യഹോവയും യേശുവും ഒന്നാണോ❓

യഹോവയും യേശുവും ഒന്നാണോ എന്ന് ചോദിച്ചാൽ, ഒന്നുതന്നെയാണ്. ആത്യന്തികമായ സത്യം (The ultimate truth) അതാണ്. “ഞാനും പിതാവും ഒന്നാകുന്നു” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 10:30). എന്നാൽ, യഹോവയും യേശുവും എങ്ങനെയാണ് ഒന്നാകുന്നതെന്ന് അനേകർക്കും അറിയില്ലെന്ന് തോന്നുന്നു. യഹോവയും യേശുവും അഥവാ, പിതാവും പുത്രനും ഒന്നാണെന്ന് പറഞ്ഞാൽ, യഹോവയായ ഏകദൈവം യേശുവെന്ന് പേരുമാറ്റി കന്യകയിൽ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നല്ല അർത്ഥമാക്കുന്നത്. അതറിയാൻ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് ആദ്യം അറിയണം: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ മരണമോ ഇല്ലാത്ത അദൃശ്യനായ ഏകദൈവത്തിന്, തൻ്റെ സ്ഥായിയായ അസ്തിത്വവും പ്രകൃതിയും ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാനോ, അവതാരമെടുക്കാനോ, ജനിക്കുവാനോ മരിക്കുവാനോ കഴിയില്ല. എന്നാൽ, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് മരിച്ചുയിർത്ത യേശു, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഒരു പൂർണ്ണ മനുഷ്യനാണ്. (യോഹ, 8:40). അതായത്, പിതാവായ യഹോവ നമ്മുടെ ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, സുവിശേഷങ്ങൾ  വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവായ യഹോവ മനുഷ്യനല്ല; ഏകദൈവമാണ്. (2രാജാ, 19:15; ഇയ്യോ, 9:32; ഹോശേ, 11:9). ദൈവപുത്രനായ യേശുക്രിസ്തു ദൈവമല്ല; ഏകമനുഷ്യനാണ്. (യോഹ, 17:3; റോമ, 5:15; 1കൊരി, 15:21). തന്മൂലം, സുവിശേഷചരിത്രകാലത്ത്, ഏകദൈവവും മനുഷ്യനുമെന്ന അഥവാ, യഹോവയും യേശുവുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ വസ്തുത അംഗീകരിക്കാതെ ഏകസത്യദൈവത്തെയോ, യഹോവയും യേശുവും ഒന്നാകുന്നത് എങ്ങനെയാണെന്നോ ആർക്കും മനസ്സിലാക്കാൻ കഴിയില്ല.

പുതിയനിയമത്തിൽ ഉടനീളം ഏകദൈവത്തെയും യേശുവെന്ന ക്രിസ്തുവിനെയും അഥവാ, അഭിഷിക്തനായ മനുഷ്യനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. അതായത്, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ഏകമനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ക്രിസ്തുതന്നെ, സ്ഫടികസ്ഫുടം അത് വ്യക്തമാക്കിയിട്ടുണ്ട്: പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന “മറ്റൊരുത്തൻ” എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37). താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38). പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, “നമ്മെപ്പോലെ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). “നാം” എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46). ഉയിർത്തെഴുന്നേറ്റ ക്രിസ്തു, എൻ്റെ പിതാവും എൻ്റെ ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 20:17). ഇതുപോലെ, നൂറുകണക്കിന് തെളിവുകൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 3:17; 16:16; 17:5; 1കൊരി, 8:6; 2കൊരി, 15:31; 1തിമൊ, 2:5-6; യൂദാ, 1:4). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ച് ജീവിച്ച് രക്തം ചിന്തി ക്രൂശിൽ മരിച്ചത്, രക്തവും മരണവുമില്ലാത്ത ദൈവമല്ല; ദൂതന്മാരെക്കാൾ താഴ്ചവന്ന യേശുവെന്ന മനുഷ്യനാണ്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). തന്മൂലം, സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏക മനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. അതും ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 17:11, 23). എന്നാൽ, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ വസ്തുത. അത് മനസ്സിലാക്കാൻ മൂന്ന് വിഷയമാണ് നാം ചിന്തിക്കുന്നത്: 1. ദൈവം ഒരുത്തൻ മാത്രമാണ്. 2. ദൈവപുത്രനായ യേശു ദൈവമല്ല; മനുഷ്യനാണ്. 3. യഹോവയും യേശുവും ഒന്നാകുന്നു. നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:

ആദ്യം, ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ നോക്കാം:

1. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ഏക ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). അതായത്, യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുള്ള കാര്യം, യഹോവയായ ദൈവത്തിനോ, പഴയനിയമ എഴുത്തുകാർക്കോ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ അറിയില്ലായിരുന്നു. തന്മൂലം, ഏകദൈവമായ യഹോവയല്ലാതെ, മറ്റൊരു ദൈവമുണ്ടെന്ന് സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

2. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ കഴിയില്ല.

3. സ്രഷ്ടാവായ ദൈവം ഒരുത്തൻ മാത്രമാണ്. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വാക്യത്തിൽ, ഞാൻ തന്നേ ആകാശത്തെ വിരിച്ചു എന്നത് കൃത്യമായ പരിഭാഷയല്ല; ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് ആകാശത്തെവിരിച്ചു എന്നാണ് ശരിയായ പരിഭാഷ. ഇയ്യോബ് പറയുന്നത് നോക്കുക: “യഹോവ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഇവിടെയും, യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ, പല വേദഭാഗങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). ഈ വേദഭാഗങ്ങളിലെല്ലാം, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദം കൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മായും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മേല്പറഞ്ഞ വേദഭാഗങ്ങൾ പഴയനിയമത്തിലെ yahid-നു തത്തുല്യമായ monos ആണുള്ളത്. യഹോവ മനുഷ്യനെ സൃഷ്ടിച്ചത് ഒറ്റയ്ക്കാണെന്ന്, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ഈ വാക്യം ശ്രദ്ധിക്കുക: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ഇംഗ്ലീഷിൽ, God created man in his own image എന്നാണ്. അവൻ്റെ എന്ന ഏകവചന സർവ്വനാമം ശ്രദ്ധിക്കുക. his own image എന്നാൽ; അവൻ്റെ അഥവാ, ഏകനായ ദൈവത്തിൻ്റെ സ്വന്ത സ്വരുപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്. അല്ലാതെ, സൃഷ്ടിപ്പിൽ മറ്റാർക്കും പങ്കില്ല. വേറെയും പല വാക്യങ്ങളുണ്ട്. (ഉല്പ, 2:7; 5:1, മത്താ, 19:4). പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നും വാക്യങ്ങളുണ്ട്: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. ഒ.നോ: യെശ, 64:8). തന്മൂലം, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായി മനസ്സിലാക്കാം. (യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6).

ഇനി, ദൈവപുത്രനായ യേശു ദൈവമല്ല; മനുഷ്യനാണ് എന്നതിൻ്റെ തെളിവുകൾ കാണാം:

1. ദൈവപുത്രനായ യേശു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അഥവാ, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. അവൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). അഥവാ, യേശു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (സംഖാ, 18:5). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6; 61:1-2). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ യേശുക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു.

2. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് മേല്പറഞ്ഞ വാക്യത്തിലുള്ളത്. രണ്ട് കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. രണ്ടാമത്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് പറഞ്ഞത്. ഈ വാക്യത്തിൽ, അവനെ മാത്രം ആരാധിക്കണം” എന്ന് ക്രിസ്തു പറഞ്ഞത്, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദം കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം.

3. യേശു സൃഷ്ടിയിൽ ഉൾപ്പെട്ട ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ,സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). മൂന്ന്; സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായി വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. തന്മൂലം, ദൈവപുത്രനായ യേശു സ്രഷ്ടാവായ ദൈവമല്ലെന്ന് മനസ്സിലാക്കാം.

4. “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന സർവ്വനാമങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ പറഞ്ഞത്. അതുകേട്ട, യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവപുത്രനായ യേശുവും ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തു നില്ക്കുന്നത്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവം യഹോവയാണെന്നത് തർക്കമറ്റ സംഗതിയാണ്.

5. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നോ, ഞങ്ങളെ എന്നോ അല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ക്രിസ്തു ദൈവത്തെ വിശേഷിപ്പിച്ചത്. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: ഒന്ന്;താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). രണ്ട്; ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). മൂന്ന്; ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞരിക്കെ, അവനെ ദൈവമാക്കി ഏകദൈവത്തെ ബഹുദൈവമാക്കുന്നവർ ദൈവരാജ്യത്തിൽ എങ്ങനെ പ്രവേശിക്കും?

6. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ, പിതാവാണ് ഏകസത്യദൈവം എന്നാണ് യേശു പറഞ്ഞത്. ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം എന്ന്, ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? അടുത്തവാക്യം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ക്രിസ്തു പറയുന്ന ഈ വാക്യത്തിലെ ഏകദൈവം, ഇംഗ്ലീഷിൽ The only God എന്നും, ഗ്രീക്കിൽ മോണോ തിയോ (monou theou) എന്നുമാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. താനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുമോ? അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു പറഞ്ഞിട്ടുണ്ട്. മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 10:29; 14:28). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). തന്മൂലം, പിതാവ് മാത്രമാണ് ദൈവം, താൻ മനുഷ്യനാണെന്ന്; യേശു തന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ?

7. “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ദൈവം തിരഞ്ഞടുത്ത അപ്പൊസ്തലനാണ് പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളു. ക്രിസ്തു ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? പിതാവും പുത്രനും ഒരുപോലെ ദൈവം ആണെങ്കിൽ, അപ്പൊസ്തലന്മാരുടെ വാക്കുകളാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധമാകും. പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 36 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകരെല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ?

8. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, യേശു ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

9. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റിയിൽത്തന്നെ വ്യത്യാസമുണ്ട്. പിതാവ് ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, ദൈവപുത്രനായ യേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). അടുത്തത്;  പിതാവ് സ്വർഗ്ഗീയനാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. എന്തെന്നാൽ, ദൈവപുത്രനായ യേശു ഭൂമിയിൽ വസിച്ചിരുന്നവനാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). യേശുവിനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്. തന്മൂലം, യേശു ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാണല്ലോ?

10.  ദൈവപുത്രനായ യേശു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ, കേവലം മനുഷ്യനാണെന്ന് ധരിച്ചേക്കരുത്. അവൻ കന്യകാജാതനാണ് (മത്താ,1:22), പാപരഹിതനാണ് (2കൊരി, 5:21), ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ് (ലൂക്കൊ, 3:22; കൊലൊ, 2:9). ഇതുപോലെ അനവധി സവിഷേഷതകൾ അവനുണ്ട്. തന്നെയുമല്ല, അവനൊരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. എന്നാൽ, ഒരു മനുഷ്യൻ തൻ്റെ ജനനത്തിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ, മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് സ്നാപകൻ്റെ സാക്ഷ്യം. ( ഒ.നോ: യോഹ, 1:15,31). പൗലൊസ് അപ്പൊസ്തലൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). അതായത്, ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയനാണ്  എന്നാണ് പൗലൊസ് പറയുന്നത്. (ഫിലി, 2:6-8). പത്രൊസിൻ്റെ സാക്ഷ്യം: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: യോഹ, 3:31; 8:23; 1യോഹ, 4:2; 2യോഹ, 1:7). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉള്ളവനാണ് എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. അതായത്, യേശുവെന്ന മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ മുമ്പേ ഉള്ളവനാണെന്നോ, അവൻ സ്വർഗ്ഗീയൻ ആണെന്നോ അല്ല പറയുന്നത്. ആരാണോ, യേശുവെന്ന നാമത്തിൽ മനുഷ്യനായി manifest ചെയ്തത് അഥവാ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്; അവൻ സ്വർഗ്ഗീയൻ ആകുന്നു എന്നാണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറഞ്ഞ ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. ദൈവം മാറ്റമില്ലാത്തവനാണെന്ന് പഴയനിയമവും പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). തന്മൂലം, ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

11. ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യഹോവ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). 

12. യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” പഴയപുതിയ നിയമങ്ങളിൽ കണ്ടതെല്ലാം, അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ്. യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെയും വ്യക്തമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യ പ്രത്യക്ഷത എടുത്തുവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). ഈ വാക്യത്തിൽ എന്താണ് ദൈവത്തിൻ്റെ പ്രത്യക്ഷത എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്: “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

13. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14; 2കൊരി, 5:21). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). പെന്തെക്കൊസ്തു നാളിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞത് ഇപ്രകാരമാണ്: “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24. ഒ.നോ: 24,31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). ക്രൂശിൽ മരിച്ച മനുഷ്യനായ യേശുവിനെ, മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത് ഏകദൈവമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). പത്രൊസ് പ്രസംഗിച്ച ഈ പരമായ സത്യം കേട്ടപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തേറ്റതും മാനസാന്തരം ഉണ്ടായതും. അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പൗലൊസ് പറഞ്ഞത്. (റോമ, 10:9). അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറഞ്ഞിരിക്കുന്നത്. (1കൊരി, 8:6. ഒ.നോ: യൂദാ, 1:4). അതായത്, പിതാവായ യഹോവ നമ്മുടെ ഏകദൈവവും ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ നമ്മുടെ രക്ഷിതാവായ കർത്താവുമാണ്. (ലൂക്കൊ, 2:11). അതുകൊണ്ടാണ്, “ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറയുന്നത്. (റോമ, 5:15). യെരുശലേം കൗൺസിലിൽ വെച്ച് പത്രൊസ് പറഞ്ഞത്: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികൾ) വിശ്വസിക്കുന്നു” എന്നാണ്. (പ്രവൃ, 15:11). അതായത്, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവെച്ച ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് നാം ഓരോരുത്തരും രക്ഷ പ്രാപിക്കുന്നത്. അതുകൊണ്ടാണ്, പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ എതിർക്രിസ്തു ആണെന്നും, പുത്രനെ നിഷേധിക്കുന്നവനു പിതാവില്ലെന്നുമൊക്കെ പറഞ്ഞിരിക്കുന്നത്. (1യോഹ, 2:22-23).

