Category Archives: Uncategorized

ഹോർ പർവ്വതം

ഹോർ പർവ്വതം (Mountain of Hor) 

പേരിനർത്ഥം – പർവ്വതം

ഏദോമിന്റെ അതിർത്തിയിൽ പടിഞ്ഞാറായി കിടക്കുന്നു. ആധുനികനാമം ‘ജെബൽ നെബി ഹാറൂൺ.’ ഉയരം 1460 മീറ്റർ. കാദേശിൽ നിന്നു പുറപ്പെട്ട യിസായേല്യർ ഹോർ പർവ്വതത്തിൽ എത്തി. ഹോർ പർവ്വതം കയറുമ്പോൾ അഹരോൻ മരിച്ചു. അഹരോനെ അവിടെ അടക്കി: (സംഖ്യാ, 20:22-29; 33:37-41; ആവ, 32:50). എ.ഡി. 70-ൽ തീത്തൂസ് ചക്രവർത്തി യെരുശലേം നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ ഓടിപ്പോയി ഒളിച്ചത് ഹോർ പർവ്വത്രപ്രദേശത്തുള്ള പെട്രായിൽ ആയിരുന്നുവെന്ന് ജൊസീഫസ് പറയുന്നു. 

മറ്റൊരു കൊടുമുടിക്കും ഹോർ എന്നു പേരുണ്ട്. (സംഖ്യാ, 34:8). ഇതു യിസ്രായേലിന്റെ അവകാശത്തിന്റെ വടക്കെ അതിരിലുള്ള കൊടുമുടിയാണ്. “വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം. ഹോർപർവ്വതംമുതൽ ഹമാത്ത്‌വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം.” സംഖ്യാ, 34:7,8). ലെബാനോൻ പർവ്വതനിരയിലെ ഒരു പ്രധാനകൊടുമുടി ആയിരിക്കണം ഇത്.

ഹോരേബ് പർവ്വതം

ഹോരേബ് പർവ്വതം (Mountain of Horeb) 

പേരിനർത്ഥം – മരുഭൂമി

മോശെയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ട പർവ്വതം. (പുറ, 3:1). ഹോരേബിൽ വച്ചു മോശെ പാറയിൽ നിന്നും വെള്ളം പുറപ്പെടുവിച്ചു. (പുറ, 17:6). മാനസാന്തത്തിന്റെ അടയാളമായി യിസ്രായേൽ മക്കൾ ഇവിടെ വച്ച് ആഭരണങ്ങൾ ഊരിക്കളഞ്ഞു. (പുറ, 33:6). കാദേശ് ബർന്നേയയിൽ നിന്നും 11 ദിവസം സഞ്ചരിച്ചാണ് യിസ്രായേൽ മക്കൾ ഹോരേബിൽ എത്തിയത്. (ആവ, 1:2). ഏലീയാവ് ഹോരേബിലേക്കു ഓടിപ്പോയി. (1രാജാ, 19:8).

ഹെർമ്മോൻ പർവ്വതം

ഹെർമ്മോൻ പർവ്വതം (Mountain of Hermon) 

പേരിനർത്ഥം – വിശുദ്ധപർവ്വതം

ആന്റിലെബാനോൻ പർവ്വതനിരയുടെ തെക്കെ അറ്റത്തുള്ള ഒരു കൊടുമുടി. ഫിനീഷ്യരും സീദോന്യരും ഹെർമ്മോനെ ‘സിര്യോൻ’ എന്നും അമോര്യർ ‘സെനീർ’ എന്നും വിളിച്ചുവന്നു. (ആവ, 3:8,9; 4:48). ഈ പർവ്വതത്തിന്റെ മറ്റൊരു പേരാണ് സീയോൻ (Sion) Zion അല്ല. (ആവ, 4:47,48). ഹെർമ്മോൻ പർവ്വതത്തിന്റെ ഒരു ഭാഗത്തെക്കുറിക്കുവാനും സെനീർ എന്ന പേര് ഉപയോഗിച്ചിരുന്നു. (1ദിന, 5:23). ബാലിന്റെ വിശുദ്ധഭൂമിയായിരുന്നു ഈ പർവ്വതം. ബാൽ-ഗാദ് (യോശു, 13:5) ബാൽ-ഹെർമ്മോൻ (ന്യായാ, 3:3; 1ദിന, 5:23) എന്നീ പേരുകൾ അതിനു തെളിവാണ്. സിറിയയുടെ തലസ്ഥാനമായ ദമസ്കോസിനു 48 കി. മീറ്റർ തെക്കുപടിഞ്ഞാറും, ഗലീലക്കടലിനു 64 കി.മീറ്റർ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2743 മീറ്റർ പൊക്കമുള്ള ഈ പർവ്വതം വടക്കുതെക്കായി 32 കി.മീറ്റർ ദുരം വ്യാപിച്ചു കിടക്കുന്നു. പർവ്വതം സദാ ഹിമാവൃതമാണ്. വേനൽകാലത്ത് മഞ്ഞുരുകി യോർദ്ദാൻ നദിയിൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. ഹെർമ്മോൻ പർവ്വതത്തിൽ നിന്നു വീഴുന്ന മഞ്ഞ് സീയോൻ പർവ്വതത്തിലെ വൃക്ഷങ്ങളിൽ തട്ടി തുള്ളികളായി വീഴുന്ന കാഴ്ച മനോഹരമാണ്. സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞുപോലെയും (സങ്കീ, 133:3) എന്ന വർണ്ണനയുടെ സാരസ്യം ഇതാണ്. താബോരിനോടൊപ്പം ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നതായി സങ്കീർത്തിനക്കാരൻ (89:12) പാടുന്നു. യേശുവിന്റെ രൂപാന്തരത്തിന്റെ രംഗവും ഹെർമ്മോൻ പ്രദേശമാണെന്നു കരുതപ്പെടുന്നു. വാഗ്ദത്തനാടിന്റെ വടക്കെ അതിരായി ഹെർമാൻ മാറി. (യോശു, 12:1; 13:2, 5, 8, 11). താഴ്വരയിൽ പാർത്തിരുന്ന ഹിവ്യരെ യോശുവ പരാജയപ്പെടുത്തി. (യോശു, 11:1-3, 8, 16, 17). ഹെർമ്മോൻ പർവ്വതത്തിന്റെ ഉപരിതലത്തിൽ ചിലയിനം കുറ്റിച്ചെടികൾ മാത്രമേ വളരുന്നുള്ളൂ. അല്പം താഴെയായി ചരിവുകളിൽ അത്തിയും ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും കാണാം. പടിഞ്ഞാറും തെക്കും ചരിവുകളിൽ താഴെയായി മുന്തിരിത്തോട്ടങ്ങൾ ഉണ്ട്. പുരാതന കാലത്തു് സിംഹം, പുള്ളിപ്പുലി തുടങ്ങിയ കാട്ടുമൃഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. (ഉത്ത, 4:8). ഇപ്പോഴാകട്ടെ ചെന്നായ്, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളാണുള്ളത്.

ഹാലാക് മല

ഹാലാക് മല (Mountain of Halak)

പേരിനർത്ഥം – മിനുസമുള്ള

സേയീരിലേക്കുള്ള കയറ്റത്തിലെ ഒരു മലയാണിത്: (യോശു, 11:16; 12:7). ‘മൊട്ടക്കുന്നു’ എന്നാണ് സത്യവേദപുസ്തകം പരിഭാഷ. ഓശാനയിൽ ‘ഹാലാക് പർവ്വത’മെന്നും, പി.ഒ.സി.യിൽ ‘ഹാലാക് മല’ എന്നും തർജ്ജമ ചെയ്തിട്ടുണ്ട്.

ഹർഹേരെസ് പർവ്വതം

ഹർഹേരെസ് പർവ്വതം (Mountain of Har-heres) 

പേരിനർത്ഥം – സൂര്യഗിരി

അയ്യാലോനു സമീപമുള്ള ഒരുപർവ്വതം. (ന്യായാ, 1:35). ബേത്ത്-ശേമെശും (യോശു, 15:10; 21:16) ഈർ-ശേമെശും (യോശു, 19:41) ഇതായിരിക്കണം. “അങ്ങനെ അമേർയ്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.” (ന്യായാ, 1:35).

സേയീർ മല

സേയീർ മല (Mountain if Seir)

പേരിനർത്ഥം – രോമാവൃതമായ

ഒരു മലയെയും (ഉല്പ, 14:6; യെഹെ, 35:15), ഒരു ദേശത്തെയും (ഉല്പ, 32:3; 36:21; സംഖ്യാ, 24:18), ഒരു ജനതയെയും (യെഹെ, 25:8) കുറിക്കുവാൻ സേയീർ എന്ന നാമം ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. അരാബാ താഴ്വരയ്ക്കു കിഴക്കായി ചാവുകടലിൽ നിന്നും തെക്കോട്ടു നീണ്ടു കിടക്കുന്ന പർവ്വതനിരയാണ് സേയീർ മല. ഹോര്യരാണ് സേയീർ മലയിൽ പാർത്തിരുന്നത്. ഏശാവിനു അവകാശമായി കൊടുത്തിരിക്കുകയാൽ യിസായേൽ മക്കളെ അവിടെ പ്രവേശിക്കുവാൻ യഹോവ അനുവദിച്ചില്ല. (ആവ, 2:5). യിസ്ഹാക്കിന്റെ മരണശേഷം ഏശാവ് സേയീർമലയിലേക്കു മാറിത്താമസിച്ചു. (ഉല്പ, 35:27-29; 36:1-8).

സെമരായീം മല

സെമരായീം മല (Moumtain of Zemaraim)

എഫ്രയീമിലെ ഒരു മല. ഈ മലയുടെ മുകളിൽ നിന്നുകൊണ്ടു യെഹൂദാരാജാവായ അബീയാവു യിസ്രായേൽ രാജാവായ യൊരോബെയാമിനെയും യിസ്രായേലിനെയും കുറ്റപ്പെടുത്തി സംസാരിച്ചു. (2ദിന, 13:4). ഇരട്ടി സൈന്യബലം യൊരോബെയാമിനു ഉണ്ടായിരുന്നെങ്കിലും ദൈവം അബീയാവിനു ജയം നല്കി.

സീയോൻ മല

സീയോൻ മല (Mountain of Zion)

പേരിനർത്ഥം – വരണ്ടസ്ഥലം

യെരുശലേമിൽ കെദ്രോൻ താഴ്വരയ്ക്കും ടൈറോപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിന്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്തു യെരുശലേം നഗരം വളർന്നതോടു കൂടി സീയോൻ വിശുദ്ധനഗരത്തിന്റെ പര്യായമായി: (സങ്കീ, 126:1, യെശ, 1:26,27). ദാവീദ് യെരുശലേം പിടിച്ചടക്കുന്നതിനുമുമ്പു യെബൂസ്യരുടേതായിരുന്നു സീയോൻ കോട്ട. (2ശമൂ, 5:7(. ദാവീദ് ഇതിനു ‘ദാവീദിന്റെ നഗര’മെന്നു പേരിട്ടു. (2ശമൂ, 5:9). അവിടെ അരമന പണിതു. (2ശമൂ, 5:11). യെബുസ്യനായ അരവനയുടെ കളം വാങ്ങി ദാവീദ് ഒരു യാഗപീഠം പണിതു. (2ശമൂ, 24:18(. ശലോമോൻ രാജാവ് ദൈവാലയം പണിതതും ഇവിടെത്തന്നേ. യേശുക്രിസ്തു രാജാവായി വാഴുന്ന സഹസ്രാബ്ദ യുഗത്തിൽ യെരൂശലേം സീയോൻ എന്നറിയപ്പെടും. (യെശ, 1:27; 2:3; 4:1-6; യോവേ, 3:16; സെഖ, 1:16,17; 8:3-8). നിത്യനഗരമായ പുതിയ യെരുശലേമിനും സീയോൻ എന്ന പേരു പുതിയനിയമത്തിൽ കാണാം. (എബ്രാ, 12:22-24). അപ്പൊസ്തലനായ യോഹന്നാൻ കുഞ്ഞാടും അവനോടുകൂടെ 144,000 പേരും സീയോൻ മലയിൽ നില്ക്കുന്നതായി ദർശനത്തിൽ കണ്ടു. (വെളി, 14:1). ഹെർമ്മോൻ പർവ്വതത്തിൻ്റെ അപരനാമവും സീയോൻ എന്നുതന്നേ: “അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോനെന്ന സീയോൻ പർവ്വതംവരെയും.” (ആവ, 4:48, എബ്രാ, 12:22).

സീനായ് പർവ്വതം

സീനായ് പർവ്വതം (Moumtain of Sinai) 

പേരിനർത്ഥം – കണ്ടകാകീർണ്ണം

സീനായ് പർവ്വതം ബൈബിളിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതിന്റെ മറുപേരാണ് ഹോരേബ്: (പുറ, 3:2, 12; 19:1,2, 10,11). ചെങ്കടലിനു സമീപമായി സീനായി ഉപദ്വീപിന്റെ തെക്കുഭാഗത്തു മദ്ധ്യത്തായി ഒരു പർവ്വതമുണ്ട്. അതിനു 3 കി.മീ. നീളമുണ്ട്. അതിന്റെ രണ്ടു കൊടുമുടികളാണു് ‘റാസ് എസ് സാഫ് സാഫും’ (1993 മീ. ഉയരം) ‘ജെബൽ മൂസയും’ (2244 മീ.). പാരമ്പര്യമനുസരിച്ച് പൊക്കം കൂടിയ തെക്കൻ കൊടുമുടിയായ ‘ജെബൽ മൂസാ’ അഥവാ മോശയുടെ പർവ്വതം അണു സീനായിപർവ്വതം. സീനായി പർവ്വതത്തിന് അടുത്തുവച്ചാണ് യഹോവ മോശയ്ക്ക് പ്രത്യക്ഷപ്പെട്ടു മിസ്രയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേല്യരെ വീണ്ടെടുക്കുവാൻ മോശയെ നിയോഗിച്ചത്. (പുറ, 3:1-10; അപ്പൊ, 7:30). പാറയെ അടിച്ചു മോശെ യിസ്രായേൽ മക്കൾക്കു ജലം നൽകിയതും, ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചതും, അഹരോൻ പൊന്നുകൊണ്ടു കാളക്കുട്ടി നിർമ്മിച്ചതും സീനായിൽ വച്ചായിരുന്നു. ജെബൽ മൂസാ പർവ്വതത്തിന്റെ അടിവാരത്തിൽ വിശുദ്ധ കാതറൈൻ സന്യാസിമഠം സ്ഥിതിചെയ്യുന്നു. ബൈബിളിന്റെ പ്രാചീന കൈയെഴുത്തു പ്രതിയായ സീനായിഗ്രന്ഥം ഈ സന്യാസിമഠത്തിൽ നിന്നാണ് ലഭിച്ചത്. സീനായി പർവ്വതത്തെക്കുറിച്ചുള്ള മൂന്നു പുതിയനിയമ സുചനകളുണ്ട്: (പ്രവൃ, 7:30 ?, 38; ഗലാ, 4:21-31; എബ്രാ, 12:19-22).

സല്മോൻ മല

സല്മോൻ മല (Mountain of Zalmon)

പേരിനർത്ഥം – ഇരുട്ട്

ശെഖേമിനടുത്തുള്ള ഒരു മല. “ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി. അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻ മലയിൽ കയറി; അബീമേലെൿ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.” (ന്യായാ, 9:47,48). സങ്കീർത്തമം 68:14-ലെ ‘സല്മോൻ’ മലയുടെ പേരല്ലെന്നു കരുതുന്നവരുണ്ട്. ‘സമോനിൽ ഹിമം പെയ്യുകയായിരുന്നു’ എന്നതു ഇരുട്ടിൽ പ്രകാശം എന്നതിന്റെ ആലങ്കാരിക പ്രസ്താവം ആയിരിക്കണം.