യേശുക്രിസ്തുവിൻ്റെ ദൈവം

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണു് അല്ലെങ്കിൽ, യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്ന് വളരെ ലാഘവത്തോടെ പറയുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ട്. എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്ന് ഒരു വിശ്വാസിക്ക് പറയാൻ കഴിയുമോ? നമുക്ക് പിതാവായ ഏകദൈവമാണുള്ളത്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; യോഹ, 17:3; എഫെ, 4:6). ക്രിസ്തു പിതാവായ ഏകദൈവത്തെ, “എൻ്റെ പിതാവു” എന്നും (മത്താ, 11:27; 15:13; 18:35) “എൻ്റെ ദൈവം” എന്നും സംബോധന ചെയ്തിരിക്കുന്നതു കാണാം: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിനു് സ്തുതി കരേറ്റുന്നതായും കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:5; 1പത്രൊ, 1:3). അതിനാൽ പിതാവായദൈവം ദൈവപുത്രനായ യേശുവിൻ്റെ “പിതാവും ദൈവവും” ആണെന്നെ കാര്യത്തിൽ ആർക്കും സംശയമൊന്നും വേണ്ട. യേശുവെന്ന ക്രിസ്തുവിനെ അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചവരും ദൈവത്തിൻ്റെ മക്കളുമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ,  5:1. ഒ.നോ: യാക്കോ, 1:18; 1പത്രൊ, 1:23). “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26. ഒ.നോ: 1യോഹ, 3:1; 3:2). അപ്പോൾ, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” ക്രിസ്തു ആരെയാണോ സംബാധന ചെയ്തത്, “യേശുക്രിസ്തുവിന്റെ ദൈവം” എന്നു അപ്പൊസ്തലന്മാർ ആരെയാണോ സംബോധന ചെയ്തത്, അവൻ തന്നെയാണ് നമ്മെ ജനിപ്പിച്ച “നമ്മുടെ പിതാവും ദൈവവും.” അക്കാര്യത്തിലും ആർക്കും സംശയമൊന്നും വേണ്ട. അതിനാൽ, ക്രിസ്തു, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” സംബോധന ചെയ്യുന്നവനും വിശ്വാസികൾ, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” സംബോധന ചെയ്യുന്നവനും ഒരുത്തൻതന്നെയാണ് എന്നത് ആത്യന്തികമായ സത്യമാണ്. അതുകൊണ്ട്, എൻ്റെയും യേശുവിൻ്റെയും ദൈവം ഒന്നാണെന്ന് വിശ്വാസിക്ക് പറയാമെന്നു തോന്നുന്നത് സ്വാഭാവികം. എന്നാൽ ഒരു മനുഷ്യനും അങ്ങനെ പറയാൻ അവകാശമില്ല എന്നതാണ് വസ്തുത. അത് മനസ്സിലാകണമെങ്കിൽ ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയണം. അപ്പോൾ, മനുഷ്യർക്കും ദൂതന്മാർക്കും ദൈവവുമായുള്ള ബന്ധംപോലെയല്ല, ദൈവവും തൻ്റെ ക്രിസ്തുവുമായി ഉള്ളതെന്ന് മനസ്സിലാകും. 

ക്രിസ്തു ആരാണ്? ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 316). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (സങ്കീ, 40:6എബ്രാ, 10:5മത്താ, 1:21. ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18സങ്കീ, 49:7-9എബ്രാ, 2:12; മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20; 1യോഹ, 3:5). “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) ദൈവവചനത്തിലുള്ളത്:“ (യോഹ, 5:44). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ 

ദൈവപുത്രൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും[

ക്രിസ്തു പറയുന്നത് നോക്കുക: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ ശിഷ്യന്മാരേ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോടു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു വേർതിരിച്ചാണ് പറയുന്നത്. മനുഷ്യനായ ക്രിസ്തുവിനു് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. ക്രിസ്തുവിനും നമുക്കും ദൈവത്തോടുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, “എൻ്റെ ദൈവമെന്നും നിങ്ങളുടെ ദൈവമെന്നും” അവൻ വേർതിരിച്ചു പറയുമായിരുന്നോ? ദൂതന്മാരും മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6; ഉല്പ, 1:27). ആദാമിനെ ദൈവത്തിൻ്റെ മകൻ എന്ന് വിളിച്ചിരിക്കുന്നപോലെ, ദൂതന്മാരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ലൂക്കൊ, 3:38; ഇയ്യോ, 1:6). അതിനാൽ, ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്: (വെളി, 7:9-12. – 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതാണെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, “ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും” എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും “ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ” പറഞ്ഞിട്ടില്ല. യേശുവിനും മനുഷ്യർക്കും ദൈവവുമായുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, “എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു പറയാതെ; “നമ്മുടെ പിതാവും നമ്മുടെ ദൈവവും” എന്ന് പറയുമായിരുന്നു. “നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ” അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. “എൻ്റെ പിതാവ്” (മത്താ, 11:27; 15:13; 18:35), “എൻ്റെ ദൈവം” (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) എന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ “എൻ്റെ ദൈവം നിങ്ങളുടെ ദൈവം” എന്ന് വേർതിരിച്ചു പറയാതെ “നമ്മുടെ പിതാവു്, നമ്മുടെ ദൈവം” എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ നമ്മെപ്പോലെ സൃഷ്ടിയല്ല; ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ ബന്ധമാണ് “പിതാവും ക്രിസ്തുവും” തമ്മിൽ ഉണ്ടായിരുന്നത്. അതുകൊണ്ടാണ്, “എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു അവൻ വേർതിരിച്ചു പറഞ്ഞത്.

അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). പൗലൊസ് ക്രിസ്തുവിനെ സാമാന്യമനുഷ്യരിൽനിന്നു വേർതിരിച്ചു പറയുന്നത് ശ്രദ്ധിക്കുക. അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് നസറായനായ യേശുവെന്ന മനുഷ്യനെയാണ്: (പ്രവൃ, 2:23-24; 2:36; 5:31). എങ്കിലും അവൻ അവൻ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല; പാപരഹിതനായ ഏകമനുഷ്യനാണ്: (1യോഹ, 3:5; റോമ, 5:15.). അതിനാലാണ്, പൗലൊസ് അപ്പൊസ്തലൻ സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, മനുഷ്യനായ ക്രിസ്തുയേശുവാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചതെന്നും (1തിമൊ, 2:5-6) യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്നും (1കൊരി, 15:21) ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃയാലുള്ള ദാനമാണ് രക്ഷയെന്നും അവൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (റോമ, 5:15പ്രവൃ 15:11). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ ക്രിസ്തു നമ്മുടെ ഗുരുവും നായകനും കർത്താവുമാണ്: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: പ്രവൃ, 2:36; 5:31). നമ്മുടെ ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6). അടുത്തവാക്യം:  “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). ഈ വേദഭാഗത്തും ക്രിസ്തുവിനെ സാമന്യ മനുഷ്യരിൽനിന്നു വേർതിരിച്ചും ശ്രേഷ്ഠനാക്കിയുമാണ് പറയുന്നത്. അവൻ ഏതു പുരുഷൻ്റെയും അഥവാ, എല്ലാ പുരുഷന്മാരുടെയും തലയും (1കൊരി, 11:3) സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായുമാണ്: (കൊലൊ, 2:10). അതിനാൽ ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണെന്നു പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.

ക്രിസ്തുവിൻ്റെ സഹോദരന്മാരും അവൻ്റെ ദാസന്മാരും: ദൈവപുത്രനായ യേശുക്രിസ്തു ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്ന് സംബോധന ചെയ്തിട്ടുണ്ട്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗത്ത്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നു പറഞ്ഞിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: (മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). അടുത്തവാക്യം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഈ വാക്യത്തിൽ, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നത്. നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). എന്നാൽ ക്രിസ്തു ശിഷ്യന്മാരെ “സഹോദരന്മാർ” എന്ന് സംബോധന ചെയ്തിട്ടുണ്ട് എന്നല്ലാതെ, അപ്പൊസ്തലന്മാർ ക്രിസ്തുവിനെ “സഹോദരൻ” എന്ന് സംബോധന ചെയ്തിട്ടുണ്ടോ? അവർ ക്രിസ്തുവിനെ തങ്ങളുടെ സഹോദരൻ” എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നുമാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ “ദാസൻ” ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്: “ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു.” (റോമർ 1:1-3). ഇവിടെ, “യേശുക്രിസ്തുവിൻ്റെ ദാസൻ” എന്നാണ് പൗലൊസ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. “ദാസൻ” (Servent) എന്നത് ഗ്രീക്കിൽ, “ഡ്യൂലൊസ്” (δοῦλος – doulos) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അടിമ” (slave) എന്നാണ്. പൗലൊസ് മാത്രമല്ല; പത്രൊസും തന്നെത്തന്നെ ക്രിസ്തുവിൻ്റെ ദാസാനായാണ് ഗണിച്ചിരുന്നത്: (2പത്രൊ, 1:1). ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും തങ്ങളെ “ക്രിസ്തുവിൻ്റെ ദാസൻ” എന്നാണ് പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1. ഒ.നോ: 1കൊരി, 9:5; ഗലാ, 1:19). യേശുവിനൊപ്പം ഒരമ്മയുടെ വയറ്റിൽജനിച്ച യാക്കോബും യൂദായുംപോലും അവൻ തങ്ങളുടെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട്, തങ്ങളെ അവനോട് തുലനം ചെയ്യാൻ ശ്രമിച്ചില്ലെന്നോർക്കുക. വിശ്വാസികളും ക്രിസ്തുവിൻ്റെ ദാസന്മാർ (അടിമകൾ) ആണ്: (1കൊരി, 7:22; ഗലാ, 1:10; എഫെ, 6:6). അപ്പൊസ്തലന്മാരോ, അവൻ്റെ സ്വന്ത സഹോദരനന്മാരോ ആരും അവനെ തങ്ങൾക്ക് സമനായി പറയുകയോ, ക്രിസ്തുവിനെയും ചേർത്തുകൊണ്ട്, “ഞങ്ങളുടെ ദൈവമെന്നോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം” എന്നോ പറഞ്ഞിട്ടില്ല. “എൻ്റെ ദൈവം” എന്നും “യേശുക്രിസ്തു ദൈവം” എന്നും പൗലൊസ് വേർതിരിച്ചാണ് പറയുന്നത്: (റോമ, 1:8; എഫെ, 1:3). മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം ജഡത്തിൽ വെളിപ്പെട്ടു മനുഷ്യസാദൃശ്യത്തിലായി അഥവാ, മനുഷ്യരോട് താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ, അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? അതിനാൽ ബൈബിൾ വിരുദ്ധമായി, “എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്നു” ഒരു വിശ്വാസി പറഞ്ഞാൽ, അവൻ തന്നെത്തന്നെ ക്രിസ്തുവിനോട് തുല്യനാക്കുകയാണ് ചെയ്യുന്നത്. അതിനെ വചനം വിലക്കുന്നു.

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (ഗലാ, 1:1-2; 1കൊരി, 11:3; യോഹ, 20:17). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പരിശുദ്ധ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:15റോമ, 3:12; 5:12). അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3). അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല. അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്: ❶അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്. ❷ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്. ❸അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ: യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെ കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11). ❹അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്. ❺അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]. ❻മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്. ❼അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല.. പിന്നെങ്ങനെ, ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണെന്നു പറഞ്ഞുകൊണ്ട് എന്നെത്തന്നെ അവനോടു് തുലനം ചെയ്യാൻ കഴിയും❓ അവൻ നമ്മുടെ രക്ഷിതാവായ കർത്താവാണ്: (പ്രവൃ, 2:36). അതാരും മറന്നുപോകരുത്.

2 thoughts on “യേശുക്രിസ്തുവിൻ്റെ ദൈവം”

Leave a Reply

Your email address will not be published. Required fields are marked *