മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും: 1. ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീ. (ഉല്പ, 3:15)., 2. കാലസമ്പൂർണ്ണതയിലെ സ്ത്രീ. (ഗലാ, 4:4). 3. സൂര്യനെ അണിഞ്ഞ സ്ത്രീ. (വെളി, 12:1). ഉല്പത്തിയിലെ സ്ത്രീക്കും, കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും, സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്?  എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്.

ഒന്നാമത്തേത്, ഉല്പത്തിയിലെ സ്ത്രീയാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗം: പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാമ്പ്, പിശാച് അഥവാ, സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്. (2കൊരി, 11:3). പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പെന്ന് വെളിപ്പാടിലും കാണാം. (12:9; 20:2). പാമ്പിൻ്റെ സന്തതി ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു ക്രിസ്തു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. എന്നാൽ, ഇവിടെപ്പറയുന്ന ‘സ്തീ‘ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. എന്നാൽ, മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ്, ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, അതിന് മുമ്പും പിമ്പും അവളെക്കുറിച്ച് യാതൊരു പ്രവചനവും ബൈബിളിൽ കാണാൻ കഴിയില്ല. അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം, ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയ. “മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.  നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം എന്നാണ് ദൂതൻ പറഞ്ഞത്. (ലൂക്കൊ, 1:30-31).

ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാവിൻ്റെ പ്രവചനം നിവൃത്തിയായതായി പറഞ്ഞിട്ടുള്ളതിനാൽ, അവൻ്റെ പ്രവചനം മറിയയെക്കുറിച്ചാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം. എന്നാൽ, യെശയ്യാവ് പ്രവചിക്കുന്ന കന്യക, യഥാർത്ഥത്തിൽ മറിയയല്ല. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ഈ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. തന്നെയുമല്ല, കന്യകാജനനം ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15). 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ഇങ്ങനെയൊരു സംഭവവും പുതിയനിയ കാലത്ത് നടന്നിട്ടില്ല. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം. കൂടാതെ, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). അതും, ആ പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചല്ല; മറ്റൊരു സ്ത്രീയാണ് എന്നതിൻ്റെ തെളിവാണ്. യെശയ്യാപ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്. (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന യഥാർത്ഥ രക്ഷകനിലൂടെ ആ പ്രവചനത്തിന് നിവൃത്തിവന്നു. (മത്താ, 1:21-23). അതിനാൽ, യെശയ്യാ പ്രവചനം യേശുവിൻ്റെ അമ്മയായ മറിയയ്ക്കും ബാധകമാണെങ്കിലും, മറിയയെക്കാൾ, ആ പ്രവചനം യോജിക്കുന്ന യഥാർത്ഥ സ്ത്രീ അല്ലാത്ത ഒരു സ്ത്രീയും കന്യകയും ബൈബിളിലുണ്ട്. ആ സ്തീയുടെ പേരാണ് യിസ്രായേൽ.

യിസ്രായേലിനെ അമ്മയെന്നും സ്ത്രീയെന്നും കന്യകയെന്നും വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഭാര്യയായിട്ടും അവിശ്വസ്തയായിട്ടും വിധവയായിട്ടും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6). പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്. (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2). ഈ വേദഭാഗങ്ങളിൽ, നാലുപ്രാവശ്യം യഥാർത്ഥ കന്യകയെ കുറിക്കുന്ന ബെതൂലാ എന്ന പദമാണ് യിസ്രായേലിനു ഉപയോഗിച്ചിരിക്കുന്നത്. അതായത്, ആഹാസ് ദൈവത്തിൻ്റെ വാക്കുവിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, ആ പ്രവചനം നിവൃത്തിയാകുമായിരുന്നു. അന്ന് പ്രവചനം നിവൃത്തിയായിരുന്നെങ്കിലും, യിസ്രായേലിലെ യുവതിയിൽ നിന്ന് അല്ലെങ്കിൽ കന്യകയിൽനിന്ന് ജനിക്കുന്നതുകൊണ്ട്, ഇമ്മാനൂവേൽ യിസ്രായേലിൻ്റെ പുത്രൻ തന്നെയായിരിക്കും. പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായപ്പോഴും, മറിയ യിസ്രായേൽ കന്യക ആയതുകൊണ്ട്, ക്രിസ്തു യിസ്രായേലിൻ്റെ പുത്രൻ തന്നെയാണ്. “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). അവരിൽനിന്ന് എന്ന ബഹുവചനം ശ്രദ്ധിക്കുക. തന്നെയുമല്ല, യഥാർത്ഥ ഇമ്മാനുവേലായ ക്രിസ്തുവിൻ്റെ അമ്മ യിസ്രായേൽ തന്നെയാണ് എന്നതിന് യെശയ്യാവിൽത്തന്നെ തെളിവുണ്ട്. അവൻ്റെ അടുത്ത പ്രവചനം നോക്കുക: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.” (യെശ, 9:6). ഈ വേദഭാഗത്ത്, രണ്ടുവട്ടം ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇത് മറിയയെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണെന്ന് വ്യക്തമാണല്ലോ? അതായത്, യിസ്രായേലിൽ നിന്നാണ് അവരുടെ രക്ഷകൻ അവരെ രക്ഷിക്കാൻ എഴുന്നേറ്റത്. (മത്താ, 1:21). മറ്റൊരു തെളിവുണ്ട്. “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). അതായത്, യിസ്രായേലിൽ നിന്ന് അല്ലാതെ, ഒരു വ്യക്തിയിൽ നിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പ്രവചനം കാണാൻ കഴിയില്ല.

