വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

ഗലാത്യർ:
“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (3:16 <-> 3:19) “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച (ചെയ്യപ്പെട്ട) സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.”

“പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ഒരു വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതി ബൈബിളിലുണ്ട്.” വാഗ്ദത്തസന്തതിയെ അറിയാതെ; ബൈബിൾ എന്താണെന്നോ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആരാണെന്നോ, ദൈവത്തിൻ്റെ ക്രിസ്തു ആരാണെന്നോ, ബൈബിൾ വെളിപ്പെടുത്തുന്ന രക്ഷാകരപ്രവൃത്തി എന്താണെന്നോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം:

വിഷയാനുക്രമം
ആമുഖം
1. ഭൗമികസന്തതിയും ആത്മികസന്തതിയും
2. വാഗ്ദത്തം
3. വാഗ്ദത്തവും ന്യായപ്രമാണവും
4. പഴയനിയമവും പുതിയനിയമവും
5. ന്യായപ്രമാണവും ആത്മികസന്തതിയും
6. ഭൗമികസന്തതി
7. ആത്മികസന്തതി
8. അബ്രാഹാമ്യനിയമം
9. യിസ്ഹാക്കെന്ന വാഗ്ദത്തസന്തതി
10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി
11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി
12. യാക്കോബിന്റെ വാഗ്ദത്തസന്തതി
13. ദാവീദിൻ്റെ വാഗ്ദത്തസന്തതി
14. ദാവീദിൻ്റെ വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ
15. നിശ്ചലകൃപകൾ
16. ദൈവപുത്രനും ആദ്യജാതനും
17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു
18. ഭൗമികസന്തതിയുടെ രാജത്വം
19. വാഗ്ദത്തങ്ങളും അഭിധാനങ്ങളും
20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ
21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ
22. ലോകാവകാശിയായ സന്തതി
23. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ
24. പ്രഥമസുവിശേഷവും സുവിശേഷവും
25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ
26. രക്ഷിതാവായ ആത്മികസന്തതി
27. നിങ്ങൾ നിമിത്തം അന്ത്യകാലത്ത് വെളിപ്പെട്ടവൻ
28. ജാതികളുടെ പ്രകാശം
29. ജാതികളുടെ രക്ഷ
30. ജാതികളുടെ നിയമവും ന്യായാധിപനും
31. രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ
32. ഭൗമികസന്തതിയുടെ ശാശ്വതാവകാശം
33. ആത്മികസന്തതി ആരാണ്?
34. ആത്മികസന്തതിയുടെ പ്രകൃതി
35. ദൈവത്തിൻ്റെ പ്രകൃതി
36. ദൈവത്തിൻ്റെ പ്രത്യക്ഷത
37. യഹോവയും ആത്മികസന്തതിയും
38. ദൈവവും മനുഷ്യനും
39. ക്രിസ്തുവും ദൈവപുത്രനും
40. ആത്മികസന്തതി ദൈവമല്ല
41. അപ്പൊസ്തലന്മാരുടെ സാക്ഷ്യം
42. ഞാനും പിതാവും ഒന്നാകുന്നു
43. പുതിയനിയമം
44. രാജ്യസ്ഥാപകൻ
45. ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ
46. എനിക്കായി ഒരു ശരീരം ഒരുക്കിയിരിക്കുന്നു
47. മിസ്രയീമിൽ നിന്ന് വിളിച്ചുരുത്തിയ മകൻ
48. ദൈവം ജനിപ്പിച്ച പുത്രൻ
49. ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശിശുദ്ധൻ
50. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവൻ
51. ദൈവത്തിൻ്റെ വലത്തുഭാഗത്തു് ഇരിക്കുന്ന ദാവിദിൻ്റെ കർത്താവ്
52. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ
53. എന്നും എന്നേക്കും സിംഹാസനമുള്ള പുത്രൻ
54. കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യപ്പെട്ടവൻ
55. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ
56. സൂര്യതേജസ്സോടെ വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശൻ
57. ന്യായവിധിക്ക് അധികാരമുള്ള പുത്രൻ
58. മനുഷ്യൻ മുഖാന്തരമുള്ള ന്യായവിധി
59. പിതാവിനു് കീഴ്പെട്ടിരിക്കുന്ന പുത്രൻ
60. യഹോവയും ഭൗമികസന്തതിയും
ഉപസംഹാരം.

ആമുഖം: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും അഥവാ, ഭൗമികസന്തതിയും ആത്മികസന്തതിയും എന്ന വലിയൊരു വിഷയമാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ ഒരു ദൈവപുത്രൻ അഥവാ, വാഗ്ദത്തസന്തതി ബൈബിളിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട ഒരു ആത്മികസന്തതിയെ പുതിയനിയമത്തിലും കാണാം. ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും ഈ രണ്ടു പുത്രന്മാരെക്കുറിച്ചുള്ളതാണ്. അതിൽ ഒന്നാമത്തെ പുത്രൻ: ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ: ആത്മികസന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്; രണ്ടാമത്തെ പുത്രൻ: ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ന്യായപ്രമാണത്തിൻ്റെ അഥവാ, പഴയനിയമത്തിൻ്റെ സന്തതിയാണ്; രണ്ടാമത്തെ പുത്രൻ; കൃപയുടെ നിയമം അഥവാ, പുതിയനിയമത്തിൻ്റെ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ബൈബിൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ, ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ ലോകത്തിൽ പ്രത്യക്ഷനായ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: മുമ്പേയുള്ള സന്തതിയാണ്; രണ്ടാമത്തെ പുത്രൻ: അന്ത്യകാലത്ത് അഥവാ, കാലസമ്പൂർണ്ണത വന്നപ്പോൾ വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: വാഗ്ദത്തങ്ങൾ ലഭിച്ചവൻ അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവാണ്; രണ്ടാമത്തെ പുത്രൻ, വഗ്ദത്തം ചെയ്യപ്പെട്ടവൻ അഥവാ, വാഗ്ദത്തവിഷയമാണ്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്താണെന്നു ചോദിച്ചാൽ: ബൈബിളിലെ പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യത്തിൽത്തന്നെ, രണ്ടു പേരെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ്. എന്നാൽ ഒന്നാമനെ സന്തതിയെന്ന നിലയിലല്ല; രണ്ടാമൻ്റെ അഥവാ, ആത്മികസന്തതിയുടെ അമ്മയെന്ന നിലയിലാണെന്ന് മാത്രം. വിശദമായി നോക്കാം:

1. ഭൗമികസന്തതിയും ആത്മികസന്തതിയും: ഭൗമികസന്തതിയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തം ലഭിച്ച സന്തതി. ആത്മികസന്തതി ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവനാണ് വാഗ്ദത്തവിഷയം അഥവാ, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി. വാഗ്ദത്തസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വേർതിരിച്ചറിയാതെ, ദൈവപുത്രനായ യേശുക്രിസ്തുവാണ് വാഗ്ദത്തസന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷം പേരും. പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു.” ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:8; നെഹെ, 8:7,8). ഇവിടെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും, “അതു ക്രിസ്തു തന്നേ” എന്ന് പറഞ്ഞിരിക്കയാലും “അബ്രാഹാമിൻ്റെ പത്രൻ” എന്നു പുതിയനിയമത്തിൽ യേശുവിനെ വിളിച്ചിരിക്കയാലും, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. (മത്താ, 1:1). യേശുക്രിസ്തുവിനു് എന്തിനാണ് വാഗ്ദത്തം എന്നുപോലും ആരും ചിന്തിക്കാറില്ല. എന്നാൽ പ്രസ്തുത വാക്യത്തിലുള്ളത്, അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവാണ്. എന്നാൽ ആ ക്രിസ്തു യേശുക്രിസ്തു അല്ല. ബൈബിളിൽ യേശുവെന്ന ക്രിസ്തുവിനെ കൂടാതെ, അനേകം മശീഹമാർ അഥവാ, ക്രിസ്തുക്കളുണ്ട്. അതിൽ പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവാണ് വാഗ്ദത്തസന്തതി അഥവാ, ഭൗമികസന്തതി. ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നൊക്കെ അവനെ വിളിച്ചിരിക്കുന്നത്. ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. അടുത്തവാക്യം: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). സത്യവേദപുസ്തകത്തിലെ “വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം” എന്ന പരിഭാഷ കൃത്യമല്ല. ഗ്രീക്കിൽ, “áchris oú élthi tó spérma ó epíngeltai” (ἄχρις οὗ ἔλθῃ τὸ σπέρμα ᾧ ἐπήγγελται) എന്നാണ്. അതിൻ്റെ അർത്ഥം: “വാഗ്ദാനം ചെയ്യപ്പെട്ട അല്ലെങ്കിൽ, നല്കപ്പെട്ട സന്തതി വരുന്നതുവരെ” (until the promised seed comes) എന്നാണ്. കെ.ജെ.വിയിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: MSV’17 മലയാളം നൂ.പ). ഈ വാക്യത്തിൽ പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, വാഗ്ദത്തം ലഭിച്ച ഭൗമിക സന്തതിയെയും ആ സന്തതിക്കായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മീക സന്തതിയെയും വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. ഇവിടെ, വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: “എന്നാൽ ന്യായപ്രമാണം എന്തിനു്?” ന്യായപ്രമാണം നല്കുന്നതിനു് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ഭൗമികസന്തതി പഴയനിയമത്തിൽ നിറഞ്ഞുനില്ക്കുന്നവനാണ്. എന്നാൽ, ആത്മികസന്തതിയായ യേശുക്രിസ്തു പഴയനിയമത്തിൽ ഇല്ല; അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉള്ളത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2).

ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). ഭൗമികസന്തതിക്ക് ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്. അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അഥവാ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, “വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും വഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവെന്ന ആത്മികസന്തതിയും ഒരാളല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ, അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും അവൻ്റെ ഭൗമിക ശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. വാഗ്ദത്ത സന്തതിയെ അഥവാ, ഭൗമികസന്തതിയെ തിരിച്ചറിയാതെ പോയതാണ്, ക്രൈസ്തവസഭയിലെ സകല ദുരുപേശങ്ങൾക്കും കാരണം.

2. വാഗ്ദത്തം: വാഗ്ദത്തം അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ യേശുക്രിസ്തുവിനു് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. അതിനാൽ, യഥാർത്ഥ വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ഭൗമികനാണെന്ന് മനസ്സിലാക്കാം.

3. വാഗ്ദത്തവും ന്യായപ്രമാണവും: ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ, ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിനു് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം. അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, സന്തതിയുടെ യോഗ്യതയല്ല.

4. പഴയനിയമവും പുതിയനിയമവും: പഴയനിയമം യെഹൂദന്മാർക്കും പുതിയനിയമം ക്രിസ്ത്യാനികൾക്കും ആണെന്ന് വിചാരിക്കുന്നവരും പഴയനിയമം ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന് കരുതുന്നവരുമാണ് അധികംപേരും. ഞങ്ങൾ പുതിയനിയമത്തിൻ്റെ വക്താക്കൾ ആണെന്ന് പണ്ഡിതന്മാർപോലും പറഞ്ഞുകേൾക്കാറുണ്ട്. പുതിയനിയമം എന്താണെന്ന് ക്രൈസ്തവർക്ക് അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു നിയമം അല്ലാതെ, പുതിയനിയമം എന്തിനായിരുന്നു? പഴയനിയമത്തിൻ്റെ കുറവു് തീർക്കുന്നതോ, ബാക്കിയോ അല്ല; പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനും ആദ്യജാതനുമായ ഭൗമിക സന്തതിക്ക് കൊടുത്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയം. അതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). ന്യായപ്രമണത്തിൽ ഉള്ളത് ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളാണ്. അത് നിവൃത്തിക്കാനാണ് ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടത്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ കുറച്ചുകൂടി ശക്തമായിട്ടാണ് പറഞ്ഞിരിക്കുന്നത്: “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം.” (ലൂക്കൊ, 16:17). അതായത്, ദൈവം തൻ്റെ പുത്രനായ ഭൗമികസന്തതിയോട് ചെയ്ത വാഗ്ദത്തങ്ങളുടെ നിവൃത്തിയാണ്, ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന, നിവൃത്തിയാകാനിരിക്കുന്ന പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12). പഴയനിയമത്തിൻ്റെ അഥവാ, ന്യായപ്രമാണത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമെങ്കിൽ, പുതിയനിയമ വിശ്വാസികൾ ആദ്യം പഠിക്കേണ്ടത് പഴയനിയമം ആണ്. പഴയനിയമത്തിലുള്ളത് ഭൗമികസന്തതിയുടെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളുമാണ്. അത് എന്തൊക്കെയാണ്, ആർക്കാണ്, എങ്ങനെ നിവൃത്തിയാകുന്നു എന്നൊക്കെ പഠിക്കാതെ, അതിൻ്റെ നിവൃത്തിയായ പുതിയനിയമം എങ്ങനെ മനസ്സിലാക്കാൻ കഴിയും?

5. ന്യായപ്രമാണവും ആത്മികസന്തതിയും: “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ ഉളവായതല്ല; ദൈവം നല്കിയതാണ്. ഇവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണസന്തതിയുടെ അഥവാ, ഭൗമികസന്തതിയുടെയാണ്. “ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും” (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേവലജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു “എന്നിൽ വിശ്വസിക്കണം” എന്നല്ല പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് പറഞ്ഞത്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; ഭൗമികസന്തതിയുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം അവന് ആചരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ന്യായപ്രമാണത്തെക്കുറിച്ചു, “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറഞ്ഞിരിക്കുന്നു: (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; ഭൗമികസന്തതിയുടെ പാപമാണ്. അതിനാലാണ്, വാഗ്ദത്തം പോലെ, അന്ത്യകാലത്ത് ആത്മികസന്തതി വെളിപ്പെട്ട് തൻ്റെ രക്തത്താൽ ഒരു പുതിയനിയമം അഥവാ, രണ്ടാമത്തെ നിയമം സ്ഥാപിച്ചത്. (യിരെ, 31:31-34; മത്താ, 5:17-18; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

6. ഭൗമികസന്തതി: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും പഴയപുതിയനിയങ്ങളിലെ ഏകക്രിസ്തുവും ആകാശമുള്ള കാലത്തോളൽ ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി; അഥവാ, ഭൗമിക സന്തതി. ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു. ഭൗമികസന്തതിയെ അറിയാതെ അവൻ്റെ അഭിധാനങ്ങളുമായി അവനെ രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, അവൻ്റെ പിതാവിനെയോ പൂർണ്ണമായറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19).

7. ആത്മികസന്തതി: ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ച ഭൗമിക സന്തതിയെ അവൻ്റെ പാങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഇതാണ് ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെക്കുറിച്ചുള്ള ആദ്യപരാമർശം. വേറെയും അനേകം പ്രവചനങ്ങളുണ്ട്: (ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). ദൈവം വാഗ്ദത്തം ചെയ്ത സന്തതി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽനിന്നു ജനിക്കുകയും തൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകർക്കുകയും ചെയ്തു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15. ഒ.നോ: ഗലാ, 1:3; കൊലൊ, 2:14,15; 1പത്രൊ, 2:24). ദൈവം പിതാക്കന്മാരിലൂടെ അവരുടെ സന്തതിക്കുകൊടുത്ത വാഗ്ദത്തം നിവൃത്തിച്ചു കൊടുക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു മരിക്കയും ഉയിർക്കുകയും ചെയ്തതെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). തന്മൂലം, ദൈവം തൻ്റെ ഭൗമികസന്തതിക്കായി വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവമായ യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. ഇനി, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച പൂർവ്വപിതാക്കന്മാരുടെ സാക്ഷാൽ സന്തതി അഥവാ, ഭൗമികസന്തതി ആരാണെന്ന് നോക്കാം:

8. അബ്രാഹാമ്യനിയമം: ദൈവം കല്ദയ പട്ടണമായ ഊരിൽനിന്ന് വിളിച്ചു വേർതിരിച്ചവനും (ഉല്പ, 15:7) ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായിരുന്നു എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട എബ്രായജാതിയുടെ പിതാവായ അബ്രാഹാം: (ഉല്പ, 14:13). മെസൊപ്പൊത്താമ്യയിലെ ഊരിൽ ഇരിക്കുമ്പോഴാണ് തേജോമയനായ ദൈവം അവന്നു ആദ്യം പ്രത്യക്ഷനായി കനാനിലേക്ക് പോകുവാൻ കല്പിച്ചതും കാനാനിലേക്കുള്ള വഴിയാത്രയിൽ അവൻ കുടുംബസമേതം ഹാരാനിൽവന്ന് പാർത്തതും: (പ്രവൃ, 7:2; ഉല്പ, 11:31). ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായ ഹാരാനിൽവെച്ച് അബ്രാഹാമിനോടു ചെയ്ത നിത്യവും നിരുപാധികവുമായ വാഗ്ദത്തമാണ് അബ്രാഹാമ്യനിയമം എന്നറിയപ്പെടുന്നത്: (ഉല്പ, 12:2,3; 17:7,13,19). പില്ക്കാലത്ത് ദൈവം ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: 1. ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). 2. നിന്നെ അനുഗ്രഹിക്കും. (12:2). 3. ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). 4. നീ ഒരു അനുഗ്രഹമായിരിക്കും. (12:2). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). 7. നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്: ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. വീണ്ടും ശെഖേമിൽവെച്ചും കാനാനിൽവെച്ചും പ്രത്യക്ഷനായ യഹോവ, നിൻ്റെ സന്തതിക്ക് കനാൻദേശം ശാശ്വതമായി തരുമെന്നും സന്തതിയെ വർദ്ധിപ്പിക്കുമെന്നും അരുളിച്ചെയ്തു: (ഉല്പ, 12:7; 13:14-16; 15:7; 17;8).

9. യിസ്ഹാക്കെന്ന വാഗ്ദത്തസന്തതി: യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). യിസ്ഹാക്ക് വാഗ്ദത്തപ്രകാരം ജനിച്ച പുത്രനാണ്. (ഗലാ, 4:28). എന്നാൽ ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്ഹാക്കല്ല; താഴെവരുമ്പോൾ അത് വ്യക്തമാകും. ദൈവം അബ്രാഹാമിനു് ഹാരാനിൽവെച്ച് പ്രത്യക്ഷനായപ്പോഴാണ് അവനോടു നിയമം ചെയ്തത്: (ഉല്പ, 12:1-3). ദൈവം അബ്രാഹാമിനു വാഗ്ദത്തം നല്കിയപ്പോൾ അവനു് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവനു് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അനന്തരം, അബ്രാഹാമിൻ്റെ ആദ്യസന്താനമായ യിശ്മായേലിനെയും ഹാഗാറിനെയും വീട്ടിൽനിന്ന് ഇറക്കിവിടുന്നതിനോടുള്ള ബന്ധത്തിൽ ദൈവം അബ്രാഹാമിനോടു: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.” (ഉല്പ, 21:12). “യിസ്ഹാക്കിൽ നിന്നുള്ളവരാണ് നിന്റെ സാക്ഷാൽ സന്തതി” എന്നാണ് ദൈവം പറഞ്ഞത്. ഈ ഉദ്ധരണി പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (റോമ, 9:7; എബ്രാ, 11:18). അപ്പോൾ, യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവവരാണ് സന്തതിയെന്ന് വ്യക്തമാണല്ലോ? പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിരിക്കുന്ന ഈ വാക്യങ്ങളിൽ മൂന്നുകാര്യങ്ങൾ കാണാം: 1. വാഗ്ദത്ത സന്തതി യിസ്ഹാക്കല്ല; അവനിൽനിന്ന് ജനിക്കുന്നവരാണ്. 2. യിസ്ഹാക്കിൽനിന്നു “ജനിക്കുന്നവൻ അല്ല; ജനിക്കുന്നവർ” എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. 3. യിസ്ഹാക്കിൽനിന്നു ജനിക്കുന്ന പലരായവരെ “സന്തതി” എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, വാഗ്ദത്തസന്തതി ഒരാളല്ല; ഒരു സമൂഹമാണ്. എങ്കിലും അവരെ സന്തതി എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവം അബ്രാഹാമിനോട്, നിൻ്റെ മകനെ യാഗം കഴിക്കാൻ കല്പിക്കുമ്പോൾ യിസ്ഹാക്കിന് എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവനു് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus) അതായത്, ദൈവം ഹാരാനിൽവെച്ച് അബ്രാഹാമുമായി നിയമം ചെയ്തതിനും അമ്പത് വർഷങ്ങൾക്കുശേഷമാണ് യിസ്ഹാക്കെന്ന അവൻ്റെ ഏകജാതനെ അർപ്പിക്കുവാൻ ദൈവം അവനോട് പറഞ്ഞത്: (എബ്രാ, 11:18). അബ്രാഹാം ഇരുപത്തഞ്ച് വർഷങ്ങൾ കാത്തിരുന്ന് നൂറാം വയസ്സിൽ തനിക്കു കിട്ടിയ മകനെ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം യാഗം കഴിക്കാൻ ദൈവം കല്പിപ്പിച്ചപ്പോൾ, വിശ്വാസത്താൽ തൻ്റെ പുത്രനെ യാഗം കഴിക്കുകയും മരിച്ചവരിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു: (എബ്രാ, 11:17-19). അങ്ങനെ, അബ്രാഹാം ദൈവത്തിലുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം പിന്നെയും വെളിപ്പെടുത്തി.

10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി: യിസ്ഹാക്കിനെ യാഗം കഴിക്കുന്നതിനെ തടഞ്ഞുകൊണ്ട്, ദൈവം അബ്രാഹിനോടുള്ള തൻ്റെ നിയമം സ്ഥിരീകരിക്കുമ്പോൾ അബ്രാഹാമിൻ്റെ വാഗ്ദത്തത്തിന് അവകാശിയായ ഭൗമികസന്തതി ആരാണെന്ന് വ്യക്തമായി പറയുന്നത് കാണാം: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്: 1. ഞാൻ നിന്നെ അഥവാ, അബ്രാഹാമിനെ ഐശ്വര്യമായി അനുഗ്രഹിക്കും: (22:17). 2. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും: (22:17). നിൻ്റെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, “ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും” എന്ന് അസംഖ്യമായ ഒരു ജാതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 3. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും: (22:17). ശത്രുക്കളുടെ പട്ടണങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്, കനാൻ ദേശമാണ്. 4. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും: (22:18). വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ അഥവാ, അബ്രാഹാമിൽ എന്നതുമാറി, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന വാഗ്ദത്തസന്തതി ആരാണെന്നു നോക്കാം: “നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.” (ആവ, 10:22). “എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.” (1ദിന, 27:23. ഒ.നോ: പുറ, 32:13; ആവ, 1:10; 28:62; നെഹെ, 9:23). അപ്പോൾ, അബ്രാഹാമിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യിസ്ഹാക്കുമല്ല, യേശുക്രിസ്തുവുമല്ല, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയ യിസ്രായേലാണ്. ആ സന്തതി മുഖാന്തരമാണ് ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത്. ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കിയതും യിസ്രായേലാണ്. “യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.” (യോശു, 21:43. ഒ.നോ: ഉല, 28:4; ലേവ്യ, 20:24; സംഖ്യാ, 33:53; ആവ, 1:8; 1:21; 1:39; 11:23; 20:15,16;  യോശു, 23:35). മിസ്രയീമിൽ വർദ്ധിച്ചുപെരുകിയത് നാല്പത് ലക്ഷത്തിലധികം യിസ്രായേല്യരാണ്; രണ്ട് കുടുംബമൊഴികെ അവരൊക്കെ പാപംനിമിത്തം മരുഭൂമിയിൽ പട്ടുപോയെങ്കിലും അവരുടെ അത്രയുംതന്നെ സന്താനങ്ങളാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശിയായ ഭൗമികസന്തതിയാണ് യിസ്രായേൽ. ആ സന്തതി മുഖാന്തരമാണ്, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നത്. [കാണുക: പുറപ്പാടിലെ ജനസംഖ്യ]]

11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: 1. ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും: (26:3). 2. നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും: (26:3). 3. നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). 4. ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും: (26:5). 5. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും: (26:5). യിസ്ഹാക്കിനോടുള്ള വാഗ്ദത്ത പ്രകാരവും, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി കനാൻ ദേശം കൈവശമാക്കിയ സന്തതി യസ്രായേലാണെന്നും, ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും വ്യക്തമാകുന്നു.

12. യാക്കോബിന്റെ വാഗ്ദത്തസന്തതി: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14. ഒ.നോ: 35:12; 48:3,4). അബ്രാഹാമിനോടും യിസ്ഹാക്കിനോടും പറഞ്ഞ അതേകാര്യമാണ് യാക്കോബിനോടും പറയുന്നത്. ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4. നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിച്ചപ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും “നിൻ്റെ സന്തതി മുഖന്തരം” എന്നാണ് പറഞ്ഞത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, “നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും” എന്നാണ് പറയുന്നത്. “നീ മുഖാന്തരം അഥവാ, യാക്കോബ് മുഖാന്തരം” എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലിൻ്റെ യഥാർത്ഥ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന് പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതിനാലും, സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടിപോലെയും പെരുകുന്നവനും ആകയാൽ, ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ് സകല വാഗ്ത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതിയെന്നും അവൻ മുഖാന്തരമാണ് ഭൂമിയിലെ ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

13. ദാവീദിൻ്റെ വാഗ്ദത്തസന്തതി: യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെ മാത്രം വാഗ്ദത്ത സന്തതിയല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയാണ്. “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” (സങ്കീ, 89:3-4).  ഇവിടെ ദാവീദിൻ്റെയൊരു വാഗ്ദത്ത സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത, തൻ്റെ ദാസനായ ദാവീദിനോട്; ദൈവം ചെയ്ത വാഗ്ദത്ത പ്രകാരം, അവൻ്റെ സന്തതിക്ക് സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പ് നല്കിയിരിക്കുകയാണ്. ദാവീദിൻ്റെ സന്തതിയായ ശലോമോന്റെയാകട്ടെ, അവൻ്റെ സന്തതിയായ രെഹബെയാമിൻ്റെയാകട്ടെ, അവൻ്റെ സന്തതികളുടെയാകട്ടെ സിംഹാസനം സ്ഥിരമായിരുന്നില്ലെന്ന് നമുക്കറിയാം. അടുത്തവാക്യം: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29). ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ, ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഇരിക്കുന്ന ഒരേയൊരു സന്തതി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു; അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). അടുത്തവാക്യം: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും,” (സങ്കീ, 89:30). ഇരുപത്തൊമ്പതാം വാക്യത്തിൽ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ “പുത്രന്മാർ” എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണെന്ന് വ്യക്തമാണല്ലോ. അടുത്ത വാക്യങ്ങൾ: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സിങ്കീ, 89:31:32. ഒ.നോ: 2ശമൂ, 7:8-17; 1ദിന, 7:7-17). ദാവീദിൻ്റെ അനുഗ്രഹങ്ങൾക്ക് അവകാശിയായ വാഗ്ദത്തസന്തതി യേശുക്രിസ്തു ആണെന്ന് അനേകരും വിചാരിക്കുന്നു. എന്നാൽ, ഈ വേദഭാഗം ശ്രദ്ധിക്കുക: “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഈ വാക്യം മറ്റൊരിടത്തുകൂടി കാണാം. (2ശമൂ, 7:14). യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേദഭാഗങ്ങൾ. യേശുക്രിസ്തു പരിശുദ്ധനും പവിത്രനും, നിർദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാമില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; യോഹ, 3:5). അവൻ കുറ്റം ചെയ്തിട്ടല്ല ശിക്ഷ അനുഭവിച്ചത്; മനുഷ്യരുടെ പാപങ്ങളെപ്രതിയാണ് ശിക്ഷ ഏറ്റത്. (യെശ, 53:4-6). ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി യിസ്രായേലാണ്. ജാതികളാൽ ഇത്രയേറെ അടികൊണ്ടിരിക്കുന്ന, ശിക്ഷയേറ്റിരിക്കുന്ന ഒരു ജാതി അഥവാ, സന്തതി ഭൂമുഖത്ത് വേറെയില്ല. അടുത്ത വാക്യങ്ങൾ: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36-37). മൂകളിലത്തെ വാക്യങ്ങളിൽ, അവരുടെ അഥവാ, സന്തതികളുടെ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഈ വേദഭാഗത്ത്, സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലെന്ന ജാതിയുടേതാണ്. ദാനീയേൽ പ്രവാചകന്റെ പുസ്തകത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27, ഒ.നോ: 2:44; 7:18,21). അത്യുന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് വ്യക്തമാണല്ലോ. (പുറ, 19:6; ആവ, 7:6; 14:2).

14. ദാവീദിൻ്റെ വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” (യിരെ, 33:20-21). പകലിൻ്റെയും രാത്രിയുടെയും നിയമങ്ങൾ അഥവാ, ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു വാഴാനുള്ള “മകൻ” ആരാണെന്ന് അടുത്ത വാക്യത്തിലറിയാം: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” (33:22). ഇവിടെ ശ്രദ്ധിക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്പ, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) പറഞ്ഞ, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ, ദാവിദിൻ്റെ സന്തതിയെക്കുറിച്ചും പറയുന്നത് നോക്കുക: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ആദ്യവാക്യത്തിൽ “മകൻ” എന്ന് പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ “സന്തതിയെ വർദ്ധിപ്പിക്കും” എന്നു പറയുന്നത് നോക്കുക. രാജാവ് ഒരു വ്യക്തിയല്ല; വർദ്ധിച്ചുവരുന്ന സന്തതിയാണ്. സന്തതിയെയും ലേവ്യരെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതൻ്റെ കാരണം; ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ, പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല. അതുകൊണ്ടാണ്, ദാവീദിൻ്റെ സന്തതിയെന്നും ലേവ്യരെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ദാവീദിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമിക സന്തതിയായ രാജാവ് യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന രാജാവിനെക്കുറിച്ച് വേറെയും പല വേദഭാഗങ്ങളുണ്ട്. ഉദാ: (2ശമൂ, 7:8-17; 1ദിന, 7:7-17). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

15. നിശ്ചലകൃപകൾ: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3. ഒ.നോ: 2ശമൂ, 23:5; സങ്കീ, 89;28,33-37; യെശ, 54:10; 61:8,9; യിരെ, 32:40; 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15; പ്രവൃ, 13:34; 15:16-18; പ്രവൃ, 13:34). ദൈവം ദാവീദ് മുഖാന്തരം യിസ്രായേലിനോട് ചെയ്തത്, നിശ്ചലകൃപകൾ (the sure mercies) അഥവാ സ്ഥിരമായ കൃപകൾ എന്ന ശാശ്വതനിയമം (everlasting covenant) ആണ്. “പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 54:10). ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപവും അവൻ രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് അവനെ വിലക്കിയതും പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം മാറ്റാത്തത്, വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയും ശാശ്വതനിയമവും നിമിത്തമാണ്. ദാവീദിനോടുള്ള ദൈവത്തിൻ്റെ നിശ്ചലകൃപകളുടെ അവകാശിയാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ.

16. ദൈവപുത്രനും ആദ്യജാതനും: ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്. എന്നാൽ, ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തേത്, വാഗ്ദത്ത സന്തതിയായ യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23. ഒ.നോ: സങ്കീ, 2:7; ഹോശേ, 11:1; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). ആദ്യജാതനെന്നും വിളിച്ചിട്ടിണ്ട്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22). യിസ്രായേൽ ദൈവത്തിൻ്റെ മക്കളാണ്: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.” (ആവ, 14:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 82:6; ഹോശേ, 1:10; മർക്കൊ, 7:27; പ്രവൃ, 13:32; റോമ, 9:4,26; എബ്രാ, 2:14). ദൈവം യിസ്രായേലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; 64:8; യിരെ, 31:9;  മലാ, 2:10;  യോഹ, 8:41). രണ്ടാമത്തേത്, ആത്മികസന്തതിയായ യേശുവാണ്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം “എൻ്റെ പുത്രൻ” എന്നു നാലുപ്രാവശ്യം യിസ്രായേലിനെയും (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1), രണ്ടുപ്രാവശ്യം യേശുവിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 3:17; 17:5). രണ്ടുപ്രാവശ്യം ഭൗമികസന്തതിയുടെ പദവി ആത്മീകമായി യേശുവിൽ ആരോപിച്ചിട്ടുണ്ട്: (മത്താ, 2:15; 13:32)

