ദൈവമോ ഒരുത്തൻ മാത്രം
ത്രിത്വദൈവശാസ്ത്രത്തിൻ്റെ ആകെത്തുക എന്താണെന്നു ചോദിച്ചാൽ; അതൊരു മർമ്മമാണെന്നാണ് ഉത്തരം. അത് പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും എല്ലായ്പ്പോഴും അതൊരു രഹസ്യമാണ്. ത്രിത്വപണ്ഡിതന്മാർ തങ്ങളുടെ ത്രിത്വപഠന ക്ലാസിൻ്റെ ആമുഖമായിട്ട് പറയുന്നത്; “ത്രിത്വത്തെക്കുറിച്ച് എല്ലാക്കാര്യങ്ങളും പഠിച്ചു മനസ്സിലാക്കാം എന്ന ധാരണയോടെ ആരും ഇവിടെ ഇരിക്കണ്ട. ത്രിത്വം എന്ന വിഷയം അത്യന്തം സങ്കീർണ്ണമായ ഒരു മർമ്മം ആണ്. മനുഷ്യബുദ്ധിക്കു അത് വ്യക്തമായി വിശകലനം ചെയ്യുവാൻ സാധിക്കയില്ല.” എല്ലാ പണ്ഡിതന്മാരും ഇത് പറയാറുണ്ട്. ചിലർ സെയിൻ്റ് അഗസ്റ്റിൻ്റെ ഒരു കഥ പറയാറുണ്ട്: “അഗസ്റ്റിൻ ഒരിക്കൽ ത്രിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കടൽക്കരയിക്കൂടി നടക്കുമ്പോൾ, രണ്ടു കുട്ടികൾ മണ്ണിൽ കുഴികുത്തി കക്കയുടെ തോടുകൊണ്ട് കടൽവെള്ളം കോരി കുഴികളിൽ ഒഴിക്കുന്നത് കാണുവാനിടയായി. അഗസ്റ്റിൻ അടുത്തുചെന്ന് ‘നിങ്ങൾ എന്താണീ ചെയ്യുന്നതെന്നു’ കുട്ടികളോട് ചോദിച്ചു. ‘ഞങ്ങൾ കടലിലെ വെള്ളമെല്ലാം വറ്റിക്കുകയാണന്നു’ കുട്ടികൾ പറഞ്ഞു. കഥയിലെ തുടർന്നുള്ള ഭാഗങ്ങൾ പലതരത്തിൽ കേട്ടിട്ടുണ്ട്: ചിലർ പറയുന്നത്: “അഗസ്റ്റിന് അപ്പോഴാണ് തൻ്റെ തെറ്റ് മനസ്സിലായത്. താനും ഈ കുട്ടികളെപ്പോലെയാണല്ലോ, അവർ കടൽ മുഴുവൻ ഒരു ചെറിയ കുഴിയിൽ കൊള്ളിക്കാൻ ശ്രമിക്കുന്നതുപോലെ, താനും മനുഷ്യർക്ക് ഗ്രഹിക്കാൻ അസാദ്ധ്യമായ ദൈവത്തിൻ്റെ ത്രിത്വമെന്ന മഹാകാര്യം തൻ്റെ ചെറിയ തലച്ചോറിൽ കൊള്ളിക്കാൻ ശ്രമിച്ചതോർത്ത് അഗസ്റ്റിൻ ദുഃഖിച്ചുവത്രേ.” വേറെ ചിലർ പറയുന്നത്; “ആ കുട്ടികൾ അഗസ്റ്റിന് സത്ബുദ്ധി ഉപദേശിക്കാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ദൂതന്മാരായിരുന്നു. അഗസ്റ്റിൻ കുട്ടികളുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾത്തന്നെ ആ കുട്ടികൾ മഹാമേരുപോലെ വലുതാകുകയും, ദൈവത്തിൻ്റെ ത്രിത്വത്തെക്കുറിച്ചാണോ നീ ചിന്തിക്കുന്നതെന്നു ചോദിച്ച് അഗസ്റ്റിനെ ശാസിച്ചത്രേ.” എന്തായാലും ഒരുകാര്യം സത്യമാണ്; പണ്ഡിതന്മാർക്കൊക്കെ കൃത്യമായിട്ടറിയാം: ബൈബിളിലില്ലാത്ത ത്രിത്വം വസ്തുനിഷ്ഠമായി സ്ഥാപിക്കുവാനും, വിശ്വാസികളെ പഠിപ്പിച്ചു മനസ്സിലാക്കുവാനും തങ്ങൾക്ക് കഴിയില്ല. അതിനുള്ള മുൻകൂർ ജാമ്യമാണ് മർമ്മവും, അഗസ്റ്റിനും. സെയിന്റ് അഗസ്റ്റിന് മനസ്സിലാകാത്ത കാര്യം പിന്നെയാർക്കു മനസ്സിലാകും??? ഇതാണ് പലരുടേയും ചിന്ത. പഠിപ്പിക്കുമ്പോഴുള്ള ചില്ലറയും കിട്ടും; ബൈബിളിൽ നിന്നു തെളിവൊട്ടു കൊടുക്കുകയും വേണ്ട. ദൈവമക്കളെന്നാണ് ഓരോരുത്തരും തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചതുകൊണ്ട് അവൻ നമുടെ അപ്പനാണ്. “എൻ്റെ അപ്പൻ എനിക്കൊരു മർമ്മമാണെങ്കിൽ ഞാനൊരു ജാരസന്തതിയെന്നേ വരൂ.” ബൈബിൾ സ്ഫടികസ്ഫുടം വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് മർമ്മമെന്നല്ല; സങ്കീർണ്ണമായ മർമ്മമെന്നുമല്ല; അത്യന്തം സങ്കീർണ്ണമായ മർമ്മമെന്നു പറയുന്നവർ ദൈവമക്കളെന്ന പേരിനു യോഗ്യരോ? മറ്റുചിലർ പറയുന്നത് ത്രിത്വം പഠിച്ചു മനസ്സിലാക്കാൻ പറ്റത്തില്ല; വിശ്വാസത്താൽ അംഗീകരിക്കണം. ത്രിത്വമല്ല പ്രിയപ്പെട്ടവരെ ദൈവത്തിൻ്റെ അസ്തിത്വം അഥവാ ഉണ്മയാണ് വിശ്വാസത്താൽ അംഗീകരിക്കേണ്ടത്. അതായത്, അങ്ങനെയൊരാൾ ‘ഉണ്ടു’ എന്ന് വിശ്വസിക്കാനാണ് പറയുന്നത്. എബ്രായലേഖകൻ കൃത്യമായിട്ടത് പറഞ്ഞിട്ടുണ്ട്: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലത്തതു കൊണ്ടാണ് ‘ദൈവം ഉണ്ടു’ എന്നു വിശ്വസിക്കാൻ ബൈബിൾ പറയുന്നത്. ദൈവമുണ്ടെന്നു വിശ്വസിക്കുന്നതും ത്രിത്വമാണെന്നു വിശ്വസിക്കുന്നതും തമ്മിൽ ഒരന്തരവുമില്ലേ? ഒരുദാഹരണം പറയാം: ഞാനെൻ്റെ അപ്പനെ കണ്ടിട്ടില്ലെന്നു വിചാരിക്കുക. എനിക്ക് അപ്പൻ ഉണ്ട് എന്നു വിശ്വസിക്കുന്നതും, ഒന്നിലധികം അപ്പന്മാർ ഉണ്ടെന്നു വിശ്വസിക്കുന്നതും തമ്മിൽ എന്തുമാത്രം അന്തരമുണ്ടോ അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവവും ബൈബിളിലില്ലാത്ത ത്രിത്വദൈവവും തമ്മിലുള്ള അന്തരം. വിശ്വാസം നല്ലതാണ്. പക്ഷെ, അതിനു ഉറപ്പുള്ള ഒരടിസ്ഥാനം ഉണ്ടാകണം. അല്ലെങ്കിലത് അന്തവിശ്വാസമാകും; അന്തവിശ്വാസം പരിഹാസ്യവും അന്തം നരകവുമാണ്.
‘ഏകൻ’ എന്നു പറഞ്ഞാൽ: ഒരുത്തൻ, ഒരാൾ, ഒറ്റയായുള്ളവൻ, തനിയേ ഉള്ളവൻ, വേറാരും കൂടെ ഇല്ലാത്തവൻ എന്നൊക്കെയാണ് എല്ലാ ഭാഷയിലെയും അർത്ഥം. ബൈബിളിലെ ദൈവം ഏകനാണെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. നൂറുകണക്കിനു വാക്യങ്ങളും തെളിവുകളുമുണ്ട്. എങ്കിലും ത്രിത്വം അതംഗീകരിക്കില്ല. അവർക്ക് ‘ഏകൻ’ എന്നാൽ നാനാത്വം ഉള്ള വാക്കാണ്. ഏകനിലൊരു ബഹുത്വമുണ്ടത്രേ. തന്മൂലം ദൈവത്തിൻ്റെ ഏകത്വത്തിലല്ല അനേകത്വത്തിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ തിരുത്തി ഏകനെ ‘അനേകൻ’ എന്നാക്കിക്കൂടെ? “പിശാചുക്കൾപോലും ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നു. (യാക്കോ, 2:19). ത്രിത്വവിശ്വാസികളാകട്ടെ, ദൈവം ഏകനാണെന്നോർത്ത് വിറെക്കാതിരിക്കാൻ ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്ന് വിശ്വസിക്കുന്നു!” “ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല” (യോഹ, 8:46) അനുസരിക്കുന്നുമില്ല.
ദൈവം ഏകൻ (one) എന്നു പറഞ്ഞാൽ മാത്രമേ ഇവർക്കു പ്രശ്നമുള്ളൂ. Alone, Only (അനന്യമായ, കേവലം, കേവലമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു. ഒറ്റയായ, പ്രത്യേകമായ, മാത്രം, മാത്രമായ) എന്നുപറഞ്ഞാൽ സമ്മതിക്കുമെന്നാണ് ഇവർ വാക്കാൽ പറയുന്നത്. അങ്ങനെയൊന്നും ബൈബിളിലില്ലെന്നാണ് അവർ കരുതുന്നത്. ദൈവം ഒരു വ്യക്തിയാണെന്ന് ബൈബിളിലില്ലെന്നും അങ്ങനെയുണ്ടെങ്കിൽ കാണിച്ചുതരാൻ ത്രിത്വം വെല്ലുവിളിക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലുമായി എത്രപ്രാവശ്യം ഉണ്ടെന്നു ചോദിച്ചാൽ മാത്രം മതി. ദൈവം ഒരു വ്യക്തി മാത്രമാണോ അതോ മൂന്നു വ്യക്തികളുണ്ടോയെന്നു നമുക്കു നോക്കാം:
ദൈവം ഒരു വ്യക്തിയാണെന്ന പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള തെളിവുകളാണ് ചുവടെ ചേർക്കുന്നത്.
പഴയനിയമം:
1. “യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.” (പുറ, 22:20).
◼️ത്രിത്വവിശ്വാസപ്രകാരം ദൈവത്തിലെ സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളിൽ ഒരാളാണ് യഹോവ. യഹോവയ്ക്ക് മാത്രമല്ലാതെ (unto the Jehovah only) യാഗം കഴിക്കുന്നവനെ കൊല്ലണമെന്നാണ് കല്പന. അപ്പോൾ ദൈവത്തിലെ മറ്റു രണ്ടു വ്യക്തികൾക്ക് യാഗവും ആരാധനയും വേണ്ടേ? അപ്പോൾ, അവർ ഡമ്മി വ്യക്തികളാണോ? ഇനി, ദൈവത്തിൽ വ്യത്യസ്തരായ മൂന്നു വ്യക്തികളുണ്ടെങ്കിൽ യഹോയ്ക്കു മാത്രം യാഗം കഴിക്കണമെന്നു പറഞ്ഞാൽ ശരിയാകുമോ???…
2. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12).
◼️ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടായിരിക്കുകയും, അതിൽ ഒരു വ്യക്തിമാത്രം പ്രവർത്തനനിരതനും ബാക്കി രണ്ടുപേരും നിഷ്ക്രിയരും ആയിരുന്നോ? പഴയനിയമത്തിൽ യഹോവയെ മാത്രമേ പേരെടുത്തു പറയുന്നുള്ളൂ അതെന്താ? മറ്റു രണ്ടുപേർക്കും പേരില്ലേ???…
3. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (Jehovah only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (യോശു, 1:17).
◼️ഈ വാക്യത്തിൻ്റെ പരിഭാഷ ക്യത്യമല്ല. ഇംഗ്ലീഷിൽനിന്നു ചേർക്കുന്നു: “Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി.” യോശുവയോടു ജനം പറയുന്ന കാര്യമാണിത്. ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെങ്കിൽ അതിൽ ഒരുവ്യക്തി മാത്രം ‘നിൻ്റെകൂടെ ഇരുന്നാൽമതി’ എന്നു ജനം പറയുമോ???…
4. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3).
◼️മുകളിൽ യഹോവയ്ക്ക് മാത്രം യാഗം കഴിക്കണമെന്നാണ് പറഞ്ഞതെങ്കിൽ ഇവിടെ ‘ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ’ എന്നാണ് പറയുന്നത്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ ശമൂവേൽ ഇതു പറയുമോ??? സമതുല്യരായ മൂന്നു വ്യക്തികളെന്നത് നിങ്ങളുടെ ദിവാസ്വപ്നമാണല്ലേ???…
5. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4).
◼️യിസ്രായേൽജനം സ്നേഹിച്ചതും സേവിച്ചതും യഹോവയെന്ന ഏകസത്യദൈവത്തെയാണ്. അവനല്ലാതെ ആരാധനയ്ക്ക് യോഗ്യനായതും സേവിക്കാൻ കൊള്ളാവുന്നതുമായ ഒരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. ദൈവമെന്നാൽ യഹോവയെന്ന ഏകവ്യക്തി മാത്രമാണ്. അവൻ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ടതും, മനുഷ്യരെ വീണ്ടുംജനിപ്പിച്ചുകൊണ്ടു ലോകാവസാനത്തോളം ദൈവമക്കളുടെ ഉള്ളിൽ വസിക്കുന്നതും. അതല്ലേ യഥാർത്ഥ്യം???…
6. യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം (only) ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24).
