സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:
☛ വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 → 1തെസ്സ, 1:5)
2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5 → പ്രവൃ, 10:44 – പ്രവൃ, 11:14-16).
3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം: ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23)
4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6)
5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3)
6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3)
7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22).
☛ ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്.
☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്.
☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല.
☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!
☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31 → പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4).
☛ ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.
☛ ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46 → പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24)
ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
കൂടുതലറിയാൻ കാണുക:
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും