ബാബിലോൻ (Babylon)
ബാബിലോണിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ
ചരിത്രത്തിൽ അറിയപ്പെട്ടിട്ടുളള അതിപ്രാചീന നഗരങ്ങളിലൊന്നാണ് ബാബിലോൻ. ആധുനിക ബാഗ്ദാദിന് (ഇറാക്ക്) 80 കി.മീറ്റർ തെക്കും യെരുശലേമിന് ഏകദേശം 870 കി.മീറ്റർ കിഴക്കുമായി യുഫ്രട്ടീസ് (ഫ്രാത്ത്) നദീതീരത്തു സ്ഥിതിചെയ്തിരുന്നു. ഈ നഗരം ബാബേലിന്റെ (ബാബിലോണിയ) രാഷ്ട്രീയവും മതകീയവുമായ തലസ്ഥാനമായിത്തീർന്നു. ബാബിലോൻ നഗരം കേന്ദ്രമാക്കി ഒരു സാമ്രാജ്യവും ഒരു സംസ്കാരവും വികസിച്ചു. കലക്കുക എന്നർത്ഥമുള്ള ‘ബാബാൽ’ എന്ന ധാതുവിൽ നിന്നാണ് ബാബേൽ എന്ന പേരിനെ എബ്രായർ നിഷ്പാദിപ്പിക്കുന്നത്. ബാബുലോൻ എന്ന ഗ്രീക്കുപേരിന്റെ രൂപഭേദമാണ് ബാബിലോൻ. ദൈവത്തിന്റെ കവാടം എന്നർത്ഥമുള്ള ബാബിലി എന്ന ബാബിലോന്യൻ ധാതുവിൽ നിന്നു ഈ പേർ വന്നതായി കരുതപ്പെടുന്നു. ബാബേലിനെ ഗൂഢഭാഷയിൽ ശേശക് എന്നു പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യിരെ, 25:26; 51:41).
ബാബേൽ പണിതത് നിമ്രോദ് ആണ്. (ഉല്പ, 10:10). എന്നാൽ ബാബിലോന്യൻ മതപാരമ്പര്യം അനുസരിച്ചു മർദൂക്ക് ദേവനാണ് നഗരസ്ഥാപകൻ. അഗാദെ രാജാവായ സർഗ്ഗോൻ ഒന്നാമനും അനന്തര ഗാമിയായ ഷർക്ക ലിഷാറിയും (ബി.സി. 2400) ദേവന്മാർക്കു ക്ഷേത്രങ്ങൾ പണിതു. ബാബിലോൻ പട്ടണത്തിന്റെ നഷ്ടശിഷ്ടങ്ങളിന്മേലാണ് അഗാദ നഗരം പണിതത്. ബി.സി. 1830-നടുപ്പിച്ച് നഗരം പ്രാധാന്യമാർജ്ജിച്ചു. ചുറ്റുപാടുമുള്ള നഗരരാഷ്ട്രങ്ങളോടു ബാബിലോൻ യുദ്ധം ചെയ്തു, ലാർസയെ കീഴടക്കി ആദ്യരാജവംശം സ്ഥാപിച്ചു. ഇതിലെ രാജാവായ സുമു-അബുമിന്റെ (Sumu-abum) കാലത്ത് നഗരമതിലുകൾ പണിതു. മഹാനായ ഹമ്മുറാബി (ബി.സി. 1728-1686) ദക്ഷിണ ബാബിലോൻ മുഴുവൻ കീഴടക്കുകയും വടക്കോട്ടു ‘മാറീ’ വരെ ജൈത്രയാത്ര നടത്തുകയും ചെയ്തു. ഹമ്മുറാബിയും പിൻഗാമികളും പട്ടണത്ത വികസിപ്പിച്ചു. ഹിത്യർ കീഴടക്കുന്നതുവരെ (ബി.സി. 1595) ബാബിലോൻ സാമാജ്യത്തിന്റെ തലസ്ഥാനമായി തുടർന്നു. തുടർന്നു കുറെക്കാലം പട്ടണം കസ്സൈറ്റുകൾക്കു വിധേയമായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പലപ്പോഴും ബാബിലോനിനു പോരാടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ കല്ദയ രാജാവായ ബെരോദാക്-ബലദാൻ യെഹൂദയുടെ സഹായത്തിനായി ദൂതന്മാരെ അയച്ചു. (2രാജാ, 20:12-18). അശ്ശൂർ രാജാവായ സർഗ്ഗോൻ രണ്ടാമൻ ബാബേലിനെ നിരോധിച്ചതിനെക്കുറിച്ചു യെശയ്യാവു പ്രവചിച്ചു. (യെശ, 13). മത്സരികളെ ഇല്ലാതാക്കുവാൻ വേണ്ടി പ്രധാന പൗരന്മാരിൽ പലരെയും ശമര്യയിലേക്കു നാടുകടത്തി. അവർ അവിടെ ബാബിലോന്യ ദേവന്മാരെ കുടിയിരുത്തി പൂജിച്ചു. (2രാജാ, 17:24-30). സൻഹേരീബ് സ്വന്തം പുത്രനെ ബാബിലോൻ രാജാവാക്കി. എന്നാൽ അവൻ വധിക്കപ്പെട്ടു. ബാബിലോൻ ദേശീയതയെ അമർച്ച ചെയ്യുന്നതിനു വേണ്ടി സൻഹേരീബ് ബി.സി. 689-ൽ പട്ടണത്തെ നിരോധിച്ചു. അവന്റെ പുത്രനായ ഏസെർ-ഹദ്ദോൻ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ബദ്ധനാക്കി ബാബിലോനിലേക്കു കൊണ്ടുപോയി. (2ദിന, 33:11). ഏസെർ-ഹദ്ദോൻ തന്റെ ഒരു പുത്രനായ ഷമഷ്ഷുമുകിനെ ബാബിലോൻ രാജാവാക്കുകയും മറ്റെ പുത്രനായ അശ്ശൂർ ബനിപ്പാളിനെ അശ്ശൂർ രാജാവാക്കുകയും ചെയ്തു. ഷമഷ്ഷുമുകിൻ അശ്ശൂർ ബനിപ്പാളിനോടു മത്സരിച്ചു. തുടർന്നു അശ്ശൂർ ബനിപ്പാൾ പട്ടണത്തെ അഗ്നിക്കിരയാക്കി. അയാളുടെ സഹോദരൻ വധിക്കപ്പെട്ടു.
അശ്ശൂർ സാമാജ്യത്തിന്റെ അധഃപതനത്തോടുകൂടി നബോപൊലാസർ പട്ടണം സ്വന്തമാക്കി ഒരു പുതിയ രാജവംശം സ്ഥാപിച്ചു. ബാബിലോൻ പട്ടണത്തിന്റെ മഹത്വം പരകോടിയിലെത്തിയത് നെബൂഖദ്നേസർ രണ്ടാമന്റെ (ബി.സി. 605-562) കാലത്താണ്. ബാബിലോൻ പട്ടണത്തെക്കുറിച്ചു നെബൂഖദ്നേസർ വളരെയേറെ അഭിമാനിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്തു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.” (ദാനീ, 4:30). ബാബിലോൻ പട്ടണത്തിൽ വിശാലമായ മതിലുകളും പ്രഥിതമായ വീഥികളും കനാലുകളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. അമ്പതിലേറെ ക്ഷേത്രങ്ങൾ നഗരത്തിൽ പണിതിരുന്നു. പട്ടണത്തെ ചുറ്റി രണ്ടു ശക്തമായ മതിലുകളുണ്ടായിരുന്നു. പുറം മതിലിനു താങ്ങായി ഗോപുരങ്ങൾ നിർമ്മിച്ചു. മതിലുകളിലെ കവാടങ്ങളിൽ നിന്നും വീഥികൾ നഗരത്തിലേക്കു നീണ്ടു കിടന്നു. മതിലുകളിലെ ഇഷ്ടികകളിൽ ചായംപൂശി കാളകളുടെയും വ്യാളികളുടെയും ദേവന്മാരുടെയും രൂപങ്ങൾ ചിത്രണം ചെയ്തു. നഗരത്തിലേക്കു പ്രവേശിക്കുന്നതിനു എട്ടു കവാടങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും പ്രധാനം വടക്കെ അറ്റത്തുള്ള ഇഷ്ടാർ കവാടമാണ്. നെബൂഖദ്നേസറിന്റെ സിംഹാസനമുറി അലങ്കരിച്ചത് നിറം പിടിപ്പിച്ച ഇഷ്ടികകൾ കൊണ്ടാണ്. ഉയരമുള്ള ക്ഷേത്രഗോപുരം പുതുക്കിപ്പണിതു. ബേൽ അഥവാ മർദൂക്കിന്റെ ക്ഷേത്രവും നവീകരിച്ചു. ഈ ക്ഷേത്രത്തിന് പിരമിഡാകൃതിയിൽ എട്ടു നിലകളും മുകളറ്റം ദേവന്റെ വിശുദ്ധമന്ദിരവും ഉള്ള ഒരു ഗോപുരം ഉണ്ടായിരുന്നുവെന്ന് ഹെരൊഡോട്ടസ് എന്ന ചരിത്രകാരൻ പറഞ്ഞിട്ടുണ്ട്. നഗ്രത്തിന്റെ പൂർവ്വപശ്ചിമ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഒരു പാലം യൂഫ്രട്ടീസ് നദിയിൽ നിർമ്മിച്ചു. അധികം അകലെയല്ലാതെ തൂങ്ങുന്ന പൂന്തോട്ടങ്ങൾ നിർമ്മിച്ചു. പൗരാണിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി ഗ്രേക്കർ ഈ ഉദ്യാനങ്ങളെ കണക്കാക്കി. മേദ്യരാജകുമാരിക്കു അവളുടെ സ്വദേശമായ മലമ്പ്രദേശത്തിന്റെ ഓർമ്മ നല്കുന്നതിനു വേണ്ടിയാണ് നെബൂഖദ്നേസർ ഇവ നിർമ്മിച്ചത്. യെരുശലേമിനെ നശിപ്പിച്ചശേഷം യെഹൂദയിൽനിന്നു ബദ്ധരാക്കിക്കൊണ്ടു പോയവരെ പാർപ്പിച്ചത് ഈ ബാബിലോനിലാണ്. പ്രസ്തുത ബദ്ധന്മാരിൽ ഒരുവനായിരുന്നു യെഹോയാഖീൻ രാജാവ്. കണ്ണുകുത്തിപ്പൊട്ടിച്ച സിദെക്കീയാ രാജാവിനോടൊപ്പം യെരുശലേം ദൈവാലയത്തിലെ ഉപകരണങ്ങളും സമ്പത്തും കൊണ്ടുവന്നു. (2രാജാ, 25:7-13). നഗരത്തിലെ പ്രധാന ക്ഷേത്രത്തിൽ കൊള്ള വസ്തുക്കളെ സൂക്ഷിച്ചു. ഈ ക്ഷേത്രം മർദൂക്കിന്റെ ക്ഷേത്രം ആയിരിക്കണം. (2ദിന, 36:7). നെബൂഖദ്നേസറിനു ശേഷം ആമെൽ മർദൂക്ക് (എവിൽ-മെരോദാക്ക്: 2രാജാ, 25:27) രാജാവായി. ഈ രാജാവിനെ നേർഗ്ഗൽ ശരേസർ കൊന്നു. നവബാബിലോന്യൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്നു നബോണിദസ്.
യെശയ്യാ പ്രവാചകനും (14:1-23; 21:1-10; 46:1,2; 47:1-5), യിരെമ്യാവും (50-51) ബാബിലോനിന്റെ നാശം പ്രവചിച്ചിരു ന്നു. ബി.സി. 539 ഒക്ടോബർ 13-ന് പാർസി രാജാവായ കോരെശിന്റെ മുമ്പിൽ ബാബിലോൻ താളടിയായി വീണു. പ്രധാനമന്ദിരങ്ങളെ അദ്ദേഹം ശേഷിപ്പിച്ചു. രാജകീയ വിളംബരം അനുസരിച്ച് ക്ഷേത്രങ്ങളും പ്രതിമകളും പുനഃസ്ഥാപിച്ചു. യെരുശലേമിലേക്കു കൊണ്ടുപോകേണ്ടതിനു ദൈവാലയോപകരണങ്ങളെല്ലാം ശേശ്ബസ്സറിനെ ഏല്പിച്ചു. (എസ്രാ, 1). ബാബിലോണിലെ രേഖാലയത്തിൽ സൂക്ഷിച്ചിരുന്ന ഈ രേഖ കണ്ടെടുത്തതിനാലായിരിക്കണം എസ്രായോടൊപ്പം ഒരു കൂട്ടം പ്രവാസികൾ മടങ്ങിവന്നത്. (എസ്രാ, 8:1). തുടർന്നു നഗരത്തിന്റെ അപചയം ആരംഭിച്ചു. അനേകം പ്രക്ഷോഭണങ്ങൾ ഉണ്ടായി. ബി.സി. 478-ൽ കസെർക്സെസ് രാജാവ് പട്ടണത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തി പട്ടണത്തിലെ മഹാക്ഷേത്രത്തെ പുനരുദ്ധരിക്കുവാനും പട്ടണത്തെ നവീകരിക്കുവാനും ആഗ്രഹിച്ചു. എന്നാൽ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. അലക്സാണ്ടർ ചക്രവർത്തിയുടെ അനന്തരഗാമികളുടെ കാലത്ത് പട്ടണം നശിച്ചു മരുഭൂമിക്കു സമമായി. സെല്യൂക്കസ് നികട്ടോർ (ബി.സി. 312-280) ടൈഗ്രീസ് നദിക്കരയിൽ സെലൂക്യ പണിതു. അതോടുകൂടി പൗരാണിക കാലത്തെ വിശ്വമഹാനഗരമായ ബാബിലോൻ പുനരുദ്ധാരണം പ്രാപിക്കാതെ കഥാവശേഷമായി.
ബാബിലോന്യ പ്രവാസത്തോടുള്ള ബന്ധത്തിൽ ബാബേലിനെക്കുറിച്ചു മത്തായി സുവിശേഷത്തിലും (1:11,12, 17), അപ്പൊസ്തല പ്രവൃത്തികളിലും (7:43) പരാമർശിച്ചിട്ടുണ്ട്. ”വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി” എന്നു വെളിപ്പാടു പുസ്തകത്തിൽ (14:8; 18:2) കാണുന്നു. ഇത് യെശയ്യാവ് 21-9-ന്റെ പ്രതിധ്വനിയാണ്. ഇവിടെ ബാബിലോൻ റോമിനെയാണ് വ്യഞ്ജിപ്പിക്കുന്നത്. ഏഴു കുന്നുകളുടെ പരാമർശം ഈ നിഗമനത്തി സാധുവാക്കുന്നു. (വെളി, 17:9; 16:19; 18:10, 21). മർമ്മം മഹതിയാം ബാബിലോൻ എന്ന പേരോടു കൂടി ഏഴുതലയുളള മൃഗത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ റോമാനഗരമാണ്. (വെളി, 17:10). പത്രോസിന്റെ ലേഖനത്തിൽ ബാബിലോനിലെ സഭയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ബാബിലോൻ നഗരം തന്നെയായിരിക്കണം വിവക്ഷിതം. (1പത്രൊ, 5:13).