ഹഗ്ഗായി

ഹഗ്ഗായിയുടെ പുസ്തകം (Book of Haggai)

പഴയനിയമത്തിലെ മുപ്പത്തിഏഴാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ പത്താമത്തേതും. പുസ്തകം പ്രവാചകന്റെ പേരിൽ അറിയപ്പെടുന്നു. പ്രവാസാനന്തര പ്രവാചകന്മാരായ മൂന്നു പേരുടെയും (ഹഗ്ഗായി, സെഖര്യാവു, മലാഖി) രചനകളിൽ എറ്റവും ചെറുതു ഹഗ്ഗായിയുടേതാണ്. ഇതിനു രണ്ടദ്ധ്യായവും 38 വാക്യവും ആണുള്ളത്.

പശ്ചാത്തലവും കാലവും: ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നതിനു ശേഷം രണ്ടാം ദൈവാലയത്തിനു അടിസ്ഥാനമിട്ടു. തുടർന്ന് പതിനാറു വർഷത്തോളം ദൈവാലയത്തിന്റെ പണി നിറുത്തിവയ്ക്കുവാൻ ജനം പ്രേരിപ്പിക്കപ്പെട്ടു. ദൈവാലയത്തിന്റെ പണിയിൽ അവർ വിമുഖരായി. സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെയും ജനം തട്ടുള്ള വീടുകൾ നിർമ്മിച്ച് പാർക്കുവാൻ തുടങ്ങി. (1:4). യെഹൂദന്മാരുടെ സുഹൃത്തും ദൈവകൃപ ലഭിച്ചവനുമായ കോരെശ് രാജാവു ബി.സി. 529-ൽ മരിച്ചു. തുടർന്നു എസ്രാ 4:6-ൽ അഹശ്വേരോശ് എന്നു പേർ പറഞ്ഞിട്ടുള്ള കാംബിസസ് ബി.സി. 529 മുതൽ 522 വരെ ഭരിച്ചു. അദ്ദേഹത്തെ തുടർന്നു പ്ന്യൂഡോ സ്മർദിസ് ഏഴു മാസം ഭരിച്ചു. അനന്തരം രാജാവായ ദാര്യാവേശ് ഹിസ്റ്റാസ്പെസ് ആണ് ഹഗ്ഗായിയിലും സെഖര്യാവിലും (എസ്രാ, 4-6) എസായിലും പരാമൃഷ്ടനായ ദാര്യാവേശ്. ദൈവാലയം പണിയുന്നതിന് അദ്ദേഹം യെഹൂദന്മാരെ സഹായിച്ചു.      

ദാര്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടിൽ ഹഗ്ഗായി പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. ഇത് ബി.സി. 520-ലാണ്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമായ നാലു ചെറിയ സന്ദേശങ്ങളുടെയും കാലം കൊടുത്തിട്ടുണ്ട്. വെറും മൂന്നു മാസവും ഇരുപത്തിമൂന്നു ദിവസവും കൊണ്ടാണ് ഈ സന്ദേശങ്ങൾ നല്കിയത്. ഈ ചുരുങ്ങിയ സമയംകൊണ്ടു ജനത്തിനു പ്രചോദനം നല്കുവാനും ദൈവാലയത്തിന്റെ പണി അവരെകൊണ്ടു പൂർത്തിയാക്കുവാനും പ്രവാചകനു കഴിഞ്ഞു. ഹഗ്ഗായി പ്രവാചകന്റെ ശുശ്രൂഷയുടെ അവസാനമാസം സെഖര്യാവും ഹഗ്ഗായിയെ സഹായിച്ചു. (സെഖ, 1:1-6). ബി.സി. 520 സെപ്തംബർ ഒന്നാം തീയതിയാണ് പ്രവാചകനിലൂടെ കർത്താവു സംസാരിച്ചത്. ദൈവാലയത്തിന്റെ പണി അവഗണിച്ചതിന്റെ ശിക്ഷ കാലാവസ്ഥാമാറ്റത്തിലൂടെ വെളിപ്പെടുമെന്നു പ്രവാചകൻ പ്രസ്താവിച്ചു. ജനത്തിന്റെ നായകന്മാർ ദൈവവചനം കേട്ടനുസരിക്കുകയും ദൈവാലയത്തിന്റെ പണി സെപ്തംബർ 24-ാം തീയതി ആരംഭിക്കുകയും ചെയ്തു. (1:15). ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവ ഉറപ്പു നല്കി. (1:13). രണ്ടാമത്തെ സന്ദേശം ഒരു മാസത്തിനുശേഷമാണ്. ഈ ദൈവാലയത്തിന്റെ പൂർവ്വ മഹത്വത്തോടു തങ്ങളുടെ പണിയെ തുലനം ചെയ്യുകയും അതിൽ നിരുത്സാഹം തോന്നുകയും ചെയ്തു. അതിനാലാണ് ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു യഹോവ അരുളിച്ചെയ്തത്. (2:9). ഈ സന്ദേശം നല്കിയത് ഒക്ടോബർ 21-നാണ്. ബി.സി. 520 ഡിസംബർ 24-നാണ് മൂന്നാമത്തെയും നാലാമത്തെയും സന്ദേശങ്ങൾ ലഭിച്ചത്. (2:10,20). 

 പ്രധാന വാക്യങ്ങൾ: 1. “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” ഹഗ്ഗായി 1:4.

2. “ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.” ഹഗ്ഗായി 1:5,6.

3. “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഹഗ്ഗായി 2:9.

രൂപരേഖ: 1. ദൈവാലയത്തിന്റെ പണി പൂർത്തിയാക്കാനുള്ള ആഹ്വാനം: 1:1-15.

2. ദൈവാലയം മഹത്വപൂർണ്ണമാക്കാനുള്ള മശീഹയുടെ ആഗമനം: 2:1-9.

3. ദൈവാലയപ്പണി പൂർത്തിയാക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹം: 2:10-19.

4. ജാതീയ ലോകശക്തിയുടെ നാശം: 2:20-23.

പൂർണ്ണവിഷയം

നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കഴിയാത്തതിന് ജനം പറഞ്ഞ ന്യായങ്ങൾ, അവര്‍ക്കു വരുന്ന നഷ്ടം 1:2-11
ജനം ശ്രദ്ധിക്കുകയും ദൈവത്തെ ആദരിക്കുകയും ചെയ്യുന്നു 1:12.
ദൈവത്തിന്റെ വാഗ്ദത്തം, പുനര്‍നിര്‍മ്മാണം തുടരുന്നു 1:13-15
ദൈവം നേതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു 2:1-5
ദൈവം എല്ലാ രാജ്യങ്ങളെയും ഇളക്കും, ദേവാലയത്തിന് വലിയ മഹത്വം നൽകും 2:6-9
പാപപ്രവൃത്തികൾ അശുദ്ധിയുളവാക്കുന്നു 2:10-14
ജനങ്ങളുടെ അഭിവൃദ്ധി മാഞ്ഞുപോയി 2:15-19
ജാതികളുടെ മേൽ ദൈവത്തിന്റെ ന്യായവിധി 2:20-22
സെരൂബ്ബാബേലിന് വാഗ്ദത്തം നൽകിയ അനുഗ്രഹങ്ങൾ 2:23

സെഫന്യാവ്

സെഫന്യാവിന്റെ പുസ്തകം (Book of Zephaniah)

പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. ഗ്രന്ഥം എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്നു. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്. 

ചരിത്രപശ്ചാത്തലം: ഹിസ്ക്കീയാരാജാവിന്റെ മരണശേഷം യെഹൂദയിലെ മതവിശ്വാസം ക്ഷയിച്ചു. ഹിസ്ക്കീയാവു നശിപ്പിച്ച ബാലിന്റെ ബലിപീഠങ്ങളെ പുത്രനായ മനശ്ശെ പുതുക്കിപ്പണിതു. (2ദിന, 33:1-11). മതവിശ്വാസം ബാഹ്യപരതയിൽ ഒതുങ്ങി. ആഹാസ് രാജാവിന്റെ കാലത്ത് വിഗ്രഹാരാധന പുനർജ്ജീവൻ പ്രാപിച്ചു. ബി.സി. 632-ൽ സിതിയർ അശ്ശൂരിനെ നശിപ്പിച്ചു. അങ്ങനെ അശ്ശൂരിന്റെ ഭീഷണിയിൽ നിന്നു മുക്തമായ യെഹൂദയിൽ യോശീയാവിന്റെ നവീകരണത്തിനു അനുകൂലമായ സാഹചര്യം സംജാതമായി. സിതിയർ ഒരിക്കലും യിസ്രായേലിനെ ആക്രമിച്ചതായി കാണുന്നില്ല. സിതിയരുടെ ആക്രമണത്തിന്റെ കാഠിന്യം യഹോവയുടെ ക്രോധം വരച്ചു കാണിക്കാൻ പ്രവാചകനു ഒരു പശ്ചാത്തലമായി. യഹോവയുടെ ദിവസവും വരാൻ പോകുന്ന വീണ്ടെടുപ്പുമാണ് പ്രവചനത്തിലെ മുഖ്യപ്രമേയം. തിരഞ്ഞെടുക്കപ്പെട്ട ജനം എന്നതുകൊണ്ട് നീതിമാനായ ദൈവത്തിന്റെ ന്യായവിധിയിൽ നിന്നു യെഹൂദാ ഒഴിവാക്കപ്പെടുകയില്ല. 

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” സെഫന്യാവു 1:18.

2. “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” സെഫന്യാവു 2:3.

3. “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.” സെഫന്യാവു 3:17.

രൂപരേഖ: 1. മുഖവുര: 1:1.

2. ന്യായവിധി; യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ: 1:2-2:3. 

3. ന്യായവിധി; ചുറ്റുമുള്ള ജാതികളുടെ മേൽ: 2:4-15.

4. യെരൂശലേമിന്റെ ന്യായവിധി: 3:1-7.

5. ജാതികളുടെ ന്യായവിധി: 3:8-13. 

6. യെഹൂദയിലെ ശേഷിപ്പിന്റെ അനുഗ്രഹം: 3:14-20.

പൂർണ്ണവിഷയം

യെഹൂദയുടെ മേൽ ആസന്നമായ ശിക്ഷയും
സര്‍വ്വഭൂമിയുടെ മേലുള്ള ന്യായവിധിയും 1:2-6
യഹോവയുടെ ദിനത്തിൽ വരുന്ന നാശം 1:7-8
ന്യായവിധിക്ക് മുൻപ് ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 2:1-3
യെഹൂദയുടെ ചുറ്റുമുള്ള രാജ്യങ്ങളുടെ മേൽ വരുന്ന ശിക്ഷ 2:4-15
ഫെലിസ്ത്യരുടെ മേലുള്ള ശിക്ഷ 2:4-7
മോവാബ്, അമ്മോൻ ഇവരുടെ മേലുള്ള ശിക്ഷ 2:8-11
കൂശിന്റെ മേലുള്ള ശിക്ഷ 2:12
അശ്ശൂരിന്റെ മേലുള്ള ശിക്ഷ 2:13-15
യെരൂശലേമിൽ ചെയ്ത ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷ 3:1-5
മറ്റുരാജ്യങ്ങളുടെ മേലുള്ള ദൈവശിക്ഷ 3:6-9
സ്വന്തദേശത്തിലേക്ക് തിരിച്ച് വന്ന ശേഷമുള്ള യെഹൂദന്മാരുടെ ഭാവി 3:10-13
യിസ്രായേൽ ഗൃഹത്തിന്മേൽ വരുന്ന അനുഗ്രഹങ്ങൾ 3:14-20

ഹബക്കൂക്

ഹബക്കൂകിന്റെ പുസ്തകം (Book of Habakkuk)

പഴയനിയമത്തിലെ മുപ്പത്തി അഞ്ചാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ എട്ടാമത്തേതും. എഴുത്തുകാരന്റെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. ഈ പ്രവചനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഒഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല. 

പ്രവചനത്തിന്റെ കാലം: ബി.സി. 605-ൽ കർക്കെമീശ് യുദ്ധത്തിൽ വച്ചു നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പ്പിച്ചു. അതോടുകൂടി കല്ദയ സാമ്രാജ്യം പ്രാബല്യം പ്രാപിച്ചു. ബി.സി. 605-നു മുമ്പു ഹബക്കുക് പ്രവചിച്ചിരിക്കാനിടയില്ല. പ്രവചനത്തിലെ കല്ദയ പരാമർശമാണ് കാരണം. നെബൂഖദ്നേസർ യെരുശലേം കീഴടക്കുന്നതു ബി.സി. 587-ലാണ്. തന്മൂലം ബി.സി. 605-നും 587-നും ഇടയ്ക്കാണു പ്രവചനത്തിന്റെ രചനാകാലം. ഈ കാലനിർണ്ണയത്തെ യാഥാസ്ഥിതികരും ഉൽപതിഷ്ണുക്കളും അംഗീകരിക്കുന്നുണ്ട്. എന്നാൽ രചനാ കാലത്തെയും പുസ്തകത്തിന്റെ ഐക്യത്തെയും നിഷേധിക്കുന്നവരും ഇല്ലാതില്ല. മൂന്നാം അദ്ധ്യായത്തിലെ സങ്കീർത്തനം പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു ശൈലിയിൽ ഭിന്നിച്ചുനില്ക്കുന്നു. ഹബക്കൂക്കിന്റെ കർതൃത്വത്തെ നിഷേധിക്കുവാൻ അതു മതിയായ കാരണമല്ല. മൂന്നാമദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഹബക്കുക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം എന്നു പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും അദ്ധ്യായങ്ങൾ പ്രവചനവും മൂന്നാമദ്ധ്യായം പ്രവാചകന്റെ പ്രാർത്ഥനാഗീതവുമാണ്. 

പ്രവചനത്തിലെ സന്ദേശം: യെഹൂദാജനത്തിന്റെ പാപവും സാഹസവും എന്തുകൊണ്ടു ശിക്ഷിക്കപ്പെടുന്നില്ല എന്ന പ്രശ്നം പ്രവാചകൻ ഉന്നയിക്കുന്നു. (1:2-4). യെഹൂദയെ ശിക്ഷിക്കുന്നതിനു കല്ദയരെ (ബാബിലോന്യരെ) അയയ്ക്കുമെന്നു ദൈവം മറുപടി നല്കുന്നു. (1:5-11). ദുഷ്ടന്മാരായ കല്ദയരെക്കൊണ്ടു നീതിമാനായ ദൈവം യെഹൂദയെ ശിക്ഷിക്കുന്നതു എങ്ങനെ എന്ന ന്യായമായ ചോദ്യം പ്രവാചകൻ ചോദിക്കുന്നു. വിശ്വാസത്യാഗി ആയെങ്കിലും യെഹുദ കല്ദയരെക്കാൾ മെച്ചമാണ്. (1:12-17). കല്ദയർ ശിക്ഷിക്കപ്പെടാതെ പോകയില്ലെന്നു ദൈവം ഉറപ്പു നല്കുന്നു. (2:1-20). ഈ ദേശീയ ദുരന്തത്തിൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (2:4). ഈ പ്രസ്താവന പുതിയനിയമ എഴുത്തുകാർക്കും, നവീകരണ കർത്താക്കൾക്കും ഏറെ പ്രിയങ്കരമായിരുന്നു. പുതിയനിയമത്തിൽ റോമർ 1:17, ഗലാത്യർ 3:11, എബ്രായർ 10:38 എന്നിവിടങ്ങളിൽ പ്രസ്തുതവാക്യം ഉദ്ധരിച്ചിട്ടുണ്ട്. മൂന്നാമദ്ധ്യായം ഹബക്കൂക് പ്രവാചകന്റെ പ്രാർത്ഥനാഗീതമാണ്. (3:1). ഹൃദയസ്പർശിയായ പ്രാർത്ഥനാ ഗീതമാണിത്. ദൈവത്തിന്റെ പ്രത്യക്ഷതയുടെ ഒരു മനോഹരവർണ്ണനയാണു 3:2-15-ൽ. ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടു (3:17-19) പ്രവചനം അവസാനിക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” ഹബക്കൂക്‍ 1:2.

2. “ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.” ഹബക്കൂക്‍ 1:5.

3. “എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.” ഹബക്കൂക്‍ 1:12.

4. “എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.” ഹബക്കൂക്‍ 2:20.

5. “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.” ഹബക്കൂക്‍ 3:2.

6. “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.” ഹബക്കൂക്‍ 3:19.

ബാഹ്യരേഖ: 1. ഹബക്കുകിന്റെ ഒന്നാമത്തെ പരാതി; പാപം ശിക്ഷിക്കപ്പെടുന്നില്ല: 1:1-4.

2. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയരെക്കൊണ്ട് യെഹൂദയെ ശിക്ഷിക്കും: 1:5-11. 

3. ഹബക്കൂകിന്റെ രണ്ടാമത്തെ പരാതി; ദുഷ്ടന്മാരായ കല്ദയർ ശിക്ഷിക്കപ്പെടാതെ പോകുന്നു: 1:12-2:1.

4. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയർ ശിക്ഷ തെറ്റി ഒഴിയുകയില്ല: 2:2-20.

5. പ്രവാചകന്റെ പ്രാർത്ഥനാഗീതം: 3:1-19. ഇത് ഒരു ഭാവഗീതമാണ്. സങ്കീർത്തനങ്ങൾക്കു വെളിയിൽ ‘സേലാ’ പ്രയോഗിച്ചിട്ടുള്ള ഒരേ ഒരു ഭാഗം ഇതത്രേ.

പൂർണ്ണവിഷയം

യെഹൂദയുടെ ദുഷ്പ്രവൃത്തികളിൽ പ്രവാചകൻ അപകടസൂചന കാണുന്നു 1:1-4
ദൈവത്തിന്റെ ഉത്തരം, ജനത്തെ ശിക്ഷിക്കുന്നതിന് ബാബിലോണിനെ കൊണ്ടുവരുന്നു 1:5-11.
പ്രവാചകന്റെ ചോദ്യം എന്തുകൊണ്ട് ബാബിലോണിനെ നിയോഗിക്കുന്നു 1:12-17
ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാകുന്നത് 2:1-4
അഹങ്കാരികളും ക്രൂരന്മാരും ആയവരുടെ മേലുള്ള ശിക്ഷ 2:5-20
ഒരു സ്തോത്ര സങ്കീര്‍ത്തനം 3:1-19
ദൈവത്തിന്റെ അനുകമ്പ, മഹത്വം 3:1-6
രാജ്യങ്ങളുടെ മേലുള്ള ദൈവ കോപം 3:16-19
ഏതു സാഹചര്യത്തിലും ദൈവത്തിലുള്ള പ്രവാചകന്റെ വിശ്വാസവും സന്തോഷവും 3:16-19

നഹൂം

നഹൂമിന്റെ പുസ്തകം (Book of Nahum)

പഴയനിയമത്തിലെ മുപ്പത്തിനാലാമത്തെ പുസ്തകം; ചെറു പ്രവാചകന്മാരിൽ ഏഴാമത്തേതും. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നീനെവേ. നീനെവേയുടെ നാശമാണ് പ്രവചനത്തിലെ പ്രതിപാദ്യം. സെഫന്യാവു, ഹബക്കുക്ക്, യിരെമ്യാവു എന്നീ പ്രവാചകന്മാരുടെ സമകാലികനായിരുന്നു നഹും. ലോകശക്തിയായിരുന്ന അശ്ശൂരിനു ലഭിച്ച ശിക്ഷയായിട്ടാണ് നീനെവേയുടെ നാശത്തെ പ്രവാചകൻ കാണുന്നത്. ബി.സി. 612-ൽ മേദ്യനായ സ്യാക്സാരെസ് ബാബേലിലെ നെബോപൊലാസറുമായി കൂട്ടുചേർന്നു നീനെവേയെ നശിപ്പിച്ചു. 

ഗ്രന്ഥകർത്താവും കാലവും: എല്ക്കോശ്യനായ നഹൂം ആണ് ഗ്രന്ഥകർത്താവ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ചിലർ പ്രവചനത്തിലെ 1:2-2:2 നഹൂമിന്റെ രചനയല്ലെന്നു വാദിച്ചു. 1:2-10 ഒരക്ഷരമാലാ കീർത്തനമാണ്. ഇത് ഒരു പ്രവാസാനന്തര കവിതയാണെന്നും നഹൂമിന്റെ പ്രവചനത്തോടു ആരോ കുട്ടിച്ചേർത്തതാണെന്നും ചിലർ കരുതി. ഈ കുട്ടിച്ചേർക്കൽ ബി.സി. 300-നടുത്തു നടന്നു എന്നാണ് ഫൈഫറുടെ വാദം. പുസ്തകത്തിന്റെ പ്രാവചനിക സ്വഭാവത്തെ നിഷേധിച്ച അദ്ദേഹം നീനെവേയുടെ പതനത്തെക്കുറിച്ചു നഹൂം എഴുതിയ കവിത പ്രവചനമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നു വാദിച്ചു . എന്നാൽ ഈ വാദം മതിയായ തെളിവുകളുടെ അഭാവത്തിൽ തിരസ്കരിക്കപ്പെട്ടു. നഹൂമിന്റെ കാലത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള സൂചന പ്രവചനത്തിലുണ്ട്. മിസ്രയീമിലെ നോ-അമ്മോൻ പട്ടണം (തീബ്സ്) നശിച്ചതായി നഹൂം രേഖപ്പെടുത്തിയിട്ടുണ്ട്. (3:8-10). അശ്ശൂർ രാജാവായിരുന്ന അശ്ശൂർ ബനിപ്പാളാണ് ബി.സി. 661-ൽ ഈ പട്ടണം നശിപ്പിച്ചതു. തന്മൂലം പ്രവാചകന്റെ കാലം അതിനു ശേഷമാണ്. നീനെവേയുടെ നാശം ബി.സി. 612-ൽ ആയിരുന്നു. ഈ സംഭവം ഭാവികമായിട്ടാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. ഇതിൽ നിന്നും ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യമാണു പ്രവചനത്തിന്റെ രചനാകാലം എന്നു കരുതാം. 

പ്രതിപാദ്യം: പ്രവചനത്തിലെ പ്രധാന വിഷയം നീനെവേയുടെ നാശമാണ്. യോനാ പ്രവാചകന്റെ പ്രസംഗം കേട്ടു അനുതപിച്ചവരാണ് അവിടെയുള്ളത്. പാപത്തിലേക്കു വീണ്ടും തിരിഞ്ഞ ജനത്തിനു ശിക്ഷമാത്രമേ ശേഷിക്കുന്നുള്ളു. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ നീനെവേ കോട്ടകളാലും ഗോപുരങ്ങളാലും സംരക്ഷിക്കപ്പെട്ടിരുന്നു. വ്യാജവും അപഹാരവും നിറഞ്ഞ നീനെവേ രക്തപാതകങ്ങളുടെ പട്ടണമാണ്. ഈ നീനെവേയുടെ നാശത്തെക്കുറിച്ചുള്ള നഹൂമിന്റെ പ്രവചനം എസ്സർ-ഹദോന്റെ കാലത്ത് നിറവേറി. (3:1-4). ബാബിലോന്യരുടെയും മറ്റും സഹായത്തോടുകൂടി മേദ്യർ പട്ടണത്തെ നിരോധിക്കുകയും ചുറ്റുമുള്ള കോട്ടകൾ നശിപ്പിക്കുകയും ചെയ്തു. (3:12). ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകുകയും കോട്ടയുടെ ദ്വാരങ്ങൾ വഴി വെള്ളം പട്ടണത്തിൽ നിറയുകയും ചെയ്തു. നഗരത്തിന്റെ നാശം മനസ്സിലാക്കിയ രാജാവ് തീയിൽ ചാടി മരിച്ചു. (3:15-19). പട്ടണത്തെ ശത്രുക്കൾ കൊള്ളയടിച്ചു. തിരിച്ചറിയുന്നതിന് ഒന്നും ശേഷിപ്പിക്കാതെ മഹാനഗരം അപ്രത്യക്ഷമായി. പ്രവചനം ആരംഭിക്കുന്നത് ദൈവത്തിന്റെ മഹത്വ പ്രകീർത്തനത്തോടു കൂടിയാണ്. ദുഷ്ടന്മാരുടെ മേൽ ദൈവം ന്യായവിധി നടത്തുകയും തന്നിൽ ആശ്രയിക്കുന്നവരോടു കരുണ കാണിക്കുകയും ചെയ്യുന്നു. (1:1-2:2). ഈ ഗീതത്തിന് അക്ഷരമാലാ സങ്കീർത്തനത്തിന്റെ രൂപം ഉണ്ട്. ആലെഫ് മുതൽ ലാമെദ് വരെ അക്ഷരമാലാക്രമം കാണാം. അതിന് രണ്ടാം വാക്യത്തിന്റെ രണ്ടാംഭാഗം ഒമ്പതാം വാക്യത്തിനു ശേഷം ചേർക്കുകയും ഒമ്പതാം വാക്യത്തിലെ കാര്യങ്ങൾ പുനഃക്രമീകരിക്കുകയും വേണം. മുഴുവൻ അദ്ധ്യായത്തെയും അക്ഷരമാലാ ക്രമത്തിൽ വിന്യസിക്കുവാനും പലരും ശ്രമിച്ചു എങ്കിലും സാധിച്ചില്ല. നീനെവേയുടെ നിരോധവും നാശവും രണ്ടാമദ്ധ്യായത്തിൽ പ്രവചിക്കുന്നു. നീനെവേയ്ക്കെതിരെ കയറിവരുന്ന സംഹാരകൻ മേദ്യരാണ്. (2:1). അവർ നദിയുടെ ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകൾ തുറന്നുവിട്ടു നഗരത്തിൽ ജലപ്രളയം സൃഷ്ടിച്ചാണു പട്ടണത്തെ കീഴടക്കിയതു. (2:6). മൂന്നാമദ്ധ്യായത്തിൽ നീനെവേയുടെ നാശത്തിന്റെ കാരണം വ്യക്തമാക്കുന്നു. നീനെവേയുടെ അതിക്രമത്തെ നോ-അമ്മോന്റെ (ഈജിപ്റ്റിലെ തീബ്സ് നഗരം) അതിക്രമത്തോടു താരതമ്യപ്പെടുത്തുന്നു. (3:8-10). മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ഭാഗധേയത്തെയും നിയന്ത്രിക്കുന്നത് യഹോവയായ ദൈവമാണെന്ന് പ്രവാചകൻ പ്രൗഢവും ഉജ്ജ്വലവുമായ ഭാഷയിൽ ഈ ചെറിയ പ്രവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.” നഹൂം 1:7.

2. “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.” നഹൂം 1:15.

3. “ഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” നഹൂം 2:13.

4. “നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?” നഹൂം 3:19.

ബാഹ്യരേഖ: 1. ന്യായാധിപതിയായ ദൈവത്തിന്റെ സ്വഭാവം: 1:1-8.

2. നിനവേയ്ക്കുള്ള ശിക്ഷാവിധിയുടെ ഉറപ്പ്: 1:9-15.

3. നിനവേയുടെ ഉപരോധം സംബന്ധിച്ചുള്ള വിവരണം: 2:1-12.

4. പട്ടണം നശിപ്പിക്കുവാനുള്ള ദൈവത്തിന്റെ തിരുമാനം: 2:13-3:19.

മീഖാ

മീഖായുടെ പുസ്തകം (Book of Micah)

പഴയനിയമത്തിലെ മുപ്പത്തിമൂന്നാമത്തെ പുസ്തകവും, ചെറിയ പ്രവാചകന്മാരിൽ ആറാമതുമാണ് മീഖാ പ്രവചനം. ഗ്രാമീണ ചുറ്റുപാടുകളിൽ നിന്നും വന്ന പ്രവാചകന് യെഹൂദയിലെയും യിസ്രായേലിലെയും നഗരജീവിതത്തിന്റെ ദോഷങ്ങൾ നല്ലവണ്ണം അറിയാം. ശമര്യയുടെയും (1:5-7) പ്രത്യേകിച്ചു യെഹൂദയുടെയും (1:9-16) പാപം നിമിത്തം അവർക്കു സംഭവിക്കുവാൻ പോകുന്ന ന്യായവിധിയുടെ കാഠിന്യം അറിയിക്കുകയാണു പ്രവാചകൻ. ഒപ്പം തന്റെ ജനത്തിനുള്ള ആത്യന്തികമായ അനുഗ്രഹവും, മശീഹയുടെ വരവും വാഴ്ചയും പ്രവചിച്ചു. യഥാർത്ഥ ദൈവഭക്തിയുടെ മൂന്നു കാര്യങ്ങൾ പ്രവാചകൻ ചൂണ്ടിക്കാണിച്ചു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8).

ഗ്രന്ഥകർത്താവും കാലവും: ഗ്രന്ഥകർത്താവായ മീഖായുടെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. മീഖായാവ് എന്ന പേരിന്റെ സങ്കുചിത രൂപമാണു മീഖാ. യിരെമ്യാപവചനത്തിൽ മീഖായെ മീഖായാവു എന്നു പറഞ്ഞിട്ടുണ്ട്. പ്രവചന ശുശ്രൂഷയ്ക്കു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞു. (3:8). യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തായിരുന്നു മീഖാ പ്രവചിച്ചത്. യിരെമ്യാപ്രവാചകൻ മീഖാ 3:12 ഉദ്ധരിച്ചുകൊണ്ടു അതു മീഖായാവു പ്രവചിച്ചതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (യിരെ, 26:18). യിരെമ്യാവിനു തൊട്ടുമുമ്പാണ് മീഖാപ്രവചനത്തിന്റെ കാലം. ശമര്യയുടെ നാശത്തിനു മുമ്പും പിമ്പും മീഖാ പ്രവചിച്ചു.

പ്രവചനത്തിന്റെ ഐക്യം: ചില നിരൂപകന്മാർ മീഖാപ്രവചനത്തിന്റെ ഐക്യം നിഷേധിച്ചിട്ടുണ്ട്. അവരിൽ പ്രമുഖനാണ് റോബർട്ട് ഫൈഫർ. ആദ്യത്തെ മുന്നദ്ധ്യായങ്ങൾ മീഖയുടേതാണെന്നും 4:1-5:15 പ്രക്ഷിപ്തമാണെന്നും 61-7:6 പില്ക്കാലത്തുള്ള അജ്ഞാതനാമാവായ പ്രവാചകന്റേതാണെന്നും 7:7-20 ഒരു പ്രസാധകന്റെ അനുബന്ധമാണെന്നും അദ്ദേഹം വാദിച്ചു. ‘കേൾപ്പിൻ’ എന്ന പ്രയോഗം പ്രവചനത്തിന്റെ ഐക്യത്തിനു നിദർശനമാണ്. പ്രവചനം മുഴുവൻ ഒരെഴുത്തുകാരന്റേതാണെന്ന് ഈ പ്രയോഗം വ്യക്തമാക്കുന്നു. (1:2, 3:1, 6:1). മീഖായുടെ കാലത്തുള്ള എഴുത്തുകൾക്കു സാധർമ്മ്യം വഹിക്കുന്ന ഭാഗങ്ങൾ 4-7 വരെയുള്ള അദ്ധ്യായങ്ങളിലുണ്ട്. പുസ്തകത്തിലെ പ്രമേയം ശ്ലഥം എന്നു വാദിക്കുന്നവരുണ്ട്. നീണ്ട കാലയളവിലും വ്യത്യസ്ത ചുറ്റുപാടുകളിലും ഉള്ള ഭാഷണങ്ങളാകയാൽ സംവിധാനശൈഥില്യം സ്വാഭാവികമെന്നേ പറയേണ്ടു. ലളിതവും ശക്തവുമായ ഭാഷയിലാണ് പ്രവചനത്തിന്റെ രചന. അലങ്കാര പ്രയോഗപാടവം മീഖാ പ്രവചനത്തിൽ കാണാം. (1:4,6, 3:2,3,6, 4:6-8, 6:10,11). പദലീല ഒന്നാമദ്ധ്യായത്തിൽ വേണ്ടുവോളമുണ്ട്. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? എന്നിങ്ങനെ പ്രശ്നഛലവും പ്രയോഗിക്കുന്നുണ്ട്. (1:5, 2:7, 4:9).

ഉദ്ദേശ്യം: യിസായേലിലെയും യെഹൂദയിലെയും നഗരജീവിതത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രവാചകൻ ശബ്ദം ഉയർത്തി. സമ്പന്നരായ ഭൂവുടമകൾ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ന്യായപ്രമാണം നടപ്പിലാക്കേണ്ടവർ അതു ചെയ്യുന്നില്ല. (3:10). എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരായ ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ തന്നെ മീഖയും ദൈവികപ്രകൃതിയുടെ സാന്മാർഗ്ഗികതയും നീതിയും ഊന്നിപ്പറഞ്ഞു. മറ്റുള്ളവരുടെ സമ്പത്തു വ്യാജമാർഗ്ഗങ്ങളിലൂടെ കരസ്ഥമാക്കിയവർക്കു ദൈവിക ശിക്ഷയുടെ താക്കീതു നല്കി. കുറ്റം ചെയ്ത സ്വജനത്തെ ശിക്ഷിക്കുവാൻ ദൈവം ജാതീയരാഷ്ട്രങ്ങളെ ഉപയോഗിക്കുമെന്നു ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ മീഖയും വ്യക്തമാക്കി. ശമര്യയുടെയും യിസ്രായേലിന്റെയും നാശത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (1:6-9, 3:12).

സഹസാബ വാഴ്ചയെ സംബന്ധിക്കുന്ന പ്രവചനം മീഖയിലുണ്ട്. (4:1-8). ഈ ഭാഗം യെശയ്യാവ് 2:1-4-നു സദൃശമാണ്. മീഖാ യെശയ്യാവിനെ ഉദ്ധരിക്കുകയാണോ, മറിച്ചാണോ അതോ രണ്ടുപേരും മറ്റൊരു അരുളപ്പാടു ഉദ്ധരിക്കുകയാണോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ യെശയ്യാവ് 2:1-ലെ യെശയ്യാവ് ദർശിച്ച വചനം എന്നത് ഈ പ്രവചനങ്ങൾ സ്വത്രന്തമാണെന്നതു വ്യക്തമാക്കുന്നു. മശീഹയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനം മീഖാ നല്കി. ബേത്ലേഹെം എഫ്രാത്തയിൽ ക്രിസ്തു ജനിക്കുമെന്നു പ്രവചിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവവും പുനരാഗമനവും അനന്തരസംഭവങ്ങളും മുന്നറിയിച്ചു. (5:1,5-15). യാക്കോബിലെ ശേഷിപ്പു രക്ഷാകരമായ കൃപ അനുഭവിക്കുന്നതിനു മുമ്പു വിഗ്രഹാരാധനയും സർവ്വ സാമൂഹിക ദോഷങ്ങളും ദേശത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടും. (5:12-15). സാർവ്വജനീനമായ ആരാധന നടപ്പിൽ വരും. ആ സമാധാനപൂർണ്ണമായ സുവർണ്ണയുഗത്തിൽ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും. (4:1:4). 

ആറും ഏഴും അദ്ധ്യായങ്ങളിൽ ഒരു നിയമവ്യവഹാരത്തിന്റെ സാദൃശ്യം കാണാം. യഹോവ വാദിയും, യിസ്രായേൽ പ്രതിയുമാണ്. മിസ്രയീമിൽ നിന്നുള്ള വീണ്ടെടുപ്പും ആരാധനയുടെ അർത്ഥവും മറന്ന യിസായേൽ തങ്ങളുടെ പാപവഴികൾ മാത്രം ഓർക്കുകയാണ്. തന്മൂലം യിസായേലിനോടു ദൈവം കോപിച്ചിരിക്കുന്നു. എന്നാൽ അവർ യഹോവയിങ്കലേക്കു നോക്കുകയും പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവിന്റെ വരവിനായി വാഞ്ഛിക്കുകയും ചെയ്യും. യിമ്ലയുടെ മകൻ മീഖായാവിന്റെ അന്തിമവചനത്തോടെ ആരംഭിച്ച പ്രവചനം (സകല ജാതികളുമായുള്ളാരേ, കേട്ടു കൊൾവിൻ: (1രാജാ, 22:28, മീഖാ, 1:2) സ്വന്തം നാമത്തിന്റെ സാർത്ഥകത ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിന്നോടു സമനായ ദൈവം ആരുള്ളൂ. (7:18).

പ്രധാന വാക്യങ്ങൾ: 1. “സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.” മീഖാ 1:2.

2. “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” മീഖാ 5:2.

3. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” മീഖാ 6:8.

4. “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.” മീഖാ 7:18.

ഉള്ളടക്കം: I. ന്യായവിധി: 1:1-2:13. 

1. ശമര്യയുടെ മേൽ: 1:1-8. 

2. യെഹൂദയുടെ മേൽ: 1:9-16.

3. പീഡകരുടെ മേൽ: 2:1-11.

4. ശേഷിപ്പിന്മേൽ കരുണാവർഷം: 2:12-13.

II. മശീഹയുടെ രാജ്യത്തെക്കുറിച്ചുള്ള പ്രവചനം: 3:1-5:15.

1. പ്രാരംഭ ന്യായവിധികൾ: 3:1-12. 

2. രാജ്യത്തിന്റെ സ്വഭാവം: 4:1-13. 

3. രാജാവിന്റെ ഒന്നാംവരവും തിരസ്കരണവും: 5:1-3.

4. രാജാവിന്റെ (മശീഹ) പുനരാഗമനം: 5:4-15.

III. ദൈവിക വ്യവഹാരവും അന്തിമ കരുണയും: 6:1-7:20 

1. ജനത്തിന്റെ ദുഷ്ടത: 6:1-7:6.

2. പ്രവാചകന്റെ മാദ്ധ്യസ്ഥ്യം: 7:7-20.

പൂർണ്ണവിഷയം

ദുഷ്പ്രവൃത്തിക്കാരുടെമേൽ ദൈവം ന്യായവിധി നടത്തും 1:2-5
ദൈവം ശമര്യയുടെ മേലും വിഗ്രഹങ്ങളുടെ മേലും നാശം വരുത്തും 1:5-7
അശ്ശൂര്‍ സൈന്യത്തിന്റെ ഭാവി ആക്രമണത്തെക്കുറിച്ചുള്ള ഒരു വിലാപം 1:5-7
യിസ്രായേലിൽ ശേഷിച്ചവരുടെ നല്ലഭാവി 2:12-13
ദുഷ്ടന്മാരായ നേതാക്കൾക്കും, കള്ളപ്രവാചകന്മാര്‍ക്കും നൽകുന്ന മുന്നറിയിപ്പ് 3:1-7
മീഖായും വ്യാജപ്രവാചകന്മാരും തമ്മിലുള്ള വ്യത്യാസം 3:7-8
രാജാക്കന്മാരുടെയും, പുരോഹിതന്മാരുടെയും, പ്രവാചന്മാരുടെയും ദുഷ്ടത നിമിത്തം വരുന്ന യെരൂശലേമിന്റെ സര്‍വ്വനാശം 3:9-12
സര്‍വ്വലോകവും ഭരിക്കുന്ന ദൈവരാജ്യം 4:1-8
കഷ്ടതയും പ്രവാസകാലവും അവസാനിക്കും, സമൃദ്ധി തിരികെ വരും 4:9-13
ഭാവി ഭരണാധികാരി ബെത്‌ലഹേമിൽ ജനിക്കും 5:1-5
വിഗ്രഹാരാധനയിൽ നിന്നും വിമോചിക്കപ്പെടുന്ന യിസ്രായേൽ ശത്രുക്കളെ കീഴടക്കും 5:7-15
തന്റെ ജനത്തിന്റെ മേൽ ദൈവം കുറ്റം ചുമത്തുന്നു 6:1-5
ന്യായത്തോടും കരുണയോടും പ്രവര്‍ത്തിക്കുന്നു 6:6-8
ദൈവത്തിന്റെ കുറ്റംചുമത്തൽ തുടരുന്നു 6:9-16
ജനങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് പ്രവാചകന്റെ വിലാപം 7:7-9
യെരൂശലേമിന്റെ ഭാവി നന്മ 7:10-13
ദൈവം തന്റെ ജനത്തിന്റെ പാപം ക്ഷമിച്ച്, എന്നെന്നേക്കുമായി അവയെ മറന്ന്, ജനത്തോട് സ്നേഹപൂര്‍വ്വം ഇടപെടുന്നു 7:14-20.