ഇനി, ഉല്പത്തിയിലെ പ്രവചനം നിവൃത്തിയായത് എങ്ങനെയാണെന്ന് നോക്കാം: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). സ്ത്രീയുടെ സന്തതി, പാമ്പിൻ്റെ അഥവാ, പിശാചിൻ്റെ തല തകർക്കുമെന്ന പ്രവചനം നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്. ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, KJV പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ, സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം തുടങ്ങിയവയിലും, “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ” എന്നാണ് കാണുന്നത്. അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതിയാണ് സന്തതിയായ ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തു പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവൻ ആകയാൽ, അവളിൽനിന്നും ശരീരമോ, പ്രകൃതിയോ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം ചിന്തിക്കണം. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, ക്രിസ്തുവിന് പരിശുദ്ധാത്മാവിനാണ് യിസ്രായേലെന്ന അമ്മയുടെ പ്രകൃതി ലഭിച്ചതെന്ന് മനസ്സിലാക്കാം. ഇനി, യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെ ഉണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” വേദഭാഗം വളരെ ശ്രദ്ധിക്കണം: ഇവിടെപ്പറയുന്ന ഒന്നാമത്തെ ശത്രുത്വം, സാത്താനും സ്ത്രീക്കും തമ്മിലാണ്. മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ; ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ, യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഢിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ഇത്രയധികം പീഢിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ ശത്രുത്വം, സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല വന്നത്; രക്ഷയും വരുന്നത് യിസ്രായേലിൽ നിന്നാണ്. “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതെന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:22). എന്തെന്നാൽ, സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ അഥവാ, ജനത യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). അതുകൊണ്ട്, രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.

രണ്ടാമത്തേത്, കാലസമ്പൂർണ്ണതയിലെ സ്ത്രീയാണ്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, സ്ത്രീയെയും ന്യായപ്രമാണത്തെയും വേർതിരിച്ചല്ല പറയുന്നത്. അതിനാൽ, ന്യായപ്രമാണ സന്തതിയായ യിസ്രേയേലാണ് ഇവിടെപ്പറയുന്ന സ്ത്രീയെന്ന് മനസ്സിലാക്കാം. ഇവിടെപ്പറയുന്ന സ്ത്രീ യിസ്രായേലാണ് എന്നതിന് പൗലൊസ് തന്നെ വേറെ രണ്ട് തെളിവുകൾ തരുന്നുണ്ട്. 1. ഇതേ അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെ അഥവാ, യെരൂശലേമിനെ സ്ത്രീയായി ചിത്രീകരിച്ചിട്ടുണ്ട്.  (ഗലാ, 4:24-31). 2. റോമാലേഖനത്തിൽ മറിയയിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്ന് പറയാതെ, യിസ്രായേലിൽ നിന്ന് അവൻ ഉത്ഭവിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. (റോമ, 9:5). തന്നെയുമല്ല, ലേഖനങ്ങളിൽ ഒരിടത്തും ക്രിസ്തുവിൻ്റെ അമ്മയായ മറിയയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അടുത്തൊരു പ്രധാനപ്പെട്ട തെളിവുതരാം: ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. യിസ്രായേലിന്റെ അധിപതിയായവൻ മറിയയിൽ നിന്ന് ജനിക്കുമെന്നല്ല; ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്. അടുത്ത വാക്യം: “പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.” ഈ വേദഭാഗത്ത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. അവൻ അവരെ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് മറിയയെന്ന ഒരു വ്യക്തിയെ അല്ല, ഒരു സമൂഹത്തെയാണ്. യിസ്രായേലിലെ ഒരു പട്ടണമാണ് ബേത്ത്ളേഹേം എന്നതിനാൽ, യിസ്രായേലിനെത്തന്നെയാണ് പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: “സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.” (മീഖാ, 4:10). ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേലിനെ അഥവാ, യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്. ഒ.നോ: (സെഖ, 9:9). യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്. ഉദാ: (യെശ, 26:17; 26:18; യിരെ, 4:31; 13:21). തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും മറിയയല്ല; യിസ്രായേലാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

