ജീവനുള്ള ദൈവം

ജീവനുള്ള ദൈവം (The Living God)

ജീവനുള്ള ദൈവം എന്ന പ്രയോഗം ജെനീവ ബൈബിളിലും, കെ.ജെ.വി.യിലും 15 പ്രാവശ്യമുണ്ട്: (മത്താ, 16:16; 26:63; യോഹ, 6:69; പ്രവൃ, 14:15; റോമ, 9:26; 2കൊരി, 3:3; 6:16; 1തിമൊ, 3:15; 4:10; 6:17; എബ്രാ, 3:12; 9:14; 10:31; 12:22; വെളി, 7:2). എൻ.ഐ.വി.യിലും, സത്യവേദപുസ്തകത്തിലും 13 പ്രാവശ്യമാണുള്ളത്. യോഹ, 6:69-ലും, 1തിമൊ, 6:17-ലും ‘ദൈവം’ എന്നു മാത്രമേയുള്ളൂ; ‘ജീവനുള്ള’ എന്നഭാഗം കാണുന്നില്ല. പഴയനിയമത്തിലും ഈ പ്രയോഗം എൻ.ഐ.വി, കെ.ജെ.വി, സത്യവേദപുസ്തകം തുടങ്ങിയവയിൽ 15 പ്രാവശ്യമുണ്ട്: (ആവ, 5:26; യോശു, 3:10; 1ശമൂ, 17:26; 17:36; 2രാജാ, 19:4; 19:16; സങ്കീ, 42:2; 84:2; യെശ, 37:4; 37:17; യിരെ, 10:10; 23:36; ദാനീ, 6:20; 6:26; ഹോശേ, 1:10). ജനീവ ബൈബിളിലാകട്ടെ ഇയ്യോബ് 27:2-ലും ഈ പ്രയോഗമുണ്ട്.

ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയവനും, എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവനുമായ ദൈവത്തിന് ‘ജീവനുള്ള ദൈവം’ എന്ന പ്രയോഗം വളരെ രസകരമായി തോന്നുന്നില്ലേ? പലവിധത്തിൽ ജീവനുള്ള ദൈവമെന്ന ഈ പ്രയോഗത്തെ നമുക്കു മനസ്സിലാക്കാം: ഒന്ന്; നമ്മുടെ ദൈവത്തിനു മാത്രമേ സാക്ഷാൽ ജീവനുള്ളു. അവൻ സത്യദൈവവും നിത്യജീവനുമാണ്: (1യോഹ, 5:20). ദൂതന്മാരുടേയും മനുഷ്യരുടേയും ജീവന് അവസാനമില്ലെങ്കിലും ആരംഭമുള്ളതാണ്. ദൈവം മാത്രമാണ് ശാശ്വതവാസിയും (യെശ, 57:15), നിത്യജീവൻ്റെ ഉറവിടവും: (യോഹ, 3:17). രണ്ട്; വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചു പറയുമ്പോൾ, “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” (1കൊരി, 8:4) എന്ന് പൗലൊസ് പറയുന്നുണ്ട്. എന്നാൽ ഈ പരിഭാഷ കൃത്യമല്ല. ലോകംമുഴുവൻ വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ, ‘ലോകത്തിൽ വിഗ്രഹം ഏതുമില്ല’ എന്നു പറയുന്നതെങ്ങനെ? ശരിയായ വിവർത്തനം ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകം C.L. വേർഷനിൽനിന്നു ചേർക്കുന്നു: “വിഗ്രഹങ്ങള്‍ക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം:” (1 കൊരി 8:4). അർത്ഥാൽ, നിലനില്ക്കുന്നതും ജീവനുള്ളതുമായ ഏകദൈവമേ ലോകത്തിലുള്ളു. നമ്മൾ പത്ത് കല്പനകളിൽ രണ്ടാം കല്പനയായി മനസ്സിലാക്കുന്നത്; ‘ഒരു വിഗ്രഹം ഉണ്ടാക്കരുതു’ എന്നാണ്. അതായത്, പുറപ്പാട് 20:4-6 വാക്യങ്ങളാണ്. എന്നാൽ യെഹൂദന്മാർക്ക് 3-ാം വാക്യം മുതലാണ് രണ്ടാം കല്പന: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” അന്യദൈവങ്ങൾ എന്നൊരു ദൈവമില്ല; ജാതികൾ സേവിക്കുന്ന വിഗ്രഹങ്ങളാണ് അവിടുത്തെ വിവക്ഷ. ‘ഏകദൈവമല്ലാതെ ദൈവമില്ല’ പൗലൊസ് പറയുന്നതും ശ്രദ്ധിക്കുക. സത്യദൈവമല്ലാത്ത ലോകത്തിലുള്ളതെല്ലാം വിഗ്രഹങ്ങളാണ്. തുടർന്ന്, രണ്ടാം കല്പനയുടെ നിർവ്വചനമാണ് 4-6 വാക്യങ്ങൾ. ജാതികൾ ദൈവങ്ങളെന്ന പേരിൽ സേവിക്കുന്നവയെല്ലാം നിർജ്ജീവമായ വസ്തുക്കളാണ്. “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.” (സങ്കീ, 115:3-8). മൂന്ന്; “പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:4-6). പഴയനിയമത്തിൽ ദൈവം (elohiym) എന്ന പദം ജാതികളുടെ ദേവന്മാരെയും (ഉല്പ, 30:31), ദേവിമാരെയും (1രാജാ, 11:5), ദൂതന്മാരെയും (ഇയ്യോ, 1:6), മനുഷ്യരെയും (പുറ, 4:16; 7:1) വിളിച്ചിട്ടുണ്ട്. എന്നാൽ ഇവരൊന്നും യഥാർത്ഥ ദൈവങ്ങളല്ല; സകലത്തിൻ്റെയും സൃഷ്ടിതാവും പിതാവുമായ ജീവനുള്ള ഏകസത്യദൈവം മാത്രമേ സ്വർഗ്ഗത്തിലും ഭൂമിയിലുമായുള്ളു.

പഴയനിയമത്തിൽ ഈ ജീവനുള്ള ദൈവത്തിൻ്റെ പേരെന്താണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്; “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ:” (യിരെ, 10:10). “നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവം:” (യിരെ, 23:36). ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു ശിഷ്യന്മാരോട് ചോദിച്ചു; “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു:” (മത്താ, 16:15). ശിമോൻ പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നും ഉത്തരം പറഞ്ഞു: (മത്താ, 16:15). യേശു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നു കേട്ടപ്പോഴാണ് മഹാപുരോഹിതൻ വസ്ത്രം കീറിയത്: (മത്താ, 26:63-66). ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ളതാണ് സുവിശേഷം: (പ്രവൃ, 14:15). നാം ജീവനുള്ള ദൈവത്തിൻ്റെ ആലയമാണ്: (2കൊരി, 6:16). നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തമാണ് ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നമ്മെ ശുദ്ധീകരിച്ചത്: (എബ്രാ, 9:14). ഈ ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു നാമോരുത്തരും സൂക്ഷിക്കേണ്ടതാണ്: (എബ്രാ, 3:12). ഇത്രയും ചിന്തിച്ചതിൽനിന്ന് കുറഞ്ഞത് രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം: ഒന്ന്; ജീവനുള്ള ഏകസത്യദൈവമേ നമുക്കുള്ളൂ; ആ ദൈവത്തിൻ്റെ പേര് യഹോവയെന്നാണ്. രണ്ട്; ക്രിസ്തു ആ ദൈവത്തിൻ്റെ പുത്രനാണ്. ഇതൊരു സാമാന്യ അറിവാണ്. ബൈബിൾ വായിച്ചുനോക്കുന്ന ഏതൊരു വ്യക്തിക്കും ഇതു മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, ഇതിനുള്ളിൽ ഒരു സവിശേഷമായ അറിവ് അഥവാ, ഒരു വെളിപ്പാട് കൂടിയുണ്ട്. അതറിയാൻ നമുക്കു ദൈവകൃപയിൽ പൂർണ്ണമായി ശരണപ്പെടാം. 

‘ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ് ക്രിസ്തു’ എന്ന് സ്പഷ്ടമായിത്തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഏതർത്ഥത്തിലാണ് പുത്രനാകുന്നത്? മുസ്ലിംങ്ങളും, യഹോവാസാക്ഷികളും പോലെയുള്ളവർ യേശു സൃഷ്ടിപുത്രനാണെന്നാണ് അവകാശപ്പെടുന്നത്. മറ്റുള്ളവർ സൃഷ്ടിപുത്രനാണെന്ന് കരുതുന്നില്ലെങ്കിലും, അവർക്ക് ക്രിസ്തു പുത്രൻ തന്നെയാണ്; ഏതർത്ഥത്തിൽ? നിത്യപുത്രനും, പിതാവിനോട് സമത്വമുള്ളവനുമാണ്. എന്നാൽ, ഈ രണ്ടുകാര്യത്തിനും ബൈബിളിൽ ഒരു തെളിവുമില്ല. പുത്രനെന്നല്ലാതെ, നിത്യപുത്രനെന്ന് ഒരിടത്തുമില്ല. പിതാവ് എന്നേക്കാൾ വലിയവനെന്നും, എല്ലാവരേക്കാളും വലിയവനെന്നും പുത്രൻ പറയുമ്പോൾ സമത്വവും നിലനില്ക്കില്ല. ബൈബിളിൽ ക്രിസ്തുവിനെ ദൈവത്തിൻ്റെ പുത്രൻ എന്ന് മാത്രമാണോ പറഞ്ഞിട്ടുള്ളത്? ക്രിസ്തു തന്നെക്കുറിച്ച് പറയുന്നതെല്ലാം മനുഷ്യപുത്രൻ എന്നാണ്. അബ്രാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, പഴയനിയമത്തിൽ യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും പുത്രനുമാണ് ക്രിസ്തു. ബൈബിൾ പ്രകാരം ക്രിസ്തു എട്ടുപേരുടെ പുത്രനാണ്. ക്രിസ്തുവിൻ്റെ പുത്രത്വത്തെക്കുറിച്ച് രണ്ട് പ്രബലമായ ഉപദേശങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഒന്ന്; സൃഷ്ടിപുത്രൻ. മറ്റൊന്ന്; നിത്യപുത്രൻ. എട്ടുപേരുടെ പുത്രനായ ക്രിസ്തുവിനെങ്ങനെ സൃഷ്ടിപുത്രനാകാൻ കഴിയും??? എട്ടുപേരുംകൂടി സൃഷ്ടിച്ചുവെന്നു പറയുമോ??? ഇവരിൽ ഏഴുപേരും നശ്വരരായിരിക്കേ, ഇവരുടെ പുത്രനായ ക്രിസ്തുവെങ്ങനെ നിത്യപുത്രനാകും??? ദൈവത്തിൻ്റെ മാത്രം പുത്രനാണ്; മറ്റാരുടെയും പുത്രനല്ലെന്നും പറയാൻ നിർവ്വാഹമില്ല. അപ്പോൾ, സൃഷ്ടിപുത്രനെന്നതും, നിത്യപുത്രനെന്നതും ബൈബിൾ വിരുദ്ധമായ പ്രയോഗമാണെന്ന് മനസ്സിലാക്കാം. പിന്നെ, ‘പുത്രൻ’ എന്ന് ക്രിസ്തുവിനെ വിളിച്ചിരിക്കുന്നത് എന്താണ്? അത് പദവിനാമമാണ് അഥവാ, സ്ഥാനപ്പേരാണ്. പിതാവെന്നതും പുത്രനെന്നതും സ്ഥാനപ്പേരാണ്. ജീവനുള്ള ദൈവമായ യഹോവയാണ് പിതാവെന്ന് മുകളിൽ നാം മനസ്സിലാക്കി. ഇനി, പുത്രൻ ആരാണെന്നാണ് മനസ്സിലാക്കാനുള്ളത്.

പുത്രൻ ആരാണെന്നു ചോദിച്ചാൽ, യേശുവാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ‘യേശു’ എന്നത് പുത്രൻ എന്ന പദവിനാമത്തിൽ ജഡത്തിൽ വന്നവൻ അഥവാ, വെളിപ്പെട്ടവൻ്റെ സംജ്ഞാനാമമാണ്. എന്നാൽ, നാം പരിശോധിക്കുന്നത് ജഡത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്നാണ്. ജനനത്തോടുള്ള ബന്ധത്തിലാണല്ലോ ‘യേശു’വെന്ന പേർ നല്കപ്പെട്ടത്. പുത്രനെന്ന പദവിനാമത്തിൽ ജഡത്തിൽ വരുന്നതിനുമുമ്പേ അവനുണ്ട്. അവൻ ആദ്യനും അന്ത്യനുമാണെന്ന് പറഞ്ഞിട്ടുണ്ട്. (വെളി, 1:17). “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). എങ്കിൽ, അവൻ്റെ അസ്തിത്വം എന്തായിരുന്നു, അല്ലെങ്കിൽ, യഥാർത്ഥത്തിൽ എന്താണ്; അതാണ് നാം കണ്ടെത്തേണ്ടത്. യേശു എന്ന പേരിനോടുള്ള ബന്ധത്തിലും വെളിപ്പെട്ടവൻ ആരാണെന്നറിയാൻ കഴിയും. അത് നമുക്ക് പിന്നീട് പരിശോധിക്കാം. ദൈവഭക്തിയുടെ മർമ്മത്തെക്കുറിച്ച് പറയുമ്പോൾ, ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട് അതാദ്യം നോക്കാം: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു:” (1തിമൊ, 3:16). ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നു തന്നെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV,  KJ2000, KJCNT; KJLNT, KJV+; KJV1611;  LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഒരു വേർഷനിലെങ്ങാനും ‘പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നെഴുതിയിരിക്കകൊണ്ട് നമ്മൾ വിശ്വസിക്കേണ്ട കാര്യമില്ല. നമുക്ക് ബൈബിളിൽനിന്ന് ‘അവൻ’ ആരാണെന്ന് കണ്ടെത്താൻ പറ്റുമോന്ന് നോക്കാം.

‘അവൻ ജഡത്തിൽ വെളിപ്പെട്ടു.’ ഇവിടെ അവൻ എന്ന് പറയുന്നത് സർവ്വനാമമാണ്. ‘സർവ്വനാമം’ എന്നാൽ; നാമത്തിന്‌ (സംജ്ഞാനാമം, സ്ഥലനാമം, സ്ഥാനനാമം) പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തിൽ സർവ്വനാമങ്ങൾ എന്നു പറയുന്നു. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണുള്ളത്: ഉത്തമപുരഷൻ – ആര് പറയുന്നു; മധ്യമപുരുഷൻ – ആരോട് പറയുന്നു; പ്രഥമപുരുഷൻ – ആരെക്കുറിച്ചു അഥവാ, എന്തിനെക്കുറിച്ചു പറയുന്നു. ഒരു വാക്യത്തിൽ സർവ്വനാമം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ (ഉദാ: എൻ്റെ, എനിക്ക്, ഞാൻ, ഞങ്ങൾ, നാം, നമ്മുടെ; — നീ, നിങ്ങൾ, താങ്കൾ, താൻ, അങ്ങ്; — അവൻ, അവൾ, അത്, ഇത്, അവർ, അവരുടെ തുടങ്ങിയവ) അതിൻ്റെ ഉടയവനെ കണ്ടെത്താൻ മുകളിലത്തെ വാക്യത്തിൽ നോക്കിയാൽ മതി. ആ അദ്ധ്യായത്തിൽ മൂന്ന് വിഷയങ്ങളാണ് പൗലൊസ് പറയുന്നത്: 1-7-വരെ മൂപ്പന്മാരുടെ യോഗ്യതകളും; 8-13-വരെ ശുശ്രൂഷകന്മാരുടെ യോഗ്യതകളും; 14-16 ദൈവഭക്തിയുടെ മർമ്മത്തെക്കുറിച്ചും. (ആദ്ധ്യായവിഭജനം കാണാൻ subheading ഉള്ള പരിഭാഷകൾ നോക്കുക). അതായത്, 1തിമൊഥെയൊസ് 3:15-ൽ നോക്കാം: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” ഈ വാക്യത്തിൽ മൂന്ന് വ്യക്തികളുണ്ട്: എഴുതുന്നയാൾ –  പൗലൊസ്; നീ അറിയേണ്ടതിന്നു എഴുതുന്നു – തിമൊഥെയൊസ്; ആരെക്കുറിച്ച് – ജീവനുള്ള ദൈവത്തെക്കുറിച്ച് അഥവാ, അവൻ്റെ സഭയെക്കുറിച്ച്. അടുത്ത വാക്യം: ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ ആര്? ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു. യഹോവയാണ് ജീവനുള്ള ദൈവമെന്ന് മുകളിൽ കണ്ടതാണ്. എന്നാൽ, പൗലൊസ് പറയുന്നു; അതേ ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടത്. അഥവാ, ‘പുത്രൻ’ എന്ന സ്ഥാനപ്പേരിൽ ജഡത്തിൽ വെളിപ്പെട്ടിരിക്കുന്നത് പിതാവായ യഹോവ തന്നെയാണ്. 

നമുക്ക് പൊതുവെ വിശ്വാസികളെന്നു പേരുണ്ടെങ്കിലും, അവിശ്വാസത്തിൻ്റെ കാര്യത്തിൽ നാമോരോരുത്തരും തോമാസിൻ്റെ അപ്പന്മാരായിട്ടുവരും. അതുകൊണ്ട് വിശ്വസിക്കാറായിട്ടില്ല. ‘ജീവനുള്ള ദൈവത്തിൻ്റെ സഭ’ എന്നാണ് 15-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. 16-ാം വാക്യത്തിൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവെന്നും പറഞ്ഞിരിക്കുന്നു. സഭ ക്രിസ്തുവിൻ്റെ ആണോന്നു കൂടി നോക്കണ്ടേ? സഭ (ekklesia) എന്ന പദം 118 പ്രാവശ്യമാണുള്ളത്. അതിൽ ആറുപ്രാവശ്യം (മത്താ, 18:17; 7:38; 19:32; 19:39; 19:41; എബ്രാ, 2:12) യെഹൂദാസഭയെ കുറിക്കുന്നു. 112 പ്രാവശ്യം ക്രൈസ്തവസഭയെ കുറിക്കുന്നു. “ഞാൻ എന്റെ സഭയെ പണിയും” (മത്താ, 16:18) എന്നാണ് ക്രിസ്തു പറയുന്നത്. ക്രിസ്തുവിൻ്റെ സഭയെന്ന് മറ്റു മൂന്നിടങ്ങളിലും (റോമ, 16:16; ഗലാ, 1:22; 1തസ്സ, 2:14) പറഞ്ഞിട്ടുണ്ട്. സഭ ക്രിസ്തുവിൻ്റെ ശരീരമെന്ന് ആറ് (എഫെ, 1:23; 5:23; 5:27; 5:32; കൊലൊ, 1:18; 1:24) സ്ഥാനങ്ങളിലുണ്ട്. ദൈവസഭ, സഭകൾ എന്നിങ്ങനെ പതിനൊന്ന് (പ്രവൃ, 20:28; 1കൊരി, 1:1; 10:32; 11:16; 11:22; 15:9; 2കൊരി, 1:1; ഗലാ, 1:14; 1തെസ്സ, 2:14; 2തെസ്സ, 1:4; 1തിമൊ, 3:5) സ്ഥാനങ്ങളിലുണ്ട്. സഭയെ ദൈവത്തിൻ്റെ സഭയെന്ന് വിളിക്കുന്നതിൻ്റെ കാരണം പ്രവൃത്തി, 20:28-ലുണ്ട്: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” ക്രിസ്തു സ്വന്തരക്തത്താൽ സമ്പാദിച്ച സഭയായതുകൊണ്ടാണ് അതിനെ ‘ദൈവത്തിൻ്റെ സഭ’ എന്ന് വിളിക്കുന്നത്. പിതാവായ ദൈവത്തിൻ്റെ കർത്താവായ യേശുക്രിസ്തുവിൻ്റെയും സഭയെന്നും രണ്ടു വാക്യങ്ങളിൽ (1തെസ്സ, 1:1; 2തെസ്സ, 1:1) പറയുന്നുണ്ട്. ഇത് പിതാവിൻ്റെയും പുത്രൻ്റെയും അഭിന്നത്വത്തിന് തെളിവാണ്. മറ്റുള്ള സ്ഥാനങ്ങളിലെല്ലാം പ്രാദേശിക സഭകളെയാണ് കുറിക്കുന്നത്. അർത്ഥാൽ, വേദപുസ്തകത്തിൽ സഭയെ ക്രിസ്തു സ്ഥാപിച്ച സഭയെന്നും, ക്രിസ്തുവിൻ്റെ ശരീരമായ സഭയെന്നും, താൻ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവസഭയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ആകയാൽ, ജഡത്തിൽ വെളിപ്പെട്ടവൻ ജീവനുള്ള ദൈവമായ യഹോവയാണെന്ന് തെളിയുന്നു.

1തിമൊഥെയൊസ് 4:10-ൽ “സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവം” എന്നു പറഞ്ഞിട്ടുണ്ട്. ഇതാരെക്കുറിച്ചാണെന്നും നോക്കാം. രക്ഷിതാവ് (soter – Saviour) എന്നപദം പുതിയനിയമത്തിൽ ആകെ 24 പ്രാവശ്യമുണ്ട്. അതിൽ രക്ഷിതാവ് (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:7; 2പത്രൊ, 1:1; 1:11; 2:20; 3:2; 3:18), ലോകരക്ഷിതാവ് (യോഹ, 4:42: 1യോഹ, 4:14), സഭയുടെ രക്ഷിതാവ് (എഫെ, 5:23) എന്നിങ്ങനെ 16 പ്രാവശ്യം ക്രിസ്തുവിനെയാണ് കുറിക്കുന്നത്. അർത്ഥാൽ, ‘വിശ്വസികളുടെ രക്ഷിതാവായ ജീവനുള്ള ദൈവം’ എന്നു പറഞ്ഞിരിക്കുന്നതും ക്രിസ്തുവിനെയാണ്. പത്മോസിൽവെച്ച് മഹത്വധാരിയായ യേശുവിനെക്കണ്ട യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാല്ക്കൽ വീഴുകയുണ്ടായി. യേശു വലങ്കൈ അവൻ്റെമേൽ വെച്ചു പറഞ്ഞത്: “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” (വെളി, 1:17). തന്മൂലം, ജീവനുള്ള ദൈവമായ യഹോവ തന്നെയാണ് ‘വചനം ജഡമായിത്തീർന്ന് നമ്മുടെയിടയിൽ പാർത്തതെന്ന് നിസംശയം മനസ്സിലാക്കാം.

യേശുവിൻ്റെ ജനനത്തിങ്കൽ യോസേഫിനോടു ദൂതൻ പ്രത്യക്ഷപ്പെട്ട് പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും:” (മത്താ, 1:21,22). പഴയനിയമത്തിൽ യഹോവയുടെ ജനമാണ് യിസ്രായേൽ: (സംഖ്യാ, 11:29; ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:16; 1ദിന, 14:2). എന്നാൽ, ദൂതൻ യോസഫിനോട് പറയുന്നത് മറിയ പ്രസവിക്കന്ന മകനെക്കുറിച്ചാണ്: “അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും.” അപ്പോൾ, മറിയ പ്രസവിക്കുന്ന മകൻ അഥവാ, ജഡത്തിൽ വരുന്നതാരാണ്? യഹോവ തന്നെയാണ്. യഹോവയിൽനിന്നു വ്യതിരിക്തനായ ഒരു വ്യക്തിയാണ് യേശുവെങ്കിൽ, ‘യേശുവിൻ്റെ ജനം’ എന്നു എങ്ങനെ പറയും??? മാത്രമല്ല, ഇവിടെ ‘ജനം’ എന്നതിനെ സങ്കുചിമായ അർത്ഥത്തിൽ മാത്രമേ യെഹൂദന്മാർ എന്നു കരുതാൻ നിർവ്വാഹമുള്ളു. വിശാലാർത്ഥത്തിൽ മാനവകുലം മുഴുവനുമെന്നു മനസ്സിലാക്കണം. സ്വന്തജനമായ യെഹൂദർ ക്രിസ്തുവിനെ തള്ളിയതുകൊണ്ടാണ് ജാതികൾക്കു രക്ഷ വന്നതെന്ന് സാധാരണ പറയാറുണ്ട്. മനുഷ്യരുടെ ദൃഷ്ടിയിൽ അങ്ങനെതന്നെയാണ്. എന്നാൽ, യെഹൂദൻ തന്നെ തള്ളുമെന്നറിഞ്ഞു തന്നെയാണ് സർവ്വജ്ഞാനിയായവൻ വെളിപ്പെട്ടത്. തനിക്കു മുന്നോടിയായി അയച്ച യോഹന്നാൻ സ്നാപകൻ പറയുന്നത്; ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” (യോഹ, 1:29) എന്നാണ്. യേശുക്രിസ്തുവാകട്ടെ; “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും” (യോഹ, 10:16) എന്നാണ് പറയുന്നത്. എന്നുവെച്ചാൽ, മനുകുലത്തെ മുഴുവനും ചേർത്ത് ‘തൻ്റെ ജനം’ എന്നു പറയാനും സൃഷ്ടിതാവായ യഹോവയ്ക്കു മാത്രമേ കഴിയൂ. യേശു എന്ന പേരിനും എബ്രായയിൽ യെഹോശുവ (Yehowshuwa) യഹോവ രക്ഷിക്കും (Jehovah-Saved) എന്നാണർത്ഥം. അടുത്ത വാക്യം: “അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” മഹത്വധാരിയ ജീവനുള്ള ദൈവമായ യഹോവ തന്നെയാണ് തൻ്റെ മഹ്വത്തംവെടിഞ്ഞ് യേശു എന്ന നാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും മനുഷ്യനോടുകൂടി വാസംചെയ്തതെന്നും തെളിയുന്നു. സർവ്വപ്രപഞ്ചത്തിലുമായി ജീവനുള്ള ദൈവമായ യഹോവ ഒരുവൻ മാത്രമേയൂള്ളൂ. മനുഷ്യർക്ക് മനുഷ്യരുടെ പാപം വഹിക്കാൻ കഴിയാത്തതുകൊണ്ട് മഹാദൈവമായ യഹോവ മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടുകൂടെ വസിച്ച് അവരുടെ പാപവും വഹിച്ചുക്കൊണ്ട് മരിച്ചുയിർത്തെഴുന്നേല്ക്കുക എന്നതായിരുന്നു പുത്രത്വം അഥവാ, ദൈവം ജഡത്തിൽ വെളിപ്പെട്ടതിൻ്റെ ഉദ്ദേശ്യം.

