All posts by roy7

ആരാധന

ആരാധന (worship)

ദൈവത്തിന് ദൈവികമായ മഹത്വവും ബഹുമാനവും അർപ്പിക്കുന്നതാണ് ആരാധന. (ഉല്പ, 4:26; 21:33; 22:5; 2ശമൂ, 15:8; 2ദിന, 29:35; യെശ, 19:23; ലൂക്കൊ, 2:37; റോമ, 9:4; 12:1; എബ്രാ, 9:1, 21). എബ്രായയിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ഷാഹാഹ് ആണ്. ‘നമസ്കരിക്കുക’ എന്നാണിതിനർത്ഥം. ഈ പദം നൂറ്റിയെഴുപതോളം പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 18:2ലാണ്. “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാര വാതില്ക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലം വരെ കുനിഞ്ഞു.” ആദരവും ബഹുമാനവും കാണിക്കാൻവേണ്ടി മറ്റൊരാളുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നതിനെ ഈ പദം സൂചിപ്പിക്കുന്നു. (ഉല്പ, 2:25). മുട്ടിന്മേൽ വീണ് നെറ്റി തറയിൽ തൊടണം. (ഉല്പ, 19:11). ദാനീയേൽ പ്രവചനത്തിലെ അരാമ്യ ഖണ്ഡത്തിൽ കാണുന്ന പദം സാഗദ് ആണ്. അതിനും കുനിഞ്ഞു നമസ്കരിക്കുക എന്നു തന്നെയാണർത്ഥം. (ദാനീ, 3:5,6,7, 10,11, 15, 18, 28). ആരാധനയെ കുറിക്കുവാൻ ഗ്രീക്കിൽ ഏറ്റവും അധികം പ്രയോഗിച്ചിട്ടുള്ള പദം ‘പ്രൊസ്കുനെയോ’ ആണ്. ‘ചുംബിക്കുക’ എന്നർത്ഥം. ദൈവത്തെയും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 5:14; 7:11), ക്രിസ്തുവിനെയും (മത്താ, 2:2, 8, 11; 8:2; 9:18; 14:33; 15:25; 20:20; 28:9, 17; യോഹ, 9:38; എബ്രാ,1:6) ആരാധിക്കുന്നതിനെ ഈ പദം പുതിയനിയമത്തിൽ ഉപയോഗിച്ചിടുണ്ട്. സെബോമായ് എന്നൊരു പദവും ദൈവത്തെ ആരാധിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. (മത്താ, 15:9; മർക്കൊ, 7:7; അപ്പൊ, 18:13). മതപരമായി ശുശ്രൂഷയെയും ഉപാസനയെയും വ്യക്തമാക്കുവാൻ വിരളമായി പ്രയോഗിച്ചിട്ടുള്ള ഗ്രീക്കു പദമാണ് ‘ലാട്രുവോ.’ (ഫിലി, 3:3; അപ്പൊ,’7:42; 24:14; എബ്രാ, 10:2). യാതൊരു പ്രേരണയും കൂടാതെ സ്വമേധയാ ആരാധിക്കുന്നതിനെ കുറിക്കുകയാണ് ‘എതെലൊത്രീസ്ക്കെയാ.’ (കൊലൊ, 2:23).

മനുഷ്യവർഗ്ഗത്തോളം പഴക്കമുള്ളതാണ് ആരാധന. ആദിമാതാപിതാക്കളായ ആദാമും ഹവ്വയും എങ്ങനെ ആരാധിച്ചുവെന്നു നമുക്കറിയില്ല. എന്നാൽ അവരുടെ മക്കൾ തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്നൊരംശം ദൈവത്തിനർപ്പിച്ചു. ആദാമിന്റെ ചെറുമകനായ എനോശിന്റെ കാലം മുതൽ യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി. (ഉല്പ, 4:26). എനോശ് തുടങ്ങിവച്ച ആരാധന തുടർന്നു; ഹാനോക്കു ദൈവത്തോടു കൂടെ നടന്നു എന്നും (ഉല്പ, 5:24), നോഹ ദൈവത്തിന്റെ മുമ്പാകെ നീതിമാനായിരുന്നു എന്നും ഹോമയാഗങ്ങൾ അർപ്പിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ, 6:9; 8:20).

അനന്തരകാലത്ത് വിശ്വസ്തദാസനായ അബ്രാഹാമിനെ ദൈവം തിരഞ്ഞെടുത്തു തന്നെക്കറിച്ചുള്ള വെളിപ്പാടുകൾ നൽകി. കർത്താവായ യേശുക്രിസ്തു വെളിപ്പെട്ടതുവരെ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ സംരക്ഷകരും ആരാധകരുമായി വിളിക്കപ്പെട്ട എബായജനത്തിന്റെ സ്ഥാപകനും പൂർവ്വപിതാവുമായിത്തീർന്നു അബ്രാഹാം. ചുറ്റുമുള്ള ജാതികൾ ദേവന്മാരുടെയും വിഗ്രഹങ്ങളുടെയും എണ്ണവും ആരാധനാരീതികളും പൗരോഹിത മുറകളും പെരുക്കിക്കൊണ്ടിരുന്നപ്പോൾ അബ്രാഹാമും സന്തതികളും ഒരു ലളിതമായ ആരാധനാരീതിയാണ് കൈക്കൊണ്ടത്. അബ്രാഹാമും സന്തതികളും ഇടയന്മാരായിരുന്നു. അവർ കൂടാരമടിച്ച ഇടങ്ങളിലെല്ലാം യാഗപീഠം നിർമ്മിക്കയും യഹോവയുടെ നാമത്തിൽ ആരാധിക്കയും ചെയ്തു. (ഉല്പ, 12:7; 13:4, 18). യാഗപീഠങ്ങൾ വളരെ ലഘുവായിരുന്നു. കല്ലും മണ്ണും ആയിരുന്നു നിർമ്മാണ വസ്തുക്കൾ. ഈ യാഗപീഠങ്ങളിൽ അർപ്പിച്ച മൃഗങ്ങൾ വളർത്തു മൃഗങ്ങളിലുൾപ്പെട്ടവയും ശുദ്ധിയുള്ളവയും ആയിരുന്നു.

യാഗത്തോടൊപ്പം അവർ ചെയ്ത അനുഷ്ഠാനങ്ങളെക്കുറിച്ച് വ്യക്തമായ വിവരണമില്ല. പൗരോഹിത്യ ധർമ്മം നിറവേറ്റിയിരുന്നതു ഗോത്ര പിതാക്കന്മാരായിരുന്നു. അവർ പ്രാർത്ഥനകൾ നടത്തിയിരിക്കണം. അർപ്പണങ്ങളെല്ലാം ഹോമയാഗങ്ങളായിരുന്നു. യാഗപീഠത്തിൽ വച്ചുതന്നെ അവ പൂർണ്ണമായി ദഹിക്കും. എന്നാൽ ചിലപ്പോൾ യാഗഭോജനത്തിനായി ഒരംശം ശേഷിപ്പിച്ചിരുന്നു. യാഗത്തിനുള്ള മൃഗങ്ങളുടെ തിരഞ്ഞെടുപ്പ് അബ്രാഹാമിനു കിട്ടിയ നിർദ്ദേശമനുസരിച്ച് ആയിരുന്നിരിക്കണം. (ഉല്പ, 15:9). അബ്രാഹാം യിസഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയി; എന്നാൽ ദൈവം ഇടപെട്ട് ആ യാഗം തടഞ്ഞു. (ഉല്പ, 22:12,13). യാഗം അർപ്പിക്കുന്ന മനുഷ്യഹൃദയത്തിലെ ഭക്തിയാണ് പ്രധാനമെന്നും യാഗമൃഗം വെറും പ്രതീകം മാത്രമാണെന്നും അതു വ്യക്തമാക്കി. യാഗപീഠങ്ങളെ കൂടാതെ സ്മാരകശിലകളെയും നാം കാണുന്നു. പിതാക്കന്മാർക്ക് ദൈവം പ്രത്യേകദർശനവും വെളിപ്പാടും നല്കിയ സ്ഥാനത്തു അവർ സ്മാരകമായി കല്ലുകൾ നാട്ടി; പാനീയയാഗം അവയ്ക്ക് മേൽ പകർന്നു. (ഉല്പ, 28:18; 35:14). യാക്കോബ് ഒരു നേർച്ച നേർന്നതു ഇപ്രകാരമാണ്. “ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:20-22). ഈ നേർച്ചയനുസരിച്ച് യാക്കോബ് തന്റെ വീട്ടിൽനിന്ന് അന്യദേവന്മാരെ മാറ്റിയ ശേഷം ബേഥേലിൽ ഒരു യാഗപീഠം പണിതു. ദൈവകല്പനയനുസരിച്ചു യെഹൂദന്മാരിലെ പുരുഷ പ്രജയൊക്കെയും പരിച്ഛേദനം കഴിച്ചു. അബാഹാമിനോടു ദൈവം ചെയ്ത നിയമത്തിന്റെ അടയാളമായിരുന്നു പരിച്ഛേദനം. (ഉല്പ, 17:10).

യിസ്രായേൽ ഒരു രാഷ്ടമായി കഴിഞ്ഞപ്പോൾ മതപരമായ കാര്യങ്ങളിലും പ്രത്യേക ക്രമീകരണം ആവശ്യമായി വന്നു. ആരാധനയുടെ സ്വഭാവവും രീതിയും ദൈവിക കല്പനകളാൽ നിയന്ത്രിക്കപ്പെട്ടു. മോശെയുടെ ന്യായപ്രമാണത്തിൽ ആവശ്യമായ ചട്ടങ്ങളും വിധികളും നല്കി. മോശെ ഏർപ്പെടുത്തിയ ആരാധന പിതാക്കന്മാരുടെ ആരാധനയുടെ തുടർച്ചയും യിസ്രായേല്യരുടെ എല്ലാ സാഹചര്യങ്ങൾക്കും അനുസൃതവും ആയിരുന്നു. ആരാധനയുടെ ഒരു പരിപൂർണ്ണ വ്യവസ്ഥയായിരുന്നു മോശെ നല്കിയത്. ആരാധനയുടെ സ്ഥലം, മററു ക്രമീകരണങ്ങൾ, ആചരണങ്ങൾ, ഉത്സവങ്ങൾ, അവ അനുഷ്ഠിക്കേണ്ട രീതികൾ ഇവയെല്ലാം മോശെ വ്യക്തമായി നല്കി. ആരാധന ഏറിയകൂറും ബാഹ്യവും രൂപപരവും ആചാരപരവും ആയിരുന്നു. മതപരമായ ചിന്തയും വികാരവും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വെളിപ്പെടുന്നു. തന്മൂലം ആരാധനയിൽ രൂപപരത ആവശ്യമാണ് ഇവയ്ക്കു രൂപകാത്മവും പ്രതീകാത്മകവുമായ സ്വഭാവമുണ്ട്.

യിസായേല്യരുടെ ആരാധനയിലെ ഒരു പ്രധാന അംശമാണ് ആനന്ദം. ആരാധകർ ആരാധ്യനായ ദൈവത്തെ വിളിക്കുന്നത് പരമാനന്ദം എന്നാണ്. (സങ്കീ, 43:4). ആരാധനയെ വെറും ഒരനുഷ്ഠാനമായല്ല, മറിച്ചു ദൈവത്തോടുള്ള ബന്ധത്തിൽ ആനന്ദം നല്കുന്ന ഒരു ശ്രേഷ്ഠകർമ്മമായി യിസ്രായേല്യർ കണ്ടു. “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” (സങ്കീ, 122:1). ‘ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും’ എന്നത്രേ യഹോവയുടെ വാഗ്ദാനം. (യെശ, 56:7). യെരുശലേം ദൈവാലയത്തിലായാലും മറ്റു വിശുദ്ധ മന്ദിരങ്ങളിലായാലും ദൈവസന്നിധിയിൽ ആനന്ദിക്കുന്നതിനാണ് ആരാധകർ എത്തുന്നത്. ദശാംശം, ആദ്യഫലം, യാഗാർപ്പണം എന്നിവയോടൊപ്പമാണ് അവർ ദൈവസന്നിധിയിൽ ഏത്തുന്നത്. ദൈവത്തെയും ദൈവകൃപകളെയും അവന്റെ ആർദ്ര സ്നേഹത്തെയും ഉടമ്പടിയെയും വീര്യപ്രവൃത്തികളെയും ആരാധകർ സ്മരിക്കും. ദാവീദ് ദൈവത്തോടു ഒരു കാര്യം അപേക്ഷിച്ചു. “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീ, 27:4).

ആരാധനയുടെ പൂർത്തീകരണം ദൈവത്തോടുള്ള അനുസരണത്തിൽ അധിഷ്ഠിതമാണ്. അരാധകന്റെ നൈതികാസ്വഭാവം എന്തായിരിക്കണമെന്ന് പ്രവാചകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8). യിസ്രായേല്യരുടെ ആരാധന ദൈവത്തിൽ സമ്മുഖമാണ്. യാഗം ഏർപ്പെടുത്തിയതും അതിന്നായി രക്തത്തെ പ്രദാനം ചെയ്യുന്നതും ആരാധനയുടെ വ്യവസ്ഥ ഏർപ്പെടുത്തിയതും എല്ലാം ദൈവം തന്നെയാണ്. ദൈവം കൃപയും മഹത്വവും നല്കുകയും ആരാധനയും മഹത്വവും സ്വീകരിക്കുകയും ചെയ്യുന്നു. ആരാധിക്കുന്നതിലൂടെ ദൈവത്തിൽ നിന്ന് ഐശ്വര്യവും അനുഗ്രഹവും പ്രാപിക്കാൻ വേണ്ടിയല്ല, മറിച്ചു ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടിയാണ് ദൈവത്തെ ആരാധിക്കുന്നത്. ആരാധനയുടെ അധിഷ്ഠാനം ‘ഞാൻ യഹോവ ആകുന്നു’ എന്ന വെളിപ്പാടത്രേ. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും അവന്റെ നാമം വാഴ്ത്തുകയും ചെയ്യുകയാണ് പരമമായ ആരാധന.

ക്രിസ്തീയ ആരാധന: ക്രിസ്തുസഭ ക്രിസ്തുവിന്റെ ഭൂമിയിലെ ശരീരം മാത്രമല്ല, ദൈവികശുശ്രൂഷയുടെ മന്ദിരവുമാണ്. ദൈവത്തിന് വഴിപാട് അർപ്പിക്കുകയും അവനിൽ നിന്നു അനുഗ്രഹങ്ങൾ പ്രാപിക്കുന്നതുമാണ് ഈ ശുശ്രൂഷ. ഇവയിൽ ആദ്യത്തേത് ആരാധനയും; രണ്ടാമത്തേതു കൃപയുടെ മാധ്യമങ്ങൾ, പൊതു പ്രാർത്ഥന, വചനം, അനുഷ്ഠാനങ്ങൾ എന്നിവയെയും ഉൾക്കൊള്ളുന്നു. ഇവ രണ്ടും അഭിന്നവും അഭാജ്യവുമാണ്; രണ്ടിനും സുവിശേഷത്തിന്റെ ശുശൂഷ ആവശ്യമാണ്. ക്രിസ്തു സഭയുടെ ആരാധന അതിന്റെ ദൈവികസത്യങ്ങളിലും മാനുഷിക ക്രമീകരണങ്ങളിലും മനസ്സിലാക്കേണ്ടതാണ്. ദൈവികതത്വമനുസരിച്ച് ആരാധനയുടെ വിഷയം വെളിപ്പെടുത്തപ്പെട്ട ദൈവമാണ്. അതിന്റെ രൂപം മാദ്ധ്യസ്ഥപരമാണ്. ജഡത്തിൽ വെളിപ്പെട്ട പുത്രനിലൂടെ പരിശുദ്ധാത്മാവിനാൽ, അതിന്റെ സവിശേഷതകൾ ആത്മീയതയും ലാളിത്യവും വിശുദ്ധിയും വിനയവും ആണ്. അതിന്റെ കാലം ;പത്യേകിച്ച് കർത്തൃദിവസവും വിശുദ്ധസഭായോഗത്തിന്റെ എല്ലാ സമയങ്ങളുമാണ്. മാനുഷികമായ ക്രമീകരണങ്ങളെ സംബന്ധിച്ചിടത്തോളം (സ്ഥലം, സമയം, രീതി, തുടങ്ങിയവ) അതതു സഭകൾ തിരുവെഴുത്തുകളിൽ കാണിച്ചിരിക്കുന്ന മാതൃകയനുസരിച്ചു തീരുമാനിക്കണം.

ആദ്ധ്യാത്മിക രക്ഷ

ആദ്ധ്യാത്മിക രക്ഷ

ഭൗതികവും ആത്മിയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘എളിയവരെ കർത്താവ് രക്ഷിക്കുന്നു.’ (സങ്കീ, 34:6). കർത്താവിൽ ‘ആശ്രയിക്കുന്നവരെ ദുഷ്ടരിൽനിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.’ (സങ്കീ, 37:40). ‘സമാധാനം നല്കിയും പ്രാർത്ഥനയ്ക്ക് ഉത്തരം നല്കിയും രക്ഷിക്കുന്നു.’ (സങ്കീ, 51:12; 69:13; 79:9). ‘പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്നു രക്ഷിച്ചു.’ (സങ്കീ, 106:7-10). കർത്താവ് തൻ്റെ ആട്ടിൻപറ്റത്തെ (ജനത്തെ) രക്ഷിക്കും.’ (എസെ, (34:22). ‘എൻ്റെ രക്ഷകനായ ദൈവം’ എന്ന് അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. (മിക്കാ, 7:7; ഹബ, 3:18). എന്നാൽ പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കുന്നത് “പാപത്തിൻ്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും യേശുക്രിസ്തുവിൻ്റെ ക്രുശുമരണം മുഖാന്തരമുള്ള വിടുതലാണ്.” പഴയനിയമരക്ഷ ഇസ്രായേലിന് മാത്രമുണ്ടായിരുന്നതും താല്ക്കാലികവും ആയിരുന്നു. ക്രിസ്തു മുഖാന്തരമുള്ള രക്ഷ നിസ്തുലവും സാർവ്വത്രികവും ആണ്. പഴയനിയമത്തിൽ കഷ്ടങ്ങളിൽ അവർ ദൈവത്തോട് വിളിച്ചപേക്ഷിക്കുമ്പോൾ, രക്ഷകന്മാരായ മനുഷ്യരെ അയച്ച് ദൈവം അവരെ വിടുവിക്കുകയായിരുന്നു: “ശത്രുക്കളുടെ പീഡനമേറ്റ്‌ അവര്‍ അവിടുത്തെ വിളിച്ചപേക്‌ഷിച്ചു. സ്വര്‍ഗത്തില്‍ നിന്ന്‌ അവിടുന്ന്‌ അവരുടെ പ്രാര്‍ഥന കേട്ടു. കാരുണ്യാതിരേകത്താല്‍ അവിടുന്ന്‌ രക്ഷകന്‍മാരെ അയച്ച്‌ അവരെ ശത്രുകരങ്ങളില്‍നിന്നു രക്‌ഷിച്ചു.” (നെഹ, 9:27). എന്നാൽ പുതിയനിയമത്തിൽ രക്ഷകനും രക്ഷയും രക്ഷയുടെ കർത്താവും ക്രിസ്തു തന്നെയാണ്: യേശുവിൻ്റെ ജനനം ദൂതൻ ആട്ടിടയന്മാരോട് അറിയിച്ചത് ഇപ്രകാരമാണ്: “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങള്‍ക്കായി ഒരു രക്ഷകൻ, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” (ലൂക്കാ, 2:10-11). ശിശുവായ യേശുവിനെ കയ്യിൽ വഹിച്ചുകൊണ്ട് ശിമയോൻ പറഞ്ഞു: “കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്‌ ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്‌ക്കണമേ!എന്തെന്നാൽ, സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എൻ്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത്‌ വിജാതീയര്‍ക്കു വെളിപാടിൻ്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിൻ്റെ മഹിമയും ആണ്‌.” (ലൂക്കാ, 2:29-32). ഈ രക്ഷയുടെ കർത്താവും ക്രിസ്തു തന്നെയാണ്: “ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര്‌ അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.” (ഹെബ്രാ, 2:10).

രക്ഷയുടെ ആവശ്യകത എന്താണ്?: മനുഷ്യചരിത്രത്തിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. എന്നാൽ, എന്തുകൊണ്ടാണ് മനുഷ്യർക്കൊരു രക്ഷ ആവശ്യമായി വന്നത്? ദൈവീക കൂട്ടായ്മയ്ക്കായി സൃഷ്ടിക്കപ്പെട്ട ആദിമനുഷ്യരായ ആദവും ഹവ്വയും പാപം നിമിത്തം അതു നഷ്ടമാക്കി. (റോമ.5:12; 3:23). നമ്മെപ്പോലെ പാപപ്രേരണയുള്ള ശരീരത്തിലായിരുന്നില്ല അവരെ സൃഷ്ടിച്ചത്. ആദമിനെ ദൈവം സൃഷ്ടിച്ചത് തന്‍റെ സ്വന്തം ഛായയിലും സാദൃശൃത്തിലും ആയിരുന്നു. ദൈവം അവരെ ഏദൻ പറുദീസയിലാക്കുമ്പോള്‍ ലംഘിക്കുവാന്‍ പാടില്ലാത്ത ഒരു കല്പനയും കൊടുത്തിരുന്നു. എന്നാൽ, ദൈവകല്പനയ്ക്ക് വിരോധമായി പാപം ചെയ്യുകയും, അവരെ അണിയിച്ചിരുന്ന ദൈവീകതേജസ്സ് നഷ്ടമാക്കുകയും ചെയ്തു. അതുമൂലം, ഭൂമിയും മനുഷ്യരും സകല ചരാചരങ്ങളും പാപത്തിനും ശാപത്തിനും വിധേയരാകുകയും, ആദിമനുഷ്യർ ഏദൻ തോട്ടത്തിനു വെളിയിലാകുകയും ചെയ്തു. “ഒരു മനുഷ്യന്‍ മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു.” (റോമാ, 5:12). “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.” (റോമാ, 3:10-12). “എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.” (റോമാ, 3:23). പാപത്തിൻ്റെ വേതനം മരണമാണ്. (റോമാ, 6:22). പാപം ചെയ്യുന്നവൻ്റെ ജീവൻ നശിക്കും. (എസെ, 18:4,20). ആ മരണം ശാരീരിക മരണംകൊണ്ട് അവസാനിക്കുന്നില്ല. ആദാമിനോട് ദൈവം പറഞ്ഞത്; “നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്‌; തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്പ, 2:17). എന്നാൽ, ആദാമും ഹവ്വായും ശാരീരികമായി മരിച്ചില്ല; സംഭവിച്ചത് ആത്മമരണമാണ്. തന്മൂലം അവരെ ചുറ്റിയിരുന്ന ദൈവമഹത്വം അപ്രത്യക്ഷമാകുകയും, തങ്ങൾ നഗ്നരെന്ന് തിരിച്ചറിയുകയും ചെയ്തു. (ഉല്പ, 3:7; റോമാ, 3:23). തുടർന്ന്, ഏദനിൽ ദൈവീക കൂട്ടായ്മയിൽ കഴിഞ്ഞിരുന്ന ആദാം പുറത്താക്കപ്പെടുകയും, ദൈവത്തോട് നിരപ്പ് പ്രാപിക്കാൻ മാർഗ്ഗമൊന്നുമാല്ലാതെ പാപത്തിൽ ജീവിക്കുകയും, 930 വയസ്സായപ്പോൾ ഭൂമിയിൽനിന്ന് മാറ്റപ്പെടുകയും ചെയ്തു. ബൈബിൾ പഠിപ്പിക്കുന്ന മരണം അഥവാ, ആത്മമരണം നിത്യമാണ്. തന്മൂലം, ‘നിത്യശിക്ഷ’ (മത്താ, 25:48), ‘നിത്യമരണം അഥവാ, നിത്യനാശം’ (2തെസ, 1:9), ‘നിത്യാഗ്നിയുടെ ശിക്ഷ’ (യൂദാ, 1:7), ‘രണ്ടാമത്തെ മരണം’ (വെളി, 2:11; 20:6) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സാധാരണനിലയിൽ ഏതൊരു ശിക്ഷയും മരണം കൊണ്ടവസാനിക്കണം. പിന്നെങ്ങനെ ഒരു മരണം അഥവാ, ശിക്ഷ നിത്യമായ് മാറും. അതിനർത്ഥം, പാപത്തിൻ്റെ പരിണിതഫലമായ ഈ ശിക്ഷ മരണാനന്തരവും തുടർന്നുകൊണ്ടിരിക്കും എന്നാണ്. ഇതിനെ, ‘നരകം’ (മത്താ, 5:29), നരകാഗ്നി (മത്താ, 18:9), ‘നരകവിധി’ (മത്താ, 23:23), ‘തീ കെടാത്തതായ നരകം’ (മർക്കോ, 9:47) എന്നിങ്ങനെയും വ്യവഹരിക്കുന്നു. “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ” (മത്താ, 10;28; ലൂക്കൊ, 12:4-6. യാക്കോ, 4:12; 1പത്രൊ, 3:14; വെളി, 2:10; യെശ, 8:12,13; 51:7; 51:12; ദാനീ, 3:10-18) ഈ വേദഭാഗങ്ങളും പരിശോധിക്കുക. ആദാമ്യസന്തതികളായി ജനിച്ച മനുഷ്യവർഗ്ഗം മുഴുവനും പാപികളും ദൈവമഹത്വം നഷ്ടപ്പെടുത്തിയവരും ആകകൊണ്ട്, ദൈവസന്നിധിയിൽ പാപത്തിനു പരിഹാരം വരുത്തുവാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). തന്മൂലം, ദൈവം തന്നെ പുത്രൻ എന്ന അഭിധാനത്തിൽ ഭൂമിയിൽ മനുഷ്യനായി ജനിച്ചുകൊണ്ട്, ക്രൂശിൽ മരിച്ച് പാപപരിഹാരം വരുത്തുകയായിരുന്നു. “ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി.” (1കോറി, 15:21).

രക്ഷയുടെ കാരണഭൂതൻ: പഴയനിയമത്തിൽ ഭക്തനായ ജോബ് ചോദിച്ച ഒരു ചോദ്യമുണ്ട്: “മരിച്ച മനുഷ്യന്‍ വീണ്ടും ജീവിക്കുമോ?” (ജോബ്‌, 14:14). ആയിരം വർഷങ്ങൾക്കുശേഷം മനുഷ്യർക്കത് അസാദ്ധ്യമെന്ന് കോറഹിൻ്റെ പത്രന്മാർ അടിവരയിട്ടു പറഞ്ഞു: “തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവൻ്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല. ജീവൻ്റെ വിടുതല്‍വില വളരെ വലുതാണ്‌; എത്ര ആയാലും അതു തികയുകയുമില്ല. എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?” (സങ്കീ, 49:7-9). പിന്നെയും ആയിരം വർഷങ്ങൾക്ക് ശേഷം യേശുവിൻ്റെ ശിഷ്യന്മാർ വിസ്‌മയഭരിതരായി അവനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും?” (മത്താ, 19:25; മർക്കൊ, 10:26; ലൂക്കാ, 18;26). യേശു അവരെ നോക്കിപ്പറഞ്ഞു: “മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാൽ, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.” (മത്താ, 19:26; ലൂക്കാ, 18:26). ലൂക്കായുടെ സുവിശേഷത്തിൽ ഇതു പറഞ്ഞശേഷം, എങ്ങനെയാണ് താനിത് സാദ്ധ്യമാക്കുന്നതെന്നും യേശു പറഞ്ഞിട്ടുണ്ട്: “അവൻ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പറഞ്ഞു: ഇതാ, നമ്മൾ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്‍മാര്‍ വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവൻ വിജാതീയര്‍ക്ക്‌ ഏല്‍പിക്കപ്പെടും. അവര്‍ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവൻ്റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാം ദിവസം അവൻ ഉയിര്‍ത്തെഴുന്നേല്‍ക്കും.” (ലൂക്കാ, 18:31-33). തൻ്റെ മരണംകൊണ്ടാണ് ഈ രക്ഷ സാദ്ധ്യമാക്കുന്നതെന്ന് യേശു അസങിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. ആദാമിൻ്റെ പാപത്താൽ എല്ലാ മനുഷ്യരും ശിക്ഷാവിധിക്ക് യോഗ്യരായതുപോലെ, യേശുവിൻ്റെ ക്രൂശുമരണമെന്ന നീതിയാഗത്താൽ മനുഷ്യർക്ക് പാപമോചനം കൈവന്നു: “അങ്ങനെ, ഒരു മനുഷ്യൻ്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യൻ്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.ഒരു മനുഷ്യൻ്റെ അനുസരണക്കേടിനാൽ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യൻ്റെ അനുസരണത്താൽ അനേകര്‍ നീതിയുള്ളവരാകും.പാപം വര്‍ദ്ധിപ്പിക്കാൻ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാൽ, പാപം വര്‍ദ്ധിച്ചിടത്ത്‌ കൃപ അതിലേറെ വര്‍ധിച്ചു.അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ നിത്യജീവനിലേക്ക്‌ നയിക്കാൻ ആധിപത്യം പുലര്‍ത്തും.” (റോമാ, 5:18-21). ആദ്യമനുഷ്യനെ ദൈവം നിത്യജീവനുള്ളവനായി സൃഷ്ടിച്ചുവെങ്കിലും, അവൻ്റെ പാപത്താൽ സകലമനുഷ്യർക്കും മരണം പ്രദാനം ചെയ്തിട്ട് അവൻ കടന്നുപോയി. അവസാനത്തെ ആദാമായ ക്രിസ്തു പാപരഹിതനായി ജനിച്ചിട്ട് മനുഷ്യർക്കു നിത്യജീവൻ നല്കുന്ന ആത്മാവായി: “ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്‌മാവായിത്തീര്‍ന്നു.” (1കോറി, 15:45). “പാപം ചെയ്യുന്നവൻ്റെ ജീവൻ നശിക്കും” (എസെ, 18:4,20) എന്നും, “രക്തം ചിന്താതെ പാപമോചനമില്ല” (ഹെബ്രാ, 9:22; പൂറ, 29:21; ലേവ്യ, 8:15; 17:11) എന്നുമുള്ള ദൈവത്തിൻ്റെ നിത്യനീതി നിവൃത്തിക്കാനാണ്, ‘മനുഷ്യർക്കസാദ്ധ്യവും ദൈവത്തിനു സാദ്ധ്യവുമായ’ (മത്താ, 19:26) രക്ഷാകരപ്രവൃത്തിയായ ക്രൂശുമരണം ക്രിസ്തു വരിച്ചത്.

രക്ഷയ്ക്കായുള്ള പാപപരിഹാരബലി: 51-ാം സങ്കീർത്തനം ഏവർക്കും സുപരിചിതമാണ്. ദാവീദിൻ്റെ അനുതാപഗീതമാണത്: ഒരു നിലവിളിയോട് കൂടെയാണ് അതാരംഭിക്കുന്നത്: “ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എൻ്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!” (സങ്കീ, 51:1). തുടർന്ന് അഞ്ചാം വാക്യത്തിൽ പറയുന്നത്: “പാപത്തോടെയാണ് ഞാന്‍ പിറന്നത്‌; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്‌.” (51:5). ഭൂമിയിൽ ജനിച്ചുവീഴുന്ന എല്ലാ മനുഷ്യരുടേയും അവസ്ഥ ഇതുതന്നെയാണ്. ആദിമനുഷ്യരാണല്ലോ പാപം ചെയ്തത്; ആ പാപത്തിൻ്റെ ശിക്ഷ ഞങ്ങളെന്തിന് അനുഭവിക്കണം എന്നു ചിന്തിക്കുന്നവരുണ്ടാകാം. ആദാമ്യപാപത്തിൻ്റെ ഫലമായി ആത്മാവ് മരിച്ച അവസ്ഥയിൽ അഥവാ, പാപസ്വഭാവത്തോടെയാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. ആ പാപവാസനയാൽ മനുഷ്യൻ അനുദിനംചെയ്യുന്ന പാപംപോലും ദൈവത്തിനെതിരെയാണ്. “അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്‌തു; അങ്ങയുടെ മുൻപില്‍ ഞാൻ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട്‌ അങ്ങയുടെ വിധിനിര്‍ണയത്തിൽ അങ്ങു നീതിയുക്‌തനാണ്‌; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്‌.” (സങ്കീ, 51:4). മനുഷ്യരുടെ ഈ പാപപരിഹാരത്തിനാണ് ദൈവമായ കർത്താവ് പരിശുദ്ധ ശരീരമെടുത്തുകൊണ്ട് ഭൂമിയിൽ ജനിച്ചത്. യേശുവിനു വഴി ഒരുക്കാൻ വന്ന യോഹന്നാൻ സ്നാപകൻ വിളിച്ചുപറഞ്ഞത്: “ഇതാ, ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്‌.”(യോഹ, 1:29). പാപവും മരണവും തമ്മിലുള്ള ബന്ധം ക്രിസ്തു നേടിയ വീണ്ടെടുപ്പിൽ സ്വന്തം മരണം അനിവിര്യമാക്കിത്തീർത്തു: “വിശുദ്ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുളളതുപോലെ,ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.” (1കോറി, 15 : 3-4; റോമാ, 4:24; 1പത്രോ, 3:18). മരണത്തിനു വിധേയനായിക്കൊണ്ട് ക്രിസ്തു മരണത്തെ ജയിക്കുകയും ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തു: “ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.” (2തിമോ,1:10). മരണത്തിൻ്റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താൽ നീക്കി മരണഭീതിയിൽനിന്നും മനുഷ്യനെ രക്ഷിച്ചു: “മക്കൾ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത്‌ മരണത്തിന്‍മേൽ അധികാരമുള്ള പിശാചിനെ തൻ്റെ മരണത്താല്‍ നശിപ്പിച്ച്‌ മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്‌.” (ഹെബ്രാ, 2:14-15). അവൻ മനുഷ്യനായി കഷ്ടമനുഭവിച്ചതെല്ലാം നമ്മുടെ പാപപരിഹാരത്തിനാണ്: “നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവൻ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവൻ്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവൻ്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” (ഏശ, 53:5). അവൻ നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ടാണ് ക്രൂശിൽ മരിച്ചത്: “നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട്‌ അവൻ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവൻ്റെ മുറിവിനാൽ നിങ്ങളൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.” (1പത്രോ, 2:24). പാപത്താൽ സാത്താൻ്റെ തന്ത്രങ്ങളിലും അടിമനുകത്തിലും കുടുങ്ങിപ്പോയ (ഗലാ, 5:1) മനുഷ്യരെ അവൻ തൻ്റെ മരണം മൂലം വിടുവിച്ചു: “നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവൻ മായിച്ചുകളയുകയും അവയെ കുരിശിൽ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.” (കൊളോ, 2:14-15). ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തം വഴിയാണ് ലോകത്തിന് മുഴുവൻ പാപപരിഹാരം കൈവന്നത്: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്‌തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്‌ അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്‌തം വഴി സമാധാനം സ്‌ഥാപിക്കുകയും ചെയ്‌തു.” (കൊളോ, 1:20). തലമുറകളായി നമുക്കു പകർന്നുകിട്ടിയ പാപജീവിതത്തിനു പരിഹാരം വന്നത് നമ്മുടെ സമ്പത്തോ, സ്ഥാനമാനങ്ങളോ, നേർച്ചകാഴ്ചകളോ അല്ല: ക്രിസ്തുവിൻ്റെ നിർമ്മല രക്തമാണ്: “പിതാക്കന്‍മാരിൽ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻ്റേതുപോലുള്ള ക്രിസ്‌തുവിൻ്റെ അമൂല്യരക്തം കൊണ്ടത്ര.” (1പത്രോ, 1:18-19). ‘രക്തം ചിന്താതെ പാപമോചനമില്ല’ എന്ന ദൈവനീതിയുടെ നിവൃത്തിക്കായി ക്രിസ്തു രക്തം ചിന്തുകവഴി നമ്മുടെ പാപപരിഹാരം സാദ്ധ്യമായി: “അവിടുത്തെ പുത്രനായ യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. (1യോഹ, 1:7). ക്രിസ്തു സർവ്വലോകത്തിൻ്റേയും പാപത്തിനു പരിഹാരമാണ്: “അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവൻ്റെയും പാപങ്ങള്‍ക്ക്‌. (1യോഹ, 2:2). ക്രിസ്തുവിൻ്റെ പ്രയശ്ചിത്ത മരണത്തിലൂടെ മരണത്തിൻ്റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു: “മരണത്തിൻ്റെ ദംശനം പാപവും പാപത്തിൻ്റെ ശക്തി നിയമവുമാണ്‌. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി.” (1കോറി, 15:56-57). തന്മൂലം ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തിയ ഏവർക്കും മരണത്തെ പേടിക്കാതെ പറയാൻ കഴിയും: “മരണമേ, നിൻ്റെ ദംശനം എവിടെ?” (1കോറി, 15:55).

രക്ഷ കൃപയാലുള്ള ദാനം: പാപത്തെ വെറുക്കുന്ന ദൈവം പാപികളായ മനുഷ്യരെ സ്നേഹിച്ചു. “ഞാൻ വന്നിരിക്കുന്നത്‌ നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്‌” (ലൂക്കാ, 5:32: മത്താ, 9:13; മർക്കൊ, 2:17) എന്ന് ക്രിസ്തു പ്രഖ്യാപിച്ചു. ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതനെന്നും താൻ വിളിക്കപ്പെട്ടു. (മത്താ, 11:19; ലൂക്കാ, 7:34). ദൈവം ലോകത്തെ സ്നേഹിച്ചതിൻ്റെ ഫലമാണ് ക്രിസ്തുവിലൂടെയുള്ള രക്ഷ: “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തൻ്റെ ഏകജാതനെ നല്‍കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.” (യോഹ, 3:16). ദൈവത്തിൻ്റെ കൃപയാൽ സൗജന്യമായി വിശ്വാസത്താലാണ് മനുഷ്യർ നീതീകരിക്കപ്പെടുന്നത്: “വിശ്വാസംവഴി കൃപയാലാണു നിങ്ങൾ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിൻ്റെ ദാനമാണ്‌. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതിൽ അഹങ്കരിക്കേണ്ടതില്ല.” (എഫേ, 2:8-9). യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ, നേർച്ചകാഴ്ചകളോ, ആചാരാനുഷ്ഠാനങ്ങളോ മൂലം ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല: “എന്നിരിക്കിലും, നിയമത്തിൻ്റെ അനുഷ്‌ഠാനത്തിലൂടെയല്ല, യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലൂടെയാണ്‌ ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്ക്‌ അറിയാം. നിയമാനുഷ്‌ഠാനം വഴിയല്ല, ക്രിസ്‌തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ്‌ നാം തന്നെയും യേശുക്രിസ്‌തുവിൽ വിശ്വസിച്ചത്‌. എന്തെന്നാൽ, നിയമാനുഷ്‌ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.” (ഗലാ, 2:16). മനുഷ്യരുടെ പ്രവൃത്തികളാലല്ല; പ്രത്യുത, തന്നിലുള്ള വിശ്വാസത്താലാണ് രക്ഷ പ്രാപിക്കേണ്ടതെന്ന് വ്യക്തമാക്കാൻ, ക്രിസ്തു തൻ്റെ മരണത്തെ മോശ മരുഭൂമിയിൽ ഉയർത്തിയ പിച്ചളസർപ്പത്തോട് ഉപമിക്കുന്നുണ്ട്; “മോശ മരുഭൂമിയിൽ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:14-15). “ഞാൻ ഭൂമിയില്‍നിന്ന്‌ ഉയര്‍ത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും” (യോഹ, 12:32) എന്ന് മറ്റൊരു വാക്യവും പറയുന്നു. ഇസ്രായേൽ ജനത്തിൻ്റെ കനാനിലേക്കുള്ള മരുഭൂയാത്രയിൽ ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടപ്പോൾ, വഴിദൂരം നിമിത്തം അവർ അക്ഷമരായി ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നേയസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവ് കല്പിച്ചതനുസരിച്ച് പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ താമസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു. (സംഖ്യാ, 21:4-9). രക്ഷകനായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് നിഴലും, ഇസ്രായേൽ ജനത്തിൻ്റെ രക്ഷയുമായ ഭവിച്ച പിച്ചളസർപ്പത്തെ വെയ്ക്കേണ്ടത് സമാഗമകൂടാരത്തിലല്ലേ? പിന്നെന്തിനാണ് വടിയിൽ അഥവാ, കൊടിമരത്തിൽ ഉയർത്തിയത്? പറയാം: സമാഗമകൂടാരത്തെ ചുറ്റിയാണ് നാല്പത് ലക്ഷത്തിലധികം വരുന്ന ഇസ്രായേൽജനം കിലോമീറ്ററുകളോളം താവളമടിച്ചിരിക്കുന്നത്. സമാഗമകൂടാരത്തിനുള്ളിൽ പിച്ചളസർപ്പത്തെ വെച്ചാൽ, ആഗ്നേയ സർപ്പത്തിൻ്റെ കടിയേൽക്കുന്നവർ കിലോമീറ്ററുകൾ ദൂരെനിന്ന് സർപ്പത്തെ നോക്കാൻ ഇഴഞ്ഞു വരേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ, അവരുടെ പ്രവൃത്തിമൂലമാണ് രക്ഷ കിട്ടിയതെന്നുവരും. കൊടിമരത്തിൽ സർപ്പത്തെ തൂക്കിയ കാരണത്താൽ, മരുഭൂമിയിൽ എവിടെവെച്ച് ആഗ്നേയ സർപ്പം അവരെ കടിച്ചാലും, അവർ അവിടെ നിന്നുകൊണ്ട് പിച്ചളസർപ്പത്തെ നോക്കിയാൽ മതിയാകും. നോട്ടം ഒരു പ്രവൃത്തിയല്ല; എൻ്റെ രക്ഷ കൊടിമരത്തേൽ തൂങ്ങിക്കിടപ്പുണ്ട് എന്നുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. അതുപോലെ, യാതൊരു പ്രവൃത്തിയും കൂടാതെ ക്രൂശിൽ മരിച്ച ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യന് രക്ഷ പ്രാപിക്കാൻ കഴിയും: “അവര്‍ അവിടുത്തെ കൃപയാൽ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു. അവിടുന്നു തൻ്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ തൻ്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താൻ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ്‌ ഇപ്രകാരം ചെയ്‌തത്‌.” (റോമാ, 3:24-26). ഈ യേശുവിനെ ദൈവവും കർത്താവും രക്ഷകനും മദ്ധ്യസ്ഥനുമായി ഹൃദയത്തിൽ അംഗീകരിക്കുകയും, എൻ്റെ പാപങ്ങൾക്കുവേണ്ടി അവൻ ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നവരെല്ലാം രക്ഷപ്രാപിക്കും. അങ്ങനെ വിശ്വസിച്ച് രക്ഷപ്രാപിച്ചവരെല്ലാം അവൻ്റെ പുനരാഗമനത്തിൽ അവനോടൊപ്പം ആകാശമേഘത്തിങ്ങളിൽ എടുക്കപ്പെടുകയും, അവനോടൊപ്പം നിത്യകാലം വസിക്കുകയും ചെയ്യും.

