Category Archives: Uncategorized

സ്ക്കേവ

സ്ക്കേവ (Sceva)

പേരിനർത്ഥം – മനസ്സറിയാൻ കഴിവുള്ളവൻ

എഫെസൊസിലെ മഹാപുരോഹിതനായ ഒരു യെഹൂദൻ. സ്ക്കേവയ്ക്ക് ഏഴു പുത്രന്മാരുണ്ടായിരുന്നു. ഇവർ യേശുവിന്റെ നാമത്തിൽ ഭൂതത്തെ പുറത്താക്കുവാൻ ശ്രമിച്ചു. എന്നാൽ ദുരാത്മാവുള്ള മനുഷ്യൻ അവരെ ആക്രമിക്കുകയും അവർ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോകുകയും ചെയ്തു. (പ്രവൃ, 19:13-17). എഫെസൊസിൽ അനേകം മന്ത്രവാദികളുണ്ടായിരുന്നു. പൗലൊസ് യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു കണ്ടപ്പോൾ ഇതൊരു മന്ത്രമായിരിക്കുമെന്നു കരുതി അവർ പ്രയോഗിച്ചു നോക്കിയതായിരിക്കണം. ഈ സംഭവം അറിഞ്ഞ് അനേകർ യേശുവിൽ വിശ്വസിച്ചു.

സ്തെഫനാസ്

സ്തെഫനാസ് (Stephanas)

പേരിനർത്ഥം – കിരീടം

കൊരിന്തു സഭയിലെ ആദിമ വിശ്വാസികളിൽ ഒരാൾ. സ്തെഫനാസിന്റെ ഭവനക്കാരെ പൗലൊസ് സ്നാനം കഴിപ്പിച്ചു. (1കൊരി, 1:16). പൗലൊസ് കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ സ്തെഫനാസ് കൂടെ ഉണ്ടായിരുന്നിരിക്കണം. (16:17). സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലവും വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചവരുമാണ്. (1കൊരി, 16:15).

സ്തെഫാനൊസ്

സ്തെഫാനൊസ് (Stephen)

പേരിനർത്ഥം – കിരീടം

മേശയിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ. (പ്രവൃ, 6:3, 5). സ്തെഫാനൊസ്, ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദ മതാനുസാരിയായ അന്ത്യാക്ക്യക്കാരൻ നിക്കൊലാവൊസ് എന്നിവരായിരുന്നു മേശകളിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട നല്ല സാക്ഷ്യമുള്ള ഏഴുപേർ.

സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 6:8). അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തു നില്ക്കുവാൻ ആർക്കും കഴിഞ്ഞില്ല. (പ്രവൃ, 6:10). അതുകൊണ്ട് അവർ അവനെ പിടിച്ചു ന്യായാധിപ സംഘത്തിന്റെ മുമ്പിൽ കൊണ്ടുപോയി വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നു എന്നു സ്തെഫാനൊസിനെതിരെ കള്ളസ്സാക്ഷ്യം പറയിച്ചു. (പ്രവൃ, 6:13,14). വിസ്താരസമയത്തു അവൻ പ്രതിവാദമായി ചെയ്ത പ്രസംഗം സുപ്രസിദ്ധമാണ്. (പ്രവൃ, 7:1-53). അതുകേട്ടവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്തെഫാനൊസ് സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും കണ്ടു. (പ്രവൃ, 7:53-56). അവർ അവനെ നഗത്തിന്റെ പുറത്താക്കി കല്ലെറിഞ്ഞു കൊന്നു. വിസ്താരം തീർന്നതായോ ന്യായാധിപൻ വിധി പ്രസ്താവിച്ചതായോ കാണുന്നില്ല. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിന്റെ ശരീരം അടക്കി വിലാപം കഴിച്ചു. (പ്രവൃ, 8:2).

സെർഗ്ഗ്യൊസ് പൗലൊസ്

സെർഗ്ഗ്യൊസ് പൗലൊസ് (Sergius Paulus)

പേരിനർത്ഥം – വിവേകമുള്ള മനുഷ്യൻ

ഒന്നാം മിഷണറിയാത്രയിൽ പൗലൊസും ബർന്നബാസും കുപ്രൊസ് സന്ദർശിച്ചപ്പോൾ അവിടത്തെ റോമാ ദേശാധിപതി സെർഗ്ഗ്യൊസ് പൗലൊസ് ആയിരുന്നു. അവൻ പൗലൊസിനെയും ബർന്നബാസിനെയും വരുത്തി സുവിശേഷം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ അപ്പൊസ്തലന്മാരോട് എതിർത്തുകൊണ്ട് ദേശാധിപതിയുടെ വിശ്വാസം തടുക്കളയാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് പരിശുദ്ധാത്മ പൂർണ്ണനായി എലീമാസിനെ ശപിക്കുകയും അവൻ അന്ധനാകുകയും ചെയ്തു. ഈ സംഭവിച്ചതെല്ലാം ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. (പ്രവൃ, 13:7-12).

സോഫർ

സോഫർ Zophar)

പേരിനർത്ഥം – കുരുവി

ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതന്മാരിലൊരാൾ. (ഇയ്യോ, 2:11; 11:1; 20:1; 42:59). നയമാ നിവാസിയായിരിക്കണം. ഈ സ്ഥലം ഉത്തര അറേബ്യയിലാണ്. സെപ്റ്റ്വജിന്റ് പരിഭാഷയിൽ സോഫറിനെ മിനേയൻ രാജാവെന്ന് വിളിക്കുന്നു. ഇയ്യോബിന്റെ വാഗ്ബാഹുല്യത്തെ കുറ്റപ്പെടുത്തുകയും (11:1-6), ദൈവത്തിന്റെ അഗാധത്വം, സമ്പൂർത്തി എന്നിവയെ പ്രകീർത്തിക്കുകയും (11:7-12), അനുതപിക്കുവാൻ ഇയ്യോബിനോട് ഉപദേശിക്കുകയും (11:13-20), ഇയ്യോബിനെ ദുഷ്ടന്മാരുടെ കൂടെ ഉൾപ്പെടുത്തുന്നതും (20:4-29) ചെയ്യുന്നത് സോഫറാണ്.

സോസ്ഥനേസ്

സോസ്ഥനേസ് (Sosthenes)

പേരിനർത്ഥം – തൻ്റെ ജനതയുടെ രക്ഷകൻ

പൗലൊസ് കൊരിന്തിൽ താമസിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിപ്രമാണി. പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോന്റെ അടുക്കൽ ഹാജരാക്കി. എന്നാൽ യെഹൂദ മതസംബന്ധമായ കേസ് വിസ്തരിച്ചു തീരുമാനമെടുക്കുവാൻ ഗല്ലിയോൻ വിസമ്മതിച്ചു കോടതി പിരിച്ചുവിട്ടു. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു. (പ്രവൃ, 18:17) സോസ്ഥനേസ് മതഭ്രാന്തനായ ഒരു യെഹൂദനായിരുന്നു. എന്നാൽ ആൾക്കൂട്ടം ഗ്രേക്കരായിരുന്നു. യെഹൂദന്മാരെ വെറുത്തിരുന്ന അവർ ഗല്ലിയോന്റെ ഉദാസീനഭാവം മുതലെടുത്തു സോസ്ഥനേസിനെ അടിക്കുകയായിരുന്നു. ഇതാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വിശദീകരണം.

കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം താനും ഒരു സോസ്തനേസും കൂട്ടുചേർന്നു എഴുതിയതായി ലേഖനത്തിന്റെ തുടക്കത്തിൽ പൌലൊസ് സൂചിപ്പിച്ചിരിക്കുന്നു. (1കൊരി, 1:11). മുകളിൽ പറഞ്ഞിരിക്കുന്ന സോസ്ഥനേസ് തന്നെയാണ് ഇയാളെന്നു പലരും കരുതുന്നു. അത് ശരിയാണെങ്കിൽ പില്ക്കാലത്തു അയാൾ മാനസാന്തരപ്പെട്ടിരിക്കണം. പൊതുവെ പ്രചാരമുള്ള പേരാണിത്. ഇവർ രണ്ടുപേരും വിഭിന്ന വ്യക്തികൾ ആയിരുന്നുകൂടെന്നുമില്ല.

സെബെദി

സെബെദി (Zebedee)

പേരിനർത്ഥം – എൻ്റെ ദാനം

സബ്ദിയുടെ ഗ്രീക്കു രൂപമായിരിക്കണം. ഗലീലക്കടലിലെ മീൻപിടിത്തക്കാരൻ (മർക്കൊ, 1;20), യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് (മത്താ, 4:21; മർക്കൊ, 1:19), ശലോമയുടെ ഭർത്താവ് (മത്താ, 27:56; മർക്കൊ, 15:40). ബേത്ത്സയിദയ്ക്ക് അടുത്തു പാർത്തിരുന്നു. കൂലിക്കാരെക്കുറിച്ചു പറയുന്നതിൽ നിന്നും (മർക്കൊ, 1:20) സാമ്പത്തികമായി നല്ല സാഹചര്യത്തിൽ കഴിഞ്ഞവരായിരുന്നു സെബെദിയും കുടുംബവും എന്നു മനസ്സിലാക്കാം. ബൈബിളിൽ ഒരേ ഒരു സന്ദർഭത്തിൽ മാത്രമേ സെബെദിയെക്കുറിച്ചു പറയുന്നുള്ളൂ. അവിടെ അയാൾ തന്റെ മക്കളോടൊപ്പം വല നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. (മത്താ, 4:21,22; മർക്കൊ, 1:19-20).

സെരുബ്ബാബേൽ

സെരുബ്ബാബേൽ (Zerubbabel)

പേരിനർത്ഥം – ബാബേലിന്റെ വിത്ത്

ശെയല്തീയേലിന്റെ (എസ്രാ, 3:2, 8; നെഹെ, 12:1; ഹഗ്ഗാ, 1:1; 2:2; മത്താ, 1:12) അഥവാ ശലഥീയേലിന്റെ (ലൂക്കൊ, 3:27) പുത്രനും യെഹോയാഖീൻ രാജാവിന്റെ പൗത്രനും. ശെയല്തീയേലിന്റെ സഹോദരനായ പെദായാവിന്റെ മകൻ എന്നാണ് 1ദിനവൃത്താന്തം 3:19-ൽ കാണുന്നത്. ഇതു പകർപ്പെഴുത്തിൽ സംഭവിച്ച പിഴയല്ലെങ്കിൽ ദേവരവിവാഹം നടന്നിരിക്കുവാനാണ് സാദ്ധ്യത. ശെയല്തീയേൽ മക്കളില്ലാതെ മരിക്കുകയും സഹോദരനായ പെദായാവ് വിധവയെ വിവാഹം കഴിച്ചു സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയും ചെയ്തിരിക്കണം. അങ്ങനെ പെദായാവിന്റെ മകനായ സെരുബ്ബാബേൽ നിയമാനുസൃതം ശെയല്തീയേലിന്റെ മകനായി. (ആവ, 25:5-10). യെഹൂദാ സിംഹാസനത്തിന് ആവകാശിയാണ് സെരുബ്ബാബേൽ. (1ദിന, 3:17-19). യേശുക്രിസ്തുവിന്റെ വംശാവലിയിൽ സെരുബ്ബാബേലും ഉൾപ്പെടുന്നു. (മത്താ, 1:13; ലൂക്കൊ, 3:27).

പാർസിരാജാവായ കോരെശ് ബാബേലിൽ അധികാരം സ്ഥാപിച്ചപ്പോൾ യെഹൂദാ പാർസി സാമ്രാജ്യത്തിന്റെ കീഴിലായി. യെരൂശലേമിലേക്കു മടങ്ങിപ്പോകാനും ദൈവാലയം പണിയാനും യെഹൂദന്മാരെ അനുവദിക്കുന്ന വിളംബരം കോരെശ് പ്രസിദ്ധമാക്കി. (എസ്രാ, 1:1). നെബൂഖദ്നേസർ കൊണ്ടുവന്ന ദൈവാലയത്തിലെ ഉപകരണങ്ങൾ എല്ലാം കോരെശ് എടുപ്പിച്ചു യെഹൂദാ പ്രഭുവായ ശേശ്ബസ്സരെ ഏല്പിച്ചു. അദ്ദേഹം അവയെല്ലാം യെരൂശലേമിലേക്കു കൊണ്ടുപോയി. (എസ്രാ, 1:8, 11). ശേശ്ബസ്സറും സെരുബ്ബാബേലും ഒരാളെന്നു കരുതുന്നവരുണ്ട്. ശെയല്തീയേലിന്റെ സഹോദരനായ ശെനസ്സർ (1ദിന, 3:18) ആണ് ശേശ്ബസ്സർ എന്ന അഭിപ്രായവുമുണ്ട്. ശേശ്ബസ്സറും സെരുബ്ബാബേലും രണ്ടു ദേശാധിപതികൾ ആയിരുന്നുവെന്നും പ്രായാധിക്യത്താലോ മറ്റോ ശേശ്ബസ്സറിനു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്നും സെരുബ്ബാബേൽ എല്ലാം ചെയ്തു എന്നും ചിന്തിക്കുന്നവരും ഉണ്ട്.

ജനം യെരുശലേമിൽ എത്തിയ ഉടൻ തന്നെ അവർ യാഗപീഠം പണിതു ഹോമയാഗം അർപ്പിച്ചു. (എസ്രാ, 3:2). തുടർന്നു ദൈവാലയത്തിനു അടിസ്ഥാനമിട്ടു പണി ആരംഭിച്ചു. (എസ്രാ, 3:8-13). ഉടൻ തന്നെ എതിർപ്പു പ്രത്യക്ഷപ്പെട്ടു. ശത്രുക്കൾ വന്ന് ദൈവാലയത്തിന്റെ പണിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു. (എസ്രാ, 4).. എന്നാൽ സെരുബ്ബാബേലും കൂട്ടരും അതു നിരസിച്ചു. ശത്രുക്കൾ പല വിധത്തിൽ പണി തടസ്സപ്പെടുത്തി ജനത്തിന്റെ ധൈര്യം ക്ഷയിപ്പിച്ചു. രാജാവിനു പ്രത്രികകൾ എഴുതി അയച്ചു. ദൈവാലയത്തിന്റെ പണി മുടക്കി. തുടർന്നു ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാർ ജനത്തെ ഉദ്ബോധിപ്പിച്ചു. ബി.സി. 520-ൽ പണി വീണ്ടും ആരംഭിക്കുകയും നാലുവർഷം കൊണ്ടു പൂർത്തിയാക്കുകയും ചെയ്തു. വലിയ ആഘോഷത്തോടു കൂടി ദൈവാലയത്തിന്റെ പ്രതിഷ്ഠ നടന്നു. (എസ്രാ, 6:12-22). ഇതോടുകൂടി സെരുബ്ബാബേലിന്റെ വേല പൂർത്തിയായി. അദ്ദേഹത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.

സീസെരാ

സീസെരാ (Sisera)

പേരിനർത്ഥം – യുദ്ധവ്യൂഹം

ഹാസോരിലെ കനാന്യരാജാവായ യാബീന്റെ സേനാപതി. (ന്യായാ, 4:2,3). അവനു തൊള്ളായിരം ഇരുമ്പു രഥം ഉണ്ടായിരുന്നു. യിസ്രായേല്യരെ ഇരുപതു വർഷം അവൻ കഠിനമായി ഞെരുക്കി. ദെബോരാ എന്ന പ്രവാചികയുടെ ശ്രമഫലമായി ബാരാക്ക് സീസെരയെ തോല്പിച്ചു. (ന്യായാ, 4:15). കേന്യനായ ഹേബെരിന്റെ കൂടാരത്തിൽ സീസെരാ അഭയം തേടി. ഹേബെരിന്റെ ഭാര്യ യായേൽ ഗാഢനിദ്രയിലായിരുന്ന സീസെരയുടെ ചെന്നിയിൽ കൂടാരത്തിന്റെ കുറ്റി തറച്ചു കൊന്നു. (ന്യായാ, 4:21,22; 1ശമൂ, 12:9; സങ്കീ, 83:9).

സാദോക്

സാദോക് (Zadok)

പേരിനർത്ഥം – നീതിമാൻ

ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന മഹാപുരോഹിതൻ. അഹീത്തുബിന്റെ പുത്രനായ സാദോക് അഹരോന്റെ പുത്രനായ എലെയാസാറിന്റെ കുടുംബത്തിൽ പെട്ടവനായിരുന്നു. (1ദിന, 24:3). അഹരോനിൽ നിന്നും പതിനൊന്നാമത്തെ തലമുറയിലാണ് സാദോക് പുരോഹിതൻ. സാദോക്കും അവന്റെ പിതൃഭവനത്തിലെ 22 പ്രഭുക്കന്മാരും ആയി ഹെബ്രോനിൽ വന്നു ദാവീദിന്റെ പക്ഷം ചേർന്നു. (1ദിന, 12:26-28). ഇതു മറ്റൊരു സാദോക് ആയിരിക്കാമെന്നു കരുതുന്നവരും ഉണ്ട്. അന്നുമുതൽ എല്ലാ പ്രതിസന്ധികളിലും സാദോക് ദാവീദിന്റെ കൂടെ ഉറച്ചുനിന്നു. അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് യെരൂശലേം വിട്ടോടി. അപ്പോൾ സാദോക്കും ലേവ്യരും നിയമപ്പെട്ടകം ചുമന്നുകൊണ്ടു ദാവീദിനു പിന്നാലെ ചെന്നു. എന്നാൽ ദാവീദിന്റെ കല്പനയനുസരിച്ച് സാദോക്ക് യെരൂശലേമിൽ താമസിച്ചുകൊണ്ടു വാർത്തകൾ രഹസ്യമായി രാജാവിനെ അറിയിച്ചുവന്നു. (2ശമൂ, 15:24- 29; 17:15). അബ്ശാലോമിന്റെ മരണശേഷം ദാവീദിനെ മടക്കിവിളിക്കുവാൻ മൂപ്പന്മാരെ പ്രേരിപ്പിച്ചത് സാദോക്കും അബ്യാഥാരും ആയിരുന്നു. (1ദിന, 19:11-15). ദാവീദിന്റെ വാർദ്ധക്യത്തിൽ അദോനീയാവ് മത്സരിച്ചപ്പോൾ യോവാബും അബ്യാഥാരും അവന്റെ പക്ഷം ചേർന്നു. എന്നാൽ സാദോക് ദാവീദിനോടു കൂറു പുലർത്തി. ദാവീദിന്റെ ഹിതപ്രകാരം ശലോമോനെ രാജാവായി അഭിഷേകം ചെയ്തത് സാദോക് ആയിരുന്നു. (1രാജാ, 1:34,39). ശലോമോൻ രാജാവായപ്പോൾ അബ്യാഥാരിനെ പൗരോഹിത്യത്തിൽ നിന്നും നീക്കി പകരം സാദോക്കിനെ പൗരോഹിത്യത്തിൽ സ്ഥിരപ്പെടുത്തി. (1രാജാ, 2;27, 35). ഇതിനുശേഷം സാദോക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശമൊന്നുമില്ല. ശലോമോന്റെ ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ സാദോക്കിനെ പുരോഹിതൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 4:4; 1ദിന, 29:22).