Category Archives: Uncategorized

ഹൂർ

ഹൂർ (Hur)

പേരിനർത്ഥം – കാരാഗൃഹം

രെഫീദീമിൽ വച്ചു യിസ്രായേൽ അമാലേക്യരോടു യുദ്ധം ചെയ്തു. അപ്പോൾ യിസ്രായേലിന്റെ ജയത്തിനുവേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കുവാൻ സഹായിച്ച ഒരാൾ. (പുറ, 17:12). മോശെ സീനായിമലയിൽ കയറിപ്പോയപ്പോൾ ജനത്തെ അഹരോന്റെയും ഹൂരിന്റെയും ചുമതലയിൽ ആക്കിയിരുന്നു. (പുറ 24:14). ഇദ്ദേഹം മോശെയുടെ സഹോദരിയായ മിര്യാമിന്റെ ഭർത്താവായിരുന്നുവെന്നു യെഹൂദാപാരമ്പര്യം പറയുന്നു.

ഹൂർ: സമാഗമന കൂടാരത്തിന്റെ പ്രധാനശില്പി ആയിരുന്ന ബെസലേലിന്റെ പിതാമഹൻ. ഇയാൾ യെഹൂദാഗോത്രജനാണ്. (പുറ, 31:2; 35:30; 38:22).

ഹീരാം

ഹീരാം (Hiram)

പേരിനർത്ഥം – കുലീനൻ

ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).

ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).

ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.

ഹാരാൻ

ഹാരാൻ (Haran)

പേരിനർത്ഥം – പർവ്വതവാസി

അബ്രാഹാമിന്റെ ഇളയസഹോദരനും ലോത്തിന്റെ പിതാവും. പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഊർപട്ടണം വിടുന്നതിനുമുമ്പ് ഹാരാൻ മരിച്ചു പോയി. ഹാരാന്റെ പുത്രിമാരാണ് മിൽക്കയും യിസ്കയും. “തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. (ഉല്പ, 11:27-29).

ഹാമാൻ

ഹാമാൻ (Haman)

പേരിനർത്ഥം – ഗംഭീരമായ

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രി. ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ. (എസ്ഥ, 3:1). എസ്ഥേറിന്റെ വളർത്തപ്പനും കൊട്ടാരത്തിലെ സേവകനുമായിരുന്ന മൊർദ്ദെഖായി ഹാമാനെ നമസ്കരിച്ചില്ല. ഇതിൽ കോപാലുവായിത്തീർന്ന ഹാമാൻ മൊർദ്ദെഖായിയെയും യെഹൂദന്മാരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തി, അതിനുവേണ്ടി രാജകല്പന സമ്പാദിച്ചു. ഇതറിഞ്ഞു ദുഃഖിതയായ എസ്ഥേർ ഉപവസിച്ചു രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിനു നേരെയുണ്ടായ ഉപ്രദ്രവം രാജാവിനെ അറിയിച്ചു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച കഴുകുമരത്തിൽ രാജകല്പനയനുസരിച്ചു അവർ ഹാമാനെ തൂക്കിക്കൊന്നു. (എസ്ഥേ, 7). ഹാമാന്റെ വീടു എസ്ഥറിനു കൊടുത്തു. (8:7). ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർ കൊന്നു. (എസ്ഥേ, 9:9).

ഹാബെൽ

ഹാബെൽ (Abel)

പേരിനർത്ഥം – ശ്വാസം

ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ മകൻ. ഹാബെൽ ഇടയനും നീതിമാനുമായിരുന്നു. (ഉല്പ, 4:2; മത്താ, 23:35; 1 യോഹ, 3:12). കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിൽ നിന്നും യഹോവയ്ക്കു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ കയീന്റെ വഴിപാട് ദൈവം അംഗീകരിച്ചില്ല. ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കണമെന്ന ഹൃദയവാഞ്ചയോടെ ഹാബെൽ യാഗമർപ്പിച്ചു. ‘നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?’ (ഉല്പ, 4:7) എന്ന കയീനോടുള്ള ദൈവത്തിൻ്റെ ചോദ്യം അതു വ്യക്തമാക്കുന്നു. അതിനാൽ കയീൻ കോപം മൂത്തു ഹാബെലിനെ കൊന്നു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്ന് പ്രതികാരത്തിനായി ദൈവത്തോടു നിലവിളിക്കുന്നു. (ഉല്പ, 5:10). ഹാബെലിന്റെ രക്തം തുടങ്ങി സെഖര്യാവിന്റെ രക്തം വരെ ഈ ലോകത്തു ചൊരിഞ്ഞിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിക്കും എന്നു യേശു പറഞ്ഞു. (ലൂക്കൊ, 11:50,51). വിശ്വാസത്താൽ ഹാബെൽ കയീന്റേതിലും ഉത്തമ്മായ യാഗം കഴിച്ചു. അതിനാലവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. (എബ്രാ, 11:4).

ഹാനോക്ക്

ഹാനോക്ക് (Enoch)

പേരിനർത്ഥം – സമർപ്പിതൻ

യാരെദിന്റെ പുത്രനും (ഉല്പ, 5:18) മെഥുശലഹിന്റെ പിതാവും. (ഉല്പ, 5:21; ലൂക്കൊ, 3:37). ഹാനോക്ക് 365 വർഷം ജീവിച്ചിരുന്നു. ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതായി. (ഉല്പ, 5:18, 22-24; 1ദിന, 1:1). വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ടു എന്നു എബ്രായ ലേഖനകാരൻ (11:5) രേഖപ്പെടുത്തുന്നു. യൂദായുടെ ലേഖനത്തിൽ ഹാനോക്കിന്റെ പ്രവചനം ഉദ്ധരിക്കുന്നുണ്ട്. (1:14,15). ഈ പ്രവചനത്തിന്റെ ഉറവിടം വ്യക്തമല്ല. വെളിപ്പാട് 11:3-ലെ രണ്ടു സാക്ഷികൾ ഹാനോക്കും ഏലീയാവും ആണെന്ന് ഒരു ധാണയുണ്ട്. ഇരുവരും മരണം കാണാതെ എടുക്കപ്പെട്ടതാണ് ഈ വിശ്വാസത്തിനു കാരണം.

ഹാം

ഹാം (Ham)

പേരിനർത്ഥം – തപ്തൻ

നോഹയുടെ ഏറ്റവും ഇളയപുത്രൻ. ജലപ്രളയത്തിനു ഏകദേശം 96 വർഷം മുമ്പായിരിക്കണം ജനിച്ചത്. പ്രളയജലത്തിലൂടെ കടന്നുപോയി രക്ഷപാപിച്ച എട്ടുപേരിൽ ഹാമും ഉണ്ട്. മിസ്രയീമ്യർ, കൂശ്യർ, ലിബിയർ, കനാന്യർ തുടങ്ങിയ ജാതികൾ ഹാമിൽ നിന്നും ഉത്ഭവിച്ചു. (ഉല്പ, 10:6-20). നോഹ വീഞ്ഞു കുടിച്ചു ലഹരിപിടിച്ചു കൂടാരത്തിൽ നഗ്നനായി കിടന്ന സമയത്ത് ഹാമിന്റെ പെരുമാറ്റം ശാപത്തിനു കാരണമായി. (ഉല്പ, 9:20-27).

ഹസായേൽ

ഹസായേൽ (Hazael)

പേരിനർത്ഥം – ദൈവം കാണുന്നു

അരാം രാജാവായിരുന്ന ബെൻ-ഹദദിന്റെ സേനാപതിയായിരുന്നു ഹസായേൽ. രാജാവ് രോഗബാധിതനായപ്പോൾ ഈ രോഗം ഭേദമാകുമോ എന്നറിയാൻ എലീശാ പ്രവാചകന്റെ അടുക്കൽ ഹസായേലിനെ പറഞ്ഞയച്ചു. രാജാവിനു രോഗം സൗഖ്യമാകുമെന്നും എന്നാൽ രാജാവു മരിച്ചുപോകുമെന്നും എലീശാ പറഞ്ഞു. ഹസായേൽ രാജാവാകുമെന്നും യിസ്രായേൽ മക്കളെ വളരെയധികം കഷ്ടപ്പെടുത്തുമെന്നും പ്രവാചകൻ വെളിപ്പെടുത്തി. ഹസായേൽ മടങ്ങിവന്നു ബെൻ-ഹദദിനെ ശ്വാസം മുട്ടിച്ചു കൊന്നു രാജാവായി. (2രാജാ, 8:7-15). ഹസായേൽ 43 വർഷം ഭരിച്ചു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബി.സി. 844-നും 841-നും ഇടയ്ക്കാണ് സിംഹാസനം കൈവശമാക്കിയത്. യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മരണം വരെയെങ്കിലും ഹസായേൽ ഭരിച്ചിരിക്കണം. യെഹോവാഹാസിന്റെ മരണം ബി.സി. 798-ലാണ്. (2രാജാ, 13:22). എലീശാ പ്രവചിച്ചതുപോലെ ഹസായേൽ യിസ്രായേലിനെ വളരെയധികം ഉപദ്രവിച്ചു. (2രാജാ, 8:12). രാമോത്ത്-ഗിലെയാദിൽ വച്ചു യോരാം രാജാവിനെ മുറിവേല്പിച്ചു. (2രാജാ, 8:29). യോർദ്ദാനു കിഴക്കുള്ള പ്രദേശം മുഴുവൻ യിസ്രായേലിൽ നിന്നും ഹസായേൽ പിടിച്ചടക്കി. (2രാജാ, 10:32). യോവാശിന്റെ വാഴ്ചക്കാലത്തു ഹസായേൽ ഗത്ത് പിടിച്ചെടുക്കുകയും യെരൂശലേമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. (2രാജാ, 12:17,18). യെഹോവാഹാസിന്റെ ഭരണകാലം മുഴുവൻ യിസ്രായേലിനെ ഹസായേൽ നിരന്തരം കൊള്ളയടിച്ചു. (2രാജാ, 13:3).

ഹമ്മുറാബി

ഹമ്മുറാബി (Hammurabi)

ബാബിലോണിലെ പ്രഖ്യാതമായ ഒന്നാം രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഹമ്മുറാബി. പിതാവായ സിൻ-മുബാലിറ്റിനു (Sin-Muballit) ശേഷം ബി.സി. 1792 മുതൽ ബി.സി. 1750 വരെ ബാബിലോണിയയിലെ രാജാവായി. അയൽ രാജ്യങ്ങൾക്കെതിരായ നിരവധി യുദ്ധങ്ങളിൽ വിജയിച്ചുകൊണ്ട് മെസൊപ്പൊട്ടേമിയയുടെ മേൽ ബാബിലോണിന്റെ നിയന്ത്രണം വ്യാപിപ്പിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം മെസൊപ്പൊട്ടേമിയയെ മുഴുവൻ നിയന്ത്രിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം നിലനിർത്താനായില്ല. ഉല്പത്തി 14:1-ലെ അമ്രാഫെൽ ഹമ്മുറാബി ആണെന്നു കരുതിവന്നു. എന്നാൽ 1937-ൽ മാരി എന്ന പട്ടണത്തിൽ നിന്നും കണ്ടെടുത്ത കളിമൺ ഫലകങ്ങൾ ഹമ്മുറാബിയും അമ്രാഫെലും ഒരാളല്ലെന്നു തെളിയിച്ചു. ഹമ്മുറാബിയുടെ ഭരണകാലം ബി.സി. 1792-1750 എന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പാണ് അബ്രാഹാം ജീവിച്ചിരുന്നത്. ഹമ്മുറാബി ബാബിലോണിനെ തന്റെ തലസ്ഥാനമായി ഉയർത്തി. അശ്ശൂർ, നീനെവേ തുടങ്ങിയ പട്ടണങ്ങളെ മോടിപിടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലം ഒരു സുവർണ്ണയുഗമായിരുന്നു. വാനശാസ്ത്രം, ശില്പശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം എന്നിവ വളർന്നു. സൃഷ്ടി, പ്രളയം എന്നിവയെക്കുറിച്ചുള്ള പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടു. നീനെവേയിൽ അശ്ശർ ബനിപ്പാളിന്റെ ഗ്രന്ഥശേഖരത്തിൽ ഇവയുടെ പ്രതികൾ ഉണ്ടായിരുന്നു. ഹമ്മുറാബിയുടെ ശിക്ഷാനിയമം പ്രസിദ്ധമാണ്. മോശെയുടെ ന്യായപ്രമാണത്തിനു ചില അംശങ്ങളിലെങ്കിലും ഹമ്മുറാബിയുടെ നിയമത്തോടു സാദൃശ്യമുണ്ട്.

ഹന്നാവ്

ഹന്നാവ് (Annas)

പേരിനർത്ഥം – കീഴ്പ്പെടുത്തുക

ഹന്നാവ് എ.ഡി. 6-ൽ മഹാപുരോഹിതനായി നിയമിക്കപ്പെടുകയും എ.ഡി. 15-ൽ നീക്കപ്പെടുകയും ചെയ്തു. എന്നാൽ എ.ഡി. 15-നു ശേഷവും പുതിയനിയമത്തിൽ ഹന്നാവിനെ മഹാപുരോഹിതനായിട്ടാണ് പറഞ്ഞിരിക്കുന്നത്. യെഹൂദന്മാരുടെ ദൃഷ്ടിയിൽ മഹാപരോഹിത്യം ആജീവനാന്തമാണ്. ഹന്നാവിനുശേഷം വന്ന മഹാപുരോഹിതന്മാരിൽ അദ്ദേഹത്തിനു വലിയ സ്വാധീനമുണ്ടായിരുന്നു. ഹന്നാവിന്റെ അഞ്ചു പുത്രന്മാരും മരുമകൻ കയ്യഫാവും മഹാപുരോഹിതന്മാരായി. ലൂക്കൊസ് 3:2-ൽ ഹന്നാവിനെ കയ്യഫാവിനോടൊപ്പം മഹാപുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നു. യേശുവിനെ ആദ്യം വിസ്തരിച്ചതു ഹന്നാവിന്റെ മുമ്പിലായിരുന്നു. (യോഹ, 18:13). ഹന്നാവ് യേശുവിനെ കയ്യഫാവിന്റെ അടുക്കലേക്കു പറഞ്ഞയച്ചു. (യോഹ, 18:24). പത്രോസിനെയും യോഹന്നാനെയും വിസ്തരിക്കുവാനും ഹന്നാവുണ്ടായിരുന്നു. (പ്രവൃ, 4:6).