മറ്റൊരു കാര്യസ്ഥൻ

മറ്റൊരു കാര്യസ്ഥൻ

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16,17)

ത്രിത്വത്തിനു തെളിവായിട്ടാണ് അനേകർ മേല്പറഞ്ഞ വാക്യത്തെ മനസ്സിലാക്കുന്നത്. ബൈബിളിൻ്റെ മൗലിക ഉപദേശമാണ് ദൈവം ഏകൻ എന്നത്. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നു മാത്രമല്ല പറയുന്നത്; അവൻ അനന്യനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനും കൂടിയാണ്. (എബ്രാ, 13:8; യാക്കോ, 1:17). അനന്യനെന്നാൽ എതിരറ്റ, ഒന്നിലധികമില്ലാത്ത, തുല്യമായി മറ്റൊന്നില്ലാത്ത എന്നൊക്കെയാണർത്ഥം. ഗതിഭേദത്താലുള്ള ആഛാദനം ഇല്ലെന്നു പറഞ്ഞാൽ; തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനെന്നർത്ഥം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയാത്തവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ഒരിക്കലും അറിയാൻ കഴിയില്ല. ദൈവം ഏകനെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയും കൂടിയാണ്. (ആവ, 6:4). പഴയനിയമഭാഷയിൽ പറഞ്ഞാൽ അതൊരു അടയാളമായി കൈയ്യിലോ, പട്ടമായി നെറ്റിയിലോ അണിയേണ്ട സത്യമാണ്. (ആവ, 6:8). എങ്കിലും ഏതോ മിഥ്യാധാരണയിൽ ദൈവം ഒന്നിലേറെ വ്യക്തികളാണെന്ന് അനേകം ക്രൈസ്തവർ വിശ്വസിക്കുന്നു. 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും: ഇവിടെ രണ്ട് വ്യക്തികളുണ്ടല്ലോ? ഉണ്ട്. അപ്പോൾ ത്രിത്വത്തിന് തെളിവല്ലേ? അല്ല. എന്തുകൊണ്ടാണ്? ദൈവം ത്രിത്വമല്ല; ഏകനാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 17:3; 1കൊരി, 6:6; എഫെ, 6:4). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായദൈവമെന്നോ, പുത്രൻ ദൈവമാണെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ നമുക്കെങ്ങനെ അവിശ്വസിക്കാൻ കഴിയും? പിതാവായ ഏകസത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായ പുത്രനാണ് “ഞാൻ പിതാവിനോട് ചോദിക്കും” എന്നു പറയുന്നത്. യേശുക്രിസ്തു ജഡത്തിൽ ദൈവം ആയിരുന്നില്ല. (യോഹ, 1:1). പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാത്ത ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു. അഭിഷിക്തനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. (മത്താ, 1:16; പ്രവൃ, 10:38). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ഏകദേശം 33½ വർഷക്കാലം പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും പ്രത്യക്ഷനായി ജീവിച്ച് മരിച്ചവൻ ‘ആരാകുന്നു’ എന്ന് ചോദിച്ചാൽ; പാപമറിയാത്ത അഭിഷിക്ത മനുഷ്യനാകുന്നു. അവൻ ‘ആരായിരുന്നു’ എന്ന് ചോദിച്ചാൽ; ഏകസത്യദൈവമായിരുന്നു. (യോഹ, 1:1; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ജഡത്തിൽ മനുഷ്യൻ മാത്രമായ യേശുവിൻ്റെകൂടെ സ്നാനംമുതൽ ദൈവമിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 38).

പിതാവ് തന്നോടു കൂടെയുള്ള വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (8:16-19; 16:32). പിതാവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്നു പറയുന്നത് ഒരു മനുഷ്യനാണ്. പുത്രനെന്ന മനുഷ്യൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുന്ന അദൃശ്യദൈവത്തെയും ചേർത്താണ് ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല (I am not alone) എന്നു പറയുന്നത്. അതിനാൽ, രണ്ട് വ്യക്തികൾ അവിടെ ഉണ്ടെന്നല്ലാതെ, ദൈവത്തിനോ യേശുവെന്ന മനുഷ്യനോ ബഹുത്വമുണ്ടാകുന്നില്ല. പെന്തെക്കൊസ്തിനുശേഷം ശിഷ്യന്മാരിൽ ആരൊടെങ്കിലും ചോദിച്ചാൽ അവനും ഇതുതന്നെ പറയുമായിന്നു: ദൈവം എൻ്റെകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അതുകൊണ്ട് ദൈവത്തിനോ അപ്പൊസ്തലനൊ ബഹുത്വമുണ്ടാകുമോ? ഇന്ന് ഭക്തനായ ഏതൊരു മനുഷ്യനോട് ചോദിച്ചാലും അവനും പറയും; ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). ഇവിടെയും ദൈവത്തിനും മനുഷ്യനും ബഹുത്വമില്ല; ദൈവവും ഏകനാണ്, മനുഷ്യനും ഏകനാണ്. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നുണ്ട്. (യോഹ, 14:23). ഇവിടെയൊന്നും ദൈവത്തിൻ്റെ ബഹുത്വമല്ലല്ലോ വിവക്ഷിക്കുന്നത്? അവിടെ ദൈവത്തിന് ബഹുത്വമുണ്ടെന്നോ മനുഷ്യന് ബഹുത്വമുണ്ടെന്നോ അർത്ഥമില്ല. ഒരു ദൈവവും ഒരു മനുഷ്യനും അഥവാ മനുഷ്യൻ ദൈവത്തെയും ചേർത്താണ് ഞങ്ങളെന്ന് പറയുന്നത്. ദൈവവും മനുഷ്യനും ചേർന്നാൽ; രണ്ടു വ്യക്തികളാകും എന്നല്ലാതെ, ദൈവത്തിനോ മനുഷ്യനോ തന്നിൽതന്നെ ബഹുത്വമുണ്ടാകുന്നില്ല. അതായത്, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി മനുഷ്യനായി പ്രത്യക്ഷനായി നില്ക്കുന്ന 33½ വർഷം ദൈവവും മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായപ്പോൾ അഥവാ സ്വർഗ്ഗാരോഹണം ചെയ്തശേഷം മനുഷ്യവ്യക്തി പിന്നെയില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? രക്ഷാകരപ്രവൃത്തി പൂർത്തിയായശേഷം; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകസത്യദൈവത്തിൻ്റെ പദവിയും (മത്താ, 28:19) യേശുക്രിസ്തു എന്നത് ഏകസത്യദൈവത്തിൻ്റെ നാമവുമായി മാറി. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

ജഡത്തിൽ പ്രത്യക്ഷനായി നിന്ന മനുഷ്യനും ദൈവപിതാവുമെന്ന രണ്ട് വ്യക്തിയെയും ചേർത്ത് ട്രിനിറ്റി ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുന്നു. പ്രത്യക്ഷനായി നില്ക്കുന്ന മനുഷ്യൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്നും, ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണ് അതിനാൽ, ദൈവം ത്രിത്വമാണെന്നും അവർ വിശ്വസിക്കുന്നു. ട്രിനിറ്റിയോട് പറയട്ടെ; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ കേവലം മുപ്പത്തിമൂന്നര വർഷമാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ഉണ്ടായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് അവനില്ലായിരുന്നു. ശുശ്രൂഷതികച്ച് അപ്രത്യക്ഷമായ ശേഷവും യേശുവെന്ന അഭിഷിക്തമനുഷ്യൻ മറ്റൊരു വ്യക്തിയായില്ല. പിന്നെയാരാണുള്ളത്? യേശുക്രിസ്തു എന്നു നാമമുള്ളവനും, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പദവികളുള്ളതുമായ ഏകദൈവമാണുള്ളത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വൺനെസ്സുകാരാകട്ടെ; രണ്ടു വ്യക്തികൾ ഇല്ലെന്ന് പറയുന്നു. ദൈവത്തെയും ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യനും ഒരു വ്യക്തിയാണെന്ന് അവർ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ അനേകം വാക്യങ്ങളിൽ ദൈവപിതാവിനെയും യേശുവെന്ന മനുഷ്യനെയും രണ്ട് വ്യക്തികളായി പറഞ്ഞിട്ടുണ്ട്. പിതാവിനെ തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:22; യോഹ, 5:32,37; 8:16-19,29,54; 14:23; 15:24; 16:32). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറയുന്നതായി കാണാം. കൂടാതെ, പരിശുദ്ധാത്മാവിനെ “മറ്റൊരു കാര്യസ്ഥൻ” എന്ന് പറഞ്ഞിരിക്കുന്ന പോലെ, പിതാവിനെയും “മറ്റൊരുത്തൻ” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:32. ഒ.നോ: 5:37). സ്നാനസമയത്ത് തന്നെ അഭിഷേകംചെയ്ത് തൻ്റെകൂടെ വസിക്കുന്ന ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശു തന്നെ പറയുമ്പോൾ, അങ്ങനല്ലെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും. (മത്താ, 3:16; പ്രവൃ, 10:38). സത്യത്തിനു വിരുദ്ധമായി നിങ്ങൾക്ക് വചനത്തെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പരിശുദ്ധമനുഷ്യൻ മാത്രമാണെന്ന വസ്തുതയും വൺനെസ്സുകാരിൽ പലരും വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ദൈവത്തിൻ്റെ യഥാർത്ഥ രക്ഷാകരപ്രവൃത്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ജഡത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. യേശുവിൻ്റെ സ്വർഗ്ഗാരോഹണശേഷം അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളായതു കൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ ഒരു വാക്യംകൂടി കാണുക: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ത്രിത്വം എന്തു വിചാരിക്കുന്നു: പത്രൊസിന് അറിയില്ലായിരുന്നോ, യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന്? യഹോവ തന്നെയാണ് യേശുക്രിസ്തു. യഹോവയുടെ പ്രത്യക്ഷതയാണ് ജഡത്തിൽ വെളിപ്പെട്ട മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ ക്രിസ്തു. ജഡത്തിൽ വന്ന ഈ അഭിഷിക്ത മനുഷ്യനാണ് പറയുന്നത്; “ഞാൻ പിതാവിനോടു ചോദിക്കും.” എന്തിനുവേണ്ടിയാണ് ചോദിക്കുന്നത്; പരിശുദ്ധാത്മാവെന്ന കാര്യസ്ഥനുവേണ്ടി.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും: കാര്യസ്ഥനെ കുറിക്കുന്ന പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്. നാലുപ്രാവശ്യം പരിശുദ്ധാത്മാവിനെ കുറിക്കാനും (യോഹ, 14:16,26; 15:26; 16:7), യേശുവിനെ കുറിക്കാൻ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. (1യോഹ, 2:1). മറ്റൊരു കാര്യസ്ഥൻ (another counselor): പരിശുദ്ധാത്മാവിനെയാണ് അവിടെ മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. മറ്റൊരു കാര്യസ്ഥനാടുള്ള ബന്ധത്തിൽ രണ്ടു ചോദ്യമുണ്ട്: ഒന്ന്; പരിശുദ്ധാത്മാവ് ആരാണ്?: ദൈവം ഏകാത്മാവായിരിക്കെ (യോഹ, 4:24), ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. അതായത്, ദൈവം തന്നെയാണ് പരിശുദ്ധാത്മാവായും ശക്തിയായും പ്രവർത്തിക്കുന്നത്. ഗബ്രിയേൽ ദൂതൻ മറിയയോട് പറയുന്നത് നോക്കുക: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെ ആത്മാവും ശക്തിയും ഒന്നുതന്നെയാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വ്യതിരിക്തനായ വ്യക്യിയാണെങ്കിൽ, അത്യുന്നതൻ്റെ ശക്തി ആരാണെന്ന് പറയും? അടുത്തത്; യേശു ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് മത്തായിയിൽ പറയുന്നു. (12:28). എന്നാൽ ലൂക്കൊസിലാകട്ടെ, കർത്താവിൻ്റെ ശക്തിയാലാണെന്നും പറയുന്നു: (ലൂക്കോ, 5:17). ദൈവത്തിൻ്റെ ആത്മാവും ശക്തിയും ഒന്നാണെന്ന് ഇവിടെയും വ്യക്തമല്ലേ? ദൈവവും ദൈവത്തിൻ്റെ പരിശുദ്ധാത്മാവും ദൈവത്തിൻ്റെ ശക്തിയും വ്യത്യസ്തരല്ലെന്നതിനും തെളിവുണ്ട്: (പ്രവൃ, 10:38). പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്നതിൻ്റെ ഒരു സുപ്രധാന തെളിവുകൂടിയുണ്ട്: ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും (മത്താ, 12:28), കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞു. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,29; 16:32). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസ് പറയുന്നത്; ദൈവം യേശുവിനെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിട്ട് ദൈവമാണ് കൂടെയിരുന്നതെന്നാണ്. (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ഇനിയുമുണ്ട് തെളിവ്: മറിയ ഗർഭിണിയായതും യേശുവെന്നു പേരുള്ള പരിശുദ്ധമനുഷ്യനെ പ്രസവിച്ചതും പരിശുദ്ധാത്മാവിലാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:18,20; ലൂക്കൊ, 1:35). പിതാവിനാലാണ് യേശു ജനിക്കുന്നതെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ജനിപ്പിക്കുന്നവനല്ലേ പിതാവ്? പിതാവും പരിശുദ്ധാത്മാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന മ്ലേച്ഛമായ ഉപദേശമല്ലേ ത്രിത്വം വിശ്വസിക്കുന്നത്? ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരുവ്യക്തി തന്നെയാണ്. ഇതാണ് ബൈബിളിൻ്റെ ഉപദേശം; ബാക്കിയെല്ലാം ദുരുപദേശങ്ങളാണ്. (കൂടുതൽ അറിയാൻ കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും)

രണ്ട്; പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനാകുന്നത് എങ്ങനെ?: ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെ തന്നെയായതുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ ‘മറ്റൊരു കാര്യസ്ഥൻ’ എന്ന് പറയുന്നതുപോലെ (യോഹ, 14:16), പിതാവിനെയും ‘മറ്റൊരുത്തൻ’ എന്ന് പറയുന്നതായി നാം മുകളിൽ ചിന്തിച്ചതാണ്. (യോഹ, 5:32,37). പിതാവിനെ അഥവാ പരിശുദ്ധാത്മാവിനെ മറ്റൊരു കാര്യസ്ഥനായി യേശു പറയുന്നത് എന്തുകൊണ്ടാണ്? യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം യേശു പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ വരുന്നതാരാണ്? യേശുക്രിസ്തു തന്നെയാണ് വരുന്നത്. പിന്നെന്തുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറഞ്ഞത്. പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും ശിഷ്യന്മാരോടുകൂടെ വസിക്കാൻ തനിക്ക് കഴിയില്ല; എന്നാൽ മറ്റൊരു കാര്യസസ്ഥനായി; ആത്മാവെന്ന നിലയിൽ തനിക്ക് ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ കഴിയും. പതിനാറാം അദ്ധ്യായത്തിൽ ‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം’ എന്ന് പറയുന്നതും അതുകൊണ്ടാണ്. (യോഹ, 16:7). താൻ ശുശ്രൂഷ തികച്ച് പോയി മടങ്ങിവന്നാൽ; മറ്റൊരു കാര്യസ്ഥനായി എന്നേക്കും നിങ്ങളോടുകൂടെ ഉണ്ടാകും. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മാവായി വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് പറഞ്ഞതോർക്കുക: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആരാണ് മറ്റൊരു കാര്യസ്ഥനായി വന്നത്? മഹാദൈവമായ യേശുക്രിസ്തു.

ഇതിനൊപ്പം ചിന്തിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്: ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഞാൻ എൻ്റെ സഭയെ പണിയും: പലരും പ്രസംഗിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തതാരാണ്? യഹോവയായ ദൈവം. (മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). യേശുവിനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഇല്ലെന്നും; ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവിയും (മത്താ, 28:19); യേശുക്രിസ്തുവന്നത് പേരുമായി മാറിയെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. (പ്രവൃ, (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വവഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമേ അന്നുമിന്നും എന്നേക്കുമുള്ളു. (എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). 

ഞാൻ എൻ്റെ സഭ പണിയും: ട്രിനിറ്റി പഠിപ്പിക്കുന്നപോലെ; ദൈവം മൂന്നു വ്യക്തിയായിരിക്കുകയും, പരിശുദ്ധാത്മാവെന്ന മറ്റൊരു വ്യക്തിയാണ് സഭ പണിയുകയും ചെയ്തതെങ്കിൽ, യേശുവിൻ്റെ പ്രഖ്യാപനവും സ്നാപകൻ്റെ പ്രവചനവും പാളിപ്പോയില്ലേ? മറ്റൊരു കാര്യസ്ഥനെന്നാൽ, മനുഷ്യനല്ലാത്ത മറ്റൊരു വ്യക്തിയായി താൻതന്നെ വരുന്നതിനെക്കുറിച്ചല്ലേ യേശു പറയുന്നത്? “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹ, 14:18); “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും” (യോഹ, 14:19); “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നൊക്കെ അരുളിച്ചയ്തവൻ തന്നെയാണ് ആത്മാവായി നമ്മോടൊപ്പം വസിക്കുന്നത്. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യദൈവവും; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന കൈക്കൊള്ളുന്നവനും; കാലസമ്പൂർണ്ണതയിൽ ജഡത്തിൽ വെളിപ്പെട്ടവനും; പരിശുദ്ധാത്മായി ലോകാവസാനത്തോളം നമ്മോടുകൂടെ വസിക്കുന്നവനും ഒരേയൊരുവനാണ്. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6).

പിതാവായ ദൈവം തൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ എപ്രകാരം പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തശേഷം മരണവരെ അവൻ്റെ കൂടെ വസിച്ചുവോ (മത്താ, 3:16; പ്രവൃ, 10:38), അപ്രകാരമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവായ യേശുക്രിസ്തുവെന്ന ഏകദൈവം തൻ്റെ കാന്തയായ സഭയെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ച് ലോകാവസാനത്തോളം കൂടെയിരിക്കുന്നത്. (മത്താ, 3:11; 16:18; 28:19; പ്രവൃ, 2:1-4,38). “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്താ, 19:26). സത്യത്തെ പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

Leave a Reply

Your email address will not be published.