യോസേഫ്

യോസേഫ് (Joseph)

പേരിനർത്ഥം – അവൻ കൂട്ടിച്ചേർക്കും

യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനാണ് യോസേഫ്; റാഹേലിൽ ജനിച്ച ആദ്യത്തെ പുത്രനും. (ഉല്പ, 30:22). യാക്കോബ് ലാബാനെ സേവിക്കുന്ന കാലത്താണ് യോസേഫ് ജനിച്ചത്. ഉല്പ, 30:22-26). പിന്നീടു യോസേഫിനെക്കുറിച്ചു പറയുന്നതു യാക്കോബിനോടൊപ്പം സ്വദേശത്തേക്കു മടങ്ങുന്ന സമയത്താണ്. (ഉല്പ, 33:2, 7). തുടർന്നു യോസേഫിനു പതിനേഴു വയസ്സാകുന്നതു വരെ അവനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. യിസ്രായേലിന്റെ വാർദ്ധക്യത്തിലെ മകനെന്നു യോസേഫിനെ വിശേഷിപ്പിച്ചിരിക്കുന്നു. (ഉല്പ, 37:3). യാക്കോബ് യോസേഫിനെ അധികം സ്നേഹിച്ചിരുന്നു. ബിൽഹയുടെയും സില്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാരെക്കുറിച്ചുള്ള ദു:ശുതി യോസേഫ് യാക്കോബിനോടു വന്നുപറഞ്ഞു. ഇതു സഹോദരന്മാർക്കു അവനോടു വെറുപ്പുളവാക്കി. യോസേഫിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് അവനൊരു നിലയങ്കി ഉണ്ടാക്കിക്കൊടുത്തു. കൂടാതെ താൻ കണ്ട സ്വപ്നങ്ങൾ സഹോദരന്മാരോടു പറഞ്ഞതും അവർക്കു അവനോടു വെറുപ്പിനു കാരണമായി. (ഉല്പ, 37:2-11).

സഹോദരന്മാരുടെ സുഖവൃത്താന്തം അന്വേഷിച്ചു വരന്നതിനു യോസേഫിനെ ഹെബ്രോൻ താഴ്വരയിൽ നിന്നു ശെഖേമിലേക്കയച്ചു. പക്ഷേ അവർ ശെഖേമിലുണ്ടായിരുന്നില്ല. യോസേഫ് അവരെ ദോഥാനിൽ വച്ചു കണ്ടുമുട്ടി. യോസേഫിനെ ദൂരത്തുനിന്നു കണ്ടപ്പോൾ തന്നെ അവരുടെ കോപം ഇരട്ടിച്ചു. രൂബേനൊഴികെ മറ്റെല്ലാവരും ചേർന്നു അവനെ കൊല്ലാനാലോചിച്ചു. യോസേഫിനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതിക്കൊണ്ടു രൂബേൻ, “നിങ്ങൾ അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അങ്ങനെ ചെയ്തു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർ വരുന്നതു കണ്ടു യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റു. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറഞ്ഞു രക്തം പുരണ്ട യോസേഫിന്റെ അങ്കി പിതാവിനു കാണിച്ചുകൊടുത്തു. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുടുത്തു ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദു:ഖിച്ചു. (ഉല്, 37:12-36).

മിദ്യാന്യർ യോസേഫിനെ ഫറവോന്റെ അകമ്പടി നായകനായ പോത്തീഫറിനു വിറ്റു. അങ്ങനെ അവൻ ഒരു മിസ്രയീമ്യ അടിമയായിത്തീർന്നു. യോസേഫ് പോത്തീഫറിനു വിശ്വസ്തനായിരുന്നു. പോത്തീഫർ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. യോസേഫ് കോമളനും മനോഹര രൂപിയും ആയിരുന്നതുകൊണ്ടു പോത്തീഫറിന്റെ ഭാര്യ യോസേഫിനോടു അപമര്യാദയായി പെരുമാറിത്തുടങ്ങി; യോസേഫ് അതിൽ നിന്നു ഒഴിഞ്ഞുമാറി. എന്നാൽ ഒരു ദിവസം പോത്തീഫറിന്റെ ഭാര്യ ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും യോസേഫിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്തു. പോത്തീഫർ അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാരാഗൃഹപമാണിക്കു യോസേഫിനോടു ദയ തോന്നി കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും അവന്റെ കയ്യിൽ ഏല്പിച്ചു. (ഉല്പ, 39:1-23).

ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്നങ്ങൾ യോസേഫ് വ്യാഖ്യാനിച്ചുകൊടുത്തു. സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതു എന്നു യോസേഫ് അവരോടു പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞു ഫറവോൻ രണ്ടു സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി മിസയീമിലെ സകല ജ്ഞാനികളെയും മന്ത്രവാദികളെയും ആളയച്ചു വരുത്തി. എന്നാൽ ആർക്കും തന്നെ ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിപ്പാൻ കഴിഞ്ഞില്ല. അപ്പോൾ പാനപാതവാഹകൻ യോസേഫിനെ ഓർത്തു, അവന്റെ കാര്യം ഫറവോനെ അറിയിച്ചു. യോസേഫ് ഫറവോന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിച്ചു കൊടുത്തു. ഏഴുവർഷം സമൃദ്ധിയും ഏഴുവർഷം മഹാക്ഷാമവും ഉണ്ടാകുമെന്നു യോസേഫ് ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ മുന്നറിയിച്ചു. ഇതു ഫറവോനെയും ഉദ്യോഗസ്ഥന്മാരെയും സന്തുഷ്ടരാക്കി. യോസേഫിനെ അവർ ദൈവാത്മാവുള്ള മനുഷ്യനായി കണക്കാക്കി. ഫറവോൻ യോസേഫിനു സാപ്നത്ത്-പനേഹ് എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. യോസേഫ് മിസയീംരാജവായ ഫറവോന്റെ മുന്നിൽ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. മനശ്ശെ, എഫ്രയീം എന്ന രണ്ടു മക്കൾ യോസേഫിനു ജനിച്ചു. (ഉല്പ, 41:1-52).

യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായി. ക്ഷാമകാലത്തു ജനത്തിനു നല്കാനായി സമൃദ്ധിയുടെ കാലത്തു യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ക്ഷാമകാലത്തു യോസേഫിന്റെ സഹോദരന്മാർ (ബെന്യാമീൻ ഒഴികെ) ധാന്യം വാങ്ങാനായി യോസേഫിന്റെ അടുക്കൽ വന്നു. അവർ ഒറ്റുകാരെന്നു സംശയിക്കുന്ന നിലയിൽ യോസേഫ് പെരുമാറി. അടുത്ത പ്രാവശ്യം ബെന്യാമീനെ കൊണ്ടു വരണമെന്നു പറഞ്ഞു. ജാമ്യമായി ശിമയോനെ തടഞ്ഞു വച്ചു. യാക്കോബിനെ സമ്മതിപ്പിച്ചു ബെന്യാമീനുമായി അടുത്ത പ്രാവശ്യം അവർ വന്നു. യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുകയും യാക്കോബിനെ ഉടനെ തന്നെ മിസ്രയീമിലേക്കു കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഫറവോന്റെ സമ്മതത്തോടുകൂടി യാക്കോബിനെയും കുടുംബത്തെയും മിസ്രയീമിലെ ഗോശെൻ ദേശത്തു താമസിപ്പിച്ചു. യാക്കോബ് മിസ്രയീമിൽ 17 വർഷം വസിച്ചു. 147-ാം വയസ്സിൽ അവൻ മരിച്ചു. യാക്കോബ് മരിച്ചപ്പോൾ യോസേഫിന്റെ കല്പനപ്രകാരം അവനു സുഗന്ധവർഗ്ഗം ഇട്ടു. ഫറവോന്റെ കല്പന വാങ്ങി അവനെ കനാനിൽ കൊണ്ടുപോയി മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 50:13).

യോസേഫും സഹോദരന്മാരും മടങ്ങി മിസ്രയീമിൽ വന്നു. സഹോദരന്മാരോടു വിദ്വേഷം ഇല്ലെന്നും അവരെ തുടർന്നും കരുതികൊള്ളാമെന്നും യോസേഫ് ഉറപ്പു നല്കി. മരിക്കുമ്പോൾ തന്റെ അസ്ഥികൾ സൂക്ഷിക്കുകയും ദൈവം അവരെ സന്ദർശിച്ചു കനാനിലേക്കു മടക്കിക്കൊണ്ടു പോകുമ്പോൾ അവകൂടി കൊണ്ടുപോകുകയും ചെയ്യണമെന്നു യോസേഫ് അവക്കൊണ്ടു സത്യം ചെയ്യിച്ചു. 110 വയസ്സുള്ളപ്പോൾ യോസേഫ് മരിച്ചു. (ഉല്പ, 50:22-26). യിസ്രായേൽ മക്കളെ ദൈവം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്നു യോസേഫ് ദൃഢമായി വിശ്വസിച്ചു. സൗമ്യത, വിശ്വസ്തത, വിശാലമനസ്കത, ക്ഷമാശീലം എന്നിങ്ങനെ മഹനീയമായ ഗുണങ്ങൾ യോസേഫിൽ കാണാം. യോസേഫിനെ യേശുക്രിസ്തുവിന്റെ നിഴലായി ചിത്രീകരിക്കുന്നുണ്ട്.

അരിമത്യയിലെ യോസേഫ്

നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായിരുന്നു അരിമത്യയിലെ യോസേഫ്. (ലൂക്കൊ, 23:50). യേശുവിന്റെ രഹസ്യ ശിഷ്യനായിരുന്നു. (യോഹ, 19:38). ന്യായാധിപസംഘത്തിലെ അംഗമായിരുന്നെങ്കിലും അവരുടെ ആലോചനയെയും പ്രവൃത്തിയെയും അനുകൂലിച്ചില്ല. (ലൂക്കൊ, 23:51). യേശുവിന്റെ ക്രൂശീകരണദിവസം സന്ധ്യയായപ്പോൾ പീലാത്തോസിനോടു യേശുവിന്റെ ശരീരം ചോദിച്ചുവാങ്ങി ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്ത കല്ലറയിൽ അടക്കി. (ലൂക്കൊ, 23:53).

യോസേഫ് (യേശുവിൻ്റെ വളർത്തച്ഛൻ)

യേശുവിന്റെ അമ്മയായ മറിയയുടെ ഭർത്താവ്. മർക്കൊസ് യോസേഫിനെക്കുറിച്ചു പറയുന്നില്ല; യോഹന്നാനിലെ സൂചനകൾ (1:45; 6:42) പരോക്ഷങ്ങളാണ്. മറിയയ്ക്കു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ മറിയയെ യോസേഫിനു വിവാഹനിശ്ചയം ചെയ്തു കഴിഞ്ഞിരുന്നു. മറിയ ഗർഭിണിയാണെന്നു ഗ്രഹിച്ചപ്പോൾ അവൻ നീതിമാൻ ആകയാൽ അവളെ ഗുഢമായി ഉപേക്ഷിക്കുവാൻ ഒരുങ്ങി. എന്നാൽ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളിൽ ഉത്പാദിതമായിരിക്കുന്നതു പരിശുദ്ധാത്മാവിനാൽ ആണെന്നും തന്മൂലം അവളെ ചേർത്തുകൊള്ളുവാൻ ശങ്കിക്കേണ്ടതില്ലെന്നും പറഞ്ഞതനുസരിച്ച് യോസേഫ് അവളെ സ്വീകരിച്ചു. (മത്താ, 1:18-24). പേർവഴി ചാർത്തേണ്ടതിന് യോസേഫ് മറിയയോടുകൂടെ യെഹൂദയിലെ ബേത്ലേഹെമിലേക്കു പോയി. അവിടെ വച്ചു അവൾ യേശുവിനെ പ്രസവിച്ചു. (ലൂക്കൊ, 2:1-7). ഇടയന്മാർ യേശുവിനെ കാണാൻ വന്നപ്പോൾ യോസേഫ് അവിടെ ഉണ്ടായിരുന്നു. ദൈവാലയത്തിലേക്കും അവിടെനിന്നു മിസ്രയീമിലേക്കും പോയ സന്ദർഭങ്ങളിലും മടങ്ങിവന്നു നസറേത്തിൽ താമസമായപ്പോഴും യോസേഫിനെ കാണുന്നുണ്ട്. യേശുവിനു 12 വയസ്സുള്ളപ്പോൾ യെരൂശലേമിൽ പെസഹ പെരുന്നാളിനു പോയതും അമ്മയപ്പന്മാരോടൊപ്പമാണ്. (ലൂക്കൊ, 2:41-51). അതിനുശേഷം നാം യോസേഫിനെ കാണുന്നില്ല. യേശുവിന്റെ പരസ്യ ശുശ്രൂഷാകാലത്തു യോസേഫ് ജനത്തിനു അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. (യോഹ, 6:42). യേശുവിന്റെ ശുശുഷാകാലത്തിനു മുമ്പു തന്നെ യോസേഫ് മരിച്ചുപോയി എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

യോശുവ

യോശുവ (Joshua)

പേരിനർത്ഥം – യഹോവ രക്ഷയാകുന്നു

നൂന്റെ മകനും എഫയീം ഗോത്രത്തിലെ തലവനായ എലീശാമയുടെ ചെറുമകനും. (1ദിന, 7:27; സംഖ്യാ, 1:10). യോശുവയുടെ ആദ്യത്തെ പേര് ഹോശേയ (രക്ഷ) എന്നായിരുന്നു. (സംഖ്യാ, 13:8). യെഹോശുവയാണ് (1ദിന, 7:27) യോശുവ ആയി മാറിയത്. പുറപ്പാടിന്റെ കാലത്തു യോശുവ യുവാവായിരുന്നു. (പുറ, 33:11).

രെഫീദീമിൽ വച്ചു യിസ്രായേലുമായി യുദ്ധത്തിനു അമാലേക്ക് വന്നപ്പോൾ അവനുമായി യുദ്ധം ചെയ്യുവാൻ മോശെ യോശുവയെ നിയോഗിക്കുന്നിടത്താണ് യോശുവയെ നാം ആദ്യമായി കാണുന്നത്. (പുറ, 17:8). അമാലേക്കിനെ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു യോശുവ തന്റെ ഒന്നാമത്തെ യുദ്ധം ജയിച്ചു. (പുറ, 17:13). സീനായി പർവ്വതത്തിലേക്കു കയറിയ മോശയുടെ കൂടെ യോശുവ ഉണ്ടായിരുന്നു. (പുറ, 24:13). തിരിച്ചുവരുമ്പോൾ പാളയത്തിലെ ഘോഷത്തെക്കുറിച്ചു പറയുന്നതും (32:17) മോശെ പാളയത്തിലേക്കു മടങ്ങിയപ്പോൾ കൂടാരത്തെ വിട്ടുപിരിയാതെ നിന്നതും (33:11) യോശുവയാണ്. എൽദാദും മേദാദും പാളയത്തിൽ പ്രവചക്കുന്നതു തടയണമെന്നു യോശുവ മോശയോടു ആവശ്യപ്പെട്ടു. (സംഖ്യാ, 11:28). കനാൻദേശം ഒറ്റു നോക്കുവാൻ പോയവരിൽ പത്തുപേരും എതിരഭിപ്രായം പറഞ്ഞപ്പോൾ യോശുവയും കാലേബും മാത്രമാണ് യഹോവ അതു നമുക്കുതരും എന്നു പറഞ്ഞു ജനത്തെ ഉറപ്പിച്ചത്. (സംഖ്യാ, 14:5-9). തന്നിമിത്തം മിസ്രയീമിൽ നിന്നും പുറപ്പെട്ടവരിൽ യോശുവയും കാലേബും മാത്രമേ കനാനിൽ പ്രവേശിച്ചുള്ളൂ. (സംഖ്യാ, 26:65). യഹോവയുടെ നിർദ്ദേശാനുസരണം സർവ്വസഭയും കാണത്തക്കവണ്ണം യോശുവയെ ജനത്തിന്റെ നായകനാക്കി. (സംഖ്യാ, 27:18-23; ആവ, 1:38; 3:28).

മോശെയുടെ മരണശേഷം 85 വയസ്സുണ്ടായിരുന്ന യോശുവ യിസ്രായേലിന്റെ ചുമതല ഏറ്റെടുത്തു. ജനം അവനെ അനുസരിച്ചു. (ആവ, 34:9; യോശു, 1:1). ശിത്തീമിൽ നിന്നും യോശുവ യെരീഹോ ഒറ്റുനോക്കുന്നതിനു ചാരന്മാരെ അയച്ചു. അവരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചു. യിസ്രായേല്യരെക്കുറിച്ചുള്ള ഭയം ദേശനിവാസികളെ ബാധിച്ചിരുന്നു. യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽ മുന്നോട്ടുപോയി. യോർദ്ദാൻ വിഭാഗിച്ചു ജനമെല്ലാം ഉണങ്ങിയ നിലത്തുകൂടി കടന്നു. (യോശു, 3:7-17; 4:1-18). മിസ്രയീമിൽ നിന്നും പുറപ്പെട്ടശേഷം ജനിച്ചവരെ പരിച്ഛേദനം കഴിപ്പിച്ചു. (യോശു, 5:7). ഗില്ഗാലിൽ പാളയമിറങ്ങിയ സ്ഥലത്തു അവർ പെസഹ ആചരിച്ചു. അതിന്റെ പിറ്റെദിവസം ദേശത്തെ വിളവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും മലരും കഴിച്ചു. അടുത്തദിവസം മുതൽ മന്ന നിന്നുപോയി. (യോശു, 5:10-12). യെരീഹോ കീഴടക്കുന്നതിനെക്കുറിച്ചു യോശുവ ചിന്തിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. തല ഉയർത്തി നോക്കിയപ്പോൾ ഊരിപ്പിടിച്ച വാളുമായി ഒരാൾ തന്റെ നേരെ നില്ക്കുന്നതു കണ്ടു. ‘യഹോവയുടെ സൈന്യത്തിന്റെ അധിപതി’ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ പട്ടണം പിടിക്കേണ്ടതെങ്ങനെ എന്ന ദൈവനിയോഗം അറിയിച്ചു. (യോശു, 5:13-15). യോദ്ധാക്കളും പുരോഹിതന്മാരും ജനവും യഹോവയുടെ പെട്ടകവുമായി കാഹളം ഊതിക്കൊണ്ടു പട്ടണത്തെ ഓരോ പ്രാവശ്യം വീതം ആറു ദിവസം ചുറ്റി; ഏഴാം ദിവസം ഏഴുപ്രാവശ്യം ചുറ്റി ജനം ആർപ്പിട്ടപ്പോൾ മതിൽ വീണു. പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതം ആയിരുന്നു; രാഹാബിനെയും കുടുംബത്തെയും ജീവനോടെ ശേഷിപ്പിച്ചു. വെള്ളിയും പൊന്നും ചെമ്പും ഇരുമ്പും കൊണ്ടുള്ള പാത്രങ്ങളും ഭണ്ഡാരത്തിൽ ചേർത്തു. (യോശു, 6). ഒറ്റുകാർ നല്കിയ വിവരമനുസരിച്ചു ഹായി പട്ടണം പിടിക്കുന്നതിനു മൂവായിരം പേരെ അയച്ചു. ഹായി പട്ടണക്കാർ അവരെ ശെബാരീം വരെ തോല്പിച്ചോടിക്കുകയും അവരിൽ മുപ്പത്താറോളം പേരെ കൊല്ലുകയും ചെയ്തു. പരാജയകാരണം എന്തെന്നറിയാൻ യോശുവയും മൂപ്പന്മാരും പെട്ടകത്തിനു മുന്നിൽ സാഷ്ടാംഗം വീണുകിടന്നു. ശപഥാർപ്പിതം സംബന്ധിച്ചു ആഖാൻ ചെയ്ത് അകൃത്യമാണ് കാരണമെന്നു വെളിപ്പെട്ടു. ആഖാനെ കല്ലെറിഞ്ഞു കൊല്ലുകയും കുടുംബത്തെയും സമ്പത്തിനെയും നശിപ്പിക്കുകയും ചെയ്തു. (യോശു, 7:1-26). തുടർന്നു പ്രത്യേക തന്ത്രത്തിലൂടെ ഹായി കീഴടക്കി. പട്ടണത്തെയും നിവാസികളെയും നശിപ്പിച്ചു. ഹായി രാജാവിനെ സന്ധ്യവരെ മരത്തിൽ തൂക്കി. അതിനുശേഷം ശവത്തെ പട്ടണവാതില്ക്കൽ ഇട്ടു അതിന്മേൽ കല്ക്കുന്നു കൂട്ടി. (യോശു, 8:1-29).

യോശുവ ഹായി പിടിച്ചടക്കിയതിനെക്കുറിച്ചു കേട്ട് ഹിത്യർ തുടങ്ങി ജാതികളുടെ രാജാക്കന്മാർ യോശുവയോടും യിസ്രായേലിനോടും യുദ്ധത്തിനൊരുങ്ങി. എന്നാൽ ഗിബെയോന്യർ വിദൂരസ്ഥർ എന്ന വ്യാജേന യോശുവയോടു ഉടമ്പടി ചെയ്തു. സത്യം വെളിപ്പെട്ടപ്പോൾ അവരെ വെള്ളം കോരുന്നവരും വിറകു കീറുന്നവരും ആക്കി. (യോശു, 9:1-22). ഗിബെയോന്യർ യോശുവയോടു സഖ്യത ചെയ്തു എന്നറിഞ്ഞ യെരൂശലേം രാജാവായ അദോനീ-സേദെക് ഹെബ്രോൻ, യർമ്മൂത്ത്, ലാഖീശ്, എഗ്ലോൻ എന്നിവിടങ്ങളിലെ രാജാക്കന്മാരോടൊപ്പം ഗിബെയോനു നേരെ പാളയമിറങ്ങി. യോശുവയും സൈന്യവും രാത്രിതന്നെ ഗില്ഗാലിൽ നിന്നു പുറപ്പെട്ടു അവരെ എതിർത്തു. ബേത്ത്-ഹോരോനിൽ വച്ചു അമോര്യരെ നിശ്ശേഷം തോല്പിച്ചു. യഹോവ അവരുടെമേൽ കല്മഴ പെയ്യിച്ചു. വാൾകൊണ്ടു മരിച്ചവരെക്കാൾ അധികമായിരുന്നു കഴയാൽ മരിച്ചവർ. യിസ്രായേൽജനം അമോര്യരോടു പ്രതികാരം ചെയ്തു തീരുവോളം സൂര്യനും, ചന്ദ്രനും നിശ്ചലമായി നിന്നു. (യോശു, 10:1-14). തുടർന്നു മക്കേദ, ലിബ്ന, ലാഖീശ്, ഗേസെർ, എഗ്ലോൻ, ഹെബ്രോൻ, ദെബീർ എന്നീ ദേശങ്ങൾ പിടിച്ചടക്കി. (യോശു, 10:28-44). ആറുവർഷം കൊണ്ടു യോശുവ 31 രാജാക്കന്മാരെ കീഴടക്കി. തെക്കു സെയീർ പർവ്വതനിരകൾ തുടങ്ങി വടക്കു ഹെർമ്മോൻ പർവ്വതം വരെയുള്ള പ്രദേശങ്ങൾ യോശുവ കൈവശമാക്കി.

പുരോഹിതനായ എലെയാസാറിനോടും ഗോത്രത്തലവന്മാരോടും ആലോചിച്ചു ഇനിയും കൈവശമാക്കാനുള്ള ദേശം കൂട്ടിച്ചേർത്തു ഓരോ ഗോത്രത്തിനും അവകാശം പങ്കിട്ടു. അഞ്ചു ഗോത്രങ്ങളുടെ അവകാശം അപ്പോൾ തന്നെ കൈവശപ്പെടുത്തി കൊടുത്തു. പിന്നീടു യിസ്രായേൽ മക്കളുടെ സഭ മുഴുവൻ ശീലോവിൽ കുടി. യോശുവയുടെ നിർദ്ദേശപ്രകാരം പ്രതിനിധികൾ സ്ഥലം ഏഴായി കണ്ടെഴുതി വന്നു. യോശുവ ചീട്ടിട്ടു ദേശം അവർക്കു വിഭാഗിച്ചു കൊടുത്തു. (യോശു, 18:1-10). ആറു സങ്കേതനഗരങ്ങൾ പ്രത്യേകം ക്രമീകരിച്ചു; മൂന്നെണ്ണം യോർദ്ദാനു കിഴക്കും മൂന്നെണ്ണം യോർദ്ദാനു പടിഞ്ഞാറും. ലേവ്യർക്കു 48 പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും നല്കി. യോശുവ വൃദ്ധനായശേഷം ജനത്തെയെല്ലാം ശെഖേമിൽ കൂട്ടി യഹോവയുടെ അരുളപ്പാടു അറിയിച്ചു. യോശുവ 110-ാം വയസ്സിൽ മരിച്ചു. എഫ്രയീം പർവ്വതത്തിലുള്ള തിമ്നാത്ത് സേരഹിൽ അവനെ അടക്കി. (യോശു, 24:29,30). യാതൊരു കളങ്കവും തീണ്ടാത്ത വ്യക്തിയായിരുന്നു യോശുവ. ഉത്തമഭക്തനും ദേശസ്നേഹിയും വീരയോദ്ധാവുമായിരുന്നു. ന്യായപാലനത്തിൽ നിഷ്പക്ഷത പാലിച്ചു. എല്ലാ പ്രശ്നങ്ങളും ദൈവിക നിയന്ത്രണത്തിനു വിധേയമായി കൈകാര്യം ചെയ്തു. ജീവിതം മുഴുവൻ ദൈവത്തോടു പറ്റിനിന്നു . ജീവാവസാനത്തിലും ഏറ്റുപറഞ്ഞു: “ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ സേവിക്കും.” (യോശു, 24:15).

യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യെഹൂദയിലെ എട്ടാമത്തെ രാജാവ്; അഹസ്യാവ് രാജാവിനു സിബ്യായിൽ ജനിച്ച് പുത്രൻ. (2ദിന, 24:1). ഭരണകാലം 835-796 ബി.സി. അഹസ്യാവു യിസ്രായേലിൽ വച്ചു യേഹുവിനാൽ വധിക്കപ്പെട്ടു. ഉടൻ അഥല്യാ രാജ്ഞി രാജകുമാരന്മാരെ എല്ലാം വധിച്ചു ഭരണം ഏറ്റെടുത്തു. എന്നാൽ അഹസ്യാവിന്റെ സഹോദരിയായ യെഹോശേബ അഹസ്യാവിന്റെ മകനായ യോവാശിനെ കൊണ്ടുപോയി ഒളിപ്പിച്ചു. അവനു 7 വയസ്സായപ്പോൾ യെഹോയാദാ പുരോഹിതൻ ആളുകളെ വിളിച്ചുകൂട്ടി അവനെ രാജാവാക്കുകയും അഥല്യയെ വധിക്കുകയും ചെയ്തു. (2രാജാ, 11 അ; 2ദിന, 22:10:12; 23 അ). യെഹോയാദാ പുരോഹിതന്റെ കാലം മുഴുവൻ യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. (2ദിന, 24:2). ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. യെഹോയാദാ പുരോഹിതന്റെ മരണശേഷം യോവാശ് പാപത്തിൽ വീണു. രാജ്യത്തിൽ വിഗ്രഹാരാധന വ്യാപകമായി. താക്കീതു നല്കിയ പ്രവാചകന്മാരെ ഉപദ്രവിച്ചു. യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവിനെ മരണത്തിനേല്പിച്ചു. ഹസായേലിന്റെ കീഴിൽ അരാമ്യരുടെ ആക്രമണഭീഷണി ഉണ്ടായപ്പോൾ ദൈവാലയത്തിലെ പൊന്നെടുത്ത് അരാം രാജാവിനു സമ്മാനമായി നല്കി. അവന്റെ കൊട്ടാരത്തിലുള്ള രണ്ടുപേർ അവനെ വധിച്ചു. യോവാശ് 40 വർഷം രാജ്യം ഭരിച്ചു. അവൻ്റെ ശേഷം മകനായ അമസ്യാവ് അവനുപകരം രാജാവായി. (2ദിന, 24:17). യേശുവിന്റെ വംശാവലിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്നു രാജാക്കന്മാരിലൊരാളാണ് യോവാശ്. (മത്താ, 1:8).

യോവാശ് (Joash)

യിസ്രായേലിലെ പന്ത്രണ്ടാമത്തെ രാജാവ്. യെഹോവാഹാസിന്റെ മകൻ. (2രാജാ, 13:10-25; 14:8-16; 2ദിന, 25:17-24). യേഹുവിന്റെ പൗത്രനായ ഇയാൾ 16 വർഷം രാജ്യഭാരം ചെയ്തു. (798-782 ബി.സി.) എലീശാപ്രവാചകനെ വളരെയധികം ബഹുമാനിച്ചിരുന്നു. രോഗിയായിക്കിടന്ന പ്രവാചകന്റെ അടുക്കൽ ചെന്നിരുന്നു കരഞ്ഞു പറഞ്ഞു. “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം യോവാശ് ജയിക്കുമെന്നു അടയാളസഹിതം പ്രവാചകൻ പറഞ്ഞു. തന്റെ പിതാവായ യെഹോവാഹാസിൽ നിന്നു ഹസായേൽ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്റെ പുത്രനായ ബെൻ-ഹദദിൽ നിന്നു യോവാശ് തിരികെ പിടിച്ചു. അവനെ മൂന്നുപ്രാവശ്യം തോല്പിച്ചു. യെഹൂദാരാജാവായ അമസ്യാവിന്റെ വെല്ലുവിളി മനസ്സില്ലാമനസ്സോടെ സ്വീകരിക്കുകയും അമസ്യാവിനെ തോല്പിച്ചു യെരുശലേമിനെ കൊള്ളയടിച്ചു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു. യോവാശ് മരിച്ചപ്പോൾ അവനെ ശമര്യയിൽ അടക്കി. (2രാജാ, 14:8-16). “യോവാശ് യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.” (2രാജാ, 13:11).

യോവാബ്

യോവാബ് (Joab)

പേരിനർത്ഥം – യഹോവ പിതാവ്

ദാവീദിന്റെ സഹോദരിയായ സെരൂയയുടെ പുത്രന്മാരാണ് യോവാബ്, അബീശായി, അസാഹേൽ എന്നിവർ. (2ശമൂ, 2:18). പിതാവിന്റെ പേർ രേഖപ്പെടുത്തിയിട്ടില്ല. ദാവീദ് രാജാവായപ്പോൾ യോവാബിനെ സൈന്യാധിപനാക്കി. (2ശമൂ, 5:8; 1ദിന, 11:6, 8). ഈശ്-ബോശെത്തിനു വേണ്ടി അബ്നേരും സൈന്യവും യുദ്ധം ചെയ്യുകയായിരുന്നു. ഗിബെയോനിലെ കുളത്തിനരികിൽ വച്ചു യോവാബിന്റെ കീഴിലുള്ള സൈന്യവും അബ്നേരിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. അബ്നേർ തോറ്റോടിയപ്പോൾ അസാഹേൽ അബ്നേരിനെ പിന്തുടർന്നു. ഗത്യന്തരമില്ലാതെ അബ്നേർ അസാഹേലിനെ വധിച്ചു. (2ശമൂ, 2:13-32). ഈശ്-ബോശെത്തുമായി ഇടഞ്ഞ അബ്നേർ ദാവീദുമായി ഉടമ്പടി ചെയ്യുവാൻ വന്നിരുന്നു എന്നറിഞ്ഞു യോവാബ് അവനെ തിരികെ വിളിപ്പിച്ചു ഹെബ്രാനിൽ വച്ചു വധിച്ചു. അങ്ങനെ യോവാബ് തന്റെ സഹോദരന്റെ വധത്തിനു പകരം വീട്ടി. (2ശമൂ, 3:27, 30). ഈ സംഭവം ദാവീദിനെ വല്ലാതെ വേദനിപ്പിച്ചു. അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലുകയും ശവക്കുഴിക്കൽ ഉറക്കെ കരയുകയും ചെയ്തു. (2ശമൂ, 3:8-39).

യെബൂസ്യരെ തോല്പിച്ചു സീയോൻ കോട്ട പിടിക്കുന്നതിൽ യോവാബിനു പ്രധാന പങ്കുണ്ടായിരുന്നു. യെബൂസ്യരെ ആദ്യം തോല്പിക്കുന്നവൻ തലവനും സേനാധിപതിയും ആയിരിക്കുമെന്നു ദാവീദ് പറഞ്ഞു. യോവാബ് സീയോൻ കോട്ടയിൽ ആദ്യം കയറിച്ചെന്നു. അങ്ങനെ സൈന്യാധിപനായിത്തീർന്നു. (2ശമൂ, 5:6-10; 1ദിന, 11:5-8). നഗരത്തെ പണിതുറപ്പിക്കുന്നതിനും യോവാബ് ദാവീദിനെ സഹായിച്ചു. (2ശമൂ, 5:9; 1ദിന, 11:8). ബെരോത്യനായ നഹ്രായിയായിരുന്നു യോവാബിന്റെ പ്രധാന ആയുധവാഹകൻ. (1ദിന, 11:39). ബെരോത്യൻ നഹരായി എന്നാണ് 2ശമൂവേൽ 23:37-ൽ. യോവാബിനു ആയുധവാഹകന്മാരായ 10 ബാല്യക്കാർ ഉണ്ടായിരുന്നു. (2ശമൂ, 18:15). സൈന്യത്തിന്റെ മുന്നേറ്റത്തിനും പിൻമടക്കത്തിനും കാഹളമൂതി അടയാളം നല്കിയിരുന്നതു യോവാബായിരുന്നു. (2ശമൂ, 18:16). യോവാബ് യെരൂശലേമിൽ പാർത്തിരുന്നു. നാട്ടിൻപുറത്തു അവനു വീടും നിലവുമുണ്ടായിരുന്നു. (2ശമൂ, 14:30).

അരാമ്യരുടെയും അമ്മോന്യരുടെയും സഖ്യസൈന്യത്തോടുള്ള യുദ്ധത്തിൽ യോവാബ് അരാമ്യരെയും തന്റെ സഹോദരനായ അബീശായി അമ്മോന്യരെയും തോല്പിച്ചു. (2ശമൂ, 10:1-14). ഏദോമ്യരെ ഉപ്പുതാഴ്വരയിൽ വച്ചു ദാവീദ് പരാജയപ്പെടുത്തി. അതിൽ യോവാബിനു പങ്കുണ്ടായിരുന്നു. ദാവീദ് ഏദോമ്യരെ നിഗ്രഹിച്ചപ്പോൾ പട്ടുപോയവരെ അടക്കം ചെയ്യുവാൻ യോവാബ് ചെന്നു. ഏദോമിലെ പുരുഷപ്രജയെ മുഴുവൻ നിഗ്രഹിക്കുവോളം യോവാബും കൂട്ടരും ആറുമാസം അവിടെ പാർത്തു. (1രാജാ, 11:15,16). പിന്നീടൊരിക്കൽ യോവാബും സൈന്യവും അമ്മോന്യദേശം ശൂന്യമാക്കി രബ്ബാ പട്ടണം നിരോധിച്ചു. യോവാബ് അമ്മോന്യരുടെ രബ്ബയോടു യുദ്ധംചെയ്ത് ജലനഗരം പിടിച്ചു. തുടർന്നു പ്രധാനകോട്ട ദാവീദു വന്നു കൈവശപ്പെടുത്തി. (2ശമൂ, 12:26-28).

യോവാബ് ദാവീദിനെ വിശ്വസ്തതയോടെ സേവിച്ചു. അമ്മോന്യരോടുള്ള യുദ്ധത്തിൽ ദാവീദിനു വേണ്ടി ഹിത്യനായ ഊരീയാവിനെ പടയുടെ മുമ്പിൽ നിറുത്തി കൊല്ലുവാൻ വേണ്ട ക്രമീകരണം ചെയ്തതു യോവാബാണ്. (2ശമൂ, 11:16). അമ്നോന്റെ വധത്തിനു ശേഷം ദാവീദിന്റെ മുഖം കാണാതെ ഒളിച്ചുപാർത്ത അബ്ശാലോമിനെയും ദാവീദിനെയും തമ്മിൽ നിരപ്പിക്കുവാൻ മദ്ധ്യസ്ഥനായി യോവാബ് വർത്തിച്ചു. ദാവീദിനെ എതിർത്തപ്പോൾ അബ്ശാലോമിനെ വധിച്ചു. (2ശമൂ, 18:14-33). ജനത്തെ എണ്ണുന്നതിൽ നിന്നു രാജാവിനെ പിന്തിരിപ്പിക്കുവാൻ യോവാബ് ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. (2ശമൂ, 24:1-4). ശേബയെ പിന്തുടർന്ന വഴിയിൽ യോവാബ് ചതിയിൽ അമാസയെ കൊന്നു. (2ശമൂ, 20:10). ബിക്രിയുടെ മകനായ ശേബയുടെ തലയുമായിട്ടാണ് മടങ്ങിപ്പോയത്. (2ശമൂ, 20:22). അബ്നേരിനെയും അമാസയെയും യോവാബ് വധിച്ചതു ദാവീദിനു ഇഷ്ടമായില്ല. അതുകൊണ്ടു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു എന്നു ദാവീദ് ശലോമോനോടു കല്പിച്ചു. (1രാജാ, 2:5). ദാവീദിന്റെ മരണത്തിനു തൊട്ടുമുമ്പു യോവാബ് അദോനീയാവിന്റെ പക്ഷം ചേർന്നു. രാജാവാകാനുള്ള അദോനീയാവിന്റെ ശ്രമം തകർന്നു. അദോനീയാവിന്റെ മരണത്തെക്കുറിച്ചു കേട്ട യോവാബ് ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. എന്നാൽ ശലോമോൻ ബൈനായാവിനെ അയച്ചു യോവാബിനെ വെട്ടിക്കൊന്നു. (1രാജാ, 2:34). അതിസമർത്ഥനായ സൈന്യാധിപനായിരുന്നു യോവാബ്. അടങ്ങാത്ത പ്രതികാരവാഞ്ഛ ഏതു ചതിപ്രയോഗം ചെയ്യുന്നതിനും യോവാബിനെ പ്രേരിപ്പിച്ചു. യജമാനന്റെ നല്ലതും തീയതുമായ അഭിലാഷങ്ങളെ പൂർത്തിയാക്കിക്കൊടുക്കാൻ ഒരു മടിയും കാണിച്ചിരുന്നില്ല. യിസ്രായേൽ ചരിത്രത്തിലെ മഹാപരാക്രമിയും ഒപ്പം ഒട്ടും തത്ത്വദീക്ഷയില്ലാത്തവനും ആയ യോദ്ധാവായിരുന്നു യോവാബ്.

യോനാഥാൻ

യോനാഥാൻ (Jonathan)

പേരിനർത്ഥം – യഹോവാദത്തൻ

യെഹോനാഥാൻ (യഹോവ നല്കി) എന്ന പേരിന്റെ സങ്കുചിത രൂപമാണ് യോനാഥാൻ.

മോശെയുടെ പുത്രനായ ഗേർശോമിന്റെ പുത്രൻ അഥവാ അനന്തരഗാമി. (ന്യായാ, 18:30). ലേവ്യനായ യോനാഥാൻ ബേത്ത്ലേഹെമിൽ പാർത്തിരുന്നു. തരം കിട്ടുന്നേടത്തു പാർക്കുവാൻ പോയ ഇവൻ എഫ്രയീം മലനാട്ടിൽ മീഖാവിന്റെ വീട്ടിലെത്തി അവിടെ ഒരു പുരോഹിതനായി. (ന്യായാ, 17:7-13). ഏറെത്താമസിയാതെ കുടിപ്പാർപ്പിനു അനുയോജ്യമായ സ്ഥലം അന്വേഷിച്ചിറങ്ങിയ അഞ്ചു ദാന്യർ യോനാഥാന്റെ വീട്ടിലെത്തി. അവർ തങ്ങളുടെ യാത്ര ശുഭമാണോ എന്നു യോനാഥാനോടു ചോദിച്ചു. പുരോഹിതൻ അനുകൂലമായ മറുപടി നല്കി. അനന്തരം ലയീശ് കൈവശമാക്കാൻ പോയ 600 പേർ മീഖാവിന്റെ വീട്ടിലെത്തി. അവർ കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും കൊണ്ടുപോയി; ഒപ്പം പുരോഹിതനായ യോനാഥാനെയും. ദേശത്തിന്റെ പ്രവാസകാലംവരെ യോനാഥാനും പുത്രന്മാരും ദാന്യർക്കു പുരോഹിതന്മാരായിരുന്നു. (ന്യായാ, 18:1-30).

യോനാഥാൻ

യിസ്രായേൽ രാജാവായ ശൗലിന്റെ മൂത്തമകൻ. (1ശമൂ, 14:4,9,50). ശൗൽ രാജാവായതോടു കൂടിയാണ് യോനാഥാനെ നാം രംഗത്തു കാണുന്നത്. യിസ്രായേല്യരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന അമ്മോന്യരുടെമേൽ വലിയ വിജയം നേടി. ഫെലിസ്ത്യരോടുള്ള മിക്മാസ് യുദ്ധത്തിലാണ് യോനാഥാന്റെ പരാക്രമം പ്രത്യക്ഷമായത്. മൂവായിരം വരുന്ന സൈന്യത്തിൽ മൂന്നിലൊരു ഭാഗം യോനാഥാന്റെ കീഴിലാക്കി, ഗിബെയയിൽ താവളമുറപ്പിച്ചിട്ടു (1ശമൂ, 13:1,2) ബാക്കി സൈന്യവുമായി ശൗൽ മിക്മാസിലെ പ്രധാന താവളത്തിലേക്കു വന്നു. ആയുധവാഹകനുമായി യോനാഥാൻ ചെന്നു ഗേബയിലെ ഫെലിസ്ത്യരെ പരിഭ്രമിപ്പിക്കുകയും അനേകം പേരെ കൊല്ലുകയും ചെയ്തു. തുടർന്നു പ്രധാന താവളങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. ശൗൽ ആക്രമണത്തിനു വന്നപ്പോൾ സൈന്യം കുടിക്കുഴഞ്ഞു പരസ്പരം ആക്രമിക്കുന്നതായി കണ്ടു. ഫെലിസ്ത്യസൈന്യം മുഴുവൻ യുദ്ധം തുടർന്നു. ഈ യുദ്ധത്തിൽ യിസ്രായേല്യർ ഉപയോഗിച്ചിരുന്നതു വെറും കൃഷി ആയുധങ്ങളായിരുന്നു. (1ശമൂ, 13:20). ശൗലിനും യോനാഥാനും മാത്രമേ ആയുധങ്ങളായി വാളുകളും കുന്തങ്ങളും ഉണ്ടായിരുന്നുള്ളു. (1ശമൂ, 13:22). പകൽ മുഴുവൻ ഭക്ഷിക്കരുതെന്നു ശൗൽ കല്പിക്കാതിരുന്നുവെങ്കിൽ വിജയം പൂർണ്ണമായിരുന്നേനെ. (1ശമൂ, 14:24). ഈ കല്പന യോനാഥാൻ കേട്ടിരുന്നില്ല. യുദ്ധത്തിന്റെ ലഹരിയിൽ യോനാഥാൻ കാട്ടുതേൻ ഭുജിച്ചു. ഇതറിഞ്ഞ ശൗൽ യോനാഥാനെ ശപഥാർപ്പിതമായി കൊല്ലുവാനൊരുങ്ങി. എന്നാൽ ജനം ഇടപെട്ടു തടഞ്ഞു. (1ശമൂ, 14:16-45).

യോനാഥാനു ദാവീദിനോടുള്ള സൗഹാർദ്ദം നിസ്സീമമായിരുന്നു. ഗൊല്യാത്തിനെ ദാവീദ് വധിച്ചതോടുകൂടിയാണ് ഈ സൗഹാർദ്ദം നാമ്പിട്ടത്. തന്റെ മേലങ്കിയും വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു യോനാഥാൻ ദാവീദുമായി ഉടമ്പടി ചെയ്തു. (1ശമൂ, 18:1-4). യോനാഥാനു പകരം ദാവീദ് രാജാവാകും എന്നു ശൗൽ പറഞ്ഞിട്ടും ആ സ്നേഹബന്ധത്തിനു ഒരയവും വന്നില്ല. (1ശമൂ, 20:31). ദാവീദിനോടുള്ള ശൗലിന്റെ ശത്രുത്വം വെളിപ്പെട്ടപ്പോൾ യോനാഥാൻ ദാവീദിനു വേണ്ടി പിതാവിനോടു വാദിച്ചു: ദാവീദിനെ കൊല്ലുകയില്ലെന്നു ശൗൽ സത്യം ചെയ്തു. (1ശമൂ, 19:17). ശൗലിന്റെ സ്വഭാവം മാറുകയും ദാവീദ് ഓടിയൊളിക്കുകയും ചെയ്തു. ഏസെൽ കല്ലിന്റെ അടുക്കൽ വച്ചു സുഹൃത്തുക്കൾ വീണ്ടും ഉടമ്പടി ചെയ്തു. ദാവീദിന്റെ പ്രാണരക്ഷയ്ക്കു വേണ്ടി യോനാഥാൻ വീണ്ടും ശൗലിനോടപേക്ഷിച്ചു. രോഷാകുലനായ ശൗൽ യോനാഥാന്റെ നേർക്കു കുന്തം എറിഞ്ഞു. (1ശമൂ, 20:33). രണ്ടു സുഹൃത്തുക്കളുടെയും അന്ത്യദർശനം സീഫ് മരുഭൂമിയിൽ വച്ചായിരുന്നു. (1ശമൂ, 23:14-17). പിതാവ് ദാവീദിനെതിരെ സ്വീകരിച്ച നടപടികളിൽ യോനാഥാൻ ഭാഗഭാക്കായില്ല. ഗിൽബോവാ പർവ്വതത്തിൽ വച്ചു പിതാവിനോടും രണ്ടു സഹോദരന്മാരോടും ഒപ്പം യോനാഥാൻ കൊല്ലപ്പെട്ടു. (1ശമൂ, 31:2). സുഹൃത്തിനു വേണ്ടി സിംഹാസനവും രാജ്യത്തിനു വേണ്ടി പ്രാണനും ത്യജിക്കുവാൻ സന്നദ്ധനായ യോനാഥാന്റെ സ്വഭാവം നിസ്തുല്യമാണ്. യോനാഥാന്റെ പുത്രൻ മെഫീബോശത്ത് മാത്രം ശേഷിച്ചു. ദാവീദ് അവനോടു കരുണ കാണിച്ചു.

യോനാഥാൻ

മഹാപുരോഹിതനായ അബ്യാഥാരിന്റെ മകൻ. അബ്ശാലോം ദാവീദിനോടു മത്സരിച്ചപ്പോൾ യോനാഥാൻ ദാവീദിനോടു പറ്റിനിന്നു. (2ശമൂ, 15:27, 36). അവൻ ഏൻറോഗേലിൽ പാർത്തുകൊണ്ടു വിപ്ലവകാരികളുടെ ചലനങ്ങൾ ദാവീദിനു എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു. എന്നാൽ അതു കണ്ടുപിടിക്കപ്പെട്ടപ്പോൾ അവിടെ നിന്നു ഒളിച്ചോടി ബഹൂരിമിൽ എത്തി അവിടെ ഒരു കിണറ്റിലൊളിച്ചു. അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്നു അഹീമാസിനെയും യോനാഥാനെയും അന്വേഷിച്ചു. അവർ നീർത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അങ്ങനെ അവർ രക്ഷപ്പെട്ടു. (2ശമൂ, 17:17-21). ദാവീദ് ശലോമോനെ രാജാവാക്കിയ വൃത്താന്തം യോനാഥാൻ അദോനീയാവിനെ അറിയിച്ചു. (1രാജാ, 1:42,43).

യോഥാം

യോഥാം (Jotham)

പേരിനർത്ഥം — യഹോവ നേരുള്ളവൻ

ഉസ്സീയാ രാജാവിനു സാദോക്കിന്റെ പുത്രിയായ യെരൂശായിൽ ജനിച്ച പുത്രൻ; യെഹൂദയിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 750-732. പിതാവായ ഉസ്സീയാവു കുഷ്ഠരോഗിയായി തീർന്നതിനാൽ യോഥാം രാജപ്രതിനിധിയായി ഭരിച്ചു. രാജാവായപ്പോൾ യോഥാമിനു 25 വയസ്സായിരുന്നു. (2രാജാ, 15:5,32,33; 2ദിന, 27:1). ദൈവാലയത്തിന്റെ മേലത്തെ പടിവാതിൽ പണിയുകയും പട്ടണമതിൽ നന്നാക്കുകയും പുതിയ പട്ടണങ്ങൾ മതിൽ കെട്ടി സൂക്ഷിക്കുകയും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിയുകയും ചെയ്തു. അമ്മോന്യരെ കീഴടക്കി (2ദിന, 27:3-6) അവരിൽ നിന്നു കപ്പം ഈടാക്കി. യോഥാം മരിച്ചപ്പോൾ യെഹൂദാ രാജാക്കന്മാരുടെ ശ്മശാനത്തിൽ അവനെ അടക്കി. (2രാജാ, 15:38; 2ദിന, 27:8,9). അവൻ്റെ മകനായ ആഹാസ് അവനു പകരം രാജാവായി. (2ദിന, 27:9).

യോഥാം (Jotham)

ഗിദെയോന്റെ പുത്രന്മാരിൽ ഏറ്റവും ഇളയവൻ. ഗിദെയോൻ മരിച്ചപ്പോൾ തനിക്കു ഒരു വെപ്പാട്ടിയിൽ ജനിച്ച പുത്രനായ അബീമേലെക്ക് ഗിദെയോന്റെ 70 മക്കളെയും വധിച്ചു. ഗിദെയോന്റെ ഇളയപുത്രനായ യോഥാം മാത്രം രക്ഷപ്പെട്ടു. അബീമേലെക്ക് ജനത്തെ കൂട്ടി രാജാവായ സന്ദർഭത്തിൽ യോഥാം ഗെരിസീം മലമുകളിൽ നിന്നു വൃക്ഷങ്ങളുടെ രാജാവിന്റെ കഥ പറഞ്ഞു അബീമേലെക്കിൽ നിന്നുണ്ടാകാവുന്ന നാശത്തെക്കുറിച്ചു ജനത്തെ അറിയിച്ചു. എങ്കിലും അവർ അംഗീകരിച്ചില്ല. യോഥാമിന്റെ ശാപം മൂന്നുവർഷം കഴിഞ്ഞു ഫലിച്ചു. (ന്യായാ, 9:57). യോഥാം അവിടെ നിന്നും ഓടിപ്പോയി ബേരിയിൽ താമസിച്ചു. (ന്യായാ, 9:1-21). ബൈബിളിലെ ആദ്യ ഉപമ യോഥാമിന്റേതാണ്.

യൊരോബെയാം

യൊരോബെയാം  (Jeroboam I) 

പേരിനർത്ഥം — ജനങ്ങൾ പോരാടും

വിഭക്ത യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ (931-910) യൊരോബെയാം (1രാജാ, 11:26-14:20; 2ദിന, 10:2-13:20) എഫ്രയീമ്യനായ നെബാത്തിന്റെ പുത്രനായിരുന്നു. അവന്റെ അമ്മയുടെ പേർ സെരുയാ. ശലോമോൻ മില്ലോ പണിയുകയും പട്ടണത്തിന്റെ അറ്റ കുറ്റപ്പണികൾ തീർക്കുകയും ചെയ്തപ്പോൾ പണിയുടെ മേൽവിചാരകനായിരുന്നു യൊരോബെയാം. (1രാജാ, 11:28). എന്നാൽ യെഹൂദയുടെ മേൽക്കോയ്മയും ശലോമോന്റെ നികുതി പിരിവും കാരണം ഉത്തരഗോത്രങ്ങൾ ശലോമോനോടു അതൃപ്തരായിരുന്നു. ശീലോവിലെ അഹീയാ പ്രവാചകൻ യൊരോബെയാമിനോടു പത്തു ഗോത്രങ്ങൾ തന്റെ ഭരണത്തിൽ ലഭിക്കുമെന്നു പ്രവചിച്ചിരുന്നു. (1രാജാ, 11:29). യൊരോബെയാം മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ശലോമോൻ അവനെ കൊല്ലുവാൻ ആലോചിച്ചു. എന്നാൽ അവൻ മിസയീമിലേക്കു ഓടിപ്പോയി. ശലോമോന്റെ മരണം വരെ അവിടെ താമസിച്ചു. (1രാജാ, 11:26-40). ശീശക്കുമായുള്ള അവന്റെ സൗഹാർദ്ദം അല്പായുസ്സായിരുന്നു. ശലോമോന്റെ മരണശേഷം പുത്രനായ രെഹബയാം രാജാവായി. യൊരോബെയാം മിസ്രയീമിൽ നിന്നു മടങ്ങിവന്നു യിസ്രായേൽ സഭയുമായി രെഹബെയാമിനോടു സംസാരിച്ചു എങ്കിലും അവർക്കു യോജിക്കുവാൻ കഴിഞ്ഞില്ല. ‘ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു’എന്നു പറഞ്ഞു അവർ മടങ്ങിപ്പോന്നു. യൊരോബെയാം എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:16,20). ബെന്യാമിൻഗോത്രം മാത്രമാണു യെഹൂദയോടൊപ്പം നിന്നത്.

ദൈവത്തെ ആരാധിക്കുവാൻ യിസ്രായേല്യർ യെരൂശലേമിലേക്കു പോകാതിരിക്കുവാനായി രാജ്യത്തിന്റെ തെക്കെ അറ്റത്തു ബേഥേലിലും വടക്കെ അറ്റത്തു ദാനിലും പൊന്നു കൊണ്ടുള്ള കാളക്കുട്ടികളെ പ്രതിഷ്ഠിച്ചു. (1രാജാ, 12:26-29). ഇതു ദൈവഹിതപ്രകാരമല്ല എന്നു വ്യക്തമാക്കുവാൻ ഒരു ദൈവപുരുഷൻ യാഗപീഠത്തിനെതിരായി പ്രവചിച്ചു. ദൈവപുരുഷനെതിരെ നീട്ടിയ രാജാവിന്റെ കൈ വരണ്ടുപോയി. (1രാജാ, 13:1-10). യൊരോബെയാം ദൈവത്തിൽ നിന്നും അകന്നതിനാൽ അവന്റെ പുത്രൻ മരിക്കുകയും അവന്റെ കുടുംബത്തിന്മേൽ ശാപം വരികയും ചെയ്തു. (1രാജാ, 14:7-14). യൊരോബെയാം 22 വർഷം രാജ്യം ഭരിച്ചു. അവനു പകരം പുത്രനായ നാദാബ് രാജാവായി. (1രാജാ, 14:20).

യൊരോബെയാം (Jeroboam II)

യെഹോവാശ് രാജാവിന്റെ പുത്രനും പിൻഗാമിയും; വിഭക്ത യിസ്രായേലിലെ പതിമൂന്നാമത്തെ രാജാവും. യേഹുവിന്റെ രാജവംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമൻ യിസ്രായേൽ രാജാക്കന്മാരിൽ ഉന്നതനായിരുന്നു. (2രാജാ, 14:23-29). ഭരണകാലം 793-753 ബി.സി. പരാക്രമിയായ യൊരോബെയാം ആക്രമണത്തിലൂടെ രാജ്യം വടക്കോട്ടു വികസിപ്പിച്ചു. യിസ്രായേലിനെ അരാമ്യനുകത്തിൽ നിന്നു മോചിപ്പിച്ചു. ദമ്മേശെക്കും ഹമാത്തും വീണ്ടെടുത്തു. ലെബാനോൻ മുതൽ ചാവുകടൽ വരെയുള്ള പ്രദേശങ്ങൾ വീണ്ടും സ്വാധീനമാക്കി. (2രാജാ, 14:25,28; ആമോ, 6:14). അമ്മോനും മോവാബും ആക്രമിച്ചു. (ആമോ, 1:13; 2:1-3). ഒമ്രിയുടെ കാലത്തു പണിത ശമര്യയിൽ മന്ദിരങ്ങൾ നിർമ്മിച്ചു. വിദേശാക്രമണത്തിന്റെ അഭാവം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിച്ചു. അമിതമായ സമ്പത്തും ഐശ്വര്യവും മതപരമായ അപചയത്തിനു വഴിതെളിച്ചു. ധനവാന്മാരുടെ ധൂർത്തും ആഡംബരവും ആമോസ് പ്രവാചകന്റെ ഭർത്സനത്തിനു വിധേയമായി. (ആമോ, 6:1-7). അമിതമായ സമ്പത്ത്, ദാരിദ്ര്യം (ആമോ, 2:6-7), നാമമാത്രമായ മതാനുഷ്ഠാനം (ആമോ, 5:21-24; 7:10 – 17), വ്യാജമായ സുരക്ഷിതത്വം (ആമോ, 6:1-8) എന്നിവയായിരുന്നു യൊരോബെയാമിന്റെ ദീർഘമായ ഭരണത്തിന്റെ ഫലങ്ങൾ.

യെഹോവാഹാസ്

യെഹോവാഹാസ് (Jehoahaz)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).

യെഹോവാഹാസ്: വിഭക്തയിസ്രായേൽ രാജ്യത്തിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 814-798. (2രാജാ, 10:35). പിതാവായ യേഹൂ ഭരണം അവസാനിപ്പിക്കുമ്പോൾ യോർദ്ദാനു കിഴക്കുള്ള ചില ഭാഗങ്ങൾ അരാം രാജാവു പിടിച്ചടക്കിയിരുന്നു. യെഹോവാഹാസിന്റെ കാലത്തു അരാം രാജാവായ ഹസായേലിന്റെ ശക്തി വർദ്ധിക്കുകയും യിസ്രായേൽ ക്ഷയിക്കുകയും ചെയ്തു. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. 2രാജാ, 13:2). യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. (2രാജാ, 13:3). ഒടുവിൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിക്കുകയും; യഹോവ ഒരു രക്ഷകൻ മുഖാന്തരം വിടുവിക്കുകയും ചെയ്തു. (2രാജാ, 13:4,5). അവൻ 17 വർഷം ഭരിച്ചു : 2 രാജാ, 13:1-7). അവൻ്റെ മകനായ യോവാശ് അവനു പകരം രാജാവായി.

യെഹോവാഹാസ്: യെഹൂദയിലെ പതിനേഴാമത്തെ രാജാവ് (ബി.സി. 609) യോശീയാവിനു ഹമൂതൽ എന്ന ഭാര്യയിൽ ജനിച്ഛ പുത്രൻ. ഹമൂതൽ ലിബനക്കാരനായ യിരെമ്യാവിൻ്റെ മകൾ ആയിരുന്നു. മൂന്നുമാസം മാത്രം രാജ്യം ഭരിച്ചു. (2രാജാ, 23:30-31). മിസയീം രാജാവായ ഫറവോൻ നെഖോ ഇവനെ ബന്ധനസ്ഥനാക്കി പകരം എല്യാക്കീമിനെ യെഹോയാക്കീം എന്നപേരിൽ രാജാവാക്കി. (2ദിന, 36:1-4, യിരെ, 22:10:12). ശല്ലും എന്ന പേരിലും അറിയപ്പെട്ടിരുന്നു. (1ദിന, 3:15).

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യെഹൂദയിലെ അഞ്ചാമത്തെ രാജാവ്. യെഹോശാഫാത്തിന്റെ മരണശേഷം യെഹോരാം 32-ാം വയസ്സിൽ രാജാവായി. ബി.സി, 848-841 വരെ 8 വർഷം ഭരിച്ചു. (2 രാജാ, 8:16,17). രാജ്യത്തിന്റെ ചില ഭാഗങ്ങളും പട്ടണങ്ങളും സമ്പത്തും മറ്റു സഹോദരന്മാർക്കും പിതാവു കൊടുത്തിരുന്നതിനാൽ എല്ലാ സഹോദരന്മാരെയും യെഹോരാം കൊന്നു. (2ദിന, 21:1-5). യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. യഹോവയുടെ വഴികളെ വിട്ടുമാറാൻ അതു കാരണമായി. (2രാജാ, 8:18; 2ദിന, 21:6). ഏദോം യെഹൂദയുടെ മേൽക്കോയ്മയെ എതിർത്തു സ്വതന്ത്രമായി. ഫെലിസ്ത്യർ രാജ്യം ആക്രമിച്ചു രാജധാനിയിലുണ്ടായിരുന്ന എല്ലാവരെയും കൊന്നു. ഇളയപുത്രനായ അഹസ്യാവു മാത്രം രക്ഷപ്പെട്ടു. (2ദിന, 22:1). കഠിനവ്യാധിക്കു വിധേയനായി യെഹോരാം കുടൽ പുറത്തു ചാടി മരിച്ചു. (2ദിന, 21:19:20). ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ അവനുവേണ്ടി ജനം ദു:ഖിച്ചില്ല എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. ഇളയമകനായ അഹസ്യാവു പകരം രാജാവായി. (2ദിന, 22:1).

യെഹോരാം: യിസ്രായേലിലെ ഒമ്പതാമത്തെ രാജാവ്. ആഹാബിന്റെയും ഈസേബെലിന്റെയും പുത്രൻ. സഹോദരനായ അഹസ്യാവിന്റെ മരണശേഷം യിസ്രായേലിനു രാജാവായി. അവൻ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. (2രാജാ, 3:1-3). മോവാബ് രാജാവു യിസ്രായേലിനു കപ്പം കൊടുക്കാതെ എതിർത്തു നിന്നതിനാൽ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടു കൂടി അവനോടു യുദ്ധത്തിനു പോയി. രാജ്യം കൊള്ളയടിച്ചു എങ്കിലും അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു. (2രാജാ, 3:27). അതിനു ശേഷമുള്ള കാലം സിറിയയുമായുള്ള യുദ്ധത്തിന്റേതായിരുന്നു. രാജ്യത്തു അതികഠിനമായ ക്ഷാമം ഉണ്ടായി എങ്കിലും അരാമ്യർ പാളയം വിട്ടു പോയതിനാൽ ധാരാളം ഭക്ഷണസാധനങ്ങൾ ലഭിച്ചു. (2രാജാ, 7). എലീശായുടെ നിർദ്ദേശപ്രകാരം യേഹു രാജാവായി. അവർ യിസ്രായേലിലേക്കു വന്നു യെഹോരാമിനെ വധിച്ചു. (2രാജാ, 9:22,24). ഇതോടു കൂടി ഒമ്രിയുടെ രാജവംശം അവസാനിച്ചു. പന്ത്രണ്ടുവർഷം രാജ്യം ഭരിച്ച യെഹോരാം മക്കളില്ലാത്തവനായി മരിച്ചു. ഭരണകാലം ബി.സി. 852-841.