മൂന്നാമത്തേത്, സൂര്യനെ അണിഞ്ഞ സ്ത്രീയാണ്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്. 1. വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 2. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 3. ആ അദ്ധ്യായത്തിൻ്റെ പതിമൂന്നാം വാക്യം: തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” (വെളി, 12:13). അവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ മറിയയ്ക്ക് ഉണ്ടായിരുന്നു. അവൾ ആ വേല തികച്ച് അബ്രാഹാമിൻ്റെ മടി എന്ന് വിളിക്കപ്പെടുന്ന പറുദീസയിൽ വിശ്രമിക്കുകയാണ്. എന്നാൽ, വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ 2,000 വർഷങ്ങൾക്ക് ഇപ്പുറവും സംഭവിച്ചിട്ടില്ല. അത് നടക്കാനിക്കുന്നതേയുള്ളു. പറുദീസയിൽ വിശ്രമിക്കുന്ന മറിയയെ സർപ്പം ഉപദ്രവിക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ചുമ്മാ, സാത്താനാൽ ഉപദ്രവിക്കപ്പെടാൻ മറിയ വീണ്ടും ഭൂമിയിൽ ജനിക്കുമെന്ന് പറയാനും നിവൃത്തിയില്ല. തന്മൂലം, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്. എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. 1930-ഓളം വർഷമായിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 1. അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല. 2. അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. അതാണ്, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. എന്നേക്കും ഇരിക്കുന്ന ദൈവത്തിൻ്റെ അഭിഷിക്തനാണ് യിസ്രായേൽ. (യോഹ, 12:34). തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. 4. അതിൻ്റെ ആറാം വാക്യത്തിൽ ഇപ്രകാരം കാണാം: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” (വെളി, 12:6). ഈ വേദഭാഗത്ത്, ദൈവം സ്ത്രീയേ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.” (വെളി, 12:14). ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം. മഹാപീഡനത്തിന് വിധേയരാകുന്നത് യിസ്രായേലും പിന്നെ, ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: മത്താ, 24:8; കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). മഹാപിഡനം ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യിസ്രായേലിനും ജാതികൾക്കും ഉള്ളതാണ്. 5. അതിൻ്റെ പതിനേഴാം വാക്യം: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” (വെളി, 12:17). സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. തന്മൂലം, ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ ആണെന്നത് തർക്കമറ്റ വസ്തുതയാണ്.

യിസ്രായേൽ ആരാണെന്ന് ക്രൈസ്തവർക്ക് വേണ്ടവണ്ണം അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ബൈബിളിലെ സകല പ്രവചനങ്ങളുടെയും കേന്ദബിന്ദുവുമാണ് യിസ്രായേലെന്ന എന്നേക്കും ഇരിക്കുന്ന ക്രിസ്തു. (ഉല്പ, 22ൻ്റെ17,18; 26:5; 28:13,14; യെശ, 55:3,4; പുറ, 4:22,23; യോഹ, 12:34). ബൈബിൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നത്, യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്. ചുരുക്കമായി പറയാം: സകലജാതികളിലും വെച്ച് ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും, ദൈവം ജനിപ്പിച്ച പുത്രനും, ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും, ഭൂമിയിലെ രാജാക്കന്മാർ ചുംബിച്ച് കീഴ്പടുന്നവനും, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും, ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്ക്; അധിപതിയാക്കിയവനും, ദൈവം സകലത്തെയും കാൽകീഴാക്കി ക്കൊടുത്തവനും, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും, രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും, ദൈവം കൂട്ടുകാരിൽ പരമായി ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയതവനും, ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ട മുന്തിരിവള്ളിയും, ദൈവത്തിൻ്റെ വലത്തു ഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും, സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും, ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും, മൽക്കീസേദെക്കിൻ്റെ വിധത്തിൽ എന്നേക്കും പുരോഹിതനും, ജാതികൾ പ്രത്യാശ വെക്കുന്ന ദാസനും, ജാതികളെ ന്യായംവിധിക്കുന്നവനും, ജാതികളുടെ പ്രകാശവും, ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും, ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും, ഒരു അമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്ന് അരുളപ്പാട് ലഭിച്ചവനും, ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചിരിക്കുന്നവനും, ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് യിസ്രായേൽ. യിസ്രായേലെന്ന ദൈവസന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെ ഉൾപ്പെടെ, ബൈബിളിലെ അനേക കാര്യങ്ങൾ നമുക്ക് അജ്ഞാതമായിരിക്കും. ദൈവത്തിൻ്റെ രണ്ട് പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ് ബൈബിൾ. ഒന്നാമത്തേത് ഭൗമികസന്തതിയും, രണ്ടാമത്തേത്, ആത്മികസന്തതിയാണ്. ഒന്നാമത്തേത് വാഗ്ദത്തസന്തതിയും, രണ്ടാമത്തത് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചു കൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ സന്തതിയെ അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയാതെ, രണ്ടാമത്തെ സന്തതിയെ അഥവാ, യേശുക്രിസ്തു എന്ന ആത്മികസന്തതിയെയും അവൻ്റെ ശുശ്രൂഷകളെയും പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യിസ്രായേലെന്ന ദൈവപുത്രനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച്  അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളോടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-14; 1പത്രൊ, 1:20). അതുകൊണ്ടാണ്, പഴയനിയമത്തിലുള്ള യിസ്രായേലിൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നതും വാഗ്ദത്തങ്ങളും പ്രവചനങ്ങളെല്ലാം ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

4 thoughts on “മൂന്നു സ്ത്രീകൾ”

Leave a Reply

Your email address will not be published. Required fields are marked *