കൃപാവരങ്ങൾ (30)

കൃപാവരങ്ങൾ

ദാതാവായ ദൈവത്തിൽനിന്നും കൃപയാൽ ലഭിക്കുന്ന ദാനം അഥവാ വരം ആണ് കൃപാവരം. പാപികൾക്കു ദൈവം നല്കുന്ന സൗജന്യമായ രക്ഷ (റോമ, 5:15,16; 6:23; 11:29), പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്ന പ്രത്യേക കഴിവുകൾ (റോമ, 12:6; 1കൊരി, 1:7; 12:4, 9, 28, 30,31; 1തിമൊ, 4:14; 2തിമൊ, 1:6; 1പത്രൊ, 4:10), ഒരുവന്റെ പ്രബോധനഫലമായി മറെറാരാൾക്കു ലഭിക്കുന്ന ആത്മീയ നേട്ടങ്ങൾ (റോമ, 1:11),, സഹവിശ്വാസികളുടെ പ്രാർത്ഥനയുടെ ഫലമായി ലഭിക്കുന്ന വിടുതൽ (2കൊരി, 1:11) എന്നിങ്ങനെ വിവിധ ആശയങ്ങളിൽ കൃപാവരം പ്രയോഗിച്ചിട്ടുണ്ട്. ഒരു വിശ്വാസിയിലൂടെ പരിശുദ്ധാത്മാവ് ചെയ്യുന്ന ഒരു പ്രത്യേക ശുശ്രൂഷയും ആ ശുശ്രൂഷ ചെയ്യുവാൻ പരിശുദ്ധാത്മാവ് പ്രസ്തുത വിശ്വാസിയെ ഉപകരണമാക്കുന്നതുമാണ് കൃപാവരങ്ങൾ കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സഹായം കൊണ്ട് വിശ്വാസി ചെയ്യുന്ന പ്രവൃത്തിയോ, ഒരു വിശ്വാസിയുടെ സ്വാഭാവിക കഴിവുകളുടെ ഉത്തേജനമോ അല്ല അത്. കൃപാവരം ആത്മാവിന്റെ പ്രകാശനമാണ്. “എന്നാൽ ഓരോരുത്തനു ആത്മാവിന്റെ പ്രകാശനം പൊതു പ്രയോജനത്തിന്നായി നല്കപ്പെടുന്നു.” (1കൊരി, 12:7). ആത്മാവിന്റെ ഫലം ആഭ്യന്തരവും വിശ്വാസിയുടെ ഉള്ളിൽ ആത്മാവ് ഉത്പാദിപ്പിക്കുന്ന പ്രത്യക്ഷ ഉത്പന്നവുമാണ്. എന്നാൽ പരിശുദ്ധാത്മാവു നേരിട്ടു ചെയ്യുന്ന പ്രവൃത്തിയാണു് ആത്മികവരം അഥവാ കൃപാവരം. ശുശ്രൂഷാമണ്ഡലങ്ങളിൽ അതു ബാഹ്യമായി വെളിപ്പെടുന്നു.

