാൽ, ദൈവത്തിൻ്റെ പ്രദേയവും അപ്രദേയവുമായ ഗുണഗണങ്ങളെല്ലാം ദൈവം തന്നെയാണ്. 

ആയിരുന്നു: യോഹന്നാൻ 1:1-ൻ്റെ വിഷയം പൂർവ്വാസ്തിത്വം (pre-existence) ആണ്. ഭാഷയിൽ അല്പജ്ഞാനമുള്ള ആർക്കും അതിൽ തർക്കമൊന്നും ഉണ്ടാകാനിടയില്ല. അതിനാലാണ്, വചനം ഉണ്ടായിരുന്നു; ദൈവത്തോടു കൂടെയായിരുന്നു; ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ (past tense) പറഞ്ഞിരിക്കുന്നത്. അതുപക്ഷെ ത്രിത്വം വിശ്വസിക്കുന്നതുപോലെ, വചനം ജഡമായ യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വമല്ല; പ്രത്യുത, ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. ഒന്നുകൂടി പറഞ്ഞാൽ; ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ (മനുഷ്യരുടെ) ഇടയിൽ പാർത്തത്തവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; യേശുവെന്ന മനുഷ്യനാണ്. എന്നാൽ അവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; ദൈവത്തിൻ്റെ വചനമാണ്. (യോഹ, 1:14). ആകുന്നവൻ്റെ അസ്തിത്വമല്ല; ആയിരുന്നവൻ്റെ അസ്തിത്വമാണ് യോഹന്നാൻ 1:1-ൻ്റെ വിഷയം; അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. (ഇവിടെ രസകരമായൊരു കാര്യമുണ്ട്: ത്രിത്വത്തിന് യേശു ജഡത്തിലും പൂർണ്ണദൈവമാണ്. ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; വർത്തമാനം മാത്രമേയുള്ളു. അപ്പോൾ, യോഹന്നാൻ 1:1-ൽ ‘ദൈവം ആയിരുന്നു’ എന്ന് പറയുന്നത് ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ; അതും യേശുവാണെന്ന് അവർ പറയും. അപ്പോൾ പൂർണ്ണദൈവത്തിന് ഒരു ഭൂതകാലം ഉണ്ടായിരുന്നുവോ? ത്രിത്വമൊരു അബദ്ധസിദ്ധാന്തമാണെന്ന് അവർതന്നെ സാക്ഷ്യം പറയുന്നു).

ഇതിനോടുള്ള ബന്ധത്തിൽ രണ്ട് ചോദ്യങ്ങളുണ്ട്: ഒന്ന്; ഭാഷയുടെ വ്യാകരണമനുസരിച്ച്, ജഡമായിത്തീർന്ന യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വത്തെ കുറിക്കാനും ‘ആയിരുന്നു‘ (was) എന്ന ഭൂതകാലം (past tense) ഉപയോഗിക്കാം; അതിനാൽ, യോഹന്നാൻ 1:1 യേശുവിൻ്റെ പൂർവ്വാസ്തിത്വമാണെന്ന് മനസ്സിലാക്കിയാൽ എന്താണ് കുഴപ്പം? ചോദ്യത്തോടുള്ള ബന്ധത്തിൽ മൂന്നു കാര്യങ്ങൾ പറയാം: 1. ജഡമായതിനു മുമ്പ് യേശുവെന്ന പേരിൽ ഒരു മനുഷ്യനോ, ക്രിസ്തുവോ, പുത്രനോ ഉള്ളതായി യാതൊരു തെളിവും വചനത്തിലില്ല. യേശുവെന്ന പേരുപോലും അവൻ ജനിക്കുന്നതിനു ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് ദൈവം വെളിപ്പെടുത്തിയത്. (ലൂക്കൊ, 1:31). 2. ആദിയിൽ ഉണ്ടായിരുന്നതും ജഡമായിത്തീർന്നതും വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1:1,14). 3. ത്രിത്വവിശ്വാസികൾക്ക് മേല്പഞ്ഞ ചോദ്യം ഉന്നയിക്കാൻ കഴിയില്ല; കാരണം, അവർക്ക് ജഡത്തിലും യേശു പൂർണ്ണദൈവമാണ്. മുമ്പേ ഉണ്ടായിരുന്നതും ജഡമായിത്തീർന്നതും ദൈവമാണെങ്കിൽ പൂർവ്വാസ്തിത്വം എന്നൊന്നില്ല; അതിനാൽ ‘ആയിരുന്നു‘ എന്നൊരു പ്രയോഗത്തിൻ്റെ ആവശ്യവുമില്ല. ത്രിത്വവിശ്വാസം സത്യമായിരുന്നെങ്കിൽ, അഥവാ ദൈവത്തോടു കൂടെയായിരുന്ന വചനവും യേശുവും അക്ഷരാർത്ഥത്തിൽ ഒന്നുതന്നെ ആയിരിക്കുകയും, യേശു ജഡത്തിലും ദൈവവുമാണെങ്കിൽ, ‘വചനം ദൈവം ആയിരുന്നു‘ (the Word was God) എന്നല്ല; ‘വചനം ദൈവം ആകുന്നു‘ (the Word is God) എന്ന് പറയുമായിരുന്നു. ‘ദൈവം സ്ഹനേമാകുന്നു‘ (God is love) എന്ന് പറഞ്ഞിരിക്കുന്നത് നോക്കുക. (1യോഹ, 4:8; 4:16). ദൈവം എല്ലായിപ്പോഴും സ്നേഹമായതുകൊണ്ടും അവന് ഭൂതമോ ഭാവിയോ ഇല്ലാത്തതുകൊണ്ടുമാണ് ‘ദൈവം സ്നേഹം ആകുന്നു’ എന്നു പറഞ്ഞിരിക്കുന്നത്.