രക്ഷയുടെ സാർവ്വത്രികത: ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷ ആവശ്യമാണ്. കാരണം, ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും പാപികളാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു: “നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.” (റോമാ, 3:10-12). തന്മൂലം, ജാതിമതവർഗ്ഗവർണ്ണലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ദൈവത്തിൻ്റെ രക്ഷ ആവശ്യമാണ്. അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരസ്യമായി നിർത്തിയിരിക്കുകയാണ്: “വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാനാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.” (റോമാ, 3:25-26). കർത്തായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും പാപമോചനവും രക്ഷയും ദൈവമക്കളാകാനുള്ള അധികാരവും ലഭിക്കുമെന്ന് തിരുവെഴുത്തുകൾ ഉടനീളം സാക്ഷ്യം പറയുന്നു: ‘വിശ്വസിക്കുന്ന ഏവരും ദൈവമക്കൾ’ (യോഹ, 1:12), ‘വിശ്വസിക്കുന്ന ഏവനും നിത്യജീവൻ’ (യോഹ, 3:15; 6:40), ‘വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ’ (യോഹ, 3:16), ‘വിശ്വസിക്കുന്ന ഏവനും അവൻ്റെ നാമംവഴി പാപമോചനം’ (പ്രവൃ, 10:43), ‘വിശ്വസിക്കുന്ന ഏവർക്കും അവൻവഴി നീതീകരണം’ (പ്രവൃ, 13:39), ‘വിശ്വസിക്കുന്ന ഏവനും രക്ഷ’ (റോമാ, 1:16), ‘വിശ്വസിക്കുന്ന ഏവനും നീതി’ (റോമാ, 10:4). പന്തക്കുസ്‌താദിനത്തിൽ പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ തന്നെക്കുറിച്ച് സാക്ഷ്യം പറയേണ്ട വിധം ശിഷ്യന്മാരോട് യേശു കല്ലിച്ചിരുന്നു: എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികൾ വരെയും നിങ്ങൾ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.” (പ്രവൃ, 1:8). കർത്താവ് പൗലൊസിനോട് കല്പിച്ചത്: “ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന്‌ വിജാതീയര്‍ക്ക്‌ ഒരു ദീപമായി നിന്നെ ഞാൻ സ്‌ഥാപിച്ചിരിക്കുന്നു.” (പ്രവൃ13:47).

രക്ഷ ക്രിസ്തുവിലൂടെ മാത്രം: പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്നത് ഏശയ്യാ 45:22 ആണ്: “ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.” ‘സകല ഭൂസീമാവാസികളുമേ’ എന്നാണ് ശരിയായ തർജ്ജമ. പുതിയനിയമത്തിൽ പത്രോസും ഈ സുവിശേഷം ആവർത്തിക്കുന്നു: “വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.” (പ്രവൃ, 4:11-12). യേശുവിൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനോടുള്ള ബന്ധത്തിൽ ഏശയ്യാ പ്രവചനം 9:2 ഉദ്ധരിച്ചുകൊണ്ട് മത്തായി എഴുതിയിട്ടുണ്ട്: അന്ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിൻ്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു.” (4:16). ദൈവവചന സത്യങ്ങളെ അറിയാത്ത കാലത്തോളം മനുഷ്യർ അന്ധകാരത്തിലായിരിക്കും. അതുകൊണ്ടാണ് കർത്താവ് യൂദന്മാരോട് പറഞ്ഞത്: “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ, 8:32). ചില ശിഷ്യന്മാർ തന്നെ വിട്ടുപോയപ്പോൾ, യേശു പന്ത്രണ്ടു ശിഷ്യന്മാരോടായി ചോദിച്ചു: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവൻ്റെ വചനങ്ങള്‍ നിൻ്റെ പക്കലുണ്ട്‌.” (യോഹ, 6:67-68). യേശുവിൻ്റെ അവകാശ പ്രഖ്യാപനങ്ങളും ഈ വസ്തുത തന്നെയാണ് വെളിവാക്കുന്നത്: “വഴിയും സത്യവും ജീവനും ഞാനാണ്‌.” (യോഹ, 14:6). “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കല്‍ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” (മത്താ, 11:28). “ഞാനാണ്‌ ജീവൻ്റെ അപ്പം. എൻ്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.” (യോഹ, 6:35). “ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ, 8:12). “ഞാനാണ്‌ വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്‌ഷപ്രാപിക്കും.” (യോഹ, 10:9). “ഞാൻ നല്ല ഇടയനാണ്‌. നല്ല ഇടയൻ ആടുകള്‍ക്കുവേണ്ടി ജീവൻ അര്‍പ്പിക്കുന്നു.” (യോഹ, 10:11). “ഞാനാണ്‌ പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹ, 11:25). “ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എൻ്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌. എൻ്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.” (യോഹ, 15:1-2). ഇത് സധൈര്യം പറയാൻ സാക്ഷാൽ രക്ഷകന് മാത്രമേ കഴിയൂ. കാരണം, അവൻ മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചവനും, പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റവനും, എന്നേക്കും ജീവിക്കുന്നവനും, മരണത്തിന്മലും നരകത്തിന്മേലും അധികാരമുള്ളവനുമാണ്: “ഞാൻ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാൻ എന്നേക്കും ജീവിക്കുന്നു; മരണത്തിൻ്റെയും നരകത്തിൻ്റെയും താക്കോലുകൾ എൻ്റെ കൈയിലുണ്ട്‌.” (വെളി, 1:18). സൃഷ്ടിതാവായ ദൈവവും, നമ്മുടെ രക്ഷയും രക്ഷകനുമായ കർത്താവും, നമ്മുടെ മദ്ധ്യസ്ഥനായ മനുഷ്യനും ക്രിസ്തു തന്നെയാണ്; അവൻ മാത്രമാണ്: “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.” (1തിമോ, 2:4-5). ഈ കർത്താവായ യേശുക്രിസ്തുവിലൂടെ അല്ലാതെ, മനുഷ്യർക്ക് രക്ഷ സാദ്ധ്യമാകയില്ല.

സൽകർമ്മങ്ങൾകൊണ്ട് രക്ഷ പ്രാപിക്കുമോ?: സൽകർമ്മങ്ങൾ ചെയ്താൽ മോക്ഷം ലഭിക്കും; സ്വർഗ്ഗത്തിൽ പോകാം എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. എന്നാൽ, സൽകർമ്മങ്ങൾ മാത്രം ചെയ്താൽ രക്ഷപ്രാപിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. പ്രത്യുത, രക്ഷ പ്രാപിച്ചവർ അഥവാ, ക്രിസ്തുവിൻ്റെ അനുയായികൾ സൽകർമ്മങ്ങളിൽ തികഞ്ഞവരാകണമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ പ്രകൃതിയും (1യോഹ, 4:8), ക്രിസ്തുവിൻ്റെ സ്വരൂപവും (കൊളോ, 1:13), നിയമത്തിൻ്റെ പൂർത്തികരണവും (റോമാ, 10:13) സ്നേഹമായതുകൊണ്ട്, ദൈവമക്കളാകുന്നവർ അഥവാ, ക്രിസ്തുവിൻ്റെ ശിഷ്യന്മാർ സൽപ്രവൃത്തികൾക്കായി നിയമിക്കപ്പെട്ടവരാണ്: “നാം ദൈവത്തിൻ്റെ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സൽപ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌.” (എഫേ, 2:10). എന്നുവെച്ചാൽ, അവൻ ബലിയർപ്പിക്കപ്പെട്ടതുതന്നെ സൽപ്രവൃത്തികൾ ചെയ്യുന്നതിൽ തതീക്ഷ്ണതയുള്ള ഒരു ജനതയെ വാർത്തെടുക്കാനാണ്: “സൽപ്രവൃത്തികള്‍ ചെയ്യുന്നതിൾ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.” (തീത്തോ, 2:14). സൽപ്രവൃത്തികൾ ആരു ചെയ്താലും നല്ലതുതന്നെയാണ്. പക്ഷേ, രക്ഷ പ്രാപിക്കണമെങ്കിൽ അതിനു പിന്നിലെ മനോഭാവത്തിന് വലിയ പ്രസക്തിയുണ്ട്. ഇന്ന് ലോകത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്ന അനേകരെക്കാണാം. പലരും നിർമ്മല മനസ്സാക്ഷിയോടെയാണോ അത് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലർ തങ്ങളുടെ ദുഷ്കർമ്മങ്ങൾ മറച്ചുവെക്കാനും, മറ്റുചിലർ ലോകത്തിൻ്റെ പ്രശംസ പിടിച്ചുപറ്റാനും, ചുരുക്കം ചിലർ ആത്മാർത്ഥമായിട്ടും ചെയ്യുന്നു. ദരിദ്രനായ മനുഷ്യർക്ക് ഭക്ഷണം കൊടുത്തിട്ട് പ്രസിദ്ധമാക്കുന്നവൻ അവരെ ആക്ഷേപിക്കുകയും, ഉടുക്കുവാൻ കൊടുത്തിട്ട് പ്രസിദ്ധമാക്കുന്നവൻ അവർക്കുള്ള അമിമാനം ഉരിഞ്ഞുകളഞ്ഞ് അവരെ വിവസ്ത്രരാക്കുകയുമാണ് ചെയ്യുന്നത്. എന്നിട്ട് മറ്റുള്ളവർക്കും കൂടി പ്രചോദനമാകട്ടെ എന്നു കരുതിയാണ് പ്രസിദ്ധമാക്കുന്നതെന്ന് പറയും. ചിലപ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നത് ദരിദ്രൻ്റെ വേദനയായിരിക്കില്ല; ഇവർക്ക് കിട്ടുന്ന അനുമോദനങ്ങളായിരിക്കും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻവേണ്ടി ഭിക്ഷ കൊടുക്കുന്ന യൂദന്മാരെ ക്രിസ്തു അപലപിച്ചിട്ടുണ്ട്. മാത്രമല്ല, അവർക്ക് ലോകത്തിൽ ലഭിക്കുന്ന പ്രശംസ മാത്രമായിരിക്കും അവരുടെ പ്രതിഫലം; ദൈവത്തിൻ്റെ അടുക്കൽ പ്രതിഫലമുണ്ടാകില്ല: “മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്‌ഷ കൊടുക്കുമ്പോൾ നിൻ്റെ മുമ്പിൽ കാഹളം മുഴക്കരുത്‌. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.” (മത്താ, 6:2). സൽപ്രവൃത്തികളും ദാനധർമ്മങ്ങളും എങ്ങനെ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്: “നീ ധര്‍മ്മദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിൻ്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിൻ്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.” (മത്തായി 6:3-4). ഇനി ആത്മാർത്ഥമായിട്ടാണ് ഒരുവൻ സൽപ്രവൃത്തികൾ ചെയ്യുന്നതെങ്കിൽ, അവനെ ദൈവം ഏതുവിധേനയും രക്ഷിക്കുമെന്നും ബൈബിളിൽനിന്ന് മനസ്സിലാക്കാം. കേസറിയായില്ലെ ഇത്താലിക്കെ സൈന്യവിഭാഗത്തിലെ കൊര്‍ണേലിയൂസ്‌ എന്ന ശതാധിപൻ അതിനൊരു ഉദാഹരണമാണ്. (പ്രവ, 10:1). അവൻ വളരെ ദാനദർമ്മങ്ങൾ ചെയ്യുന്നവനും പ്രാർത്ഥിക്കുന്നവനും ആയിരുന്നു. അവനെ രക്ഷിക്കുവാൻ ദൈവത്തിനു പ്രസാദമായപ്പോൾ, ഒരു ദൈവദൂതനെ അവൻ്റെ അടുക്കൽ അയച്ചു. ദൂതൻ വന്ന് അവനോട് പറഞ്ഞത്: ‘നിൻ്റെ പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയിൽ നിന്നെ അനുസ്‌മരിപ്പിച്ചിരിക്കുന്നു” എന്നാണ്. തുടർന്ന്, കല്‍പണിക്കാരന്‍ ശിമയോൻ്റെ വീട്ടിൽ താമസിക്കുന്ന പത്രോസിനെ വിളിച്ചു സുവിശേഷം കൈക്കൊൾവാൻ ദൂതൻ ആവശ്യപ്പെട്ട പ്രകാരം, കൊര്‍ണേലിയൂസ്‌ പ്രവർത്തിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്തു. (പ്രവ, 10:1:48). പത്രോസ് പറയുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്: “അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.” (പ്രവ, 10:35). വിശ്വാസികളെല്ലാവരും സൽകർമ്മങ്ങൾ ചെയ്യണമെന്ന് ബൈബിളിൽ ഉടനീളം പറഞ്ഞിട്ടുണ്ട്: ‘സൽപ്രവൃത്തികളും നന്മയും ചെയ്യുന്നവര്‍ക്ക് ലോകത്തിലെ അധികാരികൾ ഭീഷണിയാകില്ലെന്നും’ (റോമാ, 13:3), ‘സൽകൃത്യങ്ങള്‍ ധാരാളമായി ചെയ്യാൻ വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാൻ കഴിവുറ്റവനാണ്‌ ദൈവമെന്നും’ (2കോറി, 9:8), ‘നിങ്ങളുടെ എല്ലാ സൽപ്രവൃത്തികളും ഫലദായകമാകുമെന്നും’ (കൊളോ, 1:10), ‘ദൈവഭയമുള്ള സ്‌ത്രീകൾ സൽപ്രവൃത്തികള്‍കൊണ്ട്‌ അലംകൃതരാകണമെന്നും’ (1 തിമോ, 2:10), ‘ധനവാന്മാർ സൽപ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആകണമെന്നും’ (1തിമോ, 6:18), ‘ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുമെന്നും’ (2തിമോ, 3:17), ‘നീ എല്ലാവിധത്തിലും സൽപ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുവാനും’ (തീത്തോ, 2:6), ‘ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്‌പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാനും’ (തീത്തോ, 3:8), ‘സൽപ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്കട്ടെയെന്നും’ (തീത്തോ, 3:14), ‘സൽപ്രവൃത്തികൾ ചെയ്യാൻ പരസ്‌പരം പ്രാത്സാഹിപ്പിക്കാനും’ (ഹെബ്രാ, 10:24), ‘സൽപ്രവൃത്തികൾ ചെയ്തുകൊണ്ട് നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്‌ഞതയെ നിശബ്‌ദമാക്കണം എന്നതാണ് ദൈവഹിതമെന്നും’ (1പത്രോ, 2;15) പറയുന്നു. സൽപ്രവൃത്തികൾ കൂടാതെ ക്രിസ്തീയജീവിതം ഫലരഹിതമായിരിക്കുമെന്ന് യാക്കോബ് ശ്ളീഹാ ഓർമ്മപ്പെടുത്തുന്നു: മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചു തരേണ്ടതുണ്ടോ? (യാക്കോ, 2:20).

ഉപസംഹാരം: സൃഷ്ടിതാവായ ദൈവവും, രക്ഷിതാവായ കർത്താവും, മദ്ധ്യസ്ഥനായ മനുഷ്യനും ക്രിസ്തു മാത്രമാണെന്ന് ബൈബിൾ അസങിഗ്ധമായി പ്രഖ്യാപിക്കുന്നു. മാറ്റംവരാൻ പാടില്ലാത്ത ഒന്നാം കല്പന പഴയനിയമത്തിലും പുതിയനിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്: “നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.” (പുറ, 20:2-3; നിയ, 5:6-7; മർക്കോ, 12:29). പുതിയനിയമത്തിൽ ക്രിസ്തു പത്ത് കല്പനകളെ രണ്ട് കല്പനകളായി സംഗ്രഹിച്ചിട്ടുണ്ട്. അതിൻ്റെ ഒന്നാമത്തെ കല്പന: “നീ നിൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ്ണമനസസ്സോടും കൂടെ സ്‌നേഹിക്കുക.ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.” (മത്താ, 22:37-38). മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാമത്തെ കല്പനയുടെ സാരം: നീ യാതൊന്നിനുവേണ്ടിയും ദൈവത്തെയല്ലാതെ മറ്റാരെയും ആശ്രയിക്കരുതെന്നാണ്. അപ്പോൾ, പ്രധാനവും പ്രഥമവുമായ പുതിയകല്പനയും ചേർത്ത് ചിന്തിക്കുമ്പോഴോ? മനുഷ്യർ ദൈവത്തോടുള്ള സ്നേഹവും, ആദരവും, ആശ്രയവും, പ്രാർത്ഥനയും, ഭക്തിയും, മഹത്വവും മറ്റൊരുത്തനും പങ്കുവെയ്ക്കാൻ പാടില്ല എന്നാണ്. ദൈവം ഏശയ്യാ പ്രവചനത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: “ഞാനാണു കര്‍ത്താവ്‌; അതാണ്‌ എൻ്റെ നാമം. എൻ്റെ മഹത്വം ഞാൻ മറ്റാര്‍ക്കും നല്‍കുകയില്ല; എൻ്റെ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.” (ഏശ, 42:8). എന്നാൽ ക്രൈസ്തവർ എന്നവകാശപ്പെടുന്ന ഒരു വലിയ വിഭാഗം പേർ കർത്താവിനേക്കാൾ അധികം പുണ്യവാളന്മാരിലും പുണ്യവതികളിലും അവരുടെ കൊത്തുവിഗ്രഹങ്ങളിലുമാണ് ആശ്രയിക്കുന്നത്. യേശുക്രിസ്തു മാത്രമാണ് ഏകമദ്ധ്യസ്ഥനെന്ന് ബൈബിൾ പ്രഖ്യാപിക്കുമ്പോൾ, ഇവർ നിദ്രപ്രാപിച്ച വിശുദ്ധന്മാരേയും വിശുദ്ധകളേയും മദ്ധ്യസ്ഥന്മാരായി അവരോധിച്ചിരിക്കയാണ്. ഇത് ദൈവകല്പനയുടെ നഗ്നമായ ലംഘനമല്ലെങ്കിൽ പിന്നെന്താണ്? പത്ത് കല്പനകളിൽ വിഗ്രഹാരധനയ്ക്കെതിരായി ശക്തമായ നിർദ്ദേശമുണ്ട്: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.” (നിയമാ, 5:8-10; പുറ, 20:4-6). ഇവർ കുമ്പിട്ട് നമസ്കരിക്കുകയും, പ്രാർത്ഥന അപേക്ഷിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങളുടെ നിസ്സഹായാവസ്ഥയും, അതിനെ ആശ്രയിക്കുന്നവരുടെ ഗതികേടും സങ്കീർത്തനക്കാരൻ പറയുന്നു: “ജനതകളുടെ വിഗ്രഹങ്ങൾ സ്വര്‍ണവും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്‌ക്കു വായുണ്ട്‌, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്‌, എന്നാല്‍ കാണുന്നില്ല. അവയ്‌ക്കു കാതുണ്ട്‌, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്‌, എന്നാല്‍ മണത്തറിയുന്നില്ല. അവയ്‌ക്കു കൈയുണ്ട്‌, എന്നാല്‍ സ്‌പര്‍ശിക്കുന്നില്ല; കാലുണ്ട്‌, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്‌ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്‌; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.” (സങ്കീ, 115:4-9; 135:15-18). ‘വിഗ്രഹാരാധകർ ആകരുതെന്നും’ (1കോറി, 10:7), ‘വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിനും’ (1യോഹ, 5:21), ‘വിഗ്രഹാരാധനയില്‍ നിന്ന്‌ ഓടിയകലുവിനെന്നും’ (1കോറി, 10:14), ‘വിഗ്രഹാരാധികളോടു സമ്പർക്കർക്കം അരുതെന്നും’ (1കോറി, 5:9-10), ‘വിഗ്രഹാരാധകർ ദൈവരജ്യം അവകാശമാക്കയില്ലെന്നും’ (1കോറി, 6:9-10), ‘വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്‌തുക്കളിൽ (നേർച്ചകൾ) നിന്നും അകന്നിരിക്കാനും’ (പ്രവ, 15:28; 21:25) പുതിയനിയമം അമർച്ചയായി കല്പിക്കുന്നു. സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കിൽ, വന്നുഭവിക്കുന്ന ശിക്ഷയെക്കുറിച്ച് ഹെബ്രായലേഖകൻ രേഖപ്പെടുത്തിയിട്ടുണ്ട്. 10:26-30). തുടർന്ന്, “ജീവിക്കുന്ന ദൈവത്തിൻ്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌” (ഹെബ്രാ, 10:31) എന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്. 04/04/2017 ചൊവ്വാഴ്ച സാന്തമാർത്ത വസതിയിൽ ദിവ്യബലി സന്ദേശം നൽകുമ്പോൾ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “ക്രൂശിതനായ യേശുവിലൂടെ മാത്രമേ രക്ഷ സാധ്യമാകുകയുള്ളൂ” എന്നാണ്. കർത്താവിൻ്റെ ശ്രേഷ്ഠ അപ്പൊസ്തലനും സഭയുടെ ഒന്നാമത്തെ മാർപ്പാപ്പയെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന പത്രോസിൻ്റെ “മറ്റാരിലും രക്‌ഷയില്ല” എന്ന വാക്കുകൽ വിശ്വസിക്കാത്തവർ, 266-മത്തെ മാർപ്പാപ്പയുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും? എന്നാൽ, യേശുക്രിസ്തു പറയുന്നു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കും.” (യോഹ, 11:40). ജീവനുള്ള ദൈവമായ നമ്മുടെ യേശുകർത്താവിൽ മാത്രം ആശ്രയിച്ചുകൊണ്ട്, അവനൊരുക്കിയ രക്ഷ സ്വായത്തമാക്കിക്കൊണ്ടും, ആത്മസന്തോഷത്തോടെ ജീവിപ്പാൻ സർവ്വകൃപാലുവായ ദൈവം എല്ലാവരേയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു; ആമേൻ!

ആദ്യജാതൻ

ആദ്യജാതൻ (firstborn)

മനുഷ്യരിലെ ആദ്യജാതനെയും മൃഗങ്ങളിലെ കടിഞ്ഞൂലിനെയും വ്യവഹരിക്കുവാൻ ഉപയോഗിക്കുന്ന എബ്രായ പദമാണ് ‘ബെഖോർ’ (bekore). ആദ്യജാതന്റെ അവകാശങ്ങളും ചുമതലകളും ഉൾക്കൊള്ളുന്ന പ്രയോഗമാണ് ജ്യേഷ്ഠാവകാശം. ബഹുഭാര്യാത്വ വ്യവസ്ഥിതിയിൽ പിതാവിന്റെ ആദ്യജാതനെയും മാതാവിന്റെ ആദ്യജാതനെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്. ആദ്യജാതൻ പിതാവിന്റെ ശക്തിയുടെ ആദ്യഫലമാണ് അഥവാ ബലത്തിന്റെ ആരംഭമാണ്. “രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ:” (ഉല്പ, 49:3. ഒ.നോ: ആവ, 21:17). ആദ്യജാതൻ കടിഞ്ഞൂലാണ്; അഥവാ, ആദ്യത്തെ ഗർഭം. കുടുംബത്തിൽ പിതാവിന് അടുത്തസ്ഥാനമാണ് ആദ്യജാതനുള്ളത്. യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുന്നതിനു യഹോവ മിസ്രയീമിന്മേൽ പത്തുബാധ വരുത്തി. പത്താമത്തെ ബാധയായിരുന്നു കടിഞ്ഞൂൽ സംഹാരം. ഫറവോന്റെ ആദ്യജാതൻ മുതൽ ദാസിയുടെ ആദ്യജാതൻ വരെയും മൃഗങ്ങളുടെ കടിഞ്ഞൂലും എല്ലാം സംഹരിക്കപ്പെട്ടു. ഈ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നും യിസ്രായേല്യ കടിഞ്ഞൂലുകളെ ഒക്കെയും യഹോവ സംരക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായി യിസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണൊക്കെയും യഹോവയ്ക്ക് വിശുദ്ധീകരിക്കപ്പെട്ടു. “ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീം ദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽ വരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു:” (പുറ, 13:15).

ആദ്യജാതന്റെ വിശുദ്ധീകരണം: മിസ്രയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. ഈ വിടുതലിന്റെ ലക്ഷ്യം അവരുടെ വിശുദ്ധീകരണം ആയിരുന്നു. യിസ്രായേലിലെ ആദ്യജാതനെ യഹോവ വിടുവിച്ചതുകൊണ്ട് അവൻ യഹോവയ്ക്ക് വിശുദ്ധമായിരിക്കണം. ആദ്യജാതന്റെ പ്രാതിനിധ്യ സ്വഭാവമാണ് വിശുദ്ധീകരണത്തിന്റെ അടിസ്ഥാന ഘടകം. ആദ്യജാതൻ എല്ലാ സന്തതിക്കും പകരമാണ്. ആദ്യജാതൻ പുരുഷവീര്യത്തിനു് പ്രാതിനിധ്യം വഹിക്കുന്നു: (ഉല്പ, 49:3; സങ്കീ, 78:51). ഉടമ്പടി ബന്ധത്തിൽ ദൈവത്തിന്റെ ആദ്യജാതരായ യിസ്രായേല്യർ വീണ്ടെടുക്കപ്പെട്ട സഭയുടെ ദേശീയ പ്രതിനിധികളും പുരോഹിതരാജ്യവും ആകുന്നു: (പുറ, 4:22,23; 19:6).

ആദ്യജാതന്റെ വീണ്ടെടുപ്പ്: ആദ്യജാതൻ കുടുംബത്തിന്റെ മുഴുവൻ പുരോഹിതനായിരുന്നു. ദൈവത്തിന്റെ കല്പനപ്രകാരം പൗരോഹിത്യം രൂബേൻ ഗോത്രത്തിൽനിന്നും ലേവി ഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 8:18). ആദ്യജാതൻ എന്ന നിലയ്ക്ക് പൗരോഹിത്യം രൂബേൻ ഗോത്രത്തിന്റെ അവകാശമാണ്. പുരോഹിതന്മാരായി ദൈവത്തെ സേവിക്കുവാൻ ദൈവം ലേവ്യരെ തിരഞ്ഞെടുത്തതിന്റെ ഫലമായി മറ്റുഗോത്രങ്ങളിലെ ആദ്യജാതന്മാർ വീണ്ടെടുക്കപ്പെട്ടു. ഒരു മാസം പ്രായമാകുമ്പോൾ അവരെ ദൈവത്തിനു സമർപ്പിക്കുകയും 5 ശേക്കെൽ കൊടുത്തു വീണ്ടെടുക്കുകയും ചെയ്യണം: (സംഖ്യാ, 18:16). യിസ്രായേലിലെ ആദ്യജാതരെ എണ്ണുമ്പോൾ അവർക്കുപകരമായി ലേവ്യരെ മാറ്റി നിറുത്തും. ഒരു വയസ്സും അതിൽ കൂടുതലുമുള്ള 22,273 ആദ്യജാതർ പന്ത്രണ്ടു ഗോത്രങ്ങളിലുമായി ഉണ്ടായിരുന്നു. ഇതിൽ 22,000 ലേവ്യർക്കായി 22,000 പേരെ മാറ്റി നിർത്തി. ശേഷിച്ച 273 പേരെ വീണ്ടെടുക്കേണ്ടതാണ്. ഇവരുടെ മോചനദ്രവ്യമായ 1,365 ശേക്കെൽ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണ്ടതാണ്: (സംഖ്യാ, 3:40-48). ദിവസം തികയുന്നതിനു മുമ്പു മരിക്കുകയാണെങ്കിൽ പിതാവ് മോചനദ്രവ്യം നൽകേണ്ടതില്ല എന്നു ധർമ്മോപദേഷ്ടാക്കന്മാർ പറയുന്നു. കുഞ്ഞ് രോഗിയോ, മററു കുഞ്ഞുങ്ങളെപ്പോലെ ശരിയായ വളർച്ചയില്ലാത്തതോ ആണെങ്കിൽ 5 ശേക്കെലിൽ കുറഞ്ഞ വീണ്ടെടുപ്പു പണം കൊടുത്താൽ മതിയാകും. മാതാപിതാക്കൾ ദരിദ്രരാണെങ്കിൽ വീണ്ടെടുപ്പു കർമ്മത്തിനു ശേഷം പണം തിരികെ കൊടുക്കും. അമ്മയുടെ ശുദ്ധീകരണകാലം തികയുമ്പോൾ പരസ്യമായി ദൈവത്തിനു സമർപ്പിക്കുന്നതിനായി കുഞ്ഞിനെ അമ്മ പുരോഹിതന്റെ അടുക്കലേക്കു കൊണ്ടുവരും: (ലൂക്കൊ, 2:22). ആദ്യത്തെ ആൺകുഞ്ഞിന് 30 ദിവസം തികയുന്ന ദിവസം ഈ വീണ്ടെടുപ്പു നിർവ്വഹിക്കുകയും പിറെറദിവസം സുഹൃത്തുക്കളെയും ഒരു പുരോഹിതനെയും ക്ഷണിച്ചു വിരുന്നു നടത്തുകയും ചെയ്യും. കുഞ്ഞിനു 13 വയസ്സു തികയുമ്പോൾ ,മിസ്രയിമിൽ വച്ചു ആദ്യജാതന സംരക്ഷിച്ചതിന്റെ സ്മരണയ്ക്കായി പെസഹായുടെ മുമ്പിലത്തെ ദിവസം അവൻ ഉപവസിക്കും.

മൃഗങ്ങളിലെ കടിഞ്ഞുലിന്റെ വീണ്ടെടുപ്പ്: മൃഗങ്ങളുടെ ആദ്യത്തെ ആൺകുഞ്ഞ് ദൈവത്തിനു സമർപ്പിക്കണം. ശുദ്ധിയുള്ള മൃഗമാണെങ്കിൽ അതിനെ യാഗം കഴിക്കണം. ജനിച്ച് എട്ടു ദിവസത്തിനുശേഷം ഒരു വർഷം തികയുന്നതിനു മുമ്പ് അതിനെ യാഗം കഴി ക്കണം: യാഗപീഠത്തിന്മേൽ അതിന്റെ രക്തം തളിക്കണം; കൊഴുപ്പ് കത്തിച്ചു കളയണം; ബാക്കി മാംസം പുരോഹിതനുള്ളതാകുന്നു: (സംഖ്യാ, 18:17. ഒ.നോ: പുറം, 13:13; 22:30; 34:20; നെഹൈ, 10:36). ഊനമുള്ള മൃഗമാണെങ്കിൽ ഉടമസ്ഥൻ അതിനെ ഭവനത്തിൽ വച്ചു ഭക്ഷിക്കും. യഹോവയ്ക്കുള്ളതായതിനാൽ യാഗത്തിനു മുമ്പ് ആ മൃഗത്തെക്കൊണ്ടു ജോലി ചെയ്യിപ്പിക്കുവാൻ പാടില്ല: (ആവ, 15:19). പുരോഹിതൻ നിശ്ചയിക്കുന്ന വില അനുസരിച്ചു അശുദ്ധിയുള്ള മൃഗങ്ങളിലെ കടിഞ്ഞൂലിനെ അഞ്ചിലൊന്നു കൂട്ടിക്കൊടുത്തു വീണ്ടെടുക്കും. മതിപ്പു വിലയ്ക്ക് അതിനെ വില്ക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുകയില്ല. കഴുതയെ ആട്ടിൻ കുട്ടിയെക്കൊണ്ടു വീണ്ടെടുത്തില്ല എങ്കിൽ കൊന്നു കളയേണം. “എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ല എങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം.നിന്റെ പുത്രന്മാരിൽ ആദ്യജാതന ഒക്കെയും നീ വീണ്ടുകൊള്ളണം:” (പുറ, 13:13; 34:20). യഹോവയ്ക്ക് അർപ്പിക്കുന്നവ അതിവിശുദ്ധമായതിനാൽ അവയെ മനുഷ്യർ വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുവാൻ പാടില്ല. “എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വില്ക്കയോ വീണ്ടെടുകയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു. മനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.” (ലേവ്യ, 27:28,29). ഈ നിയമം ഭൂമിയിലെ വിളവുകൾക്കും ബാധകമാണ്: (പുറ, 23:19: ആവ, 18:4).

ജ്യേഷ്ഠാവകാശം: യിസ്രായേലിലെ ആദ്യജാതന്മാരുടെ പ്രത്യേക ആനുകൂല്യങ്ങൾ, ഉത്തരവാദിത്വം എന്നിവയെയാണ് ജ്യേഷ്ഠാവകാശം സൂചിപ്പിക്കുന്നത്. ആദ്യജാതൻ മാതാപിതാക്കളുടെ പ്രത്യേകസ്നേഹത്തിനു പാത്രമാകുകയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നേടുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുള്ള ഒരു വിധവയെ ഒരാൾ വിവാഹം കഴിക്കുകയാണെങ്കിൽ ഈ വിവാഹത്തിലുള്ള ആദ്യ കുഞ്ഞിനെയാണ് ആദ്യജാതനായി കണക്കാക്കുന്നത്. മോശെയുടെ കാലത്തിനു മുമ്പ് പിതാവ് ജ്യേഷ്ഠാവകാശം ഇളയ കുഞ്ഞിനു നല്കുന്ന പതിവുണ്ടായിരുന്നു. ഈ രീതി പലപ്പോഴും വെറുപ്പിനും കലഹത്തിനും കാരണമായിത്തീർന്നു: (ഉല്പ, 25:31,32). തന്മൂലം ഈ നിയമത്തെ റദ്ദാക്കുന്ന മറ്റൊരു നിയമം കൊണ്ടുവന്നു: (ആവ, 21:15-17). ആദ്യജാതന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇവയാണ്. 1. മറ്റുള്ളവരേക്കാൾ ഇരട്ടി സ്വത്ത് ആദ്യജാതനു നല്കുന്നു. ഉദാഹരണമായി, നാല് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ സ്വത്തു അഞ്ചായി വിഭാഗിക്കും. ഇതിൽ മൂത്തമകനു ⅖ ഭാഗം ലഭിക്കും; ബാക്കിയുള്ളവർക്കു ⅕ ഭാഗം വീതവും. ഇഷ്ടയും അനിഷ്ടയും ആയ വണ്ടു ഭാര്യമാർ ഒരാൾക്കു ഉണ്ടെങ്കിൽ അനിഷ്ടയുടെ മകനാണ് ആദ്യജാതനെങ്കിൽ സ്വത്തിന്റെ രണ്ടു പങ്ക് അവനു കൊടുക്കണം: (ആവ, 21:15-17). വഷളത്തം നിമിത്തം യാക്കോബ് രൂബേനിൽ നിന്നും ജ്യേഷ്ഠാവകാശം എടുത്തുകളകയും (ഉല്പ, 49:4) യോസേഫിന്റെ ണ്ടു പുത്രന്മാരെ ദത്തെടുത്തു കൊണ്ട് ഈ അവകാശം യോസേഫിനു നല്കുകയും ചെയ്തു: (ഉല്പ, 48:20-22; 1ദിന, 5:1). 2. ആദ്യജാതൻ കുടുംബത്തിന്റെ തലവനാണ്. ആദ്യജാതനെന്ന നിലയ്ക്ക് പൌരോഹിത്യം രൂബേൻ ഗോത്രത്തിനായിരുന്നു. എന്നാൽ ഇതു ലേവിഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 18:18). പിതാവിന്റെ അധികാരം പോലെ ആദ്യജാതനു ഇളയവരുടെമേൽ അധികാരം ഉണ്ട്: (ഉല്പ, 35:23; 2ദിന, 21:3). കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണം വരെയും വിവാഹിതരാകാത്ത സഹോദരികളെ വിവാഹം വരെയും സംരക്ഷിക്കേണ്ടതാണ്.

പുതിയനിയമത്തിൽ: ആദ്യജാതനെക്കുറിക്കുന്ന പുതിയനിയമപദം പ്രൊട്ടൊടൊക്കൊസ് (prototokos) ആണ്. ആകെയുള്ള ഒൻപത് പരാമർശങ്ങളിൽ ഏഴെണ്ണവും ക്രിസ്തുവിനെ സൂചിപ്പിക്കുന്നു: (മത്താ, 1:25; ലൂക്കൊ, 2:7; റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). അടുത്ത രണ്ടെണ്ണമുള്ളത് എബ്രായ ലേഖനത്തിലാണ്. (11:28; 12:23). മിസ്രയീമ്യരുടെമേൽ ദൈവം അയച്ച പത്ത് ബാധകളിൽ അവസാനത്തെ ബാധയായ കടിഞ്ഞൂൽ സംഹാരകൻ അവരെ തൊടാതിരിക്കാൻ ചോരത്തളി ആചരിച്ചതിനെക്കുറിച്ച് പറയുന്നിടത്താണ് ആദ്യത്തേത്: “വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.” (11:28). രണ്ടാമത്തത്: ക്രിസ്തുവിൽ മരിക്കുന്നവർ എല്ലാം ആദ്യജാതന്മാരാണ്. ആദ്യജാതനുള്ള അവകാശങ്ങൾ ക്രിസ്തുവിലൂടെ ദൈവമക്കൾക്കു ലഭിക്കുന്നു. സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭ എന്നാണ് വിശ്വാസികളുടെ സമൂഹമായ സഭയെ വിളിക്കുന്നത്: (12:23). യിസ്രായേല്യർക്ക് കനാൻദേശം അവകാശമായി നൽകിയതുപോലെ പുതിയനിയമ വിശ്വാസികൾക്ക് അനേകം വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ട്: (എബ്രാ, 6:12). ദൈവരാജ്യം ( മത്താ . 25:34 ; 1കൊരി, 6:9,10; 15:50; ഗലാ, 5:21; എഫെ,5:5; യാക്കോ, 2:5), രക്ഷ (എബാ 1:14), അനുഗ്രഹങ്ങൾ (1പത്രൊ, 3:9), തേജസ്സ് (റോമ, 8:17,18), അദ്രവത്വം (1കൊരി, 15:50) തുടങ്ങിയവ ഓരോ വിശ്വാസിയുടെയും അവകാശമാണ്. എന്നാൽ യിസ്രായേലിനു വാഗ്ദത്തനിവൃത്തി പ്രാപിക്കുവാൻ കഴിഞ്ഞില്ല. “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെകൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏററവും നല്ലതൊന്നു മുൻകരു തിയിരുന്നു:” (എബ്രാ, 11:39,40). ആദ്യജാതനായ ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞ് പുതിയനിയമം സ്ഥാപിച്ചതിലൂടെയാണ് ഈ അവകാശങ്ങളെല്ലാം ലഭ്യമായത്: (എബ്രാ, 9:15-17). ആദ്യജാതന്മാർക്കുള്ള അവകാശങ്ങളുടെ ഉറപ്പും മുദ്രയും പരിശുദ്ധാത്മാവാണ്: (റോമ, 8:16,17; എഫെ, 1:14).

ആദ്യജാതനായ ക്രിസ്തു: ക്രിസ്തുവിനെ ഏഴുപ്രാവശ്യം ആദ്യജാതനെന്ന് പുതിയനിയമത്തിൽ വിളിച്ചിട്ടുണ്ട്. ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടി പുത്രനാണെന്നും, അല്ല, നിത്യപുത്രനാണെന്നും കരുതുന്നവരുണ്ട്. ജഡത്തിൽ വെളിപ്പെട്ട ദൈവത്തിൻ്റെ (1തിമൊ, 3:16) സ്ഥാനപ്പേര് മാത്രമാണ് ‘ആദ്യജാതൻ.’ ക്രിസ്തുവിനെ രണ്ടുനിലകളിൽ (അക്ഷരികം, ആത്മീകം) ആദ്യജാതനെന്ന് വിളിച്ചിട്ടുള്ളതായി കാണാം. ഒന്നാമത്; അക്ഷരികമായും ക്രിസ്തു മറിയയുടെ ആദ്യജാതനാണ്: (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കു യേശുവിനെ കൂടാതെ മറ്റുമക്കളും ഉണ്ടായിരുന്നു: (മത്താ, 12:40; 13:55,56; മർക്കൊ, 6:3). ആദ്യജാതനായതുകൊണ്ട് യേശുവിനെ കർത്താവിന് അർപ്പിക്കുവാൻ മറിയയും യോസേഫും യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോയി: (ലൂക്കൊ, 2:22-24). മൂത്തമകനെന്ന നിലയിൽ മരണസമ്മയത്ത് തൻ്റെ അമ്മയോടുള്ള കടമ യേശു നിറവേറ്റി: (യോഹ, 19:26,27). തന്നിൽ വിശ്വസിക്കാത്ത സ്വന്ത സഹോദരങ്ങളെക്കാൾ (യോഹ, 7:5) പ്രിയശിഷ്യൻ അമ്മയെ കരുതുമെന്ന് യേശുവനറിയാമായിരുന്നു. അതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്.

രണ്ടാമത്; ആത്മീകമായി ക്രിസ്തു സ്വർഗ്ഗീയ പിതാവിന്റെയും ആദ്യജാതനാണ്: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). 1. ക്രിസ്തു വീണ്ടുംജനിച്ചവർക്കെല്ലാം ആദ്യജാതനാണ്. അഥവാ, ആദ്യജാതനായ ക്രിസ്തു ദൈവമക്കളായ എല്ലാവരുടെയും ജ്യേഷ്ഠസഹോദരനാണ്: “ക്രിസ്തു മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). 2. യേശു സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു:” (കൊലൊ, 1:15). സർവ്വ സൃഷ്ടികളുടെയും ആദ്യനും സ്രഷ്ടാവും പരിപാലകനും മാത്രമല്ല, സർവ്വവും തനിക്കായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്: (കൊലൊ, 1:16,17). 3. ക്രിസ്തു സഭയ്ക്കും ആദ്യജാതനാണ്: ക്രിസ്തു ആദ്യഫലമായി മരിച്ചവരിൽനിന്ന് ഉയിർത്തതുകൊണ്ട് അവൻ ആദ്യജാതനും കർത്താവും നാഥനും സഭയുടെ ശിരസ്സും ആയിമാറി: (1കൊരി, 15:20-23). “ക്രിസ്തു സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു:” (കൊലൊ, 1:18). 4. മഹത്വത്തിലും ക്രിസ്തു ആദ്യജാതനാണ്: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). 5. മരിച്ചവരിലും ആദ്യജാതനാണ്: ക്രിസ്തുവിൻ്റെ മരണത്തിനു മുമ്പും പിമ്പും അനേകർ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. അവരൊക്കെ മരണത്തിലേക്കു തന്നെയാണ് ഉയിർത്തത്. അഥവാ, അവരൊക്കെ വീണ്ടും മരണത്തിനു കീഴടങ്ങി. ക്രിസ്തു മാത്രമാണ് എന്നേക്കും ജീവനിലേക്ക് ഉയിർത്തെഴുന്നേറ്റത്. അങ്ങനെയവൻ മരിച്ചുയർത്തവരിലും ആദ്യജാതനായി: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5).

‘ഏകജാതൻ’ കാണുക

“നീ കുരുടനാകുന്നു”

“നീ കുരുടനാകുന്നു”

യേശുക്രിസ്തു തന്റെ ഇഹലോകജീവിതത്തിൽ കാഴ്ചയുണ്ടായിരുന്നവരെ കുരുടന്മാരെന്നു വിളിച്ചിട്ടുണ്ട്. അവർക്കു കാഴ്ചയുണ്ടായിരുന്നിട്ടും കാണേണ്ടത് കാണേണ്ടതുപോലെ കാണുവാൻ കഴിയാതിരുന്നതുകൊണ്ടാണ് അവരെ കുരുടന്മാരെന്നു വിളിച്ചത്. ഉയിർത്തെഴുന്നേറ്റ കർത്താവ് ലവൊദിക്ക്യയിലെ സഭയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളിൽ ‘നീ കുരുടനാകുന്നു’ എന്ന് അരുളിച്ചെയ്തതു ശ്രദ്ധേയമാണ്. എന്തെന്നാൽ, ‘അന്ധത’ എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ടുഫ്ളോസ് എന്ന ഗ്രീക്കുപദം കണ്ണിന്റെയും കാതിന്റെയും മനസ്സിന്റെയും അന്ധതയെ അഥവാ പ്രവർത്തനരാഹിത്യത്തെ വിവക്ഷിക്കുന്നതാണ്. പ്രാചീന ലോകത്ത് നേത്രചികിത്സയ്ക്കും നേത്രലേപനങ്ങൾക്കും പ്രസിദ്ധിയാർജ്ജിച്ചിരുന്ന ലവൊദിക്ക്യയിലെ സഭ, അതിന്റെ ധനത്തിലും സമ്പന്നതയിലും ഊറ്റംകൊണ്ട് തങ്ങൾക്ക് ഒന്നിനും മുട്ടില്ലെന്നു പറഞ്ഞിരുന്നതായി കർത്താവ് അരുളിച്ചെയ്യുന്നു. (വെളി, 3:17). എന്നാൽ, “നീ ഉഷ്ണവാനും അല്ല, ശീതവാനും അല്ല” എന്നാണ് കർത്താവ് അവനെക്കുറിച്ച് അരുളിച്ചെയ്യുന്നത്. അതായത്, അവന്റെ ധനവും സമ്പന്നതയും നിലനിർത്തുവാൻ എന്തു വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറാകുന്ന അവൻ, നിർഭാഗ്യവാനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന് കർത്താവ് വെളിപ്പെടുത്തുന്നു. ധനത്തിന്റെ അഹന്തയിൽ കണ്ണും കാതും മനസ്സും ധനസമ്പാദനത്തിനായി ഏകാഗ്രമാക്കി മുമ്പോട്ടു പോകുന്നവർക്ക് മറ്റെന്തെങ്കിലും ശ്രദ്ധിക്കുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. അവർ നിർഭാഗ്യവാന്മാരും അരിഷ്ടരും നഗ്നരുമാണെന്നു മനസ്സിലാക്കിയ കർത്താവ് മാനസാന്തരപ്പെടുവാൻ അവരെ ഉദ്ബോധിപ്പിക്കുന്നു. കാലഘട്ടത്തിന് അനുസരണമായ മാറ്റങ്ങൾ ഉണ്ടാക്കുവാനാണെന്ന വ്യാജേന സർവ്വശക്തനായ ദൈവം കല്പിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ മറന്നു വിട്ടുവീഴ്ചകൾക്കും ഒത്തുതീർപ്പുകൾക്കും കൂട്ടുനിൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളോടും സമൂഹങ്ങളോടും സഭകളാടും ഉയിർത്തെഴുന്നേറ്റ യേശുവിന് പറയുവാനുള്ളത്; ‘നീ കുരുടനാകുന്നു’ എന്നത്രേ. ഭൗതികമായ ധനത്തിലും സ്ഥാനമാനങ്ങളിലും ഊറ്റംകൊള്ളുന്ന ഈ കുരുടന്മാർ കർത്താവിന്റെ ദൃഷ്ടിയിൽ നിർഭാഗ്യവാന്മാരും അരിഷ്ടന്മാരും നഗ്നരുമാണെന്ന് ലവൊദിക്ക്യസഭയിലൂടെ കർത്താവ് നമ്മെ ചൂണ്ടിക്കാണിക്കുന്നു. കേൾക്കുവാൻ, ചെവിയുള്ളവൻ കേൾക്കട്ടെ!

പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക

പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക

ക്രൈസ്തവ സഹോദരങ്ങൾ പ്രാർത്ഥനകൾക്ക് വളരെയേറെ പ്രാധാന്യം കല്പിക്കാറുണ്ട്. ദൈവാലയ ആരാധനകളിലെ പ്രാർത്ഥന, കൂട്ടായ്മ പ്രാർത്ഥന, ഭവന പ്രാർത്ഥന, കുടുംബ പ്രാർത്ഥന തുടങ്ങിയ പ്രാർത്ഥനകളെല്ലാം മണ്മയനായ മനുഷ്യനെ സർവ്വശക്തനായ ദൈവവുമായി ബന്ധിപ്പിക്കുവാനുള്ള മുഖാന്തരങ്ങളാണ്. എന്നാൽ ദൈവസന്നിധിയിലുള്ള നമ്മുടെ പ്രാർത്ഥനകൾ പരിശുദ്ധാത്മാവിൽ ആയിരിക്കണം എന്ന് അപ്പൊസ്തലനായ യൂദാ നമ്മെ ഉദ്ബോധിപ്പിക്കുന്നു: “നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യുദാ: 20,21). നാം എന്തു പ്രാർത്ഥിക്കണം എന്നോ ഏതു രീതിയിൽ പ്രാർത്ഥിക്കണമെന്നോ അറിയാതിരിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതകൾക്കു തുണനിന്ന് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നുവെന്ന് പൗലൊസ് റോമിലെ വിശ്വാസികളെ ഉപദേശിക്കുന്നു. (റോമ, 8:26). അങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ പ്രാർത്ഥനകളിലെ അവിഭാജ്യ ഘടകമായിത്തീരുമ്പോഴാണ് അവ ദൈവത്തിന്റെ സന്നിധിയിൽ പ്രാഗല്ഭ്യമുള്ളതായിത്തീരുന്നത്. യാന്ത്രികമായി ഉരുവിടുന്ന പ്രാർത്ഥനകളുടെ ദൈർഘ്യങ്ങളെക്കാളും അവയുടെ ആവർത്തനങ്ങളെക്കാളും ഉപരി പരിശുദ്ധാത്മനിറവിൽ എത്രമാത്രം പ്രാർത്ഥിക്കുവാൻ കഴിയുന്നുവെന്നതിനെ ആശ്രയിച്ചാണ് സർവ്വശക്തനായ ദൈവത്തിന്റെ കരങ്ങൾ നമ്മെ തൻ്റെ വേലയ്ക്ക് അധികമധികമായി ഉപയോഗിക്കുവാൻ മുഖാന്തരമൊരുക്കുന്നത്. അങ്ങനെ പ്രാർത്ഥിക്കുവാൻ കഴിയണമെങ്കിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളാണ് നാമെന്ന് ഓരോരുത്തരും തിരിച്ചറിയണം.

സ്നേഹത്തിന്റെ ഭാഷ്യം

സ്നേഹത്തിന്റെ ഭാഷ്യം

“ദൈവം സ്നേഹം ആകുന്നു” (1യോഹ, 4:8) എന്ന് സ്നേഹത്തിന്റെ അപ്പൊസ്തലനായ യോഹന്നാൻ ആവർത്തിച്ച് പ്രഖ്യാപിച്ചു. താൻ തന്റെ ശിഷ്യന്മാരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. പരസ്പരം സ്നേഹിക്കുമെങ്കിൽ തന്റെ ശിഷ്യന്മാരാകും (യോഹ, 13:35) എന്ന് അവരോടു അരുളിച്ചെയ്ത അരുമനാഥൻ ഈ ലോകത്തിൽ താൻ അവരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിൽ അതു പ്രവൃത്തിയിലൂടെ പ്രകടമാക്കി. യേശു അവരുടെ കാലുകൾ കഴുകി. സ്നേഹത്തിന്റെ അടിസ്ഥാന ഭാവങ്ങളായ സൗമ്യതയുടെയും വിനയത്തിന്റെയും എളിമയുടെയും പ്രകടനം വാക്കുകളിലൂടെയല്ല പിന്നെയോ, പ്രവൃത്തിയിലൂടെ അവർക്ക് അനുഭവമാക്കിക്കൊടുത്തു. എന്നാൽ ആത്മീയ ജീവിതത്തിൽ സ്നേഹം എന്ന പദത്തിനുള്ള അത്യഗാധമായ അർത്ഥം വെളിപ്പെടുത്തേണ്ടതിന് ‘അഗപ്പെ’ എന്ന ഗ്രീക്കുപദം പൗലൊസ് തിരുവചനത്തിലെ ‘സ്നേഹത്തിന്റെ അദ്ധ്യായം’ എന്നു വിളിക്കപ്പെടുന്ന 1കൊരിന്ത്യർ 13-ാം അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നു. മാതാപിതാക്കന്മാരോടും സഹോദരങ്ങളോടും മറ്റുമുള്ള രക്തബന്ധത്തിൽ അധിഷ്ഠിതമായ സ്നേഹത്തെ വിശേഷിപ്പിക്കുന്ന ‘സ്റ്റോർഗേ’ (Storge) എന്ന പദമോ, ലൈംഗികബന്ധത്തിൽ അധിഷ്ഠിതമായ സ്നേഹത്തെ വർണ്ണിക്കുന്ന ‘എറോസ്’ (Eros) എന്ന പദമോ, സ്നേഹിതരും മറ്റും പൊതുവായി പങ്കിടുന്ന സ്നേഹത്തെ വിശേഷിപ്പിക്കുന്ന ‘ഫീലിയോ’ (Phileo) എന്ന പദമോ അല്ല ദൈവത്തിന്റെ സ്നേഹത്തെയും ദൈവവുമായുള്ള ബന്ധത്തിൽ മനുഷ്യനുണ്ടായിരിക്കേണ്ട സ്നേഹത്തെയും വർണ്ണിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. അതിനായി ഉപയോഗിച്ചിരിക്കുന്ന ‘അഗപ്പെ’ എന്ന ഗ്രീക്കുപദം എല്ലാം ക്ഷമിക്കുന്നതും വഹിക്കുന്നതും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി യത്നിക്കുന്നതും ത്യാഗം സഹിക്കുന്നതുമായ സ്നേഹത്തെ വർണ്ണിക്കുന്നു. അതുകൊണ്ടാണ് ഒരുവൻ ദൈവിക കൃപകളുടെ ശ്രീഭണ്ഡാരമാണെങ്കിലും അഗപ്പെ അഥവാ ഈ ദിവ്യമായ സ്നേഹം ഇല്ലെങ്കിൽ ഏതുമില്ല എന്ന് അപ്പൊസ്തലൻ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്. ദൈവസ്നേഹം അഥവാ അഗപ്പെ ജീവിതത്തിലില്ലാതെ സർവ്വശക്തനായ ദൈവത്തിന്റെ കൃപകൾ ഉപയുക്തമാക്കുവാൻ കഴിയുകയില്ലെന്ന് അപ്പൊസ്തലൻ കൊരിന്തിലെ സഭയെ ഉദ്ബോധിപ്പിക്കുന്നു. എന്തെന്നാൽ ദൈവത്തിന്റെ കൃപകൾ വളരെയേറെയുണ്ടെന്ന് അഭിമാനിച്ചിരുന്ന കൊരിന്ത്യസഭ അസൂയയാലും ശത്രുതയാലും ഉണ്ടായ അന്തശ്ഛിദ്രങ്ങളാൽ ജീർണ്ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അഗപ്പെ എന്ന ദിവ്യമായ സ്നേഹത്തിന്റെ ഭാവതലങ്ങൾ എന്തെന്ന് അപ്പൊസ്തലൻ അവരെ ഉപദേശിക്കുന്നത്.

ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ആദിമാതാപിതാക്കളെ ദൈവസന്നിധിയിൽനിന്നു പുറത്താക്കിയതുമുതൽ ഇന്നുവരെയും ദൈവജനത്തെ തകർക്കുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ അഥവാ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് യോഹന്നാൻ ദൈവമക്കൾക്ക് മുന്നറിയിപ്പു നൽകുന്നു. “ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്ര ആകുന്നു” (1യോഹ, 2:16) എന്നു ചൂണ്ടിക്കാണിക്കുന്ന യോഹന്നാൻ, ദൈവമക്കളെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളാണ് വെളിപ്പെടുത്തുന്നത്. സാത്താൻ യേശുക്രിസ്തുവിനെ പരീക്ഷിച്ചതും ഇതേ തന്തങ്ങളുപയോഗിച്ചായിരുന്നു. ശാരീരിക സംതൃപ്തിക്കായുള്ള ക്രിയകൾ ചെയ്യുവാൻ സാത്താൻ നൽകുന്ന പ്രേരണയാണ് ജഡത്തിന്റെ ദുരാഗ്രഹം. വൃക്ഷഫലം ഭക്ഷിക്കുവാൻ നല്ലതാണെന്ന (ഉല്പ, 3:6) പ്രേരണ ഹവ്വായിൽ സൃഷ്ടിക്കുവാൻ പിശാചിനു കഴിഞ്ഞു. നാല്പതു ദിന ഉപവാസത്തിന്റെ അന്ത്യത്തിൽ വിശപ്പുണ്ടായ കർത്താവിനോടാണ് പിശാച് അഭ്യുദയകാംക്ഷിയെപ്പോലെ, “ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക” (ലൂക്കൊ, 4:3) എന്നു പറയുന്നത്. ഇങ്ങനെ ശാരീരിക സുഖത്തിനും ശ്രദ്ധയ്ക്കുമായുള്ളതും നിർദ്ദോഷമെന്നു തോന്നിക്കുന്നതുമായ ക്രിയകളിലൂടെ സാത്താൻ ദൈവമക്കളെ വീഴ്ത്തുവാൻ ശ്രമിക്കുന്നു. രണ്ടാമതായി, പിശാച് വിദഗ്ദ്ധമായി ദൈവമകളെ വീഴ്ത്തുവാൻ ശ്രമിക്കുന്നത് കണ്ണുകളുടെ ദുരാഗ്രഹത്തിലൂടെയാണെന്ന് യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നു. വൃക്ഷഫലം ഭക്ഷിക്കുന്നതിനായി ഹവ്വായ്ക്കു പ്രേരണ നൽകുന്നതിന് സാത്താൻ ഉപയോഗിച്ച ഒരു ഘടകം ആ വൃക്ഷഫലത്തിന്റെ കാണുവാനുള്ള ഭംഗിയായിരുന്നു. (ഉല്പ, 3:6). കർത്താവിനെ പിശാച് ഏറ്റവും ഉയർന്നൊരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും ക്ഷണനേരത്തിൽ കാണിച്ചു. (മത്താ, 4:8-11). കർത്താവിനെ അങ്ങനെ ആകർഷിച്ചു തകർക്കാമെന്നു കരുതിയെങ്കിലും കർത്താവ് അവന്റെ തന്ത്രങ്ങളെ തകർത്തു. ദൈവമക്കളെ ആകർഷണങ്ങളിലൂടെ കീഴ്പ്പെടുത്തുവാൻ സാത്താൻ ശ്രമിക്കും എന്നതിന് ഇവ ദൃഷ്ടാന്തമാകുന്നു. അവസാനമായി, ജീവിതത്തിന്റെ പ്രതാപത്തിനായുള്ള അഭിവാഞ്ഛയാൽ അഹന്ത സൃഷ്ടിച്ച് ദൈവജനത്തെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുമെന്ന് യോഹന്നാൻ മുന്നറിയിപ്പു നൽകുന്നു. വൃക്ഷഫലം ഭക്ഷിക്കുന്ന നാളിൽ ദൈവത്തെപ്പോലെ ആകും (ഉല്പ, 3:5) എന്ന് സാത്താൻ ഹവ്വായോടു പറഞ്ഞപ്പോൾ അത്യുന്നതനായ ദൈവത്തിന്റെ പദവി കരസ്ഥമാക്കുവാനുള്ള അഹന്ത അവളിൽ ഉടലെടുത്തു. ദൈവത്തെപ്പോലെ സർവ്വശക്തിയുടെയും മഹിമയുടെയും മഹത്ത്വത്തിന്റെയും ഉറവിടമായിത്തീരുവാനുള്ള അഹന്ത സൃഷ്ടിച്ച് പ്രതാപത്തിനായുള്ള അത്യാഗ്രഹത്താൽ സാത്താൻ അവളെ വീഴ്ത്തി. പിശാച് യേശുവിനെ തറനിരപ്പിൽനിന്ന് ഏതാണ്ട് 450 അടി ഉയരമുള്ള യെരുശലേം ദൈവാലയത്തിന്റെ അഗ്രത്തിൽ നിർത്തിയിട്ട് അവിടെനിന്നു താഴേക്കു ചാടിയാൽ ദൈവത്തിന്റെ ദൂതന്മാർ കാത്തുകൊള്ളുമെന്ന് തിരുവചനശകലംതന്നെ വളച്ചൊടിച്ചുദ്ധരിച്ചുകൊണ്ട് സമർത്ഥിച്ചു. യെരുശലേം ദൈവാലയത്തിൽ കൂടിവരുന്ന നൂറുകണക്കിനാളുകൾ പരുക്കൊന്നും കൂടാതെ താഴെ വരുന്ന യേശുവിൽ വിശ്വസിക്കുവാനും അങ്ങനെ യേശുവിന് പ്രസിദ്ധനായിത്തീരുവാനും കഴിയുമെന്നുള്ള മോഹവലയത്തിൽ യേശുവിനെ കുടുക്കാമെന്നു ധരിച്ച സാത്താനെ യേശു തോല്പിച്ചു. ജീവിതത്തിന്റെ അഹന്തയാൽ പേരും പെരുമയും നേടുവാൻ കാംക്ഷിക്കുന്നവരെ പ്രലോഭനങ്ങൾകൊണ്ട്, പിശാച് വീഴ്ത്തും എന്ന് യോഹന്നാൻ അപ്പൊസ്തലൻ മുന്നറിയിപ്പ് നൽകുന്നു.

നാവ് എന്ന തീ

നാവ് എന്ന തീ

ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച് എടുത്തുപയോഗിക്കുമെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഹോദരങ്ങൾപോലും വീണു പോകുവാൻ ഇടയാകുന്നത് ചില ദുർബ്ബല നിമിഷങ്ങളിൽ അവരിൽനിന്നു പുറപ്പെടുന്ന വാക്കുകളിലൂടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിനു ശരീരത്തെ മുഴുവൻ ദഹിപ്പിച്ചുകളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും യാക്കോബ് മുന്നറിയിപ്പു നൽകുന്നു. (യാക്കോ, 3:1-12). ദൈവത്തെ സ്തുതിക്കുന്ന അതേ നാവു കൊണ്ടുതന്നെ മനുഷ്യനെ ശപിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ ദൈവകൃപ നഷ്ടപ്പെടുത്തുന്നവരും, അവരുടെ വാക്കുകളോടു പ്രതികരിക്കുന്നവരുടെ കൃപകൾ നഷ്ടപ്പെടുത്തുന്നവരുമാണെന്ന് അവർ അറിയുന്നില്ല. തങ്ങളുടെ നാവുകൾ മൂർച്ചയുള്ള വാളുകളായി മറ്റുള്ളവരെ കീറിമുറിക്കുവാൻ ഉപയോഗിക്കുന്നവർക്ക് യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനവും മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ സൗമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ത്യാഗവും വിശുദ്ധിയും വ്യക്തിജീവിതങ്ങളിൽ നഷ്ടപ്പെടുമ്പോഴാണ്, അവരിലൂടെ പിശാച് വാഗ്വാദങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച് അവരുടെയും മറ്റനേകരുടെയും ആത്മീയ ജീവിതങ്ങൾ തകർത്തുകളയുന്നത്. അവഹേളനങ്ങളും ആക്ഷേപങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപണങ്ങളും അഗ്നിജ്വാലകളായി മറ്റുള്ളവരുടെ നാവുകളിൽനിന്നു പുറത്തുവരുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ പ്രകോപിതരായി പ്രതികരിക്കരുതെന്ന്, “നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” (കൊലൊ, 4:6) എന്ന് പൗലൊസിന്റെ വചസ്സുകൾ ഉദ്ബോധിപ്പിക്കുന്നു.

വിശ്വാസം പ്രവൃത്തിയാൽ പ്രകടമാക്കണം

വിശ്വാസം പ്രവൃത്തിയാൽ പ്രകടമാകണം

അബ്രാഹാമിന്റെ വിശ്വാസം മാതൃകയാക്കുവാൻ തിരുവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (റോമ, 4; ഗലാ, 3; എബ്രാ, 11; യാക്കോ, 2). ദൈവത്തിന്റെ ന്യായപ്രമാണവും ദൈവാലയങ്ങളും, ദൈവത്തെക്കുറിച്ച് അറിയുവാനും വിശ്വസിക്കുവാനും യാതൊരു മുഖാന്തരവും, ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അബ്രാം ദൈവത്തിന്റെ വിളിയെ അനുസരിച്ച്, എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചത്. തുടർന്ന് ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ച് ഇരുപത്തഞ്ചു വർഷം കാത്തിരുന്നശേഷം തനിക്കു ലഭിച്ച മകനെ യാഗമായി അർപ്പിക്കുവാൻ ദൈവം കല്പ്പിച്ചപ്പോൾ, യാതൊരു ഉപാധിയും കൂടാതെ അത് അനുസരിക്കുവാൻ അവൻ തയ്യാറായി. ഇതത്രേ അബ്രാഹാമിന്റെ വിശ്വാസത്തിന്റെ മഹത്ത്വവും മനോഹരത്വവും. അബ്രാഹാമിന്റെ പ്രവൃത്തിയാൽ അവന്റെ വിശ്വാസം പൂർണ്ണമായി എന്ന് യാക്കോബ് സാക്ഷ്യപ്പെടുത്തുന്നു. (യാക്കോ, 2:22). ദൈവത്തിൽ വിശ്വാസമുളവാക്കുവാൻ ഇന്ന് തിരുവചനവും സഭകളും ദൈവാലയങ്ങളും ദൈവത്തിന്റെ അഭിഷിക്തന്മാരും മഹത്തായ ഒരു ക്രൈസ്തവ പാരമ്പര്യവും മറ്റും ഉണ്ടെങ്കിലും, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം എപ്രകാരം ഉള്ളതാണെന്ന് പ്രകടമാക്കേണ്ടത് നമ്മുടെ പ്രവൃത്തികളാലാണ്. ദൈവത്തിന്റെ ശബ്ദം കേട്ട് ലാഭമായതൊക്കെയും ചേതമെന്ന് എണ്ണിക്കൊണ്ട്, ദൈവത്തെ അനുസരിക്കുവാൻ നമുക്ക് കഴിയണം. ദൈവത്തിനുവേണ്ടി ഏതു സാഹചര്യത്തിലും എന്തും പ്രവർത്തിക്കുവാൻ മടിക്കാത്ത വിശ്വാസമാണ് ദൈവത്തിന് ആവശ്യം. അവർക്കു മാത്രമേ ദൈവിക ദൗത്യങ്ങൾ ദൈവഹിതപ്രകാരം പൂർത്തീകരിക്കുവാൻ കഴിയൂ!

വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

ദൈവം താൻ സൃഷ്ടിച്ചവയെല്ലാം നല്ലതെന്നു കണ്ടു. എന്നാൽ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യൻ ഏകാകിയായിരിക്കുന്നതു മാത്രം നല്ലതല്ലെന്ന് അരുളിച്ചെയ്തു. മനുഷ്യന്റെ സന്തോഷപൂർണ്ണതയ്ക്കാവശ്യമായ ഒരു തുണയെ പക്ഷിമൃഗാദികളിൽ അവൻ അനേഷിച്ചുവെങ്കിലും കണ്ടുകിട്ടിയില്ല. ആകയാൽ ദൈവം അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്ത് അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അവൾ അവന്റെ ശരിര മനസ്സുകളുടെ ഭാഗമാണ്. ഭാര്യയെയും ഭർത്താവിനെയും ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങളായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ഒരു ദേഹമായിത്തീരേണ്ട രണ്ടു ഭാഗങ്ങൾ . ഭാര്യയുടെ വാക്കുകേട്ട് പാപം ചെയ്ത് ദൈവത്താൽ ശിക്ഷിക്കപ്പെടുമ്പോഴും ദൈവം അവരുടെ ഭാര്യാഭർതൃബന്ധത്തെ തകർക്കുകയല്ല, പ്രത്യുത ഉറപ്പിക്കുകയാണ് ചെയ്യുന്നത്. “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടാകും; അവൻ നിന്നെ ഭരിക്കും?” (ഉല്പ, 3:16). ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണതയേറിവന്നപ്പോൾ കർത്താവ് അവരോട്: “ദൈവം യോജിപ്പിച്ച്തിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു കല്പിച്ചു. (മത്താ, 19:6). ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണമെങ്കിൽ അവർക്ക് ജീവിതവിശുദ്ധി ഉണ്ടായിരിക്കണം. വിവാഹജീവിതത്തിൽ വിശുദ്ധമായ ഭാര്യാഭർതൃബന്ധം ഉറപ്പുവരുത്തുവാൻ പത്തു കല്പനകളിൽ രണ്ടെണ്ണത്തെ ദൈവം അതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. വ്യഭിചാരം ചെയ്യരുത്, അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്. എന്തെന്നാൽ വ്യഭിചാരത്തിൽ ഏർപ്പെടുന്ന അഥവാ അവിഹിതബന്ധമുള്ള ഒരു ഭാര്യക്കോ ഭർത്താവിനോ തന്റെ ഇണയുമായി ഏക ദേഹിയായിത്തീരുവാൻ കഴിയുകയില്ല. കുടുംബജീവിതത്തിൽ ഭാര്യാഭർതൃബന്ധം തകരുന്നത്, വിവാഹമോചനങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്, ലൈംഗിക അരാജകത്വത്താൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതവിശുദ്ധി നഷ്ടമാക്കുന്നതിനാലാണ്. വിവാഹത്തിനു മുമ്പുള്ള ലൈംഗികവേഴ്ചയും വിവാഹജീവിതത്തിന്റെ വിശുദ്ധിയെയും പരിപാവനതയെയും നശിപ്പിക്കുന്നു. അതുകൊണ്ടാണ് “വിവാഹം എല്ലാവർക്കും മാന്യവും വിവാഹശയ്യ വിശുദ്ധവും ആയിരിക്കട്ടെ” (എബ്രാ, 13:4) എന്ന് അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നത്. വിവാഹജീവിതം ശിഥിലമായിത്തീർന്ന് കുടുംബബന്ധങ്ങൾ തകരാതിരിക്കണമെങ്കിൽ ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണം. അതിന് സമ്പൂർണമായ ജീവിതവിശുദ്ധി അത്യന്താപേക്ഷിതമാണ്.