ആത്മികവരങ്ങളുടെ സവിശേഷതകൾ: 1. ആത്മികവരങ്ങൾ നൽകുന്നത് ദൈവമാണ്; ആരും അന്വേഷിച്ചു കണ്ടെത്തേണ്ടവ അല്ല. പ്രധാന വരങ്ങളെ അവഗണിച്ചു അപ്രധാനമായവയെ ഉയർത്തിക്കാട്ടിയ കൊരിന്ത്യ വിശ്വാസികളോട് അപ്പൊസ്തലൻ പ്രസ്താവിച്ചു. “ശ്രഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ.” (1കൊരി, 12;31). അതിന് സ്നേഹമെന്ന അതിശ്രേഷ്ഠമായൊരു മാർഗ്ഗവും മാർഗ്ഗവും അപ്പൊസ്തലൻ കാണിച്ചുകൊടുത്തു. (1കൊരി, 13:1-13). രക്ഷയോടുകൂടി ആത്മികവരങ്ങൾ ലഭിക്കുന്നുവോ അതോ അതൊരു അനന്തര പ്രവർത്തനമാണോ എന്നത് പ്രശ്നമാണ്. തിരുവെഴുത്തുകൾ വ്യക്തമായ മറുപടി നൽകുന്നില്ല. വീണ്ടും ജനനം പ്രാപിക്കുന്ന സമയത്ത് പരിശുദ്ധാത്മദാനം ലഭിക്കുകയും വിശ്വാസി ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കപ്പെടുകയും ചെയ്യുന്നു. ഇതിൽ നിന്നും പരിശുദ്ധാത്മ സ്നാനത്തോടൊപ്പം ആത്മികവരങ്ങൾ ലഭിക്കുന്നു എന്നു കരുതാം. 2. എല്ലാ വിശ്വാസികൾക്കും കൃപാവരങ്ങൾ ലഭിക്കുന്നു; കൃപാവരം ലഭിക്കാത്ത ഒരൊറ്റ വിശ്വാസിയുമില്ല. കാരണം, വരങ്ങൾ പൊതുപ്രയോജനത്തിനുള്ളതും (1കൊരി, 12:7), പരിശുദ്ധാത്മാവുതന്നെ പകുത്തുകൊടുക്കുനതും ആണ്. (1കൊരി, 12:11). കൃപാവരം ചെറുതോ അപ്രധാനമോ ആയിരിക്കാം എങ്കിൽ തന്നെയും ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ ശരീരത്തിൽ അനിവാര്യമാണ്. (1കൊരി, 12:22). 3. വരങ്ങൾക്കു തമ്മിൽ മൂല്യവ്യത്യാസമുണ്ട്; കൃപാവരങ്ങളെല്ലാം ഒരേവിധത്തിലുള്ളവയല്ല. “ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്യാനുള്ള വരം, പരിപാലന വരം, വിവിധഭാഷാവരം എന്നിവ നൽകുകയും ചെയ്തു. (1കൊരി, 12:28). പ്രവചനവരത്തെയും ഭാഷാവരത്തെയും തമ്മിൽ അപ്പൊസ്തലൻ താരതമ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക: “അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.” (1കൊരി, 14:5). ചില വരങ്ങൾ കൂടുതൽ പ്രയോജനപ്രദവും ആവശ്യവുമാണ്.. 4. വരങ്ങൾ പ്രയോജനപ്പെടേണ്ടതിനു അവയുടെ പ്രയോഗം സ്നേഹത്തിൽ ആയിരിക്കണം. (1കൊരി, 13.5). ചില വരങ്ങൾ താൽക്കാലികം മാത്രമാണ്. അപ്പൊസ്തലകാലത്തോടുകൂടി അപ്പൊസ്തലവരം നിലച്ചു. (2കൊരി, 12:12). പ്രവചനവരം, അത്ഭുതങ്ങളുടെ വരം, രോഗശാന്തികളുടെ വരം, ഭാഷാവരം, വ്യാഖ്യാനവരം, ആത്മാക്കളുടെ വിവേചനം, വെളിപ്പാടുകൾ എന്നിവ താൽക്കാലികങ്ങളായിരുന്നു. (1കൊരി, 13:8). ഉപദേശവരം, സഹായവരം, പരിപാലനവരം, സുവിശേഷവരം തുടങ്ങിയവ നിലനിൽക്കുന്നവയാണ്. സുവിശേഷകൻ ഇന്നത്തെ ഉണർവു പ്രാസംഗികനല്ല. അദ്ധ്യക്ഷനും ഉപദേഷ്ടാവും ഇന്നൊരാളാണ്. അദ്ധ്യക്ഷൻ ആടുകളെ നടത്തുകയും അവയെ ഉപദേശിക്കുകയും ചെയ്യുന്നു. 6. ആത്മികവരങ്ങളും സ്വാഭാവികവരങ്ങളും വിഭിന്നങ്ങളാണ്. സ്വാഭാവികമായ കഴിവുകളോടുകൂടിയവരെ ദൈവം തിരഞ്ഞെടുക്കാറുണ്ട്. ആത്മീയജനനത്തോടു ബന്ധപ്പെട്ടവയാണ് ആത്മികവരങ്ങൾ. അവയ്ക്കു സ്വാഭാവിക ജനനവുമായി ബന്ധമില്ല. രക്ഷിക്കപ്പെടുന്നതിന് മുമ്പു ഒരുവനിൽ ആത്മീയവരങ്ങൾ ദൃശ്യമല്ല. ഇതിൽനിന്നും സ്വാഭാവിക കഴിവുകളുടെ വികാസമല്ല ആത്മികവരങ്ങൾ എന്നു വ്യക്തമാകുന്നു. സ്വാഭാവിക വരങ്ങൾ കുറവായ വ്യക്തികളെ തിരഞ്ഞെടുത്തു ദൈവം ശക്തമായി ഉപയോഗിക്കുന്നതു അതിന് തെളിവാണ്.

വരങ്ങളുടെ വിഭജനം: അപ്പൊസ്തലനായ പത്രൊസ് എല്ലാവരങ്ങളെയും രണ്ടായി ചുരുക്കുന്നു: പ്രസംഗം, ശുശ്രൂഷ. “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്ന പോലെയും ഒരുത്തൻ ശുശുഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ, എല്ലാറ്റിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.” (1പത്രൊ, 4:11). പ്രസംഗത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർതഥം ‘സംസാരിക്കുന്നു’ എന്നത്രേ. ഭാഷണത്തിൽ ഉൾപ്പെടുന്ന എല്ലാ വശങ്ങളും ഇതിലുൾപ്പെടും; കായക്ലേശം കൊണ്ട് ചെയ്യേണ്ടവ എല്ലാം ശുശ്രൂഷയിലും. പഴയനിയമത്തിലെ പ്രവാചകൻ, പുരോഹിതൻ, രാജാവ് എന്നിവരുടെ സ്ഥാനീയശുശ്രുഷയോടുള്ള ബന്ധത്തിൽ വരങ്ങളെ മൂന്നായി തിരിക്കാം: പഠിപ്പിക്കുക, പ്രബോധിപ്പിക്കുക തുടങ്ങിയവ പ്രവാചകവരങ്ങളും, കരുണ കാണിക്കുക തുടങ്ങിയവ പൗരോഹിത്യവരങ്ങളും സഭയിലെ ഭരണം തുടങ്ങിയവ രാജകീയവരങ്ങളും. ആത്മികവരങ്ങളെ അത്ഭുതപരങ്ങളെന്നും അത്ഭുതരഹിതങ്ങളെന്നും രണ്ടായി തിരിക്കുന്നുണ്ട്. ആത്മീയവരങ്ങളെ വചനഘോഷണവുമായി ബന്ധപ്പെട്ടവ എന്നും പ്രായോഗിക ശുശ്രൂഷകളുമായി ബന്ധപ്പെട്ടവ എന്നും രണ്ടായി തിരിക്കുന്നുണ്ട്. പ്രായോഗിക ശുശ്രൂഷകളുമായി ബന്ധപ്പെട്ടവയാണ് വീര്യപ്രവൃത്തികളുടെ വരം, രോഗ ശാന്തികളുടെ വരം, സഹായം നൽകുന്നവരം, പരിപാലനവരം, വിശ്വാസവരം തുടങ്ങിയവ.

വിവിധ വരങ്ങൾ:

1. നിത്യജീവൻ 

2.  അപ്പൊസ്തലൻ

3. പ്രവാചകൻ 

4. ഉപദേശം

5. അടയാളങ്ങൾ 

6. അത്ഭുതങ്ങൾ 

7. വീര്യപ്രവൃത്തികൾ 

8. രോഗശാന്തികളുടെ വരം 

9. ജ്ഞാനത്തിന്റെ വചനം 

10. പരിജ്ഞാനത്തിന്റെ വചനം

11. വിശ്വാസം 

12. പ്രത്യാശ

13. സ്നേഹം

14. ആത്മാക്കളുടെ വിവേചനം

 15. വിവിധ ഭാഷാവരം

16. ഭാഷകളുടെ വ്യാഖ്യാനം

17. സഹായം ചെയ്യുവാനുള്ള വരം

18. പരിപാലനവരം 

19. സങ്കീർത്തനം 

20. വെളിപ്പാട് 

21. സുവിശേഷവരം 

22. ഇടയൻ

23. ശുശ്രൂഷ

24. പ്രബോധനം 

25. ദാനം ചെയ്യൽ

26. സഭാഭരണം

27. കരുണ കാണിക്കൽ

28. കഷ്ടം അനുഭവിപ്പാനുള്ള വരം

29. വിവാഹജീവിതം

30. അവിവാഹജീവിതം