രണ്ട്: യോഹന്നാൻ ഒന്നാം വാക്യത്തിലെ വചനം ദൈവത്തിൽനിന്ന് വ്യതിരിക്തനല്ലെങ്കിൽ, ദൈവം ജഡമായിത്തീർന്നു എന്നു പറയാതെ, വചനം ജഡമായിത്തീർന്നു എന്ന് എന്തുകൊണ്ട് പറഞ്ഞു? കാരണം: ദൈവത്തിനു ജഡമായിത്തീരാൻ കഴിയില്ല. എന്തെന്നാൽ ദൈവം മാറാത്തവനാണ്. (മലാ, 3:6). അവനു ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, അവതരിക്കാൻ കഴിയില്ല. യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യം വെളിപ്പാട് അഥവാ പ്രത്യക്ഷത (manifestation) എന്നാണ് പറഞ്ഞിരിക്കുന്നത്; അവതാരം (incarnation) എന്നൊരു പദവുമില്ല; ദൈവം അവതരിച്ചതായി ബൈബിളിൽ സൂചനപോലുമില്ല. മാത്രമല്ല, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് അക്ഷരംപ്രതി എഴുതിയിട്ടുമുണ്ട്. (1തിമൊ, 3:14-16). എന്നാൽ യോഹന്നാൻ 1:14-ലെ ‘വചനം ജഡമായി തീർന്നു’ (The Word became flesh) എന്ന പ്രയോഗം അവതാരത്തോടു തുലനം ചെയ്യാൻ കഴിയുന്ന ഒരു പ്രയോഗമാണ്. പക്ഷെ, അവിടെ ജഡമായിത്തീർന്നത് ദൈവമല്ല; ദൈവത്തിൻ്റെ വചനമാണ്. അതിവേഗം ഓടുന്നതും ജീവനും ചൈതന്യവുമുള്ളതും വിശേഷാൽ ജീവദായകവുമായ ദൈവത്തിൻ്റെ വചനത്തിന് ജഡമായിത്തീരാൻ കഴിയും. (സങ്കീ, 147:15; എബ്രാ, 4:12; 1പത്രൊ, 1:23; യോഹ, 1:14). യിസ്രായേലിനും ശമൂവേലിനും വെളിപ്പെട്ട വചനം തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്. (സങ്കീ, 147:19; 1ശമൂ, 3:17). 

“ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു അഥവാ പ്രത്യക്ഷനായി” എന്നതാണ് ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷയോടുള്ള ബന്ധത്തിലെ യഥാർത്ഥ വസ്തുതയും പ്രയോഗവും. (1തിമൊ, 3:14-16). പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം അഥവാ ആരാധനാ രഹസ്യം അതാണ്. പൗലൊസ് ലേഖനമെഴുതി ഏകദേശം മുപ്പതോളം വർഷമായപ്പോഴാണ് യോഹന്നാൻ സുവിശേഷം രചിച്ചത്. ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ പരിശുദ്ധാത്മാവിൻ്റെ നിയോഗപ്രകാരം അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗൊസായി യോഹന്നാൻ ആളത്തം കൊടുത്തുകൊണ്ട് ആലങ്കാരികമായി അവതരിപ്പിക്കുകയാണ്. ഒരാളുടെ ഹൃദയം ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് ലോഗൊസ് അഥവാ അയാളുടെ വായിലെ വാക്കുകൾ. പഴയനിയമത്തിൽ വചനം അഥവാ ‘ദവാർ’ ദൈവത്തിൻ്റെ വായിൽ നിന്നാണ് വരുന്നതെന്നും ഓർക്കണം. “യഹോവയുടെ വായ് അരുളിച്ചെയ്യുന്നു.” (യെശ, 1:20). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” യെശ, 55:11. ഒ.നോ: യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളും ഓർക്കുക.” ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവത്തിൻ്റെ ‘വചനം ജഡമായിത്തീർന്നു‘ എന്നത്. ഒന്നാം വാക്യം അഥവാ ആമുഖ വാക്യത്തിൻ്റെ വെളിച്ചത്തിലാണ് “പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ” എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. (യോഹ, 1:18). ഈ വാക്യത്തിലെ ‘മടിയിൽ’ എന്ന പ്രയോഗം ശരിയല്ല. Bosom എന്ന പദത്തിന് നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണർത്ഥം. ഇതേപദത്തെ യോഹന്നാൻ 13:23-ൽ ‘മാർവ്വിടം’ എന്നാണ് തർജ്ജമ. ദൈവവും വചനവുമായുള്ള അഭേദ്യമായ ബന്ധമാണ് ‘മടിയിലിരിക്കുന്ന പുത്രൻ’ എന്ന പ്രയോഗത്തിനാധാരം. ഇ.ആർ.വി. പരിഭാഷയിൽ: ‘പിതാവിനോട് ഏറ്റവും അടുത്തവൻ’ എന്നും; മലയാളം ഓശാന നൂതന പരിഭാഷയിൽ: ‘പിതാവുമായി അഭേദ്യബന്ധം പുലർത്തുന്നവൻ’ എന്നുമാണ്. ആമുഖ വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സുവിശേഷം മുഴുവൻ പുരോഗമിക്കുന്നതെന്ന് കാണാൻ കഴിയും.

ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം (introduction) അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിലാണ് ക്രിസ്തു ജനിക്കുന്നത്. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. അതിനാൽത്തന്നെ, ഏതൊരു മനുഷ്യനെപ്പോലെയും ഒരു മനുഷ്യസ്ത്രീയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ആത്മാവിനാൽ ബലപ്പെടുകയും ചെയ്ത യേശുവിൻ്റെ പുർവ്വാസ്തിത്വം മത്തായിയുടെയും ലൂക്കൊസിൻ്റെയും വിഷയമല്ല. (ലൂക്കൊ, 2:40,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. രണ്ടു പേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദാസനും. ദൈവം വംശാവലിയോ ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (ദാനീ, 4:34;12;7; 1തിമൊ, 1:7). അതിനാൽ വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനാണെന്ന് മനസ്സിലാക്കാം. അതിനാൽ, മർക്കൊസ് നേരെ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കാണ് കടക്കുന്നത്; അവനും ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം വിഷയമാക്കുന്നില്ല. യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും ബൈബിൾ പറയുന്നതിനെ അക്ഷരാർത്ഥത്തി മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ മനുഷ്യനാണ് ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവത്തിന് അവതരിക്കാനോ തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് ജഡമായിത്തീരാനോ കഴിയില്ല; ദൈവം ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്.

യോഹന്നാനിലെ പ്രയോഗങ്ങൾ കാണുക: പിതാവ് എന്നെ അയച്ചിരിക്കുന്നു: (യോഹ, 5:36; 7:29; 8:42; 11:42; 17:8; 17:21; 17:23; 17:25; 1യോഹ, 4:14). ദൈവത്തിൻ്റെ അടുക്കൽനിന്നു ഇറങ്ങിവന്നിരിക്കുന്നു: (യോഹ, 6:3:2; 6:46; 8:42; 9:16,33; 13:3; 16:30). ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നിരിക്കുന്നു: (യോഹ, 6:63,38;41,42,58). യഥാർത്ഥത്തിൽ ‘പിതാവ് എന്നെ അയച്ചുവെന്നും’ ‘ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു’ എന്നതും വിപരീത പ്രയോഗങ്ങളാണ്. വചനം ദൈവമായിരുന്നതുകൊണ്ടും ക്രിസ്തു ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായതുകൊണ്ടുമാണ് രണ്ടും ഒരുപോലെ ശരിയാകുന്നത്. എന്തെന്നാൽ ജഡമായി തീരുന്നതിന് മുമ്പ് അഭിഷിക്തനായ മനുഷ്യൻ ഇല്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവും മനുഷ്യനെന്ന നിലയിലില്ല. (1പത്രൊ, 1:20). യഥാർത്ഥത്തിൽ ക്രിസ്തു വചനത്തിൻ്റെ പ്രത്യക്ഷതയല്ല; വചനം ജഡമായിത്തീർന്നവനും (യോഹ, 1:14) ദൈവത്തിൻ്റെ പ്രത്യക്ഷതയുമാണ്. (1തിമൊ, 3:16). ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്കു തെളിവ് യോഹന്നാനിൽ തന്നെയുണ്ട്. “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽത്തന്നെ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്; അതാണ് പ്രത്യക്ഷത. എന്നാൽ, ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനം ജഡമായവൻ എന്ന നിലയിലാണ്, ‘പിതാവെന്നെ അയച്ചു; പിതാവ് പുത്രനെ ലോകരക്ഷിതാവായി അയച്ചു’ എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ‘ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു’ എന്ന പ്രയോഗം ദൈവത്തിൻ്റെ പ്രത്യക്ഷത എന്ന നിലയിലാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്; മറ്റൊരു സുവിശേഷങ്ങളിലും ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഇല്ലെന്നുമോർക്കുക. ‘ദൈവം അയച്ചു’ എന്ന പ്രയോഗത്തിന്, ‘സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് ക്രിസ്തുവെന്ന അക്ഷരാർത്ഥമല്ല ഉള്ളതെന്ന് യോഹന്നാൻ സ്നാപകനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം. ദൈവം അയച്ചിട്ട് വന്ന മനുഷ്യനാണ് യോഹന്നാൻ. (യോഹ,1:6). അവൻ ഭൂമിയിൽ ജനിച്ചവനാണ്; ഏകദേശം അവനെപ്പോലെതന്നെ ഭൂമിയിൽ ജനിച്ചവനാണ് യേശുവും. സ്നാപകൻ മാത്രമല്ല; സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്; അവരാരും സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. അതിനാൽ, ‘വചനം ജഡമായവൻ’ എന്ന നിലയിലുള്ള പ്രയോഗങ്ങളാണ് മേല്പറഞ്ഞവയെന്ന് മനസ്സിലാക്കാം. അടുത്തൊരു വാക്യം കൂടിയുണ്ട്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). ഇത് പറയുന്നതും, ദൈവത്തിൻ്റെ വായിലെ വചനം മനുഷ്യനായി തീർന്നവനാണ്. യഥാർത്ഥത്തിൽ വചനമെന്ന നിലയിലല്ല ക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം നിലനിന്നിരുന്നത്; ദൈവപിതാവെന്ന നിലയിലാണ്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 10:30; 12:41; 14:7,9; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14-16). ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും ഉള്ളവൻ ദൈവം മാത്രമാണ്. (കാണുക: ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം)

ദൈവമായിരുന്നു: ‘വചനം ദൈവം ആയിരുന്നു’ എന്ന് ഒന്നാം വാക്യം പറയുന്നു. ‘ഏത് ദൈവമായിരുന്നു’ എന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ; ദൈവം ഒന്നല്ലേയുള്ളു. എന്നാൽ ത്രിത്വം എന്താണ് പഠിപ്പിക്കുന്നത്; വചനം മറ്റൊരു വ്യക്തിയും ദൈവവും ആയിരുന്നുവെന്നോ? എന്താണ് ത്രിത്വമേ ഇങ്ങനെ? യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ബൈബിൾ പറയുന്നു. (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). ‘ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു’ എന്നാണ് ഒന്നാം പ്രമാണം. (പുറ, 20:3; ആവ, 5:7). ഞാൻ അഥവാ യഹോവയല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. “വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവം ആയിരുന്നു” എന്നു പറഞ്ഞാൽ; വചനം മറ്റൊരു ദൈവമാണോ? അല്ല. ഒന്നാം വാക്യത്തിലുള്ള അതേ ദൈവം തന്നെയാണ് വചനം. യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). അഥവാ, പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ഒരു തെളിവുകൂടി തരാം: യഹോവ അഥവാ യാഹ്വെ എന്ന നാമം എബ്രായയിൽ ഏഴുതുന്നത് യോദ് ഹേ വൗ ഹേ എന്ന നാല് അക്ഷരങ്ങൾ കൊണ്ടാണ്. അതിനെ ചതുരക്ഷരി (Tetragrammaton) എന്ന് വിളിക്കുന്നു. ചതുരക്ഷരി ഇംഗ്ലീഷിൽ YHVH, YHWH എന്നിങ്ങനെ എഴുതാറുണ്ട്. RNKJV-ൽ ചതുരക്ഷരി ഉപയോഗിച്ചിരിക്കുന്ന പരിഭാഷയിൽ നിന്ന് യോഹന്നാൻ 1:1 വാക്യം ചേർക്കുന്നു: “In the beginning was the Word, and the Word was with YHVH, and the Word was YHVH.” ഇതിൻ്റെ മലയാളം: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം യഹോവയോടുകൂടെ ആയിരുന്നു; വചനം യഹോവ ആയിരുന്നു” എന്നാണ്. KJV-യുടെ മറ്റൊരു പരിഭാഷയാണ് RNKJV. അത് അംഗീകൃത പരിഭാഷയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. വചനം ദൈവമായിരുന്നു എന്നു പറഞ്ഞാൽ, മറ്റൊരു വ്യക്തിയോ ദൈവമോ അല്ല; യഹോവയായ ദൈവം തന്നെയാണ്.

