☛ യാക്കോബ്മല്ലുപിടിച്ചത് ദൈവത്തോടാണെന്നും ആ ദൈവം യേശുക്രിസ്തു ആയിരുന്നു എന്നൊക്കെ ചില ത്രിത്വവിശ്വാസികൾ വിചാരിക്കുന്നു. അതിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം: “രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോൿ കടവു കടന്നു. …. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; …. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. …. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. …. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.” (ഉല്പ, 32:22-30).
☛ മേല്പറഞ്ഞ വേദഭാഗത്ത്, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്ന് പറഞ്ഞിരിക്കയാൽ, യാക്കോബ് മല്ലുപിടിച്ചത് ദൈവത്തോടാണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ചത് ദൈവത്തോടല്ല; ഒരു പുരുഷനോടാണ്. (ഉല്പ, 32:24). എന്നാൽ പ്രസ്തുത വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ഒരു ദൂതനാണെന്ന് വ്യക്തമാകും:
❶ പുരുഷൻ:
➦ “അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.” (ഉല്പ, 32:24). ഇവിടെപ്പറയുന്ന “പുരുഷൻ” (Man) എബ്രായയിൽ “Ish” (אִישׁ֙) ആണ്. ഇത്, പുല്ലിംഗ ഏകവചന നാമപദമാണ് (Masculine Singular Noun). അതായത്, മനുഷ്യരിലെ ”പുരുഷനെ” കുറിക്കുന്ന പദമാണ്. “ദൂതൻ/ദൂതന്മാർ” മനുഷ്യരൂപത്തിൽ വന്നിരിക്കുന്ന പല വേദഭാഗങ്ങൾ തിരുവെഴുത്തുകളിൽ കാണാം: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ട മൂന്ന് പുരുഷന്മാരിൽ (Three Men) രണ്ടുപേർ ദൂതന്മാരാണെന്ന് (Ha-Mal’akhim – Angels) അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 18:22 – ഉല്പ, 19:1). ഇവിടെ, “പുരുഷന്മാർ” (Men) എന്നർത്ഥത്തിൽ “Anashim” (אֲנָשִׁים) എന്ന പുല്ലിംഗ ബഹുവചന നാമപദമാണ് (Masculine Plural Noun) ഉപയോഗിച്ചിരിക്കുന്നത്. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയായ ദൂതനെ യോശുവ കണ്ടത്, “ആൾ/പുരുഷൻ” (Man) ആയിട്ടാണ്. എബ്രായയിൽ “Ish” ആണ്: (യോശു, 5:13-14). ഗബ്രീയേൽ ദൂതനെ ദാനീയേൽ പ്രവാചകൻ ഒരു “പുരുഷൻ” (Ish – Man) ആയിട്ടാണ് കണ്ടത്: (ദാനീ, 9:21). സെഖര്യാപ്രവാചകൻ കണ്ട “പുരുഷനും” (Ish – Man) ദൂതൻ മനുഷ്യനായി വന്നതാണ്: (സെഖ, 1:8-9).
❷ നീ ദൈവത്തോട് മല്ലുപിടിച്ചു:
➦ “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.” (ഉല്പ, 32:28). “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു” എന്ന് ആ പുരുഷനും “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല” എന്ന് യാക്കോബും പറയുന്നതുകൊണ്ടാണ് (ഉല്പ, 32:30) അവൻ ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ യഹോവയുടെ ദൂതനെ “ദൈവം” (god) എന്ന് വിളിക്കുന്ന പല ഭാഗങ്ങളുണ്ട്: “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.” (ന്യായാ, 13:21-22). ആദ്യവാക്യത്തിൽ “യഹോവയുടെ ദൂതൻ” എന്ന് രണ്ടുപ്രാവശ്യം പറഞ്ഞശേഷം, “ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും” എന്ന് പറയുന്നതാ ശ്രദ്ധിക്കുക. ഇവിടെ ദൈവത്തെ കുറിക്കുന്ന “എലോഹീം” (elohim) എന്ന പദമാണ്. ➟“നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ഇവിടെ എബ്രായയിൽ, “മനുഷ്യപുത്രനെ ദൈവത്തെക്കാൾ (എലോഹീം) അല്പം മാത്രം താഴ്ത്തി” എന്നാണ്. എന്നാൽ LXX-ലും KJV, NKJV, NIV മുതലായ മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും, പുതിയനിയമ ഉദ്ധരണിയിലും “ദൂതന്മാരെക്കാൾ (Angles) അല്പം മാത്രം താഴ്ത്തി” എന്നാണ്. (എബ്രാ, 2:7).
☛ അതായത്, “ദൈവം” (God/god) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “എലോഹീം” (Elohim – God) എന്ന പദം സത്യദൈവത്തിന് മാത്രമല്ല; ദൂതന്മാർക്കും ജാതികളുടെ ദേവീദേവന്മാർക്കും യിസ്രായേലിനും മോശെയ്ക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 8:5 ⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃ സങ്കീ, 82:1; സങ്കീ, 82:6 – യോഹ, 10:34-35 ⁃ പുറ, 4:16; പുറ, 7:1). “എലോഹീം” എന്ന പദത്തിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാണ്: (2രാജാ, 19:35). അതുകൊണ്ടാണ്, “ശക്തനായവനോട് മല്ലുപിടിച്ചു ജയിച്ചു” എന്ന അർത്ഥത്തിൽ “എലോഹീമിനോട് മല്ലുപിടിച്ചു ജയിച്ചു” എന്ന് പറഞ്ഞിരിക്കുന്നത്. വചനപരമായ ചില തെളിവുകളും അവിടെക്കാണാം:
❸ തുടയുടെ തടം തൊട്ടു:
➦ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, യാക്കോബിൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. സത്യദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല.
❹ എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ:
➦ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്: “എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ” എന്നാണ്. ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
❺ തനാഖ്:
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളായ തനാഖിൽ (Tanakh) ഇംഗ്ലീഷ് പരിഭാഷയുമുണ്ട്. അതിൽ “ദൂതൻ” (Angel) എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: “And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.” [കാണുക: Gen, 32:28, Tanakh]. യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: “And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.” [കാണുക: Gen, 32:30, Tanakh].
❻ വിശുദ്ധഗ്രന്ഥം:
➦ സുറിയാനി (അരാമിക്) മൂലഗ്രന്ഥമായ പെശീത്തയിൽ (Peshitta) നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത “വിശുദ്ധഗ്രന്ഥം” പരിഭാഷയിൽ രണ്ട് വാക്യങ്ങളിലും “മാലാഖ” (Angel) എന്നാണ്: “അവന് ഇവനോട്: ഇനിയും നിന്റെ പേര് വിളിക്കപ്പെടുന്നത് യാക്കോബ് എന്നല്ല, എന്നാലോ ഇസ്രായേല്‍ എന്നായിരിക്കും. എന്തെന്നാല്‍ നീ മാലാഖയോടും മനുഷ്യനോടും ബലപ്രയോഗം നടത്തി ജയിച്ചിരിക്കുന്നു.” (ഉല്പ, 32:28), ➟“യാക്കോബ് ആ സ്ഥലത്തിനു പെനൂയേല് എന്നു പേരു വിളിച്ചു. എന്തെന്നാല്‍ ഞാന്‍ മാലാഖയെ മുഖാമുഖം കണ്ടിട്ടും എന്റെ പ്രാണന് വിടുവിപ്പിക്കപ്പെട്ടല്ലോ, എന്ന് അവന് പറഞ്ഞു.” (ഉല്പ, 32:30)
❼ ഹോശേയ പ്രവചനം:
➦ പ്രവാചകനായ ഹോശേയ യാക്കോബിന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ ഉപമയായി (Analogy/Example) എടുത്തുകൊണ്ട്, അവൻ്റെ സന്തതികളായ യിസ്രായേൽ ജനത്തോട് അല്ലെങ്കിൽ എഫ്രയീമിനെക്കുറിച്ച് പറയുമ്പോൾ, അക്കാര്യം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: “അവൻ (യാക്കോബ്) ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” (ഹോശേ, 12:3-5). ഉല്പത്തിയിൽ പറയുന്നതുപോലെ “ദൈവത്തോട് പൊരുതി” എന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം: “അവൻ ദൂതനോടു പൊരുതി ജയിച്ചു” എന്ന് അടുത്ത വാക്യത്തിൽ പറയുന്നത് ശ്രദ്ധിക്കുക. അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ഇത്, എബ്രായ കാവ്യരചനയിലെ “പര്യായ സമാന്തരത്വം” (Synonymous Parallelism) എന്നൊരു രീതിയാണ്. അതായത്, ഒരേ ആശയത്തെ വ്യത്യസ്ത പദങ്ങൾകൊണ്ട് ആവർത്തിച്ച് പറയുന്ന രീതി. ഇയ്യോബിലും സങ്കീർത്തനങ്ങളിലും ഇതാവർത്തിച്ച് കാണാം: (ഇയ്യോ, 8:3; 23:16; സങ്കീ, 28:1; 91:1). യഥാർത്ഥത്തിൽ ദൈവത്തോടാണ് അവൻ പൊരുതിയതെങ്കിൽ, “അവൻ ദൂതനോടു പൊരുതി ജയിച്ചു” രണ്ടാമത് പറയില്ലായിരുന്നു.
❽ Tanakh:
➦ തനാഖിൻ്റെ (Tanakh) രണ്ട് വാക്യങ്ങളിലും ദുതൻ (Angle) എന്നുതന്നെയാണ്: “In the womb, he seized his brother’s heel, and with his strength he strove with an angel. He strove with an angel and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.” [കാണുക: Tanakh].
❾ Visudhagrandham:
“അവന്റെ പ്രവൃത്തികള്‍ക്കനുസരിച്ച് അവനു പകരം ചെയ്യും. അവന് ഉദരത്തില്‍ വച്ചു തന്റെ സഹോദരന്റെ കുതികാല് പിടിച്ചു. തന്റെ ശക്തിയാല്‍ ദൈവ മുമ്പില്‍ ശ്രേഷ്ഠനായി. അവന് ദൂതനോട് പൊരുതി ജയിച്ചു. അവന് കരഞ്ഞു അവനോട് അനുഗ്രഹം അപേക്ഷിച്ചു.” (ഹോശെ, 12:3-4). വിശുദ്ധഗ്രന്ഥം പരിഭാഷയുടെ ആദ്യഭാഗം: “ദൈവത്തോടു പൊരുതി” എന്നതിന് പകരം, “തന്റെ ശക്തിയാല്‍ ദൈവ മുമ്പില്‍ ശ്രേഷ്ഠനായി” എന്നാണ്. അടുത്തഭാഗം: “അവന് ദൂതനോട് പൊരുതി ജയിച്ചു” എന്നാണ്. അതായത്, അവൻ ദൈവത്തോടല്ല; ദൂതനോടാണ് പൊരുതിയതെന്ന് ഇവിടെ വ്യക്തമായി മനസ്സിലാക്കാം.
❿ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി:
➦ ഹോശേയയുടെ 4-5 വാക്യങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കുക: “അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. ഇവിടെ വ്യക്തമായി പറയുന്ന ഒരുകാര്യമുണ്ട്: യാക്കോബ് യഹോവയെ കണ്ടതും സംസാരിച്ചതും യാബോക്ക് കടവിൽവെച്ചല്ല; ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 – 35:1; 35:7; 48:3).
☛ അതായത്, ദൈവം യാക്കോബിന് പ്രത്യക്ഷമായത് രണ്ടുപ്രാവശ്യമാണ്. പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃ 35:1; 35:7. 35:9-10; 48:3). രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). പദ്ദൻ-അരാമിൽനിന്ന് തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ യാബോക്ക് നദി കടന്ന് ദൂതനുമായി മല്ലുപിടിച്ചശേഷം ലൂസ് എന്ന ബേഥേലിൽ വീണ്ടും എത്തിയപ്പോഴാണ്, ദൈവം അവന് രണ്ടാമത് പ്രത്യക്ഷനായത്: (ഉല്പ, 35:9-10; 48:3). അവൻ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7).