‘ജീവനുള്ള ദൈവം’ യഹോവയാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: (യിരെ, 10:10; 23:36). ആ ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ് ക്രിസ്തു എന്നു മത്തായിയിൽ പറഞ്ഞിട്ടുണ്ട്: (16:16). അതേ ജീവനുള്ള ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നും (1തിമൊ, 3:16), വിശ്വാസികളുടെ രക്ഷിതാവെന്നും (1തിമൊ, 4:10), അതേ ക്രിസ്തു തൻ്റെ സഭയാണ് സ്ഥാപിച്ചതെന്നും (മത്താ, 16:18), താൻ സ്വന്തരക്തത്താൽ സമ്പാദിച്ചതാണ് ദൈവസഭയെന്നും (പ്രവൃ, 20:28) പറയുമ്പോൾ; യഹോവയായ ജീവനുള്ള ദൈവവും, ജീവനുള്ള ദൈവവത്തിൻ്റെ പുത്രനും, ജഡത്തിൽ വെളിപ്പെട്ടവനും ഒരാൾ തന്നെയെന്ന് തെളിയുന്നു. പഴയനിയമത്തിൽ ‘യഹോവ’ എന്ന അതിപരിശുദ്ധ നാമമുള്ളവനും, പുതിയനിയമത്തിൽ യേശു അഥവാ, യഹോശൂവ (യഹോവ രക്ഷയാകുന്നു) എന്നപേരിൽ ജഡത്തിൽ വെളിപ്പെട്ടവനും ഒരുവനാണെന്നും, ആ ദൈവം തന്നെയാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന സ്ഥാനങ്ങളിൽ അഥവാ, സ്ഥാനപ്പേരുകളിൽ വെളിപ്പെട്ടിരിക്കുന്നതെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ തെളിയുകയല്ലേ???