ഒരുകാര്യംകൂടി പറയാം: ‘വചനം ദൈവം ആയിരുന്നു’ എന്നു പറഞ്ഞിരിക്കുനത് മറ്റൊരു ദൈവത്തെക്കുറിച്ചല്ല; ഏകദൈവത്തെക്കുറിച്ചാണ്. വചനത്തിന് ദൈവത്തിൽനിന്നും സ്വതന്ത്രമായ അസ്തിത്വം ഉണ്ടായിരുന്നെങ്കിൽ ‘വചനം ദൈവം ആയിരുന്നു‘ എന്നു പറയാതെ, ‘വചനം ദൈവം ആകുന്നു‘ എന്നു പറയുമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ വചനം മറ്റൊരു വ്യക്തിയും ദൈവവും ആണെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാൽ അങ്ങനെ പറയാത്തതിൻ്റെ കാരണം; വചനം മറ്റൊരു വ്യക്തിയല്ലാത്തതുകൊണ്ടും, അത് ഏകദൈവമെന്ന ബൈബിളിൻ്റെ മൗലിക ഉപദേശത്തിന് വിരുദ്ധമായതിനാലും ആണ്. ഭാഷയ്ക്ക് ഒരു വ്യാകരണവും അതനൊരു നിയമവും ഉണ്ട് അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്.

യോഹന്നാൻ 1:2: അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. (He was with God in the beginning). 

ഒന്നാം വാക്യം ലേഖകൻ വീണ്ടും ആവർത്തിക്കുകയാണ്. ‘അവൻ’ (He) പ്രഥമപുരുഷ സർവ്വനാമമാണ് (pronoun). സാധാരണ നിലയിലാണെങ്കിൽ ‘വചനം’ എന്ന പദത്തിന് പുല്ലിംഗ (Masculine) സർവ്വനാമമായ ‘അവൻ’ അല്ല വരേണ്ടത്; ‘അതു’ എന്ന നപുംസകലിംഗ (neuter) സർവ്വനാമമാണ് വരേണ്ടത്. എന്നാൽ വചനത്തിന് ലേഖകൻ ആളത്തം കല്പിച്ചിരിക്കയാലും, വചനം ദൈവം തന്നെയാകയാലുമാണ് ‘അവൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടാം വാക്യത്തിലെ ‘അവൻ’ യേശുവാണെന്ന് നേരിട്ട് മനസ്സിലാക്കുന്നവരുണ്ട്. വചനത്തെ അവൻ എന്ന് വിളിച്ചിരിക്കകൊണ്ട് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയാൻ പറ്റില്ല. ജ്ഞാനത്തെ അവൾ എന്ന് വിളിച്ചിട്ടുണ്ട്. (സദൃ, 8:1-3). വചനം മറ്റൊരു വ്യക്തിയാണെങ്കിൽ ജ്ഞാനവും മറ്റൊരു വ്യക്തിയാണ്; ദൈവത്തിനൊരു നിത്യപുത്രനുണ്ടെന്ന് പറയുന്നവർ ഒരു മകൾ കൂടി ഉണ്ടെന്ന് സമ്മതിക്കുമോ? ഇതുപോലുള്ള അബദ്ധങ്ങളാണ് സഭയിൽ ദുരുപദേശം കടന്നുകൂടാൻ കാരണം. ആ വാക്യത്തിലെ ‘അവൻ’ യേശുവല്ല; വചനമാണ്. വചനം ജഡമായി തീർന്നതാണ് യേശു. രണ്ടുംതമ്മിൽ അജഗജാന്തരമുണ്ട്. ആ വാക്യത്തിലെ ‘അവൻ’ ക്രിസ്തുവാണെങ്കിൽ അവൻ ദൈവത്തോടൊപ്പമുള്ള മറ്റൊരു വ്യക്തിയും ദൈവവും തന്നെയാണ്. എന്നാൽ ഭാഷയ്ക്കൊരു വ്യാകരണവും (grammar) അതിനൊരു നിയമവമുണ്ടെന്ന് ഓർക്കണം. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഒരുപദേശം ഉണ്ടാക്കിയാൽ, ദൈവകോപം മേടിച്ചുകെട്ടാമെന്നല്ലാതെ എന്തു പ്രയോജനം. ‘അവൻ’ എന്നത് സർവ്വനാമമാണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അപ്പോൾ, ‘അവൻ’ എന്ന സർവ്വനാമം രണ്ടാം വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ആ സർവ്വനാമത്തിന്റെ ഉടയവൻ അഥവാ നാമം ഒന്നാം വാക്യത്തിൽ ഉണ്ടെന്നല്ലേ അർത്ഥം. ഒന്നാം വാക്യത്തിലെ ദൈവത്തോടു കൂടയുള്ള വചനമാണ് രണ്ടാം വാക്യത്തിലെ അവൻ. സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.” ഒന്നും രണ്ടും വാക്യങ്ങളിലെ യോഹന്നാൻ്റെ വിഷയം: ജഡമായിത്തീർന്നത് ആരാകുന്നു എന്നല്ല; ആരായിരുന്നു എന്നതാണ്. ജഡത്തിൽ വന്നുനില്ക്കുന്നത് ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാണ്. എന്നാൽ, ആ മനുഷ്യനായി വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ അവൻ ദൈവത്തിൻ്റെ വചനമാണ്.

യോഹന്നാൻ 1:3: സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

ദൈവത്തോടൊപ്പം പുത്രനെ സഹസ്രഷ്ടാവായി (Co-creator) ത്രിത്വം പഠിപ്പിക്കുന്നത്, ഈ വാക്യത്തിൻ്റെ വെളിച്ചത്തിലാണ്. നിഖ്യാവിശ്വാസം പഠിപ്പിക്കുന്നതുപോലെ സർവ്വലോകങ്ങൾക്കും മുമ്പെ ജനിച്ചവനല്ല യേശു; അവൻ്റെ ജനനം കാലസമ്പൂർണ്ണതയിൽ ആയിരുന്നു. (ഗലാ, 4:4). അതും യേശുവെന്ന മഹാദൈവമല്ല; അവൻ്റെ പ്രത്യക്ഷതായ പാപമറിയാത്ത മനുഷ്യനാണ് ജനിച്ചത്. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). മൂന്നാം വാക്യത്തിലെ ‘അവനും’ യേശുവല്ല; ദൈവത്തിൻ്റെ വചനമാണ്. സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.” ദൈവം ആകാശഭൂമികൾ സഷ്ടിച്ചത് തൻ്റെ ‘ദവാർ’ അഥവാ വചനത്താലാണ്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6). പുതിയനിയമത്തിൽ അത് ലോഗൊസാണ്: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും” (2പത്രൊ, 3:5). 

ലോഗൊസ്: ‘ലോഗൊസ് അഥവാ വചനം’ എന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണ്; അതവൻ്റെ നൂറുകണക്കിന് സ്ഥാനപ്പേരിൽ ഒന്നുമാത്രമാണ്. (1യോഹ, 1:1,2; വെളി, 19:13). യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെങ്കിൽ; ക്രിസ്തുവിൻ്റെ വചനം അഥവാ ലോഗോസ് ആരാണ്? (കൊലൊ, 3:16). ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനമാരാണ്? (എബ്രാ, 1:3). ലോഗോസിനെ ‘എൻ്റെ വചനം‘ എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), ‘ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). ക്രിസ്തു പ്രസംഗിച്ചതും (ലൂക്കൊ, 5:1; 8:21; 11:28), പറഞ്ഞതും (യോഹ, 12:48; 15:3), പ്രമാണിച്ചതും ദൈവത്തിൻ്റെ ലോഗൊസാണ്. (യോഹ, 8:55). ലോഗൊസ് പിതാവിൻ്റെ വചനമാണെന്ന് ക്രിസ്തുവും പറയുന്നു. (യോഹ, 17:6,14,17). ത്രിത്വം വിശ്വസിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലുമൊരു വചനത്തെളിവ് വേണ്ടേ? യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്. (വെളി, 1:2,9; 20:4). ക്രിസ്തു യഹോവയുടെ പ്രത്യക്ഷതയായ വ്യക്തിയായിരുന്നു എന്നല്ലാതെ വചനമായ മറ്റൊരു വ്യക്തിയായിരുന്നു എന്ന് ഏത് കാരണത്താൽ പറയും? ക്രിസ്തു അക്ഷരാർത്ഥത്തിൽ ലോഗൊസാണെങ്കിൽ അവൻ പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതുമായ ലോഗൊസ് ആരാണ്???… ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്: “അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2). “എന്നാൽ ഞാൻ പിതാവിനെ അറിയുന്നു; പിതാവിൻ്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). തൻ്റെ ലോഗൊസും പിതാവിൻ്റെ ലോഗൊസും ഒന്നാണെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനത്തെയും മനുഷ്യരുടെ വചനത്തെയും അഭിന്നമായും പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (word of God) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (word of men) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (word of God) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. അതിനാൽ വചനം അഥവാ ലോഗൊസ് എന്നത് ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ പദവി മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും പലരും അന്ധത നടിക്കുന്നു.

പഴയനിയമത്തിലെ ദവാർ: ശമൂവേലിനു വെളിപ്പെട്ട വചനം. (1ശമൂ, 3:17). സത്യവചനം. (2ശമൂ, 7:28). നിർമ്മല വചനങ്ങൾ. (സങ്കീ, 12:6). നേരുള്ള വചനം. (സങ്കീ, 33:4). ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം. (സങ്കീ, 33:6). സൃഖ്യമാക്കുന്ന വചനം. (സങ്കീ, 107:20). നീതിയുടെ വചനം. (സങ്കീ, 119:123). അതിവിശുദ്ധ വചനം. (സങ്കീ, 119:140). സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. (സങ്കീ, 119:89). കാലിന്നു ദീപവും എന്റെ പാതയ്ക്കു പ്രകാശവും നല്കുന്ന വചനം. (സങ്കീ, 119:105). ദൈവത്തിൻ്റെ ആജ്ഞയാൽ അതിവേഗം ഓടുന്ന വചനം. (സങ്കീ, 147:15). മഞ്ഞുകട്ടയെ ഉരുക്കുന്ന വചനം. (സങ്കീ, 147:18). യാക്കോബിനു വെളിപ്പെടുത്തിയ വചനം. (സങ്കീ, 147:19). ന്യായവിധിയുടെ വചനം. (യെശ, 9:8). എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്നെ വചനം. (യെശ, 40:8). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനം. (യെശ, 55:11). തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയുമുള്ള വചനം. (യിരെ, 23:29). 

ലോഗൊസും റീമയും: യോഹന്നാന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ അവതരിപ്പിക്കുന്നത് വചനം അഥവാ ലോഗൊസ് ജഡമായിത്തീർന്നതായിട്ടാണ്. (യോഹ, 1:14; 1യോഹ, 1:1,2). ലോഗൊസെന്ന് യോഹന്നാൻ്റെ തന്നെ വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തുവിന് പേർ വിളിച്ചിരിക്കുന്നതും കാണാം. (19:13). എന്നല്ലാതെ, ത്രിത്വം വിശ്വസിക്കുന്നതുപോലെ സവിശേഷമായ മറ്റൊരർത്ഥവും യോഹന്നാൻ്റെ ലോഗൊസിനില്ല. കാരണം പറയാം: പഴയനിയമത്തിലെ ദൈവത്തിൻ്റെ വചനം അഥവാ ദവാറിനു തത്തുല്യമായ രണ്ടു പദങ്ങൾ പുതിയനിയമത്തിലുണ്ട്: ലോഗൊസും (Logos), റീമായും (Rhema). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് എബ്രായയിൽ ‘ദവാർ’ (dabar): “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). തൻ്റെ വായിൽനിന്നു പുറപ്പെടുന്ന ഈ വചനത്താലാണ് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6). എന്നാൽ പുതിയനിയമത്തിൽ എബ്രായലേഖകൻ: ദൈവത്തിൻ്റെ റീമാ കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും (എബ്രാ, 11:3), പത്രൊസ് അപ്പൊസ്തലൻ: ദൈവത്തിൻ്റെ ലോഗൊസ് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു. (2പത്രാ, 3:5). ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ ലോഗോസിനാൽ തീക്കായി സൂക്ഷിച്ചിരിക്കയുമാണ്. (2പത്രൊ, 3:7). എന്ത് വ്യത്യാസമാണ് ലോഗൊസിനും റീമയ്ക്കും തമ്മിലുള്ളത്?

ലോഗൊസും റീമയും താരതമ്യം: യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെ പിതാവിൻ്റെ അഥവാ ദൈവത്തിൻ്റെ വചനത്തെ: ലോഗൊസെന്നും (5:38; 8:55; 10:35; 14:24; 17:6; 17:14; 17:17); റീമയെന്നും (3:34; 8:47) അഭിന്നമായി പറഞ്ഞിരിക്കുന്നു. ക്രിസ്തുവിൻ്റെ വചനത്തെയും: ലോഗൊസെന്നും (4:41; 4:50; 5:24; 8:31; 8:37; 8:43; 8:51; 8:52; 12:48; 14:23; 14:24), റീമായെന്നും (5:47; 12:47; 12:48; 15:7) അഭിന്നമായി പറഞ്ഞിരിക്കുന്നു. ദൂതൻ്റെ വചനത്തെയും: ലോഗൊസെന്നും (ലൂക്കൊ, 1:20; 1:29) റീമായെന്നും (ലൂക്കൊ, 1:38) അഭിന്നമായി പറഞ്ഞിരിക്കുന്നു. മനുഷ്യരുടെ വചനത്തെയും: ലോഗൊസെന്നും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) റീമായെന്നും (മത്താ, 12:36; 18:16; 27:14) അഭിന്നമായി പറഞ്ഞിരിക്കുന്നു. ക്രിസ്തു പ്രസ്താവിച്ച വചനത്തെയും: ലോഗൊസെന്നും (2:22; 6:60; 7:35; 7:40; 10:19; 12:48: 15:3; 18:9; 18:32; 20:21), റീമായെന്നും (, 6:63; 6:68; 8:20; 10:21; 14:10) അഭിന്നമായി പറഞ്ഞിട്ടുണ്ട്. ആദിയിൽ ഉണ്ടായിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവത്തിൻ്റെ വായിൽനിന്നു വരുന്നത് റീമായാണ്. (മത്താ, 4:4; ലൂക്കൊ, 4:4). ദൈവത്തിൻ്റെ കൂടെയായിരുന്നത് ലോഗാസാണെങ്കിൽ (1:1); യേശുവിൻ്റെ പക്കലുള്ളത് നിത്യജീവൻ്റെ റീമായാണ്. (യോഹ, 6:68). ദൈവം ആയിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവം പുത്രനിൽ വസിച്ചുകൊണ്ട് സംസാരിച്ചത് റീമായാണ്. (14:10). ക്രിസ്തുവിൻ്റെ വചനത്തെ ഒരു വാക്യത്തിൽത്തെന്നെ റീമായെന്നും ലോഗൊസെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്: “എന്റെ വചനം (റീമാ) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം (ലോഗൊസ്) തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഇങ്ങനെ ലോഗൊസിനെയും റീമയെയും അഭിന്നമായിട്ടാണ് യോഹന്നാൻതന്നെ ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതൻ്റെയും മനുഷ്യരുടെയും വചനം അഥാവാ ലോഗൊസും റീമായും ഒന്നായിരിക്ക, ക്രിസ്തുവിൻ്റെ സ്ഥാനപ്പേരാണ് വചനമെന്നല്ലാതെ, യേശു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെന്ന് പറയുന്നവർ ഏതാത്മാവിന് അധീനരാണ്.

പുതിയനിയമത്തിലെ വചനം: ദൈവവചനം (മർക്കൊ, 7:13; ലൂക്കൊ, 5:1; യോഹ, 10:35), ആത്മാവും ജീവനുമായ വചനം (യോഹ, 6:63), ജീവൻ്റെ വചനം/നിത്യജീവൻ്റെ വചനം: (യോഹ, 6:68; പ്രവൃ, 5:20; ഫിലി, 2:15; 1യോഹ, 1:2), സത്യവചനം: (യോഹ, 17:17; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9), കർത്താവിൻ്റെ വചനം: (പ്രവൃ, 8:35; 13:48; 15:34,35), രക്ഷാവചനം: (പ്രവൃ, 13:26), കൃപയുടെ വചനം: (പ്രവൃ, 14:3; 20:32), സുവിശേഷവചനം: (പ്രവൃ, 15:7), വാഗ്ദത്തവചനം: (റോമ, 9:9), ക്രൂശിൻ്റെ വചനം: (1:കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം: (1കൊരി, 12:8), പരിജ്ഞനത്തിൻ്റെ വചനം: (1കൊരി, 12:8), നിരപ്പിൻ്റെ വചനം: (2കൊരി, 5:19), ക്രിസ്തുവിൻ്റെ വചനം: (കൊലൊ, 3:16), വിശ്വാസവചനം: (1തിമൊ, 4:6), സദുപദേശത്തിൻ്റെ വചനം: (1തിമൊ, 4:6), അംഗീകരിക്കാൻ യോഗ്യമായ വചനം: (1തിമൊ, 4:9), പത്ഥ്യവചനം: (1തിമൊ, 6:3), വിശ്വാസ്യവചനം: (തീത്തൊ, 1:8), ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനം: (എബ്രാ, 1:3), നീതിയുടെ വചനം: (എബ്രാ, 5:13), ആണയുടെ വചനം: (എബ്രാ, 7:28), ആകാശവവും ഭൂമിയും സൃഷ്ടിച്ച വചനം (എബ്രാ, 11:3; 2പത്രൊ, 3:5), വീണ്ടും ജനിപ്പിക്കുന്ന വചനം (യാക്കോ, 1:18; 1പത്രൊ, 1:23), ഉൾനട്ട വചനം: (യാക്കോ, 1:21), എന്നേക്കും നിലനില്ക്കുന്ന വചനം (മത്താ, 24:35; 1പത്രൊ, 1:25), ന്യായവിധിയുടെ വചനം (യോഹ, 12:48; 2പത്രൊ, 3:7), സാക്ഷ്യവചനം: (വെളി, 12:11). “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ, 4:12). വചനം ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയാണെന്ന് വിശ്വസിക്കുന്നവർ പഴയപുതിയ നിയമങ്ങളിലുള്ള മേല്പറഞ്ഞ വചനങ്ങൾക്കൊക്കെ എന്ത് സമാധാനം പറയും?

മേല്പറഞ്ഞ ബൈബിൾ തെളിവുകളുടെ അടിസ്ഥാനത്തിൽ യോഹന്നാൻ 1:1-നോടുള്ള ബന്ധത്തിൽ ത്രിത്വം മുന്നോട്ടുവെയ്ക്കുന്ന മൂന്നുപദേശങ്ങളും വചനവിരുദ്ധമാണെന്ന് മനസ്സിലാക്കാം. എങ്കിലും ചുരുക്കമായി ഒന്നുകൂടി വ്യക്തമാക്കാം:

1. യേശു ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണ്: ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണ് യേശുവെന്ന് ത്രിത്വം വിശ്വസിക്കുന്നു. യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നെന്നത് വസ്തുതയാണ്. (1തിമൊ, 2:5,6; 3:14-16). അനേകം തെളിവുകൾ അതിനാധാരമായി ബൈബിളിലുണ്ട്. ഉദാ: (യോഹ, 5:19, 32,37; 8:16; 14:20,23; 16:32; 17:11,21). അപ്പോൾത്തന്നെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്. (10:30; 14:9). തന്മൂലം മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷമായവൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. മനുഷ്യനായി പ്രത്യക്ഷനായവൻ ആരാണോ, അവനാണ് എന്നുമെന്നേക്കും ഇരിക്കുന്ന മഹാദൈവം. (തീതൊ, 2:12). യേശുക്രിസ്തു ദൈവത്തിൽനിന്നു വ്യതിരിക്തനായാൽ പിന്നെയവൻ ദൈവമല്ല. എന്തെന്നാൽ ബൈബിൾ ഒരേയൊരു ദൈവവ്യക്തിക്കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നത്: യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20), പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8), യഹോവയല്ലാതെ ദൈവമില്ലെന്നും: (ആവ, 32:39; ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 44:5,6; 44:8; 45:5; 45:18,21; 45:22; 46:8). യേശു മറ്റൊരു വ്യക്തിയായാൽ തൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതാകും: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 5:21; 17:3). 

2. ദൈവത്തോടു കൂടെയുള്ള പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു: ദൈവത്തോടു കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ദൈവവുമായവൻ്റെ അവതാരമാണ് ക്രിസ്തുവെന്ന് ത്രിത്വം വിശ്വസിക്കുന്നു. വെളിപ്പാടും അവതാരവും തമ്മിലുള്ള വ്യത്യാസംപോലും അനേകർക്കും അറിയില്ല. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” (മലാ, 3:6; യാക്കോ, 1:17). “അവതാരമെന്നാൽ, തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” അവതാരം ജാതികളൂടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ലെന്നതാണ് വസ്തുത. ദൈവത്തിൻ്റെ അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; പഴയനിയമത്തിൽ ഉടനീളം തൻ്റെ ഭക്തന്മാർക്ക് പ്രത്യക്ഷനായവൻ തന്നെയാണ് പുതിയയമത്തിലും മനുഷ്യനായി പ്രത്യക്ഷനായത്. പുതിയനിയമത്തിൽ മാത്രമല്ല ദൈവം മനുഷ്യനായി പ്രത്യക്ഷമായത്. പഴയനിയമത്തിലും പ്രത്യക്ഷമായിട്ടുണ്ട്. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി പ്രത്യക്ഷനായ യഹോവ അവൻ ഭക്ഷണമുണ്ടാക്കുന്നതുവരെ അഞ്ചാറു നാഴിക കാത്തിരുന്ന്, കാളയിറച്ചിയും അപ്പവും പാലും വെണ്ണയുമൊക്കെ കൂട്ടി ഭക്ഷണം കഴിച്ചശേഷം, അവനെ അനുഗ്രഹിക്കുകയും, സോദോമിനെക്കുറിച്ച് ഒരു ദീർഘസംഭാഷണവും കഴിഞ്ഞ് മടങ്ങിപ്പോയവനാണ്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജഡത്തിൽ പ്രത്യക്ഷനായത്. (ഉല്പ, 18:1-19-1; 1തിമൊ, 3:14-16). പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണ്; അല്ലാതെ, യേശു നിത്യപുത്രനല്ല; നിത്യനായ ദൈവമാണ്. (എബ്രാ, 13:8). (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ, ദൈവപുത്രനായ യേശു)

3. ജഡത്തിൽ യേശുവിനു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു: ജഡത്തിലും യേശു പൂർണ്ണ ദൈവമായിരുന്നുവെന്ന് ത്രിത്വം വിശ്വസിക്കുന്നു. ജഡത്തിൽ യേശു ദൈവത്തിന്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 2:16; 1പത്രൊ,1:20). യേശു തൻ്റെ ഐഹിക ജീവകാലത്ത് പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. ക്രിസ്തുവിന് ഏതൊരു മനുഷ്യനെപ്പോലെയും ആത്മാവും (pneuma – spirit) ദേഹിയും (psyche – soul) ദേഹവും (soma – body) ഉണ്ടായിരുന്നു. (1തെസ്സ, 5:23; ലൂക്കൊ, 23:46; മത്താ, 26:38; 1പത്രൊ, 2:24). യോർദ്ദാനിലെ സ്നാനം മുതൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവൻ്റെ കൂടെ മറ്റൊരു വ്യക്തിയായി വസിച്ച്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതല്ലാതെ (പ്രവൃ, 10:38), ജഡത്തിൽ യേശു തന്നിൽത്തന്നെ ദൈവമായായിരുന്നു എന്നതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. ഇനി, ക്രിസ്തുവെന്ന മനുഷ്യനോടു കൂടെയിരുന്ന ദൈവപിതാവിനെയും ചേർത്താണ് അവന് ‘ഇരുപ്രകൃതി’ ഉണ്ടായിരുന്നുവെന്ന് പറയുന്നതെങ്കിൽ, അവന് ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നല്ല പറയേണ്ടത്; യേശുവെന്നപേരിൽ രണ്ട് വ്യക്തിയുണ്ടായിരുന്നു എന്നു പറയണം. ഒരു ദൈവവും; ഒരു മനുഷ്യനും. (മത്താ, 3:16; പ്രവൃ, 10:38; ഒ.നോ: 5:32; 8:16; 16:32; 17:11; 17:23). ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും ഇരിക്കുന്ന ജീവനുള്ള ദൈവമായ യേശുക്രിസ്തു അഥവാ യഹോവയുടെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു ജഡത്തിലെ ക്രിസ്തു. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

“വചനം ദൈവത്തോടു കൂടെയായിയിരുന്നു” എന്നു പറഞ്ഞിരിക്കയാൽ, ദൈവത്തിൻ്റെ വചനം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവാണെന്നും, അവൻ ആദിമുതൽ ദൈവത്തോടൊപ്പമുള്ള മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെന്നും ത്രിത്വം വിശ്വസിക്കുന്നു. ത്രിത്വവിശ്വാസം ശരിയാണെങ്കിൽ, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം:

1. ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് എബ്രായയിൽ ‘ദവാർ’ (യെശ, 55:11; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ കൂടെയുള്ള വചനം ക്രിസ്തു ആണെങ്കിൽ, ദൈവത്തിൻ്റെ വായിൽനിന്നു വരുന്ന വചനം ആരാണ്; അതും മറ്റൊരു ക്രിസ്തുവാണോ???…

2. ത്രിത്വത്തിന് ദൈവം മൂന്ന് വ്യക്തിയാണ്; അതിലൊരു വ്യക്തിയാണ് പിതാവ്. വചനം അഥവാ ലോഗൊസ് ദൈവത്തോടു കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ, ദൈവത്തിലെ ഒരു വ്യക്തിയായ പിതാവിൻ്റെ ലോഗൊസ് ആരാണ്? (യോഹ, 17:6; 17:14; 17:21); അതും മറ്റൊരു ക്രിസ്തുവാണോ???…

3. യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെങ്കിൽ; യേശുക്രിസ്തുവിൻ്റെ വചനം അഥവാ ലോഗോസ് ആരാണ്? (കൊലൊ, 3:16; മത്താ, 7:24; 7:26; 24:35); അതും മറ്റൊരു വ്യക്തിയാണോ???…

4. യഥാർത്ഥത്തിൽ യേശുക്രിസ്തു ദൈവത്തിൻ്റെ വചനമാണെങ്കിൽ, ക്രിസ്തു പ്രസംഗിച്ചതും (ലൂക്കൊ, 5:1; 8:21; 11:28) പറഞ്ഞതും (യോഹ, 12:48; 15:3) പ്രമാണിച്ചതുമായ (യോഹ, 8:55) വചനം ആരാണ്???…

5. ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസായിരിക്കെ, യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തോടുകൂടെ ഉണ്ടായിരുന്ന ലോഗൊസാണെന്ന് ഏത് കാരണത്താൽ പറയും???…

6. ദൈവത്തിൻ്റെ വചനത്തെയും ക്രിസ്തുവിനെയും വേർതിരിച്ചു പറഞ്ഞിരിക്കുകയും (യോഹ, 8:55; വെളി, 1:2,9; 20:4), തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തുതന്നെ പറയുകയും ചെയ്യുമ്പോൾ (യോഹ, 14:24), അക്ഷരാർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ വചനമാണെന്ന് വിശ്വസിക്കാൻ എന്തു ന്യായമാണുള്ളത്???…

7. വചനം ദൈവത്തോടു കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ശില്പിയായി ദൈവത്തോടു കൂടെയുണ്ടായിരുന്ന ജ്ഞാനത്തെ മറ്റൊരു വ്യക്തിയായും (സദൃ, 8:27-30) സ്ത്രീയായ അവളെ (സദൃ, (8:1-3) ദൈവത്തിൻ്റെ നിത്യപുത്രിയായും ത്രിത്വം അംഗീകരിക്കുമോ???…

ത്രിത്വത്തിന് യേശു ജഡത്തിലും പൂർണ്ണദൈവമാണ്. എന്നാൽ, ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; വർത്തമാനം മാത്രമേയുള്ളു. യോഹന്നാൻ 1:1-ൽ ‘ദൈവത്തോടു കൂടെയായിരുന്ന വചനം’ യേശുവാണെന്ന് ത്രിത്വവിശ്വാസം പറയുന്നു. അപ്പോൾ ‘വചനം ദൈവം ആയിരുന്നു’ എന്നു ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്? യേശുവിനെക്കുറിച്ചു. ദൈവത്തിന് ഒരു ഭൂതകാലം ഉണ്ടായിരുന്നുവോ? ത്രിത്വമൊരു അബദ്ധസിദ്ധാന്തമാണെന്ന് നിങ്ങൾതന്നെ സാക്ഷ്യം പറയുന്നു.

“നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യഹീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവമെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നത്. ഏകസത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമായ താൻ, പിതാവു മാത്രമാണ് സത്യദൈവം എന്നു പറഞ്ഞുകൊണ്ട് ജഡത്തിലെ തൻ്റെ ദൈവത്വം നിഷേധിക്കുമ്പോൾ; അവൻ ജഡത്തിലും ദൈവമാണെന്ന് വ്യർത്ഥമായി സ്ഥാപിക്കാൻ ശ്രമിക്കുന്നവർ എന്താണ് മനസ്സിലാക്കുന്നത്; ക്രിസ്തുവിന് തന്നെക്കുറിച്ച് ഒരു ബോധവും ഇല്ലായിരുന്നെന്നോ? മർക്കൊസിൻ്റെ സുവിശേഷത്തിൽ ക്രിസ്തു ‘ഷ്മാ’ (shama) ചൊല്ലിക്കഴിഞ്ഞപ്പോൾ (12:29-31), ശാസ്ത്രി അവനോടു പറഞ്ഞത്: “ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു കണ്ടിട്ടു യേശു പറഞ്ഞത്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല” എന്നാണ്. (മർക്കൊ, 12:34). യേശുവിൻ്റെ വാക്കുകളെപ്പോലും മറിച്ചുകളയുന്നവർ ദൈവരാജ്യത്തോടു അടുത്തുനില്ക്കുന്നുവോ? അതോ, അകന്നുനില്ക്കുന്നുവോ? ഓരോരുത്തൻ തങ്ങളെത്തന്നെ ശോധന ചെയ്യട്ടെ; അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!

“സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32)

2 thoughts on “വചനം ദൈവത്തോടുകൂടെ ആയിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *