ജീവൻ (Life)
എബ്രായയിൽ ജീവനെക്കുറിക്കുന്ന രണ്ടു പ്രധാന പദങ്ങളുണ്ട്: ‘ഹയ്യീ, നെഫെഷ്. ജീവിതകാലം (1രാജാ, 4:21), ജീവിതത്തിന്റെ വൈകാരികവും മാനസികവുമായ നില (ഉല്പ, 27:46) എന്നീ അർത്ഥങ്ങളിൽ ഹയ്യീ പ്രയോഗിച്ചിട്ടുണ്ട്. സാക്ഷാൽ ജീവൻ ഭൗതികമായ ആണ്മയെ മാത്രമല്ല, ദൈവപ്രസാദത്തെയും, തൽഫലമായി ലഭിക്കുന്ന ആത്മികഭൗമിക ശുഭാവസ്ഥയെയും വ്യഞ്ജിപ്പിക്കുന്നു. (ആവ, 30:15-20). മനുഷ്യനും മൃഗത്തിനുമുള്ള വൈയക്തിക ജീവനെ വിവക്ഷിക്കുകയാണ് നെഫെഷ്. ശ്വാസവും സ്വത്വവും അതുൾക്കൊള്ളുന്നു. മനുഷ്യനും മൃഗങ്ങളും ജീവനുള്ള ജന്തുക്കളാണ്. ജീവവാചികളായ രണ്ടു പദങ്ങളും ചേർന്നതാണ് നെഫെഷ് ഹയ്യീ (ജീവനുള്ള ദേഹി, ജീവജന്തു: ഉല്പ, 2:7, 19) നെഫെഷിനു രക്തവുമായി അടുത്തബന്ധമുണ്ട്. (ലേവ്യ, 17:1-14). മനുഷ്യൻ ഭൗതികജീവൻ ഭൗതികവും അഭൗതികവുമായ അംശങ്ങളുടെ സംഗ്രഥനമാണ്. പുതിയനിയമത്തിൽ പ്രധാനമായും മൂന്നു ഗ്രീക്കു പദങ്ങളാണ് ജീവനു പകരം നില്ക്കുന്നത്: സോയീ, ബയോസ്, പ്സ്യൂഖീ. മരണത്തിന്റെ വിപര്യായമായ ഭൗതിക ജീവനാണ് ‘സോയീ’. ഈ ആശയം പുതിയനിയമത്തിൽ വിരളമാണ്: (റോമ, 8:38; 1കൊരി, 3:22; ഫിലി, 1:20; അപ്പൊ, 17:25). ലൂക്കൊസ് 16:25-ൽ ‘സോയീ’ ആയുഷ്ക്കാലമാണ്. ദൈവത്തിൽ നിന്നു ലഭിക്കുന്നതും ക്രിസ്തുവിലൂടെ ദൈവത്തിങ്കലേക്കു വരുന്നവരുടെ അവകാശവും ആയ ജീവനാണ് സോയീ. പുതിയനിയമത്തിൽ അധികസ്ഥാനങ്ങളിലും ഭൂമിയിലെ വർത്തമാനകാല ജീവിതത്തിൻ്റെ ചുറ്റുപാടുകളെ വിവക്ഷിക്കുകയാണ് ‘ബയൊസ്.’ (1തിമൊ, 2:1; 2തിമൊ, 2:4). നെഫെഷിനു സമാനമായ ‘പ്സ്യൂഖി’ ഒരു സവിശേഷവ്യക്തിയുടെ ജീവനു പ്രാതിനിധ്യം വഹിക്കുന്നു: (മത്താ, 2:20; 6:25; മർക്കൊ, 10:45). “തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എൻ്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.” (മത്താ, 10:39).
ആണ്മ അഥവാ സ്വത്വത്തെക്കുറിക്കുന്ന നെഫെഷ് മനുഷ്യർക്കും മൃഗങ്ങൾക്കും ഉണ്ടു: (ലേവ്യ, 21:11; ഇയ്യോ, 12:10; വെളി, 8:9). മരിക്കുന്നത് പ്രാണനെ അഥവാ ജീവനെ വിടുന്നതും, വീണ്ടും ജീവിക്കുന്നത് പ്രാണൻ മടങ്ങി വരുന്നതുമാണ്: (യിരെ, 15:9; 1രാജാ, 17:21). ജീവനും ആത്മാവും സമാന്തരമാണ്; തന്മൂലം ജീവൻ നഷ്ടപ്പെടുക എന്നതിന് ആത്മാവു നഷ്ടപ്പെടുക എന്നു പറയും. (ഇയ്യോ, 2:4). ഒരാളുടെ ശ്വാസം അല്ലെങ്കിൽ ആത്മാവു നഷ്ടപ്പെടുന്നതാണ് മരണം: (ഇയ്യോ, 27:3; സങ്കീ, 104:29). ആത്മാവ് അഥവാ ശ്വാസം വീണ്ടും ലഭിക്കുകയണ് ജീവൻ പ്രാപിക്കൽ: (ലൂക്കൊ, 8:55; വെളി, 11:11). പഴയനിയമ വീക്ഷണമനുസരിച്ച് ജീവൻ പ്രാപിച്ച ശരീരമാണ് മനുഷ്യൻ. ആത്മാവ് ദേഹത്തോടും ദേഹിയോടും ബന്ധപ്പെട്ടിരിക്കുന്നു: (സങ്കീ, 63:1; മത്താ, 6:25).
ജീവന്റെ ഉറവിടം: ജീവന്റെ ഉറവിടവും ഉടയവനും ദൈവമാണ്. ദൈവാത്മാവ് ജീവൻ പ്രദാനം ചെയ്യുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുളള ദേഹിയായി തീർന്നു. (ഉല്പ, 2:17). “തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു.” (സങ്കീ, 104:29, 30). ദൈവം ജീവനുള്ള ദൈവമാണ്: (ആവ, 5:26; യോശു, 3:10; 1ശമു, 17:26; 2രാജാ, 19:4; മത്താ, 26:63; അപ്പൊ, 14:15; റോമ, 9:26; എബ്രാ, 3:12; 9:14; 10:31; 12:22; വെളി, 7:2)/. പറുദീസയിലെ ജീവവൃക്ഷത്തിന്റെ നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണ്. (ഉല്പ, 2:17; സദൃ, 3:18; 11:30; 13:12; വെളി, 2:7; 22:2, 4). അതു ജീവന്റെ ഉടമ ദൈവമാണെന്നു വ്യക്തമാക്കുന്നു. സർവ്വ ജീവജന്തുക്കൾക്കും ജീവൻ ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. അതുകൊണ്ട് എല്ലാ ജീവനും സാധർമ്മ്യമുണ്ട്. മാത്രമല്ല, ജീവികൾക്കെല്ലാം ദൈവകൃപയാൽ സ്രഷ്ടാവുമായി ബന്ധപ്പെടാൻ കഴിയുന്നു: (ഇയ്യോ, 12:10; സങ്കീ, 104:30; യെശ, 42:5). ദൈവം തന്റെ ശ്വാസം എടുക്കുമ്പോൾ ജീവികളൊക്കെയും ചാകുന്നു: (ഇയ്യോ, 4:9; 34:14; സങ്കീ, 104:29; യെശ, 37:17).
ജീവൻ ദൈവത്തിന്റെ വകയാണ്. തന്മൂലം സ്വന്തം ജീവനെയോ, അന്യന്റെ ജീവനെയോ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ല: (പുറ, 20:13 ; ആവ, 5:17). നരബലി ദൈവം ആവശ്യപ്പെടുന്നില്ല. (ഉല്പ, 22). ജീവൻ്റെ അധിഷ്ഠാനം രക്തമാണ്. തന്മൂലം രക്തം വർജ്ജിക്കേണ്ടതാണ്: (ഉല്പ, 9:4; ലേവ്യ, 3:17; 17:10; ആവ, 12:23). ഹൃദയമാണ് ജീവൻ ഉത്ഭവസ്ഥാനം. (സദൃ, 4:23). സകല ജീവനെയും ദൈവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. (സങ്കീ, 145:15). വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾക്കു മരണശിക്ഷ ദൈവം വിധിച്ചു: (ലേവ്യ, 20:10; ആവ, 22:22). ജീവൻ നശിപ്പിക്കുന്നതിൽ ദൈവത്തിനുള്ള താത്പര്യമല്ല, പ്രത്യുത ഈവിധം പാപങ്ങളുടെ നേർക്കുള്ള ദൈവത്തിന്റെ കഠിനമായ വെറുപ്പും അവ ഒരിക്കലും ഉണ്ടാകരുതെന്നുള്ള ദൈവത്തിന്റെ ആഗ്രഹവുമാണ് മരണശിക്ഷയ്ക്ക് പിന്നിൽ.
ജീവിക്കുന്ന ദൈവം: ജാതികൾ ഭജിക്കുന്ന വിഗ്രഹങ്ങളിൽ നിന്നു സത്യദൈവത്തെ വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ് ജീവനുള്ള ദൈവം. യഹോവയുടെ പേരിലുള്ള ആണ ഈ സത്യം വെളിപ്പെടുത്തുന്നു. യഹോവയാണ = യഹോവ ജീവിക്കുന്നപ്രകാരം. യഹോവ സ്വന്തം നാമത്തിൽ ശപഥം ചെയ്യുന്നു; എന്നാണ. (സംഖ്യാ, 14:21, 28; ആവ, 32:40). യഹോവയുടെ നാമത്തിൽ (യഹോവയാണ) സത്യം ചെയ്യുന്നു: (ന്യായാ, 8:19; രൂത്ത്, 3:13; 1ശമൂ, 14:39; 19:6; യിരെ, 5:2). വിഗ്രഹങ്ങൾക്കു ദൈവത്തോടു ഒരു സാധർമ്മ്യവുമില്ല. വിഗ്രഹങ്ങൾ ജീവനില്ലാത്തവയാണ്. “അവക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല, മുക്കുണ്ടെങ്കിലും മണക്കുന്നില്ല, കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല, കാലുണ്ടെങ്കിലും നടക്കുന്നില്ല.” (സങ്കീ, 115:5-7. ഒ.നോ: സങ്കീ, 135:15-17; യെശ, 44:9-20; യിരെ, 10:8-10, 14). സകല ജീവൻ്റെയും സഷ്ടാവും പരിപാലകനും ദൈവമാണ്. ജീവജലത്തിന്റെ ഉറവയായ ദൈവം (യിരെ, 17:13; സങ്കീ, 36:9) മനുഷ്യനു ശ്വാസം നല്കുകയും അവനെ മരണത്തിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ജീവൻ്റെ മാർഗ്ഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു: (ഉല്പ, 2:7; സങ്കീ, 16:11; സദൃ, 5:6). മനുഷ്യനെ ജീവിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതു ദൈവം തന്നെ: (ഉല്പ, 6:17; ആവ, 32:39; ന്യായാ, 13:3, 23: 1ശമൂ, 2:6; 2രാജാ, 5:7).
ജീവനുവേണ്ടി മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നു. മനുഷ്യന്റെ ശ്വാസം അഥവാ ആത്മാവ് ദൈവത്തിന്റെ ശ്വാസമെന്നും ദൈവത്തിന്റെ ആത്മാവെന്നും വിളിക്കപ്പെടുന്നു: (ഇയ്യോ, 27:3; 33:4; യെശ, 42:5; ഉല്പ, 6:35). ഭൗതിക ജീവനുപോലും ആധാരമായിരിക്കുന്നതു യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം ആണെന്നു യിസ്രായേല്യരെ പഠിപ്പിക്കുന്നതിനു വേണ്ടി അവർക്കു മരുഭൂമിയിൽ മന്നാ കൊടുത്തു. (ആവ, 8:3; മത്താ, 4:4). ദൈവം ശ്വാസം നല്കുകയും മനുഷ്യൻ ജീവിക്കുകയും ചെയ്യുന്നു: (ഉല്പ, 2:7; വെളി, 11:11). ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുക്കുമ്പോൾ സകല ജഡവും നശിക്കുന്നു; മനുഷ്യൻ പൊടിയിലേക്കു മടങ്ങുന്നു: (ഇയ്യോ, 34:14; സഭാ, 12:7; സങ്കീ, 90:3; 104:29). യഹോവയുടെ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരുന്നാൽ ജീവൻ സുഭ്രദമാണ്. (1ശമൂ, 25:29). ജീവൻ ദൈവദത്തമാകയാൽ ജീവനും മരണവും വിപര്യായങ്ങളാണ്. യഹോവയോടുള്ള അനുസരണയിലോ അനുസരണക്കേടിലോ സ്ഥിതി ചെയ്യുകയാണ് അനുഗ്രഹവും, ജീവനും, ദൗർഭാഗ്യവും മരണവും. (ആവ, 30:15; ന്യായാ, 2:18). പാപത്തിന്മേലുള്ള ന്യായവിധിയാണ് സാർവ്വത്രിക മരണം. അനുസരണക്കേടിനാൽ മനുഷ്യൻ ജീവവൃക്ഷ സാമീപ്യത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ജീവിച്ചിരിക്കേണ്ടതിനു നന്മ ചെയ്യേണ്ടതാണ്. നീതി ജീവനിലേക്കും തിന്മ മരണത്തിലേക്കും നയിക്കുന്നു: (സങ്കീ, 73:17; സദൃ, 11:19; ആമോ, 5:14; സദൃ, 5:23; ഹബ, 2:4).
ജീവിക്കുന്ന യഹോവയായ ദൈവം മരണത്തിന്മേൽ വാഴുന്നു. സൗഖ്യം നല്കുക (2രാജാ, 5:7, 14), മരിച്ചവരെ ഉയിർപ്പിക്കുക (1രാജാ, 17:20; 2രാജാ, 4:16, 33), യിസ്രായലിനെ ജാതിയായി ഉയിർപ്പിക്കുക (ഹോശേ, 13:14; യെഹ, 37), മച്ചിയായവൾക്കു സന്താനം നല്കുക (ഉല്പ, 17:15; ന്യായാ, 13:2; 1ശമൂ, 1:19) എന്നിവ മരണത്തിന്മേലുള്ള ദൈവത്തിന്റെ അധികാരത്തെ വ്യക്തമാക്കുന്നു. ഞാൻ അബ്രാഹാമിന്റെ ദൈവം എന്നു യഹോവ മോശെയോടു പറഞ്ഞു. അബ്രാഹാം പാതാളത്തിലാണ്. ദൈവം ജീവനുള്ളവരുടെ ദൈവമാണ്. അവനു പാതാളവുമായി ബന്ധമില്ല. ഇതിൽനിന്നു ദൈവം അബ്രാഹാമിനെ പാതാളത്തിൽ നിന്നു ഉയിർപ്പിക്കുമെന്നു അനുമാനിക്കേണ്ടതാണ്.
മരണത്തിനു അധീനമായ ജീവൻ: തന്റെ ജീവനുവേണ്ടി മറുവില കൊടുക്കാൻ മനുഷ്യനു കഴിയുകയില്ല. (ഇയ്യോ, 2:4; മർക്കൊ . 8:37). ജീവവൃക്ഷത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നിഷ്ക്കാസിതനായ മനുഷ്യൻ (ഉല്പ, 3:24) നിരന്തരം മരണഭീതിയിൽ ആണ്. (എബാ, 2:15). മനുഷ്യന്റെ ജീവൻ ക്ഷണഭംഗുരമാണ്. മനുഷ്യൻ പ്രഭാതത്തിലെ മഞ്ഞുപോലെ അല്പായുസ്സുളളവനും ക്ഷണികനും, രാവിലെ മുളച്ചു വരുന്ന പുല്ലിനു സദൃശനും ആണ്: (സങ്കീ, 39:4; 90:5; 102:11; 103:15; യെശ, 40:6,7; 1പത്രൊ, 1:24). ജീവൻ ആവിയാണ്. (യാക്കോ, 4:14). മരണം കാണാതിരിക്കുന്ന മനുഷ്യനില്ല. (സങ്കീ, 89:48). ജീവിതം സ്വപ്നസദൃശമാണ്. (ഇയ്യോ, 20:8). മനുഷ്യന്റെ ആയുസ്സ് നിഴൽ (1ദിന, 29:15; ഇയ്യോ, 8:9; 14:2; സങ്കീ, 39:6; 102:23; 144:4; സഭാ, 6:12; 8:18), മേഘം (ഇയ്യോ, 7:9), ശ്വാസം (ഇയ്യോ, 7:7, 16), പുവ് (ഇയ്യോ, 14:2; സങ്കീ, 103:15; യെശ, 40:6) എന്നിവ പോലെയാണ്. മനുഷ്യന് തന്റെ ആയുഷ്ക്കാലത്തെ കുട്ടാനോ കുറയ്ക്കുവാനോ കഴിയുകയില്ല. (മത്താ, 6:27; ലൂക്കൊ, 12:25; യാക്കോ, 4:15). പൊടിയിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ പൊടിയിലേക്കു മടങ്ങിപ്പോകുന്നു. (ഉല്പ, 3:19; സങ്കീ, 103:14). അകാലമരണം പാപത്തിന്റെ ശിക്ഷയായി കരുതപ്പെട്ടിരുന്നു. (ഇയ്യോ, 8:13; 15:32; 22:16). രോഗം, ശത്രു, ദു:ഖം എന്നിവയിൽ നിന്നുള്ള വിടുതലിനെ മരണത്തിൽ നിന്നുള്ള വിടുതലായി കണക്കാക്കി. രോഗവും പീഡയും പാതാളത്തിലെ അനുഭവത്തിനു സദൃശമാണ്: (സംഖ്യാ, 21:8; സങ്കീ, 30:3). ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ചപ്പോൾ മരിച്ചു. (ഉല്പ, 2:17). ദൈവത്തിൻ്റെ അപ്രീതിക്കു പാത്രമായ അബീമേലെക്ക് ‘മരിച്ച മനുഷ്യൻ’ ആയി. (ഉല്പ, 20:3). യോനാ മത്സ്യത്തിനുള്ളിൽ ഇരുന്നത് പാതാളത്തിൽ ആയതിനു സമാനമാണ്. (യോനാ, 2:2).