ആധുനിക ത്രിത്വപണ്ഡിതന്മാർ അഥവാ, സമനിത്യവാദികൾ പറയുന്നത്; “ദൈവം സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്ന് വ്യക്തികളാണെന്നാണ്.” ഇവരുടെ ഉപദേശവൈരുദ്ധ്യം ഞാൻ കാണിക്കാം: “ഇവർ ചോദിക്കുന്നു; പിതാവ് വ്യക്തിയാണോ? ആണ്. പുത്രൻ വ്യക്തിയാണോ? ആണ്. പരിശുദ്ധാത്മാവ് വ്യക്തിയാണോ? ആണ്. അപ്പോൾ, മൂന്ന് വ്യക്തികളായില്ലേ?” ശരിയാണല്ലോന്ന് ആരും വിചാരിക്കും. ഈ സൂത്രവാക്യത്തിൻ്റെ വഞ്ചന അടുത്ത ഭാഗത്ത് മനസ്സിലാകും. “പിതാവ് ദൈവമാണോ? ആണ്. പുത്രൻ ദൈവമാണോ? ആണ്. പരിശുദ്ധാത്മാവ് ദൈവമാണോ? ആണ്. അപ്പോൾ, ഇവർക്ക് മൂന്ന് ദൈവമില്ല; ഒരു ദൈവമേയുള്ളൂ.” ഒരേ സൂത്രവാക്യത്തിൽ രണ്ടുതരം ഉത്തരമോ??? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും വ്യക്തിത്വം പറയുമ്പോൾ മാത്രം മൂന്നാകുകയും, ദൈവത്വം വരുമ്പോൾ ഒന്നാകുകയും ചെയ്യുന്ന പ്രത്യേകതരം സൂത്രവാക്യമാണ് ഇവർ ഉപയോഗിക്കുന്നത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് പദവിനാമം അഥവാ, സ്ഥാനപ്പേരാണെന്ന് ഇവർ തിരിച്ചറിയുന്നില്ല. ‘ദൈവം ഏകൻ’ എന്നു ബൈബിൾ ആവർത്തിച്ചു പറഞ്ഞിരിക്കയാൽ, ഇവർ ദൈവം മൂന്നാണെന്നു പറയുന്നില്ലന്നേയുള്ളൂ. മൂന്നു വ്യക്തികളെന്നു പറയുന്ന ഇവർക്ക് തത്വത്തിൽ മൂന്ന് ദൈവങ്ങൾ തന്നെയാണുള്ളത്. (അത് പല പണ്ഡിതന്മാരും സമ്മതിച്ചിട്ടുമുണ്ട്). എന്താണിവരുടെ യഥാർത്ഥ പ്രശ്നമെന്നു ചോദിച്ചാൽ, ഇവർ പഠിക്കുന്ന ദൈവശാസ്ത്രത്തിൻ്റെ കുഴപ്പമാണ്. ബൈബിൾ വസ്തുനിഷ്ഠമായി പഠിച്ചിട്ടല്ല ഇവർ ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്നത്; മുന്നാലുകൊല്ലം ബൈബിൾ കോളേജിൽ പഠിച്ചിട്ടാണ്. ആദ്യം ബൈബിൾ കോളേജിൽ പഠിക്കുക; എന്നിട്ട് അവിടെ പഠിച്ചതിനൊത്തവണ്ണം ബൈബിളിലെ ദൈവത്തെ അവരുടെ വരുതിക്കുകൊണ്ടുവരുകയും വിശ്വാസികളെ പഠിപ്പിക്കുകയും ചെയ്യുക. (ദൈവശാസ്ത്രം പഠിക്കാതെയാണ് താൻ പ്രസംഗിക്കുന്നതെന്ന ആരോപണത്തിന് മറുപടിയായി ഒരു സഹോദരി ഒരു വീഡിയോയിൽ പറഞ്ഞതിങ്ങനെയാണ്: ഞാൻ ഏത് ദൈവശാസ്ത്രമാണ് പഠിക്കേണ്ടത്? നിങ്ങൾ പറയൂ. ഏകദൈവവാദികൾക്ക് ഒരു ദൈവശാസ്ത്രം, ദ്വൈതവാദികൾക്ക് വേറൊന്ന്, ത്രിത്വവാദികൾക്ക് മറ്റൊന്ന്, യഹോവാസാക്ഷികൾക്ക് വേറൊരണ്ണം, യേശുനാമക്കാർക്ക് മറ്റൊരണ്ണം, പരിശുദ്ധാത്മവാദികൾക്ക് വേറെ, ക്രിസ്റ്റാഡെൽഫിയൻസിന് മറ്റൊന്ന്, ശാബ്ബത്ത്മിഷൻക്കാർക്ക് വേറൊന്ന് എന്നിങ്ങനെ നൂറുകണക്കിന് വ്യവ്വേറെ ദൈവശാസ്ത്രവും, അവരവരുടെ കോളേജുകളും ഉണ്ട്. ഇതിൽ ഏതാണ് ഞാൻ പഠിക്കേണ്ടത്). അപ്പോൾ, ദൈവത്തെക്കുറിച്ച് ഇന്നുകാണുന്ന വിവിധോപദേശങ്ങളുടെ ഉറവിടം ബൈബിളല്ല; ഓരോരുത്തരും പഠിക്കുന്ന ദൈവശാസ്ത്രമാണ്. ദൈവശാസ്ത്രം പഠിക്കുന്നതിന് ഞാൻ എതിരൊന്നുമല്ല; മാത്രമല്ല, നല്ലതുമാണ്. പക്ഷെ, ബൈബിളിൻ്റെ മൗലിക ഉപദേശമായ ദൈവത്തിൻ്റെ പ്രകൃതി വേദപുസ്തകം നോക്കിത്തന്നെ പഠിക്കണം.

സമനിത്യവാദികളുടെ അടുത്ത പ്രശ്നം യഹോവയും, യേശുക്രിസ്തുവും ഒരാൾ തന്നെയാണെന്ന് അവർക്കിതുവരെ മനസ്സിലായിട്ടില്ല. പഴയനിയമത്തിൽ യഹോവയെന്ന നാമത്തിൽ വെളിപ്പെട്ടവനും, പുതിയനിയമത്തിൽ യേശുവെന്ന നാമത്തിലും പുത്രനെന്ന പദവിനാമത്തിലും വെളിപ്പെട്ടവൻ ഒരാൾ തന്നെയാണെന്ന് ബൈബിൾ വായിച്ചുതന്നെ പഠിക്കണം.. അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്നും മനസ്സിലാകും. പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്. എന്നാൽ, നമുക്കു മൂന്ന് ദൈവങ്ങളില്ല ഒരു ദൈവമേയുള്ളൂ. പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്. എന്നാൽ, ദൈവത്തിൽ മൂന്ന് വ്യക്തികളില്ല; ഒരൊറ്റ വ്യക്തിയേയുള്ളൂ. ഇതെങ്ങനെ ശരിയാകും എന്നു ചിന്തിക്കുന്ന ത്രിത്വവാദികൾക്കായി വളരെ ലളിതമായൊരു ഉപമ പറയാം: “നമ്മുടെ മുഖ്യമന്ത്രി മനുഷ്യനാണോ? ആണ്. ആഭ്യന്തരമന്ത്രി മനുഷ്യനാണോ? ആണ്. പൊതുഭരണമന്ത്രി മനുഷ്യനാണോ? ആണ്. എന്നാൽ, ഇവർ മൂന്ന് മനുഷ്യരാണോ? അല്ല; ഒരൊറ്റ മനുഷ്യനാണ്. അടുത്തത്; നമ്മുടെ പരിസ്ഥിതിമന്ത്രി വ്യക്തിയാണോ? അതെ. വിജിലൻസ്മന്ത്രി വ്യക്തിയാണോ? അതെ. ജയിൽമന്ത്രി വ്യക്തിയാണോ? അതെ. എന്നാൽ, ഇവർ മൂന്ന് വ്യക്തികളാണോ? അല്ല; ഒരൊറ്റ വ്യക്തിയാണ്. ഇതെങ്ങനെ ശരിയാകും?  അവിശ്വസനീയമായ കാര്യമാണെന്ന് ചിന്തിക്കുന്നവരുണ്ടാകും. അതിൻ്റെ കാരണം, നമ്മുടെ കേരളത്തിൽ ഇപ്പോൾ ഭരണത്തിലിരിക്കുന്ന 14-ാം മന്ത്രിസഭയിൽ ഏതൊക്കെ വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവർക്ക് അറിയാത്തതുകൊണ്ടാണ്. എന്നാൽ, ഈ മന്ത്രിസഭയെക്കുറിച്ച് അറിയാവുന്നവർ പറയും; എല്ലാ മന്ത്രിയും ഒരു മനുഷ്യനും അതേ വ്യക്തിയും തന്നെയാണെന്ന്. അതിൻ്റെ കാരണം: ആദ്യഭാഗത്തു പറഞ്ഞ, മുഖ്യ-ആഭ്യന്തര-പൊതുഭരണ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ എന്ന ഏകമനുഷ്യനാണ്. അടുത്തഭാഗത്തുള്ള പരിസ്ഥിതി-വിജിലൻസ്-ജയിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതും പിണറായിയെന്ന ഏകവ്യക്തിയാണ്. 

ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഇട്ടാവട്ടത്തിൽ കിടക്കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ചെറിയൊരു മന്ത്രിസഭയിലെ വകുപ്പുകളറിയണമെങ്കിൽ ഇന്ത്യൻ ഭരണഘടന പഠിച്ചാൽ പോര; ആ മന്ത്രിസഭയെക്കുറിച്ചുതന്നെ പഠിക്കണം. അതുപോലെ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ഏകസത്യ ദൈവത്തെക്കുറിച്ചു പഠിക്കാൻ ഏതെങ്കിലും ദൈവശാസ്ത്രം പഠിച്ചാൽപ്പോര; ജീവനും ചൈതന്യവുമുള്ള ദൈവവചനമായ ബൈബിൾതന്നെ പഠിക്കണം. “പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പ്രത്യേകം പ്രത്യേകം പറയുമ്പോൾ ദൈവമെന്നും വ്യക്തിയെന്നും പറയും. എന്നാൽ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അഥവാ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവമേ നമുക്കുള്ളൂ. (യിരെ, 23:23,24; 1തിമൊ, 1:17; 6:16). ആ ദൈവം തന്നെയാണ് പിതാവെന്ന പദവിനാമത്തിൽ സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്നതും, പുത്രനെന്ന അഭിധാനത്തിൽ ജഡത്തിൽ വെളിപ്പെട്ടതും, പരിശുദ്ധാത്മാവെന്ന പദവിയിൽ വിശ്വാസികളുടെ ഹൃദയത്തിൽ വസിക്കുന്നതും.” ഇത് ബൈബിളിൽ പരിശോധിച്ച് ആർക്കുവേണേലും ബോധ്യപ്പെടാവുന്ന നിസ്തുലസത്യമാണ്. അതിനായി ദൈവമെല്ലാവരേയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

2 thoughts on “ജീവനുള്ള ദൈവം”

  1. കൈയ്യുണ്ടെങ്കിലേ തൊടാൻ കഴിയൂ. തെളിവ് ലഭിക്കും.

  2. ദുരാത്മാക്കൾക്കും കൈയ്യു കാലുമെല്ലാമുണ്ട്. അവയ്ക്കും തൊടാനും കഴിയും. എന്നാൽ അവയുടെ കൈെ കൊണ്ട് മാറാ രോഗങ്ങൾ സൗഖ്യെ പെടുത്താൻ കഴിയില്ലാത്തതിൽ നിന്ന് അവ ദൈവശക്തിയാലല്ല, ദൈവീകമല്ല പ്രവർത്തിക്കുന്നതു എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *