Category Archives: Uncategorized

മദ്ധ്യസ്ഥൻ

മദ്ധ്യസ്ഥൻ (mediator)

മദ്ധ്യസ്ഥൻ, മാദ്ധ്യസ്ഥ്യം എന്നീ പ്രയോഗങ്ങൾ വിരളമാണെങ്കിലും പ്രസ്തുത ആശയം തിരുവെഴുത്തുകളിൽ പ്രബലമാണ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിലുളള ബന്ധം നഷ്ടപ്പെടുകയും ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ മദ്ധ്യവർത്തിയായി നിന്നു അവരെ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടി വരികയില്ല.” (ഗലാ, 3:20). ഒന്നിലധികം പേർ തമ്മിലുള്ള പ്രശ്നത്തിലാണ് മദ്ധ്യസ്ഥൻ വേണ്ടിവരുന്നത്. ദാവീദും അബ്ശാലോമും തമ്മിലുള്ള പിതൃപുത്രബന്ധം നഷ്ടപ്പെട്ടപ്പോൾ മദ്ധ്യസ്ഥനായി വർത്തിച്ചത് യോവാബ് ആയിരുന്നു. (1ശമൂ, 14:1-23). ‘ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിനു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല’ (ഇയ്യോ, 9:33) എന്നു ഒരു മദ്ധ്യസ്ഥന്റെ ആവശ്യത്തെക്കുറിച്ചു ഇയ്യോബു പറഞ്ഞു. പഴയനിയമത്തിൽ വ്യക്തികളും ദൂതന്മാരും മദ്ധ്യസ്ഥന്മാരായി പ്രവർത്തിച്ചിരുന്നു. എന്നാൽ പുതിയനിയമത്തിൽ ഈ ശുശ്രുഷ ക്രിസ്തുവിൽ സമ്മുഖമാണ്. അബീമേലെക്കിനു വേണ്ടി അബാഹാം മാദ്ധ്യസ്ഥ്യം വഹിച്ചു. (ഉല്പ, 20:7). സൊദോം നശിപ്പിക്കാതിരിക്കുവാൻ അബ്രാഹാം ദൈവത്തോടപേക്ഷിച്ചു. (ഉല്പ, 18:23-33). ഫറവോനു വേണ്ടിയും (പുറ, 8:8-13; 9:28-33), യിസ്രായേലിനു വേണ്ടിയും (പുറ, 33:12-17 ) മോശെ പ്രാർത്ഥിച്ചു. യിസ്രായേലിനു രാജാവിനെ നല്കിയപ്പോഴും യിസ്രായേൽ പാപത്തിൽ വീണപ്പോഴും മദ്ധ്യസ്ഥനായി വർത്തിച്ചത് ശമൂവേൽ പ്രവാചകനായിരുന്നു. 

പഴയനിയമകാലത്ത് ദൈവവും സ്വന്തജനവുമായുളള ബന്ധത്തിൽ സ്ഥാപിച്ച നിയമത്തിൽ മദ്ധ്യസ്ഥന്റെ ജോലി നിറവേറ്റിയിരുന്നത് പ്രവാചകന്മാരും പുരോഹിതന്മാരും ആയിരുന്നു. പ്രവാചകന്മാർ ദൈവത്തിന്റെ വക്താക്കളായിരുന്നു. മനുഷ്യരുടെ മുമ്പിൽ അവർ ദൈവത്തിനു വേണ്ടി പ്രവർത്തിച്ചു. (ആവ, 18:18-22). പുരോഹിതന്മാർ ദൈവസന്നിധിയിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. (പുറ, 28:1; ലേവ്യ, 9:7; 16:6; സംഖ്യാ, 16:40; 2ദിന, 26:18; എബ്രാ, 5:1-4). പഴയനിയമത്തിന്റെ മദ്ധ്യസ്ഥൻ മോശെയായിരുന്നു. (പുറ, 32:30-32; സംഖ്യാ, 12:6-8; ഗലാ, 3:19; എബ്രാ, 3:2-5). പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ ക്രിസ്തുവാണ്. ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു മോശെ. 

മാദ്ധ്യസ്ഥ്യത്തെ സംബന്ധിക്കുന്ന ചില വസ്തുതകൾ ശ്രദ്ധേയമാണ്: 

1. ദൈവത്തിന്റെ വിശുദ്ധിയും മനുഷ്യന്റെ പാപപൂർണ്ണതയും ഒരു മദ്ധ്യസ്ഥന്റെ ശുശ്രൂഷ അനിവാര്യമാക്കിത്തീർത്തു. ക്രിസ്തു ദൈവത്തെ മനുഷ്യനോടും മനുഷ്യനെ ദൈവത്തോടും നിരപ്പിച്ചു: (2കൊരി, 5:18-20). ദൈവസ്നേഹമാണ് ഈ നിരപ്പിക്കലിന്റെ അടിസ്ഥാനം. 

2. ക്രിസ്തുവാണ് ഏക മദ്ധ്യസ്ഥൻ: (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:24). ക്രിസ്തുവിന്റെ മദ്ധ്യസ്ഥശുശൂഷയിലെ കേന്ദ്രബിന്ദു തന്റെ പ്രായശ്ചിത്തമരണമാണ്: (മത്താ, 20:28; 26:28; റോമ, 5:6; 1കൊരി, 1:18; 2:2; 1പത്രൊ, 2:24; 3:18). പ്രവാചകൻ, പുരോഹിതൻ, രാജാവു എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ വേല മുഴുവൻ ഇതിൽ ഉൾപ്പെട്ടതാണ്.

3. മദ്ധ്യസ്ഥനാവശ്യമായ എല്ലാ ഗുണങ്ങളും ക്രിസ്തുവിൽ സമന്വയിക്കുന്നു. ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണ്. ക്രിസ്തു ദൈവമല്ലെങ്കിൽ സ്വന്തം യാഗത്തിലൂടെ പാപപരിഹാരം സാദ്ധ്യമല്ല. മാത്രവുമല്ല, മനുഷ്യർക്ക് ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടോ വിശ്വാസികൾക്കു നിത്യജീവന്റെ ഉറവയോ ആകാനും കഴിയുകയില്ല. (എബ്രാ, 9:14; റോമ, 8:3; യോഹ, 10:10; 1കൊരി, 15:25). മദ്ധ്യസ്ഥൻ മനുഷ്യനുമായിരിക്കണം. അല്ലെന്നു വരികിൽ അവനു മരിക്കുവാനോ ദൈവ നിയമത്തിനു മുമ്പിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുവാനോ മാനുഷികാനുഭവങ്ങളിൽ പങ്കാളിയാവാനോ കഴിയുകയില്ല. (എബ്രാ, 2:11-16; 4:15; റോമ, 8:3; ഫിലി, 2:7). 

മദ്ധ്യസ്ഥൻ പാപം കൂടാത്തവനാണ്. ന്യായപ്രമാണ കല്പനയനുസരിച്ചു യാഗമൃഗം ഊനമില്ലാത്തതായിരിക്കണം. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടു പാപത്തിൽ നിന്നും മുക്തനായിരിക്കണം. അല്ലെന്നുവരികിൽ അവന്റെ യാഗം ദൈവത്തിനു സ്വീകാര്യമാകയില്ല. പാപമില്ലാത്ത വ്യക്തിക്കു മാത്രമേ ദൈവത്തെ സമീപിക്കുന്നതിനും സ്വന്തം ജനത്തിനു വിശുദ്ധ ജീവിതത്തിന്റെ ഉറവ ആയിരിക്കുന്നതിനും സാധിക്കൂ. (എബ്രാ, 7:26; 4:15,16; 1പത്രൊ, 1:19; 2:22). ക്രിസ്തുവിന്റെ മദ്ധ്യസ്ഥത നിരന്തരമാണ്. വർത്തമാനകാലത്ത് ക്രിസ്തു സ്വജനത്തിനു വേണ്ടി പിതാവായ ദൈവത്തോടു പക്ഷവാദം ചെയ്യുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). നമ്മുടെ സ്തുകളും സ്തോത്രങ്ങളും പ്രാർത്ഥനയും ക്രിസ്തു നല്കുന്ന കൃപയിൽ അധിഷ്ഠിതവും ക്രിസ്തുവിലൂടെ ദൈവത്തിനു സമർപ്പിക്കപ്പെടുന്നതും ആണ്. (യോഹ, 14:14; റോമ, 7:25; കൊലൊ, 3:17; എബ്രാ, 13:15). പുനരുത്ഥാനവും ന്യായവിധിയും ക്രിസ്തുവിലൂടെയാണ് നടക്കുന്നത്. (1കൊരി, 15:22; 1തെസ്സ, 4:16).

ഭൂമി

ഭൂമി (Earth)

കോടിക്കണക്കിനു ഗാലക്സികൾ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. ക്ഷീരപഥ ഗാലക്സിയിൽ ഒരു ചെറിയ നക്ഷത്രമാണു സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യൻ. സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണു് ഭൂമി. ജീവജന്തുക്കളുടെ നിലനില്പിന് അനുയോജ്യമായ അകലത്തിലാണു ഭൂമിയുടെ സ്ഥിതി. ജീവന്റെ നിലനില്പിന് സൂര്യനിൽ നിന്നുളള ചൂടും വെളിച്ചവും അനിവാര്യമാണ്. ഭൂമി കുറേക്കൂടി സൂര്യനു അടുത്തായിരുന്നുവെങ്കിൽ അത്യുഷ്ണം മൂലം ജീവജാലങ്ങൾക്കു നിലനില്ക്കാൻ കഴിയുമായിരുന്നില്ല. സൂര്യനിൽ നിന്നു വളരെ അകലെയായിരുന്നുവെങ്കിൽ അതിശൈത്യം മൂലം ഭൂമിയിൽ ജീവൻ നിലനില്ക്കുകയില്ല. ജീവന്റെ നിലനില്പ് സാധ്യമാകത്തക്കവണ്ണം ദൈവം ഭൂമിയെ സൃഷ്ടിച്ചു. വെള്ളം ജീവജാലങ്ങൾക്കാവശ്യമാണ്. ‘ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവനു അവന്റെ ദയ എന്നേക്കുമുളളതു’ എന്ന് ഓരോ ജീവിയും പറയേണ്ടതുതന്നെ. (സങ്കീ, 136:6). ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം 509,700,000 ച.കി.മീറ്റർ ആണ്. കരയുടെ വിസ്തീർണ്ണം 148,400,000 ച.കി.മീറ്ററും, ഭൂമിയിലെ ജലപ്പരപ്പ് 361,300,000 ച.കി.മീറ്ററും ആണ്. ഭൂമിയിൽ കര 29%-ഉം കടൽ 71%-ഉം ആണ്. കരയിൽ ഏറ്റവും ഉയർന്ന പ്രദേശം എവറസ്റ്റു കൊടുമുടിയും (8848 മീ.) താണസ്ഥലം ചാവുകടൽ തീരവും (സമുദ്രനിരപ്പിൽ നിന്നു 399 മീ. താഴെ) ആണ്. പ്രപഞ്ചത്തിൽ ജലം ദുർല്ലഭമാണ്. എന്നാൽ ഭൂമിയുടെ സവിശേഷത ജലവും അതിന്റെ ആകരമായ സമുദ്രവുമാണ്. 

ആകാശഭൂമികളുടെ സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ്. തിരുവെഴുത്തുകൾ ആരംഭിക്കുന്നത്; “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ,1:1). യഹോവയാണ് ഭൂമിയെ പരത്തുകയും (യെശ, 42:5; 44:24), സമുദ്രങ്ങളുടെ മേൽ സ്ഥാപിക്കുകയും നദികളുടെ മേൽ ഉറപ്പിക്കുകയും (സങ്കീ, 24:2), വെളളത്തിന്മേൽ വിരിക്കുകയും (സങ്കീ, 136:6), നാസ്തിത്വത്തിന്മേൽ തൂക്കുകയും (ഇയ്യോ, 26:7) ചെയ്തത്. ഭൂമിയെ തൂണുകളിൽ ഉറപ്പിച്ചു. (ഇയ്യോ, 9:6; സങ്കീ, 75:3). ഒരിക്കലും ഇളകിപ്പോകാതവണ്ണം ഭൂമിയെ അടിസ്ഥാനത്തിൽ സ്ഥാപിച്ചു . (സങ്കീ, 104:5; 2ശമൂ, 22:16; സദൃ, 8:29; യെശ, 24:18; യിരെ, 31:37). ഭൂമിയെ മൂടിക്കളയാതെ യഹോവ സമുദ്രത്തിനു് അതിർവച്ചു. (ഇയ്യോ, 26:10; സദൃ, 8:29). 

നാലുദിക്കുകൾ എന്ന പ്രയോഗം ഭൂമിയുടെ മുഴുവൻ പ്രതലത്തെയും ഉൾക്കൊള്ളുന്നു. (യെശ, 11:12; യെഹെ, 7:2). IIഎസ്രഡാസ് 6-42-ൽ ഭൂമിയുടെ ആറു ഭാഗങ്ങൾ വാസയോഗ്യമായും ഏഴാമത്തെ ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നതായും പറഞ്ഞിരിക്കുന്നു. “മൂന്നാം ദിവസം നീ വെളളത്തോടു ഭൂമിയുടെ ഏഴിൽ ഒരു ഭാഗത്തു കൂടുന്ന തിനു ആജ്ഞാപിച്ചു; മറ്റേ ആറു ഭാഗങ്ങളെ നീ ഉണങ്ങിയ ഭൂമിയാക്കി; അതിൽ നിന്നും കുറെ നിന്റെ ഉപയോഗത്തിനായി വിതയ്ക്കുന്നതിനും കിളയ്ക്കുന്നതിനും സൂക്ഷിച്ചു.” പ്രാചീന എഴുത്തുകാർ ആരും തന്നെ ഈ വിധം ഒരു ധാരണ പുലർത്തിയിരുന്നതായി കാണുന്നില്ല. 

മനുഷ്യന്റെ ദുഷ്ടത ഭൂമിയെ ബാധിക്കും. പ്രകൃതിയുടെ ക്രമവും താളവും തെറ്റുകയും ഭൂമിയുടെ ഫലപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുന്നത് മനുഷ്യന്റെ ദോഷം കാരണമാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്; “നിങ്ങളുടെ ഹൃദയത്തിനു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിനു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തു നിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.” (ആവ, 11:16-17). ആദ്യം ഊഷരമായിരുന്നതും പിന്നെ ഫലപുഷ്ടിയുള്ളതായിത്തീർന്നതും ആയ ഭൂമിയെ ആദ്യം ഉപേക്ഷിക്കപ്പെട്ടവളും പിന്നീടു വിവാഹം ചെയ്യപ്പെട്ടവളുമായി രൂപണം ചെയ്തിട്ടുണ്ട്. (യെശ, 62:4). രക്തച്ചൊരിച്ചിൽ ഭൂമിയെ മലി നമാക്കും. നിഷ്ക്കളങ്ക രക്തം ചൊരിഞ്ഞിടത്തു സസ്യങ്ങൾ വളരുകയില്ല; മഴ ലഭിക്കുകയുമില്ല. (ഉല്പ, 4:11-12; സംഖ്യാ, 35:33-34; 2ശമൂ, 1:21). തരിശുഭൂമി ഭൂതങ്ങളുടെ ആവാസസ്ഥാനമായി കരുതപ്പെട്ടിരുന്നു. (യെശ, 13:21; 32:14). ഭൂമിയെ അമ്മയായി ആരാധിക്കുന്ന സമ്പ്രദായം പ്രാചീന ജനസമൂഹങ്ങളുടെ ഇടയിൽ നിലനിന്നിരുന്നു. ആ ധാരണയ്ക്ക് ഇന്നും വലിയ കോട്ടം തട്ടിയിട്ടില്ല. അശ്ശൂരിൽ നിന്നു ലഭിച്ച ദേവന്മാരുടെ പട്ടികയിൽ ഭൂമിയുടെ പേരുണ്ട്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭൂമി മാതാവും ദേവിയുമാണ്. യിസ്രായേല്യരുടെ ഇടയിൽ അപ്രകാരമൊരു സങ്കല്പം ഉണ്ടായിരുന്നില്ല. ഭൂമി ദൈവത്തിന്റെ സൃഷ്ടിയാണ്. “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.” (സങ്കീ, 24:1).”ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിനു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കു ന്നവനല്ലതാനും.” (അപ്പൊ, 17:26-27).

അംപ്ലിയാത്തൊസ്

അംപ്ലിയാത്തൊസ് (Ampliatus)

പേരിനർത്ഥം – വിശാലമായ

റോമിലെ ഒരു ക്രിസ്ത്യാനി. ‘എനിക്കു പ്രിയൻ’ എന്നു പൗലൊസ് എടുത്തു പറയുന്നു: “കർത്താവിൽ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.” (റോമ, 16:8).

വെളിപ്പാട്

വെളിപ്പാട് പുസ്തകം (Book of Revelation)

ബൈബിളിലെ അവസാന പുസ്തകവും പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥവും ആണ് വെളിപ്പാട് പുസ്തകം. ഇത് ഒരു വെളിപ്പാടും (1:1-2; 20), പ്രവചനവും (1:3; 22:7, 10, 18-19), സപ്തലേഖന സഞ്ചയവും (1:4, 11; 2:1; 3:22) ആണ്. ഉള്ളടക്കത്തെ സംബന്ധിച്ചു ഇതു വെളിപ്പാടും സന്ദേശം സംബന്ധിച്ചു പ്രവചനവും സ്വീകർത്താക്കളോടുള്ള ബന്ധത്തിൽ ലേഖനവും ആണ്. ക്രിസ്തുവിന്റെ വീണ്ടും വരവിനുമുമ്പുള്ള സംഭവങ്ങൾ സഹസ്രാബ്ദ രാജ്യസ്ഥാപനം, നിത്യരാജ്യം തുടങ്ങിയവയെ കുറിച്ചുള്ള പ്രവചനങ്ങളാണധികവും. ഇത് യേശുക്രിസ്തുവിന്റെ വെളിപ്പാടാണ്. (1:1). യോഹന്നാൻ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും ആണ് വെളിപ്പാടിന്റെ വിഷയം. (1:19). ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നു: 1. ഈ പ്രവചനം വായിച്ചുകേൾപ്പിക്കുന്നവനും, കേൾക്കുന്നവനും, പ്രമാണിക്കുന്നവനും അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു. (1:3). 2. ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. (22:10). 3. ഈ പുസ്തകത്തിലെ വചനത്തോട് കൂട്ടുകയോ അതിൽ നിന്ന് കുറയ്ക്കുകയോ അരുത്. (22:18,19). ഈ പുസ്തകം പ്രതീകങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ അധികം വായനക്കാർക്കും ദുർഗ്രഹമായി തോന്നാം. എന്നാൽ ബൈബിളിലെ പ്രവചനങ്ങൾ മുഴുവൻ സമഗ്രമായി പഠിക്കുമ്പോൾ വെളിപ്പാടിന്റെ വ്യാഖ്യാനം പ്രയാസകരമായി തോന്നുകയില്ല.

വെളിപ്പാട് സാഹിത്യം എന്ന ശാഖയിലുൾപ്പെടുന്നതാണ് വെളിപ്പാടു പുസ്തകം. വെളിപ്പാടു സാഹിത്യത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ദൈവം സർവ്വശക്തനാണ്, തന്റെ നന്മ നിറഞ്ഞതും, പൂർണ്ണവുമായ ഹിതം നടപ്പിലാക്കുന്നതിനു ദാരുണ സംഭവങ്ങളിലൂടെ ദൈവം ഇടപെടും. ദൈവത്തിന്നെതിരായി പ്രവർത്തിക്കുന്ന തിന്മയുടെ ശക്തികളെ പൂർണ്ണമായി പരാജയപ്പെടുത്തും. ഈ തിന്മയുടെ ശക്തികളെ മൃഗങ്ങൾ, കൊമ്പുകൾ എന്നിങ്ങനെ പ്രതീകങ്ങളെ കൊണ്ടായിരിക്കും പ്രതിപാദിക്കുക. ദൂതന്മാരുടെ പ്രവർത്തനം പ്രത്യേക നിലയിൽ നടക്കും. മഹാശക്തികളുടെ സംഘട്ടനം ഉണ്ടാകും. ഒടുവിൽ പീഡിപ്പിക്കപ്പെട്ട വിശുദ്ധന്മാർക്ക് ന്യായവും നീതിയും ലഭിക്കും. ഇവയാണ് വെളിപ്പാട് സാഹിത്യത്തിലെ പുസ്തകങ്ങളുടെ സാധാരണസ്വഭാവം. ഈ രൂപത്തിൽ ഉള്ളതാണെങ്കിൽ തന്നെയും ബൈബിളിലെ വെളിപ്പാടുപുസ്തകം വ്യത്യസ്തനിലവാരം പുലർത്തുന്നു. വെളിപ്പാട് സാഹിത്യത്തിലെ കൃതികൾ അജ്ഞാത കർത്തൃകങ്ങളാണ്. സ്വന്തം പേർ അവർ വെളിപ്പെടുത്തുകയില്ല. ഭൂതകാലത്തിലെ പ്രസിദ്ധന്മാരുടെ പേരുകൾ സ്വീകരിച്ച് തങ്ങളുടെ രചനയെ അവരിൽ ആരോപിക്കുകയാണ് ചെയ്യുക. എന്നാൽ വെളിപ്പാട് പുസ്തകത്തിൽ എഴുത്തുകാരൻ സ്വയം വെളിപ്പെടുത്തുന്നു. (1:1). ഇത് പുസ്തകത്തിന്റെ പ്രവചനസ്വഭാവത്തെ സ്പഷ്ടമാക്കുന്നു. പരിശുദ്ധാത്മാവ് ഒരു അംഗീകൃത സാഹിത്യരൂപത്തെ സ്വീകരിച്ചു എന്നേയുള്ളൂ. 

പ്രമുഖ വിഷയങ്ങൾ: നിരവധി പ്രവചന വിഷയങ്ങളുടെ പരിസമാപ്തി വെളിപാടിലാണ് നാം ദർശിക്കുന്നത്. 1. ഉല്പത്തിയിൽ (3:15) വാഗ്ദത്തം ചെയ്യപ്പെട്ട സ്ത്രീയുടെ സന്തതി ഭൂമിയെ വാഴുന്നതും നിത്യരാജ്യത്തിൽ ചെയ്യുന്ന ശുശ്രൂഷയും വെളിപ്പാടിൽ കാണാം. യേശുവിന്റെ സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ്: (19:10). 2. ക്രിസ്തുവിന്റെ ശരീരമായ സഭ: (മത്താ, 16:18; 1കൊരി, 12:13; വെളി, 2,3അ). 3. വിശുദ്ധന്മാരുടെ പുനരുത്ഥാനവും ഉൽപ്രാപണവും (4:1, 2, 4), മഹാപീഡനം: (ആവ, 4:29,30; യിരെ, 30:5-8; വെളി, 4-19അ). 5. സാത്താനും അവന്റെ സൈന്യവും: (യെശ, 14:12-14; യെഹെ, 28:1-18; വെളി, 12;7-12; 16:13, 20:1). 6. അധർമ്മ മൂർത്തി: (2തെസ്സ, 2:1-8; വെളി, 13:1-10). 7. കള്ളപ്രവാചകൻ: (വെളി, 13:11-18). 8. ജാതീയ ശക്തികളുടെ നാശം: (ദാനീ, 2:31-45; വെളി, 5-19അ). 9. ഭൂമിയുടെ വീണ്ടെടുപ്പ്: (വെളി, 5അ). 10. ക്രിസ്തുവിന്റെ രണ്ടാം വരവ്: (വെളി, 19:1-10). 11. പാപികളുടെ ന്യായവിധി: (വെളി, 20:11-15). 12. ഒന്നാം പുനരുത്ഥാനം: (വെളി, 20:4-6). 13. സഹസ്രാബ്ദ വാഴ്ച: (വെളി, 20:1-6). 14. പുതിയ ആകാശവും പുതിയ ഭൂമിയും: (വെളി, 21അ). 15. നിത്യരാജ്യം: (22അ). 

വ്യാഖ്യാന രീതികൾ: വെളിപ്പാട് പുസ്തകവ്യാഖ്യാനത്തെ സംബന്ധിച്ചു നാലു പ്രധാന വീക്ഷണങ്ങൾ നിലവിലുണ്ട്: 1. ഭൂതകാലപര വ്യാഖ്യാനം: സമകാലിക സംഭവങ്ങളെ വിവരിക്കുകയാണ് എന്നതാണ് ഈ വീക്ഷണത്തിന്റെ സാരാംശം. അന്നു പീഡിപ്പിക്കപ്പെട്ട സഭയെ ആശ്വസിപ്പിക്കാൻ വേണ്ടി അന്നത്തെ വിശുദ്ധന്മാർക്കു ഗ്രാഹ്യമായ രീതിയിൽ ഈ പുസ്തകം എഴുതി. റോമാസാമ്രാജ്യത്തിലെ ദുഷ്ടതയെ ഓർത്തു വ്യാകുലനായ ദർശകൻ പ്രതീകാത്മക ഭാഷയിലൂടെ അതിനെ എതിർത്തു. ലിബറൽ ചിന്തകന്മാർ അംഗീകരിക്കുന്ന വ്യാഖ്യാന സമ്പ്രദായമാണിത്. എന്നാൽ ഈ പുസ്തകം പ്രവചനമാണെന്നതിനുള്ള ആന്തരിക തെളിവുകൾ (വെളി, 1:3) അവർ അവഗണിക്കുന്നു. 2. ചരിത്രപര വീക്ഷണം: ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവുവരെയുള്ള സഭാചരിത്രത്തിന്റെ വിഹഗവീക്ഷണമാണ് വെളിപ്പാട് പുസ്തകം. പോപ്പിന്റെ റോമിനെ മൃഗമായി ചിത്രീകരിച്ച നവീകരണ നായകന്മാരിലധികം പേർക്കും ഈ വീക്ഷണമാണ് ഉണ്ടായിരുന്നത്. 3. ഭാവികാലപര വീക്ഷണം: ഈ പുസ്തകത്തിന്റെ പ്രവചന സ്വഭാവത്തെ ഗൗരവമായെടുക്കുന്നു. യോഹന്നാന്റെ കാലത്തു പുസ്തകത്തിലെ പ്രമേയങ്ങളിൽ അധികവും ഭാവികമായിരു ന്നു എന്നംഗീകരിക്കുന്നു. വെളിപ്പാട് 1:19-നെ വ്യാഖ്യാനത്തിൻ്റെ താക്കോലായി സ്വീകരിക്കുന്നു. അതനുസരിച്ചു: നീ കണ്ടത്: (1:1-18); ഇപ്പോൾ ഉള്ളതു: സഭാകാലയളവ്; (2,3അ); ഇനി സംഭവിക്കാനിരിക്കുന്നത്: (4-22അ). 4. ആദ്ധ്യാത്മിക വീക്ഷണം: പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു അന്ത്യത്തോളം സഹിച്ചു നില്ക്കാൻ ഉത്തേജനം നല്കാൻ വേണ്ടിയാണ് ഇതെഴുതിയത്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരൻ തന്റെ പേര് യോഹന്നാൻ എന്നു (1:1,4, 9; 22:8) സ്വയം പരിചയപ്പെടുത്തുന്നു. അദ്ദേഹം ദൈവത്തിന്റെ ദാസനും (വെളി, 1:1), പ്രവാചകന്മാരിൽ ഒരാളും (22:9), നിങ്ങളുടെ സഹോദരനും കഷ്ടതയിൽ കൂട്ടാളിയും (1:9) ആണ്. ഈ യോഹന്നാൻ അപ്പൊസ്തലനായ യോഹന്നാൻ തന്നെയെന്നും അദ്ദേഹം തന്നെയാണ്ംനാലാമത്തെ സുവിശേഷവും യോഹന്നാന്റെ മൂന്നു ലേഖനങ്ങളും എഴുതിയതെന്നും പാരമ്പര്യം വ്യക്തമാക്കുന്നു. വെളിപ്പാട് പുസ്തകത്തിന്റെ എഴുത്തുകാരൻ യോഹന്നാനാണെന്ന വിശ്വാസം ജസ്റ്റിൻ മാർട്ടിയറുടെ കാലം മുതൽ (എ.ഡി. 140) ഉണ്ട്. വെളിപ്പാടിന്റെ ഭാഷാശൈലി യോഹന്നാന്റെ ലേഖനങ്ങളിലേതു പോലെയല്ല. യോഹന്നാന്റെ കർത്തൃത്വത്തിന് എതിരെയുള്ള പ്രധാനവാദം ഇതാണ്. സഭ പീഡനത്തിലും കഷ്ടതയിലും കൂടെ കടന്നുപോയ കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത്. നീറോയുടെയും ഡൊമീഷ്യന്റെയും കാലത്താണ് സഭ ഏറ്റവും കുടുതൽ പീഡനത്തിനു വിധേയമായത്. നീറോയുടെ കാലത്തു എഴുതപ്പെട്ടു എന്ന വാദത്തിനവലംബമായി ചൂണ്ടിക്കാണിക്കുന്നത് വെളിപ്പാട് 17:9,10 ആണ്. “ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണു പോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞൊന്നു ഇരിക്കേണ്ടതാകുന്നു.” ഇതു റോമൻ ചക്രവർത്തിമാരെ കുറിക്കുകയാണങ്കിൽ അഞ്ചാമൻ നീറോ ആണ്. വെളിപ്പാട് 13:18-ൽ മൃഗത്തിന്റെ സംഖ്യ 666 എന്നു പറഞ്ഞിരിക്കുന്നു. നീറോ കൈസർ എന്ന പേർ എബ്രായയിലെഴുതിയാൽ സംഖ്യാ വില 666 എന്നു കിട്ടും. എന്നാൽ ഗ്രീക്കിലെഴുതപ്പെട്ട ഒരു പുസ്തകത്തിൽ എബ്രായ അക്ഷര സംഖ്യകലനം പ്രയോഗിക്കുന്നതിന്റെ ന്യായീകരണം വ്യക്തമല്ല. പ്രാചീന എഴുത്തുകാരിൽ ഒട്ടധികം പേരും അനുകൂലിക്കുന്നതു ഡൊമീഷ്യന്റെ കാലമാണ്. ഇറെന്യൂസ്, യൂസിബിയസ് തുടങ്ങിയവർ ഈ ഗ്രന്ഥം ഡൊമീഷ്യന്റെ കാലത്തെഴുതപ്പെട്ടു എന്നു അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. അതിൽ നിന്നും എ.ഡി. 95/96-ൽ വെളിപ്പാട് പുസ്തകം എഴുതപ്പെട്ടു എന്നു നിർണ്ണയിക്കാവുന്നതാണ്. 

അനുവാചകർ: ആസ്യയിലെ ഏഴു സഭകൾക്കാണ് ഈ പുസ്തകം എഴുതിയത്. അക്കാലത്തു ആസ്യയിലുണ്ടായിരുന്ന സഭകളിൽ നിന്നും പ്രാതിനിദ്ധ്യരൂപേണ തിരഞ്ഞെടുത്തവയാണ് ഏഴു സഭകൾ. അവ: എഫെസൊസ്, സ്മർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നിവയാണ്. (വെളി, 1:11). ഓരോ സഭയ്ക്കും പ്രത്യേകദൂതു നല്കുന്നു. എന്നാൽ ‘ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നു എല്ലാ സഭകളുടെ ദൂതിലും പറയുന്നുണ്ട്. സ്ഥലകാലവ്യത്യാസം കൂടാതെ സഭയ്ക്ക് മുഴുവനായി നല്കിയ സന്ദേശമാണിതെന്നു വ്യക്തമാണ്. വായിച്ചുകേൾപ്പിക്കുന്നവനും കേൾക്കുന്നവനും പ്രമാണിക്കുന്നവനും ഒന്നുപോലെ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

ഉദ്ദേശ്യം: വെളിപ്പാട് പുസ്തകത്തിന്റെ ഉദ്ദേശ്യം മൂന്നാണു: 1. വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കുക: (1:1). വേഗത്തിൽ (എൻടഖൈ) എന്ന ക്രിയാവിശേഷണം കാലവാചിയല്ല, പ്രകാരവാചിയാണ്. സംഭവങ്ങളുടെ ദ്രുതഗതിയെയാണ് അതു കാണിക്കുന്നത്. സാത്താന്യ ശക്തികളുമായുള്ള പോരാട്ടത്തിൽ ക്രിസ്തുവും സഭയും അന്തിമവിജയം നേടുന്നതും ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുമ്പുള്ള ഏഴുവർഷം നടക്കുന്ന ഭയങ്കരസംഭവങ്ങളും വെളിപ്പാട് പുസ്തകം അനാവരണം ചെയ്യുന്നു. 2. അപ്പൊസ്തലിക ഉപദേശത്തിൽ നിന്നും സഭയ്ക്ക് സംഭവിച്ച ഭ്രംശം സപ്തസഭകൾക്കുള്ള ദൂതുകൾ വെളിപ്പെടുത്തുന്നു. വീഴ്ച സംഭവിച്ചത് എന്തിലാണെന്നു മനസ്സിലാക്കി മാനസാന്തരപ്പെട്ടു ആദ്യസ്നേഹത്തിലേക്കു മടങ്ങിവരാൻ സഭയെ ഉൽബോധിപ്പിക്കുക. 3. ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്തുണ്ടായ കഠിനപീഡകളിൽ പതറിപ്പോകാതെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ നിലനില്ക്കാനും മരണപര്യന്തം വിശ്വസ്തരായിരുന്നു ജയാളികളാകുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക. 

പ്രധാന വാക്യങ്ങൾ: 1. “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.” വെളിപ്പാടു 1:3.

2. “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” വെളിപ്പാടു 1:7.

3. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” വെളിപ്പാടു 1:18.

4. “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.” വെളിപ്പാടു 19:11.

5. “ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” വെളിപ്പാടു 20:11.

6. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” വെളിപ്പാടു 21:1.

7. “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” വെളിപ്പാടു 22:12.

ബാഹ്യരേഖ: I. മുഖവുര: 1:1-10. 

II. ക്രിസ്തുവിന്റെ വെളിപ്പാടും ദൂതും: 1:1-20.

III. ഏഴുസഭകൾക്കുള്ള ദൂതുകൾ: 2:1-3:22.

1. എഫെസൊസ്: 2:1-7. 

2. സ്മുർന്നാ: 2:8-11.

3. പെർഗ്ഗമൊസ്: 2:12-17.

4. തുയഥൈര: 2:18-29.

5. സർദ്ദിസ്: 3:1-6.

6. ഫിലദെൽഫ്യ: 3:7-13.

7. ലവൊദിക്ക്യാ: 3:14-22. 

IV. മഹാപീഡനം: 4:1-19:21.

1. സ്വർഗ്ഗത്തിലെ ഒരുക്കം: 4;1-5:14.

2. ആറുമുദ്രകൾ പൊട്ടിക്കുന്നു: 6:1-17.

3. ഒന്നാമത്തെ ഇടവേള: 7:1-17.

4. ഏഴാം മുദ്ര പൊട്ടിക്കുന്നു: 8:1.

5. ആറു കാഹളങ്ങൾ ഊതുന്നു: 8:2-9:21.

6. രണ്ടാമത്തെ ഇടവേള: 10:1-11:14.

7. ഏഴാം കാഹളം: 11:15-18.

8. മൂന്നാമത്തെ ഇടവേള: 11:19-14:20.

9. ആറു ക്രോധകലശങ്ങൾ: 15:1-16:12.

10. നാലാം ഇടവേള: 16:13-16.

11. ഏഴാമത്തെ കോധകലശം: 16:17-21.

12. ബാബിലോണിന്റെ ന്യായവിധി: 17:1-18:24.

13. കുഞ്ഞാടിന്റെ കല്യാണസദ്യ: 19:1-10.

14. ക്രിസ്തുവിന്റെ പ്രത്യക്ഷത: 19:11-21.

V. സഹസാബ് വാഴ്ചയും നിത്യതയും: 20:1-22:5.

1. സഹസ്രാബ്ദവാഴ്ച: 20:1-6.

2. അന്ത്യമത്സരം: 20:7-10.

3. വെള്ളസിംഹാസന ന്യായവിധി: 20:11-15.

4. പുതിയ ആകാശവും പുതിയ ഭൂമിയും: 21:1-22. 

VI. ഉപസംഹാരം: 22:6-21.

സവിശേഷതകൾ: 1. പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമാണ് വെളിപ്പാട് പുസ്തകം. 2. പഴയനിയമത്തിൽ നിന്നും പ്രത്യക്ഷ ഉദ്ധരണികളൊന്നും കൂടാതെ തന്നെ പഴയനിയമ പ്രവചനത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. പഴയനിയമത്തിലെ 27-ാമത്തെ പുസ്തകമായ ദാനീയേൽ പ്രവചനത്തിനും പുതിയനിയമത്തിൽ 27-ാമത്തെ പുസ്തകമായി വെളിപ്പാടിനും തമ്മിലുള്ള സാമ്യവും നൈരന്തര്യവും പ്രസിദ്ധമാണ്. ബാബിലോൺ, മേദ്യ-പാർസ്യ, ഗ്രീസ്, റോം എന്നീ നാലു സാമ്രാജ്യങ്ങളെക്കുറിച്ചു ദാനീയേൽ പ്രവചിച്ചു. എന്നാൽ റോമിന്റെ അന്ത്യഘട്ടം മാത്രമാണു യോഹന്നാൻ പ്രവചിച്ചത്. എഴുപതു ആഴ്ചയെക്കുറിച്ചുള്ള പ്രവചനം ദാനീയേൽ നല്കി. എന്നാൽ എഴുപതാം ആഴ്ചയെക്കുറിച്ചുള്ള വിശദമായ പ്രവചനം വെളിപ്പാടിലാണുള്ളത്. 3. വെളിപ്പാടുപുസ്തകം പ്രവചന വ്യാഖ്യാനത്തിനുള്ള താക്കോലാണ്. പഴയനിയമ പ്രവചനങ്ങൾ കാലക്രമത്തിലല്ല വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭാവികാല സംഭവങ്ങളുടെ കാലാനുക്രമം വെളിപ്പാടിൽ ഉണ്ട്: സഭാകാലം (അ.2,3), പീഡനകാലം (അ.6-19), സഹസാബ വാഴ്ച (20:1-6), ഗോഗ്-മാഗോഗ് യുദ്ധം (20:7-10), അന്ത്യന്യായവിധി (20;11-15), പുതിയ ആകാശഭൂമികൾ (21:1-22:5) എന്നിങ്ങനെ. ഈ ക്രമം അനുസരിച്ചു പഠിച്ചാൽ പഴയനിയമപ്രവചനങ്ങൾ സുഗ്രാഹ്യമാകും. 4. സംഖ്യകളുടെ പുസ്തകമാണിത്. ഏറ്റവും ചെറിയ സംഖ്യ മുതൽ 20 കോടി വരെയുള്ള സംഖ്യകൾ ഇതിൽ പയോഗിച്ചിട്ടുണ്ട്: 2, 3, 3½, 4, 5, 6, 7, 10, 12, 24, 42, 144, 666, 1000, 1260, 7000, 12000, 144000, 100000000, 200000000. സമ്പൂർണ്ണതയുടെ സംഖ്യയായ ഏഴു 54 പ്രാവശ്യത്തോളം കാണാം. 5. ദൈവദൂതന്മാരുടെ ശുശ്രൂഷയെക്കുറിച്ചുള്ള 27 വ്യത്യസ്ത പരാമർശങ്ങൾ വെളിപ്പാടിലുണ്ട്. മറ്റൊരു പുസ്തകത്തിലും ദൈവദൂതസാന്നിധ്യം ഇത്രത്തോളം കാണുന്നില്ല. 6. ഭൂരാജാക്കന്മാർക്കു അധിപതിയും രാജാധിരാജാവും കർത്താധികർത്താവും ആയി ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. (1:5; 19:16).

യൂദാ

യുദാ എഴുതിയ ലേഖനം (Book of Jude)

പുതിയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; സാർവ്വത്രിക ലേഖനങ്ങളിൽ ഒടുവിലത്തേതും. വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറിയ ദുരുപദേഷ്ടാക്കന്മാരെ കുറിച്ചാണ് ഈ ചെറിയ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. (യൂദാ, 1:4-6). പത്രൊസിന്റെ രണ്ടാം ലേഖനത്തിലെ പ്രമേയവും ഇതുതന്നെ. (2:1-3:3). വിശ്വാസത്തിന്റെ പോരാട്ടത്തിൽ വ്യാജോപദേശത്തെ തുറന്നുകാണിക്കുകയും തെറ്റിനെ നിഷേധിക്കുകയും ചെയ്യേണ്ടതു ആവശ്യമാണ്. വ്യാജോപദേഷ്ടാക്കന്മാരുടെ പ്രവർത്തനത്തെക്കുറിച്ചു വിശ്വാസികൾ ഭയപ്പെടേണ്ടതില്ല. വിശ്വാസത്തിൽ ഉറച്ചും ആത്മാവിന്റെ ശക്തിയിൽ പ്രാർത്ഥിച്ചും ദൈവിക സ്നേഹത്തിന്റെ കൂട്ടായ്മയിൽ വർദ്ധന പ്രാപിച്ചും സ്വയം സൂക്ഷിച്ചു മുന്നോട്ടു പോകേണ്ടതാണ്. (20,21). സ്വന്തജനത്തെ വീഴാതവണ്ണം സൂക്ഷിച്ചു തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ള ഏകദൈവത്തിനു സ്തുതി പാടിക്കൊണ്ടു ഈ ചെറുലേഖനം അവസാനിക്കുന്നു. (24,25).

ഗ്രന്ഥകർത്താവ്: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ എന്നു ലേഖകൻ സ്വയം പരിചയപ്പെടുത്തുന്നു. (യൂദാ, 1:1). യാക്കോബ് യേശുവിന്റെ സഹോദരന്മാരിൽ ഒരാളാണ്; തന്മൂലം യൂദായും യേശുവിന്റെ സഹോദരനത്രേ. യൂദാ എന്ന പേരിൽ യേശുവിനു ഒരു സഹോദരൻ ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ മതിയായ തെളിവുകളുണ്ട്. (മത്താ, 13:55; മർക്കൊ, 6:3). പുതിയനിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള മറ്റു യൂദാമാരിൽ നിന്നു വ്യത്യസ്തനാണു് ഈ യൂദാ. പിതാവിന്റെ പേരിനെയല്ല, മറിച്ചു സഹോദരന്റെ പേരിനെയാണു വ്യാവർത്തക ലക്ഷണമായി ഉപയോഗിക്കുന്നത്. അതിനുകാരണം വായനക്കാർക്കു സുപരിചിതൻ തന്റെ സഹോദരനായ യാക്കോബ് എന്നതു തന്നെ. യൂദാ അപ്പൊസ്തലൻ ആയിരുന്നില്ല. യേശുവിന്റെ ഇളയ സഹോദരന്മാരിലൊരുവൻ എന്നതൊഴികെ യൂദായുടെ ജീവിതത്തെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. യേശുവിന്റെ പുനരുത്ഥാനത്തിനു മുമ്പു യൂദാ കർത്താവിൽ വിശ്വസിച്ചിരുന്നില്ല. (യോഹ, 7:3-8). പുനരുത്ഥാന ശേഷം ക്രിസ്തുവിൽ വിശ്വസിക്കുകയും മാളികമുറിയിൽ മറ്റു ശിഷ്യന്മാരോടൊപ്പം സമ്മേളിക്കുകയും ചെയ്തു. (പ്രവൃ, 1:14). 

പത്രൊസിന്റെ രണ്ടാം ലേഖനത്തിന് ഉള്ളതിനെക്കാൾ പ്രബലമായ ബാഹ്യതെളിവുകൾ യൂദായുടെ ലേഖനത്തിനുണ്ട്. ഹെർമ്മാസ്, പോളിക്കാർപ്പു, അത്തനഗൊറസ്, അന്ത്യാക്ക്യയിലെ തെയോഫിലസ്, തെർത്തുല്യൻ, അലക്സാണ്ട്രിയയിലെ ക്ലെമെന്റ്, യൂസിബിയസ് എന്നിവർ യൂദായുടെ ലേഖനത്തെ അംഗീകരിക്കുന്നു. ഈ ലേഖനത്തിലെ അപ്പോക്രിഫയിൽ നിന്നുള്ള ഉദ്ധരണി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അലക്സാണ്ട്രിയയിലെ ക്ലെമെന്റ് തെർത്തുല്യൻ, ജെറോം, അഗസ്റ്റിൻ തുടങ്ങിയ സഭാപിതാക്കന്മാർ അപ്പോക്രിഫാ പുസ്തകങ്ങൾളിൽ നിന്നാണ് യൂദാ ഉദ്ധരിച്ചതെന്നു വിശ്വസിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖനം അംഗീകരിക്കുന്നതിനു പലരും വൈമനസ്യം കാട്ടി. യൂദായിലെ ഒമ്പതാം വാക്യം മോശെയുടെ സ്വർഗ്ഗാരോഹണം എന്ന ഗ്രന്ഥത്തിൽ നിന്നും 14-ഉം 15-ഉം വാക്യങ്ങൾ ഹാനോക്കിന്റെ പുസ്തകത്തിൽ നിന്നും ഉള്ള ഉദ്ധരണികളാണ്. അകാനോനിക ഗ്രന്ഥത്തെ സത്യമെന്നു അംഗീകരിച്ചു കൊണ്ടല്ല യൂദാ ഉദ്ധരിച്ചത്. ഉദ്ധൃത്യപ്രവചനം ദൈവത്തിൽ നിന്നുള്ളതായി അംഗീകരിച്ചു എന്നുമാത്രം. ഉദ്ധരണിയുടെ സ്വീകാരം മൂലഗ്രന്ഥത്തിന്റെ സ്വീകാരത്തെ വ്യഞ്ജിപ്പിക്കുന്നില്ല.

എഴുതിയ കാലം: ലേഖനത്തിന്റെ രചനാകാലം എ.ഡി. 81-നു ശേഷമാകാൻ ഇടയില്ല. ഡൊമീഷ്യൻ റോമൻ ചക്രവർത്തിയായി സിംഹാസനാരോഹണം ചെയ്തതു എ.ഡി. 81-ലാണ്. ഹെജെസിപ്പെസ് എന്ന ചരിത്രകാരൻ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിന്റെ സന്തതികളായി യേശുക്രിസ്തുവിന്റെ സഹോദരനായ യൂദയുടെ രണ്ടു ചെറുമക്കളെ ക്രിസ്ത്യാനികളെന്നു കുറ്റം ചുമത്തി ഡൊമീഷ്യന്റെ മുമ്പിൽ ഹാജരാക്കി. അവർ നിരുപദ്രവകാരികളായ കർഷകർ എന്നു കണ്ടിട്ടു ചക്രവർത്തി അവരെ വെറുതെ വിട്ടു. അപ്പോൾ യൂദാ ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ നിശ്ചയമായും രാജസന്നിധിയിൽ കൊണ്ടുവരുമായിരുന്നു. അതിൽ നിന്നും യൂദായുടെ ലേഖനം എ.ഡി. 81-നു മുമ്പു എഴുതപ്പെട്ടു എന്നതു വ്യക്തമാണ്. പത്രോസിന്റെ രണ്ടാം ലേഖനത്തിനു മുമ്പു ഇതു എഴുതപ്പെട്ടുവെങ്കിൽ എ.ഡി. 64 ആയിരിക്കണം രചനാകാലം. സാൻ, തീസ്സൻ ആദിയായവരുടെ അഭിപ്രായമനുസരിച്ചു എ.ഡി. 75 ആയിരിക്കണം രചനാകാലം. 

അനുവാചകർ: പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർ ആണ് അനുവാചകർ. (വാ.1). നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നെ ആത്മികവർദ്ധന വരുത്തിയും…… നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ (വാ.20,21) എന്നു ഉപദേശിക്കുന്നതിൽ നിന്നും അനുവാചകർ ക്രിസ്ത്യാനികളാണെന്നു മനസ്സിലാക്കാം. പഴയനിയമ പുരുഷന്മാരുടെ പരാമർശവും ദൃഷ്ടാന്തങ്ങളും പലസ്തീനു ചുറ്റുമുള്ള യെഹൂദാ ക്രിസ്ത്യാനികൾക്കു വേണ്ടിയാണ് ഇതെഴുതിയതെന്നു ചിന്തിക്കുവാൻ പഴുതു നല്കുന്നു. 

ഉദ്ദേശ്യം: നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു ഒരു പ്രബന്ധം എഴുതുവാനാണ് യൂദാ ഉദ്യമിച്ചത്. പക്ഷേ ക്രിസ്ത്യാനികളുടെ ഇടയിൽ നുഴഞ്ഞുകയറിയ ജ്ഞാനവാദം കാരണമായി അപ്പൊസ്തലിക വിശ്വാസത്തെ ഉറപ്പിക്കുവാൻ വേണ്ടി പ്രതിവാദപരമായി എഴുതുവാൻ യൂദാ പ്രേരിതനായി. (വാ.3). ദുരുപദേഷ്ടാക്കന്മാർ ദൈവകൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കുകയും ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യുന്നു. (വാ, 4). 

പ്രധാന വാക്യങ്ങൾ: 1. “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.” യൂദാ 1:3.

2. “നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.” യൂദാ 1:17,18.

3. “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” യൂദാ 1:24.

ഉള്ളടക്കം: 1. വന്ദനം: വാ.1,2.

2. ലേഖനത്തിന്റെ ഉദ്ദേശ്യം: വാ.3,4. 

3. വിശ്വാസത്യാഗത്തിന്റെ ദൃഷ്ടാന്തങ്ങൾ: വാ.5-7.

4. ദുരുപദേഷ്ടാക്കന്മാരും ദുരുപദേശവും: വാ.8-13.

5. ദൈവം ദുഷ്ടന്മാരെ ന്യായം വിധിക്കുന്നു: വാ.14-19.

6. വിശ്വാസിയുടെ കർത്തവ്യങ്ങൾ: വാ.20-23.

7. ആശീർവാദം: വാ.24,25.

3യോഹന്നാൻ

യോഹന്നാൻ എഴുതിയ മുന്നാം ലേഖനം (Book of 3 John)

പുതിയനിയമത്തിലെ ഇരുപത്തിയഞ്ചാമത്തെ പുസ്തകം. പ്രിയ ഗായൊസിന് എഴുതിയതാണീ ലേഖനം. സത്യത്തിൽ നടക്കുന്നതിനാലും ഗായൊസിന്റെ സഭയിലേക്കയച്ച സുവിശേഷകന്മാരെ സൽക്കരിച്ചതിനാലും അപ്പൊസ്തലൻ ഗായൊസിനെ ശ്ലാഘിക്കുന്നു. ആരെയും കൂട്ടാക്കാത്ത ദിയൊത്രെഫേസിനെ കുറ്റപ്പെടുത്തുന്നു. അസൂയ കൊണ്ടോ അഥവാ മറ്റെന്തെങ്കിലും കാരണംകൊണ്ടോ അവൻ സഹോദരന്മാരെ സ്വീകരിക്കാതിരിക്കുകയും സഭയെ തന്റെ വശത്താക്കുവാൻ ശ്രമിക്കുകയും അനുസരിക്കാത്തവരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നു. മൂപ്പൻ സഭയ്ക്കു ഒന്നെഴുതിയിരുന്നു: (വാ,9) സത്യത്താൽ സാക്ഷ്യം ലഭിച്ച ദെമേത്രിയൊസിനെക്കുറിച്ചും പറയുന്നുണ്ട്. (വാ.12). സഭയിൽ എന്തെങ്കിലും പാഷണ്ഡോപദേശം കടന്നു കൂടിയതായി ഈ ലേഖനത്തിൽ പറയുന്നില്ല.

ഗ്രന്ഥകർത്തൃത്വം: രണ്ടും മൂന്നും ലേഖനങ്ങളുടെ ഗ്രന്ഥകർതൃത്വത്തിനുള്ള തെളിവുകൾ ഒന്നു തന്നെയാണ്. ഈ ലേഖനങ്ങൾ അതിൽതന്നെ ചെറുതും വ്യക്തിപരവും ആയതുകൊണ്ടാണ് 1-ാം ലേഖനത്തിലെ പരാമർശങ്ങൾ ഇതിലില്ലാത്തത് എന്ന് കാണുവാൻ പ്രയാസമില്ല. വിവാദപരമായ പുസ്തകങ്ങളുടെ ലിസ്റ്റിലാണ് ഒറിഗൺ, യൂസേബിയസ് എന്നിവർ മൂന്നാം ലേഖനത്തെ കാണുന്നത്. യെരുശലേമിലെ സിറിൾ, അലക്സാണ്ടിയയിലെ ക്ലമന്റ്, ഡയോനീസിയസ് എന്നിവർ ഈ ലേഖനത്തെ അംഗീകരിച്ചിരുന്നു. മുറട്ടോറിയൻ കാനോനിലെ തെളിവുകൾ ഈ കാര്യത്തിൽ വ്യക്തമല്ല. ആന്തരികമായ തെളിവുകൾ ഒന്നും രണ്ടും ലേഖനങ്ങളോടു യോജിക്കുന്നു. ലേഖനങ്ങൾ ഓരോന്നും അന്യോന്യം അവയുടെ ഗ്രന്ഥകർതൃത്വത്തെ പിൻതാങ്ങുന്നു. മൂന്നാമത്തെ ലേഖനവും യോഹന്നാൻ അപ്പൊസ്തലൻ തന്നെ എഴുതി എന്ന പരമ്പരാഗതമായ വിശ്വാസത്തെ ബന്ധിക്കുവാൻ മതിയായ യാതൊരു കാരണങ്ങളും ഇതേവരെ കണ്ടെത്തിയില്ല. 

എഴുതിയ കാലം: യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങൾ എന്ന പോലെ മൂന്നാംലേഖനം എഴുതിയ കാലഘട്ടത്തെക്കുറിച്ചും ഇരുവിധ അഭിപ്രായങ്ങളുണ്ട്. യെരുശലേം ദേവാലയത്തിന്റെ നാശത്തിനു തൊട്ടുമുമ്പ് യെരുശലേമിൽനിന്നാണ് ലേഖനം എഴു തിയതെങ്കിൽ എ.ഡി. 70-നു മുമ്പ് എഴുതിയിരിക്കണം. എന്നാൽ യോഹന്നാന്റെ അന്ത്യനാളുകൾ താൻ ചിലവഴിച്ച എഫെസൊസിൽ വച്ച് ലേഖനം എഴുതപ്പെട്ടുവെന്നാണ് അധികം വേദപണ്ഡിതന്മാരും അഭി പ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ എ.ഡി. 90-നും 100-നുമിടയ്ക്ക് എഴുതി എന്നുവേണം വിചാരിപ്പാൻ. 

പശ്ചാത്തലവും സന്ദേശവും: ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായിരുന്ന സഭാജീവിതത്തിന്റെ വിവിധ രൂപരേഖകൾ ഈ ലേഖനപശ്ചാത്തലത്തിൽ നമുക്ക് കാണുവാൻ കഴിയും. മഷിയും തൂവലുംകൊണ്ട് മൂന്നു പ്രത്യേക വ്യക്തികളെ അപ്പൊസ്തലൻ വരച്ചു കാട്ടുന്നുണ്ട്. അതിഥി സൽക്കാരപ്രിയനും ആത്മീയനുമായ ഗായോസ്, ശ്ലാഘനീയനായ ദെമെത്രിയോസ്, സ്നഹരഹിതനും സ്വാർത്ഥതല്പരനുമായ ദിയൊത്രെഫേസ്. ദിയൊത്രെഫേസ് ഏതുകാലയളവിലും സഭകളിൽ കാണപ്പെടുന്ന സ്വാർത്ഥതല്പരരായ ആളുകളുടെ ചിത്രമാണ്. മറുവശത്ത് സമന്മാരായിരുന്ന അദ്ധ്യക്ഷന്മാർക്കു മീതെ അദ്ധ്യക്ഷത ചെയ്യുവാൻ തത്രപ്പെടുന്ന ഒരു വ്യക്തിയായി കൂടി തന്നെ കാണുന്നു. ഈ പ്രവണതയും പരിണതഫലമാണ് രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ച് ഇന്നും തുടരുന്ന എപ്പിസ്കോപ്പൽ സമ്പ്രദായം. 

പ്രധാന വാക്യങ്ങൾ: 1. “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” 3യോഹന്നാൻ 1:4.

2. “തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.” 3യോഹന്നാൻ 1:7.

3. “പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.” 3യോഹന്നാൻ 1:11.

പുസ്തക വിഭജനം: 

I. അഭിവാദനം: വാ.1-4.

ll. ഭക്തനായ ഗായോസ്: വാ.5-8.

III. ഏകാധിപതിയായ ദിയോത്രെഫേസ്: വാ,9-11.

IV. സമർപ്പിതനായ ദെമെത്രിയോസ്: വാ.12.

V. അപ്പൊസ്തലിക ഉദ്ദേശവും ആശീർവാദവും: വാ.13,14.

2യോഹന്നാൻ

യോഹന്നാൻ ഏഴുതിയ രണ്ടാം ലേഖനം (Book of 2 John)

പുതിയനിയമത്തിലെ ഇരുപത്തി നാലാമത്തെ പുസ്തകം. പദസമുച്ചയം, ശൈലി, ചിന്ത, സ്വഭാവം എന്നിവയിൽ രണ്ടും മൂന്നും ലേഖനങ്ങൾ ഒന്നാം ലേഖനത്തോടു സാജാത്യം പുലർത്തുന്നു. അതിനാൽ മൂന്നു ലേഖനങ്ങളുടെയും എഴുത്തുകാരൻ ഒരേ വ്യക്തിയാണെന്നതിൽ സംശയിക്കേണ്ടതില്ല. മുപ്പനായ ഞാൻ (2:1; 3;1) എന്നാണ് രണ്ടു ലേഖനങ്ങളിലും എഴുത്തുകാരൻ സ്വയം പരിചയപ്പെടുത്തുന്നത്. വളരെ ചെറിയ ലേഖനങ്ങളാണ് രണ്ടും. അനുവാചകരും, ലക്ഷ്യവും വിഭിന്നങ്ങളാണങ്കിൽ തന്നെയും പദപ്രയോഗത്തിൽ രണ്ടു ലേഖനങ്ങൾക്കും തമ്മിൽ സാമ്യമുണ്ട്. ആരംഭത്തിലെ സംബോധന സമാനമാണ്. സ്വീകർത്താവിന്റെ ആത്മീയ പുരോഗതിയിൽ എഴുത്തുകാരൻ രണ്ടു ലേഖനങ്ങളിലും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ലേഖനങ്ങളുടെ സമാപനവും ഏതാണ്ട് ഒരേ വിധത്തിൽത്തന്നെയാണാ. രണ്ടാം ലേഖനം എഴുതിയിരിക്കുന്നതു ‘മാന്യ നായകിയാർക്കും മക്കൾക്കും’ ആണ്. (വാ.1). സഭയെയും അവളുടെ ആത്മീയമക്കളെയും ആണ് ഇതു കുറിക്കുന്നതെന്നു പൊതുവെ കരുതപ്പെടുന്നു. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ കുറിയ (മാന്യ നായകി എന്നതിന്റെ ഗ്രീക്കു പദം) ഒരു വ്യക്തിയെക്കുറിക്കുന്നു. ലഭിച്ച കല്പനകളെ വിശേഷാൽ സഹോദര സ്നേഹത്തെക്കുറിച്ചുള്ള കല്പന പ്രമാണിക്കണമെന്ന് ആവശ്യപ്പെടുകയും ക്രിസ്തു ജഡത്തിൽ വന്നു എന്നു വിശ്വസിക്കാത്ത ദുരുപദേഷ്ടാക്കന്മാർക്കു താക്കീതു നല്കുകയും അവരോടു കുശലം പറകപോലും അരുതെന്നു ഉദേശിക്കുകയും ചെയ്യുന്നു. മുഖാമുഖം കണ്ടു സംസാരിക്കാനുള്ള ആശ പ്രകടിപ്പിച്ചുകൊണ്ടു ലേഖനം സമാപിക്കുന്നു. ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സ്നേഹത്തെയും സംബന്ധിച്ചുള്ള വിവരണത്തിൽ ഒന്നാം ലേഖനത്തെയും വ്യാജോപദേഷ്ടാക്കന്മാരുടെ വിവരണത്തിൽ പത്രൊസിന്റെ രണ്ടാം ലേഖനത്തെയും ഈ ലേഖനം ഓർമ്മിപ്പിക്കുന്നു.

ഗ്രന്ഥകർത്തൃത്വം: ഗ്രന്ഥകർത്തത്വത്തെ സംബന്ധിച്ച് ഒന്നാം ലേഖനവുമായി തട്ടിച്ചുനോക്കുമ്പോൾ ബാഹ്യമായ തെളിവുകൾ രണ്ടാം ലേഖനത്തിൽ തുലോം പരിമിതമാണ്. ഐറേനിയസ് ഈ ലേഖനത്തിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും മറ്റ് പലരെയും പോലെതന്നെ, പ്രസ്തുത ലേഖനം ഒന്നാം ലേഖനത്തിന്റെ ഭാഗം എന്ന് വിശ്വസിച്ചു പോന്നു. (അദ്ധ്യായങ്ങളും വാക്യങ്ങളും വിഭജിച്ചത് നൂറ്റാണ്ടുകൾക്കു ശേഷമാണല്ലോ) ഒറിഗൺ ലേഖനത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരിക്കുന്നു. എന്നാൽ അലക്സാണ്ട്രിയയിലെ ക്ലമന്റും, ഡയോനീഷ്യസും യോഹന്നാനാണ് ഗ്രന്ഥകാരൻ എന്ന് ഒരു പോലെ സമ്മതിക്കുന്നു. 10-ാം വാക്യം യോഹന്നാൻ അപ്പൊസ്തലൻ തന്നെ എഴുതിയിട്ടുള്ളതെന്ന് സിപ്രീയൻ സമ്മതിച്ചിട്ടുണ്ട്. യോഹന്നാന്റെ സുവിശേഷം ഒന്നും മൂന്നും ലേഖനങ്ങൾ ഇവയുടെ സ്വഭാവം, ഭാഷാശൈലി എന്നിവയോടു കാണുന്ന പൊരുത്തം കണക്കാക്കിയാണ് ആന്തരിക തെളിവുകൾ നിരത്തിയിട്ടുള്ളത്. രണ്ടും മൂന്നും ലേഖനങ്ങളുടെ ആരംഭം ഒന്നാം ലേഖനത്തിൽ നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നുവെങ്കിലും മൂന്ന് ലേഖനങ്ങളുടെയും ഗ്രന്ഥകർത്തൃത്വം യോഹന്നാനിൽ തന്നെ ആരോപിക്കുന്നതിന് ആരും വിസമ്മതിക്കുന്നില്ല. ഒരേ വ്യക്തി ഏതാണ്ട് ഒരേ കാലയളവിൽ ഇത് എഴുതി എന്ന് വിശ്വസിക്കാം. രണ്ടാം ലേഖനത്തിന്റെ എഴുത്തുകാരൻ യോഹന്നാൻ അപ്പൊസ്തലൻ തന്നെയാണെന്ന് പരമ്പരാഗതമായ വിശ്വാസത്തെ ഖണ്ഡിക്കത്തെക്ക ഏതെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കുന്നില്ല.

എഴുതിയ കാലം: യോഹന്നാന്റെ ഒന്നാം ലേഖനം പോലെ തന്നെ, രണ്ട് പൊതു കാഘട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഒന്നുകിൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെടുന്നതിന് മുമ്പ് (AD 70) അല്ലെങ്കിൽ (AD 90-100) ഇടയ്ക്ക് എഴുതപ്പെട്ടു എന്നു കരുതുന്നു. ആദ്യം പ്രസ്താവിച്ച കാലഘട്ടത്തിലാണ് എഴുതിയതെങ്കിൽ യരുശലേമിൽനിന്നും, രണ്ടാമത്തെ കാലഘട്ടമാണ് സ്വീകാര്യമെങ്കിൽ അപ്പൊസ്തലന്റെ അന്ത്യനാളുകൾ താൻ ചിലവഴിച്ച എഫേസോസിൽ നിന്നും ഇതെഴുതിയെന്ന് വിചാരിപ്പാൻ ന്യായമുണ്ട്. പൊതുവെ, രണ്ടാമത്തെ കാലമാണ് അംഗീകരിക്കപ്പെട്ടിരിക്കുനത്.

പശ്ചാത്തലവും സന്ദേശവും: ആദിമസഭകളിലെ സഞ്ചാരസുവിശേഷകന്മാരുടെ തീവ്രയത്നമാണ് ഈ ലേഖനത്തിന്റെ പശ്ചാത്തലം. ഇങ്ങനെ സഞ്ചരിച്ചുകൊണ്ട് ശുശ്രൂഷചെയ്തുവന്ന സുവിശേഷകന്മാർക്ക് ക്രിസ്തീയ ഭവനങ്ങളിലും സഭകളിലും പാർപ്പിടവും, ആഹാരവും, ചില സാഹചര്യങ്ങളിൽ സാമ്പത്തിക സഹായവും നല്കിപോന്നു. വളരെ വേഗത്തിൽ ദുരുപദേഷ്ടാക്കന്മാരായ ആളുകൾ തങ്ങളുടെ ദുരുപദേശപ്രചരണത്തിനു വേണ്ടി ഇതേമാർഗ്ഗം അവലംബിക്കാൻ തുടങ്ങി. ഒന്നാം നൂറ്റാണ്ടിലെ ദുരുപദേഷ്ടാക്കന്മാർക്കെതിരെ ശബ്ദിക്കുക, ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്ന വിഷയമായിരുന്നു എങ്കിൽ, ഇക്കാലഘട്ടത്തിലെ വിവിധ വിഭാഗക്കാർ, ദുരുപദേഷ്ടാക്കൾ, വ്യാജമതങ്ങൾ ഇവയോട് അപ്പൊസ്തലന് പറയാനുള്ളത് എന്തായിരിക്കും? ചിന്തിക്കുക. രണ്ടാം ലേഖനത്തിലെ കേന്ദ്രവിഷയമിതാണ്: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ആളത്വത്തെ സംബന്ധിച്ച് തെറ്റായ വിധത്തിൽ ഉപദേശിക്കുന്ന വ്യക്തികളും കൂട്ടങ്ങളുമായി യാതൊരുവിധ സഹകരണവും നമുക്ക് പാടില്ലാത്തതാകുന്നു. (വാ,10,11).

പ്രധാന വാക്യങ്ങൾ: 1. “നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,” 2യോഹന്നാൻ 1:1.

2. “നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.” 2യോഹന്നാൻ 1:6.

3. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.” 2യോഹന്നാൻ 1:9,10.

ബാഹ്യരേഖ: I. അപ്പൊസ്തലിക അഭിവാദനം: കൃപയും കരുണയും സമാധാനവും; 1:3. 

II. അപ്പൊസ്തലന്റെ സന്തോഷം: അനുസരണയുള്ള മക്കൾ; (വാ.4. 

III. അപ്പൊസ്തലിക പ്രബോധനം: സ്നേഹത്തിൽ നടക്കുക; വാ.5,6. 

IV അപ്പൊസ്തലിക കരുതൽ: വഞ്ചകരായ എതിർ ക്രിസ്തുക്കൾ; വാ.7-11.

V. അപ്പൊസ്തലിക പ്രത്യാശ: ഒരു വ്യക്തിഗത സന്ദർശനം; വാ.12,13.

1യോഹന്നാൻ

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം (Book of 1 John)

പുതിയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം, സാർവ്വത്രിക ലേഖനങ്ങളിൽ നാലാമത്തേതും. അഭിവാദനം, അന്തിമവന്ദനം, വ്യക്തികൾക്കുള്ള സന്ദേശം എന്നിങ്ങനെയുള്ള ഒരെഴുത്തിന്റെ രൂപം ഈ ലേഖനത്തിനില്ല. ആസ്യയിലെ സഭകളെ അഭിസംബോധന ചെയ്തതെഴുതിയ ഒരിടയലേഖനം അഥവാ ചാക്രിക ലേഖനമായിരിക്കണം ഇത്. ക്രിസ്തുമതത്തിന്റെ അടിസ്ഥാന ഉപദേശങ്ങളുടെ വിശദീകരണവും പ്രായോഗിക ജീവിതത്തിൽ പിന്തുടരേണ്ട നൈതികോപദേശങ്ങളും ഈ ലേഖനത്തിലുണ്ട്. 

ഗ്രന്ഥകർത്താവും കാലവും: നാലാം സുവിശേഷത്തിന്റെ കർത്താവു തന്നെയാണ് ഈ ലേഖനത്തിന്റെയും കർത്താവ്. സുവിശേഷത്തിലോ ലേഖനത്തിലോ എഴുത്തുകാരൻ തന്റെ പേരു നിർദ്ദേശിച്ചിട്ടില്ല. ആദിമസഭ രണ്ടു ഗ്രന്ഥങ്ങളുടെയും എഴുത്തുകാരനായി യേശുക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരിൽ ഒരുവനായ യോഹന്നാനെ അംഗീകരിച്ചിരുന്നു. സാർവ്വത്രിക ലേഖനങ്ങളിൽ ബാഹ്യതെളിവുകൾ അധികമുള്ളത് ഇതിനാണ്. പാപ്പിയാസ്, ഐറേനിയുസ്, തെർത്തുല്യൻ, അലക്സാണ്ട്രിയയിലെ ക്ലെമന്റ് തുടങ്ങിയവർ ഈ ലേഖനത്തിന്റെ കർത്താവു യോഹന്നാൻ അപ്പൊസ്തലനാണെന്നു എ.ഡി. രണ്ടാം നൂറ്റാണ്ടിൽ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുററ്റോറിയൻ ലിഖിതത്തിലും പഴയ സുറിയാനി പരിഭാഷയിലും ഇതിനെ യോഹന്നാന്റെ ലേഖനമായി ചേർത്തിട്ടുണ്ട്. ലേഖനത്തിലെ ആന്തരിക തെളിവുകളും ലേഖനകർത്താവ് യോഹന്നാൻ ആണെന്ന നിഗമനത്തെ ശരിവയ്ക്കുന്നു. അപ്പൊസ്തലിക അധികാരത്തോടു കൂടിയാണ് എഴുത്തുകാരൻ എഴുതുന്നത്. (1:2; 2;1; 4:6, 14). അദ്ദേഹത്തിന് ക്രിസ്തുവുമായി വൈയക്തിക ബന്ധമുണ്ടായിരുന്നു; സുവിശേഷത്തിന്റെ ആധാരവസ്തുതകളുടെ പ്രത്യക്ഷജ്ഞാനം സിദ്ധിച്ചിരുന്നു. (1:1-3; 4:14). ജീവിതം മുഴുവൻ താൻ പഠിപ്പിച്ച സത്യങ്ങൾ ശിഷ്യന്മാർക്കു വേണ്ടി ഒടുവിലായി രേഖപ്പെടുത്തി നല്കുന്ന വൃദ്ധനായ ഒരപ്പൊസ്തലന്റെ ശൈലിയും സ്വരവുമാണു ഈ ലേഖനത്തിനുള്ളത്. പ്രതിപാദ്യം, പ്രതിപാദനരീതി, ഭാഷ, ശൈലി എന്നിവയിൽ സുവിശേഷത്തിനും ഈ ലേഖനത്തിനും തമ്മിൽ അന്യാദൃശമായ സാമ്യമുണ്ട്. 51 സാമ്യങ്ങൾ ബ്രൂക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ നൈതികവും പ്രായോഗികവുമായ സമീപനമാണ് ലേഖനം. ജീവൻ, വെളിച്ചം, ഇരുട്ട്, ലോകം തുടങ്ങിയ സുവിശേഷപദങ്ങളും നിത്യജീവൻ, പുതിയ കല്പന, ക്രിസ്തുവിൽ വസിക്കുക തുടങ്ങിയ സവിശേഷപ്രയോഗങ്ങളും രണ്ടു ഗ്രന്ഥങ്ങളിലും കാണാം. വൈജാത്യങ്ങൾ വളരെ കുറവാണ്; ഉള്ളവ തന്നെ വിശദീകരണക്ഷമവും. ആദ്യം എഴുതപ്പെട്ടത് സുവിശേഷമാണോ ലേഖനമാണോ എന്നു വ്യക്തമായി പറയുവാൻ കഴിയുകയില്ല. അപ്പൊസ്തലന്റെ ജീവിത സായാഹ്നത്തിൽ അതായത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി സുവിശേഷം എഴുതപ്പെട്ടു എന്നാണ് പാരമ്പര്യം. ക്രിസ്തീയ ഉപദേശത്തെ പഴയകല്പന (2:7) എന്നു പറയുന്നതിൽ നിന്നും ക്രിസ്തു മാർഗ്ഗം കുറെക്കാലമായി നിലനില്ക്കുന്നു എന്ന ധ്വനി ലഭിക്കുന്നു. ലേഖനത്തിന്റെ രചനാകാലം പിന്നീടാണന്നതിന്റെ പരോക്ഷസൂചനയാണത്. ജ്ഞാനമതത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കാലത്താണ് ഈ ലേഖനം എഴുതിയത്. ട്രാജന്റെ കാലം വരെ (98-117) യോഹന്നാൻ ജീവിച്ചിരുന്നതായി ഐറീനിയസ് പ്രസ്താവിച്ചിട്ടുണ്ട്. മിക്കവാറും എ.ഡി. 90-നും 100-നും ഇടയ്ക്ക് എഫെസൊസിൽ വച്ചു ഈ ലേഖനം എഴുതിയിരിക്കണം. 

അനുവാചകർ: അനുവാചകരെ കുറിച്ചുള്ള വ്യക്തമായ സൂചന ലേഖനത്തിലില്ല. പാർത്ഥ്യർക്കെഴുതി എന്ന അഗസ്ത്യന്റെ അഭിപ്രായം എല്ലാവർക്കും സമ്മതമല്ല. പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണികളുടെ അഭാവവും വിഗ്രഹങ്ങൾക്ക് എതിരെയുള്ള താക്കീതും (5:21) അനുവാചകർ വിജാതീയരാണെന്ന നിഗമനത്തിനു വഴി നല്കുന്നു. ലേഖനത്തിലെ സൂചനകളിൽ നിന്നും അവർ ക്രിസ്ത്യാനികളായിട്ടു വളരെ നാളുകളായി എന്നും ക്രിസ്തീയ സത്യങ്ങളെക്കുറിച്ചു അവർക്കു അനല്പമായ അറിവുണ്ടായിരുന്നു എന്നും വ്യക്തമാണ്. (2:7, 18, 20, 21, 24, 27; 3:11). അപ്പൊസ്തലന്റെ ഒടുവിലത്തെ വർഷങ്ങൾ എഫെസൊസിലാണ് ചെലവഴിച്ചത്. ആസ്യയിലെ സഭകളിലും അപ്പൊസ്തലൻ ശുശ്രൂഷിച്ചിരുന്നു. (വെളി, 1:11). തന്മൂലം എഫെസൊസിലെയും ആസ്യയിലെയും വിശ്വാസികൾക്കു വേണ്ടിയാണ് അപ്പൊസ്തലൻ ഈ ലേഖനമെഴുതിയതെന്ന് ഉറപ്പാക്കാം. 

ഉദ്ദേശ്യം: ലേഖനരചനയുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങൾ പ്രധാനമായും നാലാണെന്നു അപ്പൊസ്തലൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1. നമ്മുടെ സന്തോഷം പൂർണ്ണമാകുന്നതിന് (1:4); 2. പാപം ചെയ്യാതിരിക്കുന്നതിന് (2:1); 3. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ ഉണ്ടെന്നു അറിയേണ്ടതിന് (5:3); 4. ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പു നല്കുന്നതിന് (2:16). തന്റെ എതിർപ്പിനു വിധേയമാകുന്ന ദുരുപദേശങ്ങളെക്കുറിച്ചു അപ്പൊസ്തലൻ സ്പഷ്ടമായി പറയുന്നില്ല. എന്നാൽ ജ്ഞാനമതമാണ് അപ്പൊസ്തലന്റെ വീക്ഷണത്തിൽ ഉണ്ടായിരുന്നതെന്നു ലേഖനം വ്യക്തമാക്കുന്നുണ്ട്. ദുരുപദേഷ്ടാക്കന്മാർ എതിർക്രിസ്തുക്കൾ ആണ്. (2:18, 22; 4:3). സാധാരണ ക്രിസ്ത്യാനിക്കു ലഭിച്ചിട്ടുള്ളതിനെക്കാൾ ഉന്നതമായ ജ്ഞാനം ലഭിച്ചിട്ടുണ്ടെന്നവർ അവകാശപ്പെടുന്നു. (1യോഹ, 2:4). അവർ യേശുവിന്റെ ക്രിസ്തുത്വത്തെയും (2:22), ദൈവപുത്രത്വത്തെയും (4:15; 5:5), യേശുക്രിസ്തുവിന്റെ ജഡത്തിലുള്ള വെളിപ്പാടിനെയും (4:2) നിഷേധിക്കുന്നു. സഭയുടെ നൈതിക ഉപദേശത്തെയും ജ്ഞാനവാദികൾ എതിർക്കുന്നു. മനുഷ്യ ആളത്തത്തിനു ദൈവത്തോടുള്ള നൈതികമായ എതിർപ്പല്ല, മറിച്ചു ദ്രവ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഭൗതികതത്വം മാത്രമാണ് പാപം എന്നതേ അവർ പഠിപ്പിക്കുന്നത്. 

പ്രധാന വാക്യങ്ങൾ: 1. “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു” 1യോഹന്നാൻ 1:1,2.

2. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” 1യോഹന്നാൻ 1:8,9.

3. “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” 1യോഹന്നാൻ 2:2.

4. “അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.” 1യോഹന്നാൻ 3:6.

5. “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” 1യോഹന്നാൻ 4:7.

6. “ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.” 1യോഹന്നാൻ 5:13.

7. “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” 1യോഹന്നാൻ 5:20.

വിഷയരേഖ: 1. ജഡത്തിലുള്ള വെളിപ്പാടിൻ്റെ ഉണ്മ: 1:1-4. 

2. ദൈവവുമായുള്ള കൂട്ടായ്മയുടെ തത്വങ്ങൾ: 1:5-2:2.

3. ദൈവത്തോടുള്ള കൂട്ടായ്മയുടെ ബഹിഷ്പ്രകടനം: 2:3-28.

a. അനുസരണം: 2:3-6.

b. സ്നേഹം: 2:7-11.

c. ലോകത്തിൽ നിന്നുള്ള വേർപാടു: 2:12-17.

d. ദുരുപദേശങ്ങൾക്ക് എതിരെയുള്ള മുന്നറിയിപ്പ്: 2:18-29.

4.  ദൈവമക്കൾ: 3:1-24. 

5. സത്യത്തിന്റെ ആത്മാവ്: 4:1-6.

6. സഹോദര സ്നേഹത്തിന്നായുള്ള അപേക്ഷ: 4:7-21.

7. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഫലം: 5:1-12.

8. രക്ഷയുടെ നിശ്ചയവും അതിന്റെ ഫലവും: 5:13-17.

9. വിശ്വാസിക്കു ഉറപ്പുള്ള മൂന്നു കാര്യങ്ങൾ: 5:18-21.

സവിശേഷതകൾ: ഈ ലേഖനത്തിനു ആറു സവിശേഷതകൾ ഉണ്ട്. 1. പരസ്പര വൈരുദ്ധ്യങ്ങളെ അവതരിപ്പിച്ചു ക്രിസ്തീയ ജീവിതം എന്താണെന്നു വ്യക്തമാക്കുന്നു. വെളിച്ചവും ഇരുളും, സത്യവും ഭോഷ്കും , നീതിയും പാപവും, സ്നേഹവും വെറുപ്പും, ദൈവസ്നേഹവും ലോകസ്നേഹവും, ദൈവമക്കളും പിശാചിന്റെ മക്കളും എന്നിങ്ങനെ പോകുന്നു വൈരുദ്ധ്യങ്ങൾ. ഒരു മദ്ധ്യമമാർഗ്ഗം സ്വീകരിക്കുവാൻ ക്രിസ്ത്യാനിക്കു കഴിയുകയില്ല. 2. സുവിശേഷത്തിൽ എന്നപോലെ ലേഖനത്തിലും ദൈവം ക്രിസ്തുവിൽ വെളിച്ചം, സ്നേഹം, ജീവൻ (light, love, life) എന്നു മൂന്നു നിലകളിൽ വെളിപ്പെട്ടു. ദൈവം വെളിച്ചമാണ്. (1:5-2:9), ദൈവം സ്നേഹമാണ് (3:1-4:21), ദൈവം ജീവനാണ് (5:1-20). 3. യേശുക്രിസ്തുവിനെ കാര്യസ്ഥൻ എന്നു പറഞ്ഞിട്ടുള്ള ഏക പുസ്തകം ഇതാണ്. (2:1-2; ഒ.നോ; യോഹ, 14:16,17, 26; 15:26; 17:7,8). 4. ലേഖനത്തിന്റെ സന്ദേശം പഴയനിയമ വെളിപ്പാടിലല്ല പ്രത്യുത അപ്പൊസ്തലിക സാക്ഷ്യത്തിലാണ് അധിഷ്ഠിതം. പഴയനിയമ ഉദ്ധരണികൾ ഇതിലില്ല. 5. അനുഭവ ജ്ഞാനത്തിന്റെയും ക്രിസ്തീയ നിശ്ചയത്തിന്റെയും ലേഖനമാണിത്. നാം അറിയുന്നു എന്ന പ്രയോഗം 14 പ്രാവശ്യം ഇതിലുണ്ട്. (2:3, 5, 29; 3:2, 14, 16, 19, 24; 4:13, 16; 5:15, 18, 19,20). അറിയുന്നു എന്ന പദം 40 പ്രാവശ്യമുണ്ട്. 6. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം എന്നിങ്ങനെ പാപത്തിന്റെ സ്വരൂപത്തെക്കുറിച്ചുള്ള വിവരണം ഈ ലേഖനത്തിൽ മാത്രമാണുള്ളത്. (2:15-17). 

2പത്രൊസ്

പത്രൊസ് എഴുതിയ രണ്ടാം ലേഖനം (Book of 2 Peter)

പുതിയനിയമത്തിലെ ഇരുപത്തി രണ്ടാമത്തെ പുസ്തകം. സാർവ്വത്രിക ലേഖനങ്ങളിൽ മുന്നാമത്തതും. ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചു പ്രതിപാദിക്കുകയും ദുരുപദേശങ്ങളെ ഖണ്ഡിക്കുകയും തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ ഉറപ്പിക്കുകയും ചെയ്യുന്ന ലേഖനമാണിത്. ശിമോൻ പത്രൊസ് എഴുതി എന്ന് ആമുഖത്തിൽ രേഖപ്പെടുത്തുകയും ഇതു രണ്ടാം ലേഖനമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. (2പത്രൊ, 1:1; 3:1). 

എഴുത്തുകാരൻ: രണ്ടാം ലേഖനത്തിന്റെ എഴുത്തുകാരൻ ആരെന്നതിനെക്കുറിച്ചു അഭിപ്രായഭേദം ഉണ്ട്. പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വത്തിന് എതിരായി പ്രധാനമായി മൂന്നു കാരണങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നു. 1. യൂദായുടെ ലേഖനത്തിനും പത്രൊസിന്റെ രണ്ടാം ലേഖനത്തിനും തമ്മിലുള്ള സാമ്യം. (യൂദാ, 4-16 –  2പത്രൊ, 2 :1-8) 2. ഒന്നാം ലേഖനത്തിന്റെയും രണ്ടാം ലേഖനത്തിന്റെയും ശൈലീവ്യത്യാസം. 3. പത്രൊസിന്റെ മരണാനന്തരമുള്ള പല സംഭവങ്ങളും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. തന്മൂലം രണ്ടാം നൂറ്റാണ്ടിലെ ആരോ പത്രൊസിന്റെ പേരിലെഴുതിയിരിക്കുവാൻ സാധ്യതയുള്ളതായി ചിലർ കരുതുന്നു. എന്നാൽ ലേഖനത്തിന്റെ ഒരു ഭാഗം പത്രൊസ് എഴുതി എന്നു കരുതുന്നവരും വിരളമല്ല. 

പുതിയനിയമ കാനോനിലെ പുസ്തകങ്ങളിൽ വച്ച് ബാഹ്യതെളിവുകൾ ഏറ്റവും കുറവ് പത്രൊസിന്റെ രണ്ടാം ലേഖനത്തിനാണ്. ഓറിജിന്റെ കാലത്തിനു (എ.ഡി. 250) മുൻപു സഭാപിതാക്കന്മാരിലാരും ഈ ലേഖനത്തിൽ നിന്നു നേരിട്ടുദ്ധരിച്ചിട്ടുള്ളതായി കാണുന്നില്ല. ഒന്നാംലേഖനം പത്രൊസ് എഴുതി എന്നംഗീകരിക്കുന്ന ഓറിജിൻ രണ്ടാം ലേഖനത്തിന്റെ കർതൃത്വത്തെക്കുറിച്ചു സംശയാലുവാണ്. എന്നാൽ പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വം നിഷേധിച്ചിട്ടില്ല. യുസിബിയസ് ഈ ലേഖനത്തെ വിവാദപരമായ പുസ്തകങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. മുററ്റോറിയൻ രേഖാശകലത്തിലും പ്രാചീന സിറിയക് ലത്തീൻ പാഠങ്ങളിലും 2പത്രൊസ് ഉൾപ്പെട്ടിട്ടില്ല. 

പത്രാസിന്റെ ഗ്രന്ഥകർത്ത്യത്വത്തിന് അനുകൂലമായി ചില ആന്തരിക തെളിവുകൾ ഉണ്ട്. ലേഖകൻ അപ്പൊസലനായ ശിമോൻ പത്രൊസ് എന്നു വ്യക്തമാക്കുന്നു. (1:1. പത്രൊസിന്റെ ജീവിതത്തെ സംബന്ധിക്കുന്ന ചില സംഭവങ്ങളുടെ സൂചനകൾ ലേഖനത്തിലുണ്ട്. യേശു ക്രിസ്തുവിന്റെ രൂപാന്തരത്തിനു എഴുത്തുകാരൻ ദൃക്സാക്ഷിയാണ്. (1:17; മത്താ, 17:1-8). കർത്താവ് ലേഖകൻ്റെ മരണം പ്രവചിക്കുന്നു. (1:14; യോഹ, 21:18,19). മുൻപു ഒരു ലേഖനമെഴുതിയിട്ടുണ്ടെന്ന പ്രസ്താവന. (3:11). നമ്മുടെ പ്രിയ സഹോദരനായ പൗലൊസ് എന്നു പൗലൊസിനെക്കുറിച്ചുള്ള പരാമർശം. (3:15,16). രണ്ടാം നൂറ്റാണ്ടിലെ ഒരുവനാണു ഈ ലേഖനം എഴുതിയതെങ്കിൽ പൗലൊസിനെ പ്രിയ സഹോദരൻ എന്നു പറയാതെ കുറെക്കുടെ ബഹുമാനത്തോടു കൂടി ‘വാഴ്ത്തപ്പെട്ട അപ്പൊസ്തലൻ’ എന്നേ പറയുമായിരുന്നുള്ളു. ശൈലീവ്യത്യാസം വിശദീകരണക്ഷമമാണ്. ഒരു വ്യത്യസ്ത സമൂഹത്തിനാണ് പത്രൊസ് തന്റെ രണ്ടാം ലേഖനം എഴുതിയത്. ഒന്നാം ലേഖനം സില്വാനൊസിനെ കൊണ്ടാണ് പത്രൊസ് എഴുതിച്ചത്. എന്നാൽ ഈ ലേഖനം സ്വന്തം കൈകൊണ്ട് എഴുതിയതായിരിക്കണം. അല്ലെങ്കിൽ മറ്റാരെയെങ്കിലും സഹായിയായി സ്വീകരിച്ചിരിക്കണം. എഴുതിയ കാലത്തിന്റെ വ്യത്യാസവും കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിദ്ധ്യവും ശൈലീവ്യത്യാസത്തിനു കാരണമാണ്.

സ്ഥലവും കാലവും: പൗലൊസിന്റെ ലേഖനങ്ങൾ കുറെയെങ്കിലും പ്രസിദ്ധീകരിച്ചതിനുശേഷം ആയിരിക്കണം ഈ ലേഖനം എഴുതിയത്.  അതിനാൽ എ.ഡി. 60-നു മുൻപാകാൻ ഇടയില്ല. തന്റെ മരണം ആസന്നമായിരിക്കുന്നു എന്ന സുചനയും (1:13-15) പൗലൊസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള പരാമർശവും ചൂണ്ടിക്കാണിക്കുന്നത് എ-ഡി. 66-ലോ 67-ലോ ലേഖന രചന നടന്നിരിക്കണം എന്നാണ്. നീറോയുടെ പീഡനം കഠിനമായിരുന്ന കാലത്താണു ഈ ലേഖനം റോമിൽ നിന്ന് അയച്ചത്.

ഉദ്ദേശ്യം: തനിക്ക് ഇനിയും അധികസമയം ശേഷിക്കുന്നില്ലെന്ന് പത്രൊസിനു മനസ്സിലായി. (1:13-15). അപ്പൊസ്തരന്മാരുടെ കാലശേഷം കള്ളപ്രവാചകന്മാർ സഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറുവാൻ സാധ്യതയുണ്ട്. (2:1-3). അങ്ങനെയുള്ള അപകടത്തെ അഭിമുഖീകരിക്കാൻ സഭയെ പ്രാപ്തരാക്കണം. അതുകൊണ്ട് അവർ അറിഞ്ഞ സത്യത്തിൽ ഉറച്ചു നിൽക്കുന്നവരാണെന്ന് പത്രൊസ് അവരെ പിന്നെയും ഓർപ്പിക്കുന്നു. (1:12). അവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുക വഴി, (3:1,2) അവന്റെ പഠിപ്പിക്കലിനെ അവർ എന്നും ഓർക്കുവാൻ ഇടയാകും. (1:15). നിർദ്ദിഷ്ട ക്രിസ്ത്യൻ സദ്‌ഗുണങ്ങൾ ചേർത്ത് അവരുടെ വിശ്വാസത്തിൽ കൂടുതൽ പക്വത പ്രാപിക്കാൻ അവൻ വിശ്വാസികളെ വെല്ലുവിളിച്ചു, അതുവഴി യേശുക്രിസ്തുവിനെക്കുറിച്ചുള്ള അവരുടെ അറിവ് കുടുതൽ ഫലപ്രദവുമായിത്തീരും. (1:5-9). പഴയപുതിയനിയമ പ്രവചനങ്ങൾ സ്വയമായി ഉണ്ടായതല്ല; പരിശുദ്ധാത്മ നിയോഗത്താൽ ഉളവായതാണ്. (1:12-21, 3: 2, 3: 15-16). സഭകളിൽ നുഴഞ്ഞുകയറുന്ന വ്യാജോപദേഷ്ഠാക്കന്മാരെ നേരിടാൻ വിശ്വാസികൾ പ്രാപ്തരാകണമെന്നും പത്രൊസ് ആഗ്രഹിച്ചു. അവർ തങ്ങളെ വില്യ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുന്നവരാണ്. (2:1). കൂടാതെ കർത്താവിന്റെ രണ്ടാം വരവിനെ അവർ പരിഹസിക്കുകയും ചെയ്യും. (3-7). രണ്ടാമത്തെ വരവ് വിശുദ്ധ ജീവിതത്തിനുള്ള പ്രചോദനമാണെന്ന് ക്രിസ്ത്യാനികളെ പത്രൊസ് ഓർമ്മിപ്പിക്കുന്നു. (3:14). അന്തിമ മുന്നറിയിപ്പിനുശേഷം, തങ്ങളുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരാൻ പത്രൊസ് വീണ്ടും അവരെ ഉദ്ബോധിപ്പിക്കുന്നു. (3:18).

പ്രധാന വാക്യങ്ങൾ: 1. “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” 2പത്രൊസ് 1:3,4.

2. “അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.” 2പത്രൊസ് 1:5-7.

3. “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.” 2പത്രൊസ് 2:20.

4. “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” 2പത്രൊസ് 3:9.

5. “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.” 2പത്രൊസ് 3:18.

വിഷയവിഭജനം: 1. വന്ദനം: 1:1,2.

2. ആത്മീയ പരിജ്ഞാനത്തിന്റെ സ്വഭാവം: 1:2-21.

3. വിശ്വാസ ത്യാഗത്തിന്റെ ദോഷസ്വഭാവം: 2:1-22.

4. ക്രിസ്തുവിന്റെ പുനരാഗമനം: 3:1-17.

5. ആശീർവാദം: 3:18.

സവിശേഷതകൾ: 1. തിരുവെഴുത്തുകളുടെ അധികാരം, വിശ്വാസ്യത, ദൈവിനിശ്വാസ്യത എന്നിവയെക്കുറിച്ചുള്ള പ്രൗഢമായ പ്രസ്താവനകളിലൊന്ന് ഈ ലേഖനത്തിലുണ്ട്. (1:19-21). 2. ഈ ലേഖനത്തിന്റെ താക്കോൽ വാക്ക് അറിവാണ്. അറിവ് അഥവാ അറിയുക എന്ന പ്രയോഗം മൂന്നു അദ്ധ്യായങ്ങളിലായി 16 സ്ഥാനങ്ങളിലുണ്ട്. (1:2,3, 5,6, 8, 12,13, 16, 20; 2:10, 20, 21,21; 3:4, 17,18). അവയിൽ ആറും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിനെ പരാമർശിക്കുന്നു. ഈ അറിവാകട്ടെ താത്വികമല്ല. പ്രത്യുത, ക്രിസ്തുവിനെക്കുറിച്ച് അനുഭവത്തിലൂടെയുളള പരിജ്ഞാനമാണ്. അതു കൃപയും സമാധാനവും ഫലവും നൽകുന്നതും (1:2, 8), ലോകത്തിന്റെ മാലിന്യത്തിൽ നിന്ന് മോചനം നൽകുന്നതും (2:20), ക്രിസ്തീയ വളർച്ചയുടെ മേഖലയുമാണ്. (3:18). ജ്ഞാനവാദത്തിനെതിരെയുള്ള ശക്തമായ വാദമുഖമാണിത്. 3. മൂന്നു ലോകങ്ങളെക്കറിച്ചുള്ള വിവരണം ഇതിലുണ്ട്. i) പ്രളയ പുർവ്വലോകം ജലപ്രളയത്താൽ നശിച്ചു. ii) ഇപ്പോഴത്തെ ലോകം-അഗ്നിക്കായി സൂക്ഷിച്ചിരിക്കുന്നു iii) നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും. (3:5-13). 4. ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുള്ള ഒരു പ്രധാന അദ്ധ്യായമാണ്.

1പത്രൊസ്

പത്രൊസ് എഴുതിയ ഒന്നാം ലേഖനം (Book of 1 Peter)

പുതിയനിയമത്തിലെ ഇരുപത്തൊന്നാമത്തെ പുസ്തകവും, സാർവ്വത്രിക ലേഖനങ്ങൾ എന്ന വിഭാഗത്തിൽ രണ്ടോമത്തേതുമാണ് പത്രൊസിന്റെ ഒന്നാം ലേഖനം. കഷ്ടതയും കഷ്ടതയുടെ നേർക്കുള്ള വിശ്വാസിയുടെ പ്രതികരണവുമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. വിടുതൽ കാണാതെ കഷ്ടം അനുഭവിച്ചുകൊണ്ട് നിരാശയിലൂടെ കടന്നു പോകുന്നവർക്കു പ്രത്യാശയുടെ സന്ദേശം നല്കുകയാണ് ലേഖനം.

ലേഖനകർത്താവ്: പത്രോസിന്റെ പേരിൽ എഴുതപ്പെട്ടിട്ടുള്ള രണ്ടു ലേഖനങ്ങളിലും ഏറ്റവും കൂടുതൽ സാക്ഷ്യങ്ങളുള്ളതു ഒന്നാം ലേഖനത്തിനാണ്. ഈ ലേഖനം അപ്പൊസ്തലനായ പത്രൊസ് എഴുതി എന്നു ആദിമസഭ പൊതുവെ അംഗീകരിച്ചിരുന്നു. പോളിക്കാർപ്പ് ഫിലിപ്പിയർക്കു എഴുതിയി ലേഖനത്തിൽ (എ.ഡി. 125) ഈ ലേഖനത്തിലെ പ്രയോഗങ്ങളുടെ ഛായ കാണാം. ബർന്നബാസിന്റെ ലേഖനത്തിലും ജസ്റ്റിൻ മാർട്ടിയറുടെ എഴുത്തുകളിലും ഇതിന്റെ പ്രതിധ്വനി ഉണ്ട്. ഐറേനിയസ് ആണ് (170 എ.ഡി.) ഈ ലേഖനം പത്രൊസിന്റേതായി ആദ്യം ഉദ്ധരിച്ചിട്ടുള്ളത്. പത്രൊസിന്റെ രണ്ടാം ലേഖനത്തിൽ ഒന്നാം ലേഖനത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയുണ്ട്. ആ പ്രസ്താവന ഈ ഒന്നാം ലേഖനത്തെക്കുറിച്ച് അല്ലാതിരിക്കുവാൻ ഇടയില്ല. (2പത്രൊ, 3:1). ഈ ലേഖനത്തിന്റെ കർത്താവു “യേശുക്രിസ്തുവിന്റെ അപ്പൊസ്ത്ലനായ പത്രൊസ്” എന്ന് ആമുഖവാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (1:1). ലേഖനത്തിന്റെ ആന്തരികഘടന പത്രൊസിന്റെ ഹൃദയവും ജീവിതവും വെളിപ്പെടുത്തുന്നതാണ്. ഗലീല കടൽക്കരയിൽ വെച്ചു പത്രോസിനു യേശു നല്കിയ നിയോഗത്തിനു സമാനമാണു (യോഹ, 21:16) ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചു കൊൾവിൻ എന്നു അദ്ധ്യക്ഷന്മാർക്കു പത്രൊസ് നല്കുന്ന നിയോഗം. (5:2). എല്ലാവരും താഴ്മ ധരിച്ചു കൊൾവിൻ (5:5) എന്ന വാക്കുകൾ അന്ത്യ അത്താഴത്തിന് യേശു തുവർത്ത് എടുത്തു അരയിൽ ചുറ്റി ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ (യോഹ, 13:3-5) ഓർപ്പിക്കുന്നു. താൻ ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയാണെന്നു പ്രസ്താവിക്കുന്നു; ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ കുറിച്ചു ആവർത്തിച്ചു പറയുന്നുമുണ്ട്. (2:21-24; 3:18; 4:1). അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുള്ള പത്രൊസിന്റെ പ്രഭാഷണങ്ങളിലെ പ്രയോഗങ്ങൾക്കും 1പത്രൊസിലെ പ്രയോഗങ്ങൾക്കും തമ്മിൽ ബന്ധമുണ്ട്. (1പത്രൊ, 1:17 – പ്രവൃ, 10:34; 1പത്രൊ, 1:21 – പ്രവൃ, 2:32; 10:40,41; 1പത്രൊ, 2:7,8 – പ്രവൃ, 4:10,11). 

ആധുനിക പണ്ഡിതന്മാരിൽ ചിലർ പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വത്തെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമായും മുന്നു വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്. 1. പൗലൊസിന്റെ ദൈവശാസ്ത്ര ചിന്തകളിൽ പലതും ഇതിൽ കാണുന്നതുകൊണ്ട് പത്രൊസല്ല ഇതിന്റെ എഴുത്തുകാരൻ. പത്രൊസും പൗലൊസും തമ്മിലുണ്ടായിരുന്ന അടുപ്പം സുവിദിതമാണ്. പൗലൊസിന്റെ ലേഖനങ്ങൾ പത്രൊസിനു സുപരിചിതമായിരുന്നു എന്ന് പത്രൊസിന്റെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉപദേശങ്ങളുടെ ഐക്യത്തിനു കാരണം പരിശുദ്ധാത്മാവിന്റെ നിയന്ത്രണമാണ്. ഉപദേശങ്ങളുടെ സാധർമ്മ്യം പത്രൊസിന്റെ കർത്തൃത്വം നിഷേധിക്കുവാൻ പര്യാപ്തമായ തെളിവല്ല. 2. ശുദ്ധവും സംസ്കൃതവുമായ ഗ്രീക്ക് ഭാഷയിലാണ് ഈ ലേഖനം എഴുതപ്പെട്ടിട്ടുളളത്. അനഭ്യസ്തനായ പത്രൊസിനു ഇങ്ങനെ എഴുതുവാൻ കഴിയുകയില്ല എന്നതാണ് അടുത്തവാദം. അക്കാലത്ത് സാഹിത്യഭാഷ എന്ന നിലയിൽ റോമാസാമ്രാജ്യം മുഴുവൻ ഗ്രീക്കു പ്രചരിച്ചിരുന്നു. മുപ്പതു വർഷത്തെ സമ്പർക്കം കൊണ്ട് ഗ്രീക്കുഭാഷ നല്ലവണ്ണം കൈകാര്യം ചെയ്യുവാൻ പത്രോസിനു കഴിഞ്ഞത് അത്ഭുതമല്ല. കുടാതെ പത്രൊസിന്റെ ആശയം സില്വാനൊസിന്റെ ഭാഷയിൽ എഴുതി എന്നു കരുതുന്നതിലും തെറ്റില്ല. സില്വാനൊസ് മുഖാന്തരം ലേഖനം എഴുതി എന്നു രേഖ പ്പെടുത്തിയിട്ടുണ്ട്. (5:12). 3. നീറോയുടെ കാലം മുതലാണ് റോമാകൈസർ ക്രിസ്തുസഭയെ ഉപദ്രവിച്ചു തുടങ്ങിയത്. അതുകൊണ്ട് പത്രൊസാണ് എഴുതിയതെങ്കിൽ പിന്നീടുണ്ടായ പീഡകളെക്കുറിച്ചുള്ള വിവരണം ലേഖനത്തിലുണ്ടാവാൻ സാധ്യതയില്ല എന്നതാണ് മൂന്നാമത്തെ വാദം. കൈസർ നേരിട്ടു സഭയെ ഉപദ്രവിച്ചില്ലെങ്കിൽ തന്നെയും കൈസറുടെ സഹായത്തോടുകൂടി ശ്രതുക്കൾ തുടക്കം മുതൽ സഭയെ ഉപദ്രവിച്ചു കൊണ്ടിരുന്നു. 

അനുവാചകർ: പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന വൃതന്മാർക്കാണ് ലേഖനം എഴുതിയത്. (1:1,2). ഈ പ്രദേശങ്ങളിൽ സുവിശേഷം എത്തിച്ചതു പത്രൊസ് ആയിരിക്കണം. ചിതറിപ്പാർക്കുന്ന പരദേശികൾ എന്ന പയോഗം ഏത് അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചു പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്; എന്നാൽ, ലേഖനത്തിൻ്റെ ഉള്ളടക്കം അത് യെഹൂദന്മാർക്ക് എഴുതിയതാണെന്ന് വ്യക്തമാക്കുന്നു. ചിതറിപ്പാർക്കുന്ന (1:1–യാക്കോ, 1:1), വൃതന്മാർ (1:2–1ദിന, 16:12), പിതൃപാരമ്പര്യമുള്ള നടപ്പ് (1:18–ഗലാ, 1:14), തിരഞ്ഞെടുക്കപ്പെട്ട ജാതി (ആവ, 4:20; 10:15), രാജകീയപുരോഹിതവർഗ്ഗം (പുറ, 19:5-6) വിശുദ്ധവംശം (ആവ, 14:21), സ്വന്തജനവും (ആവ, 14:2–1പത്രൊ, 2:9) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം (2:10–റോമ, 9:25-26; ഹോശേ, 2:23), കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ (2:10–ഹോശേ, 2:23), ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിൽ നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി (4:3) തുടങ്ങിയ പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിൽ യോജിക്കുന്നത് യെഹൂദന്മാർക്കാണ്.

സ്ഥലവും കാലവും: നീറോയുടെ കാലത്തുണ്ടായ പീഡനമാണ് ലേഖനത്തിന്റെ പശ്ചാത്തലം. എ.ഡി.64-ൽ ആരംഭിച്ച നീറോയുടെ പീഡനത്തിലാണ് പത്രൊസ് രക്തസാക്ഷി ആയത്. അതിനെ തുടർന്ന് ആസ്യ പ്രവിശ്യകളിലെ അധികാരികളും ക്രിസ്ത്യാനികളെ ഉപദ്രവിച്ചു തുടങ്ങി. അതിനാൽ എ.ഡി. 65 ആയിരിക്കണം രചനാകാലം എന്ന് കരുതുന്നതിൽ തെറ്റില്ല. ആദ്യകാല ലേഖനങ്ങളായ യാക്കോബ്, 1തെസ്സലൊനീക്യർ, റോമർ, കൊലൊസ്സ്യർ, എഫെസ്യർ, ഫിലിപ്പിയർ എന്നീ ലേഖനങ്ങളോടും കാരാഗൃഹ ലേഖനങ്ങളോടും അടുപ്പം പുലർത്തുന്നതുകൊണ്ട് കാരാഗൃഹ ലേഖനങ്ങൾക്കു ശേഷമാണ് ഈ ലേഖനം എഴുതി എന്നത് വ്യക്തമാണ്. 

നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു എന്ന് 5:13-ൽ പറയുന്നു. ബാബിലോനിൽ വച്ചാണ് ലേഖനം എഴുതി എന്ന് തന്മൂലം അനുമാനിക്കപ്പെടുന്നു. ബാബിലോൻ ഏതു ദേശമാണ് എന്നതിനെക്കുറിച്ചു മുന്നഭിപ്രായങ്ങളുണ്ടാ: 1. യൂഫ്രട്ടീസ് നദീതീരത്തുള്ള ബാബിലോൺ. കാൽവിൻ, ആൽഫ്രഡ്മേയർ, അൽഫോർഡ്, മുർഹെഡ്, തീസൻ തുടങ്ങിയവർക്ക് ഈ അഭിപ്രായമാണ്. ബാബിലോനിൽ ധാരാളം യെഹൂദന്മാർ പാർത്തിരുന്നു. മെസൊപ്പൊട്ടേമിയയിൽ നിന്നുള്ള യെഹൂദന്മാർ പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ സന്നിഹിതരായിരുന്നു. (പ്രവൃ, 2:9). പരിച്ഛേദനക്കാരുടെ അപ്പൊസ്തലനായ പത്രൊസ് ബാബിലോനിൽ പോയി പ്രവർത്തിക്കുവാൻ സാധ്യതയുണ്ട്. 2. ഈജിപ്റ്റിൽ നൈൽ തീരത്തുണ്ടായിരുന്ന ബാബിലോൻ. കോപ്റ്റിക് സഭയല്ലാതെ മറ്റാരും ഈ വാദം അംഗീകരിക്കുന്നില്ല. 3. റോമാനഗരത്തിന്റെ പ്രതിരുപാത്മകനാമം. റോമൻ കത്തോലിക്കാസഭയും അനേകം പ്രൊട്ടസ്റ്റൻറ് പണ്ഡിതന്മാരും ഈ അഭിപ്രായത്തെ ആദരിക്കുന്നു. പത്രൊസ് തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചതു റോമിൽ ആയിരുന്നു. പത്രൊസിന്റെ സഹചാരിയായ മർക്കൊസ് പൗലൊസിന്റെ ഒന്നാം കാരാഗൃഹ വാസകാലത്ത് റോമിൽ ഉണ്ടായിരുന്നു. (1പത്രൊ 5:13; കൊലൊ, 4:10). പൗലൊസിന്റെ രണ്ടാം കാരാഗൃഹവാസ കാലത്ത് തിമൊഥയൊസിനോടൊപ്പം മർക്കൊസ് റോമിൽ പോയിരിക്കുവാൻ സാധ്യതയുണ്ട്. (2തിമൊ, 4:11). തന്മൂലം റോമിൽ വച്ചു പത്രാസും മർക്കൊസും ബന്ധപ്പെട്ടിരിക്കാനിടയുണ്ട്. എന്നാൽ ഇവർ ഇരുവരും ബാബിലോനിൽ പോയതായി രേഖയില്ല. കൂടാതെ റോമിന്റെ മാർമ്മികനാമമാണ് ബാബിലോൻ. (വെളി, 17,18 അ) പക്ഷേ ബാബിലോൻ എന്ന പ്രതിരൂപനാമം ഈ ലേഖനം എഴുതി 30 വർഷത്തിനു ശേഷമാണ് യോഹന്നാനു വെളിപ്പെട്ടത്. അതിനു മുൻപു അറിയപ്പെട്ടിരുന്നുവെങ്കിൽ യോഹന്നാൻ അതിനെ മർമ്മം എന്നു പറയുകയില്ലായിരുന്നു. സാധാരണ നിലയിൽ പ്രയോഗിച്ചിട്ടുള്ള ഒരു സംജ്ഞാനാമത്തിൽ പ്രതിരൂപാർത്ഥം കാണുന്നതും ശരിയല്ല. സാധാരണ കാര്യങ്ങളല്ലാതെ മാർമ്മികമായൊന്നും അപ്പൊസ്തലൻ ഈ ഭാഗത്തു പറയുന്നുമില്ല. 

ഉദ്ദേശ്യം: ക്രിസ്തീയ ജീവിതത്തിലെ കഷ്ടതകളെക്കുറിച്ചാണ് പത്രൊസ് പ്രധാനമായും ലേഖനത്തിൽ എഴുതുന്നത്. ക്രിസ്തുവിനുവേണ്ടി തന്റെ വായനക്കാർ നിന്ദയും അപമാനവും സഹിച്ചിരുന്നതായി 4:14,15 വ്യക്തമാക്കുന്നു. തടവ്, വസ്തുവകകളുടെ അപഹരണം, ക്രൂരമായ മരണം പലരെയും കാത്തിരിക്കുന്നു. എന്നാൽ കഷ്ടത മാത്രമല്ല ഈ ലേഖനത്തിന്റെ പ്രധാനമായ സന്ദേശം. സുവിശേഷം അംഗീകരിക്കുന്നതിലൂടെ ലഭ്യമാകുന്ന അനുഗ്രഹങ്ങൾ ലോകത്തിലുള്ളവരുമായി വിശ്വാസികളുടെ ശരിയായ ബന്ധം, രാഷ്ട്രം, കുടുംബം, സഭ, ശിക്ഷണം, മുപ്പന്മാർക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി” 1പത്രൊസ് 1:3.

2. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.” 1പത്രൊസ് 1:24,25.

3. “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” 1പത്രൊസ് 2:9.

4. “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” 1പത്രൊസ് 2:24.

5. “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” 1പത്രൊസ് 3:9.

6. “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.” 1പത്രൊസ് 4:1.

7. “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” 1പത്രൊസ് 5:8,9.

ബാഹ്യരേഖ: 1. മുഖവുര: 1:1,2.

2. രക്ഷയുടെ സ്വഭാവം: 1:3-12.

3. രക്ഷയുടെ ഫലം: 1:13-25. 

a. വിശുദ്ധി: 1:13-16.

b. മാന്യത: 1:17-21.

c. സ്നേഹം: 1:22-25.

4. രക്ഷയുടെ കടപ്പാടുകൾ: 2:10.

5. രക്ഷയുടെ സാന്മാർഗ്ഗികത: 2:11-3:12.

6. രക്ഷയുടെ ഉറപ്പ്: 3:13-4:11.

7. കഷ്ടതയിൽ വിശ്വാസിയുടെ പെരുമാററം: 4:12-5:11.

8. ഉപസംഹാരം: 5:12-14.

സവിശേഷതകൾ: 1. ഈ ലേഖനത്തിലെ പ്രധാന പ്രമേയം കഷ്ടതയും തേജസ്സും ആണ്. കഷ്ടത എന്ന പദം പതിനാറു പ്രാവശ്യം കാണാം. (1:11; 2:19, 20, 21, 23; 3:14, 17, 18; 4:1, 2, 13, 15, 16, 19; 5;1). ക്രിസ്തുവിന്റെ കഷ്ടത വിശ്വാസികൾക്കു മാതൃകയാണ്. (1:11; 2:21; 4:1,2). കഷ്ടത പ്രതീക്ഷിക്കേണ്ടതാണ്. (4:12). അതു ദൈവഹിതമാണ്. (4:19). സഹിഷ്ണുതയോടെയും (2:23; 3:9), സന്തോഷത്തോടു കൂടെയും (4:13) കഷ്ടം സഹിക്കേണ്ടതാണ്. കഷ്ടതയ്ക്കു ഫലമുണ്ടെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. (1:6,7; 2:19,20; 3:14; 4:14). 2. ക്രിസ്ത്യാനികൾ ഭൂമിയിൽ പ്രവാസികളും പരദേശികളും ആണെന്ന് ഈ ലേഖനം ഊന്നിപ്പറയുന്നു. (1:1; 2:11). 3. പഴയനിയമത്തിലെ ദൈവജനത്തിനുള്ള പല വിശേഷണങ്ങളും ഈ ലേഖനത്തിൽ പുതിയനിയമ വിശ്വാസികൾക്കു നല്കിയിരിക്കുന്നു; തിരഞ്ഞെടുക്കപ്പെട്ട ജാതി, വിശുദ്ധപുരോഹിത വർഗ്ഗം, രാജകീയപുരോഹിതവർഗ്ഗം, വിശുദ്ധവംശം, സ്വന്തജനം. (2:5-9). 4. വ്യാഖ്യാനിക്കുവാൻ ഏറ്റവും പ്രയാസമുളള ഭാഗം ഈ ലേഖനത്തിൽ ഉണ്ട്. തടവിലുളള ആത്മാക്കളോടു ക്രിസ്തു പ്രസംഗിച്ചത് എപ്പോൾ? എവിടെവച്ച് ? എങ്ങനെ? ഈ പ്രശ്നങ്ങൾ ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. (3:19,20).