സീദോൻ (Sidon)
സോരിനും (Tyre) ബെയ്തട്ടിനും (Beirut) ഇടയ്ക്കുള്ള ഫിനിഷ്യൻ പട്ടണം. പഴയനിയമകാലത്ത് ഫിനിഷ്യയിലെ പ്രധാന പട്ടണമായിരുന്നു. ഇന്നു സയ്ദ (Saida) എന്നറിയപ്പെടുന്നു. സോരിനു 40 കി.മീറ്റർ വടക്കായി മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു തള്ളി നിൽക്കുന്ന ചെറിയ കുന്നിൽ സീദോൻ സ്ഥിതിചെയ്തിരുന്നു. പട്ടണത്തിനു പിന്നിലായി ഫലഭൂയിഷ്ഠമായ സമതലമാണ്. ഇന്നവിടെ ഓറഞ്ചും നാരകവും വളരുന്നു. പട്ടണത്തെ സംരക്ഷിക്കുന്നതിനു ഒരു മതിൽ പണിതിട്ടുണ്ട്. തെക്കും വടക്കും ഓരോ തുറമുഖമുണ്ട്. ചില ചെറിയ ദ്വീപുകൾ ശക്തമായ തിരമാലകളെ തടഞ്ഞു നിർത്തുന്നു. സീദോന്യരുടെ പ്രധാനതൊഴിൽ കൃഷിയും മീൻപിടിത്തവും കച്ചവടവും ആണ്. സോർ, ബിബ്ളൊസ് എന്നിവയെപ്പോലെ ഒരു പൗരാണിക നഗരമാണ് സീദോൻ. ബി.സി. 14-ാം നൂറ്റാണ്ടിലെ അമർണാ എഴുത്തുകളിൽ സീദോൻ രാജാവായ സിമ്രെദാ (Zimreda) അമോര്യ രാജാവിനോടു കൂറു പുലർത്തിയിരുന്നതായി പറയുന്നു. ഈജിപ്റ്റിനു സീദോനുമേലുള്ള പിടി അയഞ്ഞപ്പോൾ ഹിത്യർ, ഹപിരു, വടക്കുള്ള തീരവാസികൾ എന്നിവർ സീദോനെ കീഴടക്കാൻ ശ്രമിച്ചു. എങ്കിലും സീദോൻ സ്വാതന്ത്ര്യം കാത്തു സൂക്ഷിച്ചു.
കനാന്റെ ആദ്യജാതനാണ് സീദോൻ. (ഉല്പ, 10:15; 1ദിന, 1:13). കനാന്യരുടെ വടക്കെ അതിരിലായിരുന്നു സീദോൻ. (ഉല്പ, 10:15; 49:13; 2ശമൂ, 24:6). യോശുവ 11:8-ലും 19:28-ലും സീദോനെ മഹാനഗരമെന്നു വിളിക്കുന്നു. ആശേർ ഗോത്രത്തിന്റെ അതിരിന്നടുത്തായിരുന്നെങ്കിലും (ന്യായാ, 1:31) അതൊരിക്കലും യിസ്രായേൽ ദേശത്തിലുൾപ്പെട്ടിരുന്നില്ല. ഫിനിഷ്യ, ഫിനിഷ്യർ എന്ന വിവക്ഷയോടുകുടി സീദോൻ, സീദോന്യർ എന്നീ പദങ്ങൾ അനേകം പ്രാവശ്യം തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. (ആവ, 3:9; ന്യായാ, 3:3; 10:6, 12; 18:7; 1രാജാ, 5:6; 11:1, 5, 33; 16:31; 2രാജാ, 23:13). സോരിലെ രാജാവായ എത്ത്-ബാലിനെയാണ് 1രാജാക്കന്മാർ 16:31-ൽ സീദോന്യ രാജാവെന്നു പറയുന്നത്. ആഹാബിന്റെ കാലത്തു സീദോൻ പ്രബലമായിരുന്നില്ല. സീദോനും സോരും അഷുർനസിർപാൾ II (ബി.സി. 876), ശല്മനേസർ III (858-824), തിഗ്ലത്ത്-പിലേസർ III (744-727) ശല്മനേസർ V (727-722) എന്നീ അശ്ശൂർ രാജാക്കന്മാർക്കു കപ്പം കൊടുത്തു. അശ്ശൂര്യർ സോരിന്നെതിരെ സീദോനെ സഹായിക്കുവാൻ താൽപര്യം കാണിച്ചിരുന്നു. യിസ്രായേൽ പ്രവാചകന്മാർ ഈ പട്ടണങ്ങളുടെ നാശം പ്രവചിച്ചു. (യെശ, 23; യിരെ, 25:22; 27:3-6; 47:4; യെഹെ, 28:20-23; യോവേ, 3:4). യെഹെസ്ക്കേൽ പ്രവാചകന്റെ കാലത്ത് സോർ പബലപ്പെട്ടിരുന്നു.
സീദോന്യർ സോര്യർക്കു തണ്ടേലന്മാരായി വർത്തിച്ചു. (യെഹെ, 27:8). ബി.സി. 705-ൽ സീദോൻ രാജാവായ ലുലി (Luli) സഖികളോടൊത്തു അശ്ശൂര്യൻ ആധിപത്യത്ത എതിർത്തു. ബി.സി. 701-ൽ സൻഹേരീബ് എതിർപ്പിനെ നിശ്ശേഷം തകർത്തു. ലുലി സൈപ്രസിലേക്കു പലായനം ചെയ്തു. സൻഹേരീബ് എത്ത്-ബാലിനെ അനന്തരഗാമിയായി നിയമിച്ചു. എത്ത്-ബാലിന്റെ പുത്രനും അശ്ശൂരിനെ എതിർത്തു. അന്നു അശ്ശൂർ രാജാവായിരുന്ന ഏസെർ-ഹദ്ദോൻ നഗരത്തെ നശിപ്പിച്ചശേഷം സീദോന്റെ പരിസരത്തു ഒരു പുതിയ പട്ടണം പണിയാൻ ശ്രമിച്ചു. പക്ഷേ സീദോൻ വീണ്ടും വളർന്നു. അല്പകാലത്തേക്കു (609-593) സീദോൻ ഈജിപ്റ്റിനു അധീനമായിരുന്നു. തുടർന്ന് നെബൂഖദ്നേസറിന്റെ ആധിപത്യത്തിൻ കീഴിലായ സീദോൻ അനന്തരം പേർഷ്യൻ ഭരണത്തിലായി. ബി.സി. 333-ൽ ഒരു യുദ്ധം കൂടാതെ തന്നെ സീദോൻ അലക്സാണ്ടർ ചക്രവർത്തിക്കു കീഴടങ്ങി. സൈലുക്യരുടെ കാലത്തു സീദോനു ഒരു സ്വതന്ത്രപദവി ലഭിച്ചു. ബി.സി. 64-ൽ പോംപി ഫിനിഷ്യയിൽ റോമൻ ഭരണം സ്ഥാപിച്ചപ്പോൾ ഈ സ്ഥിതി മാറി. എന്നിട്ടും ഒരു സമ്പന്ന നഗരമായി സീദോൻ തുടർന്നു. റോമൻ ഭരണകാലത്ത് സീദോന്റെ വാണിജ്യം തകർന്നു. ഫിനിഷ്യരുടെ കുത്തകയായിരുന്ന രക്താംബര വ്യവസായം നശിച്ചു; ഒപ്പം ദേവദാരു വ്യവസായവും. (1ദിന, 22:4; എസ്രാ, 3:7).
പുതിയനിയമത്തിൽ സീദോനും സീദോന്യരും ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നുണ്ട്. (മത്താ, 11:21,22; ലൂക്കൊ, 4:26; 10:13,14; പ്രവൃ, 12:20). യേശു സീദോനിൽ പോയി അവിടെ പ്രസംഗിച്ചു. (മത്താ, 15:21; മർക്കൊ, 7:24, 31; 3:8; ലൂക്കൊ, 6:17). റോമിലേക്കുള്ള വഴിയിൽ പൗലൊസ് സീദോൻ സന്ദർശിച്ചു. (പ്രവൃ, 27:3).