പഴയനിയമത്തിലെ പത്താമത്തെ പുസ്തകം. ഈ പുസ്തകത്തിലെ ശ്രദ്ധേയനായ വ്യക്തി ദാവീദ് രാജാവാണ്. വെളിച്ചത്തിൽ നടക്കുമ്പോൾ, രാജാവായ മശീഹായുടെ ഉജ്ജ്വലമായ ഒരു പ്രതിരൂപമാണ് താൻ. വിശ്വാസജീവിതത്തിൽ അനുയാത്ര ചെയ്ത വിജയങ്ങളും സംഘട്ടനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ മാർഗ്ഗത്തിൽ നിന്നും സമൃദ്ധി തന്നെ പാപത്തിലേക്കു നയിക്കുകയും അങ്ങനെ സ്വന്ത മോഹങ്ങൾക്കായി വാതിൽ തുറന്നുകൊടുക്കുകയും ചെയ്തപ്പോൾ താൻ അനുഭവിച്ച പരാജയങ്ങൾ രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” 2ശമൂവേൽ 7:14.
2. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” 2ശമൂവേൽ 7:16.
3. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” 2ശമൂവേൽ 12:13.
4. “യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.” 2ശമൂവേൽ 22:2-4.
പഴയനിയമത്തിലെ ഒൻപതാമത്തെ പുസ്തകം. എബ്രായകാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽ മൂന്നാമത്തെ പുസ്തകം. എബ്രായയിൽ ശമൂവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ ഒറ്റപ്പുസ്തകമായിരുന്നു. ഗ്രീക്കു സെപ്റ്റജിന്റാണാ അതിനെ രണ്ടായി പിരിച്ചത്. സെപ്റ്റ്വജിന്റിൽ ശമൂവേലിന്റെ രണ്ടു പുസ്തകങ്ങളും രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്ന് രാജ്യങ്ങളുടെ പുസ്തകങ്ങൾ I-IV ആണ്. ലത്തീൻ വുൾഗാത്തയിൽ അവ രാജാക്കന്മാരുടെ പുസ്തകങ്ങൾ I-IV. എബ്രായ കൈയെഴുത്തുപ്രതികളിൽ ഉണ്ടായിരുന്ന ശമൂവേൽ എന്ന ശീർഷകമാണ് ഇംഗ്ലീഷ് മലയാളം ഭാഷാന്തരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. ഈ പേരിന്റെ സാംഗത്യം ഒന്നു മാത്രമാണാ; ആദ്യഭാഗത്തു പ്രധാന കഥാപാത്രം ശമൂവേലാണ്; അനന്തരഭാഗത്തു വിവരിക്കപ്പെടുന്ന മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായ ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്തത് ശമൂവേലാണ്.
കർത്താവും കാലവും: ശമൂവേലിന്റെ കർതൃത്വത്തിന് ഉപോദ്ബലകങ്ങളായ ആഭ്യന്തരബാഹ്യതെളിവുകൾ വിരളമാണ്. യെഹൂദ പാരമ്പര്യം അനുസരിച്ചു ശമൂവേൽ പ്രവാചകനാണു് ഗ്രന്ഥകർത്താവ്. ‘സ്വന്തം പേരിലുള്ള പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും രുത്തും ശമുവേൽ എഴുതി.’ (ബാബാബ്രത 14B). ശമുവേലിന്റെ മരണം 1ശമൂവേൽ 25:1-ൽ പറയുന്നു. 1ശമൂവേൽ 25-31 അദ്ധ്യായങ്ങളിലെയും 2ശമൂവേലിലെയും സംഭവങ്ങൾ ശമൂവേലിന്റെ മരണശേഷം സംഭവിച്ചവയാണ്. സിക്ലാഗ് ഇന്നുവരെയും യെഹൂദാ രാജാക്കന്മാർക്ക് ഉള്ളതായിരിക്കുന്നു’ (1ശമൂ 27:6) എന്ന പ്രസ്താവന രാജ്യവിഭജനത്തിനു ശേഷമാണ് ഗ്രന്ഥരചന എന്നതിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. ദാവീദിന്റെ മരണത്തെക്കുറിച്ച് ശമുവേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല; അതുകൊണ്ട് പ്രസ്തുത സംഭവത്തിനുമുമ്പ് ഗ്രന്ഥരചന നടന്നിരിക്കണം. ശമുവേലും ഒരെഴുത്തുകാരൻ ആയിരുന്നുവെന്ന് ഈ പുസ്തകത്തിൽ കാണാം. (1ശമൂ, 10:25; 1ദിന, 29:29). ശമുവേൽ, നാഥാൻ, ഗാദ് എന്നിവർ എഴുതി എന്നതാണ് പൊതുധാരണ. “എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമ പ്രവൃത്തികളും അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും ദർശകനായ ശമുവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.” (1ദിന, 29:29,30). ലിബറൽ ചിന്തകരുടെ പക്ഷത്തിൽ കുറഞ്ഞത് രണ്ടു രേഖകളുടെ (Jയും Bയും) സങ്കലനമാണ് ശമുവേലിന്റെ പുസ്തകങ്ങൾ. ശൗലിന്റെയും ദാവീദിന്റെയും വൃത്താന്തങ്ങൾ ശലോമോന്റെ കാലത്തും ശമൂവേലിനെ സംബന്ധിച്ചുള്ളവ എട്ടാം നൂറ്റാണ്ടിലും രൂപപ്പെട്ടു എന്നും അവയുടെ ഏകീകരണം ഒരു നൂറ്റാണ്ടിനു ശേഷം സംഭവിച്ചു എന്നും അവർ സിദ്ധാന്തിക്കുന്നു. ശമുവേലിന്റെ പുസ്തകത്തിന്റെ ഏകത്വത്തിനു താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. പുസ്തകത്തിന്റെ സംവിധാനം ക്രമീകൃതവും സുഘടിതവുമാണ്. 2. പുസ്തകങ്ങളുടെ ഭാഗങ്ങൾക്ക് പരസ്പരബന്ധമുണ്ട് 3. ഭാഷയുടെ ഐകരൂപ്യം. ശമൂവേലിന്റെ ജനനം മുതൽ ശൗൽ രാജാവിന്റെ മരണം വരെയുള്ള ചരിത്രം 1ശമുവേലിലുണ്ട്. 2ശമുവേലിൽ പ്രധാനമായും ആഖ്യാനം ചെയ്യുന്നത് ദാവീദിന്റെ ഭരണമാണ്. 100 വർഷത്തെ ചരിത്രം രണ്ടു പുസ്തകങ്ങളും ഉൾക്കൊള്ളുന്നു.
ഉദ്ദേശ്യം: പഴയനിയമ ചരിത്രം വിശ്വാസികൾക്കു ബുദ്ധ്യുപദേശത്തിനും പ്രബോധനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് നല്കപ്പെട്ടിരിക്കുന്നത്. (റോമ, 15:4; 1കൊരി, 10:11). യിസ്രായേലിൽ രാജവാഴ്ചയുടെ വ്യവസ്ഥാപനം വ്യക്തമാക്കുകയാണ് ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശ്യം. ന്യായാധിപന്മാരിൽ നിന്നും രാജാക്കന്മാരിലേക്കു ഭരണം കൈമാറുന്നതു വിവരിക്കുന്നു. ന്യായാധിപനും പ്രവാചകനുമായിരുന്ന ശമൂവേലാണ് യിസ്രായേലിലെ ആദ്യത്തെ രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്തത്. എന്നാൽ ദാവീദ് രാജാവാകുന്നതിനു മുമ്പു ശമുവേൽ മരിച്ചു. പ്രവാചക ശുശ്രൂഷയുടെയും രാജ വാഴ്ചയുടെയും ആരംഭം ഈ പുസ്തകങ്ങളിലുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” 1ശമൂവേൽ 2:2.
2. “ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.” 1ശമൂവേൽ 8:6,7.
3. “ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.” ശമൂവേൽ-1 13:13,14.
4. “ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.” 1ശമൂവേൽ 15:22.
ഉള്ളടക്കം: I. ശമുവേൽ-പ്രവാചകനും ന്യായാധിപനും: 17അ.
പഴയനിയമത്തിലെ എട്ടാമത്തെ പുസ്തകം. സ്ത്രീകളുടെ പേരിൽ ബൈബിളിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളാണ് രൂത്തും എസ്ഥേറും. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ ചുരുളുകളിലെ (മെഗില്ലോത്ത്) രണ്ടാമത്തെ പുസ്തകമാണിത്. രൂത്തിന്റെ പശ്ചാത്തലം വയൽ ആയതുകൊണ്ടു യെഹൂദന്മാർ കൊയ്ത്തുത്സവമായ പെന്തെകൊസ്തിൽ ഇതു വായിച്ചു വന്നു. ന്യായാധിപന്മാർക്കു ശേഷമാണു ‘രുത്തി’ന്റെ സ്ഥാനം. ജൊസീഫസ് ഇതിനെ ന്യായാധിപന്മാരുടെ അനുബന്ധമായി കണക്കാക്കി.
ഗ്രന്ഥകർത്താവും കാലവും: രുത്തിന്റെ ചരിത്രപശ്ചാത്തലം ന്യായാധിപന്മാരുടെ കാലമാണ്. (രൂത്ത്, 1:1). ഗ്രന്ഥകർത്താവിനെ സംബന്ധിക്കുന്ന ഒരു സൂചനയും പുസ്തകത്തിലില്ല. ശമൂവേലിന്റെ പുസ്തകവും ന്യായാധിപന്മാരും രുത്തും എഴുതിയത് ശമൂവേൽ പ്രവാചകനാണെന്നു ബാബാബ്രതയിൽ പറഞ്ഞിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. പുസ്തകത്തിന്റെ ഒടുവിലുള്ള വംശാവലിയിൽ നിന്നും ദാവീദ് അക്കാലത്തു പ്രസിദ്ധനായി തീർന്നുവെന്നു കാണാം. അതിനാൽ ശമൂവേൽ ഇതെഴുതുവാൻ സാദ്ധ്യതയില്ല. പ്രവാസാനന്തരമാണ് രൂത്ത് എഴുതപ്പെട്ടതെന്ന വാദം സർവ്വാദൃതമല്ല. പ്രവാസത്തിനു മുമ്പുള്ള കാലമാണു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കീഴ്വഴക്കങ്ങളെ വിശദമാക്കുന്നതിൽ നിന്നും ഇതു വ്യക്തമാണ്. (4:1-12). ഇതിന്റെ പൗരാണിക ശൈലിയും ഭാഷയും വിജാതീയ വിവാഹങ്ങളോടുള്ള മനോഭാവവും ഒരു പൂർവ്വകാലത്തെ കാണിക്കുന്നു. ആവർത്തന പുസ്തകത്തിലെ നിയമം അനുസരിച്ച് (23:3) ഒരു മോവാബ്യന് സഭയിൽ പ്രവേശിക്കുവാൻ പാടില്ല. ദാവീദിന്റെ വംശാവലിയും (4:18-22) പൂർവ്വകാല ആചാരങ്ങളുടെ വിശദീകരണവും ഈ പുസ്തകത്തിലെ മറ്റു ഭാഗങ്ങളെക്കാൾ അർവ്വാചീനമാണെന്നു വാദിക്കുന്നവരുമുണ്ട്.
ഉദ്ദേശ്യം: ഈ പുസ്തകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യത്യസ്ത നിഗമനങ്ങളുണ്ട്. ശമുവേലിന്റെ പുസ്തകത്തിൽ എബ്രായ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായ ദാവീദിനെ വിട്ടുകളഞ്ഞു. അതു പൂരിപ്പിക്കുവാൻ വേണ്ടിയാണ് രൂത്ത് എഴുതിയത്. വേർപാടിനു എതിരായ ഒരു രാഷ്ട്രീയ ലഘുലേഖയായി ഇതിനെ കണക്കാക്കുന്നവരുണ്ട്. അവരുടെ ദൃഷ്ടിയിൽ മിശ്രവിവാഹത്തെ കുറിച്ചുള്ള നെഹെമ്യാവിന്റെയും എസ്രായുടെയും കർക്കശമായ നിലപാടിനെ എതിർക്കുവാൻ വേണ്ടിയാണ് ഇതെഴുതിയത്. മക്കളില്ലാത്ത വിധവമാർക്കു വേണ്ടിയുള്ള മനുഷ്യത്വപൂർണ്ണമായ അപേക്ഷയായി രൂത്തിനെ കണക്കാക്കുന്നവരുണ്ട്. ബന്ധത്തിലടുത്തയാൾ വിധവയുടെ ചുമതല ഏറ്റെടുക്കേണ്ടതാണ്. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവിക പരിപാലനം വ്യക്തമാക്കുക, മതപരമായ സഹിഷ്ണുതയ്ക്കു വേണ്ടി വാദിക്കുക എന്നീ ലക്ഷ്യങ്ങളും രൂത്തിന്റെ രചനയ്ക്കു പിന്നിൽ കാണുന്നവരുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” രൂത്ത് 1:16.
2. “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.” രൂത്ത് 3:9.
3. “അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.” രൂത്ത് 4:17.
6. ഓബേദ് വരെ പുറകോട്ട് എത്തിനിൽക്കുന്ന ദാവീദിന്റെ രാജകീയ വംശപാരമ്പര്യം: 4:13-22.
പൂർണ്ണവിഷയം
ഒരു യെഹൂദാ കുടുംബത്തിന്റെ ദുരന്തം 1:1-5 നൊവൊമിയേയും നൊവൊമിയുടെ ദൈവത്തെയും രൂത്ത് തെരഞ്ഞെടുക്കുന്നു 1:6-18 നൊവൊമിയും രൂത്തും ബേത്ലേഹെം പട്ടണത്തിൽ എത്തിച്ചേരുന്നു 1:19-22 ബോവസിന്റെ വയലിൽ രൂത്ത് കാലാപെറുക്കുന്നു 2:1-23 രൂത്തിനു വേണ്ടി ഒരു വിശ്രാമസ്ഥലം നൊവൊമി അന്വേഷിക്കുന്നു 3:1-6 ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരൻ-ബോവസ് 3:7-18 നഷ്ടപ്പെട്ട നൊവൊമിയുടെ സ്വത്ത് ബോവസ് വിലയ്ക്കു വാങ്ങി രൂത്തിനെ വിവാഹം ചെയ്യുന്നു 4:1-13 ദാവീദ് രാജാവിന്റെ പിതാമഹിയായ രൂത്ത് 4:13-21
പഴയനിയമത്തിലെ ഏഴാമത്തെ പുസ്തകം. യോശുവയ്ക്കുശേഷം ശമൂവേൽ പ്രവാചകന്റെ കാലംവരെ യിസായേലിനെ ഭരിച്ചിരുന്നവരുടെ ഔദ്യോഗിക നാമമാണ് പുസ്തകത്തിനു നല്കിയിട്ടുള്ളത്. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ച.” (ന്യായാ, 2:16). ഉദ്ദേശം മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രം ഈ പുസ്തകം ഉൾക്കൊള്ളുന്നു.
കാലവും കർത്തൃത്വവും: J (യാഹ്വിസ്റ്റിക്) E (എലോഹിസ്റ്റിക്) എന്ന രണ്ടു സ്രോതസ്സുകളിൽ നിന്നെടുത്ത പഴയവീരകഥകളുടെ സമാഹാരമാണ് ഈ പുസ്തകം എന്നു വിമർശകർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു രേഖകളും ബി.സി. ഏഴാം നൂററാണ്ടിന്റെ ഉത്തരപാദത്തിലാണ് ഒരുമിച്ചു ചേർത്തത്. അപ്പോൾ നടത്തിയ ചില ചില്ലറ കൂട്ടിചേർക്കലുകളാണ് ചെറിയ ന്യായാധിപന്മാർ തുടങ്ങിയവ. ബി.സി. 200 വരെ ഈ പുസ്തകത്തിന് ഇന്നത്തെ രൂപം ലഭിച്ചിരുന്നില്ല എന്ന വാദഗതിയും ഉണ്ട്.
പുസ്തകത്തിന്റെ ആന്തരിക തെളിവുകളും പാരമ്പര്യവും സൂചിപ്പിക്കുന്നതനുസരിച്ച് രാജവാഴ്ചയുടെ തുടക്കത്തിൽ ബി.സി. 1020-നടുപ്പിച്ചായിരിക്കണം ഇത് എഴുതപ്പെട്ടത്. ഇതിന്റെ സമ്പാദകഗ്രന്ഥകാരൻ ശമൂവേൽ പ്രവാചകനാണ്. അതിന് ഉപോദ്ബലകങ്ങളായ തെളിവുകൾ ഇവയാണ്: 1. ഗ്രന്ഥകാരൻ ഏറിയകൂറും ഒരു സമ്പാദകനാണ്. പലനൂറ്റാണ്ടുകളിലെ ചരിത്രമാണിതിലുള്ളത്. ദെബോരയുടെ വീണ്ടെടുപ്പിന്റെ ഗദ്യവിവരണവും (അ.4), ദെബോരയുടെ പാട്ടും (അ.5), തിരഞ്ഞെടുത്തു. ഗിദെയോന്റെയും ശിംശോന്റെയും കഥകൾക്കു പ്രാധാന്യം നല്കി. സാന്മാർഗ്ഗിക മൂല്യമാണ് അതിന് അടിസ്ഥാനം. 2. ഏകകർത്തൃത്വത്തിന്റെ ഐക്യം ഈ പുസ്തകത്തിലുണ്ട്. സംവിധാനത്തിൽ ആവർത്തന പുസ്തകത്തിന്റെ ഛായ ഇതിൽ കാണാം. ന്യായപ്രമാണം അനുസരിക്കുന്നതിന് കനാനിൽ അനുഗ്രഹങ്ങളും ന്യായപ്രമാണം ലംഘിക്കുന്നതിനു ശിക്ഷയും ആവർത്തനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (ആവ, 28:1-68). 3. ഈ പുസ്തകം ശൗലിന്റെ കാലയളവിൽ ഉള്ളതാണ്. “ബെന്യാമീൻ മക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരുശലേമിൽ പാർത്തു വരുന്നു.” (ന്യായാ, 1:21). തന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ദാവീദ് സീയോൻ ആക്രമിച്ചു കീഴടക്കി. (2ശമൂ, 5:6-8). ഒരിക്കലും ദാവീദ് സീയോൻ കീഴടക്കിയശേഷം ഈ പ്രസ്താവന എഴുതുകയില്ല. അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു. (ന്യായാ, 17:6; 18:1; 19:1; 21:25). ഇതു രാജഭരണത്തിന്റെ തുടക്കത്തെ കാണിക്കുകയാണ്. 4. എബ്രായ പാരമ്പര്യമനുസരിച്ച് ശമുവേലാണ് എഴുത്തുകാരൻ. ശമുവേലിന്റെ പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും, രൂത്തും ശമുവേൽ പ്രവാചകൻ എഴുതി എന്നു തല്മൂദ് (ബാബാബ്രത) പറയുന്നു.
ഉദ്ദേശ്യം: 1. യോശുവയുടെ മരണത്തിനും രാജവാഴ്ചയുടെ ആരംഭത്തിനും ഇടയ്ക്കുള്ള ചരിത്രപരമായ വിടവു നികത്തുക. 2. തങ്ങളുടെ മതപാരമ്പര്യത്തെ അവഗണിച്ചു ചുറ്റുമുള്ള വിജാതീയ മതങ്ങളോടു പൊരുത്തപ്പെട്ട ഒരു ജനതയുടെ ധാർമ്മികവും രാഷ്ട്രീയവുമായ അധ:പതനം വെളിപ്പെടുത്തുക. 3. ഒരു രാജാവിൽ നിക്ഷിപ്തമായ ഒരു ശക്തമായ കേന്ദ്രഭരണവും അതിലൂടെ ഐക്യവും നേതൃത്വവും നേടാനുള്ള ജനത്തിന്റെ വാഞ്ഛ വെളിപ്പെടുത്തുക. യഹോവയിൽനിന്ന് അകലുന്നതുകൊണ്ടുളള ഫലം അടിമത്തവും ശിക്ഷയുമാണെന്ന് ന്യായാധിപന്മാരുടെ പുസ്തകം വെളിപ്പെടുത്തുന്നു. ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മാത്രമാണ് ജനം യഥാസ്ഥാനപ്പെടുക. തന്റെ ദൈവാധിപത്യജനത്തെ രക്ഷിക്കുവാൻ വേണ്ടി ദൈവം എഴുന്നേല്പിച്ച ആത്മപുർണ്ണരായ നായകൻമാരാണ് ന്യായാധിപന്മാർ. ന്യായാധിപന്മാർ രണ്ടു പ്രധാന കാര്യങ്ങൾ ചെയ്തു. 1. അവർ ശത്രുക്കളുടെ പീഡനത്തിൽനിന്നും ജനത്തെ മോചിപ്പിച്ചു. 2. യഹോവയുടെ നാമത്തിൽ അവർ ജനത്ത ഭരിച്ചു.
പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.” ന്യായാധിപന്മാർ 2:16-18.
2. “യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.” ന്യായാധിപന്മാർ 10:15.
3. “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” ന്യായാധിപന്മാർ 21:25.
വിഷയരേഖ: I. മുഖവുര: കാലഘട്ടത്തിന്റെ പ്രത്യേകത: 1:1-2:5.
a. രാഷ്ട്രീയ സ്ഥിതിഗതികൾ: 1:36.
b. മതപരമായ സ്ഥിതിഗതികൾ: 2:15.
II. ന്യായാധിപന്മാരുടെ കാലം: 2:6-16:31.
a. അക്കാലത്തെ മതനിലവാരം: 2:6-3:6.
b. ന്യായാധിപന്മാർ:
1. ഒത്നീയേൽ: 3:7-11.
2. ഏഹൂദ്: 3:12-30.
3. ശംഗർ: 3:31.
4. ദെബോരയും, ബാരാക്കും: 4:5-31.
5. ഗിദെയോനും, അബീമേലെക്കും: 6:1-9:57.
6. തോലാ: 10:1,2.
7. യായീർ: 10:3-5.
8. യിഫ്താഹ്: 10:6-12:7.
9. ഇബ്സാൻ: 12:8-10.
10. ഏലോൻ: 12:11,12.
11. അബ്ദോൻ: 12:13-15.
12. ശിംശോൻ: 13:1-16:31.
III . രണ്ടനുബന്ധങ്ങൾ: 17:1-21:25.
a. മീഖായാവിന്റെയും ദാന്യരുടെയും വിഗ്രഹാരാധന: 17:1-18:31.
b. ഗിബെയയിലെ കുറ്റവും അതിന്റെ ശിക്ഷയും: 19:1-21:25.
പഴയനിയമത്തിൽ ആറാമത്തേതും, ചരിത്ര പുസ്തകങ്ങൾളിൽ ആദ്യത്തേതുമാണ് യോശുവയുടെ പുസ്തകം. എബ്രായ ബൈബിളിൽ കനാൻ ആക്രമണം മുതൽ പ്രവാസം വരെയുള്ള യിസ്രായേല്യ ചരിത്രം ഉൾക്കൊള്ളുന്ന ‘മുൻ പ്രവാചകന്മാരിൽ’ ഒന്നാമത്തേതാണ് യോശുവ. യിസ്രായേല്യരുടെ കനാൻ ആക്രമണവും ദേശവിഭജനവും ആണ് യോശുവയിലെ പ്രതിപാദ്യം. യിസ്രായേൽ മക്കൾ എങ്ങനെ യോർദ്ദാൻ കടന്നു എന്നും, മുന്നേറ്റസ്ഥാനം എങ്ങനെ നേടി എന്നും വ്യക്തമായി വിവരിക്കുകയും, കനാന്യരുടെ ശക്തി നശിപ്പിച്ച രണ്ടാക്രമണങ്ങളെ ചുരുക്കമായി വർണ്ണിക്കുകയും പിന്നീടുള്ള സൈനിക മുന്നേറ്റത്തെ സംക്ഷേപിക്കുകയും ചെയ്യുന്നു. (അ.1-12). തോറ്റ രാജാക്കന്മാരുടെ വിവരണത്തോടു കൂടിയാണ് (അ.12) ഒന്നാം ഭാഗം അവസാനിക്കുന്നത്. വാഗ്ദത്തനാടിന്റെ വിഭജനമാണ് പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങൾ. യോശുവയുടെ അന്ത്യസന്ദേശവും മരണവുമാണ് 23-ഉം 24-ഉം അദ്ധ്യായങ്ങളിൽ.
ഗ്രന്ഥകർത്താവും കാലവും: പ്രധാന കഥാപാത്രത്തിന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. ഗ്രന്ഥകർത്തൃത്വം, കാലം എന്നിവയെക്കുറിച്ചു അഭിപ്രായൈക്യമില്ല. യെഹൂദ പാരമ്പര്യമനുസരിച്ച് യോശുവയാണ് ഈ പുസ്തകം എഴുതിയത്. യോശുവ തന്റെ ജീവിത കാലത്തു തന്നെ എഴുതിയതാണെന്നുള്ളതിന് തെളിവുകൾ ഈ പുസ്തകത്തിൽ തന്നെയുണ്ട് 24:26 കാണുക. യിസ്രായേൽ മക്കൾ എന്ന പദപ്രയോഗം 5:1 ൽ കാണുന്നു. ഇക്കരെ കടപ്പാൻ തക്കവണ്ണം…യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചു കളഞ്ഞു എന്നാണ് സത്യവേദ പുസ്തകത്തിൽ കാണുന്നത്. ഇംഗ്ലീഷിലും എബ്രായ ഭാഷയിലും “ഞങ്ങൾ” ഇക്കരെ കടപ്പാൻ എന്നാണ്. യോശുവ പുസ്തകം എഴുതി എന്നതിനു അവലംബമായി താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. വിവരണത്തിനു ഒരു ദൃക്സാക്ഷിയുടെ വ്യക്തത ഉണ്ട്. (യോശു, 5:1,6). ഒറ്റുകാരെ അയക്കുന്നത് (അ.2), യോർദ്ദാൻ കടക്കുന്നത് (അ.3), യെരീഹോയും ഹായിയും പിടിക്കുന്നത് (അ.6-8), ഗിബെയോന്യ സഖ്യം (അ.9) തുടങ്ങിയ സംഭവങ്ങൾ സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തിയിരിക്കുന്നു. 2. പുസ്തകത്തിന്റെ ചില ഭാഗങ്ങളെങ്കിലും യോശുവ എഴുതിയിരിക്കണം. (18:9; 24:1-26). 3. ചരിത്രം യോശുവയുടെ കാലത്തു തന്നെ എഴുതിയതാണ്. രാഹാബ് ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു (6:25) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടു കൂടെ യെരുശലേമിൽ പാർത്തുവരുന്നു (15:63) എന്നതു ഇതു ദാവീദിനു മുമ്പെഴുതപ്പെട്ടു എന്നതിനു തെളിവാണ്. (ഒ.നോ. 2ശമൂ, 5:5-9). യോശുവ ഗിബയോന്യരെ ‘വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു’ (9:27) എന്ന പ്രസ്താവന ശൗലിന്റെ കാലത്തിനു മുമ്പു ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിനു തെളിവാണ്. ശൗലിന്റെ കാലത്തു ഗിബെയോന്യർ മുഴുവൻ കൊല്ലപ്പെട്ടു. (2ശമൂ, 21:1-9). ബാല (കിര്യത്ത്-യെയാരീം) പോലുള്ള പ്രാചീന സ്ഥലനാമങ്ങൾ യോശുവയിലുണ്ട്. 4. പുസ്തകം യോശുവ തന്നെ എഴുതിയെങ്കിലും യോശുവയുടെയും എലെയാസാരിന്റെയും മരണം (24:29-31), കാലേബ് ഹെബ്രോൻ പിടിച്ചടക്കുന്നത്, ലയീശ് ആക്രമണം തുടങ്ങിയ ഭാഗങ്ങൾ യോശുവയുടേത് ആയിരിക്കണമെന്നില്ല. ഇവ യോശുവയുടെ മരണശേഷം ആരെങ്കിലും കൂട്ടിച്ചേർത്തതാകണം. യെഹൂദ്യ പാരമ്പര്യമനുസരിച്ചു യോശുവയുടെ മരണം എലെയാസാരും എലെയാസറിന്റെ മരണം ഫിനെഹാസും കൂട്ടിച്ചേർത്തു.
ഗ്രന്ഥപഞ്ചകവും യോശുവയും: ഉദ്ദേശ്യത്തിലും ഭാഷയിലും യോശുവയിൽ ആവർത്തന പുസ്തകത്തിന്റെ ശക്തമായ പ്രഭാവം നിഴലിക്കുന്നുണ്ട്. അതിനാൽ ഗ്രന്ഥപഞ്ചകത്തിന്റെ രേഖാപഗ്രഥനരീതി യോശുവയിലും വ്യാപിപ്പിച്ചു ഒരു ഷഡ്ഗ്രന്ഥസിദ്ധാന്തം ചിലർ അവതരിപ്പിച്ചു. അവരുടെ നിഗമനമനുസരിച്ച് പഞ്ചഗ്രന്ഥത്തിന്റെ തുടർച്ചയായ യോശുവ J (Jehovistic) E (Elohistic) D (Deuteronomic) P (Priestly) എന്നീ നാലു രേഖകൾ ചേർത്തു ബി.സി. 900-നും 400-നും ഇടയ്ക്ക് എഴുതപ്പെട്ടു. ഈ വാദത്തിന്റെ കഴമ്പില്ലായ്മയുടെ പ്രധാന കാരണങ്ങൾ: ശമര്യരുടെ ബൈബിൾ ഗ്രന്ഥപഞ്ചകം മാത്രമാണ്. ആദ്യത്തെ അഞ്ചു പുസ്തകങ്ങൾളോടൊപ്പം യോശുവയും ചേർന്നു ഒരു ഏകകമായിരുന്നെങ്കിൽ ശമര്യർ ഷഡ്ഗ്രന്ഥത്തെ തങ്ങളുടെ ബൈബിളായി സ്വീകരിക്കുമായിരുന്നു. ശെഖേമിനെക്കുറിച്ചുള്ള പരാമർശം ശമര്യർക്ക് ആനുകൂലമാണ്. (24:1-25). ഗ്രന്ഥപഞ്ചകവുമായി ചേർന്നു യോശുവ ഷഡ്ഗ്രന്ഥമായി പരിഗണിക്കപ്പെട്ടിരുന്നതിനു ചരിത്രപരമായി തെളിവൊന്നുമില്ല. പഞ്ചഗ്രന്ഥത്തിൽ കാണുന്ന ഭാഷാപരമായ ചില സവിശേഷതകൾ യോശുവയിൽ കാണാനില്ല. സെപ്റ്റ്വജിന്റിൽ യോശുവയുടെ പുസ്തകം പ്രവാചകന്മാരിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജൊസീഫസ് പഞ്ചഗ്രന്ഥത്തെ പഴയ നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ നിന്നു വേർതിരിച്ചിട്ടുണ്ട്. മോശയുടെ ന്യായപ്രമാണത്തെയും പ്രവാചക പുസ്തകങ്ങളെയും ക്രിസ്തു വ്യവച്ഛേദിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:44). യോശുവയുടെ പുസ്തകം ഒരിക്കലും ന്യായപമാണ പുസ്തകങ്ങളുടെ ഗണത്തിൽപ്പെടുന്നതല്ല.
ഉദ്ദേശ്യം: ദൈവം തന്റെ ജനത്തെ മിസ്രയിമിൽനിന്നും പുറപ്പെടുവിക്കുന്ന ചരിത്രമാണ് പുറപ്പാടു പുസ്തകം. അതുപോലെ ദൈവം തന്റെ ജനത്തെ വാഗ്ദത്ത നാട്ടിലേയ്ക്ക് നടത്തുന്ന ചരിത്രമാണ് യോശുവയുടെ പുസ്തകം. ആ ജനതയുടെ അവിശ്വാസം കണക്കിലെടുക്കാതെ താൻ തുടങ്ങിവച്ച നല്ല പ്രവർത്തി ദൈവം പൂർത്തികരിക്കും. നാം കാണുന്നതുപോലെ തന്നെ, ആ ജനത്തിനും യാതൊരു മാറ്റവുമുണ്ടായില്ല. അവർ അപ്പോഴും വിശ്വാസമില്ലാത്തവരായിരുന്നു. എന്നിരുന്നാലും, യഹോവയുടെ വചനം നിവർത്തിക്കപ്പെടുകയും അബ്രഹാമിന്റെ സന്തതിയെ വേർ മുളച്ചു വളരേണ്ടതിന് വാഗ്ദത്തദേശത്ത് നടുകയും ചെയ്യും. (ഉല്പ, 15:13-16). ആവർത്തന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ തുടർച്ചയാണ് ഈ പുസ്തകത്തിലെ സംഭവങ്ങൾ. യോർദ്ദാൻ നദിയുടെ കിഴക്കുള്ള മോവാബ് സമഭൂമിയിൽ യിസ്രയേൽജനം ഇപ്പോൾ പാളയമിറങ്ങിയിരിക്കുകയാണ്. മോശെ മരിച്ചു; പകരം യോശുവ അവരുടെ സർവ്വ സൈന്യാധിപനായിരിക്കുന്നു. യോർദ്ദാൻ നദി കടന്ന് വാഗ്ദത്ത നാട്ടിലേക്ക് ജനവുമായി പ്രവേശിക്കുവാൻ ഒരുങ്ങിയിരിക്കയാണ് അവൻ. മോശ വെളിപ്പെടുത്തിക്കാട്ടിയ ന്യായപ്രമാണത്തിന് ദൈവജനത്തെ അവരുടെ അവകാശത്തിലേയ്ക്ക് നയിക്കുവാൻ കഴിയുകയില്ല. ഉയിർത്തെഴുന്നേറ്റ യേശുവിനെ ചിത്രീകരിക്കുന്ന യോശുവയ്ക്കു മാത്രമേ അതു ചെയ്യുവാൻ കഴിയുള്ളൂ.
പ്രധാന വാക്യങ്ങൾ: 1. “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രാമണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.” യോശുവ 1:6-9.
2. “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” യോശുവ 24:14.
ബാഹ്യരേഖ: I. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനം: 1:1-5:15.
1. വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാനൊരുങ്ങുന്നു: 1:1-2:24.
2. യോർദ്ദാൻ കടക്കുന്നു: 3:1-4:24.
3. ഗില്ഗാലിൽ വച്ചു യിസ്രായേലിനെ പരിച്ഛേദനം കഴിക്കുന്നു: 5:1-15.
6. പൂർവ്വ ഗോത്രങ്ങളെ തങ്ങളുടെ അവകാശങ്ങളിലേക്കു മടക്കി അയക്കുന്നു: 22:1-34.