17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു: മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവത്തിന് അനേകം അഭിക്തന്മാർ അഥവാ ക്രിസ്തുക്കൾ ഉണ്ടെങ്കിലും “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:17), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  “നിൻ്റെ അഭിഷിക്തൻ” (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും പ്രാർത്ഥിക്കുന്നതും യിസ്രായേലിനെക്കുറിച്ചാണ്. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” (സങ്കീ, 89:36-38). ഈ വേദഭാഗത്ത് പറയുന്ന അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ഇതും യിസ്രായേലാണ്. ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവാണ് യിസ്രായേൽ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7; 45:2,6. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38,51; 105:15; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13). അടുത്തവാക്യം: “പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 12:34). എന്നേക്കുമിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “യഹോവയ്ക്കു അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്. സങ്കീ, 2:2. ഒ.നോ: പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ഭൂമിയിലെ ജാതികളും രാജാക്കന്മാരും ഒന്നിച്ചുകൂടി എതിർത്തിരുന്നതും ഇപ്പോൾ എതിർത്തുകൊണ്ടിരിക്കുന്നതും മേലിൽ എതിർക്കാനിരിക്കുന്നതുമായ ദൈവത്തിൻ്റെ ഒരേയൊരു അഭിഷിക്തനാണ് യിസ്രായേൽ: (സങ്കീ, 46:1-7; 48:4-6; 74:18-20; , 83:1-4; 110:5). ദൈവം യിസ്രായേലെന്ന അഭിഷിക്തനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെച്ചിരിക്കയാണ്. അതുകൊണ്ടാണ്, അവരെല്ലാം അവനെതിരെ ഒന്നിച്ചുകൂടുന്നത്: (സെഖ, 12:3). അഭിഷിക്തൻ എന്നത്, ഭൗമിക രാജാവായ യിസ്രായേലിൻ്റെ പദവി ആയതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട ആത്മിക സന്തതിയായ യേശുക്രിസ്തുവിലൂടെ അത് നിവൃത്തിയാകുന്നതായി പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:26). [കാണുക: മശീഹമാർ]

18. ഭൗമികസന്തതിയുടെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). സകല ശത്രുക്കളും അവൻ്റെ പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കണ്ട, മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേൽ ആണ്. (7:13-14. ഒ.നോ: 2:44; 7:18,21;27). [23-മത്തെ പോയിൻ്റ് കാണുക]

19. വാഗ്ദത്തങ്ങളും അഭിധാനങ്ങളും: യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടവനും (ഉല്പ, 26:5), ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ, തനിച്ചു പാർക്കുന്നവനും (സംഖ്യാ, 23:9) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (സങ്കീ, 2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) യഹോവ, തനിക്കു അവകാശമായി തിരഞ്ഞെടുത്തവനും (സങ്കീ, 33:12) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) അത്യുന്നതനെ വാസസ്ഥലം ആക്കിയിരിക്കുന്നവനും (91:9) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനും (ഹോശേ, 11:1) യഹോവയുടെ കണ്മണിയും (സെഖ, 2:8) സകലജാതികൾക്കും ഭാരമുള്ള കല്ലും ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കുന്നവനും; ഭൂമിയിലെ സകലജാതികളും വിരോധമായി കൂടിവരുന്നവനും: (സെഖ, 12:3) വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22,23).

20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25. ഒ.നോ: 7:5-6). ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (ഉല്പ, 22:18; 26:5; 28:14). അതിനാൽ, ഭൂമിമുഴുവൻ അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? യേശുവിൻ്റെ അമ്മ മറിയ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പറഞ്ഞത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54-55). വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു.” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). അടുത്തവാക്യം: “ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടാണ്, നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിനു തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തിയതെന്നാണ്, സെഖര്യാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പറഞ്ഞത്. (ലൂക്കൊ, 1:69-75). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). യിസ്രായേൽ ജനത്തെ “അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. യെഹൂദന്മാർ യേശുവിനോടു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: 8:39). അടുത്തവാക്യം: “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അടുത്തവാക്യം: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13. ഒ.നോ: 4:18; 9:7-8; 2കൊരി, 11:22; ഗലാ, 3:16; എബ്രാ, 2:6). അടുത്തവാക്യം: “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമർ 4:18). അടുത്തവാക്യം: “അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.” (റോമ, 9:7-8). അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള മക്കൾ യിശ്മായേലും അവൻ്റെ മക്കളുമാണ്. വാഗ്ദത്തപ്രകാരളുള്ള സന്തതിയാണ് യിസ്ഹാക്കിലൂടെയുള്ള യിസ്രായേൽ ജനത.

21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9,10). പ്രയോഗം ശ്രദ്ധിക്കുക: “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം.” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ്. എന്നാൽ അവിടെ കൂടിവന്ന എല്ലാ ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. എപ്രകാരം “നമ്മുടെ പിതാവായ ദാവീദു” എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, “നമ്മുടെ പിതാവായ അബ്രാഹാം” (ലൂക്കൊ, 1:75), “നമ്മുടെ പിതാവായ യിസ്ഹാക്കു” (റോമ, 9:10), “നമ്മുടെ പിതാവായ യാക്കോബു” (യോഹ, 4:12) എന്നിങ്ങനെ പൂർവ്വപിതാക്കന്മാരെയും വിശേഷിപ്പിച്ചിരിക്കുന്നത്. എന്തെന്നാൽ യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). ഇവിടെയും പ്രയോഗം ശ്രദ്ധിക്കുക:ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു.” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ, ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണ്. എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29-37) വാഗ്ദത്തസന്തതിയാണ്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനും മറുവിലയുമായ യേശുക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനെന്ന് വിളിക്കപ്പെട്ടത്. (മത്താ, 1:1).

22. ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുതിയനിയമത്തിലും “ലോകാവകാശി” (the heir of the world) യിസ്രായേലാണെന്ന് പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നു: ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്; അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു. (എബ്രാ, 2:5-16). വെളിപ്പാട് പുസ്തകത്തിലും അത് കാണാം: “ഏഴാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വാക്യത്തിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; ലോകാവകാശിയായ യിസ്രായേലെന്ന ക്രിസ്തുവാണ്. മറ്റൊരു വാക്യം കാണുക: “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.”(വെളി, 20:4). ഈ വാക്യത്തിൽ, യേശുവെന്നും ക്രിസ്തുവെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. വെളിപ്പാട് പുസ്തകത്തിൽ, യേശുക്രിസ്തു, യേശു എന്നല്ലാതെ, യേശുക്രിസ്തുവിനെ “ക്രിസ്തു” എന്നു മാത്രമായി ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. അവിടെ “ക്രിസ്തു” എന്നു മാത്രം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്: (വെളി, 11:15; 12:10; 20:4; 20;6. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16).

യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36-37). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞിരിക്കുന്നത്: 1. തൻ്റെ രാജ്യം ഐഹികമല്ല: “ഐഹികമല്ല” എന്നു പറഞ്ഞാൽ, “ഇഹലോകത്തുള്ളതല്ല അല്ലെങ്കിൽ, ഈ ലോകത്തിൻ്റേതല്ല” എന്നാണർത്ഥം. ഇംഗ്ലീഷിൽ, “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല” (My kingdom is not of this world) എന്നാണ്. ഗ്രീക്കിൽ, “ἡ βασιλεία ἡ ἐμὴ οὐκ ἔστιν ἐκ τοῦ κόσμου τούτου (hē basileia hē emē ouk estin ek tou kosmou toutou) എന്നാണ്. ഇവിടെപ്പറയുന്ന “ἐκ” (ek) എന്ന ഗ്രീക്കുപദത്തിന് “of, from, out of” എന്നൊക്കെ അർത്ഥമുണ്ട്. ഗ്രീക്കുമൂലത്തിൻ്റെ ശരിയായ അർത്ഥം: “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല അല്ലെങ്കിൽ, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നാണ്. തൻ്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ലെന്നും ലോകത്തിൻ്റെ സ്വഭാവമോ, അധികാരമോ അതിനു് ബാധകമല്ലെന്നുമാണ് ക്രിസ്തു പറഞ്ഞത്. അതായത്, തൻ്റെ രാജ്യം ആത്മീയമാണെന്നും ഐഹിക അധികാരങ്ങളിൽനിന്നും അത് തികച്ചും വ്യത്യസ്തമാണെന്നുമാണ് അവൻ പറഞ്ഞത്. ഈ ലോകത്തിൻ്റെ അധികാരത്തിൽപ്പെട്ട രാജ്യമാണ് എൻ്റേതെങ്കിൽ, എൻ്റെ ചേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നാത് പറയുന്നത്. നോക്കുക: (മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ “രാജാവുതന്നേ” എന്നുമാണ് അവൻ പറയുന്നത്. എന്നാൽ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” എന്ന് പ്രവചനമായിട്ട് അഥവാ, ഭാവികാലത്തിലാണ് പറയുന്നത്: (ലൂക്കൊ, 1:32). എന്നാൽ ക്രിസ്തു പറയുന്നത് താൻ രാജാവാണെന്നാണ്. ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. സങ്കീ, 47:2; 42:7). ആത്യന്തികമായി സ്വർഗ്ഗത്തിൻ്റെയും ഭുമിയുടെയും രാജാവ് യഹോവയായ ഏകദൈവമാണ്. എന്നാൽ യഹോവയുടെ പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവപുത്രനായ ക്രിസ്തുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ്. പഴയപുതിയനിയമങ്ങളിൽ യിസ്രായേലാണ് ലോകാവകാശിയായ നിത്യരാജാവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ട്, യേശുക്രിസ്തു ഈ ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലിന് ഏത് രാജ്യം കൊടുക്കും? ദൈവത്തിന് തൻ്റെ ക്രിസ്തുവിലൂടെ വാഗ്ദത്ത സന്തതിയുടെ രാജ്യം എങ്ങനെ അപഹരിക്കാൻ പറ്റും? ദൈവപുത്രനായ യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, അവൻ ഈ ലോകം ഭരിക്കുന്ന രാജാവല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാകും.

23. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ ദർശനത്തിൽ കാണുന്നത്. പുതിയനിയമത്തിൽ മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നതായി യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 24:64; മർക്കൊ, 14:62). തന്നെയുമല്ല, യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും സിംഹാസനത്തിൽ ഇരിക്കും എന്നൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാം: (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). അതിനാൽ, വിശദമായ പഠനമോ, വിചിന്തനമോ കൂടാതെ, യേശുക്രിസ്തുവാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന് എല്ലാവരുംതന്നെ വിശ്വസിക്കുന്നു. ദാനീയേലിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്; അവൻ കണ്ട ദർശനം അവനുപോലും മനസ്സിലായില്ല; അവൻ അടുത്തുകണ്ട ദൂതനോടു ദർശനത്തിൻ്റെ സാരമെന്താണെന്നു ചോദിക്കുകയും, അവൻ കാര്യങ്ങളുടേ അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോഴാണ് ദാനീയേലിന് മനസ്സിലായത്. ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനമാണ് 17-ാം വാക്യംമുതൽ താഴോട്ടുള്ളത്; അവിടെ രാജാവാരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു രാജാവാകും എന്നത് ദാനീയേലിനുപോലും മനസ്സിലാകാഞ്ഞതും ദൂതൻ്റെ വ്യാഖ്യാനത്തിൽപ്പോലും ഇല്ലാത്തതുമാണ്. ദൂതൻ്റെ വ്യാഖ്യാനം നോക്കുക: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും.” (ദാനീ, 7:21). അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യുന്നതനായ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണ്: (ലേവ്യ, 20:26; 21:6; ആവ, 33:2. 1ശമൂ, 2:9; സങ്കീ, 30:4; 31:23). 27-ാം വാക്യത്തിൽ, “അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം, “അവൻ്റെ രാജത്വം, അവനെ സേവിച്ചനുസരിക്കും” എന്നിങ്ങനെ ഏകവചനത്തിൽ പറയുന്നത് നോക്കുക. അതായത്, യിസ്രായേൽ ജനത്തെ മുഴുവൻ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്; അഥവാ, ദൈവത്തിൻ്റെ സാക്ഷാൽ ഭൗമികസന്തതി യിസ്രായേലാണ്. വേറൊരു വാക്യം നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന രാജത്വം ഏല്ക്കുന്ന ജാതി അഥവാ, രാജാവ് യിസ്രായേലാണെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ? ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും നിത്യരാജത്വം കൈവരുന്നതും. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തുവിൽ അവൻ്റെ രാജത്വം പ്രതീകാത്മകമായി ആരോപിച്ചിയിക്കുന്നത്.

24. പ്രഥമസുവിശേഷവും സുവിശേഷവും: ബൈബിളിൻ്റെ ആകത്തുക അഥവാ, സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷമാണ്. ലോകസ്ഥാപനത്തിൽത്തന്നെ പ്രഥമസുവിശഷവും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ രക്തത്താൽ സാക്ഷാൽ സുവിശേഷവും നല്കപ്പെട്ടു. പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന ബൈബിളിലെ വാക്യമാണ് ഉല്പത്തി 3:15. ആ വാക്യത്തിൽത്തന്നെ ഭൗമികസന്തതിയും ആത്മികസന്തതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ പിശാചും സാത്താനുമായ പാമ്പിൻ്റെ തല തകർക്കുന്ന സന്തതി യേശുക്രിസ്തുവാണെന്നും അവൻ തൻ്റെ മരണത്താൽ പിശാചിൻ്റെ തല തകർത്തെന്നും നമുക്കറിയാം: (എബ്രാ, 2:14,15). എന്നാൽ മേല്പറഞ്ഞ വാക്യത്തിലുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണ്. കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേലാണ്: (ഗലാ, 4:4; വെളി, 12:1). യിസ്രായേലിനെ അമ്മയെന്നും (യെശ, 50:1; യെശ, 51:18), കന്യകയെന്നും (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2), സ്ത്രീയെന്നും വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. യെശ, 54:4-6; 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). ആത്മികസന്തതിയെ, “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). മീഖാ പ്രവചനത്തിലെ സ്ത്രീയും യിസ്രായേലാണ്. (5:2,3). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). [കാണുക: മൂന്നു സ്ത്രീകൾ]. ഇനി, പുതിയനിയമത്തിലെ സുവിശേഷം നോക്കാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). സുവിശേഷമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദസന്തതിയും രാജാവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം: ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനാണ്: (110:1). ദൈവം യിസ്രായേലെന്ന ദാവീദിൻ്റെ കർത്താവിനെ അഥവാ, യജമാനനായ രാജാവിനെ, അവൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്: (സങ്കീ, 110:1). യിസ്രായേലെന്ന ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്തപുത്രനും അവൻ്റെ യജമാനൻ അഥവാ, കർത്താവായ രാജാവുമാകയാലാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവെന്ന ആത്മികസന്തതി ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ച് ഉയിർത്തെഴുന്നേറ്റ് യിസ്രായേലിന്റെ രക്ഷകനായ കർത്താവായിത്തീർന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: 2തിമൊ, 2:8). പ്രഥമസുവിശേഷത്തിൽ യേശുക്രിസ്തുവെന്ന ആത്മികസന്തതി യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയാണ്. സാക്ഷാൽ സുവിശേഷത്തിൽ യേശുക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യഥാർത്ഥത്തിൽ ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. അതായത്, യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായി ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടതുകൊണ്ടാണ്, അവൻ ദാവീദിൻ്റെ സന്തതി എന്നു വിളിക്കപ്പെട്ടത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]

25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ: പുതിയനിയമത്തിൽ ആത്മികസന്തതിയായ യേശുക്രിസ്തുവിൽ കാണുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും പഴയനിയമത്തിൽ ഭൗമികസന്തതിയായ യിസ്രായേലിനും കാണാം. യിസ്രായേലെന്ന വാഗ്ദത്തപുത്രൻ്റെ പദവികളുമായാണ് അവൻ്റെ രക്ഷകനായ യേശുവെന്ന ആത്മികസന്തതി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടത്: അത്യുന്നതൻ്റെ പുത്രൻ (സങ്കീ, 82:6 ലൂക്കൊ, 1:32), അബ്രാഹാമിൻ്റെ സന്തതി (യെശ, 41:8 മത്താ, 1:1), അഭിഷിക്തൻ അഥവാ, ക്രിസ്തു (1ശമൂ, 2:35 പ്രവൃ, 4:27), ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ (ദാനീ, 7:13 മത്താ,24:16), ആദ്യജാതൻ (പുറ, 4:22 കൊലൊ, 1:15),  ജനനത്തിനു മുമ്പെ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3 മത്താ, 1:21), ജാതികളുടെ പ്രകാശം (യെശ, 42:7 മത്താ, 4:15; യോഹ, 8:12), ജാതികൾ പ്രത്യാശവെക്കുന്ന ദാസൻ (യെശ, 11:10; 42:4 മത്താ, 12:20), ജാതികളോട് ന്യായം പ്രസ്താവിക്കുന്നവൻ (യെശ, 42:1 മത്താ, 12:17), വൃതൻ അഥവാ, തിരഞ്ഞെടുക്കപ്പെട്ടവൻ (യെശ, 42:1 മത്താ, 12:17), തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5 എബ്രാ, 2:9), ദാവീദിൻ്റെ പുത്രൻ (സങ്കീ, 89:4 മത്താ, 1:1), ദാസൻ (യെശ, 41:8 പ്രവൃ, 4:30), ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5 എബ്രാ, 2:9), ദൈവപുത്രൻ (പുറ, 4:22 ലൂക്കൊ, 1:32), ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (സങ്കീ, 110:1 മർക്കൊ, 16:19), ദൈവത്തിൻ്റെ വലത്തുഭാഗത്തെ മനുഷ്യപുത്രൻ (സങ്കീ, 80:17 മർക്കൊ, 14:62), ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10 പ്രവൃ, 2:31), പരിശുദ്ധൻ അഥവാ, വിശുദ്ധൻ (സങ്കീ, 16:10 ലൂക്കൊ, 1:35), പുരോഹിതൻ (സങ്കീ, 110:4 എബ്രാ, 7:20), പ്രവാചകൻ (1ദിന, 16:22 മത്താ, 14:5), മനുഷ്യൻ (സങ്കീ, 8:4 യോഹ, 8:40), മനുഷ്യപുത്രൻ (സങ്കീ, 80:17 മത്താ, 8:20), മൽക്കീസേദെക്കിൻ്റെ വധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4 എബ്രാ, 5:6), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5 2:8), മിസ്രയീമിൽനിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ (ഹോശേ, 11:1 മത്താ, 2:15), മുന്തിരിവള്ളി (സങ്കീ, 80:8 യോഹ, 15:1), രക്ഷാവാഹകൻ അഥവാ, രക്ഷാനായകൻ (യെശ, 49:6 എബ്രാ, 2:10), രാജാവ് (സങ്കീ, 45:1 ലൂക്കൊ, 1:32), വാഗ്ദത്തസന്തതി (ഗലാ, 3:16 3:19), വിശ്വസ്തസാക്ഷി (സങ്കീ, 89:37 വെളി, 1:5), വീട് പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് (സങ്കീ, 118:22 പ്രവൃ, 4:11). യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ മദ്ധ്യസ്ഥനും മറുവിലയുമായി അഥവാ, വീണ്ടെടുപ്പുകാരനായി വെളിപ്പെട്ടതുകൊണ്ടാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിൽ യിസ്രായേലിന്റെ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). യേശുക്രിസ്തുവിലൂടെയാണ് ദൈവപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അനുഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നത്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ എല്ലാ പദവികളും യേശുക്രിസ്തുവിൽ കാണുന്നത്.

“വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും” എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം കാണോൻ താഴെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക: ⏬

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)

Leave a Reply

Your email address will not be published. Required fields are marked *