ഹാമാൻ

ഹാമാൻ (Haman)

പേരിനർത്ഥം – ഗംഭീരമായ

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രി. ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ. (എസ്ഥ, 3:1). എസ്ഥേറിന്റെ വളർത്തപ്പനും കൊട്ടാരത്തിലെ സേവകനുമായിരുന്ന മൊർദ്ദെഖായി ഹാമാനെ നമസ്കരിച്ചില്ല. ഇതിൽ കോപാലുവായിത്തീർന്ന ഹാമാൻ മൊർദ്ദെഖായിയെയും യെഹൂദന്മാരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തി, അതിനുവേണ്ടി രാജകല്പന സമ്പാദിച്ചു. ഇതറിഞ്ഞു ദുഃഖിതയായ എസ്ഥേർ ഉപവസിച്ചു രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിനു നേരെയുണ്ടായ ഉപ്രദ്രവം രാജാവിനെ അറിയിച്ചു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച കഴുകുമരത്തിൽ രാജകല്പനയനുസരിച്ചു അവർ ഹാമാനെ തൂക്കിക്കൊന്നു. (എസ്ഥേ, 7). ഹാമാന്റെ വീടു എസ്ഥറിനു കൊടുത്തു. (8:7). ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർ കൊന്നു. (എസ്ഥേ, 9:9).

ഹാബെൽ

ഹാബെൽ (Abel)

പേരിനർത്ഥം – ശ്വാസം

ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ മകൻ. ഹാബെൽ ഇടയനും നീതിമാനുമായിരുന്നു. (ഉല്പ, 4:2; മത്താ, 23:35; 1 യോഹ, 3:12). കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിൽ നിന്നും യഹോവയ്ക്കു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ കയീന്റെ വഴിപാട് ദൈവം അംഗീകരിച്ചില്ല. ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കണമെന്ന ഹൃദയവാഞ്ചയോടെ ഹാബെൽ യാഗമർപ്പിച്ചു. ‘നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?’ (ഉല്പ, 4:7) എന്ന കയീനോടുള്ള ദൈവത്തിൻ്റെ ചോദ്യം അതു വ്യക്തമാക്കുന്നു. അതിനാൽ കയീൻ കോപം മൂത്തു ഹാബെലിനെ കൊന്നു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്ന് പ്രതികാരത്തിനായി ദൈവത്തോടു നിലവിളിക്കുന്നു. (ഉല്പ, 5:10). ഹാബെലിന്റെ രക്തം തുടങ്ങി സെഖര്യാവിന്റെ രക്തം വരെ ഈ ലോകത്തു ചൊരിഞ്ഞിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിക്കും എന്നു യേശു പറഞ്ഞു. (ലൂക്കൊ, 11:50,51). വിശ്വാസത്താൽ ഹാബെൽ കയീന്റേതിലും ഉത്തമ്മായ യാഗം കഴിച്ചു. അതിനാലവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. (എബ്രാ, 11:4).

ഹാനോക്ക്

ഹാനോക്ക് (Enoch)

പേരിനർത്ഥം – സമർപ്പിതൻ

യാരെദിന്റെ പുത്രനും (ഉല്പ, 5:18) മെഥുശലഹിന്റെ പിതാവും. (ഉല്പ, 5:21; ലൂക്കൊ, 3:37). ഹാനോക്ക് 365 വർഷം ജീവിച്ചിരുന്നു. ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതായി. (ഉല്പ, 5:18, 22-24; 1ദിന, 1:1). വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ടു എന്നു എബ്രായ ലേഖനകാരൻ (11:5) രേഖപ്പെടുത്തുന്നു. യൂദായുടെ ലേഖനത്തിൽ ഹാനോക്കിന്റെ പ്രവചനം ഉദ്ധരിക്കുന്നുണ്ട്. (1:14,15). ഈ പ്രവചനത്തിന്റെ ഉറവിടം വ്യക്തമല്ല. വെളിപ്പാട് 11:3-ലെ രണ്ടു സാക്ഷികൾ ഹാനോക്കും ഏലീയാവും ആണെന്ന് ഒരു ധാണയുണ്ട്. ഇരുവരും മരണം കാണാതെ എടുക്കപ്പെട്ടതാണ് ഈ വിശ്വാസത്തിനു കാരണം.

ഹാം

ഹാം (Ham)

പേരിനർത്ഥം – തപ്തൻ

നോഹയുടെ ഏറ്റവും ഇളയപുത്രൻ. ജലപ്രളയത്തിനു ഏകദേശം 96 വർഷം മുമ്പായിരിക്കണം ജനിച്ചത്. പ്രളയജലത്തിലൂടെ കടന്നുപോയി രക്ഷപാപിച്ച എട്ടുപേരിൽ ഹാമും ഉണ്ട്. മിസ്രയീമ്യർ, കൂശ്യർ, ലിബിയർ, കനാന്യർ തുടങ്ങിയ ജാതികൾ ഹാമിൽ നിന്നും ഉത്ഭവിച്ചു. (ഉല്പ, 10:6-20). നോഹ വീഞ്ഞു കുടിച്ചു ലഹരിപിടിച്ചു കൂടാരത്തിൽ നഗ്നനായി കിടന്ന സമയത്ത് ഹാമിന്റെ പെരുമാറ്റം ശാപത്തിനു കാരണമായി. (ഉല്പ, 9:20-27).

ഹസായേൽ

ഹസായേൽ (Hazael)

പേരിനർത്ഥം – ദൈവം കാണുന്നു

അരാം രാജാവായിരുന്ന ബെൻ-ഹദദിന്റെ സേനാപതിയായിരുന്നു ഹസായേൽ. രാജാവ് രോഗബാധിതനായപ്പോൾ ഈ രോഗം ഭേദമാകുമോ എന്നറിയാൻ എലീശാ പ്രവാചകന്റെ അടുക്കൽ ഹസായേലിനെ പറഞ്ഞയച്ചു. രാജാവിനു രോഗം സൗഖ്യമാകുമെന്നും എന്നാൽ രാജാവു മരിച്ചുപോകുമെന്നും എലീശാ പറഞ്ഞു. ഹസായേൽ രാജാവാകുമെന്നും യിസ്രായേൽ മക്കളെ വളരെയധികം കഷ്ടപ്പെടുത്തുമെന്നും പ്രവാചകൻ വെളിപ്പെടുത്തി. ഹസായേൽ മടങ്ങിവന്നു ബെൻ-ഹദദിനെ ശ്വാസം മുട്ടിച്ചു കൊന്നു രാജാവായി. (2രാജാ, 8:7-15). ഹസായേൽ 43 വർഷം ഭരിച്ചു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബി.സി. 844-നും 841-നും ഇടയ്ക്കാണ് സിംഹാസനം കൈവശമാക്കിയത്. യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മരണം വരെയെങ്കിലും ഹസായേൽ ഭരിച്ചിരിക്കണം. യെഹോവാഹാസിന്റെ മരണം ബി.സി. 798-ലാണ്. (2രാജാ, 13:22). എലീശാ പ്രവചിച്ചതുപോലെ ഹസായേൽ യിസ്രായേലിനെ വളരെയധികം ഉപദ്രവിച്ചു. (2രാജാ, 8:12). രാമോത്ത്-ഗിലെയാദിൽ വച്ചു യോരാം രാജാവിനെ മുറിവേല്പിച്ചു. (2രാജാ, 8:29). യോർദ്ദാനു കിഴക്കുള്ള പ്രദേശം മുഴുവൻ യിസ്രായേലിൽ നിന്നും ഹസായേൽ പിടിച്ചടക്കി. (2രാജാ, 10:32). യോവാശിന്റെ വാഴ്ചക്കാലത്തു ഹസായേൽ ഗത്ത് പിടിച്ചെടുക്കുകയും യെരൂശലേമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. (2രാജാ, 12:17,18). യെഹോവാഹാസിന്റെ ഭരണകാലം മുഴുവൻ യിസ്രായേലിനെ ഹസായേൽ നിരന്തരം കൊള്ളയടിച്ചു. (2രാജാ, 13:3).

ഹമ്മുറാബി

ഹമ്മുറാബി (Hammurabi)

ബാബിലോണിലെ പ്രഖ്യാതമായ ഒന്നാം രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഹമ്മുറാബി. പിതാവായ സിൻ-മുബാലിറ്റിനു (Sin-Muballit) ശേഷം ബി.സി. 1792 മുതൽ ബി.സി. 1750 വരെ ബാബിലോണിയയിലെ രാജാവായി. അയൽ രാജ്യങ്ങൾക്കെതിരായ നിരവധി യുദ്ധങ്ങളിൽ വിജയിച്ചുകൊണ്ട് മെസൊപ്പൊട്ടേമിയയുടെ മേൽ ബാബിലോണിന്റെ നിയന്ത്രണം വ്യാപിപ്പിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം മെസൊപ്പൊട്ടേമിയയെ മുഴുവൻ നിയന്ത്രിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം നിലനിർത്താനായില്ല. ഉല്പത്തി 14:1-ലെ അമ്രാഫെൽ ഹമ്മുറാബി ആണെന്നു കരുതിവന്നു. എന്നാൽ 1937-ൽ മാരി എന്ന പട്ടണത്തിൽ നിന്നും കണ്ടെടുത്ത കളിമൺ ഫലകങ്ങൾ ഹമ്മുറാബിയും അമ്രാഫെലും ഒരാളല്ലെന്നു തെളിയിച്ചു. ഹമ്മുറാബിയുടെ ഭരണകാലം ബി.സി. 1792-1750 എന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പാണ് അബ്രാഹാം ജീവിച്ചിരുന്നത്. ഹമ്മുറാബി ബാബിലോണിനെ തന്റെ തലസ്ഥാനമായി ഉയർത്തി. അശ്ശൂർ, നീനെവേ തുടങ്ങിയ പട്ടണങ്ങളെ മോടിപിടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലം ഒരു സുവർണ്ണയുഗമായിരുന്നു. വാനശാസ്ത്രം, ശില്പശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം എന്നിവ വളർന്നു. സൃഷ്ടി, പ്രളയം എന്നിവയെക്കുറിച്ചുള്ള പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടു. നീനെവേയിൽ അശ്ശർ ബനിപ്പാളിന്റെ ഗ്രന്ഥശേഖരത്തിൽ ഇവയുടെ പ്രതികൾ ഉണ്ടായിരുന്നു. ഹമ്മുറാബിയുടെ ശിക്ഷാനിയമം പ്രസിദ്ധമാണ്. മോശെയുടെ ന്യായപ്രമാണത്തിനു ചില അംശങ്ങളിലെങ്കിലും ഹമ്മുറാബിയുടെ നിയമത്തോടു സാദൃശ്യമുണ്ട്.

ഹന്നാവ്

ഹന്നാവ് (Annas)

പേരിനർത്ഥം – കീഴ്പ്പെടുത്തുക

ഹന്നാവ് എ.ഡി. 6-ൽ മഹാപുരോഹിതനായി നിയമിക്കപ്പെടുകയും എ.ഡി. 15-ൽ നീക്കപ്പെടുകയും ചെയ്തു. എന്നാൽ എ.ഡി. 15-നു ശേഷവും പുതിയനിയമത്തിൽ ഹന്നാവിനെ മഹാപുരോഹിതനായിട്ടാണ് പറഞ്ഞിരിക്കുന്നത്. യെഹൂദന്മാരുടെ ദൃഷ്ടിയിൽ മഹാപരോഹിത്യം ആജീവനാന്തമാണ്. ഹന്നാവിനുശേഷം വന്ന മഹാപുരോഹിതന്മാരിൽ അദ്ദേഹത്തിനു വലിയ സ്വാധീനമുണ്ടായിരുന്നു. ഹന്നാവിന്റെ അഞ്ചു പുത്രന്മാരും മരുമകൻ കയ്യഫാവും മഹാപുരോഹിതന്മാരായി. ലൂക്കൊസ് 3:2-ൽ ഹന്നാവിനെ കയ്യഫാവിനോടൊപ്പം മഹാപുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നു. യേശുവിനെ ആദ്യം വിസ്തരിച്ചതു ഹന്നാവിന്റെ മുമ്പിലായിരുന്നു. (യോഹ, 18:13). ഹന്നാവ് യേശുവിനെ കയ്യഫാവിന്റെ അടുക്കലേക്കു പറഞ്ഞയച്ചു. (യോഹ, 18:24). പത്രോസിനെയും യോഹന്നാനെയും വിസ്തരിക്കുവാനും ഹന്നാവുണ്ടായിരുന്നു. (പ്രവൃ, 4:6).

സ്ക്കേവ

സ്ക്കേവ (Sceva)

പേരിനർത്ഥം – മനസ്സറിയാൻ കഴിവുള്ളവൻ

എഫെസൊസിലെ മഹാപുരോഹിതനായ ഒരു യെഹൂദൻ. സ്ക്കേവയ്ക്ക് ഏഴു പുത്രന്മാരുണ്ടായിരുന്നു. ഇവർ യേശുവിന്റെ നാമത്തിൽ ഭൂതത്തെ പുറത്താക്കുവാൻ ശ്രമിച്ചു. എന്നാൽ ദുരാത്മാവുള്ള മനുഷ്യൻ അവരെ ആക്രമിക്കുകയും അവർ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോകുകയും ചെയ്തു. (പ്രവൃ, 19:13-17). എഫെസൊസിൽ അനേകം മന്ത്രവാദികളുണ്ടായിരുന്നു. പൗലൊസ് യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു കണ്ടപ്പോൾ ഇതൊരു മന്ത്രമായിരിക്കുമെന്നു കരുതി അവർ പ്രയോഗിച്ചു നോക്കിയതായിരിക്കണം. ഈ സംഭവം അറിഞ്ഞ് അനേകർ യേശുവിൽ വിശ്വസിച്ചു.

സ്തെഫനാസ്

സ്തെഫനാസ് (Stephanas)

പേരിനർത്ഥം – കിരീടം

കൊരിന്തു സഭയിലെ ആദിമ വിശ്വാസികളിൽ ഒരാൾ. സ്തെഫനാസിന്റെ ഭവനക്കാരെ പൗലൊസ് സ്നാനം കഴിപ്പിച്ചു. (1കൊരി, 1:16). പൗലൊസ് കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ സ്തെഫനാസ് കൂടെ ഉണ്ടായിരുന്നിരിക്കണം. (16:17). സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലവും വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചവരുമാണ്. (1കൊരി, 16:15).

സ്തെഫാനൊസ്

സ്തെഫാനൊസ് (Stephen)

പേരിനർത്ഥം – കിരീടം

മേശയിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ. (പ്രവൃ, 6:3, 5). സ്തെഫാനൊസ്, ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദ മതാനുസാരിയായ അന്ത്യാക്ക്യക്കാരൻ നിക്കൊലാവൊസ് എന്നിവരായിരുന്നു മേശകളിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട നല്ല സാക്ഷ്യമുള്ള ഏഴുപേർ.

സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 6:8). അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തു നില്ക്കുവാൻ ആർക്കും കഴിഞ്ഞില്ല. (പ്രവൃ, 6:10). അതുകൊണ്ട് അവർ അവനെ പിടിച്ചു ന്യായാധിപ സംഘത്തിന്റെ മുമ്പിൽ കൊണ്ടുപോയി വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നു എന്നു സ്തെഫാനൊസിനെതിരെ കള്ളസ്സാക്ഷ്യം പറയിച്ചു. (പ്രവൃ, 6:13,14). വിസ്താരസമയത്തു അവൻ പ്രതിവാദമായി ചെയ്ത പ്രസംഗം സുപ്രസിദ്ധമാണ്. (പ്രവൃ, 7:1-53). അതുകേട്ടവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്തെഫാനൊസ് സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും കണ്ടു. (പ്രവൃ, 7:53-56). അവർ അവനെ നഗത്തിന്റെ പുറത്താക്കി കല്ലെറിഞ്ഞു കൊന്നു. വിസ്താരം തീർന്നതായോ ന്യായാധിപൻ വിധി പ്രസ്താവിച്ചതായോ കാണുന്നില്ല. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിന്റെ ശരീരം അടക്കി വിലാപം കഴിച്ചു. (പ്രവൃ, 8:2).