വിവേകികൾക്കു ദീർഘായുസ്സു ലഭിക്കുന്നു. (സദൃ, 3:16). ദീർഘായുസ്സു ദൈവത്തിന്റെ ദാനമാണ്. (ആവ, 5:16. ‘ജീവൻ’ നല്ല ജീവിതം എന്ന ആശയം വ്യഞ്ജിപ്പിക്കുന്നു. “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (ആവ, 30:15). ‘രാജാവു നീണാൾ വാഴട്ടെ’ (1ശമൂ, 10:24) എന്ന ശൈലി കേവലം ആയുർ ദൈർഘ്യത്തെയല്ല; പ്രത്യുത, സമാധാനത്തിന്റെയും സമൃദ്ധിയുടെയും വിവേകത്തിന്റെയും ജീവിതത്തെയാണ് വിവക്ഷിക്കുന്നത്. നീതിമാന്മാരുടെ വാർദ്ധക്യത്തിലെ മരണവും കാലസമ്പൂർണതയും ഒരനുഗ്രഹമാണ്. അബ്രാഹാമിന്റെ മരണത്തെക്കുറിച്ചു ഇപ്രകാരമാണ് പറഞ്ഞിട്ടുളളത്: “അബ്രാഹാം വിയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു; തന്റെ ജനത്തോടു ചേർന്നു. (ഉല്പ, 25:8).
മനുഷ്യജീവൻ മരണത്തിനധീനമാണ്. “ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളൂ?” (സങ്കീ, 89:48). മണ്ണുകൊണ്ടു മെനയപ്പെട്ടവനാണ് മനുഷ്യൻ; അവൻ്റെ ശ്വാസം തിരികെ ദൈവത്തിങ്കലേക്കു പോകും. മനുഷ്യൻ മരിക്കുകയും പൊടിയിലേക്കു മടങ്ങുകയും ചെയ്യും. (ഉല്പ, 3:19; ഇയ്യോ, 10:9; സങ്കീ, 144:4; സഭാ, 12:7). മരണത്തോടുകൂടി വ്യക്തിപരമായ ജീവൻ അവസാനിക്കുകയും വൈയക്തികമായ ആണ്മ ജീവനുള്ളവരുടെ ദേശത്തു നിന്നു ചോദിക്കപ്പെടുകയും ചെയ്യും. (സങ്കീ, 52:5; യിരെ, 11:19). വീണ്ടും ശേഖരിക്കുവാൻ കഴിയാതെ തറയിൽ ഒഴിച്ചുകളഞ്ഞ വെള്ളം പോലെയാണ് മനുഷ്യൻ്റെ അവസാനം. (2ശമൂ, 14:14). മരണത്തിൽ പിതാക്കന്മാരോടു അഥവാ സ്വന്തം ജനത്തോടു ചേരുന്നു. (ഉല്പ, 25:8; 37:35; ആവ, 31:16). ദൈവം ജീവനുള്ളവരുടെ ദൈവമാണ്. അതിനാൽ മരിച്ചവനെങ്കിലും ദൈവത്തോടു ബന്ധമുള്ള ഒരുവനെ ജീവിക്കുന്നവനെന്നു പറയാം. (ലൂക്കൊ, 20:38). എന്നാൽ ദൈവത്തിന്റെ ജീവനിൽ നിന്നും അകന്ന ജീവൻ ജീവനല്ല. (എഫെ, 4:18; ലൂക്കൊ, 9:60; റോമ, 8:10; 1യോഹ, 3:14). ജീവൻ എന്നു വിളിക്കപ്പെട്ടാലും ഈ ജീവൻ യഥാർത്ഥ ജീവനിൽ നിന്നു വ്യത്യസ്തവും (1കൊരി, 15:19; 1തിമൊ, 6:19) യുഗാന്ത്യ ജിവനോടുള്ള ബന്ധത്തിൽ മാത്രം അർത്ഥമുള്ളതുമാണ്. (ഗലാ, 2:2; ഫിലി, 1:22; 1തിമൊ, 4:8).
മനുഷ്യരും മൃഗങ്ങളും ദുഷ്ടന്മാരും ജ്ഞാനികളും വിഡ്ഢികളും മരിക്കുന്നു. (ഇയ്യോ, 3:3; സങ്കീ, 49; സഭാ, 2:14). “മനുഷ്യർക്കു ഭവിക്കുന്നതു മുഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നെ, അതു മരിക്കുന്നതു പോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്ര; മനുഷ്യനു മൃഗത്തേക്കാൾ വിശേഷയില്ല; സകലവും മായയല്ലോ. (സഭാ, 3:19). ആരെക്കുറിച്ചുമുള്ള ചിന്തയോ ഓർമ്മയോ ഇല്ലാത്തതും ഉറക്കം, വിശ്രമം, ഇരുട്ട്, നിശബ്ദത എന്നിവയോടുകൂടിയതും ആയ ഒരവസ്ഥയാണിത്. (ഈയ്യാ, 3:15, 17:13, സങ്കീ, 6:5; സഭാ, 9:5, 10). ഈ അവസ്ഥയിൽ നിന്ന് ഒരാൾക്കു മടങ്ങിവരാനോ ദൈവത്ത സ്തുതിക്കുവാനോ കഴിയുകയില്ല. (2ശമൂ, 12:23; ഇയ്യോ, 7:9, സങ്കീ, 30:9; യെശ, 38:53). പാതാളത്തിന്റെ വർണ്ണന ഒരു വലിയ ശവക്കുഴിയുടെ ചിത്രമാണ് പലപ്പോഴും പ്രദാനം ചെയ്യുന്നത്. കൃമി, പുഴു തുടങ്ങിയ ക്ഷുദ്രകീടങ്ങളോടൊപ്പം മൃതന്മാർ തുടരുന്നു. (യെശ, 14:11). അവിടെ നിന്ന് ഒരാളിൻ്റെ രൂപത്തെ വിളിച്ചു വരുത്താവുന്നതാണ്. (1ശമൂ, 18:33). അർത്ഥസമ്പൂർണ്ണമായ അസ്തിത്വത്തിന്റെ അന്ത്യമാണ് പാതാളം. മനുഷ്യജീവൻ്റെ ഈ സമാപ്തി സഭാപ്രസംഗിയുടെ പല്ലവി ഉരുവിടാൻ നമ്മ പ്രേരിപ്പിക്കുന്നു: “ഹാ മായ, മായ, സകലവും മായ അത്രേ.” (സഭാ, 12:8). മരണാനന്തര ജീവിതത്തിന് പഴയനിയമം പ്രതീക്ഷാനിർഭരമായ ഒരുത്തരം നല്കുന്നു. അതു മനുഷ്യന്റെ പ്രകൃതിയിലല്ല ജീവിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലത്രേ നിലകൊള്ളുന്നത്.
സർവ്വജീവനും ആസന്നമായ ന്യായവിധിയിൻ കീഴിലാണ്. തന്മൂലം ഒരു പുതുയുഗത്തിന്റെ ജീവൻ അനുഭവിക്കാനുളള തീരുമാനം ഓരോ വ്യക്തിയും എടുത്തേ തീരു. യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന് ആഹ്വാനം ചെയ്തതു അതുകൊണ്ടാണ്. അപമാനകരമായ വധശിക്ഷയിൻ കീഴിലായിരിക്കുന്ന കുറ്റവാളികൾ പ്രത്യേക പാപികളല്ല. “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെതന്നെ നശിച്ചു പോകും” (ലൂക്കൊ, 13:3) എന്നു ക്രിസ്തു വ്യക്തമാക്കി. ദൈവപ്രസാദത്തിന്റെ അടയാളമായി സമൃദ്ധിയെ കരുതുവാനും നിവൃത്തിയില്ല. സമൃദ്ധിയിൽ പുളച്ച് അഹങ്കരിക്കുന്നവനോടു ദൈവം പറയുകയാണ്; “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും.” (ലുക്കൊ, 12:20). ഈ ന്യായവിധി ക്രിസ്തുവിന്റെ പ്രത്യക്ഷത, പുനരുത്ഥാനം രണ്ടാം മരണം എന്നിങ്ങനെ യുഗാന്ത്യ സമാപ്തിയിലേക്കു വിരൽ ചൂണ്ടുന്നു. രണ്ടാം മരണത്തിൽ ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കും. (മത്താ, 10:28). പുനരുത്ഥാനജീവനിൽ നിന്ന് (സോയീ) വ്യതിരിക്തമായ ദേഹിജീവൻ (പ്സ്യൂഖീ) ന്യായവിധിക്കു വിധേയമായ ആദാമ്യ ജീവനാണ്. ഈ ആദാമ്യ ജീവൻ പുനരുത്ഥാന ജീവൻ (സോയീ) പ്രാപിച്ചില്ലെങ്കിൽ നാശവിധേയമാണ്. (യോഹ, 3:16).
മരണത്തിന്റെ ശിക്ഷാവിധി യേശുക്രിസ്തുവിൽ നിവൃത്തിയായി. പാപമായി തീർന്നവനും ആത്മാവിനെ സ്വമേധയാ പാതാളത്തിന് ഏല്പിച്ചു കൊടുത്തവനും ആയ ഒടുക്കത്തെ ആദാം ലോകത്തിനു പുനരുത്ഥാന ജീവൻ നല്കി: (മർക്കൊ, 10:45; 14:34; യോഹ, 10:15; 2കൊരി, 5:21; യെശ, 53:6, 10; പ്രവൃ, 8:32, 33; 1പത്രൊ, 2:24). ക്രിസ്തു തന്റെ ആത്മാവിനെ പാതാളത്തിനു വിട്ടുകൊടുത്തില്ല. പുനരുത്ഥാനത്തിൽ ക്രിസ്തു തന്റെ ആത്മാവിനെ തിരികെ പ്രാപിച്ചു. (പ്രവൃ, 2:31; യോഹ, 10:17). നാശരഹിതമായ ജീവന്റെ ശക്തിയാൽ അവൻ ജീവൻ നല്കുന്ന ആത്മാവായിത്തീർന്നു, തനിക്ക് ഇഷ്ടമുള്ളവർക്കൊക്കെയും പുനരുത്ഥാന ജീവൻ നല്കുന്നു. ഇങ്ങനെ മനുഷ്യാത്മാവിന്റെ മരണഭീഷണി ക്രിസ്തു എന്നേക്കുമായി നീക്കിക്കളഞ്ഞു: (എബാ, 7:3; 1കൊരി, 15:45; എഫെ, 4:8; യോഹ, 5:21; 17:2). തന്മൂലം മനുഷ്യൻ തന്റെ ജീവനെ നഷ്ടപ്പെടുത്തേണ്ടതില്ല. സ്വന്തം ജീവനെ സ്നേഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ അവനതു നഷ്ടമാകും. എന്നാൽ ക്രിസ്തുവിനു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സഹോദരന്മാർക്കു വേണ്ടിയോ ജീവൻ ത്യജിക്കുമെങ്കിൽ പുനരുത്ഥാനജീവനിൽ അതു തിരികെ പ്രാപിക്കും: (മർക്കൊ, 8:35; യോഹ, 12:25; 1യോഹ, 3:16; 2കൊരി, 12:15; ഫിലി, 2:30; വെളി, 12:11). ഒരു പാപിയെ മാനസാന്തരപ്പെടുത്തുക എന്നതിന്റെ അർത്ഥം ഒരാത്മാവിനെ മരണത്തിൽ നിന്നു രക്ഷിക്കുക എന്നാണ്: (എബ്രാ, 10:39; യാക്കോ, 1:21; 5:20; 1പത്രൊ, 1:9). മരണം ക്രിസ്തുവിലുള്ള താത്ക്കാലിക നിദ്രയായി മാറ്റപ്പെടും: (1തെസ്സ, 4:14; മർക്കൊ, 5:39; യോഹ, 11:11). തന്മൂലം ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ഒരിക്കലും യഥാർത്ഥ മരണം ആസ്വദിക്കയില്ല. (യോഹ, 8:51; 10:28; 11:26).
പുനരുത്ഥാന ജീവൻ: പഴയനിയമത്തിലെ നല്ല ജീവൻ പുതിയനിയമത്തിൽ പുതു ജീവൻ അഥവാ പുനരുത്ഥാന ജീവൻ (സോയീ) ആയി മാറുന്നു. സാക്ഷാൽ ജീവൻ പുനരുത്ഥാന ജീവനായതു കൊണ്ടു അതിനെ കേവലം ജീവനെന്നു വിളിക്കുന്നു: (പ്രവൃ, 5:20; 11:18; റോമ, 5:17; 2പത്രൊ, 1:3; 1യോഹ, 5:16). പ്രകാശം (യോഹ, 8:12), മഹത്വം (1പത്രൊ, 5:1, 4; യാക്കോ, 1:12), മാനം (റോമ, 2:7), സമൃദ്ധി (യോഹ, 10:10), അക്ഷയത (2തിമൊ, 1:10), പുനരുത്ഥാനം (യോഹ, 6:40; 11:25), നിത്യജീവൻ, ദൈവരാജ്യം (കൊലൊ, 1:13; മത്താ, 25), വിശുദ്ധി (റോമ, 6:22), സന്തോഷം (1തെസ്സ, 2:19), ആത്മാവ് (യോഹ, 6:63; 1കൊരി, 15:45), അനശ്വരത (എബ്രാ, 7:16; 1പത്രൊ, 1:23) എന്നിവയുമായി ജീവൻ ബന്ധപ്പെട്ടിരിക്കുന്നു. അന്ധകാരം (കൊലൊ, 1:13), അപമാനം (റോമ, 2:7), മരണം (1യോഹ, 3:14), നശ്വരത (2കൊരി, 5:4), നാശം (മത്താ, 7:13; ഗലാ, 6:8), ന്യായവിധി (യോഹ, 5:29), ക്രോധം (റോമ, 2:8; യോഹ, 3:36), നിത്യദണ്ഡനം (മത്താ, 25:46) എന്നിവ ജീവൻറ വിരുദ്ധ കോടിയിലാണ്. അമർത്ത്യതയുള്ളവനും തന്നിൽ തന്നെ ജീവനുള്ളവനും (1തിമൊ, 6:16; യോഹ, 5:26) എന്നേക്കും ജീവിക്കുന്നവനുമായ ദൈവത്തിന്റെ ജീവനാണ് ജീവൻ. (റോമ, 5:21; വെളി, 4:9(. ദൈവത്തിന്റെ ഈ ജീവൻ ക്രിസ്തുവിൽ പ്രത്യക്ഷമായി. ക്രിസ്തു തന്റെ ശിഷ്യന്മാർക്കു പുനരുത്ഥാന ജീവന്റെ ഉറപ്പും (മർക്കൊ, 8:34; 9:41; 10:29; മത്താ, 25:46), അതു നല്കുന്നതിനുള്ള തന്റെ അധികാരത്തിനു തെളിവും നല്കി. സൗഖ്യമാക്കുക എന്നത് ആത്മരക്ഷ മാത്രമല്ല ഭൗതിക ജീവൻ്റെ രക്ഷയും ഉൾക്കൊള്ളുന്നു. (ലൂക്കൊ, 6:9; മർക്കൊ, 5:23). ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചു. (മർക്കൊ, 5:39; ലൂക്കൊ, 7:14).
പുനരുത്ഥാന ജീവന്റെ സവിശേഷതകൾ: 1. പുനരുത്ഥാനജീവൻ ക്രിസ്തുവിൽ അധിഷ്ഠിതമാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അമർത്യജീവൻ ചരിത്രതലത്തിൽ സാക്ഷാത്കരിക്കപ്പെട്ടു. ക്രിസ്തുവിന്റെ പുനരുത്ഥാനം എല്ലാ പുനരുത്ഥാനത്തിനും അധിഷ്ഠാനമായിത്തീർന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ മാത്രമേ മറ്റു പുനരുത്ഥാനങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ: (1കൊരി, 15; കൊലൊ, 3:4; 1യോഹ, 3:2). യേശുക്രിസ്തുവിന്റെ സ്വരൂപത്തിലാണ് പുനരുത്ഥാനജീവൻ വെളിപ്പെട്ടത്. (റോമ, 8:29). ജീവിപ്പിക്കുന്ന ആത്മാവായിത്തീർന്ന യേശുക്രിസ്തുവിൽ മനുഷ്യന്റെ സാക്ഷാൽ ജീവൻ അടിസ്ഥാനപ്പെട്ടിരിക്കുന്നു. (1കൊരി, 15:45). സുവിശേഷ പ്രഖ്യാപനത്തിന്റെ സാരം മരിച്ചവൻ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്നതത്ര: (പ്രവൃ, 2:31; 1കൊരി, 15:3; വെളി, 1:5, 18). അഴിഞ്ഞുപോകാത്ത ജീവന്റെ അധികാരത്താൽ അവൻ ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നു. (എബാ, 7:15; യോഹ, 6:33). മരിച്ചവരിൽ നിന്നും ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ല എങ്കിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിട്ടില്ല. ക്രിസ്തുവിൽ നിദ്രകൊണ്ടവർ നശിച്ചു, മാത്രമല്ല, ക്രിസ്തുവിൽ പ്രത്യാശവച്ചവർ കേവലം അരിഷ്ടന്മാരായി. (1കൊരി, 15:18, 32). എന്നാൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റു, പാതാളത്തിന്റെ താക്കോലുകൾ അവന്റെ കൈവശമുണ്ട്. പാതാളത്തിന് ക്രിസ്തുവിനെ കീഴടക്കുവാൻ സാധിച്ചില്ല. മാത്രമല്ല, പാതാളഗോപുരങ്ങൾ ക്രിസ്തുസഭയെ ജയിക്കയുമില്ല. (വെളി, 1:18; മത്താ, 16:18). മാനസാന്തരം, വിശ്വാസം, സ്നാനം എന്നിവയിലൂടെ ക്രിസ്തുവിന്റെ ജീവൻ വിശ്വാസിക്കു ലഭിക്കുന്നു. (പ്രവൃ, 11:18; യോഹ, 3:16; 11:25; റോമ, 6:4). അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും (റോമ, 5:10) എന്ന് പൗലൊസ് അപ്പൊസ്തലൻ അത്ഭുതപ്പെടുന്നു. ദൈവത്തിൽനിന്നുള്ള പുതിയ ജീവൻ കൃപയും പാപത്തിന്റെ മാരകത്വവും മനുഷ്യനു കാട്ടിക്കൊടുക്കുവാൻ ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളിൽ ദൈവം മനുഷ്യലോകത്തിലേക്കു കടന്നു വന്നു. ക്രിസ്തു സത്യദൈവവും നിത്യജീവനും (1യോഹ, 5:20; യോഹ, 1:4; 14:6), ജീവനായകനും (പ്രവൃ, 3:14) ആണ്. പിതാവും പുത്രനായ ക്രിസ്തുവിന് തന്നിൽ തന്നെ ജീവൻ നല്കി. (യോഹ, 5:26(. ക്രിസ്തു പുനരുത്ഥാനവും ജീവനും ജീവൻ്റെ അപ്പവുമാണ്. (യോഹ, 11:25; 6:35). ക്രിസ്തുവിന്റെ വചനങ്ങൾ ആത്മാവും ജീവനും ആണ്. (യോഹ, 6:63). തൻ്റെ പുനരുത്ഥാനത്തിൽ ക്രിസ്തു ജീവനുള്ളവരുടെയും മരിച്ചവരുടെയും കർത്താവും ന്യായാധിപനുമായി. (മത്താ, 25:31; മർക്കൊ, 14:62; യോഹ, 5:27; പ്രവൃ, 4:1; വെളി, 10:42; 17:31; 14:9; 2തിമൊ, 11:18).
2. പുനരുത്ഥാനജീവന്റെ മേൽ മനുഷ്യനധികാരമില്ല. ആദാമ്യജീവൻ അഥവാ പ്രാകൃത ജീവൻ നല്കിയത് ദൈവമാണ്. അതുപോലെ പുനരുത്ഥാനജീവൻ നല്കുന്നതും ദൈവമാണ്. അതിന്മേൽ ഏതെങ്കിലും വിധത്തിലുളള നിയന്ത്രണമോ അധികാരമോ മനുഷ്യനില്ല. മനുഷ്യന് അതിനെ സ്വായത്തമാക്കുകയോ അതിൽ പ്രവേശിക്കുകയോ അതിനെ സ്വീകരിക്കുയോ ചെയ്യാം. (മർക്കൊ, 9:43; 10:17, 30; തീത്താ, 3:6). സുവിശേഷത്തെ തിരസ്ക്കരിച്ചുകൊണ്ട് നിത്യജീവന് അയോഗ്യനാണെന്നു ഒരുവന് സ്വയം വിധിക്കാം. (പ്രവൃ, 13:46). പരിശുദ്ധാത്മാവിവിനാൽ നിത്യജീവനായുള്ള പ്രവർത്തനങ്ങൾ അവനു ചെയ്യാം. (മർക്കൊ, 10:17; റോമ, 2:7). വിശ്വാസത്താൽ ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മാത്രമേ അതു സാദ്ധ്യമാകുകയുള്ളൂ. (റോമ, 1:17; യോഹ, 20:31). ദൈവം തനിക്ക് ഇഷ്ടമുള്ളവർക്കു ജീവൻ നല്കുന്നു. (യോഹ, 1:13; 5:21). അവർ ജീവന്നായി മുൻ നിയമിക്കപ്പെട്ടവരും ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേരു എഴുതപ്പെട്ടവരുമാണ്. (പ്രവൃ, 13:48; റോമ, 9:11; ഫിലി, 4:3; വെളി, 17:8; 20:12).
3. പുനരുത്ഥാനജീവൻ അവിനാശിയാണ്: പുനരുത്ഥാനജീവൻ നാശവിധേയമല്ല. അളവില്ലാത്ത ജീവൻ്റെ ശക്തിയാലാണ് വിശ്വാസിക്കതു ലഭിക്കുന്നത്. ദൈവമന്ദിരം ഈ ഭൂമിയിൽ പണിയപ്പെടുന്നത് ജീവനുള്ള കല്ലുകളാലാണ്. വിശ്വാസികൾ ജീവനുള്ള കല്ലുകളാണ്. (1പത്രൊ, 2:4,5). ദൈവിക ശുശ്രൂഷയിൽ വിശ്വാസികൾ തങ്ങളെത്തന്നെ ജീവനുളള യാഗമായി സമർപ്പിക്കുന്നു. (റോമ, 12:1). ഈ ജീവനു നിരന്തരം ഭീഷണി ഉയർത്തുന്ന മൂന്നു ശത്രുക്കളുണ്ടു്: പിശാച്, ജഡം, മരണം. ഭൗമികമായ ഒരു ശക്തിക്കും പുതുജീവനെ ഇല്ലായ്മ ചെയ്യുവാൻ കഴിയുകയില്ല. (മത്താ, 10:28; ലൂക്കൊ, 12:4,5; 1യോഹ, 3:10). പിശാച് അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ക്രിസ്തുവിന്റെ ശക്തിയാൽ പിശാചിനെ ജയിക്കാം. (റോമ, 8:37-39). ഭൗതികമരണം ഒരു വ്യക്തിയുടെ അസ്തിത്വത്തെ അവസാനിപ്പിക്കാം. (ലൂക്കൊ, 23:46; യോഹ, 19:30; പ്രവൃ, 7:59). എന്നാൽ പുനരുത്ഥാന ജീവൻ പ്രാപിച്ചവർ മരണത്തോടുകൂടി അവസാനിക്കുന്നില്ല. ഒരിക്കലും അവസാനിക്കാത്ത അളവറ്റ ജീവനാണ് പുനരുത്ഥാന ജീവൻ.
4. പുനരുത്ഥാനജീവൻ വർത്തമാനകാല അവകാശമാണ്. ഇപ്പോൾ ഇവിടെവച്ചുതന്നെ ഒരു വിശ്വാസി പുനരുത്ഥാന ജീവൻ അനുഭവിക്കുന്നു. മാനസാന്തരത്തിൽ അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടക്കുന്നു. (1യോഹ, 3:14; യോഹ, 5:24; എഫെ, 2:1). പുതിയ ജീവന്റെ അനുഗ്രഹങ്ങളെല്ലാം മാനസാന്തരത്തോടു കൂടി ലഭിച്ചു കഴിഞ്ഞതായി അതായതു, ഭൂതകാലത്തിലാണ് പല സ്ഥാനങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു, ജീവനിലേക്കു ഉയിർപ്പിക്കപ്പെട്ടു, ക്രിസ്തുവിന്റെ രാജ്യത്തിൽ ആക്കപ്പെട്ടു; തേജസ്കരിക്കപ്പെട്ടു, സ്വർഗ്ഗത്തിൽ ഇരുത്തപ്പെട്ടു എന്നീ പ്രസ്താവനകൾ ശ്രദ്ധാർഹങ്ങളാണ്. (റോമ, 8:30; ഗലാ, 2:20; എഫെ, 2:5; കൊലൊ, 1:13). ഭാവികാല ജീവന്റെ അച്ചാരമായി പരിശുദ്ധാത്മാവിനെ നല്കിയിരിക്കുന്നു. (2കൊരി, 5:5). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ സംഭവിക്കുന്ന തേജസ്കരണത്തോടു കൂടിയാണ് പുനരുത്ഥാന ജീവന്റെ പൂർണ്ണാനുഭവം പ്രാപിക്കുന്നത്. അക്ഷയതയും അമർത്ത്യതയും അതോടുകൂടി ജീവന്റെ നിത്യഭാവമായി മാറും. ഇന്നു മാനസികമായ പുതുക്കത്തിലും നൈതികമായ പരിവർത്തനത്തിലുമാണ് പുനരുത്ഥാനജീവനെ സാക്ഷാത്കരിക്കുന്നത്. ദേഹി അതിന്റെ മർത്യഭാവത്തിൽ മരണത്തിനു വിധേയമാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ മാത്രമാണ് മരണം നീങ്ങി ജയം വരുന്നതും പാതാളത്തിന്റെ അധികാരം ഉന്മൂലനം ചെയ്യപ്പെടുന്നതും. (1കൊരി, 15:26, 52; 2കൊരി, 5:4). അനേകം സഹോദരന്മാരിൽ ആദ്യജാതനും മരിച്ചവരുടെയിടയിൽ നിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റവനും ആയ യേശുക്രിസ്തുവിൽ മാത്രമാണ് ഇന്നു ജയം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:29; 1കൊരി, 15:20).
5. പുതുജീവൻ പാപത്തെ പൂർണ്ണമായി അതിജീവിച്ചതല്ല. ആത്മീയമായ ബലഹീനത ഈ ജീവനു ബാധകമാണ്. ആത്മാവ് ഒരുക്കമുളളതും ജഡം ബലഹീനവുമാണ്. (മത്താ, 26:41; മർക്കൊ, 14:38; റോമ, 7:18). പുതുജീവൻ പ്രാപിച്ചു എങ്കിലും നാം ലോകത്തിന്റെ പരിമിതികൾക്കു വിധേയമാണ്. വിശ്വാസിയുടെ പാപപ്രവൃത്തികൾക്കും അവിശ്വാസിയുടെ പാപപൂർണ്ണതയ്ക്കും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പാപി ദൈവത്തിനു വേണ്ടി ജീവിക്കുക എന്നതു മനഃപൂർവ്വം നിരസിക്കുന്നു. കാലികമായ പരാജയങ്ങൾ വിശ്വാസിക്കു നേരിടുമെങ്കിലും നിരപ്പുപ്രാപിച്ചു ദൈവവുമായുള്ള ബന്ധത്തിൽ അവൻ മുന്നോട്ടു പോകും. യേശുവിന്റെ ശിഷ്യന്മാർതന്നെ പലപ്പോഴും തെറ്റിപ്പോയതു നമുക്കറിയാം. എന്നാൽ അവർ അനുതപിച്ച് ക്രിസ്തുവിൻറ ശുശ്രൂഷയിൽ ഭാഗഭാ ക്കുകളായി.
6. പുനരുത്ഥാനജീവൻ വൈയക്തിക ജീവനാണ്. പുനരുത്ഥാന ജീവൻ ‘എന്റെ ജീവനാണ്.’ സ്വത്വം ഒരിക്കലും നഷ്ടപ്പെടുന്നില്ല. എല്ലാവരും ദൈവത്തിനു ജീവിച്ചിരിക്കുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. (ലൂക്കൊ, 20:38). ദൈവപുത്രനായിരിക്കുക എന്നതിന് പുനരുത്ഥാന പുത്രനായിരിക്കുക എന്നർത്ഥം. സാകല്യമനുഷ്യന്റെ ജീവനാണു പുനരുത്ഥാനജീവൻ. (ലൂക്കൊ, 24:39; യോഹ, 5:28; 1കൊരി, 15; ഫിലി, 3:21; വെളി, 20:13). അത് ക്രിസ്തുവിനോടു കൂടെ ആയിരിക്കു ന്നതും (യോഹ, 14:3; കൊലൊ, 3:4; 1തെസ്സ, 4:17), ദൈവത്തിന്റെ പൂർണ്ണദർശനം പ്രാപിക്കുന്നതും (1കൊരി, 13:12; 1യോഹ, 3:2) ആണ്. “അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി മരണം ഉണ്ടാകയില്ല.” (വെളി, 22:3,4; 21:5).