യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്

യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്

“യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1)

ത്രിത്വത്തിനു തെളിവായിട്ടാണ് പണ്ഡിതന്മാർ മേല്പറഞ്ഞ വേദഭാഗത്തെ കാണുന്നത്. അക്ഷരാർത്ഥത്തിൽ യഹോവയുടെ വലത്തുഭാഗത്തു മറ്റൊരു കർത്താവുണ്ടോ? ഇല്ലെന്നാണ് ബൈബിളിൻ്റെ ഉത്തരം. എന്നാൽ പ്രതീകാത്മകമായി അവിടെയൊരു കർത്താവ് അഥവാ യജമാനൻ ഉണ്ടുതാനും. അതൊരു മനുഷ്യപുത്രനാണ്; ആരാണത്? നമുക്ക് 80-ാം സങ്കീർത്തനത്തിലേക്ക് പോകാം, അതിൻ്റെ 8-ാം വാക്യം: “നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.” 14-ാം വാക്യം: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.” 15-വാക്യം: “നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.” 17-ാം വാക്യം: “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” യഹോവയായ ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന മുന്തിരിവള്ളിയാണ് യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ‘പുരുഷൻ അഥവാ മനുഷ്യപുത്രൻ’ എന്ന് ഒരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാൻ കഴിയും. ഇനി, ഈ മുന്തിരിവള്ളി ആരാണെന്നു നോക്കാം: യിസ്രായേൽ ജനതയുടെ പ്രതീകമാണ് മുന്തിരിവള്ളി. മിസ്രയീമിൽ നിന്നു കൊണ്ടുവന്ന മുന്തിരിവള്ളിയായി യിസ്രായേലിനെ രൂപണം ചെയ്തിരിക്കയാണ്. “നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.” (സങ്കീ, 80:8). യഹോവ യിസ്രായേൽ ഗൃഹത്തിലെ സകല വംശങ്ങളോടും പറയുന്നത് നോക്കുക: “ഞാൻ നിന്നെ വിശിഷ്ട മുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?” (യിരെ, 2:21). “യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു.” (ഹോശേ, 10:1). “യഹോവ ഒരു പ്രവാചകൻ (മോശെ) മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.” (ഹോശേ, 12:13. ഒ.നോ: ആവ, 18:15,18). യിസ്രായേലിനെ പുത്രനായും ആദ്യജാതനായും പറഞ്ഞിരിക്കുന്നത് നോക്കുക: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23). “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ, 11:1. ഒ.നോ: സങ്കീ, 2:7, 12).

അബ്രാഹാമിൻ്റെ പൗത്രനായ യാക്കോബിൻ്റെ മക്കളും പന്ത്രണ്ട് ഗോത്രങ്ങളുമായ യിസ്രായേലിനെയാണല്ലോ യഹോവ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന മുന്തിരിവള്ളി അഥവാ മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. മിസ്രയീമിൽ നിന്ന് യിസ്രായേലിനെ കൊണ്ടുവന്നിട്ട്, ജാതികളെ നീക്കിക്കളഞ്ഞശേഷം കനാനിലല്ലേ പാർപ്പിച്ചത്; അല്ലാതെ സ്വർഗ്ഗത്തിലല്ലല്ലോ. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ” (80:17) എന്നു പറഞ്ഞാൽ; യഹോവ യിസ്രായേലെന്ന മനുഷ്യപുത്രനെ സ്വർഗ്ഗസിംഹാസനത്തിൻ്റെ വലത്തുഭാത്തിരിത്തി വളർത്തിയെന്നോ, പരിപാലിക്കുന്നുവെന്നോ അർത്ഥമുണ്ടോ? ഇല്ല. വലത്തുഭാഗം എന്നു പറഞ്ഞാൽ; യഹോവയുടെ വലങ്കൈയുടെ അനുഗ്രഹത്തെയും സംരക്ഷണത്തെയുമാണ് കാണിക്കുന്നത്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ ഇരിക്കട്ടെ.” യഹോവയുടെ വലങ്കൈയാൽ യിസ്രായേൽ പുഷ്ടി പ്രാപിച്ചതാണ് വിഷയം. (80:17. ഒ.നോ: സങ്കീ, 18:35; 21:8; 60:5; 63:8; 108:6; 137:5; 138:7; 139:10; യെശ, 41:10; 41:13). യഹോവയുടെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങൾ ഉണ്ടെന്ന് ദാവീദ് പറയുന്നു. (സങ്കീ, 16:11). ഗോത്രപിതാവായ യാക്കോബിനോടുള്ള ബന്ധത്തിലും വലങ്കൈ അനുഗ്രഹത്തെ കാണിക്കുന്നു. (ഉല്പ, 48:13,14, 17,18). അതായത്, യിസ്രായേലിൻ്റെ പദവി അഥവാ വിശേഷണമാണ് ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന പുരുഷൻ; അഥവാ മനുഷ്യപുത്രൻ. എന്നാൽ എന്തുകൊണ്ടാണ് വലത്തുഭാഗത്തിരിക്കുന്ന മനുഷ്യപുത്രനെ ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത്?

എൻ്റെ കർത്താവ്:സങ്കീർത്തനം 110:1-ൽ ദാവീദ് ഉപയോഗിച്ചിരിച്ചുന്ന “എൻ്റെ കർത്താവു” (To my master – לִימִינִי – L’adoni) എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല. ഒന്നാം വാക്യത്തിൽ കർത്താവിനെ കുറിക്കുന്ന “അഡോനി” (adoni) എന്ന പദം 250-തോളം പ്രാവശ്യമുണ്ട്. അത് പൊതുവെ, യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ മനുഷ്യരെ കുറിക്കുന്ന പദമാണ്. എങ്കിലും മുപ്പതോളം പ്രാവശ്യം ദൈവത്തോടു ചേർത്തും ഈ പദമുണ്ട്. കർത്താവ്, (പുറ, 21:17; 34:23; ആവ, 10:17; നെഹെ, 3:5; 8:10; 10:29; സങ്കീ, 8:1; 8:9; 97:5; 114:7; 135:5; 136:3; 147:5; യെശ, 1:24; 3:1; 10:16; 10:33; 19:4; 51:22; ഹോശേ, 12:14; മീഖാ, 4:13; സെഖ, 4:14; 6:5; മലാ, 3:1), നാഥൻ (യോശു, 3:11; 3:13). എന്നാൽ ബൈബിളിൽ ഒരിടത്തും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ സംബോധന ചെയ്യാൻ “അഡോണി” ഉപയോഗിച്ചിട്ടില്ല; ‘അഡോനായി’ (אֲדֹנָי – Adonay) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദാവീദും (സങ്കീ, 16:2; 35:23). മറ്റു പലരും അഡോണായി കൊണ്ട് “എൻ്റെ ദൈവം” എന്നു സംബോധന ചെയ്തിട്ടുണ്ട്. (ഉല്പ, 18:3; പുറ, 4:10; 4:13; 34:9; സംഖ്യാ, 14:17; ന്യായാ, 13:8; യെശ, 49:14. ഇംഗ്ലീഷിൽ നോക്കുക). തനക്കിലും (എബ്രായ ബൈബിൾ) അഡോണി (adoni) എന്ന പദംകൊണ്ട് ‘എൻ്റെ കർത്താവു’ (My Lord) എന്ന് ദൈവത്തെ സംബോധന ചെയ്തിട്ടില്ലെന്ന് റബ്ബിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എബ്രായ ബൈബിളിൻ്റെ (Tanak) ഇംഗ്ലീഷ് പരിഭാഷയിലും എൻ.ഐ.വി. പോലുള്ള പല അഗീകൃത പരിഭാഷകളിലും ‘lord’ ചെറിയക്ഷരമാണ് കാണുന്നത്. (ACV, BBE, EHV, ERV, GNV, JPS Tanak 1917, JPIT, LEB, NAB, NEB’70, NET, NIV, NRSV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t ഈ പരിഭാഷകളിലെല്ലാം ‘L’ ചെറിയക്ഷരമാണ്). ശരിക്കും 110-ലെ ‘എൻ്റെ കർത്താവു’ എന്ന സ്ഥാനത്ത് ‘എൻ്റെ യജമാനൻ’ എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (RNKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (World Bible Translation Center). 110:1-ലെ അഡോണി (Adoni) ദൈവത്തെ കുറിക്കുന്ന പദമല്ലെന്ന് ഈ സങ്കീർത്തനത്തിൽത്തന്നെ തെളിവുണ്ട്. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണ്; അവിടെ കർത്താവിനു ഉപയോഗിച്ചിരിക്കുന്നത് അഡോണായി ആണ്. 110:1-ൽ “എൻ്റെ കർത്താവു” എന്ന് ദാവീദ് സംബോധന ചെയ്യുന്ന അഡോണി യിസ്രായേലാണ്; യേശുക്രിസ്തുവല്ല. ദാവീദും (സങ്കീ, 16:2; 35:23), മറ്റു ഭക്തന്മാരും വിളിച്ചപേക്ഷിക്കുന്ന അഡോണായി അഥവാ യഹോവയാണ് യേശുക്രിസ്തു.

അപ്പോൾ, യിസ്രായേലിനെ ദാവീദ് എന്തുകൊണ്ടാണ് എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നതെന്ന ചോദ്യംവരും. വിശ്വാസികൾക്കെല്ലാവർക്കും മശീഹയെന്നാൽ യേശുമശിഹയാണ്; ക്രിസ്തുവെന്നാൽ യേശുക്രിസ്തുവാണ്. എന്നാൽ യേശുക്രിസ്തുവിനെ കൂടാതെ ദൈവത്തിന് അനേകം മശീഹമാർ ഉണ്ടെന്നകാര്യം പലരും വിസ്മരിക്കുന്നു. അതിൽവെച്ച് ഏറ്റം സവിശേഷതയുള്ള ഒരു മശീഹയുണ്ട്. വാഗ്ദത്ത സന്തതിയെന്ന് പറഞ്ഞാലും പലർക്കും യേശുക്രിസ്തുവാണ്; മാത്രമല്ല, വാഗ്ദത്തസന്തതി യേശുക്രിസ്തു അല്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയുമില്ല. എന്നാൽ വാഗ്ദത്തം പ്രാപിച്ച മശീഹയും സന്തതിയും യേശുക്രിസ്തുവല്ല; വാഗ്ദത്തം നിവൃത്തിച്ച മശീഹായും സന്തതിയുമാണ് യേശുക്രിസ്തു. അങ്ങനെയെങ്കിൽ വാഗ്ദത്തം പ്രാപിച്ചവനാരാണ്? മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും ആദ്യജാതനും അഭിഷിക്തനും ആകാശമേഘങ്ങളെ വാഹനമാക്കിവരുന്ന മനുഷ്യപുത്രനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കന്മാർ ചുംബിച്ച് ശരണം പ്രാപിക്കുന്നവനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും യിസ്രായേലാണ്. പുതിയനിയമത്തിൽ യേശുക്രിസ്തുവിലൂടെ നിവൃത്തിയായിരിക്കുന്ന സകല പദവികളുടെയും അവകാശി യിസ്രായേലാണ്. യിസ്രായേലിൻ്റെ പദവിയാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയെന്നത്. ഈ വാഗദത്ത സന്തതിയെയാണ് ദാവീദ് എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നത്. (കാണുക: യിസ്രായേലിന്റെ പദവികൾ)

യിസ്രായേലിൻ്റെ ശാശ്വതരാജാവും (യിരെ, 10:10) യുഗന്ത്യരാജാവും യഹോവയാണ്. (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7). യഹോവ തന്നെയാണ് യേശുക്രിസ്തു. “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51). എന്നാൽ ജാതികളെ ഇരുമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 2:12; 89:29,36,37; ദാനീ, 7:27). യഹോവയുടെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു.

യഹോവയുടെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ ഒരു കർത്താവില്ലെന്നതിന് പല തെളിവുകളുമുണ്ട്:

1. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ അനേകർ കണ്ടിട്ടുണ്ട്; അവരാരും ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഒരു കർത്താവിനെ അഥവാ പുത്രനെ കണ്ടിട്ടില്ല; മാത്രമല്ല. യഹോവയുടെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ദൂതന്മാരാണുള്ളത്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും, യെശയ്യാവും, യോഹന്നാനും യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നത് കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യെശയ്യാവ്: “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (6:2). യോഹന്നാൻ: “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരാണുള്ളത്; അവിടെയെങ്ങും ഒരു പുത്രനെ ആരും കണ്ടിട്ടില്ല. 

2. “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). ദൈവത്തിൻ്റെ വലത്തുഭാഗത്ത് അക്ഷരാർത്ഥത്തിൽ ഒരു പുത്രനുണ്ടെങ്കിൽ; പിതാവിൻ്റെ മടിയിലിരിക്കുന്ന ഈ പുത്രനാരാണ്? മടിയിലൊരു പുത്രൻ വലത്തുഭാഗത്തൊരു പുത്രൻ എന്നൊക്കെ പറഞ്ഞാൽ ശരിയാകുമോ? സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തെ പഴയപുതിയനിമങ്ങളിലെ പലരും കണ്ടിട്ടുണ്ട്; അവരാരും ദൈവത്തിൻ്റെ മടിയിലോ, വലത്തുഭാഗത്തോ ഒരു പുത്രനെ കണ്ടിട്ടില്ല. അപ്പോൾ അതൊക്കെ ആലങ്കാരിക പ്രയോഗങ്ങളാണെന്ന് വ്യക്തമായില്ലേ? 

3. 110-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്ത് കർത്താവ് അഥവാ യജമാനൻ ഇരിക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ കർത്താവിൻ്റെ വലത്തുഭാഗത്ത് യഹോവയായ കർത്താവ് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.” (സങ്കീ, 110:5). സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷ ചേർക്കുന്നു: “സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. ‘നീ മല്‍ക്കീസേദെക്കിന്‍റെ പരമ്പരയില്‍, എന്നേക്കും പുരോഹിതനായിരിക്കും.’ സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്. തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” (സങ്കീ 110:4-5). വേറെയും പല വാക്യങ്ങളുണ്ട്. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ 16-ാം സങ്കീർത്തനത്തിൽ നിന്ന് ഉദ്ധരിക്കുന്ന വാക്യത്തിൽ, ക്രിസ്തുവിന്റെ വലത്തുഭാഗത്താണ് യഹോവ ഇരിക്കുന്നത്: “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.” (പ്രവൃ, 2:25; സങ്കീ, 16:8). എളിയവനെ രക്ഷിക്കാൻ അവൻ്റെ വലത്തുഭാഗത്ത് യഹോവ നില്ക്കുന്നതായും (സങ്കീ, 109:31), സങ്കീർത്തനക്കാരൻ്റെ വലത്തുഭാഗത്ത് യഹോവ തണലായിരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (സങ്കീ, 121:5). ‘യഹോവയുടെ വലത്തുഭാഗത്ത് ക്രിസ്തു ഇരിക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; ‘ക്രിസ്തുവിന്റെ വലത്തുഭാഗത്ത് യഹോവ ഇരിക്കുന്നു’ എന്നു പറയുന്നതും അങ്ങനെതന്നെ മനസ്സിലാക്കണ്ടേ? അതിനാൽ, അതൊക്കെ ആലങ്കാരികമായി പറഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കാം.

4. “യഹോവ ദാവീദിൻ്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നാണല്ലോ. (സങ്കീ, 110:1). പുതിയനിയമത്തിലും ഈ ഉദ്ധരണി ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; 1കൊരി, 15:25; എബ്രാ, 1:13; 10:13). ത്രിത്വോപദേശപ്രകാരം; ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന, ദൈവത്തോടു സമത്വമുള്ള സാക്ഷാൽ പുത്രനാണല്ലോ ക്രിസ്തു. ദാവീദിൻ്റെ കർത്താവായ ഈ ക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? അവർക്ക് ദൈവപുത്രനായ ക്രിസ്തുവിനോടുള്ള ശത്രുതയ്ക്ക് കാരണമെന്താണ്? ക്രിസ്തുവിന് ശത്രുക്കളുള്ളതായി പുതിയനിയമത്തിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു” (1കൊരി, 15:25) എന്നും; “തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു” എന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 10:13). യഹോവയായ ദൈവത്തിന് എതിരാളിയാണ് സാത്താനെന്ന് വിചാരിക്കാം. സാറ്റൻ (saṭan), സാറ്റനാസ് (satanas) എന്ന എബ്രായഗ്രീക്ക് പദങ്ങൾക്ക് പ്രതിയോഗി അഥവാ എതിരാളി എന്നാണർത്ഥം. സാത്താൻ ദൈവത്തിനും ദൈവജനത്തിനും എല്ലായ്പ്പോഴും ശത്രു തന്നെയാണ്. എന്നാൽ സാത്താനെ ബൈബിളിൽ ഒരിടത്തും ‘ശത്രുക്കൾ’ (enemies) എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടില്ല. പഴയനിയമത്തിൽ പ്രതിയോഗി (1രാജാ, 11:14), എതിരാളി (109:6) എന്നിങ്ങനെയാണ്. പുതിയനിയമത്തിൽ സാറ്റനാസിനെ സാത്താനെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്; അവൻ്റെ മറ്റു പേരുകളും ഏകവചനമാണ്: പരീക്ഷകൻ (മത്താ, 4:3), പിശാച് (ലൂക്കൊ, 4:3), ഭോഷ്ക്കിൻ്റെ അപ്പൻ (യോഹ, 8:44), ഈ ലോകത്തിൻ്റെ പ്രഭു (യോഹ, 12:31), ദുഷ്ടൻ (യോഹ, 17:15), ഈ ലോകത്തിൻ്റെ ദൈവം (2കൊരി, 4:4), സർപ്പം (2കൊരി, 11:3), മഹാസർപ്പം (വെളി, 12:3), പഴയപാമ്പ് (വെളി, 12:9), അപവാദി (വെളി, 12:10) തുടങ്ങിയവയാണ്. മാത്രമല്ല, 110:1-ലെ ‘ശത്രുക്കൾ’ (enemies) സാത്താനെണെന്നു പറഞ്ഞിട്ടില്ല. തന്നെയുമല്ല, ബൈബിളിൽ എല്ലായിടത്തും ഒയെബ് (oyeb) എന്ന എബ്രായപദം ശത്രു (enemy), ശത്രുക്കൾ (enemies) എന്നിങ്ങനെ മനുഷ്യരെയാണ് കുറിക്കുന്നത്. മനുഷ്യർ എന്തായാലും ദൈവത്തിൻ്റെ ശത്രുക്കളല്ല. ഇനി, 110:1-ൽ പറയുന്ന ശത്രുക്കൾ സാത്താനായാലും മനുഷ്യരായാലും ദൈവത്തിൻ്റെ ശത്രുക്കൾതന്നെ ആണെന്നുവരുകിലും, തൻ്റെ വലത്തുഭഗത്തിരിക്കുന്ന ക്രിസ്തുവിൻ്റെ മാത്രം ശത്രുക്കൾ ആകുന്നതെങ്ങനെ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്ന ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നുണ്ടെങ്കിൽ; നിൻ്റെ ശത്രുക്കൾ എന്നല്ല; നമ്മുടെ ശത്രുക്കൾ പാദപീഠം ആകുവോളം എന്നല്ലേ പറയേണ്ടത്? അപ്പോൾ വലത്തുഭാത്തിരിക്കുന്നത് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്ന കർത്താവല്ല; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലെന്ന അഭിഷിക്തനെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണ്.

5. യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് ആലങ്കാരികമായി പറഞ്ഞിരിക്കുന്നത് ആരാണെന്ന് ആ സങ്കീർത്തനത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. അതിൻ്റെ രണ്ടാം വാക്യം: “നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:2). ഇംഗ്ലീഷിൽ ചെങ്കോൽ അയക്കുമെന്നാണ്. പി.ഒ.സി.യിൽനിന്ന് ഈ വാക്യം ചേർക്കുന്നു: “കര്‍ത്താവു സീയോനില്‍നിന്നു നിൻ്റെ അധികാരത്തിൻ്റെ ചെങ്കോൽ അയയ്‌ക്കും;ശത്രുക്കളുടെ മധ്യത്തിൽ നീ വാഴുക.” ത്രിത്വം പഠിപ്പിക്കുന്നതുപോലെ യഹോവയുടെ വലത്തുഭാത്തിരിക്കുന്ന നിത്യപുത്രനായ കർത്താവിനോടാണ് ഇത് പറയുന്നതെങ്കിൽ, ”നിൻ്റെ അധികാരത്തിൻ്റെ ചെങ്കോൽ അയയ്‌ക്കും” എന്നു പറയേണ്ടല്ലോ; വലത്തുഭാഗത്തിരിക്കുന്ന പുത്രന് കൊടുത്താൽപ്പോരെ? അവകാശമുള്ളവൻ അഥവാ പൊരുളായ മശീഹ വരുന്നതുവരെ ചെങ്കോലും രാജാധികാരവും ഏല്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (ഉല്പ, 49:10; സംഖ്യാ, 24:17). അടുത്തഭാഗം: ”നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” ഒന്നാം വാക്യത്തിൽ ‘യഹോവയുടെ വലത്തുഭാഗത്തിരിക്ക’ എന്നുപറഞ്ഞ ക്രിസ്തുവിനോട് രണ്ടാം വാക്യത്തിൽ ‘നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക’ എന്നുപറഞ്ഞാൽ ശരിയാകുമോ? സ്വർഗ്ഗത്തിൽ, അതും യഹോവയുടെ വലത്തുഭാഗത്തിരിക്കുന്നത് സാക്ഷാൽ ക്രിസ്തുവാണെങ്കിൽ, അവിടെ അവന് ശത്രുക്കളായുള്ളത് ആരാണ്? സ്വർഗ്ഗത്തിൽ യഹോവയെക്കൂടാതെ, ആജ്ഞാനുഗാമികളായ ദൂതന്മാർ മാത്രമേയുള്ളു. അപ്പോൾ, ദൈവത്തിൻ്റെ പുത്രനെക്കുറിച്ചല്ല; അക്ഷരാർത്ഥത്തിൽ അങ്ങയൊരു പുത്രനും ദൈവത്തിനില്ല. ശത്രുക്കളാൽ ചുറ്റപ്പെട്ട് അവരുടെ മദ്ധ്യേവസിക്കുന്ന യിസ്രായേലിനെ കുറിച്ചാണത് പറയുന്നത്. ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; ഹോശേ, 11:1), ‘ആദ്യജാതൻ’ (പുറ, 4:22), ‘നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു’ (സങ്കീ, 2:7), ‘പുത്രനെ ചുംബിക്കുക’ (സങ്കീ, 2:12), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ പറയുന്നത് യിസ്രായേലിനെ കുറിച്ചാണെന്ന് സ്പഷ്ടം. മൂന്നാം വാക്യം പി.ഒ.സി.യിൽനിന്ന് ചേർക്കുന്നു: “വിശുദ്ധ പര്‍വ്വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിൻ്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിൻ്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.” യിസ്രായേലിൻ്റെ അന്ത്യയുദ്ധമാണ് പ്രതിപാദ്യം. സഹസ്രാബ്ദരാജ്യ സ്ഥാപനത്തിനുമുമ്പ് ഉയിർത്തെഴുന്നേറ്റുവരുന്ന പുരുഷാരത്തെയും ഈ വാക്യം സൂചിപ്പിക്കുന്നു. നാലാംവാക്യം: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” ഈ പൗരോഹിത്യ പദവിയും (പുറ, 19:6; യെശ, 61:6) യഹോവ യിസ്രായേലെന്ന തൻ്റെ പുത്രനു നല്കുന്നതാണ്. അഞ്ചും ആറും വാക്യങ്ങൾ: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” അഞ്ചാം വാക്യത്തിൽ യിസ്രായേലിൻ്റെ വലത്തുഭാഗത്താണ് കർത്താവ് അഥവാ യഹോവ ഇരിക്കുന്നത്. യഹോവ അവരുടെ വലത്തുഭാഗത്ത് ഇരിക്കുന്നത്; യിസ്രായേലിൻ്റെ പരിപാലകനായും (സങ്കീ, 121:5), അവരുടെ ശത്രുകളിൽ നിന്ന് രക്ഷിക്കാനുമാണ്. (109:31). ”യഹോവ തൻ്റെ ക്രോധദിവസത്തിൽ.” ഇവിടെപ്പറയുന്ന ക്രോധദിവസം; യിസ്രായേലും ജാതികളുമായുള അന്ത്യയുദ്ധമാണ്. അന്നാളിൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് അവർ നോക്കുകയും, യഹോവ അഥവാ ക്രിസ്തു അവരെ രക്ഷിക്കാൻ ഇറങ്ങിവരികയും ചെയ്യും. (യോവേ, 3:9-17; സെഖ, 12:7-10; 14:1-7; 2തെസ്സ, 1:6,7; 2:8). 110-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ ‘എൻ്റെ കർത്താവു’ എന്നുതുടങ്ങി ‘നീ, നിൻ്റെ, നിനക്കു’ എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമത്തിൽ പറയുന്നതെല്ലാം യിസ്രായേലെന്ന അഭിഷിക്തനായ പുത്രനെക്കുറിച്ചാണ്. (മലയാളത്തിലെ മറ്റു പരിഭാഷകൾ, ഉദാ: സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ളത്, പി.ഒ.സി; വിശുദ്ധഗ്രന്ഥം, ഇ.ആർ.വി. തുടങ്ങിയ പരിഭാഷകളും നോക്കുക) എന്നാൽ അത് ആത്മീയമായി നിവൃത്തിയാകുന്നത് പൊരുളായ മശീഹയിലാണ്; അവൻ ദാവിദിൻ്റെ സാക്ഷാൽ കർത്താവായ യഹോവ തന്നെയാണ്. (സങ്കീ, 8:1; 8:9; 16:2; 35:23; 38:22; 86:12; 140:7).

6. യിസ്രായേൽ ദൈവത്തിൻ്റെ അഭിഷിക്തനാണ്. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 88:51; 105:15; 132:10; 132:17; ദാനീ, 7:27). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ആറാം വാക്യത്തിൽ ‘അഭിഷിക്തൻ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ’ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). പി.ഒ.സി.യിൽ ഈ വാക്യം കാണുക: “അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്‌കരിക്കരുതേ!” (ഒത്തുനോക്കുക: സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപി). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്നെ അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ്  സങ്കീർത്തനത്തിലുള്ളത്. 15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ’ എന്നു പറഞ്ഞിരിക്കുന്നതും കാണാം. (ഇംഗ്ലീഷ് പരിഭാഷകളും പി.ഒ.സിയും കാണുക). യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങൾ വേറെയുമുണ്ട്. (ഉദാ: യെശ, 51:8; 54:5; 62:4; യിരെ, 3:8; 3:20; 4:31; 13:21; ഹോശേ, 2:16; മീഖാ, 4:10; 5:3). അവൾ എന്ന് വിളിച്ചിരിക്കുന്നത് ദാവീദോ, ശലോമോനോ, ഭാവിമശീഹയോ അല്ല; യിസ്രായേലാണ്. (കൂടുതൽ അറിയാൻ കാണുക: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു)

ബൈബിളിലെ മേല്പറഞ്ഞ വിവരങ്ങളിൽ നിന്ന് മൂന്ന് കാര്യങ്ങൾ ഉറപ്പിക്കാം: ഒന്ന്; അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു കർത്താവില്ല. രണ്ട്; എന്നാൽ പ്രതീകാത്മകമായി അവിടെയൊരു കർത്താവ് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്; അത് സ്വന്തജനമായ യിസ്രായേലാണ്. മൂന്ന്; യിസ്രായേൻ്റെ ആ പദവി പൊരുളായ മശീഹയിലൂടെ അഥവാ യഹോവ മനുഷ്യനായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് സാക്ഷാത്കരിക്കപ്പെട്ടത്. യിസ്രായേലിന്റെ ശാശ്വതരാജാവ് യഹോവയാണ്. (യിരെ, 10:10. ഒ.നോ: സങ്കീ, 145:13). യഹോവയുടെ രാജത്വം തള്ളിയശേഷമാണ്, അവർ ഒരു മനഷ്യരാജാവിനെ ചോദിച്ചത്. (1ശമൂ, 8:5; 8:7). അങ്ങനെ ദൈവകല്പന പ്രകാരം ശമൂവേൽ ശൗലിനെ അവർക്ക് രാജാവായി കൊടുത്തു. (1ശമൂ, 8:22; 11:15; 12:1). അങ്ങനെ ദൈവാധിപത്യത്തിൽ നിന്ന് രാജാധിപത്യത്തിലേക്കും, അവിടെനിന്ന് ജാതീയ അടിമത്വത്തിലേക്കും അവർ മാറ്റപ്പെട്ടു. (2ദിന, 36:20). എങ്കിലും കരുണാമയനായ ദൈവം കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അവരെ സന്ദർശിച്ചു. (മത്താ, 1:22; ലൂക്കൊ, 1:68; ഗലാ, 4:4). എങ്കിലും ദൈവത്തിൻ്റെ രഹസ്യജ്ഞാനം അറിയാതിരുന്ന ലോകാധികാരികൾ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകവഴി (1കൊരി, 2:7,8; യോഹ, 12:31) രാജാവും ദൈവാലയവും യാഗങ്ങളുമില്ലാത്ത ഇരുണ്ട കാലത്തിലേക്ക് അവർ പോയി. (ഹോശേ, 3:4). ഇനി, അന്ത്യകാലത്ത് എതിർക്രിസ്തുവിൻ്റെ ഭരണത്തിങ്കൽ (2തെസ്സ, 2:3,4) യിസ്രായേൽ തങ്ങളുടെ തെറ്റ് തീരിച്ചറിയുകയും, തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി വിലപിക്കുകയും ചെയ്യുമ്പോൾ (സെഖ, 12:10), യഹോവയായ കർത്താവ് വിശുദ്ധന്മാരോടൊപ്പം മഹാപ്രഭാവത്തോടെ തന്നെ കുത്തിത്തുളച്ചവരും കാൺകെ ഒലിവുമലയിൽ ഇറങ്ങിവരികയും (വെളി, 1:7; പ്രവൃ, 1:11; സെഖ, 14:4; വെളി, 19:11-16), അവരുടെ ശത്രുക്കളെ തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷം (2തെസ്സ, 2:8; വെളി, 19:15) അവർക്ക് സമാധാനപൂർണ്ണമായ സഹസ്രാബ്ദരാജ്യം സ്ഥാപിച്ചുകൊടുക്കും. (വെളി, 20:1-7; യെശ, 11:1-16). യിസ്രായേലിൻ്റെ ശാശ്വത രാജാവ് സൈന്യങ്ങളുടെ യഹോവായ ദൈവം അഥവാ യേശുക്രിസ്തുവാണ്. (യിരെ, 10:10). സഹസ്രാബ്ദരാജത്വം മശീഹയിലൂടെ യിസ്രായേലിനു ലഭിക്കും. (ലൂക്കൊ, 1:32,33; യോഹ, 1:49; വെളി, 19:6; യെശ, 2:2; 24:23; സങ്കീ, 2:6; 20:9; 21:1, 7;  45:1; 110:2; ദാനീ, 7:27). രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും. “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെഹെ, 34:23-24).

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനോ നിത്യപുത്രനോ ഉണ്ടോ? ഇല്ലെന്നാണ് ബൈബിളിൻ്റെ ഉത്തരം. ഒന്നാം കല്പന: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6,7). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10).  “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9. ഒ.നോ: 44:6; 45:5,6, 21,22; ഹോശേ, 13:5). യഹോവയ്ക്കൊരു നിത്യപുത്രനുണ്ടെങ്കിൽ ആ പുത്രനും ദൈവമായിരിക്കണമല്ലോ? പിന്നെങ്ങനെ മേല്പറഞ്ഞതൊക്കെ യഹോവയ്ക്ക് പറയാൻ കഴിയും? “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ഒരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല; എന്നപ്പോലെ ഒരുത്തനുമില്ല; എനിക്ക് തുല്യനാരുമില്ല; എനിക്ക് സദൃശനാരുമില്ല.” ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, ഇതൊക്കെ പറയുന്ന യഹോവ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആയില്ലേ? 

യഹോവയ്ക്കൊരു നിത്യപുത്രൻ ഉണ്ടായിരുന്നെങ്കിൽ സ്വന്തജനമായ യിസ്രായേലിനോടത് മറച്ചുവെക്കുമായിരുന്നോ? യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? വാഗ്ദത്ത സന്തതിയിലൂടെ സകല ജാതികൾക്കും വരേണ്ട അനുഗ്രഹം പൂർവ്വപിതാക്കന്മാർക്ക് മൂന്നുപേർക്കും യഹോവ വെളിപ്പെടുത്തിയപ്പോൾ, ‘എൻ്റെ സന്തതി മുഖാന്തരം സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നല്ല; ‘നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നാണ് യഹോവ ഓരാരുത്തരോടും പറഞ്ഞത്. (ഉല്പ, 22:18; 26:5; 28:14; ഗലാ, 3:16). ദൈവത്തിൻ്റെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനോടും (യെശ, 41:8), ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനെന്നു യഹോവ സാക്ഷ്യം പറഞ്ഞ മോശെയോടും (സംഖ്യാ, 12:3), ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവിദിനോടും (പ്രവൃ, 13:22), യഹോവ ജ്ഞാനവും വിവേകവും നല്കി ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടും (1രാജാ, 3:12), ദൈവത്തെ പലനിലകളിൽ ദർശിച്ച പ്രവാചകന്മാരോടും യഹോവ തൻ്റെ നിത്യപുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? യഹോവയ്ക്ക് തൻ്റെ ഭക്തന്മാരോടുള്ള സ്നേഹം കപടമായിരുന്നോ? 

പുതിയനിയമം

സങ്കീർത്തനം 110:1 അഞ്ചുപ്രാവശ്യം പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എബ്രാ, 1:13). കൂടാതെ, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും, വലത്തുഭാഗത്ത് ഇരിക്കുന്നതായും പതിനഞ്ച് വാക്യങ്ങളുമുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12; 12:2; 1പത്രൊ, 3:22). സർവ്വശക്തൻ്റെ വലത്തുഭാഗം (മത്താ, 26:64; മർക്കൊ, 14:62), ദൈവത്തിൻ്റെ വലത്തുഭാഗം (മർക്കൊ, 16:10; പ്രവൃ, 2:33; 7:56; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 10:12; 1പത്രൊ, 3:22), ദൈവശക്തിയുടെ വലത്തുഭാഗം (ലൂക്കൊ, 22:69), മഹിമയുടെ വലത്തുഭാഗം (എബ്രാ, 1:3), മഹിമാസനത്തിൻ്റെ വലത്തുഭാഗം (എബ്രാ, 8:1), ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗം (എബ്രാ, 12:2) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ക്രിസ്തുവിനൊരു ശുശ്രൂഷയും പറഞ്ഞിട്ടുണ്ട്. “താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്യുക.” (റോമ, 8:34; എബ്രാ, 7:25). “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1).

അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് അഥവാ ഒരു നിശ്ചിതസ്ഥാനത്ത് ഇരിക്കുന്ന മറ്റൊരു വ്യക്തിയാണോ പുത്രൻ? ബൈബിളിൻ്റെ ഉത്തരം: ”ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു” (സങ്കീ, 16:8; പ്രവൃ, 2:25), ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് യഹോവയുടെ പുറകിലാണ് ക്രിസ്തു. ”അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” (സങ്കീ, 16:8; പ്രവൃ, 2:25), രണ്ടാംഭാഗത്ത് യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” (സങ്കീ, 110:1), ഈ വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്താണ് ക്രിസ്തു. ”നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു (യഹോവ) തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും” (സങ്കീ, 110:5), ഈ വാക്യത്തിലും യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു” (മർക്കൊ, 16:19), ഈ വാക്യത്തിലും ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ക്രിസ്തു. ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ, 1:18), ഈ വാക്യത്തിൽ പിതാവിൻ്റെ മടിയിലാണ് ക്രിസ്തു. ”ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു” (1യോഹ, 2:1), ഈ വാക്യത്തിൽ പിതാവിൻ്റെ അടുക്കലാണ് ക്രിസ്തു. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു.” (വെളി, 5:6). ഈ വാക്യത്തിൽ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിൽ കുഞ്ഞാട്. ”സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും” (വെളി, 7:17), ഈ വാക്യത്തിൽ സിംഹാസനത്തിൻ്റെ മദ്ധ്യേയാണ് കുഞ്ഞാട്. “യഹോവയുടെ: പുറകിൽ (സങ്കീ, 16:8), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ വലത്തുഭാഗത്താണ് ഇരിക്കുന്നതെന്ന് പറയും? ഒരാൾ പലസ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ടെങ്കിൽ ആ പ്രയോഗങ്ങളൊക്കെ ആലങ്കാരികമാണന്നല്ലേ അർത്ഥം? 

ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു; നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതായി അനേകം പരാമർശങ്ങളുണ്ട്. (ഉദാ: റോമ, 8:34; എബ്രാ, 7;25). എന്താണീ പ്രയോഗത്തിൻ്റെ അർത്ഥം? സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളുണ്ട്: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ് (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:27) തുടങ്ങിയവ. ജഡത്താലുള്ള ബലഹീനതനിമിത്തം (റോമ, 8:3) സ്വന്തജനത്തിന് സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന പദവികളെല്ലാം യഹോവയായദൈവം (ലൂക്കൊ, 1:68) യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21) ജഡത്തിൽ വെളിപ്പെട്ട് (1തിമൊ, 3:16) അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയാണ് ചെയ്തത്. (യോഹ, 19:30). ജഡത്തിൽ ക്രിസ്തുവിനും ഈ പദവികളെല്ലാം ഉണ്ടായിരുന്നു: അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16), അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38), ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15), കർത്താവ് (മത്താ, 22:43,44), ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5), ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22), ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26), പരിശുദ്ധൻ (ലൂക്കൊ, 4:34; പ്രവൃ, 2:27), പുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33), പുരുഷൻ/മനുഷ്യൻ (മത്താ, 26:72,74; യോഹ, 8:40), പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3), പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22), മനുഷ്യപുത്രൻ (മത്താ, 8:20; 9:6), മുന്തിരിവള്ളി (യോഹ, 15:1, 15:5), രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49) തുടങ്ങിയവ.

അതിൽ ഒരു പദവിയാണ് പുരോഹിതൻ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4. ഒ.നോ: എബ്രാ, 5:6; 6:20; 7:3; 7:17; 7:21; 7:24; 7:28). ദൈവത്തിൻ്റെ സന്നിധിയിൽ മനുഷ്യൻ്റെ പ്രതിനിധിയായി നില്ക്കുന്നവനാണ് പുരോഹിതൻ. പൗരോഹിത്യത്തിൽ മൂന്ന് കാര്യങ്ങൾ അന്തർലീനമാണ്: ഒന്ന്; യഹോവയുടെ സ്വന്തമായി വേർതിരിക്കപ്പെട്ടവർ, രണ്ട്; വിശുദ്ധർ, മൂന്ന്; ദൈവത്തോടു അടുത്തുവരുവാൻ അനുവാദമുള്ളവർ. (സംഖ്യാ, 16:5). സീനായി പർവ്വതത്തിൽ വെച്ച് പുരോഹിത രാജത്വവും (kingdom of priests) വിശുദ്ധജനവും (holy people) ആയി യഹോവ അവരെ തിരഞ്ഞെടുത്തു. (പുറ, 19:4; ആവ, 7:6; സങ്കീ, 16:10). എങ്കിലും പാപംനിമിത്തം ആ പദവി സാക്ഷാത്കാരിക്കാൻ യിസ്രായേല്യർക്ക് കഴിഞ്ഞില്ല. യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷ സാന്നിദ്ധ്യം അവർക്ക് അസഹ്യമായി, തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കുവാൻ മോശെയോട് അവർ അപേക്ഷിച്ചു. (പുറ, 20:18-20). അങ്ങനെ യിസ്രായേലിനു മുഴുവനുമായി കൊടുത്ത പദവി, മോശെയിൽനിന്ന് അഹരോനിലൂടെ ലേവീഗോത്രത്തിലേക്ക് പൗരോഹിത്യപദവി ചുരുങ്ങി. (പുറ, 28:1; സംഖ്യാ, 18:7). എങ്കിലും ദൈവത്തിൻ്റെ കൃപ അവരെ വിട്ടുമാറില്ല. അവർക്ക് നല്കിയ എല്ലാ പദവികളുടെയും സാക്ഷാത്കാരത്തിനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്. അങ്ങനെ യിസ്രായേലിൻ്റെ രാജത്വം ഒഴികെ പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3; 7:17; 7:21; 7:24; 7:28) വരെയുള്ള എല്ലാ പദവികളും ക്രിസ്തുവിൻ്റെ ഒന്നാം വരവിൽ നിറവേറി. രാജത്വം സഹസ്രാബ്ദ രാജ്യത്തോടുള്ള ബന്ധത്തിലും നിറവേറും. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). 

പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി ക്രിസ്തു സ്വന്തരക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു തന്നെത്തന്നെ യാഗമാക്കി പൗരോഹിത്യപദവി നിവർത്തിക്കുകയായിരുന്നു. (എബ്രാ, 9:12; 1പത്രൊ, 1:19). യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ആ പദവി ക്രിസ്തുവിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,24; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം. (1യോഹ, 2:1).

സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് രണ്ട് വ്യക്തികളെയാണ് അഥവാ പിതാവിനെയും പുത്രനെയുമാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന ത്രിത്വപണ്ഡിതന്മാരുണ്ട്. “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്‍റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.”

അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും (Glory) വലത്തുഭാഗത്ത് യേശുക്രിസ്തു നില്ക്കുന്നതുമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. എന്നാൽ അവിടെ, ”ദൈവമഹത്വം” എന്നു പറഞ്ഞശേഷം ”ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു” എന്നു പറഞ്ഞിരിക്കയാലാണ് പിതാവിനെയും പുത്രനെയും കണ്ടുവെന്ന് പറയുന്നത്. ഇവർ പറയുന്നതിലെ കുഴപ്പമെന്താണെന്ന് ചോദിച്ചാൽ:

1. ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകവ്യക്തിയാണ്. (2രാജാ, 19:15, 19; സങ്കീ, 86:10: യെശ, 37:16, 20; മർക്കൊ, 12:29; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ ത്രിത്വത്തിന് ദൈവം മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ്. ത്രിത്വത്തിന് ദൈവം ചിലപ്പോൾ ഒരു വ്യക്തിയും മറ്റുചിലപ്പോൾ മൂന്നു വ്യക്തിയുമല്ലല്ലോ; എല്ലായിപ്പോഴും മൂന്നു വ്യക്തിയല്ലേ? ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനയും കണ്ടുവെങ്കിൽ, സ്വർഗ്ഗത്തിൽ മൂന്നും ഒന്നും നാലുപേരായില്ലേ? കൂടാതെ, ഒരു പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ടെന്നോർക്കണം.

2. അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് പറഞ്ഞാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയാത്തവൻ” എന്നൊക്കെയുള്ള പ്രയോഗം അബദ്ധമായി മാറും. ഇവിടെയൊരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് പൗലൊസ് എഴുതുന്നതും, അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് യോഹന്നാൻ എഴുതുന്നതും. സ്തെഫാനോസ് ദൈവത്തെയാണ് കണ്ടതെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നോ?

3. ആത്മാക്കളുടെ ഉടയവൻ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:15; 1പത്രൊ, 4:19). യേശു ക്രൂശിൽവെച്ച് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് പിതാവിൻ്റെ കയ്യിലാണ്. (ലൂക്കോ, 23:46). യേശു ജഡത്തിൽ ദൈവമായിരുന്നില്ല; മനുഷ്യനായതുകൊണ്ടാണ് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചത്. ഇനി, സ്തെഫാനോസ് പിതാവിനെയും പുത്രനെയുമാണ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് പറയുന്നവരോട് ചോദിക്കട്ടെ; സ്തെഫാനോസിന് അറിയില്ലായിരുന്നോ യഹോവയാണ് ആത്മാക്കളുടെ ഉടയവനെന്ന്? ക്രിസ്തുവിനെയല്ലാതെ, യഹോവയെ അവിടെ കണ്ടുവെങ്കിൽ പിന്നെന്തുകൊണ്ടാണ് യേശുവിൻ്റെ കയ്യിൽ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്? അപ്പോൾ, അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെ; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59). 

4. സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), ദാനീയേൽ (7:9,10), യെഹെസ്ക്കേൽ (യെഹെ, 1:26-28),  യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; ഒരു പുത്രനെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യഹോവയുടെ വലത്തുഭാഗത്ത് അന്നില്ലാതിരുന്ന ഒരു പുത്രൻ പിന്നെങ്ങനെയുണ്ടായി?

5. ഏതൊരു കാര്യത്തിൻ്റെയും രണ്ടുവശവും ചിന്തിക്കണമല്ലോ? ഇനി, സ്തെഫാനോസ് സ്വർഗ്ഗത്തിൽ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്നിരിക്കട്ടെ. പരിശുദ്ധാത്മാവിൽ നിറയുമ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിക്കുന്നത്. ആ സമയം പരിശുദ്ധാത്മാവ് ഭൂമിയിലും പിതാവും പുത്രനും സ്വർഗ്ഗത്തിലുമുണ്ട്; ത്രിത്വത്തിലെ മൂന്ന് വ്യക്തികളുമായല്ലോ. അപ്പോൾ ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ അദൃശ്യദൈവം ആരാണ്? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയില്ലല്ലോ. അപ്പോൾ ആകെ എത്ര വ്യക്തിയായി? അങ്ങനെയാണേൽ ഇനിമുതൽ ദൈവം ത്രിത്വമെന്നല്ല; ചതുർത്വമെന്നാണ് പഠിപ്പിക്കേണ്ടത്.

6. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (2രാജാ, 22:19). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). അതിനാൽ അദൃശ്യദൈവത്തെയല്ല; സ്തഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വ്യക്തം. 

ബൈബിലെ ദൈവം സൃഷ്ടിതാവും പരിപാലകനുമായ പിതാവ് മാത്രമാണ്. (2രാജാ, 19:15; യെശ, 37:16; 44:24; 64:8; മലാ, 2:10; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). യേശുക്രിസ്തു ദൈവമായിരിക്കുന്നത് നിത്യപുത്രനായതുകൊണ്ടല്ല; നിത്യപിതാവും സർവ്വത്തിൻ്റെയും സ്രഷ്ടാവുമായ യഹോവതന്നെ ആയതുകൊണ്ടാണ്. (യെശ, 9:6. ഒ.നോ: യോഹ, 8:24,28; 10:30; 14:7, 9; 15:24). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ക്രിസ്തുവിലാണ്. (കൊലൊ, 2:9). അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപമാണ് ക്രിസ്തു. (2കൊരി, 3:18; 4:4; കൊലൊ, 1:5; കൊലൊ, 3:10). ഒരുത്തൻ ദൈവത്തിലും അവൻ്റെ വചനത്തിലും വിശ്വസിക്കാതെ നശിക്കാൻ തീരുമാനിച്ചാൽ, പിന്നെ അവനെ രക്ഷിക്കുവാൻ ആർക്കുകഴിയും? എന്തെന്നാൽ, ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സ്വതന്ത്രേച്ഛയോടും കൂടിയാണ്. പരിഗ്രഹിക്കുവാൻ മനസ്സുണ്ടെങ്കിൽ പരിഗ്രഹിക്കുക. ദൈവം സഹായിക്കട്ടെ!

4 thoughts on “യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്”

Leave a Reply

Your email address will not be published. Required fields are marked *