യോശുവയിലെ പൂർണ്ണവിഷയം
യോശുവയുടെ ദൈവിക നിയോഗം 1:1-9 യോര്‍ദ്ദാൻ നദി കടക്കുവാനുള്ള തയ്യാറെടുപ്പുകൾ 1:10-18 ഒറ്റുനോക്കുകാരും രാഹാബും 2:1-21 യോര്‍ദ്ദാൻ നദി കടക്കുന്നു 3:1-17 സ്മാരകമായി ഗിൽഗാലിൽ പന്ത്രണ്ട് കല്ലുകൾ 4:1-24 ഗിൽഗാലിൽ (അഗ്രചര്‍മ്മഗിരിയിങ്കൽ). പരിച്ഛേദന ചെയ്തു 5:1-9 പെസഹാ കഴിച്ചു; പിറ്റേദിവസം മന്ന നിന്നുപോയി 5:10-12 യഹോവയുടെ സൈന്യത്തിന്റെ അധിപതി 5:13-15 യെരീഹോ കോട്ടമതിലിന്റെ വീഴ്ച – 6:1-27 രാഹാബിനെയും അവൾക്കുള്ളവരെയും രക്ഷിച്ചു 6:22-23 യെരിഹോ പട്ടണത്തിനു ശാപം 6:26-27 ആഖാന്റെ അത്യാര്‍ത്തിയും, ദുരാഗ്രഹവും, അനുസരണക്കേടും 7:1-26 ഹായി പട്ടണം നശിപ്പിക്കപ്പടുന്നു 8:1-29 ദൈവിക നിയമം ഒരു പ്രാവശ്യം കൂടി വായിച്ചു പുതുക്കുന്നു 8:30-34 സൂത്രശാലികളായ ഗിബെയോന്യര്‍ 9:1-27 ഗിബെയോനിലെ യുദ്ധം, സൂര്യനും, ചന്ദ്രനും നിശ്ചലമായി 10:1-43 കനാന്റെ വടക്കുഭാഗം കീഴടക്കൽ 11:1-15 യോശുവയുടെ യുദ്ധങ്ങൾ – സംഗ്രഹം 11:16—12:24 കനാൻ ദേശം വിഭാഗിക്കപ്പെടുന്നു അദ്ധ്യായങ്ങൾ 13—21 യോശുവയുടെ നിര്‍ദ്ദേശങ്ങൾ 13:1-7 യോര്‍ദ്ദാനു കിഴക്കുഭാഗത്തെ ഓഹരി 13:8-33 കാലേബിനു ഹെബ്രോൻ മല അവകാശമായി കൊടുത്തു 14:6-15 യെഹൂദാ ഗോത്രത്തിനും യോസേഫിന്റെ മക്കൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു. അദ്ധ്യായങ്ങൾ 15 മുതൽ 17 വരെ ശിലോവിൽ ഒന്നിച്ചുകൂടി ബാക്കിയുള്ള എല്ലാ ഗോത്രങ്ങൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു 18:1—19:48 യോശുവയ്ക്കുള്ള ഓഹരി 19:49-51 ആറു സങ്കേത നഗരങ്ങളും നിയമങ്ങളും 20:1-9 ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 21:11-45 രണ്ടര ഗോത്രങ്ങൾ അവരുടെ അവകാശങ്ങളിലേക്കു തിരിച്ചു പോകുന്നു സാക്ഷ്യത്തിന്റെ യാഗപീഠവും പണിതു 22 യോശുവയുടെ അന്തിമ പ്രബോധനങ്ങൾ 23 ദൈവിക നിയമം ശേഖേമിൽ വച്ചു പുതുക്കി 24:1-28 യോശുവയുടെ മരണം 24:29-33
IV. യോശുവയുടെ അന്ത്യസന്ദേശവും മരണവും: 23:1-24:33.
ആത്മികമൂല്യം: യോശുവയുടെ പുസ്തകം പല കാരണങ്ങളാൽ ക്രിസ്ത്യാനികൾക്കു പ്രാധാന്യമർഹിക്കുന്നു. (1. ദൈവത്തിനു തന്റെ ഉടമ്പടിയുടെ നേർക്കുള്ള വിശ്വസ്തത വെളിപ്പെടുത്തുന്നു. (ആവ. 7:7: 9:5). 2. യിസ്രായേലിനു വേണ്ടിയുള്ള ദൈവിക നിർണ്ണയത്തിന്റെ പുരോഗതി രേഖപ്പെടുത്തുന്നു. 3. ദൈവിക പദ്ധതി നടപ്പിലാക്കുന്നതിൽ നേരിട്ട പരാജയങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. (17:13; 18:3). 4. ശിഷ്യത്വത്തിന്റെ സാദൃശ്യങ്ങൾ നല്കുന്നു. യോശുവയുടെ കീഴിൽ യിസ്രായേൽജനം പിതാക്കന്മാരെക്കാളേറെ സാന്മാർഗ്ഗിക ധൈര്യം കാണിച്ചു. എന്നാൽ ബഹുദൈവ വിശ്വാസത്തിനും, പ്രകൃതി പൂജയ്ക്കും അനഭിഗമ്യമായ ഹൃദയമായിരുന്നില്ല അവരുടേത്. (സംഖ്യാ, 25; ആവ. 4:3,23). അതിനാൽ കനാന്യരെയും അവരുടെ മതത്തെയും ഒടുക്കിക്കളയേണ്ട തീരുമാനം പരമപ്രധാനമായിരുന്നു. (പുറ, 20:2-6; 23:23-33; 34:10-17; സംഖ്യാ, 31:15; ആവ, 7). കനാന്യ സംസ്കാരത്തോടുള്ള സമ്പർക്കം സർവ്വശക്തനായ ദൈവത്തിലുള്ള ആശ്രയത്തെയും, നൈതിക മാനദണ്ഡങ്ങളെയും അപകടത്തിലാക്കും. കനാനിലെ യിസായേൽ മക്കളുടെ അനുഭവങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് നമുക്കു ബുദ്ധിപദേശത്തിനാണ്. (1കൊരി, 10:11). വിശ്വസിക്കാത്ത പിതാക്കന്മാർക്കു ലഭിക്കാതിരുന്ന സ്വസ്ഥത ദൈവം യിസ്രായേലിനു നല്കിയതാണ് യോശുവയിലെ പ്രമേയം. (സങ്കീ, 95:11). ഈ സ്വസ്ഥത നിഴലാണെന്നു എബ്രായലേഖനകാരൻ വ്യക്തമാക്കുന്നു. (എബ്രാ, 4:1-11). ദൈവം ക്രിസ്തുയേശുവിൽ നമുക്കു ഒരുക്കിയിരിക്കുന്ന സ്വസ്ഥതയിലാണ് ഈ വാഗ്ദാനം പൂർണ്ണമായി നിറവേറുന്നത്.
മോശയുടെ അഞ്ചു പുസ്തകങ്ങളിൽ ഒടുവിലത്തേതാണ് ആവർത്തന പുസ്തകം. യെരീഹോവിന്റെ കിഴക്കുള്ള മോവാബ് സമഭൂമി വരെയുള്ള യിസ്രായേലിന്റെ ചരിത്രം സംഖ്യാപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു. (സംഖ്യാ, 36:13). സംഖ്യാപുസ്തകത്തെ യുക്തിഭദ്രമായി പിൻതുടരുകയാണ് ആവർത്തനപുസ്തകം. ആവർത്തന പുസ്തകത്തിനു എബായ കാനോനിലെ പേര് ‘എല്ലെഹ് ഹദ്വാറീം’ (വചനങ്ങളാവിത്) അഥവാ ‘ദവാറീം’ (വചനങ്ങൾ) എന്നാണ്. എബ്രായയിൽ ആവർത്തന പുസ്തകത്തിലെ പ്രാരംഭവാക്കുകളാണിവ. ആവർത്തനം എന്ന അർത്ഥത്തിൽ ‘മിഷ്ണെ തോറാ’ (ആവ, 17:18) എന്നും വിളിക്കാറുണ്ട്. ‘ആവർത്തനപുസ്തകം’ എന്ന പേര് സെപ്റ്റജിന്റിൽ നിന്നു വന്നതാണ്. ‘ഈ ന്യായപ്രമാണത്തിന്റെ പകർപ്പ്’ ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം (ആവ, 17:18) എന്നതിന് ഗ്രീക്കിൽ ‘ടു ഡ്യുടെർനൊമിയോൻ ടുട്ടോ’ എന്നാണ്. ഇതിൽ നിന്നാണ് ഗ്രീക്കിൽ ഡ്യൂടെർനൊമിയോൻ എന്നും ഇംഗ്ലീഷിൽ Deuteronomy എന്നും പേരുവന്നത്. ഹോരേബ് പർവ്വതത്തിൽ വച്ചു നല്കിയത് ആദ്യനിയമവും മോവാബ് സമഭൂമിയിൽ വച്ചു് നല്കിയത് അതിന്റെ ആവർത്തനവുമാണ് എന്നതാണ് ഇതിന്റെ ധ്വനി. എന്നാൽ സീനായിൽ വച്ചു നല്കിയ ന്യായപ്രമാണത്തിൽ നിന്നും വിഭിന്നമായ ഒന്നല്ല ഇത്. മരുഭൂമിയിൽ ജനിച്ചു വളർന്ന ഒരു തലമുറയ്ക്ക് നല്കിയ ആദ്യന്യായപ്രമാണത്തിന്റെ പുനരാഖ്യാനവും വിശദീകരണവും മാത്രമാണ് ആവർത്തന പുസ്തകം.
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:9, 19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശെയുടെ ഗ്രന്ഥകർതൃത്വത്തെ ആവർത്തന പുസ്തകം വ്യക്തമായി രേഖപ്പെടുത്തുന്നു. “അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു.” (ആവ, 31:9). “മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെനേരെ സാക്ഷിയായിരിക്കും.” (ആവ, 31:24-26). ഗ്രന്ഥപഞ്ചകത്തിൽ മോശയുടെ കർത്തത്വത്തെക്കുറിച്ചു ഇത്രയും വ്യക്തമായ സാക്ഷ്യം മറ്റൊരു പുസ്തകത്തിനും ഇല്ല. എഴുത്തിന്റെ പൊതുവായ സ്വഭാവം, പ്രബോധനപരമായ സ്വഭാവം, കനാനിൽ പ്രവേശിക്കുന്ന ഒരു ജനത്തിന്റെ സൈനികപ്രമാണ ഗ്രന്ഥം എന്ന നിലയിലുള്ള അതിന്റെ സ്വഭാവം, പുസ്തകത്തിന്റെ വ്യാപ്തി എന്നിവ മോശെയുടെ കാലത്തിനു യോജ്യവും അനന്തരകാലത്തിനു യോജിക്കാത്തതുമാണ്. ഈ പുസ്തകത്തിൽ നാൽപതിലധികം പ്രാവശ്യം മോശെയുടെ നാമം പരാമർശിക്കുന്നുണ്ട്. അധികം ഭാഗങ്ങളിലും ഉത്തമപുരുഷനിൽ ഗ്രന്ഥകർത്താവെന്ന നിലയിൽത്തന്നെയാണ് മോശെയെക്കുറിച്ചുള്ള പരാമർശം. സാക്ഷാൽ എഴുത്തുകാരൻ മോശെയല്ലെങ്കിൽ ദൈവിക അധികാരം ഉൾക്കൊള്ളുന്ന തിരുവെഴുത്തുകൾക്കു യോഗ്യമല്ലാത്ത വ്യാജഗ്രന്ഥമായി ഇതുമാറും. ഗ്രന്ഥപഞ്ചകം മോശെ എഴുതിയതാണെന്നു പുതിയനിയമം രേഖപ്പെടുത്തുന്നുണ്ട്. അതിൽനിന്നും ആവർത്തനത്തിന്റെ ഗ്രന്ഥകർത്താവ് മോശെ തന്നെയാണെന്ന് പുതിയനിയമം പരോക്ഷമായി അംഗീകരിക്കുന്നു. (മത്താ, 19:8; മർക്കൊ, 12:26; ലൂക്കൊ, 24:27,44; യോഹ, 7:19,23; അപ്പൊ, 13:39; 15:5 , 1കൊരി, 9:9; 2കൊരി, 3:15; എബ്രാ, 9:19; 10:28). ഈ ഭാഗങ്ങളിൽ മോശെയുടെ ഗ്രന്ഥകർത്തത്വമല്ല പഞ്ചഗ്രന്ഥത്തിന്റെ ചുരുൾ ആണ് വിവക്ഷിതമെന്നു വാദിക്കുന്നവരുമുണ്ട്. പരീക്ഷയിൽ പിശാചിനെ പരാജയപ്പെടുത്താൻ യേശു ഉദ്ധരിച്ച മൂന്നു വാക്യങ്ങളും ആവർത്തനപുസ്തകത്തിൽ നിന്നായിരുന്നു: (8:3; 6:16, 13; മത്താ, 4:4,7,10).
എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്.
ഉദ്ദേശ്യം: യിസ്രായേല്യരുടെ ഒരു പുതിയ തലമുറ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ ജനക്കൂട്ടം ചെങ്കടലിൽ അത്ഭുതം അനുഭവിക്കുകയോ സീനായിൽ നൽകിയ നിയമം കേൾക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല അവർ നിരവധി അപകടങ്ങളും പ്രലോഭനങ്ങളും ഉള്ള ഒരു പുതിയ ദേശത്ത് പ്രവേശിക്കാൻ പോകുകയായിരുന്നു. ദൈവത്തിന്റെ നിയമത്തെയും ദൈവത്തിന്റെ ശക്തിയെയും ഓർമ്മപ്പെടുത്തുന്നതിനാണ് ആവർത്തനപുസ്തകം നൽകിയത്. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ കനാൻ പ്രവേശനത്തിനും മുമ്പായി മോവാബ് സമഭൂമിയിൽ വച്ചു മോശെ ചെയ്ത മൂന്നു പ്രഭാഷണങ്ങളാണ് ആവർത്തനപുസ്തകത്തിലെ പ്രധാന വിഷയം.
പ്രധാന വാക്യങ്ങൾ: 1. “ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.” ആവർത്തനം 4:2.
2. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” ആവർത്തനം 6:4.
3. “ഈ ന്യായപ്രാമണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.” ആവർത്തനം 32:46.
ഉള്ളടക്കം: I. മോശെയുടെ അന്തിമ സന്ദേശങ്ങൾ: അ.1-30
1. ഒന്നാം സന്ദേശം: ഹോരേബു മുതൽ മോവാബ് സമഭൂമിവരെയുള്ള യാത്രയുടെ പുനരവലോകനം: അ.1-4.
2. രണ്ടാംസന്ദേശം: പത്തു കല്പപനകളുടെ ആവർത്തനവും വിശദീകരണവും: അ.5-26.
1. 120-ാം വയസ്സിൽ മോശെ മരിക്കാനൊരുങ്ങുന്നു, യിസ്രായേൽ മക്കളെ ഉപദേശിക്കുന്നു, യോശുവയെ നിയമിക്കുന്നു: 31:1-30.
2. മോശെ വേർപാടിന്റെ ഗീതം പാടുന്നു; ഉപദേശം നല്കുന്നു: 32:1-47.
3. മോശെ വാഗ്ദത്തനാടു ദർശിക്കുന്നു: 32:48-52.
4. മോശെ യിസ്രായേലിനെ അനുഗ്രഹിക്കുന്നു: അ.33.
5. മോശെയുടെ മരണവും അടക്കവും: അ.34.
ആവർത്തനത്തിലെ പൂർണ്ണവിഷയം
സീനായ് പര്‍വ്വതത്തിൽ നിന്നും കനാനിലേക്കുള്ള യിസ്രായേലിന്റെ യാത്ര 1:6—3:29 ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കുവാൻ മോശെ യിസ്രായേൽ ജനത്തെ പ്രബോധിപ്പിക്കുന്നു 4:1-24 കനാനിലെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 4:25-31 യിസ്രായേലിന്റെ ദൈവം മാത്രമാണ് സത്യദൈവം 4:32-40 യോര്‍ദ്ദാനു കിഴക്കുള്ള സങ്കേതനഗരങ്ങൾ 4:41-43 പത്തുകല്പനകൾ 5:1-33 ഏറ്റവും വലിയ കല്പന 6:5 ദൈവിക കല്പനകൾ സൂക്ഷിക്കുവാനുള്ള തുടര്‍ പ്രബോധനം 6:6-25 മറ്റു ജാതികളെ കനാനിൽ നിന്നും പുറത്താക്കുന്നു 7:1-6 ദൈവം എന്തുകൊണ്ട് യിസ്രായേലിനെ തിരഞ്ഞെടുത്തു 7:7-11 അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 7:12-15 കനാൻ ദേശം കീഴടക്കുവാൻ ദൈവം അവരെ ശക്തരാക്കുന്നു 7:16-26 ദൈവത്തേയും അവന്റെ കല്പനകളെയും എപ്പോഴും ഓര്‍ത്തുകൊള്ളാൻ ഉള്ള പ്രബോധനം 8:1-20 ദൈവം എന്തുകൊണ്ടാണ് കനാൻദേശം യിസ്രായേലിന് കൊടുത്തത് 9:1-6 സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടി 9:7-29 യിസ്രായേലിന്റെ കടമകൾ 10:12—11:32 യാഗത്തിനു വേണ്ടിയുള്ള ഒരേ ഒരു സ്ഥലം 12:1-32 വിഗ്രഹാരാധനക്കുള്ള ശിക്ഷ 13:1-18 വിശുദ്ധമായതും മ്ലേച്ഛമായതും 14:1-21 ദശാംശം 14:22-29 കടങ്ങളുടെ ഇളവ് 15:1-11 ദാസന്മാരേയും, അടിമകളെയും സ്വതന്ത്രരാക്കുന്നു 15:12-18 വാര്‍ഷിക ഉത്സവങ്ങൾ 16:1-17 ന്യായാധിപന്മാരെ നിയമിക്കുന്നു 16:18-20 സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും അന്യദേവന്മാരേയും ആരാധിക്കുന്നതിനുള്ള ശിക്ഷ 17:2-7 ന്യായപ്രമാണ കോടതി 17:8-13 ഒരു രാജാവിനെ തിരഞ്ഞെടുക്കുന്നു 17:14-20 ദൈവത്തിന്റെ സേവകര്‍ക്കുള്ള വഴിപാടുകൾ 18:1-8 ദൈവം വെറുക്കുന്ന കാര്യങ്ങൾ 18:9-13 വരുവാനുള്ള വലിയ പ്രവാചകൻ 18:14-22 സങ്കേത നഗരങ്ങൾ 19:1-14 ന്യായപ്രമാണത്തിന്റെ അന്തസത്ത 19:21 യുദ്ധത്തെക്കുറിച്ച് ഉള്ള കാര്യങ്ങൾ 20:1-20 പരിഹരിക്കപ്പെടാത്ത കൊലപാതകം 21:1-9 ബദ്ധയായി പിടിക്കപ്പെട്ട സ്ത്രീ 21:10-14 ആദ്യജാതന്റെ അവകാശം 21:15-17 മത്സരിയായ ഒരു മകനുള്ള ശിക്ഷ 21:18-21 വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 21:22—22:12 പുരുഷനും, സ്ത്രീയും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ ലംഘനം 22:13-30 പൗരത്വാവകാശങ്ങൾ 23:1-8 വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 23:9—25:19 വിവാഹമോചനം 24:1-4 ദരിദ്രരോടുള്ള അനുകമ്പ 24:12-22 വിധവകളുടെ പുനര്‍വിവാഹം 25:5-10 ആദ്യഫലങ്ങളും, ദശാംശവും 26:1-15 പാപികളുടെ മേൽ വരുന്ന ശാപങ്ങൾ 27:14-26 അനുസരിക്കുന്നവര്‍ക്കുള്ള അനുഗ്രഹങ്ങൾ 28:1-14 അനുസരണക്കേടിന്റെ ശാപങ്ങൾ 28:15-19 ഭാവിയിലെ ഭയാനകമായ ന്യായവിധിയെകുറിച്ചുള്ള മുന്നറിയിപ്പുകൾ 28:20-68 ഉടമ്പടി ഉറപ്പാക്കുന്നു 29:1-18 ദൈവത്തിന്റെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചവര്‍ക്കുള്ള ശിക്ഷ 29:1-29 ശിക്ഷയ്ക്ക് ശേഷമുള്ള അഭിവൃദ്ധിയെക്കുറിച്ചുള്ള വാഗ്ദത്തങ്ങൾ 30:1-10 ജീവൻ അല്ലെങ്കിൽ മരണം തിരഞ്ഞെടുക്കുക 30:11-20 യോശുവയെ യിസ്രായേലിന്റെ പുതിയ നേതാവാക്കുന്നു 31:1-8 ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു 31:9-13 മോശെയുടെ കീർത്തനം 32:1-43 ദൈവത്തിന്റെ ന്യായപ്രമാണം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത 32:44-47 ദൈവം മോശെയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു 32:48-52 ഗോത്രങ്ങളുടെ മേലുള്ള മോശെയുടെ അനുഗ്രഹം 33:1-29 മോശെയുടെ മരണവും ശവസംസ്ക്കാരവും 34:1-12
പുസ്തകസംഗ്രഹം: ദൈവത്തിന്റെ വിശ്വസ്തത, ദൈവത്തിന്റെ വിശുദ്ധി, ദൈവാനുഗ്രഹങ്ങൾ, ദൈവത്തിന്റെ മുന്നറിയിപ്പുകൾ എന്നിങ്ങനെ നാലു കാര്യങ്ങൾ ഓർമ്മിക്കാൻ യിസ്രായേല്യരോട് കൽപ്പിച്ചിരിക്കുന്നു. ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ഈജിപ്തിൽ നിന്ന് അവരുടെ നിലവിലെ സ്ഥലമായ മോവാബിലേക്കുള്ള യാത്ര വീണ്ടും വിവരിക്കുന്നു. 4-ാം അദ്ധ്യായം അനുസരണത്തിലേക്കുള്ള ഒരു ആഹ്വാനമാണ്, അവരോട് വിശ്വസ്തനായിരുന്ന ദൈവത്തോട് വിശ്വസ്തത പുലർത്തുക. 5 മുതൽ 26 വരെയുള്ള അധ്യായങ്ങൾ നിയമത്തിന്റെ ആവർത്തനമാണ്. പത്ത് കൽപ്പനകൾ, യാഗങ്ങൾ, പ്രത്യേക ദിവസങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ, ബാക്കി നിയമം എന്നിവ പുതിയ തലമുറയ്ക്ക് നൽന്നു. അനുസരിക്കുന്നവർക്ക് അനുഗ്രഹം വാഗ്ദാനം ചെയ്യപ്പെടുന്നു (5:29; 6:17-19; 11:13-15), ന്യായപ്രമാണം ലംഘിക്കുന്നവർക്ക് ശാപം വാഗ്ദാനം ചെയ്യുന്നു (11: 16-17).
അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും വിഷയം 27-30 അധ്യായങ്ങളിൽ തുടരുന്നു. പുസ്തകത്തിന്റെ ഈ ഭാഗം അവസാനിക്കുന്നത് യിസ്രായേലിനു മുന്നിൽ വ്യക്തമായ ഒരു തിരഞ്ഞെടുപ്പിലാണ്: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും.” (30:19). അവസാന അധ്യായങ്ങളിൽ മോശെ ജനങ്ങളെ പ്രബോധിപ്പിക്കുന്നു; പകരം യോശുവയെ നിയോഗിക്കുന്നു; വേർപാടിൻ്റെ ഗീതം ആലപിക്കുന്നു. യിസ്രായേൽ ഗോത്രങ്ങളിൽ ഓരോരുത്തർക്കും അന്തിമ അനുഗ്രഹം നൽകുന്നു. 34-ാം അധ്യായം മോശെയുടെ മരണത്തിന്റെ സാഹചര്യങ്ങളെ വിവരിക്കുന്നു. അബാരീം പർവ്വതത്തിൽ, നെബോമലമുകളിൽ കയറി തനിക്കു പ്രവേശിക്കാൻ കഴിയാത്ത വാഗ്ദത്തഭൂമി കാണുന്നു. 120 വയസ്സുള്ളപ്പോൾ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും മോശെ കർത്തൃസന്നിധിയിൽ ചേർക്കപ്പെടുന്നു. ആവർത്തനം 18:15-19-ൽ മോശെ മറ്റൊരു പ്രവാചകനെക്കുറിച്ച് പ്രവചിക്കുന്നു: ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ മിശീഹാ എന്ന ആത്യന്തിക പ്രവാചകൻ്റെ നിഴലായി ദൈവിക വെളിപ്പെടുത്തൽ സ്വീകരിക്കുകയും പ്രസംഗിക്കുകയും ദൈവത്തിന്റെ ജനത്തെ നയിക്കുകയും ചെയ്ത ധീരനായ പ്രവാചകനായിരുന്നു മോശെ.
ദൈവം യിസ്രായേല്യരെ തന്റെ പ്രത്യേക ജനമായി തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നതിനെ മുൻകൂട്ടി കാണിക്കുന്നു. (1പത്രോ, 2:9). ആവർത്തനപുസ്തകം ദൈവവചനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. ഇത് നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന ഭാഗമാണ്. നാം ഇപ്പോൾ പഴയനിയമ നിയമത്തിന് കീഴിലല്ലെങ്കിലും, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിന് വഴങ്ങേണ്ട ഉത്തരവാദിത്തം ഇപ്പോഴും നമുക്കുണ്ട്. ലളിതമായ അനുസരണം അനുഗ്രഹം നൽകുന്നു, പാപത്തിന് അതിന്റേതായ പ്രത്യാഘാതങ്ങളുണ്ട്. നമ്മളാരും ‘നിയമത്തിന് അതീതരല്ല.’ ദൈവം തിരഞ്ഞെടുത്ത നേതാവും പ്രവാചകനുമായ മോശെ പോലും അനുസരിക്കേണ്ടതുണ്ടായിരുന്നു. വാഗ്‌ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ അവനെ അനുവദിക്കാത്തതിന്റെ കാരണം, കർത്താവിന്റെ വ്യക്തമായ കൽപന അനുസരിക്കാതിരുന്നതാണ്. (സംഖ്യാ, 20:13).
മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട സമയത്ത് യേശു ആവർത്തന പുസ്തകത്തിൽ നിന്ന് മൂന്നു പ്രാവശ്യം ഉദ്ധരിച്ചു (മത്തായി 4). അങ്ങനെ ചെയ്യുമ്പോൾ, നാം ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കാനായി ദൈവവചനം നമ്മുടെ ഹൃദയമെന്ന മാംസപ്പലകയിൽ എഴുതിവയ്ക്കേണ്ടതിന്റെ ആവശ്യകത യേശു നമുക്ക് വിശദീകരിച്ചു. (സങ്കീ, 119:11). യിസ്രായേൽ ദൈവത്തിന്റെ വിശ്വസ്തതയെ ഓർമ്മിച്ചതുപോലെ, നാമും അങ്ങനെ ചെയ്യണം. ചെങ്കടൽ മുറിച്ചുകടക്കൽ, സീനായിലെ വിശുദ്ധ സാന്നിധ്യം, മരുഭൂമിയിലെ മന്നയുടെ അനുഗ്രഹം എന്നിവ നമുക്കും ഒരു പ്രചോദനമായിരിക്കണം. മുന്നോട്ട് പോകാനുള്ള ഒരു മികച്ച മാർഗ്ഗം തിരിഞ്ഞുനോക്കാനും ദൈവം എന്താണ് ചെയ്തതെന്ന് കാണാനും കുറച്ച് സമയമെടുക്കുക എന്നതാണ്.
മക്കളുമായുള്ള ബന്ധം ആഗ്രഹിക്കുന്ന സ്നേഹനിധിയായ ഒരു ദൈവത്തിന്റെ മനോഹരമായ ഒരു ചിത്രവും ആവർത്തന പുസ്തകത്തിൽ
നമുക്കുണ്ട്. “പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി വേർതിരിച്ചതു” (ആവ, 4:34) തൻ്റെ സ്നേഹത്തിൻ്റെ പ്രതിഫലനമാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തനും സർവ്വശക്തനായ ദൈവത്താൽ സ്നേഹിക്കപ്പെടുന്നതും എത്ര അത്ഭുതകരമായ കാര്യമാണ്!
മോശെയുടെ ഗ്രന്ഥപഞ്ചകത്തിലെ നാലാം പുസ്തകം. യിസായേലിന്റെ യോദ്ധാക്കന്മാരുടെ എണ്ണം രണ്ടു പ്രാവശ്യം (സംഖ്യ, 1:2-46; 26:2-51) രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ് സംഖ്യാപുസ്തകം എന്നു പേർ ലഭിച്ചത്. ഗ്രീക്കു സെപ്റ്റജിന്റിൽ ‘അരിത്മൊയി’ എന്നാണ് പേര്. അതിനെ ലത്തീൻ വുൾഗാത്തയിൽ Liber Numeri എന്നു പരിഭാഷപ്പെടുത്തി. Liber Numeri-യുടെ മലയാള രൂപമാണ് സംഖ്യാപുസ്തകം. ഇതിന്റെ എബ്രായ പേർ ‘മരുഭൂമിയിൽ’ എന്നർത്ഥമുള്ള ‘ബ്മിദ്ബാർ’ ആണാ. ഒന്നാം വാക്യത്തിലെ പ്രധാന പദമാണത്. മരുഭൂമിയിൽ എന്ന പ്രയോഗം 45 പ്രാവശ്യം സംഖ്യാപുസ്തകത്തിലുണ്ട്. സീനായിൽ എത്തിയശേഷം യിസ്രായേൽ ജനം മരുഭൂമിയിൽ 38 വർഷം അലഞ്ഞതിന്റെ ചരിത്രമാണ് സംഖ്യാപുസ്തകത്തിൽ.
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). എല്ലാ രാജ്യങ്ങളിലെയും, എല്ലാ വിഭാഗങ്ങളിലെയും, എല്ലാ പ്രായത്തിലുമള്ള യഹൂദന്മാരുടെ ഏകീകൃതവും നിരന്തരവുമായ സാക്ഷ്യം ഇതാണ്: (യോശു, 8:31-32; 1രാജാ, 2:4; എസ്രാ, 6:18; നെഹെ 8:1; യിരെ, 7:23; മലാ. 4:4; മത്താ, 22:24; പ്രവൃ, 15:21). മോശെയുടെ കർത്തൃത്വം നമ്മുടെ കർത്താവും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 5:17-18; 19:8; 22:31-32; 23:2 ; മർക്കോ, 10:3-4; 12:26; ലൂക്കോ, 16:31; 20:37; 24:26-27,44; യോഹ, 3:14; 5:45-47; 6:32,49; 7:19,22).
എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്.
ഉദ്ദേശ്യം: യിസ്രായേൽജനത്തിന്റെ യാത്രയുടെ വിവരണം പുറപ്പാടു പുസ്തകം അവസാനിപ്പിച്ചിടത്തു നിന്നും സംഖ്യാപുസ്തകം ആരംഭിക്കുന്നു. രണ്ടാം വർഷം രണ്ടാം മാസം മുതൽ (10:11) 40-ാം വർഷം 11-ാം മാസം വരെയുള്ള (ആവ, 1:3) 38 വർഷത്തെ ചരിത്രം സംഖ്യാപുസ്തകത്തിലുണ്ട്. അനുസരണക്കേടിനാലും അവിശ്വാസത്താലും പാപം ചെയ്ത ജനത്തെ കരുതുകയും പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകടമായ ദൈവത്തിന്റെ വിശ്വസ്തത വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ ദൈവത്തോടു മത്സരിച്ചെങ്കിലും ദൈവം തന്റെ ഉടമ്പടി ലംഘിക്കാതെ യിസ്രായേൽ മക്കളെ തങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദത്തം ചെയ്തു കനാൻ ദേശത്തു എത്തിച്ചു. എന്നാൽ വിശുദ്ധനായ ദൈവം പാപത്തെ ശിക്ഷിക്കാതെ വിടുന്നില്ല. (11:1-3,33; 12,14 അ) . അനുസരണക്കേടുനിമിത്തം മോശയ്ക്കു പോലും കനാനിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. (20:12). വ്യക്തികളിലും സംഭവങ്ങളിലും, പ്രത്യക്ഷതകളിലും വരുവാനുള്ള ക്രിസ്തുവിന്റെ നിഴൽ സംഖ്യാപുസ്തകത്തിൽ കാണാം. (യോഹ, 3:14; 1കൊരി, 10:1, എബാ, 3:7-11; 9:13).
പ്രധാന വാക്യങ്ങൾ: 1. “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.” സംഖ്യാ, 6:24.
2. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” സംഖ്യാ, 12:7,8.
3. “എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല….. നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും….. ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.” സംഖ്യാ, 14:30-34.
ഉള്ളടക്കം:
l. സീനായിൽ നിന്നുള്ള യാത്രയുടെ ഒരുക്കം: 1:1-10:10.
2. പുരോഹിതന്മാർക്കും ലേവ്യർക്കും ഉള്ള പ്രമാണങ്ങൾ: 3:1-4:49.
3. അശുദ്ധിയിൽ നിന്നുള്ള വിടുതൽ: 5:1-31.
4. നാസീർ വതം: 6:1-27.
5. യിസ്രായേൽ പ്രഭുക്കന്മാരുടെ വഴിപാടുകൾ: 7:1-89.
6. നിലവിളക്കുകത്തിക്കൽ, ലേവ്യശുദ്ധീകരണം: 8:1-26.
7. പെസഹാചരണം: 9:1-14.
8. പാളയ ക്രമീകരണം: 9:15-23
9. സഭയെ വിളിച്ചു കൂട്ടുന്നതിനും പാളയം പുറപ്പെടുവിക്കുന്നതിനും ഉള്ള അടയാളങ്ങൾ: 10:1-10
ll. സീനായി മുതൽ മോവാബു വരെയുള്ള യാത്ര: 10:11-21-35
1. സീനായി മുതൽ കാദേശ് ബർന്നയ വരെ: 10:11-14:45.
2. മരുഭൂമി പ്രയാണം: 15:1-19:22.
3. കാദേശ് ബർന്നയ മുതൽ മോവാബ് വരെ: 20:1-22:1.
lll. മോവാബ് സമഭൂമിയിൽ: 22:1-36:13.
1. ബിലെയാമിന്റെ പ്രവചനം: 22:1-25:18.
2. നിർദ്ദേശങ്ങൾ: 26:1-31:54.
3. പൂർവ്വ യോർദ്ദാനിലെ ദേശവിഭജനം: 32:1-42.
4. മിസ്രയീമിൽ നിന്നുള്ള പ്രയാണവിവരണം: 33:1-56.
5. കനാനിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള നിർദ്ദേശം: 34:1-36:13.
സംഖ്യാപുസ്തകത്തിലെ പൂർണ്ണവിഷയം
ജനത്തിന്റെ എണ്ണം എടുക്കുന്നു 1:1-54 യാത്രകൾക്ക് വേണ്ടിയുള്ള ഗോത്രങ്ങളുടെ ക്രമീകരണം 2:1-34 ലേവിഗോത്രം 3:1-51 ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ കടമകൾ 4:1-33 ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ എണ്ണമെടുക്കുന്നു 4:34-49 പാളയത്തിലെ ജീവിതത്തെക്കുറിച്ചുള്ള വിവിധ നിര്‍ദ്ദേശങ്ങൾ 5:1-31 നാസീര്‍വ്രതം അനുഷ്ഠിക്കുന്നവര്‍ 6:1-21 പുരോഹിതന്മാര്‍ എങ്ങനെ ജനങ്ങളെ അനുഗ്രഹിക്കണം 6:22-27 ഗോത്രപ്രഭുക്കന്മാരുടെ വഴിപാട് 7:1-89 ലേവിഗോത്രത്തെ ശുദ്ധീകരിക്കുന്നു 8:1-26 മിസ്രയീമിനു ശേഷമുള്ള ആദ്യത്തെ പെസഹ 9:1-14 ദൈവത്തിന്റെ മേഘം 9:15-23 കാഹളത്തിന്റെ അടയാളങ്ങൾ 10:1-10 യിസ്രായേൽ സീനായി വിട്ടുപോകുന്നു 10:11-36 പിറുപിറുത്തവരെ ദൈവം തീയിറക്കി ശിക്ഷിക്കുന്നു 11:1-3 ദൈവം കാടയും മന്നയും നൽകുന്നതോടൊപ്പം മത്സരികൾക്ക് ശിക്ഷയും നൽകുന്നു 11:4-35 അഹരോനും, മിര്യാമും മോശെയ്ക്ക് എതിരായി എഴുന്നേല്ക്കുന്നു 12:1-16 ഒറ്റുകാര്‍ കനാനിലേക്ക് പോകുന്നു 13:1-25 ഒറ്റുകാരുടെ ദുഃഖകരമായ വാര്‍ത്ത 13:26-33 കാദേശ്ബര്‍ന്നേയിൽ വച്ചുള്ള യിസ്രായേലിന്റെ എതിര്‍പ്പ് 14:1-10 ദൈവത്തിന്റെ കോപവും മോശെയുടെ പ്രാര്‍ത്ഥനയും 14:11-19 ദൈവം ശിക്ഷ കുറയ്ക്കുന്നു 14:20-38 യിസ്രായേൽ വീണ്ടും അനുസരണക്കേട് കാണിക്കുന്നു 14:39-45 വിവിധ വഴിപാടുകൾ അര്‍പ്പിക്കുന്നതിനുള്ള നിയമങ്ങൾ 15:1-29 കരുതിക്കൂട്ടി മനപ്പൂര്‍വ്വമായി ചെയ്യുന്ന പാപത്തിന്റെ ശിക്ഷ 15:30-36 വസ്ത്രത്തിലെ പൊടിപ്പ് 15:37-41 കോരഹിന്റെയും സുഹൃത്തുക്കളുടേയും എതിർപ്പ് 16:1-22 കോരഹിന്റെയും സുഹൃത്തുക്കളുടേയും ശിക്ഷ 16:25-35 യിസ്രായേൽ വീണ്ടും പിറുപിറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു 16:41-50 അഹരോന്റെ വടി തളിര്‍ക്കുന്നു 17:1-12 പുരോഹിതന്മാരുടേയും ലേവ്യരുടേയും ശുശ്രൂഷകൾ 18:1-7 പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഉള്ള അവകാശം 18:9-32 അശുദ്ധി മാറ്റുന്ന ശുദ്ധീകരണ ജലം 19:1-22 കോപത്താൽ മോശെ അനുസരണക്കേട് കാണിക്കുകയും പാറയെ അടിക്കുകയും ചെയ്യുന്നു 20:2-11 മോശെയുടെ അനുസരണക്കേടിന്റെ ശിക്ഷ 20:12 ഏദോം യിസ്രായേൽ ജനത്തിന് കടന്നുപോകുവാൻ വഴി നിഷേധിക്കുന്നു 20:12-21 അഹരോന്റെ മരണം 20:22-29 താമ്രസര്‍പ്പം 21:4-9 മോവാബിലെക്കുള്ള യാത്ര 21:10-20 സീഹോനെയും ഓഗിനെയും തോല്പിക്കുന്നു 21:21-35 യിസ്രായേലിനെ ശപിക്കുവാൻ ബിലെയാമിനെ ബാലാക്ക് ആളയച്ചു വരുത്തുന്നു 22:1-41 ബിലെയാമിന്റെ വിസമ്മതം 22:8-13 ബിലെയാമിന്റെ സമ്മതം 22:14-20 ബിലെയാമിന്റെ കഴുത 22:21-31 ബിലെയാമിന്റെ സന്ദേശങ്ങൾ 23:1—24:25 യിസ്രായേൽ ബാൽപെയോരിൽ പാപം ചെയ്യുന്നു 25:1-18 രണ്ടാം ജനസംഖ്യാ കണക്കെടുപ്പ് 26:1-65 സെലോഫഹാദിന്റെ പുത്രിമാര്‍ക്കുള്ള അവകാശം 27:1-11 മോശെയുടെ പിൻഗാമി 27:12-23 വഴിപാടുകളും യാഗങ്ങളും വിരുന്നുകളും സംബന്ധിച്ച നിയമങ്ങൾ 28:1—29:40 നേര്‍ച്ചകൾ 30:1-16 മിദ്യാന്യര്‍ക്കെതിരെ ഉള്ള യുദ്ധം 31:1-54 യോര്‍ദ്ദാന് കിഴക്കുള്ള അവകാശം 32:1-42 മിസ്രയീമിൽ നിന്നും മോവാബിലേക്കുള്ള യാത്രയുടെ സംക്ഷിപ്ത രൂപം 33:1-56 യിസ്രായേലിന്റെ കനാൻ ദേശത്തിലെ അവകാശത്തിന്റെ അതിരുകൾ 34:1-29 ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 35:1-5 സങ്കേത നഗരങ്ങൾ 35:6-34 പുത്രിമാര്‍ക്കുള്ള അവകാശങ്ങൾ 36:1-13
പ്രതിപാദ്യം: സംഖ്യാപുസ്തകത്തിന്റെ മിക്ക സംഭവങ്ങളും നടക്കുന്നത് മരുഭൂമിയിലാണ്. പ്രധാനമായും യിസ്രായേല്യരുടെ അലച്ചിലിന്റെ രണ്ടാം വർഷം മുപൽ നാൽപതാം വർഷത്തിനിടയിലുള്ള സംഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ആദ്യ 25 അധ്യായങ്ങൾ. മരുഭൂമിയിലെ യിസ്രായേലിന്റെ ആദ്യ തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. ബാക്കി പുസ്തകം രണ്ടാം തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. അനുസരണവും, മത്സരവും, മാനസാന്തരവും, അനുഗ്രഹവും പുസ്തകത്തിലുടനീളം കാണാൻ കഴിയും. ദൈവത്തിന്റെ വിശുദ്ധിയുടെ പ്രമേയം ലേവ്യപുസ്തകം മുതൽ സംഖ്യാപുസ്തകം വരെ തുടരുന്നു. ഇത് ദൈവത്തിൻ്റെ പ്രബോധനവും വാഗ്ദത്ത കനാൻ ദേശത്തേക്ക് പ്രവേശിക്കാനുള്ള തന്റെ ജനത്തെ ഒരുക്കുന്നതും വെളിപ്പെടുത്തുന്നു. സംഖ്യാപുസ്‌തകത്തിന്റെ പ്രാധാന്യം പുതിയനിയമത്തിൽ പലതവണ പരാമർശിച്ചതിലൂടെ സൂചിപ്പിക്കുന്നു. 1കൊരിന്ത്യർ 10: 1-12-ൽ സംഖ്യാപുസ്തകം ഉദ്ധരിച്ചുകൊണ്ട്; ‘ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു’ (10:6) എന്ന് പൗലൊസ് രേഖപ്പെടുത്തിയിരിക്കുന്നു. “ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.” (റോമ, 11:22). ഇവിടെയും സംഖ്യാപുസ്തകമാണ് വിഷയം.
ഈ പുസ്തകം വിരസമായ ഒരു യഹൂദചരിത്ര പുസ്തകമാണെന്ന് നാം ചിന്തിക്കരുത്. ആധുനിക ക്രിസ്തീയ അനുഭവങ്ങളോടുള്ള ബന്ധത്തിൽ പ്രായോഗികമായിട്ടുള്ള കാര്യങ്ങളാണ് അതിൽ അടങ്ങിയിട്ടുള്ളത്. രക്ഷയിൽനിന്നും ദൈവത്തിന്റെ വിജയകരമായ വാഗ്ദത്തങ്ങളിലേക്കുളള ഒരു പൂർണ്ണ പ്രവേശനം എല്ലാ ക്രിസ്ത്യാനികളും നേടിയെടുക്കുന്നത് എത്രവേഗമാണെന്ന കാര്യം ചിന്തിക്കുന്നതു വളരെ സന്തോഷകരമായിരിക്കും. എന്നാൽ, പിറുപിറുപ്പ്, പിന്മാറ്റം, അവിശ്വാസം എന്നിവകൊണ്ട് നാം എത്രമാത്രം പണ്ടത്തെ യിസ്രായേലിനോടു അനുരൂപമായിരിക്കുന്നു എന്ന് സൂക്ഷ്മമായ നിരീക്ഷണങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. യിസ്രായേലിന്റെ അലച്ചിൽ നമ്മുടെ ആത്മീയ യാത്രയിൽ നാം ആവർത്തിക്കേണ്ടതില്ല എന്നുള്ളത് ഒരു സുവാർത്തയാണ്. വിശ്വാസത്താൽ ആത്മീയ വിജയം നേടിയെടുക്കുവാനുള്ള എല്ലാ മാർഗ്ഗങ്ങളും ദൈവം നല്കിയിട്ടുണ്ട്.
പഴയനിയമത്തിലെ ഒന്നാം വിഭാഗമായ ഗ്രന്ഥപഞ്ചകത്തിലെ മൂന്നാമത്തെ പുസ്തകം. ഈ പുസ്തകത്തിനു ഗ്രീക്കു സെപ്റ്റ്വജിന്റിൽ നല്കിയിട്ടുള്ള പേർ ‘ലെവെറ്റികൊൻ’ (ലേവ്യരെ സംബന്ധിച്ചുള്ളത്) എന്നാണ്. ലത്തീൻ പേരായ Liber Leviticus-ന്റെ തർജ്ജമയാണ് ലേവ്യപുസ്തകം. എബായപേർ ‘വയ്യിഖ്റാ’ (അവൻ വിളിച്ചു) ആണ്. ഇത് ലേവ്യർ 1:1-ലെ ആദ്യപദമാണ്. പുരോഹിതന്മാരുടെ നിയമം, പുരോഹിതന്മാരുടെ പുസ്തകം, വഴിപാടുകളുടെ നിയമം എന്നീ പേരുകളിലാണ് മിഷ്ണയിൽ ലേവ്യപുസ്തകം അറിയപ്പെടുന്നത്. പുസ്തകത്തിലെ പ്രതിപാദ്യത്തെ സൂചിപ്പിക്കുന്ന പേരുകളാണവ. പുറപ്പാടുപുസ്തകം വീണ്ടെടുപ്പിന്റെ പുസ്തകം ആയിരിക്കുന്നതു പോലെ, ലേവ്യ പുസ്തകം വീണ്ടെടുക്കപ്പെട്ടവരുടെ ശുദ്ധീകരണം, ആരാധന, ശുശൂഷ എന്നിവയുടെ പുസ്തകമാണ്. ലേവ്യപുസ്തകത്തിലെ പ്രതിപാദ്യം ഏറിയകൂറും പുരോഹിതന്മാരെ കുറിച്ചാണ്. ലേവ്യരെക്കുറിച്ചു വളരെക്കുറച്ചു മാത്രമേ പറയുന്നുള്ളൂ. ഈ കാരണം ചൂണ്ടിക്കാണിച്ചു പേരിന്റെ സാംഗത്യത്തിൽ സംശയം തോന്നാം. എന്നാൽ പുരോഹിതന്മാർ, ലേവ്യ പുരോഹിതന്മാരാണെന്നതു സംശയനിവൃത്തി വരുത്തും. എബ്രായർ 7-ൽ ലേവ്യ പൗരോഹിത്യത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിച്ചാൽ മതിയാകും.
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശയുടെ കാലത്തു സീനായിൽ വച്ച് ദൈവം നല്കിയ വെളിപ്പാടിനോടു ഈ പുസ്തകത്തിന്റെ ഉള്ളടക്കം ബന്ധപ്പെട്ടിരിക്കുന്നു. (7:37; 26:46; 27:34). എന്നാലതു ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്തത്വത്തിന്റെ പ്രശ്നം പരിഹരിക്കുന്നില്ല. പുറപ്പാടിന്റെ പല ഭാഗങ്ങളിലും മോശെയെ എഴുത്തുകാരനായി പറയുന്നെങ്കിലും (പുറ, 17:14; 24:4; 34:27) ലേവ്യ പുസ്തകത്തിന്റെ ഒരു ഭാഗമെങ്കിലും മോശെ എഴുതിയതായി പറഞ്ഞിട്ടില്ല. ഇന്നു നമ്മുടെ കൈവശം ഉള്ളതുപോലെ മോശെ ഇതിനെ ക്രമമായി ചിട്ടപ്പെടുത്തിയതാകാനും ഇടയുണ്ട്. ലേവ്യ പുസ്തകത്തിലെ 27 അദ്ധ്യായങ്ങളിൽ 56 പ്രാവശ്യമെങ്കിലും ഈ ന്യായപ്രമാണ കല്പനകളെ യഹോവ മോശെയ്ക്ക് നല്കി എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നും മോശെയുടെ ഗ്രന്ഥകർത്തത്വം അംഗീകരിക്കാവുന്നതേയുള്ളു.
എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്.
ഉദ്ദേശ്യം: 400 വർഷമായി യിസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നതിനാൽ, അവരുടെ ദൈവസങ്കല്പം ബഹുദൈവ പുറജാതീയ ഈജിപ്തുകാർ വളച്ചൊടിച്ചിരുന്നു. പാപിയായ, എന്നാൽ വീണ്ടെടുക്കപ്പെട്ട ഒരു മനുഷ്യനെ പരിശുദ്ധ ദൈവവുമായുള്ള ബന്ധത്തിൽ നയിക്കാൻ നിർദ്ദേശങ്ങളും നിയമങ്ങളും നൽകുക എന്നതാണ് ലേവ്യപുസ്തകത്തിന്റെ ലക്ഷ്യം. ഒരു വിശുദ്ധ ദൈവത്തോടുള്ള പ്രതികരണമായി വ്യക്തിപരമായ വിശുദ്ധിയുടെ ആവശ്യകതയെക്കുറിച്ച് ലേവ്യപുസ്തകത്തിൽ ഊന്നൽ ഉണ്ട്. ശരിയായ യാഗങ്ങൾ അർപ്പിക്കുന്നതിലൂടെ പാപത്തിന് പ്രായശ്ചിത്തം ചെയ്യണം. (അ, 8-10). ഭക്ഷണരീതികൾ (ശുദ്ധവും അശുദ്ധവുമായ ഭക്ഷണങ്ങൾ), പ്രസവം, ശ്രദ്ധാപൂർവ്വം നിയന്ത്രിക്കാവുന്ന രോഗങ്ങൾ എന്നിവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങൾ (11-15 അ). പാപപരിഹാര ദിനത്തെ 16-ാം അധ്യായം വിവരിക്കുന്നു. കൂടാതെ, അന്നത്തെ വിജാതീയരുടെ നിലവിലെ രീതികൾക്ക് വിരുദ്ധമായി, ദൈവജനം അവരുടെ വ്യക്തിപരവും, ധാർമ്മികവും, സാമൂഹികവുമായ ജീവിതത്തിൽ ശ്രദ്ധാലുക്കൾ ആകുവാനും നിർദ്ദേശിക്കുന്നു. (17-22 അ).
പ്രധാന വാക്യങ്ങൾ: 1. “അവൻ ഹോമയാഗത്തിന്റെ തലയിൽ കൈവെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.” ലേവ്യർ 1:4.
2. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.” ലേവ്യർ 17:11.
3. “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.” ലേവ്യർ 19:18.
ബാഹ്യരേഖ: I. ദൈവത്തോടടുത്തു വരാനുള്ള മാർഗ്ഗം: 1:1-10:20.
1. യാഗങ്ങൾ: 1:1-7:38.
a. ഹോമയാഗം: (അ.1)
b. ഭോജനയാഗം: (അ.2)
c. സമാധാനയാഗം: (അ.3)
d. പാപയാഗം: (4:1-5:13)
e. അകൃത്യയാഗം: (5:14-6:7)
2. പുരോഹിതന്മാർ: 8:1-10:20.
a. പുരോഹിതന്മാരുടെ മോശയാലുള്ള അവരോധനം: (അ.8)
b. അഹരോൻ അർപ്പിക്കേണ്ട യാഗങ്ങൾ: (അ.9)
c. നാദാബ്, അബീഹൂ ഏന്നിവരുടെ ദൈവാലയ ധ്വംസനം: (അ.10)
II. ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ: 11:1-27:34.
8. എണ്ണ, കാഴ്ചയപ്പത്തിന്റെ മേശ തുടങ്ങിയവ: 24:1-23.
9. ശബ്ബത്ത്, യോവേൽ സംവത്സരം തുടങ്ങിയവ: 25:1-55.
10. അനുഗ്രഹങ്ങളും ശാപങ്ങളും: 26:1-47.
a. ദൈവത്തെ അനുസരിക്കുന്നവർകുള്ള അനുഗ്രഹങ്ങൾ: (26:1-13)
b. ദൈവത്തെ ആനുസരിക്കാത്തവർക്കുള്ള ശാപങ്ങൾ: (26:14-39)
c. അനുതാപം, ഏറ്റുപറച്ചിൽ എന്നിവയാലുള്ള പുനരുത്ഥാരണം: 26:40-46)
11. നേർച്ചയും ദശാംശവും: 27:1-34.
ലേവ്യരിലെ പൂർണ്ണവിഷയം
അഞ്ചു പ്രധാനപ്പെട്ട യാഗങ്ങൾ/വഴിപാടുകൾ 1:1—6:7 ദഹനയാഗം 1:1-17 ഭോജനയാഗം 2:1-16 സമാധാനയാഗം 3:1-17 പാപയാഗം 4:1—5:13 അകൃത്യയാഗം 5:14—6:7 തുടര്‍മാനമായ ഹോമയാഗം 6:8-13 വഴിപാടുകളെക്കുറിച്ചുള്ള കൂടുതൽ നിര്‍ദ്ദേശങ്ങൾ 6:14—7:38 പുരോഹിതന്മാർ പ്രതിഷ്ഠിക്കപ്പെടുന്നു 8:1-36 പുരോഹിതന്മാര്‍ പ്രവൃത്തി ആരംഭിക്കുന്നു 9:1-24 നാദാബ് അബീഹു എന്നിവരുടെ മരണം 10:1-7 പുരോഹിതന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങൾ 10:8-20 ശുദ്ധിയും അശുദ്ധിയും 11:1—15:33 ശുദ്ധവും അശുദ്ധവുമായ ഭക്ഷണം 11:1-47 ജനനത്തിനുശേഷമുള്ള ശുദ്ധീകരണം 12:1-8 കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-46 ഭിത്തിമേലുള്ള വടുക്കളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:47-59 കുഷ്ടരോഗത്തിന്റെ ശുദ്ധീകരണം 14:1-32 വടുക്കളുടെ ശുദ്ധീകരണം 14:33-57 ശരീര സ്രവങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 15:1-33 മഹാപാപപരിഹാരദിനം 16:1-34 യാഗത്തിനുള്ള സ്ഥലം 17:1-9 രക്തം ഭക്ഷിക്കുന്നതിനുള്ള വിലക്കു 17:10-14 വിലക്കപ്പെട്ട ലൈംഗിക ബന്ധങ്ങൾ 18:1-30 വിവിധ നിയമങ്ങളും പ്രമാണങ്ങളും 19:1—20:27 വിശുദ്ധിയും പുരോഹിത്മാരുടെ കര്‍ത്തവ്യങ്ങളും 21:1—22:33 ദൈവം നിയമിച്ച ഉത്സവങ്ങളും, സമയങ്ങളും 23:1-44 ശബ്ബത്ത് 23:3 പെസഹ, പുളിപ്പില്ലാത്ത അപ്പം 23:4-8 ആദ്യഫലം 23:9-14 പെന്തക്കോസ്ത്ത് 23:15-22 പാപപരിഹാരം 23:26-32 കൂടാരപെരുന്നാൾ 23:33-44 അപ്പവും എണ്ണയും നിരന്തരമായി ദൈവമുമ്പാകെ 24:1-9 ദൂഷണം പറയുന്നവനുള്ള ശിക്ഷ 24:10-23 ശബ്ബത്ത് സംവത്സരം 25:1-7 യോബേൽ സംവത്സരം 25:8-55 അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 26:1-12 അനുസരണക്കേടിനുള്ള ശാപങ്ങൾ 26:13-46 വ്യക്തിനിയമങ്ങൾ 27:1-34
പ്രതിപാദ്യം: ലേവ്യപുസ്തകത്തിന്റെ ചരിത്രപരമായ പശ്ചാത്തലം യിസായേൽ മക്കളുടെ സീനായിയിലെ വാസമാണ്. ആരാധനയുടെ നിയമങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാന പ്രതിപാദ്യം. യിസ്രായേലിനു സീനായിയിൽ ഉണ്ടായ അനുഭവങ്ങളുടെ ആഖ്യാനം തുടരുക എന്ന ലക്ഷ്യം ലേവ്യപുസ്തക രചനയ്ക്കു പിന്നിലുണ്ട്. പുസ്തകത്തിന്റെ ആദ്യവചനങ്ങളിൽ നിന്നും, ആവർത്തിക്കപ്പെടുന്ന ശൈലിയിൽ നിന്നും ഇത് വ്യക്തമാണ്: യഹോവ മോശെയോട് അരുളിചെയ്തത് (1:1; 4:1; 5:14), യഹോവ അഹരോനോട് അരുളിചെയ്തത് (10:8), യഹോവ മോശെയോടും അഹരോനോടും അരുളിചെ യ്തത് (11:1; 13:1) എന്നിവ ശ്രദ്ധിക്കുക.
“നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജവും ആകും” (പുറ 19:6) എന്ന വാഗ്ദത്തത്തിനായി യിസ്രായേല്യർ സീസായി പർവ്വതത്തിൽ ഒരുക്കപ്പെട്ടു കഴിഞ്ഞു. യഹോവയ്ക്ക് അവരുടെ മദ്ധ്യേ വസിക്കുവാനുള്ള സമാഗമനകൂടാരം പാളയത്തിന്റെ മദ്ധ്യേ തയ്യാറായിക്കഴിഞ്ഞു. (പുറ, 40). വഴിപാടുകളെക്കുറിച്ചുളള നിയമങ്ങൾ (ലേവ്യ, 1-7) ഒരു പ്രത്യേക ഘടകമായി മുമ്പു തന്നെ നിലവിലിരുന്നു. (ലേവ്യ, 7:35-38). യാഗാർപ്പണങ്ങളുടെ ചരിത്രം ഉല്പത്തി 4:3-5-ൽ തന്നെ ആരംഭിക്കുന്നു. യാഗങ്ങളെയും വഴിപാടുകളെയും സംബന്ധിക്കുന്ന ഭാഗങ്ങൾ ഗ്രന്ഥപഞ്ചകത്തിൽ ലേവ്യപുസ്തകത്തിനു മുമ്പുതന്നെ ഉണ്ട്. എന്നാൽ ലേവ്യപുസ്തകത്തിൽ യാഗങ്ങളുടെ ക്രമീകരണം മുഴുവൻ യഹോവ നിയന്ത്രിക്കുകയും യിസായേലിന്റെ പാപപരിഹാരത്തിനുള്ള മാർഗ്ഗമായി അതിനെ പ്രത്യേക രീതിയിൽ സ്ഥാപിക്കുകയും ചെയ്യുന്നു. രക്തം ഭക്ഷിക്കരുതെന്ന നിരോധനം 3:17-ലും 7:26-ലും ഉണ്ട്. എന്നാൽ അതിന്റെ കാരണം പറഞ്ഞിരിക്കുന്നത് 17:11-ലാണ്. ഈ വാക്യത്തിന്റെ വെളിച്ചത്തിലായിരിക്കണം ഒന്നു മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന രക്തച്ചൊരിച്ചിലിനെയും രക്തം തളിക്കലിനെയും മനസ്സിലാക്കേണ്ടത്. ഇത് ലേവ്യ പുസ്തകത്തിന്റെ ഐക്യത്തെ തെളിയിക്കുന്ന ഒരു സൂചനയാണ്.
അശുദ്ധിയെ സംബന്ധിക്കുന്ന ചട്ടങ്ങൾ 7:21-ലുണ്ട്. 11-15 വരെയുള്ള അദ്ധ്യായങ്ങളിൽ അശുദ്ധിയെക്കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്.. ലേവ്യർ 10:10-ൽ ശുദ്ധവും അശുദ്ധവും നിർമ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ 11-ാം അദ്ധ്യായത്തിലാണ് അതിന്റെ വിശദമായ പ്രതിപാദനമുള്ളത്. ശുദ്ധാശുദ്ധങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ യിസ്രായേല്യർ പാപത്തെ ഒഴിച്ചു നിറുത്തേണ്ടുന്ന ആവശ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തെയും തന്റെ ജനത്തെയും തമ്മിൽ അകറ്റി നിർത്തുന്നത് പാപമാണ്. അതിനാൽ യാഗത്തിലൂടെയും (1-7 അ), പൗരോഹിത്യത്തിലുടെയും (8-10 അ) അവർ ദൈവത്തെ സമീപിക്കേണ്ടതാണ്. ശുദ്ധാശുദ്ധമൃഗങ്ങളെ സംബന്ധിച്ചുള്ള 11-ാം അദ്ധ്യായത്തിലെ നിയമങ്ങളിലെ സുചന 20:25-ൽ കാണാം. ഈ വാക്യം 18-20 വരെയുള്ള അദ്ധ്യായങ്ങളും 1-15 വരെയുള്ള അദ്ധ്യായങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്നു. ഇവയെല്ലാം ലേവ്യപുസ്തകത്തിന്റെ ഐക്യം വ്യക്തമാക്കുന്നു. ലേവ്യർ 17:26-ൽ കാണപ്പെടുന്ന പ്രമാണങ്ങൾ ‘വിശുദ്ധിയുടെ നിയമസംഹിത’ എന്ന നിലയിൽ പ്രത്യേകമായി നിലവിലിരുന്നതാണെന്ന ധാരണയ്ക്കു വിരുദ്ധവുമാണിത്.
‘യഹോവയുടെ വിശുദ്ധിയുടെ പുസ്തകം’ എന്നു ലേവ്യ പുസ്തകത്തെ വിളിക്കുന്നതിൽ അനൗചിത്യമില്ല. ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധരായിരിപ്പിൻ (20:26) എന്നാണ് യഹോവ ആവശ്യപ്പെടുന്ന്ത്. നാദാബ്, അബീഹു (10:1-7), ദൈവദൂഷകൻ (24:10-23) എന്നിവരുടെ പാപത്തിനു നല്കിയ ശിക്ഷയിൽ യഹോവയുടെ വിശുദ്ധി വെളിപ്പെട്ടു. വഴിപാടുകൾ, ഭോജ്യങ്ങൾ, ശുദ്ധീകരണം, പരിശുദ്ധി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പ്രമാണങ്ങൾ യഹോവയുടെ വിശുദ്ധിക്കനുസൃതമാണ്. ജനത്തിനും യഹോവയ്ക്കും മദ്ധ്യേ നില്ക്കുന്നവരാണ് പുരോഹിതന്മാർ. ലേവ്യപൗരോഹിത്യം ശ്രഷ്ഠമഹാപുരോഹിതനായ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠത്തിലെ രക്തം ഒഴിച്ചുകൂടാനാവാത്തതാണ്. ലേവ്യയാഗങ്ങളെയും, പഴയനിയമത്തെ തന്നെയും പൂർത്തിയാക്കുവാനും നിറവേറ്റാനുമായി വരുന്ന ഏകനെ ചൂണ്ടിക്കാണിക്കുയായിരുന്നു വീണ്ടെടുപ്പിന്റെ രക്തം. നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തയാഗമായും പുരോഹിതനായും സ്വന്തപുത്രനെ നല്കിയ ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കുവാനുള്ള നമ്മുടെ കടപ്പാടിനെ ലേവ്യപുസ്തകം വ്യക്തമാക്കുന്നു.
ബൈബിളിലെ രണ്ടാമത്തെ പുസ്തകം. എബ്രായയിൽ വ്എല്ലെഹ് ഷ്മോത് (പേരുകളാവിതു) എന്നും, ചുരുക്കി ഷ്മോത് (പേരുകൾ) എന്നും വിളിക്കുന്നു. സെപ്റ്റ്വജിന്റാണ് പുറപ്പാട് എന്ന പേര് വിഷയാടിസ്ഥാനത്തിൽ നല്കിയത്. ഉല്പത്തി ആരംഭങ്ങളുടെ പുസ്തകവും പുറപ്പാട് വീണ്ടെടുപ്പിന്റെ പുസ്തകവുമാണ്. ഉല്പത്തി പുസ്തകത്തിലെ മൂന്നു വലിയ പ്രവചനങ്ങൾ പുറപ്പാടിൽ നിറവേറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. യിസ്രായേൽ മിസയീമിൽ ഒരു വലിയ ജാതി ആകും: (ഉല്പ, 46:3). 2. യിസായേല്യർ മിസയീമിൽ നാനൂറു വർഷം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും: (ഉല്പ, 15:13). 3. ദൈവം മിസ്രയീമിനെ വിധിക്കും. അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുകൂടെ പുറപ്പെട്ടു പോരും: (ഉല്പ, 15:14). തന്റെ മരണക്കിടക്കയിൽ യോസേഫിന് പുറപ്പാടിന്റെ പ്രത്യാശ ഉണ്ടായിരുന്നു. (ഉല്പ, 50:24,25).
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). യോശുവയുടെ കാലത്തു തന്നെ ന്യായപ്രമാണ പുസ്തകം ഉണ്ടായിരുന്നു. (യോശു, 8:34). മോശെയുടെ കർതൃത്വത്തെ ക്രിസ്തുവും അംഗീകരിച്ചിരുന്നു. (മർക്കൊ, 1:44). ഗ്രന്ഥപഞ്ചകത്തിലെ മറ്റു പുസ്തകങ്ങളിൽ എന്നപോലെ ലിഖിതവും വാചികവുമായ രേഖകളെ മോശെ ഇതിന്റെ രചനയ്ക്കും പ്രയോജനപ്പെടുത്തിയിരിക്കണം. പുസ്തകത്തിന്റെ ഐക്യം എഴുത്തുകാരൻ ഏകനാണെന്നു വ്യക്തമാക്കുന്നു.
എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്.
ഉദ്ദേശ്യം: യിസ്രായേൽ ജനത്തെ മിസയീമ്യ അടിമത്തത്തിൽ നിന്നു വിടുവിച്ചു ദൈവാധിപത്യഭരണത്തിൽ വിധേയപ്പെടുത്തുന്ന ചരിത്രം നല്കുകയാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ മക്കളുടെ അപ്രതീക്ഷിതമായ വർദ്ധനവിനെ വിവരിച്ചുകൊണ്ടു പുസ്തകം ആരംഭിക്കുന്നു. കഠിനമായി പീഡിപ്പിക്കപ്പെട്ട ജനം ദൈവത്തോടു നിലവിളിക്കുകയും മോശെ മുഖാന്തരം ദൈവം അവരെ വിടുവിക്കുകയും ചെയ്തു. ചെങ്കടൽ കടന്നു ജനം സീനായി പർവ്വതത്തിൽ എത്തി. അവിടെവച്ചു ദൈവം അവരുമായി നിയമം ചെയ്ത് അവർക്കു ന്യായപ്രമാണം നല്കി. തുടർന്നു ദൈവനിവാസമായ സമാഗമനകൂടാരത്തിന്റെ പണിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കൊടുത്തു. സമാഗമനകൂടാരത്തിന്റെ സ്ഥാപനത്തോടു കൂടി പുറപ്പാടു പുസ്തകം അവസാനിക്കുന്നു.
2. “ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.” പുറപ്പാട് 2:24-25.
3. “മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.” പുറപ്പാട് 12:27.
4. “അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” പുറപ്പാട് 20:2-3.
ഉള്ളടക്കം: l. യിസ്രായേൽ മിസയീമിൽ: 1:1-12:36.
1. വംശാവലി: 1:1-6.
2. മിസയീമിലെ അടിമത്തം: 1:7-22.
3. മോശെയുടെ ശൈശവം: 2:1-10.
4. മോശെയുടെ ജീവചരിത്രം: 2:11-4:26.
5. യിസ്രായേല്യർക്കു നേരിട്ട പീഡനം: 4:27-6:13.
6. വംശാവലി വിവരണം: 6:14-27.
7. മോശെയും അഹരോനും ഫറവോന്റെ മുമ്പിൽ: 6:28:7:18.
8. മിസയീമിലെ ബാധകൾ: 7:19-11;10.
a. 1-ാമത്തെ ബാധ – നൈൽനദി രക്തമായിത്തീർന്നു: 7:19-25.
b. 2-ാമത്തെ ബാധ – തവള: 8:1-15.
c. 3-ാമത്തെ ബാധ – പേൻ: 8:16:19.
d. 4-ാമത്തെ ബാധ – നായീച്ച: 8:20-32.
e. 5-ാമത്തെ ബാധ – മൃഗവ്യാധി: 9:1-7.
f. 6-ാമത്തെ ബാധ – പുണ്ണ്: 9:8-12.
g. 7-ാമത്തെ ബാധ – കൽമഴ: 9:13-35.
h. 8-ാമത്തെ ബാധ – വെട്ടുക്കിളി: 10:120.
i. 9-ാമത്തെ ബാധ – മൂന്നു ദിവസത്തെ കൂരിരുട്ട്: 10:1-20.
II. പുറപ്പാടും സീനായ് പർവ്വതത്തിലേക്കുള്ള യാത്രയും: 13:1-18:27.
1. പെസഹയും 10-ാമത്തെ ബാധയും: 12:1-51.
2. കടിഞ്ഞൂലിനെയും പുളിപ്പില്ലാത്ത അപ്പത്തെയും സംബന്ധിക്കുന്ന ചട്ടങ്ങൾ: 13:1:16.
3. മിസയീമിൽ നിന്നുള്ള പുറപ്പാടും ഫറവോന്റെ പിന്തുടരലും: 13:17-14:31.
മിസ്രയീമിലെ അടിമകളായ യിസ്രായേല്യർ 1:1-22 മോശെയുടെ ജനനവും ആദ്യ സംവത്സരങ്ങളും 2:1-10 മോശെയുടെ മിദ്യാനിലേക്കുള്ള പാലായനവും, തുടര്‍ന്നുള്ള 40 വര്‍ഷങ്ങളും 2:11-24 ദൈവം മോശെയെ കത്തുന്ന മുൾപ്പടര്‍പ്പിൽ വച്ച് വിളിക്കുന്നതും, മിസ്രയീമിലേക്ക് അയക്കുന്നതും 3:1—4:17 മോശെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നു 3:11-13 ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നു 3:14-15 മോശെ വീണ്ടും ഒഴിഞ്ഞു മാറുന്നു, ദൈവം തനിക്ക് അത്ഭുതങ്ങൾ ചെയ്യുവാനുള്ള അധികാരം നൽകുന്നു 4:1-9 മോശെ പിന്നെയും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു മറ്റൊരാളിനെ അയക്കുവാൻ ആവശ്യപ്പെടുന്നു 4:10-12 മോശെ മിസ്രയീമിലേക്ക് മടങ്ങിപ്പോകുന്നു 4:18-31 മോശെയും അഹരോനും ഫറവോന്റെ അടുക്കൽ പോകുന്നു 5:1-21 ദൈവം നൽകുന്ന വിടുതലിന്റെ വാഗ്ദത്തം 5:22—6:12 അഹരോന്റെ വടി സര്‍പ്പമായി മാറുന്നു 7:9-13 ദൈവം മിസ്രയീമിന്റെ മേൽ ബാധകളെ അയക്കുന്നു 7:14—12:30 വെള്ളം രക്തമായി 7:14-24 തവള 7:25—8:15 പേൻ 8:16-19 നായീച്ച 8:20-32 മൃഗങ്ങളുടെ മേലുള്ള വ്യാധി 9:1-7 പരുക്കൾ 9:8-12 കൽമഴ 9:13-35 വെട്ടുക്കിളി 10:1-20 കൂരിരുട്ട് 10:21-24 ആദ്യജാത സംഹാരം 11:1—12:30 പെസഹ 12:1-28 യിസ്രായേൽ മിസ്രയീം വിടുന്നു 12:31-42 പെസഹായുടെ നിയമങ്ങൾ 12:43-50 ആദ്യജാതരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-16 മേഘസ്തംഭവും, അഗ്നിസ്തംഭവും 13:20-22 യിസ്രായേൽ ജനം ചെങ്കടൽ കടക്കുന്നു, ഫറവോന്റെ സൈന്യം മുങ്ങിപ്പോകുന്നു 14:1-31 വീണ്ടെടുപ്പിന്റെ ഗീതം 15:1-21 മാറായിലെയും എലീമിലെയും വെള്ളം 15:22-27 ദൈവം മന്നയും കാടപ്പക്ഷിയും നൽകുന്നു 16:1-36 ദൈവം പാറയിൽനിന്നും വെള്ളം നൽകുന്നു 17:1-7 അമാലേക്യരുമായുള്ള യുദ്ധം 17:8-15 മോശെയുടെ അമ്മായി അപ്പൻ 18:1-27 യിസ്രായേലും ദൈവവും സീനായിയിൽ 19:1-25 നിയമത്തിന്റെ ഉടമ്പടി 19:5-8 പത്തുകല്പനകൾ 20:1-17 കൂടുതൽ നിയമങ്ങളും നിര്‍ദ്ദേശങ്ങളും 20:22—23:13 മൂന്ന് വാര്‍ഷിക ഉത്സവങ്ങൾ 23:14-17 ദൈവദൂതൻ യിസ്രായേലിനെ നയിക്കുന്നു 23:20-23 ഉടമ്പടി ഉറപ്പിക്കുന്നു 24:1-18 സമാഗമനകൂടാരത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 25:1—31:18 സാക്ഷ്യപെട്ടകം 25:10-22 മേശ 25:23-30 കവരവിളക്ക് 25:31-40 കൂടാരം 26:1-37 ദഹനയാഗത്തിനുള്ള യാഗപീഠം 27:1-8 പ്രാകാരം 27:9-19 എണ്ണ 27:20-21 പുരോഹിത വസ്ത്രം 28:1-43 പുരോഹിതന്മാരുടെ സ്ഥാനാരോഹണം 29:1-45 ധൂപപീഠം 30:1-10 വീണ്ടെടുപ്പ് വില 30:11-16 താമ്രത്തൊട്ടി 30:17-21 അഭിഷേകത്തിനുള്ള തൈലം 30:22-23 ധൂപവര്‍ഗ്ഗം 30:34-38 പണി ചെയ്യുന്നവർ31:1-11 ശബ്ബത്ത് 31:12-18 പൊന്ന് കൊണ്ടുള്ള കാളക്കുട്ടി 32:1-29 ദൈവത്തോടു മോശെ അപേക്ഷിക്കുന്നു 32:30-34 സമാഗമനകൂടാരം 33:7-11 ദൈവത്തിന്റെ മഹത്വം കാണാൻ മോശെ ആവശ്യപ്പെടുന്നു 33:12-23 ദൈവത്തിന്റെ തേജസ് മോശെ കാണുന്നു- ദൈവത്തിന്റെ നാമം പ്രഖ്യാപിക്കുന്നു 34:1-7 ദൈവം കൂടുതൽ നിര്‍ദ്ദേശങ്ങൾ നൽകുന്നു 34:10-28 മോശെയുടെ മുഖം പ്രകാശിക്കുന്നു 34:29-35 സമാഗമനകൂടാരത്തിന്റെ പണിക്കുവേണ്ടിയുള്ള കാഴ്ചയര്‍പ്പണം 35:4—36:7 സമാഗമനകൂടാരത്തിന്റെ പണി 36:8—40:33 സമാഗമനകൂടാരത്തിൽ ദൈവത്തിന്റെ തേജസ് നിറയുന്നു 40:34-38
വിഷയ സംഗ്രഹം: ഉല്പത്തി പുസ്തകത്തിന്റെ അവസാനഭാഗത്ത് നാം അവശേഷിപ്പിച്ച നിലയിൽ തന്നെ, പുറപ്പാട് പുസ്തകം തുറക്കുമ്പോൾ മിസ്രയീമിലായിരിക്കുന്ന യിസ്രായേൽ മക്കളെയാണ് നാം കാണുന്നത്. എന്നാൽ ആ പശ്ചാത്തലം ഇവിടെ പൂർണ്ണമായും മാറിയിരിക്കുന്നു. ഇത് നാനൂറിൽ പരം വർഷങ്ങൾക്കു ശേഷമുള്ള കാര്യമാണ്. ഒരിക്കൽ പ്രീയരായിരുന്ന യിസായേൽ ജനം ഇപ്പോൾ ഫറവോന്റെ അതിവിപുലമായ കെട്ടിട നിർമ്മാണ പദ്ധതിയ്ക്കുവേണ്ടി ഇഷ്ടിക ഉണ്ടാക്കുന്ന അടിമകളാണ്.
പുറപ്പാടു പുസ്തകത്തിലെ വിഷയങ്ങൾ വീണ്ടെടുപ്പും, യിസ്രായേൽ ജനതയുടെ സ്ഥാപനവുമാണ്. 3600-ൽ പരം വർഷങ്ങളായി, ലോകമെമ്പാടുമുള്ള യഹൂദന്മാർ, മിസ്രയീമിൽ നിന്നും ശക്തിയാലും രക്തത്താലും വിടുതൽ പ്രാപിച്ചതും, പെസഹയിൽ ഒരു യഥാർത്ഥ ജനതയായി യിസ്രായേൽ ജനം അവരുടെ യാത്രയുടെ ആരംഭം കുറിച്ചതുമായ ആ സംഭവം വിവരിച്ചിരിക്കുന്നു. മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനുശേഷം ദൈവം തന്റെ ജനത്തിനുള്ള കല്പനകൾ മോശെയ്ക്കു കൊടുക്കുന്ന മരുഭൂമിയിലേക്ക് രംഗം മാറുകയാണ്. ഈ പുസ്തകത്തിന്റെ ഏകദേശം പകുതിയോളം ഭാഗത്ത് സമാഗമന കൂടാരത്തെക്കുറിച്ചും അതിലെ പൗരോഹിത്യത്തെ കുറിച്ചുമാണ് (25-40 അ) പ്രതിപാദിച്ചിരിക്കുന്നത്. ഇവ കേവലം ചരിത്രപരമായിട്ടുള്ള വിശദീകരണങ്ങൾ അല്ല.
പുറപ്പാടു പുസ്തകം ഉള്ളവണ്ണം രുചിച്ചറിയണമെങ്കിൽ നാം അതിൽ ക്രിസ്തുവിനെ അന്വേഷിക്കേണ്ടതുണ്ട്. മോശെ, പെസഹാക്കുഞ്ഞാട്, പാറ, കൂടാതെ സമാഗമനകൂടാരം എന്നിവ യേശുക്രിസ്തുവിന്റെ നിഴലായിട്ടുള്ള ചില വസ്തുതകൾ മാത്രമാണ്. തിരുവചനത്തിൽ മറ്റു പലയിടങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളവയാണ് അവയിൽ പലതും (1കൊരി, 5:7; 10:4; എബ്രാ,3-10 അ). എമ്മവുസിലേക്കുള്ള വഴിയിൽ വച്ച് തന്റെ രണ്ടു ശിഷ്യന്മാർക്ക് കർത്താവു ചെയ്തു കൊടുത്തതുപോലെ എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു നമുക്കും വ്യാഖ്യാനിച്ചുതരട്ടെ (ലുക്കൊ, 24:27).
ബൈബിളിലെ ആദ്യപുസ്തകം. ആരംഭങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്നു. പഴയനിയമത്തിന്റെ ഗ്രീക്കു തർജ്ജമയായ സെപ്റ്റ്വജിന്റിൽ നിന്നാണ് ഉത്പത്തി എന്ന പേർ ലഭിച്ചത്. ഈ പേരിന്റെ അടിസ്ഥാനം ഉല്പത്തി 2:4-ലെ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തി വിവരം എന്ന പ്രസ്താവനയാണ്. ഉല്പത്തി ഗ്രീക്കിൽ ‘ഗെനെസെയോസ്’ ആണ്. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ലത്തീനിലെയും ഇംഗ്ലീഷിലെയും genesis വന്നത്. എബ്രായയിൽ മോശെയുടെ അഞ്ചു പുസ്തകങ്ങൾക്കും പേര് പുസ്തകത്തിന്റെ ആദ്യവാക്കോ പ്രയോഗമോ ആണ്. അതനുസരിച്ച് എബ്രായ ബൈബിളിൽ ഉല്പത്തി ബെറേയ്ഷീത് (ആദിയിൽ) ആണ്. തല്മൂദുകളുടെ കാലത്ത് ഉത്പത്തിക്കു നല്കിയിരുന്നപേര് ‘പ്രപഞ്ചസൃഷ്ടി യുടെ ഗ്രന്ഥം’ എന്നായിരുന്നു.
ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ, 24:44; യോഹ, 5:46-47; 7:19).
ഫറവോന്റെ കൊട്ടാരത്തിൽ വളർന്ന മോശയ്ക്ക് അക്കാലത്തെ ഏറ്റവും മെച്ചമായ വിദ്യാഭ്യാസം ലഭിച്ചു. മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു (അപ്പൊ7:22) എന്നാണ് സ്തെഫാനൊസ് മോശെയെക്കുറിച്ചു പറഞ്ഞത്. തനിക്കു ലഭിച്ച വിവരങ്ങളും രേഖകളും ദൈവിക വെളിപ്പാടുകളും രേഖപ്പെടുത്തി സൂക്ഷിക്കുവാൻ പ്രത്യേക താല്പര്യം മോശയ്ക്കുണ്ടായിരുന്നു. (പുറ, 24:4; ആവ, 31:9). കുടുംബസംബന്ധമായ രേഖകളെ വായ്മഴിയിലുടെയോ ലിഖിതരൂപത്തിലോ സംപ്രേഷണം ചെയ്തുവന്നു. ഇവയെ മോശെ സമാഹരിച്ചു സംശോധനം ചെയ്ത് ഗ്രന്ഥരചനയ്ക്ക് ഉപയുക്തമാക്കി. ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ കാണുന്ന സൃഷ്ടിയുടെ വൃത്താന്തം ദൈവം നേരിട്ടു വെളിപ്പെടുത്തി കൊടുത്തതായി കാണാം. ഒരു വ്യക്തി സ്നേഹിതനോടു സംസാരിക്കുന്നതു പോലെയാണു ദൈവം മോശെയോടു അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11; ആവ, 34:12). “ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല” എന്നു പുറപ്പാട് 6:3-ൽ കാണുന്നു. ഉല്പത്തിയിൽ ചില സ്ഥാനങ്ങളിൽ യഹോവയുടെ നാമം പ്രയോഗിച്ചിട്ടുള്ളതിനെ ഈ വാക്യം നിരാകരിക്കുന്നില്ല. പിതാക്കന്മാരുടെ കാലത്ത് ഉടമ്പടിനാമമായി വെളിപ്പെട്ടത് ഏൽ-ഷദ്ദായി (സർവ്വശക്തനായ ദൈവം) ആണ് പ്രസ്തുത നാമത്തിന്റെ സ്ഥാനത്ത് തന്റെ കാലത്തെ ഉടമ്പടി നാമമായ യഹോവ എന്ന പേർ മോശെ ഉപയോഗിച്ചു എന്നു മനസ്സിലാക്കിയാൽ മതി. സീനായിലെ ദൈവവും (യഹോവ) പിതാക്കന്മാരുടെ ദൈവവും (ഏൽ-ഷദ്ദായി) ഏകനാണെന്നു തെളിയിക്കുവാൻ ഇതു സഹായമാണ്. ഉല്പത്തി പുസ്തകത്തിന്റെ കർത്താവ് മോശെയാണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. എട്ടാംനാളിൽ പരിച്ഛേദന ഏല്ക്കണം എന്ന കല്പന ഉല്പത്തി 17:12-ലാണ് നല്കിയിട്ടുള്ളത്. പ്രസ്തുത കല്പനയെ ന്യായപ്രമാണത്തിന്റെ ഭാഗമായി ക്രിസ്തു പ്രസ്താവിച്ചു. (യോഹ, 7:23).
എഴുതിയ കാലം: ബൈബിൾ കാലഗണനപ്രകാരം മോശെയുടെ ജനനം ബി.സി. 1652-ലും (പുറ, 2:1-10), മിദ്യാന്യവാസാരംഭം 1612-ലും (പുറ, 2:11-15), ഫറവോൻ്റെ മുമ്പിൽ നില്ക്കുന്നത് 1572-ലുമാണ്. 1572-ൽ മിസ്രയീമിൽനിന്ന് പുറപ്പെട്ട യിസ്രായേൽ ജനം മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. (പുറ, 19:1). അവിടെവെച്ചാണ് യഹോവ മോശെ മുഖാന്തരം ന്യായപ്രമാണം നല്കിയത്. “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18). മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിനു മുകളിൽ മേഘത്തിനു നടുവിൽ യഹോവയ്ക്ക് ഒപ്പമായിരുന്നു. (പുറ, 24:18). ആ സമയത്താണ് ഉല്പത്തി വിവരങ്ങളെക്കുറിച്ചുള്ള വെളിപ്പാടും ഒപ്പം ന്യായപ്രമാണവും നൽകിയതെന്ന് മനസ്സിലാക്കാം. മോശെയുടെ മരണം 1532-ലാണ്. തന്മൂലം ബി.സി. 1572 മൂതൽ 1532 വരെയുള്ള കാലത്താണ് ഉല്പത്തി മുതൽ പുറപ്പാടു വരെയുള്ള പുസ്തകങ്ങൾ എഴുതിയതെന്ന് മനസ്സിലാക്കാം.
പുസ്തകത്തിന്റെ ഉദ്ദേശ്യം: ബൈബിൾ ദൈവികമായ വീണ്ടെടുപ്പിന്റെ നാടകമായി പരിഗണിക്കപ്പെടുന്നു. ഈ നിലയിൽ അനന്തര വെളിപ്പാടുകളുടെയെല്ലാം ബീജനിലവും അധിഷ്ഠാനവും ഉല്പത്തി പുസ്തകമാണ്. ആരംഭങ്ങളുടെ പുസ്തകമായ ഉല്പത്തി ദൈവമൊഴികെ എല്ലാറ്റിന്റെയും ആരംഭം വിവരിക്കുന്നു. ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വീണ്ടടുപ്പു നാടകത്തിന്റെ നാന്ദി അഥവാ മുഖവുരയാണ്. ഈ നാടകത്തിന്റെ ഒന്നാമങ്കം ആരംഭിക്കുന്നത് അബ്രാഹാമിന്റെ വിളിയോടു (ഉല്പ, 12) കൂടിയാണ്; നാടകം അവസാനിക്കുന്നത് എല്ലാറ്റിന്റെയും പരിസമാപ്തിയെ പ്രദർശിപ്പിക്കുന്ന വെളിപ്പാടിലും. ഉല്പത്തി ആദിയിൽ, എന്നു കാലത്തെ നിർദ്ദേശിച്ചുകൊണ്ട് ആരംഭിക്കുന്നു. വെളിപ്പാടിൽ ‘ഇനി കാലം ഉണ്ടാകുകരയില്ല’ (10:6) എന്നും പറഞ്ഞിരിക്കുന്നു. സൃഷ്ടലോകത്തിന്റെ ഗതി സഷ്ടാവായ ദൈവത്തിന്റെ ഹിതത്തിനും വിധിക്കും അധീനമാണ്.
സകലത്തിന്റെയും സഷ്ടാവ് ദൈവമാണ്. (അ, 1). ആദ്യത്തെ മൂന്നു ദിവസങ്ങളിലെ സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര എന്നിവ ഒരുക്കിയത് ജീവജാലങ്ങളുടെ നിലനില്പിനു വേണ്ടിയാണ്. ആകാശം പക്ഷികൾക്കും സമുദ്രം മത്സ്യങ്ങൾക്കും ഭൂമി മൃഗങ്ങൾക്കും മനുഷ്യനുംവേണ്ടി സൃഷ്ടിക്കപ്പെട്ടു. സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. എന്നാൽ മനുഷ്യൻ അനുസരണക്കേടു കാട്ടി പാപത്തിൽ വീണു. (അ, 2,3). പാപം സാർവ്വത്രികമാണ് പാപത്തിനു ദൈവികമായ ശിക്ഷാവിധി ഉണ്ടെന്ന സത്യമാണു പ്രളയവിവരണം വ്യക്തമാക്കുന്നത്. (അ, 6-9). വീണ്ടും മനുഷ്യന്റെ അനുസരണക്കേട് ബാബേൽ ഗോപുര നിർമ്മാണത്തിലൂടെ പ്രകടമായി. (അ, 11). എന്നിട്ടും ദൈവത്തിന്റെ കൃപയും കരുണയും വെളിപ്പെട്ടു. ദൈവകല്പന ലംഘിച്ച ആദാമിനെയും ഹവ്വയെയും ദൈവം തോട്ടത്തിൽ നിന്നു പുറത്താക്കി; എന്നാൽ അവരെ നശിപ്പിച്ചില്ല. സഹോദരനെ കൊന്ന കയീനെ ദൈവസന്നിധിയിൽ നിന്നു ആട്ടിക്കളഞ്ഞു; എന്നാൽ അവനൊരടയാളം നല്കി. പ്രളയം മനുഷ്യവർഗ്ഗത്തെ മുഴുവൻ ഗ്രസിച്ചു; എങ്കിലും സർവ്വമനുഷ്യരെയും തുടച്ചു മാറ്റിയില്ല. എട്ടുപേരെ ശേഷിപ്പിച്ചു; ഒപ്പം മൃഗങ്ങളിലും പക്ഷികളിലും തിരഞ്ഞെടുക്കപ്പെട്ടവയെയും. ബാബേൽ ഗോപുരം നിർമ്മിച്ച് ഒരിടത്ത് അടിഞ്ഞുകൂടാൻ ശ്രമിച്ച മനുഷ്യരെ ഭൂതലമെങ്ങും ചിതറിച്ചു; എങ്കിലും അവരെ ജീവിക്കാൻ അനുവദിച്ചു.
മനുഷ്യന്റെ സാർവത്രികമായ വഷളത്തത്തോടുള്ള ദൈവത്തിന്റെ പ്രതികരണം പന്ത്രണ്ടാമദ്ധ്യായം മുതൽ വ്യക്തമാകുന്നു. വീണ്ടെടുപ്പു നാടകത്തിന്റെ ഒന്നാമങ്കം അവിടെ ആരംഭിക്കുകയാണ്. മനുഷ്യസാമാന്യത്തിൽ നിന്ന് അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് പ്രത്യേകം നിയമം ചെയ്ത് വാഗ്ദത്തം നല്കി. അതോടുകൂടി അതുവരെ ഒന്നായിരുന്ന മനുഷ്യവർഗ്ഗം രണ്ടായി തിരിഞ്ഞു; ജാതികളും തിരഞ്ഞെടുക്കപ്പെട്ടവരും. ഒരു ജാതിയെ ദൈവം തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു. അവരിൽനിന്ന് കാലസമ്പൂർണ്ണതയിൽ ഒരു രക്ഷകൻ വരുമെന്ന് ഉറപ്പു നല്കി. തിരഞ്ഞെടുക്കപ്പെട്ട ജനം മിസ്രയീമിൽ പോകുന്നതോടുകൂടി ഉല്പത്തി പുസ്തകം അവസാനിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വീണ്ടെടുക്കുന്നതാണു പുറപ്പാടിലെ പ്രമേയം.
പ്രധാന വാക്യങ്ങൾ: 1. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1).
2. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15).
3. “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:3, ഗലാത്യർ 3:8,16).
4. “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.” (ഉല്പത്തി 50:20).
വിഷയവിഭജനം: ഉല്പത്തി പുസ്തകത്തിന്റെ സ്ഥാഭാവികമായ വിഭജനം പത്തു വംശപാരമ്പര്യങ്ങളായാണ്. വംശാവലിക്ക് എബ്രായയിൽ കൊടുത്തിരിക്കുന്ന പ്രയോഗം ‘തോൽദോത്ത്’ ആണ്. ഈ പ്രയോഗം ആദ്യം കാണുന്നതു് ഉല്പത്തി 2:4-ലാണ്.
8. യാക്കോബിന്റെയും യോസേഫിന്റെയും മരണം: 49:29-50:26.
ഉല്പത്തിയിലെ പൂർണ്ണവിഷയം
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി വിവരണം 1:1-31 സൃഷ്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2:1-25 മനുഷ്യന്റെ പാപത്തിലേക്കുള്ള വീഴ്ചയും അനന്തരഫലങ്ങളും 3:1-24 കയീനും ഹാബെലും 4:1-18 കയീന്റെ പിൻതുടര്‍ച്ചക്കാരുടെ സ്വഭാവ വിശേഷങ്ങൾ 4:19-24 ആദാമിന്റെ വംശപാരമ്പര്യം 5:1-32 നോഹയും പെട്ടകവും വലിയ ജലപ്രളയവും 6:1—8:22 നോഹയോടുള്ള ദൈവിക നിയമം 9:1-17 വംശങ്ങളുടെയും ജാതികളുടെയും ആരംഭം 9:18—10:32 ബാബേൽ ഗോപുരം 11:1-9 വംശാവലിയുടെ കൂടുതൽ വിവരങ്ങൾ 11:10-32 അബ്രാം ദൈവവിളി അനുസരിക്കുന്നു 12:1-9 അബ്രാം ഈജിപ്ത്തിൽ 12:10-20 അബ്രാമും ലോത്തും വേര്‍പിരിയുന്നു 13:1-18 അബ്രാം ലോത്തിനെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നു 14:1-17 അബ്രാമും ശാലോം രാജാവായ മൽക്കീസേദെക്കും 14:18-20 അബ്രാമിനോടുള്ള ദൈവിക വാഗ്ദത്തങ്ങൾ 15:1-19 യിശ്മായേലിന്റെ ജനനം 16:1-15 അബ്രാം ബഹുജാതികൾക്ക് പിതാവായ അബ്രാഹാം 17:1-6 പരിച്ഛേദന നിയമം 17:7-14 യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം 17:15-19 സ്വര്‍ഗ്ഗത്തിൽ നിന്നുള്ള മൂന്നു സന്ദര്‍ശകര്‍ അബ്രാഹാമിന്റെ കൂടാര വാതിൽക്കൽ 18:1-15 അബ്രാഹാം സൊദോമിനു വേണ്ടി അപേക്ഷിക്കുന്നു 18:16-33 സൊദോം നഗരത്തിന്റെ നാശം 19:1-29 ലോത്തും അവന്റെ പെൺമക്കളും 19:30-38 അബ്രാഹാമും അബീമേലെക്കും 20:1-18 യിസ്ഹാക്കിന്റെ ജനനം, യിശ്മായേൽ വേർപിരിയുന്നു 21:1-21 യിസ്ഹാക്കിന്റെ കാര്യത്തിൽ ദൈവം അബ്രാഹാമിനെ പരീക്ഷിക്കുന്നു. 22:1-19 സാറായുടെ മരണവും ശവസംസ്ക്കാരവും 23:1-20 യിസ്ഹാക്കിനു വേണ്ടി മണവാട്ടി 24:1-67 അബ്രാഹാമിന്റെ മരണം 25:1-11 യിശ്മായേലിന്റെ പിൻതുടര്‍ച്ചക്കാര്‍ 25:12-18 യാക്കോബിന്റെയും ഏശാവിന്റെയും ജനനം 25:19-26 ഏശാവ് അവന്റെ ജന്മാവകാശം യാക്കോബിനു വില്കുന്നു 25:27-34 യിസ്ഹാക്കും അബീമേലെക്കും 26:1-33 യാക്കോബ് യിസ്ഹാക്കിനെ വഞ്ചിച്ച് ഏശാവിനുള്ള അനുഗ്രഹം തട്ടി എടുക്കുന്നു 27:1-29 ഏശാവിന്റെ നഷ്ടവും യാക്കോബിനോടുള്ള കോപവും 27:30-45 യാക്കോബ് ലാബാന്റെ നാട്ടിലേക്കു ഓടിപ്പോകുന്നു 28:1-22 യാക്കോബിന്റെ സ്വപ്നം, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി, അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരുന്നു 28:10-22 യാക്കോബിന്റെ ഭാര്യമാരും മക്കളും 29:1—30:24 യാക്കോബും ലാബാനും -രണ്ടു ചതിയന്മാര്‍ 30:25-43 യാക്കോബ് ഓടിപ്പോകുന്നു, ലാബാൻ പിന്തുടരുന്നു 31:1-55 ഏശാവിനെ കണ്ടുമുട്ടുവാനുള്ള യാക്കോബിന്റെ തയ്യാറെടുപ്പ് 32:1-21 ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്ലയുദ്ധം 32:22-32 യാക്കോബ് ഏശാവിനെ കണ്ടുമുട്ടുന്നു 33:1-17 യാക്കോബ് ശെഖേമിൽ 34:1-31 യാക്കോബ് ബേഥേലിൽ 35:1-15 റാഹേലിന്റെയും യിസ്ഹാക്കിന്റെയും മരണം 35:16-29 ഏശാവിന്റെ വംശാവലി 36:1-43 യോസേഫിന്റെ സ്വപ്നങ്ങൾ 37:1-11 യോസേഫിന്റെ സഹോദരന്മാര്‍ അവനെ യിശ്മായേല്യര്‍ക്കു വിൽക്കുന്നു 37:12-36 യെഹൂദയും താമാറും 38:1-30 യോസേഫ് ഈജിപ്ത്തിൽ 39:1—50:26 യോസേഫ് പോത്തിഫരിന്റെ ഭവനത്തിൽ 39:1-19 യോസേഫ് തടവറയിൽ, സ്വപ്നങ്ങളുടെ വ്യാഖ്യാനം നല്കുന്നു 39:20—40:23 യോസേഫിനെ ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി നിയമിക്കപ്പെടുന്നു 41:39-57 യോസേഫും അവന്റെ സഹോദരന്മാരും 42:1—44:34 യോസേഫ് അവന്റെ സഹോദരന്മാർക്ക് സ്വയം വെളിപ്പെടുത്തുന്നു 45:1-15 യോസേഫിന്റെ സഹോദരന്മാര്‍ അവരുടെ പിതാവായ 45:16—46:34 യാക്കോബിനെ ഈജിപ്തിൽ കൊണ്ടുവരുന്നു45:16—46:34 യാക്കോബ് ഫറവോനെ കാണുന്നു 47:1-12 യോസേഫ് ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി പ്രവര്‍ത്തിക്കുന്നു 47:13-31 യാക്കോബ് യോസേഫിന്റെ മക്കളെ അനുഗ്രഹിക്കുന്നു 48:1-22 യാക്കോബ് തന്റെ സ്വന്തമക്കളെ അനുഗ്രഹിക്കുന്നു 49:1-28 യാക്കോബിന്റെ മരണം 49:29-33 യോസേഫിന്റെ ഈജിപ്ത്തിലെ ശേഷിച്ചനാളുകൾ 50:1-26
മനുഷ്യജീവിതത്തിലെ മർമ്മപ്രധാനമായ മൂന്നു ചോദ്യങ്ങൾക്ക് ഉല്പത്തി പുസ്തകം ഉത്തരം പറയുന്നു:
1. ഞാൻ എവിടെനിന്നു വന്നു? ഉത്തരം: ദൈവമെന്നെ സൃഷ്ടിച്ചു, 1:26.
2. ഞാൻ ഭൂമിയിൽ ആയിരിക്കുന്നത് എന്തിന്? ഉത്തരം: ദൈവവുമായി കൂട്ടായ്മ ആചരിക്കുവാൻ, 15:6.
3. ഞാൻ എവിടേക്ക് പോകുന്നു? ഉത്തരം: എനിക്കൊരു ശാശ്വത സങ്കേതമുണ്ട്. 25:8.
ചരിത യാഥാർത്ഥ്യം: ഉല്പത്തി പുസ്തകത്തിലെ ചരിത്ര വസ്തുതകൾക്കു വസ്തുനിഷ്ഠമായ തെളിവുകൾ കണ്ടെത്തുക ദുഷ്ക്കരമാണ്. താരതമ്യ പഠനത്തിനു സഹായകമായ ബാഹ്യരേഖകൾ ഇല്ലെന്നുതന്നെ പറയാം. വിശ്വാസത്തെ സ്പർശിക്കുന്ന ഈ ഭാഗങ്ങൾ ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് അതീതമാണ്. ബൈബിളിലെ സൃഷ്ടിവിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താലാണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം എബായ ലേഖനകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. “ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.” (എബ്രാ, 11:3).
മനുഷ്യന്റെ ഉത്ഭവത്തെ സംബന്ധിച്ചും മേല്പറഞ്ഞതു സത്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബൈബിൾ ദൃഢമായി പ്രസ്താവിക്കുന്നു. പരിണാമ സിദ്ധാന്തം മുതലായ യുക്തിചിന്തകളെയെല്ലാം ബൈബിൾ അപ്പാടെ നിഷേധിക്കുന്നു. മനുഷ്യന്റെ ഉത്ഭവം എപ്പോഴായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ഏതു ദ്രവ്യങ്ങൾ കൊണ്ടായിരുന്നുവെന്നോ തെളിയിക്കുന്നതിന് നരവംശ ശാസ്ത്രത്തിനോ പുരാവസ്തു ശാസ്ത്രത്തിനോ കഴിയുന്നില്ല. മനുഷ്യന്റെ സൃഷ്ടി ബി.സി. 10000-7000-നും ഇടയ്ക്കു സംഭവിച്ചിരിക്കാമെന്നാണു പല പണ്ഡിതന്മാരും കരുതുന്നത്. ഉല്പത്തി 5,11 എന്നീ അദ്ധ്യായങ്ങളിലെ വംശാവലികളിൽ നിന്ന് മനുഷ്യന്റെ ഉത്ഭകാലം കണക്കാകുക പ്രയാസമാണ്. ബൈബിളിലെ വംശാവലിയിലുള്ള ആളുകളുടെ പ്രായം ക്രിസ്തു മുതൽ പുറകോട്ട് കണക്കുകൂട്ടി, ആദാമിനെ ദൈവം സൃഷ്ടിച്ചത് ബി.സി. 4004-ൽ ആയിരുന്നു എന്ന് ബിഷപ്പ് ജെയിംസ് അഷർ (James Ussher, 1581-1656) കണക്കാക്കിയിട്ടുണ്ട്. അതും വിശ്വാസയോഗ്യമല്ല. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ, മനുഷ്യൻ്റെ സൃഷ്ടി എങ്ങനെ കണക്കാക്കും എന്നത് ഒരു പ്രശ്നമാണ്? നിഷ്പാപയുഗം പന്ത്രണ്ട് മണിക്കൂറാണെന്ന തല്മൂദിൻ്റെ കണ്ടെത്തലും ചോദ്യം ചെയ്യാതെ തള്ളിക്കളയാവുന്നതാണ്; ബൈബിൾ അതിനെ അംഗീകരിക്കുന്നില്ല. സൃഷ്ടിപ്പിൻ്റെ കാലം കണ്ടെത്തുക ഏന്നത് മനുഷ്യരാൽ അസാദ്ധ്യമാണ്. ബൈബിൾ ‘ആദിയിൽ’ എന്ന് പറഞ്ഞിരിക്കുന്നതിനെ അങ്ങനെ തന്നെ മനസ്സിലാക്കുന്നതാണ് ഉചിതം. ഇനി കണ്ടെത്താൻ കഴിയുന്നത് ആദാമിൻ്റെ വീഴ്ചയുടെ കാലമാണ്. അത് ബൈബിളിൽ തന്നെ തെളിവുള്ള കൃത്യമായൊരു കണക്കുണ്ട്. എന്നാൽ അവിടെയും ഒരു പ്രശ്നമുള്ളത്. എബ്രായ ബൈബിളിലും, സെപ്റ്റ്വജിൻ്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ത കണക്കുകളാണ്. ആദാം പാപത്തിൽ വീണത്; എബ്രായ ബൈബിൾ പ്രകാരം 4275-ലും, സെപ്റ്റ്വജിൻ്റു പ്രകാരം 5706-ലും, ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം 4776-ലുമാണ്. ഇതിൽ, യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചതും, പുതിയനിയമത്തിൽ ഉദ്ധരണികൾ ചേർത്തിട്ടുളതും ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നായതുകൊണ്ടും, മറ്റു പലകാരണങ്ങൾ കൊണ്ടും സെപ്റ്റ്വജിൻ്റിൻ്റെ കണക്കാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആദാമിനെ ദൈവം ഏദെനിൽനിന്ന് പുറത്താക്കുനത് ബി.സി. 5706-ലാണെന്ന് മനസ്സിലാക്കാം. (കൂടുതൽ അറിയാൻ ലേഖകൻ്റെ ‘ബൈബിൾ കാലഗണനം’ കാണുക).
ദൈവശാസ്ത്രം: ദൈവത്തിന്റെ വെളിപ്പാട് ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ആദ്യമായി വെളിപ്പെടുത്തിയ ദൈവികനാമമാണ്. ‘ഏൽ.’ സംയുക്തനാമങ്ങളായി ഏൽ ഉല്പത്തിയിൽ പലേടത്തും കാണപ്പെടുന്നു: ഏൽ-എലിയോൻ = അത്യന്നതദൈവം: (14:18-24), ഏൽ-ഒലാം = നിത്യനായ ദൈവം: (21:33). ഏൽ-റോയ് = കാണുന്ന ദൈവം: (16:13). ഏൽ-ഷദ്ദായി = സർവ്വശക്തനായ ദൈവം: (17:1; 35:11; 43:14; 48:3; 49:25), ഏൽ-ബേഥേൽ = ബേഥേലിലെ ദൈവം: (31:13). മനുഷ്യന്റെ ഓരോ ആവശ്യവുമായി ബന്ധപ്പെട്ടാണ് ദൈവം സ്വയം വെളിപ്പെടുത്തിട്ടുള്ളത്. അബ്രാഹാമിന് സന്തതിയെ വാഗ്ദാനം ചെയ്യുമ്പോഴാണ് ദൈവം സർവ്വശക്തൻ (ഏൽഷദ്ദായി) എന്നു വെളിപ്പെടുത്തിയത്. (17:1). പുതിയനിയമത്തിലും ദൈവം സർവ്വശക്തനാണെന്ന പ്രഥമ പ്രസ്താവന സന്തതികളോടുള്ള ബന്ധത്തിലാണ് കാണുന്നത് (2കൊരി, 6:16,17). മനുഷ്യൻ മനുഷ്യനായി തീരുന്നതും സ്വതന്തനായി പ്രവർത്തിക്കുന്നതും പൂർത്തീകരണമടയുന്നതും ദൈവവുമായുള്ള ബന്ധത്തിൽ മാത്രമാണ്. ഒരു സവിശേഷമായ പങ്കാളിത്തം ദൈവവും മനുഷ്യനും തമ്മിലുണ്ട്. ചരിത്രത്തെ മുഴുവൻ ഉൾക്കൊള്ളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉടമ്പടികൾ ദൈവം മനുഷ്യനോട് ആളത്തപരമായ ബന്ധത്തിൽ ചെയ്തതായി കാണാം. ആദാമിനോടു ചെയ്ത സൃഷ്ടി സംബന്ധമായ നിയമം, നോഹയോടു ചെയ്ത മാനുഷിക ഭരണസംബന്ധമായ നിയമം, അബ്രാഹാമിനോടു ചെയ്ത വാഗ്ദത്ത നിയമം തുടങ്ങിയവ ഉല്പത്തിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാപം ന്യായവിധി, വീണ്ടെടുപ്പ് ഈ വിഷയങ്ങൾ പ്രളയവൃത്താന്തത്തിൽ സ്പഷ്ടമായി കാണാം. മശീഹയെക്കുറിച്ചുള്ള വാഗ്ദത്തം ആദാമിനു നല്കി. വാഗ്ദത്ത സന്തതിയായി ‘മശീഹയെ’ അബ്രാഹാമിനു യഹോവ വെളിപ്പെടുത്തിക്കൊടുത്തു.