All posts by roy7

നാവ്

നാവ് (tongue)

‘ലാഷോൻ’ എന്ന എബ്രായപദം പഴയനിയമത്തിൽ 115 തവണ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 10:5-ലാണ്. ഭാഷ, ഭാഷണം, ഭാഷണേന്ദ്രിയം എന്നീ മൂന്നർത്ഥങ്ങൾ എബ്രായ പദത്തിനുണ്ട്. ‘ഗ്ലോസ്സ’ എന്ന ഗ്രീക്കു പദത്തിനും ‘tongue’ എന്ന ഇംഗ്ലീഷ് പദത്തിനും ഭാഷ, ഭാഷണേന്ദ്രിയം എന്നീ അർത്ഥങ്ങൾ ഉണ്ട്. മലയാളത്തിലാകട്ടെ, നാവിന് ഭാഷണേന്ദ്രിയം എന്ന അർത്ഥം മാത്രമേയുള്ളു. മനുഷ്യന്റെയും (വിലാ, 4:4), മൃഗങ്ങളുടെയും (പുറ, 11:7; ഇയ്യോ, 41:1) നാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്. നാവിന്റെ ആകൃതിയിലുള്ള വസ്തുക്കൾക്കും ലാഷോൻ എന്ന പദം പ്രയോഗിക്കും. തീനാവു ഉദാഹരണം. ‘തീനാവു താളടിയെ തിന്നുകളയുന്നു’ എന്ന പ്രയോഗം ശ്രദ്ധാർഹമാണ്. (യെശ, 5:24). ഭക്ഷിക്കുന്നതിനു നാക്ക് സഹായിക്കുന്നതിന്റെ ധ്വനി ഈ പ്രയോഗത്തിലുണ്ട്. യഹോവയുടെ നാവ് ദഹിപ്പിക്കുന്ന തീ പോലെയാണ്. (യെശ, 30:27). നാക്കിന്റെ രൂപത്തിലുള്ള സ്വർണ്ണക്കട്ടിക്കും (യോശു, 7:21), ഉൾക്കടലിനും (യെശ, 11:15) നാവ് എന്നു പറഞ്ഞിട്ടുണ്ട്.

ഭക്ഷിക്കാനും പാനം ചെയ്യുവാനും നാവു സഹായിക്കുന്നു. (ന്യായാ, 7:5; യെശ, 41:17). നാവിന്റെ പ്രഥമ കർമ്മം സംസാരിക്കുകയാണ്. മനുഷ്യന്റെ സ്വത്വം വെളിപ്പെടുന്നതു ഭാഷണത്തിലൂടെയാണ്. “ഞാൻ നാവെടുത്തു സംസാരിച്ചു.” (സങ്കീ, 39:3). നാവും കൈപ്പുള്ള വാക്കും ദുഷ്ക്കർമ്മികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീ, 64:2-3). നാവിനു ഹൃദയത്തോടടുപ്പമുണ്ട്. “നീതിമാന്റെ നാവു മേത്തരമായ വെള്ളി, ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.” (സദൃ, 10:20). “വക്രഹൃദയമുള്ളവൻ നന്മകാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.” (സദൃ, 17:20). മനുഷ്യന്റെ സംസാരം നന്മയ്ക്കോ തിന്മയ്ക്കോ കാണ മാകാം. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃ, 18:21). “വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്നു സൂക്ഷിക്കുന്നു.” (സദൃ, 21:23). കുതിരയുടെ കടിഞ്ഞാൺ എന്നപോലെയും കപ്പലിന്റെ ചുക്കാൻ എന്നപോലെയും ഒരാളിന്റെ ജീവിതഗതിയെ മുഴുവൻ നാവു നിയന്ത്രിക്കുന്നു. (യാക്കോ, 3:3-8). നാവു ദോഷം ചെയ്യും (സങ്കീ,’34:13), ന്യായം സംസാരിക്കും (സങ്കീ, 37:30), വമ്പു പറയും (സങ്കീ, 12:4), ഭോഷ്ക്കു സംസാരിക്കും (സങ്കീ, 109:2; 120:2).

ഭക്തിപ്രധാനമായ ജീവിതത്തിൽ നാവിന് പ്രധാന സ്ഥാനമുണ്ട്. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. (സദൃ, 17:5). ദൈവത്തെ സ്തുതിക്കയും അവന്റെ നീതിയെ വർണ്ണിക്കുകയും ചെയ്യുകയാണ് നാവിന്റെ കർത്തവ്യം. (സങ്കീ, 35:28; 51:14; 71:24; റോമ, 14:11; ഫിലി, 2:11). നാവു മനുഷ്യനെ ദൈവത്തിൽ നിന്നകറ്റിക്കളയും. (ഇയ്യോ, 15:4-5; സങ്കീ, 39:1; 78:35-37). നല്ലതും തീയതും ചെയ്യാനുള്ള എല്ലാ കഴിവുകളും നാവിനുണ്ട്. “അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽ നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.” (യാക്കോ, 3:9-10). ദൈവഹിതം നിവർത്തിക്കുന്നതിനാണ് നാവു നല്കപ്പെട്ടിട്ടുള്ളത്. “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.” (യെശ, 50:4).

നാബോത്ത്

നാബോത്ത് (Naboth)

പേരിനർത്ഥം – ഫലങ്ങൾ

യിസ്രായേൽ രാജാവായ ആഹാബിന്റെ കൊട്ടാരത്തിനടുത്തുള്ള മുന്തിരിത്തോട്ടത്തിന്റെ അവകാശിയായ ഒരു യിസ്രയേല്യൻ. യിസ്രെയേൽ മലയുടെ കിഴക്കെച്ചരുവിലായിരുന്നു ഈ മുന്തിരിത്തോട്ടം. (2രാജാ, 9:25,26). ആ സ്ഥലം ചീരത്തോട്ടമായി മാറ്റുവാൻ രാജാവ് നാബോത്തിനോടു ചോദിച്ചു. അതിനു വിലയോ പകരം മറ്റൊരു മുന്തിരിത്തോട്ടമോ കൊടുക്കാമെന്നു രാജാവു പറഞ്ഞു. “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്നു നാബോത്ത് മറുപടി പറഞ്ഞു. (1രാജാ, 21:1-3). ആഹാബിനു വ്യസനവും നീരസവും ഉണ്ടായി. സംഭവം അറിഞ്ഞ ഈസേബെൽ രാജ്ഞി നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരുമെന്നു രാജാവിന് ഉറപ്പു നല്കി. അവൾ രാജാവിന്റെ പേരിൽ എഴുത്ത് എഴുതി മുദ്രയിട്ട് നാബോത്തിന്റെ പട്ടണത്തിലെ മൂപ്പന്മാർക്കും പ്രധാനികൾക്കും എത്തിച്ചു. പട്ടണത്തിലെ മൂപ്പന്മാരും പ്രധാനികളും എഴുത്തിൽ എഴുതിയിരുന്നതുപോലെ ഉപവാസം പ്രസിദ്ധപ്പെടുത്തി. ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് നാബോത്തിനെതിരെ രണ്ടു നീചന്മാരെ ക്കൊണ്ടു സാക്ഷ്യം പറയിച്ച. ഉടൻതന്നെ നാബോത്തിനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. രാജാവ് ഉടൻ ചെന്ന് മുന്തിരിത്തോട്ടം കൈവശമാക്കി. ഈ ദുഷ്ടതയുടെ ഫലം ആഹാബും ഈസേബെലും അനുഭവിച്ചു. (1രാജാ, 22:1-20).

നാബാൽ

നാബാൽ (Nabal)

പേരിനർത്ഥം – ഭോഷൻ

മാവോനിൽ പാർത്തിരുന്ന ഒരു ധനികൻ. അയാൾക്കു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു. ഭാര്യയായ അബീഗയിൽ സുന്ദരിയും വിവേകവതിയും ആയിരുന്നു. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നറിഞ്ഞ് ദാവീദ് പത്തു ബാല്യക്കാരെ കർമ്മേലിൽ നാബാലിന്റെ അടുക്കലേക്കു അയച്ചു. അവർ ചെന്നു സമാധാനം അറിയിക്കുകയും നാബാലിനോടു സഹായം അപേക്ഷിക്കുകയും ചെയ്തു. നാബാലിന്റെ ഇടയന്മാർക്കും ആടുകൾക്കും ദാവീദും കൂട്ടരും നല്കിയ സംരക്ഷണത്തെ ഓർപ്പിച്ചു. “നാബാൽ ദാവീദിന്റെ കൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു” എന്നു പറഞ്ഞു ദാവീദിനെ നിന്ദിച്ചു, ഒന്നും കൊടുക്കാതെ ബാല്യക്കാരെ തിരിച്ചയച്ചു. ഭൃത്യന്മാരിൽ ഒരുവൻ ഇക്കാര്യം അബീഗയിലിനെ അറിയിച്ചു. ഉടൻതന്നെ അബീഗയിൽ വേണ്ടത്ര ഭക്ഷണപദാർത്ഥങ്ങളുമായി ഭൃത്യന്മാരെ അയച്ചു. ദാവീദിന്റെ കോപം ശമിപ്പിക്കുന്നതിനു അബീഗയിലും പിന്നാലെ ബദ്ധപ്പെട്ടു ചെന്നു. ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു അവൾ ക്ഷമയാചിച്ചു. കോപം ശമിച്ച ദാവീദ് തന്നെ കാണുന്നതിന് അബീഗയിലിനെ അയച്ച യഹോവയ്ക്ക് സ്തോത്രം ചെയ്തു. ഇങ്ങനെ വലിയ രക്തച്ചൊരിച്ചിൽ ഒഴിവായി. സംഭവിച്ചതൊന്നും നാബാൽ അറിഞ്ഞില്ല. വീഞ്ഞിന്റെ ലഹരിയിൽ കിടന്ന നാബാലിനോട് പിറ്റേദിവസം പ്രഭാതംവരെ അവൾ ഒന്നും പറഞ്ഞില്ല. വീഞ്ഞിന്റെ ലഹരി തീർന്നശേഷം അബീഗയിൽ നാബാലിനെ വിവരം അറിയിച്ചു. ഇതു കേട്ടപ്പോൾ നാബാലിന്റെ ഹൃദയം ഉള്ളിൽ നിർജ്ജീവമായിപ്പോയി. പത്തുദിവസം കഴിഞ്ഞ് നാബാൽ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ ഭാര്യയായി സ്വീകരിച്ചു. (1ശമൂ, 25:1-42).

നാദാബ്

നാദാബ് (Nadab)

പേരിനർത്ഥം – ഉദാരൻ

അഹരോന്റെയും എലീശേബയുടെയും മൂത്തമകൻ. (പുറ, 6:23; സംഖ്യാ, 3:2). പിതാവിനോടൊപ്പം പൗരോഹിത്യ ശുശ്രൂഷയിൽ പങ്കെടുത്തു. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിലേക്കു മോശെയോടൊപ്പം കയറിച്ചെന്നു. (പുറ, 24:1). നാദാബ് സഹോദരന്മാരായ അബീഹൂ, എലെയാസർ, ഈഥാമാർ എന്നിവർ പിതാവായ അഹരോനോടൊപ്പം പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. (പുറ, 28:1). സ്വന്തം സഹോദരനായ അബീഹുവിനോടൊപ്പം യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുചെന്നതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു. (ലേവ്യ, 10:1,2; സംഖ്യാ, 3:4; 26:61). അവരുടെ മരണത്തിങ്കൽ വിലപിക്കരുതെന്നു അഹരോനോടും മറ്റു പുത്രന്മാരോടും യഹോവ കല്പിച്ചു. (ലേവ്യ, 10:6). സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വീഞ്ഞും മദ്യവും കുടിക്കരുതെന്ന കല്പന യഹോവ അവർക്കു നല്കിയിരുന്നു. (ലേവ്യ,10:9). ഇതിൽനിന്നും അന്യാഗ്നി കത്തിക്കുന്ന സമയത്ത് അവർക്കു ലഹരിപിടിച്ചിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. (ലേവ്യ, 10:9).

ഹെബ്രോൻ

ഹെബ്രോൻ (Hebron)

പേരിനർത്ഥം — സഖ്യം

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് ഹെബ്രോൻ. യെരൂശലേമിനു 31 കി.മീറ്റർ തെക്കു പടിഞ്ഞാറാണ് സ്ഥാനം. സമുദ്രനിരപ്പിൽ നിന്നു 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യെഹൂദാ മലനാട്ടിലെ ഈ പട്ടണം ഈജിപ്തിലെ സോവനു 7 വർഷം മുമ്പ് പണിതതാണ്. (സംഖ്യാ, 13:22). ഹെബ്രോന്റെ പുരാതനനാമം കിര്യത്ത്-അർബ (അർബയുടെ നഗരം) എന്നത്രേ. അർബ എന്ന അനാക്യമല്ലനാണീ പട്ടണം പണിതത്. (ഉല്പ, 23:2; യോശു, 14:15). പട്ടണവും ചുറ്റുമുള്ള കുന്നുകളും മുന്തിരിത്തോട്ടങ്ങൾക്കും, മാതളനാരകം, അത്തി, ഒലിവ്, ആപ്പിൾ മുതലായവയ്ക്കും പ്രസിദ്ധിയാർജ്ജിച്ചവയാണ്. അനേകം അരുവികളും കിണറുകളും ഹെബ്രോനെ സസ്യശ്യാമളമാക്കുന്നു.

അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ ഗോത്രപിതാക്കന്മാർ തങ്ങളുടെ പരദേശവാസത്തിൽ ഒരു ഭാഗം ഇവിടെയാണ് ചെലവഴിച്ചത്. (ഉല്പ, 13:18; 25:27; 37:13,14). സാറാ ഇവിടെ വച്ചു മരിക്കുകയും അടുത്തുള്ള മക്പേല ഗുഹയിൽ അടക്കപ്പെടുകയും ചെയ്തു. അബ്രാഹാം, യിസ്ഹാക്ക്, റിബെക്കാ, ലേയാ, യാക്കോബ് എന്നിവരെയും ഈ ഗുഹയിൽ തന്നെയാണ് അടക്കിയത്. (ഉല്പ, 23:20; 49:29-33; 50:13). മോശയുടെ കാലത്തു അനാക്യമല്ലന്മാരാണ് ഹെബ്രോനിൽ പാർത്തിരുന്നത്. (സംഖ്യാ, 13:22, 28, 33). യോശുവയുമായി സഖ്യത്തിലായിരുന്ന ഗിബെയോനെ ആക്രമിക്കുവാൻ നാലു രാജാക്കന്മാരോടൊപ്പം ഹെബ്രോനിലെ രാജാവായ ഹോഹം ഒരുങ്ങി. ഗിബെയോന്റെ അപേക്ഷപ്രകാരം യിസ്രായേൽ അഞ്ചു രാജാക്കന്മാരെയും തോല്പിച്ചു അവരെ വധിച്ചു. (യോശു, 10:1-27). 

കനാൻദേശം വിഭജിച്ചപ്പോൾ ഹെബ്രോനും ചുറ്റുമുള്ള പ്രദേശങ്ങളും കാലേബിനു നല്കി. (യോശു, 14:6-15). പിന്നീടു ഈ പട്ടണം കെഹാത്യലേവ്യർക്കു കൊടുത്തു. (1ദിന, 6:55,56). ദാവീദ് യഹൂദയുടെ രാജാവായിരുന്നപ്പോൾ ഏഴരവർഷം ഹെബ്രോൻ തലസ്ഥാനമായിരുന്നു. അവിടെ വച്ചു ദാവീദിനെ എല്ലാ യിസായേലിനും രാജാവായി അഭിഷേകം ചെയ്തു. തുടർന്നു ദാവീദ് തലസ്ഥാനം യെരൂശലേമിലേക്കു മാറ്റി. അബ്ശാലോം മത്സരിച്ചപ്പോൾ ദാവീദ് ഹെബ്രോനെ തന്റെ ആസ്ഥാനമാക്കി. (2ശമൂ, 15:7-12). പില്ക്കാലത്തു രെഹബെയാം ഹെബ്രോനെ പണിതുറപ്പിച്ചു. (2ദിന, 11:5-10). ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാരിൽ ഒരു വിഭാഗം ഹെബ്രാനിൽ പാർപ്പുറപ്പിച്ചു. (നെഹെ, 11:25). ആധുനിക നാമം എൽ-ഖുലിൽ (el-khulil) ആണ്.

ഹിയരപ്പൊലി

ഹിയരപ്പൊലി (Hierapolis)

പേരിനർത്ഥം — വിശുദ്ധനഗരം

പൗരാണിക ഫ്രുഗ്യയിലെ ഒരു പട്ടണം. പുതിയ നിയമകാലത്തു റോമൻപ്രവിശ്യയായ ആസ്യയുടെ ഭാഗമായിരുന്നു. ലൈകസ് നദിയുടെ താഴ്വരയിൽ കൊലൊസ്സ്യയ്ക്കും ലവോദിക്യയ്ക്കും അടുത്തായി സ്ഥിതിചെയ്യുന്നു. കൊലൊസ്സ്യർക്കും ലവുദിക്യർക്കും ഹിയരപ്പൊലിക്കാർക്കും വേണ്ടി എപ്പഫ്രാസ് വളരെ പ്രയാസപ്പെടുന്നതിനെ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (കൊലൊ, 4:13).

ഹിന്നോം താഴ്വര

ഹിന്നോം താഴ്വര (Valley of Hinnom)

ബെൻ-ഹിന്നോം താഴ്വര എന്നും ഇതിനു പേരുണ്ട്. ഹിന്നോമിന്റെ മകന്റെ താഴ്വര എന്നർത്ഥം. (യോശു, 15:8). ഹിന്നോമിന്റെ പുത്രനെക്കുറിച്ചു യാതൊരറിവുമില്ല. യോശുവയുടെ കാലത്തിനു മുമ്പു ജീവിച്ചിരുന്ന അയാളുടെ വകയായിരുന്നിരിക്കണം ഈ താഴ്വര. അത് ബെന്യാമീൻ യെഹൂദാഗോത്രങ്ങളെ വേർതിരിക്കുന്നു. (യോശു, 15:8; 18:16). യിരെമ്യാ പ്രവാചകന്റെ കാലത്ത് ഇവിടെ മോലേക്ക് ദേവന് ശിശുക്കളെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചിരുന്നു. (2രാജാ, 23:10). ഇതിനെ കൊലത്താഴ്വര (Valley of slaughter) എന്നും വിളിച്ചു. (യിരെ, 19:6) ശലോമോൻ മോലേക്കു ദേവനു ഇവിടെ പൂജാഗിരി പണിതു. (1രാജാ, 11:7). ആഹാസും മനശ്ശെയും പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3; 2ദിന, 28:3; 33:6). ഈ മ്ലേച്ഛതകൾക്കു അറുതി വരുത്താൻ യോശീയാ രാജാവ് താഴ്വരയെ അശുദ്ധമാക്കി, മനുഷ്യാസ്ഥികൾ കൊണ്ടു അവിടം നിറച്ചു. (2രാജാ, 23:10, 13,14; 2ദിന, 34:4,5). ഇങ്ങനെ ഈ താഴ്വര നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിട്ടു ദഹിപ്പിക്കുന്ന സ്ഥലമായി. അവിടെ തീ നിരന്തരം കത്തിയെരിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അതു ദുഷ്ടന്മാർക്കു നരകത്തിൽ ലഭിക്കുന്ന നിത്യദണ്ഡനത്തിനു പ്രതീകമായി തീർന്നു. ഹിന്നോം താഴ്വര എന്നർത്ഥമുള്ള ഗേഹിന്നോം എന്ന എബ്രായപദത്തെ വിവർത്തനം ചെയ്തു നരകത്തിന്റെ പേരായി ഗ്രീക്കിലുപയോഗിച്ചു. ക്രിസ്തു പതിനൊന്നു പ്രാവശ്യവും (മത്താ, 5:22, 29,30; 10:28; 18:9; 23:5, 33; മർക്കൊ, 9:43, 35, 47; ലൂക്കൊ, 12:5), യാക്കോബ് ഒരു പ്രാവശ്യവും (3:6) ഈ വാക്കുപയോഗിച്ചിട്ടുണ്ട്.

ഹിന്ദുദേശം

ഹിന്ദുദേശം (India)

സിന്ധു ആണ് ഹിന്ദു ആയി മാറിയത്. സംസ്കൃതത്തിലെ സിന്ധു (നദി) പൗരാണിക പേർഷ്യനിൽ ഹിദുഷ് എന്നും എബ്രായയിൽ ഹൊദിഷ് എന്നും മാറി. പാർസി രാജാവായ അഹശ്വേരോശിന്റെ സാമ്രാജ്യത്തിന്റെ പൂർവ്വസീമയെ കുറിക്കുവാൻ എസ്ഥേറിൽ രണ്ടുപ്രാവശ്യം ഭാരതത്തെ പരാമർശിച്ചിട്ടുണ്ട്. (എസ്ഥേ, 1:1; 8:9). ഇൻഡ്യയെക്കുറിച്ചുള്ള പ്രാചീനതമമായ പരാമർശം ബൈബിളിലേതാണ്. യെശയ്യാവ് 3:22-ലെ ക്ഷോമപടം എബ്രായയിൽ സെദിനീം ആണ്. സെദിനീം സിന്ധു അഥവാ ഹിന്ദുവസ്ത്രം അത്രേ. മയിലിനെ കുറിക്കുന്ന തുകി എന്ന എബ്രായപദത്തിന്റെ നിഷ്പത്തി തോകൈ എന്ന തമിഴ് പദത്തിൽ നിന്നാണ്.

ഹാരാൻ

ഹാരാൻ (Haran)

ഉത്തര മെസൊപ്പൊട്ടേമിയയിൽ യൂഫ്രട്ടീസ് നദിയുടെ ശാഖയായ ബാലിക്ക് നദീതീരത്താണ് ഹാരാൻ. അബ്രാഹാമിന്റെ പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഇവിടെ കുടിയേറിപാർത്തു. പിതാവിന്റെ മരണശേഷം അബ്രാഹാം ഹാരാൻ വിട്ടു കനാൻ നാട്ടിലേക്കു പോയി. (ഉല്പ, 11:31,32; 12:4,5; പ്രവൃ, 7:2-4. പിന്നീടു ചാർച്ചക്കാരിൽ നിന്നും യിസ്ഹാക്കിനു ഭാര്യയെ കണ്ടെത്താൻ വേണ്ടി അബ്രാഹാം തന്റെ ദാസനെ ഹാരാനിലേക്കയച്ചു. (ഉല്പ, 24:4; യാക്കോബ് സഹോദരനായ ഏശാവിന്റെ കോപത്തിൽ നിന്നു രക്ഷപ്പെടുന്നതിനും ഭാര്യയെ കണ്ടെത്തുന്നതിനുമായി ഹാരാനിലേക്കു വന്നു. (ഉല്പ, 27:42-46; 28:1,2, 10). അശ്ശൂർ രാജാവായ സൻഹേരീബ് ഹിസ്കീയാ രാജാവിനെ ഭയപ്പെടുത്തുവാനായി നൽകിയ സന്ദേശത്തിൽ പൂർവ്വപിതാക്കന്മാർ കീഴടക്കിയ പട്ടണങ്ങളുടെ പട്ടികയിൽ ഹാരാനും പറഞ്ഞിട്ടുണ്ട്. (2രാജാ, 19:8-13; യെശ, 37:8-13). ചന്ദ്രദേവനായ സീനിന്റെ ക്ഷേത്രം ഇവിടെ ഉണ്ട്. അശ്ശൂർ രാജാക്കന്മാരുടെ യുദ്ധങ്ങളിൽ പട്ടണവും ക്ഷേത്രവും നശിച്ചു. ബി.സി. 612-ൽ നീനെവേയുടെ പതനശേഷം അശ്ശൂരിലെ ചില അഭയാർത്ഥികൾ ഹാരാനിലെത്തി. ബാബേൽ രാജാവായ നബോണിദസ് പട്ടണവും ക്ഷേത്രവും പുതുക്കിപ്പണിതു. പട്ടണം ഇന്നും പഴയപേരിൽ തന്നേ അറിയപ്പെടുന്നു ഇതു ദക്ഷിണ തുർക്കിയിലാണ്. ഈ പ്രദേശത്തു വസിക്കുന്ന മുസ്ലീങ്ങൾ അബ്രാഹാമിനെക്കുറിച്ചുള്ള പല പാരമ്പര്യങ്ങളും അയവിറക്കുന്നുണ്ട്.

ഹായി

ഹായി (Hai)

പേരിനർത്ഥം — നാശകൂമ്പാരം

ആയി എന്നായിരിക്കണം സ്ഥലനാമം. എബ്രായയിൽ നിശ്ചയോപപദത്തോടു ചേർത്താണ് പ്രയോഗിച്ചു കാണുന്നത്. ഈ പേരിന്റെ സ്ത്രീലിംഗരൂപങ്ങളായ അയ്യാത്ത് (യെശ, 10:28), അയ്യ (നെഹെ, 11:31) എന്നിവയും കാണപ്പെടുന്നു. ഹായി ബേഥേലിനു കിഴക്കും ബേഥാവെന്റെ സമീപത്തുമാണ്. (യോശു, 7:2). അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു. (ഉല്പ, 12:8). മിസ്രയീമിൽ ചുറ്റിത്തിരിഞ്ഞശേഷം അബ്രാഹാം വീണ്ടും ഹായി സന്ദർശിച്ചു. (ഉല്പ, 13:3). യിസ്രായേല്യർ കനാനിൽ പിടിച്ചടക്കിയ രണ്ടാമത്തെ പട്ടണമാണിത്. യെരീഹോ കീഴടക്കിയശേഷം 3000 പേരുള്ള സൈന്യത്തെ അയച്ചു. അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ തോറ്റോടി. യിസ്രായേലിന്റെ പരാജയകാരണം ആഖാന്റെ പാപമായിരുന്നു. (യോശു, 7:4-15). ആഖാനെയും കുടുംബത്തെയും നശിപ്പിച്ചശേഷം യോശുവ വീണ്ടും ഹായിയിലേക്കു സൈന്യത്തെ അയച്ചു. ഒരു പ്രത്യേക തന്ത്രത്തിലൂടെയാണ് യോശുവ ഹായി പിടിച്ചടക്കിയത്. പട്ടണത്തിന്റെ പിൻഭാഗത്തു 30000 പേരെ രാത്രിയിൽ പതിയിരിപ്പിനയച്ചു. വടക്കുഭാഗത്തുകൂടെ സൈന്യം പട്ടണത്തിൽ പ്രവേശിച്ചു. രാജാവും സൈന്യവും യിസ്രായേലിന്റെ നേരെ യുദ്ധത്തിനു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് പതിയിരുപ്പുകാർ ഉണ്ടായിരുന്ന വിവരം അവർ അറിഞ്ഞില്ല. യോശുവയും സൈന്യവും പരാജയഭാവത്തിൽ മരുഭൂമി വഴിയായി ഓടി. പട്ടണത്തിലെ ജനം ഒക്കെയും യോശുവയെ പിൻതുടർന്നു പട്ടണം വിട്ടു പുറത്തായി. യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടിയപ്പോൾ പതിയിരുപ്പുകാർ പട്ടണത്തിൽ പ്രവേശിച്ചു. ആരും ശേഷിക്കാതവണ്ണം ഹായി നിവാസികളെ അവർ നശിപ്പിച്ചു. ഹായി രാജാവിനെ ജീവനോടെ പിടിച്ചു വധിച്ചു. യോശുവ ഹായി പട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കി തീർത്തു. (യോശു, 8:28,29). യെരൂശലേമിലേക്കുള്ള പടപ്പുറപ്പാടിൽ അശ്ശൂർരാജാവ് ആദ്യം പിടിക്കുന്നതു ഹായി (അയ്യാത്ത്) ആയിരിക്കുമെന്നു യെശയ്യാവ് (10:28) പ്രവചിച്ചു. ബാബിലോന്യ പ്രവാസത്തിനുശേഷം ഹായിയിൽ നിന്നുള്ള ബെന്യാമീന്യർ സെരൂബ്ബാബേലിനോടൊപ്പം മടങ്ങിവന്നു. (എസ്രാ, 2:28; നെഹെ, 7:32; 11:31).