14. ഏകദൈവത്തിൽ നിന്ന് ക്രിസ്തുവിനെ വേർതിരിച്ചു കാണിക്കുന്ന അനേകം വേദഭാഗങ്ങൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 16:16; 27:46; മർക്കൊ, 15:34; യോഹ, 17:3; 20:17; റോമ, 16:26; 1കൊരി, 8:6; 2കൊരി, 1:3; 11:31; എഫെ, 1:3; 1:17; കൊലൊ, 1:5; 1തിമൊ, 2:5-6; 1പത്രൊ, 1:3; 1യോഹ, 5:20; യൂദാ, 1:4).). അതിൽ പ്രധാനപ്പെട്ട ഒരു വേദഭാഗമാണ് യൂദാ 1:4. ആ വാക്യം, ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു പരിഭാഷകൾ ഒഴികെ, മലയാളത്തിലെ മറ്റെല്ലാ പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ, ഗ്രീക്കിൻ്റെ നേരിട്ടുള്ള പരിഭാഷ എന്ന് അറിയപ്പെടുന്ന 1534-ലെ, William Tyndale Bible മുതൽ, 1611-ലെ King James Bible വരെയുള്ള എല്ലാ പരിഭാഷകളിലും യുദായുടെ വാക്യാംശം ഇപ്രകാരമാണ്: “ഏക കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും നിഷേധിക്കുന്നു” (denying the only Lord God, and our Lord Jesus Christ). ബെഞ്ചമിൻ ബെയ്‌ലിയിൽ ഇങ്ങനെയാണ്: “ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” ഈ വേദഭാഗത്ത്, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; “ഏകകർത്താവായ ദൈവം” എന്നത് ഗ്രീക്കൽ, ton monon despotin theon എന്നാണ്. പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ ഗ്രീക്കിലെ മോണോൻ (monon) കൊണ്ടാണ്, ഏകകർത്താവായ ദൈവം അഥവാ, ഒരേയൊരു കർത്താവായ ദൈവം എന്ന് യഹോവയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ഏകദൈവമായ യഹോവയായ കർത്താവിനെയും ഏകമനുഷ്യനായ യേശുക്രിസ്തു എന്ന കർത്താവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത്, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; മനുഷ്യനായ ക്രിസ്തുയേശുവാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: എഫെ, 5:2). അവനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചവനാണ് ഏകദൈവം. (പ്രവൃ. 2:22-24,36). അതുകൊണ്ടാണ്, എകകർത്താവായ ദൈവത്തെയും ഏകകർത്താവും മനുഷ്യനുമായ യേശുക്രിസ്തുവിനെയും യൂദാ വേർതിരിച്ച് പറഞ്ഞിരിക്കുന്നത്. യൂദാ, മറിയയുടെ മകനും യേശുവിൻ്റെയും യാക്കോബിൻ്റെയും സഹോദരനുമാണെന്നുകൂടി ഓർക്കണം. അടുത്തൊരു വാക്യം കാണുക: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യം ശ്രദ്ധിക്കുക: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം അപ്പൊസ്തലൻ മഹത്വം കരേറ്റുകയാണ്. ഏകജ്ഞാനിയായ ദൈവം എന്നത്, ഇംഗ്ലീഷിൽ God only wise. ഗ്രീക്കിൽ mono sofo theo എന്നുമാണ്. അതായത്, ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്, ആ ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവാക്കിവെച്ച, യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനും മറുവിലയുമായമനുഷ്യൻ മുഖാന്തരമാണ് മഹത്വം കരേറ്റുന്നത്. എന്തെന്നാൽ, നമുക്ക് പകരം ക്രൂശിക്കപ്പെട്ടക്രിസ്തു എന്ന മനുഷ്യനില്ലെങ്കിൽ, ഏകജ്ഞാനിയായ ദൈവവുമായി നമുക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല.

15. “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). പാപത്തിൻ്റെ മൂലകാരണം, ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടാണ്. (റോമ, 5:19). എന്നാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല എന്നതാണ് ദൈവനീതി. (എബ്രാ, 9:22). അതിനാൽ, മനുഷ്യൻ മൂലമുണ്ടായ പാപത്തിന് പരിഹാരം വരുത്താൻ, പാപമില്ലാത്ത ഒരു മനുഷ്യൻ്റെ പൂർണ്ണ അനുസരണവും രക്തം ചിന്തിയുള്ള മരണവും അനിവാര്യമായിരുന്നു. അതായത്, ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്തന്നെ മറുവിലയായി ദൈവത്തിന് പ്രസാദമുള്ള യാഗവും മറുവിലയുമായി അർപ്പിക്കുന്ന ഒരു പാപരഹിതനായ മനുഷ്യന് മാത്രമേ, പാപപരിഹാരം വരുത്തുവാൻ കഴിയുകയുള്ളു. എന്നാൽ, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12), ഭൂമിയിലെ മനുഷ്യർക്കാർക്കും മനുഷ്യൻ്റെ പാപം പോക്കാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). ജഡശരീരമോ, രക്തമോ, മരണമോ ഇല്ലാത്ത ദൈവത്തിന് നേരിട്ട് അക്കാര്യം ചെയ്യുവാനും കഴിയില്ലായിരുന്നു. (1തിമൊ, 6:16). തന്മൂലം, ഏകദൈവമായ യഹോവ മനുഷ്യരുടെ പാപ പരിഹാർത്ഥം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ. (1തിമൊ, 3:14-16; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ആദാമിൻ്റെ അനുസരണക്കേടിന് പകരമായിട്ടാണ്, ക്രിസ്തു ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായത്. (ഫിലി, 2:8. റോമ, 5:19; എബ്രാ, 5:8). ഈ സത്യം, സകല മനുഷ്യരും അറിഞ്ഞ് രക്ഷപ്രാപിക്കണമെന്നാണ് ദൈവം ഇച്ഛിക്കുന്നത്: “അവൻ  സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി — ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ പരാമാത്ഥതയ്ക്ക് സാക്ഷ്യം പറയാനാണ് പൗലൊസിനെ ദൈവം നിയമിച്ചത്. യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു എന്ന് സ്വീകരിക്കുന്നവരാണ് ദൈവത്തിൽ നിന്നുള്ളവർ. (1യോഹ, 4:2; 2യോഹ, 1:7). ദൈവപുത്രനായ യേശു മനുഷ്യനാണെന്ന് 36 പ്രാവശ്യവും, ജഡമായിത്തീർന്നു; ജഡത്തിൽ വെളിപ്പെട്ടു; ജഡത്തിൽ വന്നു എന്നിങ്ങനെ നാലുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഏകദൈവത്തെയും മനുഷ്യനായ യേശുക്രിസ്തുവിനെയും അഥവാ, പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവർ കള്ളനും എതിർ ക്രിസ്തുവും ആണെന്ന് വചനം പറയുന്നു. (1യോഹ, 2:22-23). ഈ ഉപദേശത്തിൽ നിലനില്ക്കാത്തവരെ, വീട്ടിൽ കൈക്കൊള്ളരുതെന്നാണ് കല്പന. (2യോഹ, 1:9-10).

16. ദൈവമായ യഹോവ മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷത ആകയാൽ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, യേശുവെന്ന മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ് ചെയ്യുന്നത്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ഏക ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ ഏകമനുഷ്യനായ യേശുക്രിസ്തു പൂർവ്വാസ്തിത്വത്തിൽ ഏകദൈവം ആയിരുന്നു; ഏകദൈവമായ യഹോവ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത മനുഷ്യ പ്രത്യക്ഷത ആകയാൽ; സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യേശു ഏകദൈവം തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ മറ്റാർക്കും പറയാൻ കഴിയില്ല. എന്തെന്നാൽ, ആ പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. സുവിശേഷചരിത്രകാലത്ത്, പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു. (യോഹ, 17:11; 23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, അക്ഷരാർത്ഥത്തിൽ ഒന്നാണ്. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

ഇനി, യഹോവയും യേശുവും ഒന്നാണെന്നതിൻ്റെ തെളിവുകളാണ് കാണാൻ പോകുന്നത്. അതായത്, യഹോവ മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ജഡത്തിലെ വെളിപ്പാടാണ് യേശു. തന്മൂലം, അല്പകാലം ഒഴികെ അഥവാ, സുവിശേഷചരിത്രകാലം ഒഴികെ, യഹോവയും യേശുവും ഒന്നുതന്നെയാണ്. അതിൻ്റെ അനേകം തെളിവുകൾ ബൈബിളിലുണ്ട്. അതാണ്, ഇനി നാം പരിശോധിക്കുന്നത്:

1. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-12; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂമിയിൽ വെച്ചാണ്, ദൈവം അവർക്ക് ന്യായപ്രമാണം നല്കിയത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അല്ലാതെ, ഏകനായ ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). മഹാപൗരോഹിത്യ പ്രാർത്ഥനയിൽ, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണെന്ന് മനസ്സിലാക്കാം. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പുതിയനിയമത്തിൽ, ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിട്ടുള്ളത്; ആ നാമമാണ് യേശു. നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും പുത്രനെ മഹത്വപ്പെടുത്തേണമേ എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). പഴയനിയമത്തിൽ, സകല ഭൂവാസികൾക്കുമുള്ള ഏക രക്ഷകനും രക്ഷാ നാമവും യഹോവ ആയിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണ്. (പ്രവൃ, 4:12). തന്മൂലം, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും മനസ്സിലാക്കാം. തന്നെയുമല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചപ്പോൾ, ശിഷ്യന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്സ്നാനം ഏല്ക്കാൻ കല്പിച്ചത്. (മത്താ, 28:19; പ്രവൃ, 2:38. ഒ.നോ: 8:16; 10:48; 19:5). യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചിരുന്ന യെഹൂഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ വിളിപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (സങ്കീ, 116:13,17; പ്രവൃ, 9:14,21; 1കൊരി, 1:2). എല്ലാ മുഴങ്കാലും എൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് യഹോവ ആണയിട്ട് പറഞ്ഞിരിക്കുന്നത്. (യെശ, 45:23). എന്നാൽ, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങുമെന്നാണ് പുതിയനിയമം പറയുന്നത്. (ഫിലി, 2:10). ഇതുപോലെ, അനേകം തെളിവുകളുണ്ട്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. യഹോവ പഴയനിയമം ചെയ്തത് മറ്റൊരാളെക്കൊണ്ടല്ല; നേരിട്ടാണ്. അതുപോലെ, ഞാൻ അഥവാ, യഹോവ പുതിയൊരു നിയമം ചെയ്യും. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുക്ഷപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അക്കാര്യം, യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. (ലൂക്കോ, 1:54-55,68. ഒ.നോ: ലൂക്കൊ, 7:16). അതുകൊണ്ടാണ്, ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറഞ്ഞത്. (മത്താ, 5:17-18). അതായത്, യിസ്രായേലിൻ്റെ ദൈവമായ യഹോവ അബ്രാഹാമിനോടും അവൻ്റെ സന്തതിയോടും ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ്, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെ നിവൃത്തിച്ച പുതിയനിയമം. (ലൂക്കൊ, 1:75; 22:20; പ്രവൃ, 3:25-26; എബ്രാ, 2:14-16; 8:8-12).

2. ഇയ്യോബിൻ്റെ ഒരു പ്രവചനമുണ്ട്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ യഹോവയാണ്: “ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.” (യെശ, 47:4. ഒ.നോ: സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6,24; 48:17; 49:7; 49:26; 54:5; 54:8; 59:20; 60:16; 63:16; യിരെ, 50:34). മിസ്രയീമ്യ, ബാബിലോണ്യ അടിമത്വത്തിൽ നിന്നും, ശത്രുക്കളിൽ നിന്നും വീടുവിച്ചതിനെ വീണ്ടെടുപ്പായാണ് പറഞ്ഞിരിക്കുന്നത്. ആദ്യജാതന്മാരോടുള്ള ബന്ധത്തിലും വീണ്ടെടുപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ, പാപത്തിൽ നിന്നുള്ള നിത്യമായ വീണ്ടെടുപ്പിനെക്കുറിച്ച് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. “അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും.” (സങ്കീ, 130:8. ഒ.നോ. ഇയ്യോ, 19:25). യഹോവ വീയ്ണ്ടെടുപ്പുകാരനായി വരുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യെശ, 59:20). സകല മനുഷ്യരും അറിയുന്നൊരു വീണ്ടെടുപ്പാണിത്. “യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.” (യെശ, 49:26). ഈ വീണ്ടെടുപ്പ്, മനഷ്യർക്ക് അസാദ്ധ്യമാണ്. (സങ്കീ, 49:7-9). അതുകൊണ്ടാണ്, ജീവനുള്ള ദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് വന്നത്. (മത്താ, 1:21; 1തിമൊ, 2:6; 3:16). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: എഫെ, 1:7; കൊലൊ, 1:14; തീത്തൊ, 2:14; 1പത്രൊ, 1:18,19). പാപത്തിൽ നിന്നുള്ള മനുഷ്യൻ്റെ വീണ്ടെടുപ്പ് മനുഷ്യർക്ക് അസാദ്ധ്യവും വിലയേറിയതുമായിരുന്നു. (സങ്കീ, 49:7-9). യഹോവയല്ലാതെ, മനുഷ്യനെ വീണ്ടെടുക്കാൻ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. (ആവ, 4:39). തന്മൂലം, യഹോവയായ ഏക ദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു എന്ന് മനസ്സിലാക്കാം.

3. “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: 7:16). ഇത്, യേശുവിൻ്റെ ജനനത്തിനു മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണ്. ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് പ്രവചനം. അതിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത് നോക്കുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യിസ്രായേൽ യഹോവയുടെ ജനമാണ്. (സംഖ്യാ, 11:29: ആവ, 32:36; രൂത്ത്, 1:6; 1ശമൂ, 12:22; 2ദിന, 2:11). എന്നാൽ, യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുമെന്നാണ് ദൂതൻ പ്രവചിക്കുന്നത്. അതായത്, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. അവൻ അഥവാ, യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യാനാണ്, യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (1തിമൊ, 3:16; 1പത്രൊ, 1:20).

4. “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). അടുത്തവാക്യം: “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.” (മലാ, 31). യെശയ്യാവും മലാഖിയും ആത്മാവിൽ പ്രവചിച്ചതാണ് മേല്പറഞ്ഞ വാക്യങ്ങൾ. അവർ പറഞ്ഞ വഴിയൊരുക്കുന്നവൻ യോഹന്നാനാണെന്നു നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നു: (മത്താ, 3:3; മർക്കൊ, 1:2,3; ലൂക്കൊ, 3:4,5; യോഹ, 1:23). വഴിയൊരുക്കപ്പെടേണ്ടവൻ യഹോവയാണെന്നു യെശയ്യാവും മലാഖിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരുക്കപ്പെട്ട വഴിയിലൂടെ വന്നത് യേശുവാണ്. (യോഹ, 1:15-17). യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൽ, ആർക്കുവേണ്ടിയാണ് അവൻ വഴി ഒരുക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവൻ  യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും.” (ലൂക്കോ, 1:16-17). ഇവിടെ പറയുന്ന കർത്താവ് യഹോവയാണ്. യേശു ജനിച്ചിട്ടുകൂടി ഇല്ല. ദൈവമായ കർത്താവ് അഥവാ, യഹോവ ഒരുത്തൻ മാത്രമേ യിസ്രായേൽ ജനത്തിനുള്ളു. ആ കർത്താവിന് അഥവാ, യഹോവയ്ക്കാണ് യോഹന്നാൻ വഴിയൊരുക്കിയത്. യേശു ജനിക്കുന്നതിന് മുമ്പുതന്നെ, സെഖര്യാ പ്രവാചകനും പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം പ്രവചിച്ചിട്ടുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76,77). ഈ വാക്യത്തിലും, യഹോവയുടെ മുമ്പേയാണ് യോഹന്നാൻ, വഴിയൊരുക്കിയതെന്ന് മനസ്സിലാക്കാം. തന്മൂലം, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. മൂന്നു യഹോവയുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, ബൈബിളിലെ യഹോവ ഒരുത്തൻ മാത്രമാണ്. (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). അതായത്, ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതാണ്, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:16; 1പത്രൊ, 1:20).

5. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. (യോഹ, 1:33). താൻ ഒരുക്കിയ വഴിയിൽക്കൂടി വന്ന യേശുവെന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ ആദ്യം പറഞ്ഞത്, മുകളിൽ നാം കണ്ടതാണ്. എൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ, എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. (യോഹ, 1:30). അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ ഒരു മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തതായി അവൻ പറയുന്നു: “അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു.” ഈ വസ്തുതയും നാലു സുവിശേഷകന്മാരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുള്ളതാണ്.  മത്താ, 3:11. മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം എന്താണ്? തൻ്റെ പിന്നാലെ വന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണോ? അല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). അപ്പോൾ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ചെയ്തത്. (ലൂക്കൊ, 4:14). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് ലോകത്തിൽ വെളിപ്പെട്ടത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 2:1-3; 10:344-47; 11:16-17). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16). അതുകൊണ്ടാണ്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്ന് പറഞ്ഞത്.

6. “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.” (മത്താ, 11:4-5; ലൂക്കൊ, 7:19-23). യോഹന്നാൻ സ്നാപകന് ക്രിസ്തുവിൽ സംശയംജനിച്ചിട്ട്, “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ” എന്നു യേശുവിനോടു ചോദിപ്പാൻ തൻ്റെ ശിഷ്യന്മാരെ അയച്ചപ്പോൾ, അവൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താനാരാണെന്ന് തെളിയിക്കുകയാണ് ചെയ്തത്. (യെശ, 35:5-6; 61:1). “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും, ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയില്ല, മുടന്തൻ മാനിനെപ്പോലെ ചാടും; ഊമൻ്റെ നാവും ഉല്ലസിച്ച് ഘോഷിക്കും.” (യെശ, 35:5-6). എന്നാണ് അത് സംഭവിക്കുന്നതെന്ന്, മുകളിലത്തെ വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.” (യെശ, 35:2-4). യഹോവ വന്നു നിങ്ങളെ രക്ഷിക്കുന്ന നാളിൽ, കുരുടൻ്റെ കണ്ണും, ചെകിടൻ്റെ ചെവിയും, മുടന്തൻ്റെ കാലും സുഖപ്പെടും. അതായത്, യഹോവ തൻ്റെ ജനത്തെ രക്ഷിക്കാനാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. (മത്താ, 1:21; 1തിമൊ, 3:15,16; എബ്രാ, 2:14-16).

7. “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ  ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ  അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ  കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:37-41). യേശു തൻ്റെ പരസ്യ ശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്നു മടങ്ങിപ്പോകുമ്പോൾ, യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് കണ്ടതെന്നാണ് യോഹന്നാൻ അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുന്നത്. 38-ാം വാക്യത്തിൽ “കർത്താവിൻ്റെ അഥവാ, യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞാൽ; യഹോവയുടെ പ്രവൃത്തി ആര് കണ്ടിരിക്കുന്നു എന്നാണ്. (യേശ, 53:1). അനന്തരം, യെശയ്യാവ് ആറാം അദ്ധ്യായമാണ് ഉദ്ധരിക്കുന്നത്: പഴയനിയമത്തിൽ യഹോവ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കാണുകയോ, അറിയുകയോ, ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ, അവനോടു നന്ദി കാണിക്കുകയോ ചെയ്യാതെ അവരുടെ കണ്ണും ഹൃദയം കുരുടായിപ്പോയതിനെക്കുറിച്ചു പറയുന്നു: (യെശ, 6:9-10). 37-ാം വാക്യത്തിൽ യേശുവിനെക്കുറിച്ചു പറഞ്ഞ അതേകാര്യമാണ് യഹോവയെക്കുറിച്ചും പറയുന്നതെന്നോർക്കണം. അടുത്തവാക്യത്തിൽ യേശുവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടതെന്നാണ് യോഹന്നാൻ പറയുന്നത്. ആ വാക്യത്തിലുള്ള “അവൻ” എന്ന സർവ്വനാമം മാറ്റിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ; യേശു എന്ന് കിട്ടും. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41. ഒ.നോ: BCS മലയാളം, AUV, CJB, BEB, BSB, CEV, EHV, FBV, GLW, GNT, GW’20, GWN, GWT, HNC, NCV, NET, NIV, NLT, NLV, NOG, OEB-cw, Phi, RAD’20). യെശയ്യാവും പഴയനിയമത്തിലെ മറ്റു ഭക്തന്മാരും, യഹോവയെ അല്ലാതെ, മറ്റൊരെയും സ്വർഗ്ഗത്തിൽ കണ്ടിട്ടില്ലെന്നും ഓർക്കുക. ക്രിസ്തു മനഷ്യനാണെന്നും യോഹന്നാൻ അനേകം പ്രാവശ്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യോഹ, 1:30; 4:29; 8:40; 9:11; 9:16; 10:33; 11:47; 11:50). അതായത്, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശുവെന്നാണ്, പഴയനിയമത്തിൽ നിന്ന് ഉദ്ധരണികൾ എടുത്തുകൊണ്ട് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്.

8. “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 25:8). ഈ വാക്യത്തിൻ്റെ പുതിയനിയമത്തിലെ നിവൃത്തി കാണുക: “മക്കൾ ജഡരക്തങ്ങളോട് കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോട് കൂടിയവനായി; മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി, ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഈ വാക്യത്തിൽ പറയുന്ന മക്കൾ യിസ്രായേലാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 1:10; 11:1). അടുത്തവാക്യം, സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അവിടുന്ന് മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” (എബ്രാ, 2:16). അതായത്, അബ്രാഹാമിനോടും യിസ്രായേൽ ജനത്തോടുമുള്ള ദൈവത്തിൻ്റെ വാഗ്ദത്തം നിവൃത്തിക്കാനാണ്, അവൻ്റെ ദൈവമായ യഹോവ അബ്രാഹാമിൻ്റെ സന്തതികളും തൻ്റെ പുത്രനുമായ യിസ്രായേലിൻ്റെ പ്രകൃതിയായ, ദൂതന്മാരെക്കാൾ താഴ്ചയുള്ള; മനുഷ്യപ്രകൃതിയിൽ ഒരു പ്രത്യശരീരം എടുത്തുകൊണ്ട് ലോകത്തിൽ വെളിപ്പെട്ടത്. (സങ്കീ, 8:5; എബ്രാ, 2:9,16; മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16). പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അതിനെയാണ്, യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടെന്ന് പൗലൊസ് പറയുന്നത്. (1തിമൊ, 3:14-16)

9. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). ദൈവപുത്രനായ യേശുവിനെയാണ് പടയാളികൾ കുത്തിത്തുളച്ചത്. എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19:37). വെളിപ്പാട് പുസ്തകത്തിലും അക്കാര്യം യോഹന്നാൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:7). അതായത്, യഹോവയുടെ ജഡത്തിലെ വെളിപ്പാട് അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:16; 1പത്രൊ, 1:20). അതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്.

10. “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും ഏകരക്ഷകൻ യഹോവയാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21; ഹോശേ, 13:5). എന്നാൽ, യേശുക്രിസ്തു അല്ലാതെ, മറ്റൊരു രക്ഷകൻ ഇല്ലെന്നാണ്, പുതിയനിയമം പറയുന്നത്: മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12. ഒ.നോ: ലൂക്കൊ, 2:11; യോഹ, 4:42; 2തിമൊ, 1:10; തീത്തൊ, 1:4; 3:7). “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു എന്ന പ്രയോഗം” പത്രൊസിൻ്റെ  ലേഖനത്തിൽ ആവർത്തിച്ചുകാണാം. (2പത്രൊ, 1:11; 2:1; 2:20; 3:2; 3:18). യെരൂശലേം കൗൺസിലിൽ വെച്ച് പത്രോസ് പറഞ്ഞതും നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്നു പോലൊസും പറഞ്ഞു. (പ്രവൃ, 16:31). യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന് പഴയനിയമം ഖണ്ഡിതമായി പറഞ്ഞിരിക്കെ, പുതിയനിയമത്തിൽ മറ്റൊരു രക്ഷിതാവുണ്ടായാൽ, അത് പരസ്പരവിരുദ്ധമാണ്. തന്മൂലം, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിഎടുത്ത മനുഷ്യ പ്രത്യക്ഷയാണ് യേശുവെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

11. “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47). ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് ഈ വാക്യം പറയുന്നത്. താൻ മേലിൽ നിന്നുള്ളവനാണെന്ന് യേശുവും അവൻ മേലിൽ നിന്നുള്ളവൻ ആണെന്ന് യോഹന്നാനും പറഞ്ഞിട്ടുണ്ട്. (യോഹ, 3:31; 8:23). എന്നാൽ, 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും 1534-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം, “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു” എന്നാണ് പറഞ്ഞിരിക്കുന്നത്. (the second man is the Lord from heaven). പുതിയനിയമത്തിൻ്റെ ആരാമ്യ പരിഭാഷയിൽ: “ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ” എന്നാണ് കാണുന്നത്. “The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens}.” (The Aramaic Scriptures). യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 4:7,10; 22:37; മർക്കൊ, 12:29,30; ലൂക്കൊ, 1:16,68; 10:37). കർത്താവ് അഥവാ, യഹോവയാണ് രണ്ടാം മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് അഥവാ, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശു എന്നാണ് പൗലൊസ് പറയുന്നത്. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16. ഒ.നോ: 1പത്രൊ, 1:20). എന്തെന്നാൽ, യഹോവയല്ലാതെ, മറ്റൊരു രക്ഷിതാവും ദൈവവും സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: “ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21. ഒ.നോ: ആവ, 4:39; യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14; യെശ, 43:11; 49:26; ഹോശേ, 13:5). അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു.

12. “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). പഴയനിയമത്തിൽ രക്ഷാനാമം യഹോവ ആയിരുന്നു. “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.” (സങ്കീ, 116:4). പെന്തെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലനും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21). എന്നാൽ, അതേ പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞത്: ആകാശത്തിനു കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ്: മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിൽ യഹോവയുടെ നാമത്തിലുണ്ടായിരുന്ന രക്ഷ, പുതിയനിയമത്തിൽ മറ്റൊരാളുടെ നാമത്തിൽ ആയാൽ ശരിയാകുമോ? പിതാവായ ഏകദൈവമാണ് ഉള്ളതെന്ന് പഴയപുതിയ നിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, യഹോവയായ ഏകദൈവത്തിൻ്റെ നാമത്തിലുള്ള രക്ഷ എങ്ങനെ ഇല്ലാതായിപ്പോകും? തന്മൂലം, രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെ കാണാം. ഒന്ന്; യഹോവയായ ദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത എടുത്തത്. (1തിമൊ, 3:14-16). രണ്ട്; പുതിയനിയമത്തിൽ ദൈവമായ പിതാവിൻ്റെയും, പാപമറിയാത്ത മനുഷ്യനായ പുത്രൻ്റെയും നാമം ഒന്നുതന്നെ ആണ്. അഥവാ, യേശു എന്ന നാമം; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്. അല്ലെങ്കിൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്ന് പറയില്ലല്ലോ? “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നും (യോഹ, 5:43), “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നും പുത്രൻ പറയുന്നത് നോക്കുക. (യോഹ, 17:11-12. ഒ.നോ: യോഹ, 12:28-17:1; ലൂക്കൊ, 9:49–യോഹ, 10:25). അതുകൊണ്ടാണ്, ആദിമസഭ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചത്. (പ്രവൃ, 9:14,21; 1കൊരി, 1:2). “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും” എന്നാണ്, യഹോവ തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറയുന്നത്. (യെശ, 45:23). യേശുവിൻ്റെ നാമത്തിങ്കലാണ് സകലരുടെയും മുഴങ്കാൽ മടങ്ങുന്നതെന്ന് പൗലൊസ് പറയുന്നു. (ഫിലി, 2:10). തന്മൂലം, യഹോവയായ ഏകദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്നും, യഹോവയുടെ പുതിയനിയമത്തിലെ നാമം ആണ് യേശുവെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം.

13. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ പരിഭാഷ ചേർക്കുന്നു: “ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമ പുരുഷനിൽ സംസാരിക്കുന്നത് യഹോവയാണ്. നിങ്ങൾ എന്ന് മധ്യമപുരുഷനിൽ  യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. അവൻ എന്ന് പ്രഥമപുരുഷനിൽ ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും  ഭൃത്യൻ അഥവാ, ദാസൻ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. അതായത്, സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ പരിഭാഷയിൽ നിന്ന് അത് കൃത്യമായി മനസ്സിലാക്കാം. “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (LXXe). “നിങ്ങൾ എൻ്റെ സാക്ഷികളായിരിക്കുവിൻ, ഞാനും ഒരു സാക്ഷിയാണ്, ദൈവമായ കർത്താവും ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസനും അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും.” ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയുമാണ് സാക്ഷികൾ .തന്നെയുമല്ല, ദാസൻ താൻ തന്നെയാണെന്നും യഹോവ പറയുന്നു. യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (മത്താ, 5:17-18). “സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). എന്തെന്നാൽ, യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവമില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). യേശുവെന്ന ദാസനെ അയച്ചത് എന്തിനാണെന്ന് പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്. (പ്രവൃ, 3:26). എന്നാൽ, യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും. സങ്കീർത്തനം 130ൻ്റെ8,. മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അതുകൊണ്ടാണ്, യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. യഹോവ പറഞ്ഞകാര്യം, പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ തന്നേ അവൻ (I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും,” (യോഹ, 8:24. ഒ.നോ: 8:28; 13:19). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 16-19). അതായത്, ഞാൻ തന്നേ അവൻ. അഥവാ, യഹോവ തന്നേ യേശു; യേശു തന്നേ യഹോവ. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവീകരഹസ്യം. (1തിമൊ, 3:14-16). ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരുപമെടുത്തു മനുഷ്യസാദൃശ്യത്തിലായി എന്നും പൗലൊസ് പറഞ്ഞിട്ടുണ്ട്. (ഫിലി, 2:6-8). തന്മൂലം, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

14. “നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8. ഒ.നോ: 43:10,12). യിസ്രായേൽ ജനത്തോട് യഹോവ പറയുന്നു: നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവമില്ല. അതായത്, യിസ്രായേൽ ജനം യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷികളാണ്; സാക്ഷിയാകാൻ മറ്റൊരു ദൈവം അവർക്കില്ല. എന്നാൽ, ഒലിവുമലയിൽനിന്ന് യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ്, അപ്പൊസ്തലന്മാരോട് ഇപ്രകാരം പറയുന്നതായി കാണാം: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെഹൂദന്മാരായ അപ്പൊസ്തലന്മാരോടാണ് യേശു ഇത് പറയുന്നതെന്ന് ഓർക്കണം. നിങ്ങൾ യഹോവയുടെ അഥവാ, പിതാവിൻ്റെ സാക്ഷികളാകണം എന്നല്ല; എൻ്റെ സാക്ഷികളാകണം എന്നാണ് യേശു പറഞ്ഞത്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു അഥവാ, യഹോവയും യേശുവും ഒന്നുതന്നെയാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, അപ്പൊസ്തലന്മാരോട് ഇത് പറഞ്ഞത്: ദൈവപുത്രനായ മനുഷ്യനല്ല; ഏകദൈവമാണ്. അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയായിരുന്നു, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യൻ. (1തിമൊ, 3:14-16; 1പത്രൊ, 2:24; മത്താ, 26:36; ലൂക്കൊ, 23:46; യോഹ, 8:40). ദൈവം തനിക്ക് ലോകത്തിൽ വെളിപ്പെടാൻ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത് അഥവാ, ഒരു ശരീരം തനിക്ക് ഒരുക്കിയത് കന്യകയുടെ ഉദരത്തിലാണ്. (മത്താ, 1:21; എബ്രാ, 10:5. സങ്കീർത്തനം 40:6). അതാണ്, അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്ന് പറഞ്ഞിരിക്കുന്നത്. (മത്താ, 1:20; ലൂക്കൊ, 2:21). കന്യകയുടെ ആദ്യജാതനായി ജനിച്ച്, ദൈവകൃപയോടുകൂടി ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും ദൈവാത്മാവിനാൽ ഉയിർക്കുകയും ചെയ്തിട്ട് അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടുകൂടി ഒരിക്കലായി പൂർത്തിയായി. (ലൂക്കൊ, 2:7.40,52; യോഹ, 8:40; ലുക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18; 20:17; എബ്രാ, 9:11-12). യേശുവെന്ന മനുഷ്യൻ പിന്നെ ദൈവത്തിൽ നിന്ന് വിഭിന്നൻ ആയിരിക്കില്ല; അവൻ ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3; യോഹ, 16:24). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും ഞാനും പിതാവും ഒന്നാകുന്നു എന്നും എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 8:24,28; 10:30; 14:9). പിന്നീട്, യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽ നിന്ന് പ്രത്യക്ഷനായത് യഹോവയായ ഏകദൈവം തന്നെയാണ്. അവനെയാണ്, “എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തലൻ ഏറ്റുപറഞ്ഞത്. (യോഹ, 20:28). ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതും (യോഹ, 20:22-23), അവർ വാതിൽ അടച്ചിരിക്കെ അകത്ത് പ്രവേശിച്ചതും (യോഹ, 20:26), ലോകാവസാനത്തോളം എല്ലാനാളും കൂടെയുണ്ടെന്ന് അരുളിച്ചെയ്തതും (മത്താ, 28:19), ഒലിവുമലയിൽ നിന്ന് സ്വർഗ്ഗാരോഹണം ചെയ്തതും യഹോവ അഥവാ, യേശു എന്ന ഏകദൈവമാണ്. (പ്രവൃ, 1:11). “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്ന് പറഞ്ഞതും യഹോവ അഥവാ, യേശു എന്ന ദൈവമാണ്. സ്തെഫാനോസ്, തൻ്റെ ആത്മാലിനെ ഏല്പിച്ചു കൊടുത്തതും ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവത്തിൻ്റെ പക്കലാണ്. (സഖ്യാ, 16:22; 27:17; സങ്കീ, 31:5; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 2:25; 4:19). അതായത്, യഹോവയായ ഏകദൈവവും തൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവും ദൈവവും മനുഷ്യനും എന്ന നിലയിൽ സുവിശേഷചരിത്രകാലത്ത്, വിഭിന്നരും ഐക്യത്തിൽ ഒന്നുമായിരുന്നു. (1തിമൊ, 2:5-6; 3:16; യോഹ, 14:23; 17:11,23). എന്നാൽ, സുവിഷേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്. (യോഹ, 8:24,28; 13:19; 10:30; 14:9). തന്നെയുമല്ല, യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശു. (യോഹ, 5:43; 17:11,12). അതുകൊണ്ടാണ്, യേശുക്രിസ്തു എന്ന ഏകനാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:10-12). പഴയനിയമത്തിലെ, ഏകരക്ഷകനും ഏകനാമവും യഹോവയാണെന്ന് ഓർക്കുക. (യെശ, 45:23; യോവേ, 2:32).. തന്മൂലം, നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു എന്ന് പഴയനിയമത്തിൽ പറഞ്ഞവൻ ആരാണോ, അവൻ തന്നെയാണ്  യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകാൻ അപ്പൊസ്തലന്മാരോട് കല്പിച്ചതെന്ന് വ്യക്തമാണ്.

15. “എന്നാൽ യഹോവ പുറപ്പെട്ടു, താൻ  യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3-4). ഈ പ്രവചനം, യിസ്രായേലിനോടുള്ള ബന്ധത്തിൽ അനതിഭാവിയിൽ നിവൃത്തിയാകാനുള്ളതാണ്. സകലജാതികളിൽ നിന്നും യിസ്രായേലിനെ രക്ഷിക്കാൻ, യഹോവയാണ് ഒലിവ് മലയിൽ വരുന്നതെന്നാണ് പ്രവചനം. (സെഖ, 14;2). എന്നാൽ, യേശുക്രിസ്തു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തശേഷം, ശുഭ്ര വസ്ത്ര ധാരികളായ പുരുഷന്മാർ അഥവാ, ദൂതന്മാർ വന്ന് പറയുന്നത്, യേശുക്രിസ്തു മടങ്ങിവരുമെന്നാണ്: “അവൻ  പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ  വീണ്ടും വരും എന്നു പറഞ്ഞു.” (പ്രവൃ, 1:10-11). യേശു വീണ്ടും വരുമെന്ന് ഖണ്ഡിതമായിട്ടാണ് ദൂതന്മാർ പറയുന്നത്. യഹോവയും യേശുവും വ്യതിരിക്തരാണെങ്കിൽ, ഒരു പ്രവചനം എന്തായാലും വ്യാജമായി മാറും. യഹോവ വരുമെന്നും യേശു വരുമെന്നും അഭിന്നമായി പറഞ്ഞിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26; വെളി, 1:7). പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10; വെളി, 22:12). അഗ്നിയിൽ അഥവാ, അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ,  66:15,16; 2തെസ്സ, 1:6,7). കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14; 1തെസ്സ, 4:16). സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5; 1തെസ്സ, 3:13). ഇതുപോലെ പല വാക്യങ്ങളുണ്ട്. അതായത്, രണ്ടുപേർ വരുമെന്നല്ല; ഏകദൈവമായ യഹോവ അഥവാ, യേശു വരുമെന്നാണ്. എന്തെന്നാൽ, യഹോവയും യേശുവും ഒന്നുതന്നെയാണ്. കർത്താവായ യേശു, അധർമ്മമൂർത്തിയെ തൻ്റെ പ്രത്യക്ഷതയുടെ പ്രഭാവത്താലും വായിലെ ശ്വാസത്താലും നശിപ്പിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (2തെസ്സ, 2:8). യിസ്രായേൽ ജനം തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കുമ്പോഴാണ് ഏകദൈവം അവരുടെ രക്ഷയ്ക്കായി വെളിപ്പെടുന്നത്. (വെളി, 1:7; സെഖ, 12;10). ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ ഇനി വെളിപ്പെടുന്നത് എന്നതിന് വ്യക്തമായ തെളിവ് വേറെയുമുണ്ട്: “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊള്ളുന്നു.” (തീത്തൊ, 2:12). ഈ വാക്യത്തിലെ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് കരുതുന്നവരുണ്ട്. ചില പരിഭാഷകളിലും അങ്ങനെ കാണാം. ഉദാ: മലയാളത്തിലെ പിഒസിയും പുതിയലോകഭാഷാന്തരവും മഹാദൈവവും യേശുക്രിസ്തുവും വിഭിന്നരാണെന്ന നിലയിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ, മറ്റെല്ലാ മലയാളം പരിഭാഷകളിലും, മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു എന്നാണ്. ഇ.ആർ.വി, ഓശാന, ബെഞ്ചമിൻ ബെയ്‌ലി, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, വിശുദ്ധ സത്യവേദപുസ്തകം, സത്യം പരിഭാഷ, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകൾ കാണുക. തന്നെയുമല്ല, ദൈവപുത്രൻ ദൈവമാണെന്നോ, മഹാദൈവമാണെന്നോ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ, യഹോവ മഹാദൈവമാണെന്ന് പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (ആവ, 10:17; എസ്രാ, 5:8; നെഹെ, 8;6; സങ്കീ, 95:3; ദാനീ, 2:45; വെളി, 19:18). പിതാവായ ഏകദൈവമെ ഉള്ളെന്നും താൻ ദൈവമല്ല മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതുമാണ്. മറ്റൊരു തെളിവുകൂടിയുണ്ട്: “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊള്ളുന്നു” എന്നാണ് വാക്യം. ഈ വേദഭാഗത്തെ മഹാദൈവവും യേശുക്രിസ്തുവും വ്യതിരിക്തരായാൽ, രണ്ടുപേരും ഒരുപോലെ പ്രത്യക്ഷരാകണം. എന്തെന്നാൽ, പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. രണ്ടുപേരുടെ പ്രത്യക്ഷതയ്ക്ക് യാതൊരു തെളിവും ബൈബിളിലില്ല; അതിൻ്റെ ആവശ്യവുമില്ല. തന്മൂലം, ഇനി പ്രത്യക്ഷനാകുന്നത് ഏകദൈവം അഥവാ, മഹാദൈവവും പിതാവുമായ യഹോവ അഥവാ, യേശുക്രിസ്തു ആണെന്ന് മനസ്സിലാകാം. എന്തെന്നാൽ, പിതാവായ യഹോവയുടെ പുതിയനിയമത്തിലെ നാമമാണ് യേശുക്രിസ്തു. പഴയനിയമത്തിൽ യഹോവ തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ, യേശുവിൻ്റെ നാമത്തിലാണ് മുഴങ്കാൽ മടങ്ങുന്നതെന്ന് പൗലൊസ് പറയുന്നു: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും.” (ഫിലി, 2:10). വാക്യം ശ്രദ്ധിക്കണം: ദൈവപുത്രനായ യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; യേശുവിന്റെ നാമത്തിങ്കൽ സകല മുഴങ്കാലും മടങ്ങുമെന്നാണ്. “എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും” എന്ന് യഹോവ സത്യംചെയ്ത് പറഞ്ഞ കാര്യത്തിന് എങ്ങനെ മാറ്റം വരുവാൻ കഴിയും? തന്മൂലം, സുവിശേഷ ചരിത്രകാലമൊഴികെ, യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെയാണെന്നും പുതിയനിയമത്തിൽ ഏകദൈവമായ യഹോവയുടെ നാമമാണ് യേശുവെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *