കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; 2:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തികാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?
അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ അഥവാ, ക്രിസ്തു” ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20).വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്.
യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21→മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ “പിതാവും ദൈവവും” ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10).
“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.” (മർക്കൊ, 15:39). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24; പ്രവൃ, 2:36-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6. ഒ.നോ: യോഹ, 17:3; 1തിമൊ, 2:5-6; 1യോഹ, 5:20). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്: (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്: (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; യോഹ, 1:18). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). ഇതാണ്, സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത: 1തിമൊ, 2:4-7). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
കാണുക: ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും; ദൈവഭക്തിയുടെ മർമ്മം.