ക്രിസ്തുയേശുവിലുള്ള ഭാവം

ക്രിസ്തുയേശുവിലുള്ള ഭാവം:
2:5. ❝ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
2:6. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7. വിചാരിക്കാതെ ദാസരൂപം എടുത്തു
2:8. മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.❞ (ഫിലി, 2:5-8)
➦ ഈ വേദഭാഗപ്രകാരം ക്രിസ്തുവിനു് ദൈവത്തോട് സമത്വമുണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. ➟എന്നാൽ അതൊന്നുമല്ല, ക്രിസ്തുയേശുവിൻ്റെ ഭാവമാണ് (മനോഭാവം) ഈ വേദഭാഗത്തിൻ്റെ വിഷയം. ➟അവൻ്റെ ഭാവം വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് പറയുന്നത്:
❶ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല,
❷ ദാസരൂപം എടുത്തു,
❸ മനുഷ്യസാദൃശ്യത്തിലായി,
❹ തന്നെത്താൻ ഒഴിച്ചു,
❺ വേഷത്തിൽ മനുഷ്യനായി,
❻ തന്നെത്താൻ താഴ്ത്തി,
❼ ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി.
➦ അവിടെ പറഞ്ഞിരിക്കുന്ന ഏഴുകാര്യങ്ങളും യഥാർത്ഥത്തിലാണെങ്കിൽ, സത്യേകദൈവത്തിൻ്റെ പ്രകൃതിക്ക് യോജിക്കുന്നതല്ല. ➟ദൈവം ഒന്നേയുള്ളെന്ന് ട്രിനിറ്റിയും സമ്മതിക്കുന്നതാണ്. ➟❝ട്രിനിറ്റിയുടെ ഏകദൈവം വിഭിന്നരായ മൂന്നു വ്യക്തികളുടെ സാരാശമാണ്. ➟എന്നാലവിടെ പറയുന്നത്, ത്രിത്വത്തിലെ വ്യക്തികളെന്ന് ട്രിനിറ്റി പറയുന്ന പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ട്രിനിറ്റിയുടെ മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തോടുള്ള സമത്വമെന്നാണ് പറയുന്നത്. ➟അതിനാൽ, ❝അവൻ (ക്രിസ്തു) ദൈവരൂപത്തിലിരിക്കെ ദൈവത്തോഉള്ള സമത്വം മുറുകെപ്പിടിച്ചില്ല❞ എന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അവൻ ത്രിത്വസാരാംശമായ ദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വദൈവമായി മാറും. ➟ത്രിത്വംതന്നെ കുഴപ്പംപിടിച്ച ഉപദേശമാണ്; അപ്പോൾ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വവും ആയാലോ❓ ➟അതിനാൽ, അതൊന്നുമല്ല അവിടുത്തെ വിഷയമെന്ന് വ്യക്തമാണ്. ➟ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ താഴ്മയുടെ ഭാവത്തെ വർണ്ണിക്കാൻ ❝ദൈവരൂപത്തിലിരുന്നവൻ ദൈവസമാനത മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി❞ എന്ന് പൗലൊസ് ആലങ്കാരികമായി അല്ലെങ്കിൽ, ആത്മീയമായി പറയുന്നതാണ്.❞ (1തിമൊ, 2:5-6) ➟അതിനു് വ്യക്തമായ ഒരു കാരണമുണ്ട്; അതെന്താണെന്ന് താഴെ മനസ്സിലാക്കാം:
☛ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറ്റമില്ലാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44; Joh 17:3). ➟ഈ ദൈവത്തോടു സമത്വമുള്ളവനാണ് ക്രിസ്തു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും❓
ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല:
➦ ദൈവം ഒരുത്തൻ മാത്രമാണ്; ദൈവത്തിനു് സമനായോ, സദൃശനായോ ആരുമില്ലെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (ആവ, 4:39; 2രാജാ, 19:15; സങ്കീ, 35:10; സങ്കീ, 40:5). ➟പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God) താൻ മനുഷ്യനാണന്നും, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും പിതാവ് എൻ്റെ ദൈവമാണെന്നുമാണ് യേശു പഠിപ്പിച്ചത്: (Joh 17:3; യോഹ, 8:40; യോഹ, 14:28; യോഹ, 10:29; യോഹ, 20:17). ➟ബന്ധം വ്യത്യസ്തമാണെങ്കിലും, സകല ജഡത്തിൻ്റെയും ദൈവമായ യഹോവ ക്രിസ്തുവിൻ്റെയും ദൈവമാണ്: (യിരെ, 32:27; മർക്കൊ, 12:29മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). ➟യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ കാണാം: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31റോമ, 15:5; 2കൊരി, 1:3; എഫെ, 1:3; എഫെ, 1:17; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവ് തന്നെക്കാൾ വലിയവനാണെന്നും തൻ്റെ ദൈവമാണെന്നും താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറയുമ്പോൾ, അവനു് ദൈവത്തോട് സമത്വമില്ലെന്നും, ദൈവത്തോടുള്ള സമത്വം എന്നത് ആലങ്കാരികമാണെന്നും മനസ്സിലാക്കാമല്ലോ❓ [കാണുക: എൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം, ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയോ?]
❷ ദാസരൂപം എടുത്തു:
➦ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17). ➟അഥവാ, അവൻ സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥാഭേദം വരുന്ന അസ്ഥിരനായ ദൈവമല്ല; മാറ്റമില്ലാത്തവനാണ്: (മലാ, 3:6). ➟അതിനാൽ, തൻ്റെ സ്ഥായിയായ സ്വരൂപം ത്യജിച്ചുകൊണ്ട് നേരിട്ട് മറ്റൊരു രൂപം എടുക്കാൻ ദൈവത്തിനു് പറ്റില്ല. ➟അതിനാൽ, ദാസരൂപം എടുത്തു എന്നത് അക്ഷരാർത്ഥത്തിൽ അല്ലെന്ന് വ്യക്തമാണല്ലോ❓
മനുഷ്യസാദൃശ്യത്തിലായി:
➦ സ്വർഗ്ഗസിംഹാസനത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ക്രിസ്തുവിൻ്റെ പിതാവിനു് മനുഷ്യസാദൃശ്യം ഉണ്ടെന്നുള്ളത് സത്യമാണ്: (മത്താ, 18:11യെഹെ, 1:26). ➟എന്നാൽ ക്രിസ്തുവിന് മനുഷ്യസാദൃശ്യമല്ല; അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയോ, 9:32). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) അഥവാ, താൻ ദൈവമല്ല; മനുഷ്യനാണെന്നാണ് ക്രിസ്തു പറഞ്ഞത്: (Joh 17:3യോഹ, 8:40). ➟തന്മൂലം, ദൈവം നേരിട്ട് മനുഷ്യസാദൃത്തിലായതോ, മനുഷ്യനായതോ അല്ല യേശു എന്ന് മനസ്സിലാക്കാമല്ലോ❓
തന്നെത്താൻ ഒഴിച്ചു:
➦ ❝വിശ്വസ്തനായ ദൈവത്തിനു് തൻ്റെ സ്വഭാവം ത്യജിപ്പാൻ കഴികയില്ല❞ എന്നാണ് വചനം പറയുന്നത്: (2തിമൊ, 2:13). ➟❝arnēsasthai gar heauton ou dynatai❞ എന്ന ഗ്രീക്ക് പ്രയോഗത്തിൻ്റെ അർത്ഥം: ❝അവന്നു തന്നെത്തന്നെ ത്യജിക്കാൻ കഴിയില്ല❞ (He cannot deny himself) എന്നാണ്. [കാണുക: BIB]. ➟അതായത്, ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ (പ്രകൃതി) യാതൊന്നും ത്യജിച്ചിട്ട് മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. ➟ഒറ്റവാക്കിൽ പറഞ്ഞാൽ: സത്യേകദൈവത്തിനു് അവതാരം (Incarnation) സാദ്ധ്യമല്ല. ➟അതിനാൽ, തന്നെത്താൻ ഒഴിച്ചു എന്നത് യഥാർത്ഥത്തിലല്ലെന്ന് വ്യക്തമാണല്ലോ❓
വേഷത്തിൽ മനുഷ്യനായി:
➦ മാറ്റമില്ലാത്ത ദൈവത്തിനു് മനുഷ്യനായി വേഷംമാറാൻ കഴിയില്ല. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം❞ എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ക്രിസ്തു വേഷത്തിൽ മാത്രമാണ് മനുഷ്യനെങ്കിൽ, താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് വചനവും സത്യംചെയ്ത് പറയുമായിരുന്നില്ല. ➟അപ്പോൾ, വേഷത്തിൽ മനുഷ്യനായി എന്നതും ആലങ്കാരികമാണെന്ന് മനസ്സിലാക്കാമല്ലോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
തന്നെത്താൻ താഴ്ത്തി:
➦ ശാശ്വതവാനും മാറ്റമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ ദൈവത്തിനു് തന്നെത്താൻ താഴ്ത്താൻ സാദ്ധ്യവുമല്ല; താൻ അത്യുന്നതനാകയാൽ, തന്നെത്താൻ ഉയർത്തേണ്ട ആവശ്യവുമില്ല: (സങ്കീ, 90:2; മലാ, 3:6; 2തിമൊ, 2:13പ്രവൃ, 7:48). ➟എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18) വിശുദ്ധപ്രജ (ലൂക്കൊ, 1:35) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യനായതാണെങ്കിൽ, പരിശുദ്ധത്മാവ് അവനെ മറിയയിൽ ഉല്പാദിപ്പിക്കേണ്ട കാര്യമില്ലല്ലോ. ➟തന്മൂലം, തന്നെത്താൻ താഴ്ത്തി എന്നത് ആലങ്കാരികമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ❼ ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി:
➦ ❝താൻ മാത്രം അമർത്യതയുള്ളവൻ❞ എന്നാണ് ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് മരിക്കയും ദൈവം മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തതാണ്: ❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). ➟ഒരു മരണമില്ലാത്ത ദൈവവും ഒരു മരണമുള്ള ദൈവവുമുണ്ടെന്നോ, ഒരു ദൈവത്തെ മറ്റൊരു ദൈവം ഉയിർപ്പിച്ചെന്നോ, മരണമില്ലാത്ത ദൈവം വേഷത്തിൽ മനുഷ്യനായി വന്ന് മരിച്ചെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, മേല്പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
പ്രസ്തുത വേദഭാഗത്തെ വിഷയം:
➦ ക്രിസ്തുയേശുവിലുള്ള ഭാവം അഥവാ, മനോഭാവമാണ് അവിടുത്തെ വിഷയം. ➟ദൈവത്തോടു സമത്വമുള്ള ദൈവമാണ് ക്രിസ്തു എന്നാശയമല്ല പ്രസ്തുത വേദഭാഗത്തുള്ളത്. ➟പ്രത്യുത, ❝ദൈവരൂപത്തിലിരുന്നവൻ അഥവാ, ദൈവമായിരുന്നവൻ ആ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായിത്തീർന്നു❞ എന്നതാണ് അവിടുത്തെ ആശയം. ➟എന്നാൽ അത് അക്ഷരാർത്ഥത്തിലല്ല; ആലങ്കാരികമായി അല്ലെങ്കിൽ, ആത്മീയ അർത്ഥത്തിലാണ് പറയുന്നത്. ➟അതായത്, ❝ക്രൂശിലെ മരണത്തോളം താഴ്മയുള്ള ക്രിസ്തുവിൻ്റെ മനോഭാവം വർണ്ണിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ ദൈവം, തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി❞ എന്ന് പൗലൊസ് ആത്മീയാർത്ഥത്തിൽ പറയുന്നതാണ്. ➟അല്ലാതെ, ദൈവത്തിനു് തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മനുഷ്യനോ, മറ്റൊന്നോ ആകാൻ കഴിയില്ല. 
എന്തുകൊണ്ടാണ്, ക്രിസ്തുവിൻ്റെ ❝താഴ്മ❞ എന്ന ഭാവം വർണ്ണിക്കാൻ, ❝ദൈവരൂപത്തിലിരുന്നവൻ അഥവാ, ദൈവമായിരുന്നവൻ ദൈവത്വം മുറുകെപ്പിടിക്കാതെ മനുഷ്യനായി❞ എന്ന് പറയുന്നത്? ➟അതറിയണമെങ്കിൽ ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ് എന്നറിയണം.
ക്രിസ്തു എന്താണ്?
➦ ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIVStudy Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). ➟അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16; 1കൊരി, 2:7യിരെ, 10:10; 1പത്രൊ, 1:20). ➟പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും അതാണ്: (കൊലൊ, 2:2)
ക്രിസ്തുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18സങ്കീ, 49:7-9എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]. ➟ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), ❝മനുഷ്യനായ നസറായനായ യേശു❞ (പ്രവൃ, 2:23), ❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝മനുഷ്യൻ❞ (1കൊരി, 15:21), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോൾ മാത്രമാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, ദൈവത്തോട് സമത്വമുള്ളവനായി സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനാണെന്ന് എങ്ങനെ പറയും❓
അതായത്, ക്രിസ്തു തന്നെത്താൻ താഴ്ത്തി മനുഷ്യനായതല്ല; പിതാവായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ ഉല്പാദിപ്പിക്കുകയായിരുന്നു: ❝അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (1തിമൊ, 3:15-16മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18; ലൂക്കൊ, 1:35). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു. [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും]
➦ ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്:
(1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). ➟അപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതനായതും സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും: (എബ്രാ, 5:9; എബ്രാ, 7:26). ➟അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതനായിത്തീർന്നു എന്നാണ് എബ്രായലേഖകൻ പറയുന്നത്. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവൻ ദൈവരൂപത്തിൽ ദൈവത്തോടു സമനായി എങ്ങനെ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും❓
ഉപസംഹാരം:
➦ ക്രിസ്തു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ക്രിസ്തുവിൻ്റെ ❝താഴ്മ❞ എന്ന മനോഭാവം വർണ്ണിക്കാൻ, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവം തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി എന്ന് പൗലൊസ് ആലങ്കാരികമായി പറയുന്നത്: (1തിമൊ, 3:15-16).

Leave a Reply

Your email address will not be published. Required fields are marked *