◼️ ‘യഹോവയെ മാത്രം ഭയപ്പെടുവിൻ’ എന്നാണ് ശരിയായ പരിഭാഷ. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ യിസ്രായേൽജനം യഹോവയെ മാത്രം ഭയപ്പെടുകയും, മറ്റു രണ്ടുപേരെ ഭയപ്പെടുകയും വേണ്ടെന്നാണോ???…
7. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15).
◼️’ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.’ (You are God, You alone) ഇതിലും വ്യക്തമായി എങ്ങനെയാണ് ദൈവം ഏകവ്യക്തിയാണെന്നു പറയുന്നത്???… ദൈവം മൂന്നു വ്യക്തികളാണെന്ന ദുരുപദേശമാണ് യേശു ദൈവമല്ലെന്നു വിശ്വസിക്കുന്ന യഹോവസാക്ഷികൾ പോലെയുള്ളവരുടെ ഉത്ഭവത്തിനു കാരണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം, ബൈബിൾ നിക്ഷ്പക്ഷമായി വായിച്ചുനോക്കുന്ന ആർക്കും ദൈവത്തിൽ മൂന്നു വ്യക്തികളെ കാണാൻ കഴിയില്ല. അതൊരുപക്ഷെ, യേശു ദൈവമല്ലെന്ന നിഗമനത്തിൽ എത്താൻ അവർക്കു കാരണമായിരിക്കും.
8. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19).
◼️യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നാണ് ഇവിടെയും പറയുന്നത്. യിസ്രായേലിനെ ശത്രുക്കളിൽനിന്നു രക്ഷിച്ചിരുന്നത് യഹോവ മാത്രമാണ്. മറ്റു രണ്ടുപേർ ഉണ്ടായിരുന്നെങ്കിൽ അവർ എവിടെയായിരുന്നു. ബൈബിൾ വായിക്കാതെ ആരാണാവോ ഈ ഉപദേശം ഉണ്ടാക്കിയത്???…
9. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (Lord God only). (2ദിന, 33:17).
◼️ദൈവം യഹോവ മാത്രമാണെന്നു ഈ വാക്യവും വ്യക്തമാക്കുന്നു. ത്രിത്വവിശ്വാസികളാണ് മലയാളം ബൈബിൾ തർജ്ജമ ചെയ്തതെന്നതിന് ഒരു തെളിവു കാണിക്കാം: ഇംഗ്ലീഷിലെ എല്ലാ പരിഭാഷകളിലും but only to the Lord their God എന്നതിനെ ‘എങ്കിലും തങ്ങളുടെ ദൈവമായ യഹോവക്കു മാത്രം’ എന്നാണ് തർജ്ജമ ചെയ്യേണ്ടത്. എന്നാൽ, ചെയ്തിരിക്കുന്നതാകട്ടെ; ‘തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ’ എന്നാണ്. ചിലപ്പോൾ ബോധപൂർവ്വം അല്ലായിരിക്കാം. കാരണം, സത്യവേദപുസ്കം നൂതന പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു.”
10. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6).
◼️ആകാശഭൂമികളുടെ സ്രഷ്ടാവ് യഹോവ മാത്രമാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. യഹോവയോടു സമത്വം പങ്കിടുന്ന വ്യത്യസ്ത വ്യക്തികളെന്നു ത്രിത്വം അവകാശപ്പെടുന്ന യേശുവിനും ആത്മാവിനും സൃഷ്ടിക്കാനായി ഒന്നും ബാക്കിവെക്കാതെ മുഴുവനും യഹോവ സൃഷ്ടിച്ചിരിക്കുന്നു. പിന്നെ നിങ്ങളുടെ മറ്റുരണ്ടു ദൈവവ്യക്തികൾക്ക് എന്താണ് പണി: സൃഷ്ടിപ്പില്ല, പരിപാലനമില്ല, ആരാധന സ്വീകരിക്കുന്നില്ല. വെറുതേ യഹോവയോടു പങ്കുപറ്റുന്ന വ്യത്യസ്ത വ്യക്തികളോ???…
11. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8).
◼️ ത്രിത്വം പഠിപ്പിക്കുന്നത് ദൈവത്തിലെ മൂന്ന് വ്യക്തികളും ചേർന്നാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നാണ്. എന്നാൽ ബൈബിൾ പറയുന്നു, മൂന്ന് വ്യക്തികളില്ല; ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന്. സങ്കീർത്തനം 102:25 ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് എബ്രായലേഖകനും പറയുന്നു. “കർത്താവേ (യേശു), നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അതിനാൽ, യഹോവ തന്നെയാണ് മനുഷ്യനായി വന്നതെന്ന് തെളിയുന്നു. അടുത്തഭാഗം: “സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” പഴനിയമത്തിൽ പറയുന്നതല്ലാതെ, യഹോവ കടലിനുമീതെ നടക്കുന്ന ചരിത്രഭാഗങ്ങളൊന്നുമില്ല. എന്നാൽ, ക്രിസ്തു കടലിനു മീതെ നടന്നു. “രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.” (മത്താ, 14:25. മർക്കൊ, 6:48,49; യോഹ, 6:19). യഹോവ തന്നെയാണ് യേശുവെന്ന് അധികം സ്ഫടികസ്ഫുടം തെളിയുന്നു.
12. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8).
◼️’യഹോവ മാത്രം എന്നെ നിർഭയം വസിക്കുമാറാക്കുന്നതു’ (you alone, O Lord, make me dwell in safety) ഇതാണ് ശരിയായ പരിഭാഷ. ദാവീദാണിതു പറയുന്നത്. സങ്കീർത്തനങ്ങളിൽ നിന്നു ശ്രദ്ധേയമായൊരു കാര്യം കാണിക്കാം.110-ാം സങ്കീർത്തനം മശിഹാ സങ്കീർത്തനമാണ്. അതിൻ്റെ ഒന്നാം വാക്യത്തിൽ ദാവീദു പറയുന്നു. “യഹോവ എന്‍റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ദാവീദിവിടെ കർത്താവെന്നു വിളിക്കുന്നത് ക്രിസ്തുവിനെയാണ്. അത് ക്രിസ്തുവും (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42), അപ്പൊസ്തലന്മാരും (പ്രവൃ, 2:35; എബ്രാ, 1:13) സാക്ഷ്യപ്പെടുത്തുന്നു. ഓർക്കുക; 110:1-ൽ ദാവീദ് ക്രിസ്തുവിനെ ‘എന്‍റെ കർത്താവു’ എന്നാണ് വിളിക്കുന്നത്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ യഹോവയിൽ നിന്നു വ്യതിരിക്തനാണ് ക്രിസ്തുവെങ്കിൽ ദാവീദിന് എങ്ങനെ പറയാൻ കഴിയും; ‘യഹോവ മാത്രം എന്നെ നിർഭയം വസിക്കുമാറാക്കുന്നു?’ ദാവീദൊരു നയവഞ്ചകനാണോ? അതോ, പരസ്പരവിരുദ്ധമായ പ്രസ്താവനകളാൽ ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോയോ??? സൃഷ്ടിതാവും തൻ്റെ ഭക്തന്മാരെ നിർഭയം വസിക്കുമാറാക്കുന്നവനും ആയ ഏകസത്യദൈവമായ യഹോവ തന്നെയാണ് ക്രിസ്തുവെന്നതിന് ഇതിലും നല്ല തെളിവെന്തിനാണ്???…
13. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16).
◼️’യഹോവയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും’ എന്നാണ് ഒരു ഭക്തൻ പറയുന്നത്. ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത കാണിക്കാം: പഴയനിയമ ഭക്തന്മാർക്ക് ന്യായപ്രമാണ കർമ്മങ്ങളാൽ പാപത്തിൻ്റെ പരിജ്ഞാനമല്ലാതെ നീതീകരണം ലഭിച്ചിരുന്നില്ല. പഴയനിയമത്തിലെ പെരുന്നാളുകളും യാഗങ്ങളുമെല്ലാം സാക്ഷാൽ പെസഹാ കുഞ്ഞാടായ ക്രിസ്തുവിൻ്റെ ശരീരയാഗത്തിൻ്റെ മുൻകുറിയായിരുന്നു. അതായത്, ഹാബേൽ തുടങ്ങിയുള്ള സകല ഭക്തന്മാരുടേയും നീതീകരണത്തിനും നിത്യജീവനും കാരണം ക്രിസ്തുവിൻ്റെ മരണമാണ്. ഒന്നുകൂടി പറഞ്ഞാൽ; പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള സകലർക്കും ഏറ്റവുമധികം നീതി ചെയ്തിരിക്കുന്നത് ക്രിസ്തുവാണ്. ഇനി ചിന്തിക്കു: മിസ്രയീമ്യ അടിമത്വത്തിൽനിന്നും യഹോവ വിടുവിച്ചതിനേക്കാൾ വലിയ പ്രവൃത്തിയല്ലേ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും ക്രിസ്തു വിടുവിച്ചത്. യഹോവയോടു വ്യത്യസ്തനും സമത്വമുള്ളവനുമായ മറ്റൊരു വ്യക്തിയാണ് യേശുവെങ്കിൽ യഹോവയുടെ നീതിയെ മാത്രം സങ്കീർത്തനക്കാരൻ കീർത്തിക്കുമോ? അതോ, ക്രിസ്തുവിന്റെ നീതിയും ചേർത്ത് കീർത്തിക്കുമോ? ക്രിസ്തുവിൻ്റെ നീതിയെ കീർത്തിച്ചില്ലെന്നു മാത്രമല്ല; ‘യഹോവയുടെ മാത്രം നീതി’ എന്നെടുത്തു പറഞ്ഞാണ് കീർത്തിക്കുന്നത്. അതിനർത്ഥം എന്താണ്? യഹോവയിൽ നിന്നു വ്യത്യസ്തനല്ല ക്രിസ്തു; പ്രത്യുത യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ് കർത്താവായ യേശുക്രിസ്തുവെന്നല്ലേ???..
14. താൻ മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18).
◼️ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: പഴയനിയമത്തിൽ പേർപറയപ്പെട്ട 64 അത്ഭുതങ്ങളുണ്ട്. പുതിയനിയമത്തിൽ ക്രിസ്തു ചെയ്തതും ക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്തതുമായ 54 അത്ഭുതങ്ങളുമുണ്ട്. കൂടാതെ, തൻ്റെ സുവിശേഷത്തിൻ്റെ അവസാനം യോഹന്നാൻ്റെ ഒരു സാക്ഷ്യമുണ്ട്: “യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.” (യോഹ, 21:25). ഇതും ചേർത്തു ചിന്തിക്കുമ്പോൾ പഴയനിയമത്തിൽ യഹോവയുടെ നാമത്തിൽ സംഭവിച്ച അത്ഭുതങ്ങളേക്കാൾ വളരെയധികം പുതിയനിയമത്തിൽ യേശു ചെയ്തിട്ടുണ്ടെന്നു കാണാം. എന്നാൽ ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നതാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവ മാത്രമാണ് അത്ഭുതങ്ങളെ ചെയ്യുന്നതെന്നാണ്. ത്രിത്വത്തിൻ്റെ വെളിവുകേടുപോലെ യഹോവയും യേശുവും വ്യത്യസ്ത വ്വക്തികളാണെങ്കിൽ, ബൈബിളുപോലെ പരസ്പര വൈരുദ്ധ്യമുള്ള (contradiction) ഒരു പുസ്തകം ലോകത്തിൽ വേറെയുണ്ടാകില്ല. വെറുതെ ആളുകളെ ചിരിപ്പിക്കരുത്.
15. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18).
◼️’യഹോവ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ’ എന്നു ആസാഫ് പറയുമ്പോൾ; സകലനാമത്തിന്നും മേലായ നാമമുള്ളവനും, സ്വർഗ്ഗത്തേക്കാൾ ഉന്നതനുമായ ക്രിസ്തുവിനെ എന്തുചെയ്യും??? ദൈവം ത്രിത്വമാണത്രേ! സാത്താന്റെ ഓരോ തന്ത്രങ്ങൾ നോക്കണേ!
16. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10).
◼️പണി വീണ്ടും വരുന്നു; സമനിത്യരും സമദൈവത്വവുമുള്ള മൂന്നുപേരുണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുന്നു; ”യഹോവ മാത്രം ദൈവമാകുന്നു.” അപ്പോൾ യേശുവും പരിശുദ്ധാത്മാവും നിങ്ങൾക്കാരാണ്. ദൈവം ത്രിത്വമാണെന്നു പഠിപ്പിച്ചത് പഴയനിയമ ഭക്തന്മാരോ, യേശുവോ, അപ്പൊസ്തലന്മാരോ അല്ല; നിഖ്യാ സുന്നഹദോസാണ്. പൗലൊസ് ഗലാത്യർക്കെഴുതുമ്പോൾ പറയുന്നു: “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8,9). ബൈബിളിലില്ലാത്ത ഉപദേശം പഠിപ്പിക്കുന്നവർ ശപിക്കപ്പെട്ടവരാണെന്ന് പൗലൊസ് രണ്ടുവട്ടം ഉറപ്പിച്ചുപറയുന്നു. കഷ്ടം!
17. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4).
◼️’യഹോവ മാത്രമാണ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നതു’ എന്നാണ് ശരിയായ തർജ്ജമ. സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “അവിടുന്നു (യഹോവ) മാത്രമാണു മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.” അപ്പോൾ ദൈവത്തിലെ മറ്റൊരു വ്യക്തിയായ യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ ആവിയായിപ്പോയോ???…
18. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13).
◼️യഹോവയുടെ നാമം മാത്രമാണ് ആകാശത്തിനും ഭൂമിക്കും മേലായി ഉയർന്നിരിക്കുന്നതെങ്കിൽ സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്ന (എബ്രാ, 7:26) ക്രിസ്തുവിനെ എന്തുചെയ്യും???… ഒരുപദേശമുണ്ടാക്കുമ്പോൾ ബൈബിളൊന്നു വായിച്ചുനോക്കണ്ടേ? ഇതൊരുമാതിരി വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ഉപദേശമായിപ്പോയി.
19. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11).
20. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). [Jehovah alone]
◼️’യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും’ എന്നാണ് പ്രവചനം. ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്ന സഹസ്രാബ്ദ രാജ്യത്തെയാണ് യെശയ്യാവ് അവിടെ കാണുന്നത്. ആദിയുമന്തവും ഇല്ലാത്തവനെയാണ് ദൈവമെന്നു വിളിക്കുന്നത്. അതിനാൽ ഏതുകാലത്തെക്കുറിച്ചുള്ള പ്രവചനമാണെന്നു നോക്കേണ്ടതില്ല. ഏതെങ്കിലുമൊരു കാലത്തിൽ യഹോവ മാത്രമാണ് ഉന്നതനെന്നു എഴുതിയിട്ടുണ്ടെങ്കിൽ അവനൊരുത്തൻ മാത്രമേ സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവമായുള്ളൂ. അവനോട് പങ്കുപറ്റാൻ മറ്റൊരുത്തനും ഇല്ലതന്നെ. യഹോവയിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണ് ക്രിസ്തുവെന്ന നിങ്ങളുടെ ഉപദേശം ദുരുപദേശമെന്നു മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും; കൊടിയ സാത്താന്യ ഉപദേശമാണ്.
21. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13).
◼️യെഹൂദൻ്റെ ശാശ്വതപാറയായ യഹോവയ്ക്കുള്ള പാട്ടിലാണ് ‘യഹോവയുടെ നാമം മാത്രം ഞങ്ങൾ സ്വീകരിക്കുന്നു’ എന്നവർ പാടുന്നത്. ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെങ്കിൽ, അതിൽ രണ്ടുവ്യക്തികളെ തള്ളി ഒരു വ്യക്തിയായ യഹോവയെ മാത്രം സ്വീകരിച്ചാൽ മതിയാകുമോ? ചില ത്രിത്വപണ്ഡിതന്മാർ പറയുന്നത്; ‘മറ്റു രണ്ടു വ്യക്തികളുടെ കാര്യം യഹോവ അവരോടു മറച്ചുവെച്ചിരുന്നു’ എന്നാണ്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധമെന്താണെന്നു നിങ്ങൾക്കറിയാമോ? യഹോവ പറയുന്നത് കേൾക്കൂ: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137,5,6). അടുത്തവാക്യം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽ സന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരേ, 31:37). അബ്രാഹാമിനോടു യഹോവ ചോദിക്കുന്നത്; “ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉല്പ, 18:17). ക്രിസ്തുവിലൂടെ സകല ജാതികൾക്കും വരേണ്ട അനുഗ്രഹം പൂർവ്വപിതാക്കന്മാർക്ക് മൂന്നു പേർക്കുമാണ് യഹോവ വെളിപ്പെടുത്തിയത്. (ഉല്പ, 22:18; 26:5; 28:14 <×> ഗലാ, 3:16). ദൈവത്തിൻ്റെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനും; ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനെന്നു യഹോവ സാക്ഷ്യം പറഞ്ഞ മോശെയ്ക്കും; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവിദിനും; യഹോവ ജ്ഞാനവും വിവേകവും നല്കി ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനും; ദൈവത്തെ പലനിലകളിൽ ദർശിച്ച പ്രവാചകന്മാരും അറിയാത്ത മൂന്നു വ്യക്തികൾ ദൈവത്തിലുണ്ടെങ്കിൽ; യഹോവയ്ക്ക് പഴയനിയമ ഭക്തന്മാരോടുണ്ടായിരുന്ന സ്നേഹം കപടമായിരുന്നു. യഹോവയൊരു നയവഞ്ചകനാണെന്നു പറയേണ്ടിവരും. അതാണ് ത്രിത്വോപദേശത്തിലൂടെ സാത്താൻ ലക്ഷ്യമാക്കുന്നതും.
22. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16).
◼️”യഹോവ മാത്രം സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു” എന്നു പറഞ്ഞാൽ യേശു പറയും: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ”യഹോവ മാത്രമാണ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു” എന്നു പറഞ്ഞാൽ യേശു പറയുന്നു: “പൂർവ്വകാലത്ത് ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഞാനാണ്.” (എബ്രാ, 1:10). യേശുവും യഹോവയും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ഇതെങ്ങനെ ശരിയാകും??? യഹോവ തന്നെയാണ് യേശുവെങ്കിലല്ലേ ഈ രണ്ടു പ്രസ്താവനകളും ഒരുപോലെ ശരിയാകൂ? ആരോടാണ് ബൈബിൾ ഇതൊക്കെ പറയുന്നത്? ആര് കേൾക്കാൻ? ത്രിത്വത്തിൽനിന്ന് പിടിവിട്ടാലല്ലേ ഏകസത്യദൈവത്തെ കാണാൻ കഴിയൂ? “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32).
23. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20).
◼️ദൈവം യഹോവയായ ഒരുത്തൻ മാത്രം (you are the Jehovah, the only God) എന്നാണ് യെശയ്യാവ് പറയുന്നത്. യഹോവയെന്ന ഏകവ്യക്തി മാത്രമാണ് ദൈവമെന്നു ബൈബിളിൽ ആവർത്തിച്ചു പറഞ്ഞിരിക്കേ, ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറഞ്ഞാൽ; ഒരധോലോക ദുരുപദേശമാണ് ത്രിത്വമെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. കൊരിന്ത്യരോട് അപ്പൊസ്തലൻ ചെയ്യാൻ പറയുന്ന ഒരു പണിയുണ്ട്; അത് നിങ്ങളും ചെയ്തു നോക്കുക. ചിലപ്പോൾ നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമാകും. “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ.” (2കൊരി, 13:5).
24. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24).
◼️ത്രിത്വക്കാരുടെ ചെവിക്കുറ്റി നോക്കിയുള്ള അടിയാണ് ഈ വാക്യം. യഹോവയുടെ കൂടെ നിത്യമായിട്ടുള്ള മറ്റു രണ്ടു വ്യക്തികളാണ് യേശുവും പരിശുദ്ധാത്മാവും എന്നാണ് ത്രിത്വോപദേശം. യഹോവ പറയുന്നു: “ഞാൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ്.” സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” (യെശ, 44:24). യഹോവ ഒരു വെല്ലുവിളിയോടെ നിഷേധാർത്ഥത്തിലാണ് ചോദിക്കുന്നത്; “ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” സാത്താൻ ത്രിത്വപ്പൊട്ടന്മാരെക്കൊണ്ട് പറയിക്കുന്നു: യഹോവേ, നിന്നെക്കൂടാതെ രണ്ടുപേർകൂടിയുണ്ട്. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നും യഹോവ പറയുന്നുണ്ട്; അതും ഈ പൊട്ടന്മാർക്ക് മനസ്സിലാകുന്നില്ല.
25. യഹോവയിൽ മാത്രം (alone) നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.” (യെശ, 45:24)
◼️യഹോവയെന്ന ഏകനിൽ മാത്രമാണ് നീതിയും ബലവും ഉള്ളത്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ, മറ്റു രണ്ട് വ്യക്തികൾ നീതിയില്ലാത്തവരും ബലഹീനരുമാണോ? അപ്പോൾ ഇക്കാലമത്രയും ദൈവം ത്രിത്വമാണെന്നും, ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നൊക്കെ പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നല്ലേ? ത്രിത്വോപദേശം ഉണ്ടായത് ബൈബിളിൽ നിന്നല്ല; നിഖ്യാ സുന്നഹദോസിൻ്റെ ബുദ്ധിമൂശയിൽ നിന്നാണെന്നു ഇപ്പോൾ വ്യക്തമായില്ലേ? വിശ്വാസികൾ ബൈബിളൊന്നു ശരിക്കു വായിച്ചാൽ അന്നുതീരും ത്രിത്വദുരുപദേശം.
ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ത്രിത്വപണ്ഡിതന്മാരെ ഓർത്ത് ബൈബിളിൻ്റെ LKG വിദ്യാർത്ഥിയായ എനിക്കു ലജ്ജ തോന്നുകയാണ്. നിഖ്യാ വിശ്വാസപ്രമാണം മുതൽ 1700 വർഷമായിട്ടും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യാതെ ഏതോ മിഥ്യാധാരണയിൽ ദൈവം മൂന്ന് വ്യക്തികളാണെന്ന് പുലമ്പുകയാണ്. അവരുടെ സൂത്രവാക്യപ്രകാരം എത്ര ദൈവവ്യക്തികൾ ഉണ്ടെന്നറിയാമോ?കുറഞ്ഞത് ഏഴ് ദൈവവ്യക്തികളെങ്കിലും ഉണ്ട്:
1. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ആരുമൊരുനാളും കണ്ടിട്ടില്ലാത്ത അഥവാ അക്ഷയനും അദൃശ്യനായ ദൈവം. (യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 1:17).
2. പിതാവ് അഥവാ യഹോവ. (യഹോവയെ സ്വർഗ്ഗസിംഹാസനത്തിൽ പലരും കണ്ടിട്ടുണ്ട്). (1കൊരി, 8:6; യെശ, 42:8).
3. പുത്രൻ അഥവാ യേശുക്രിസ്തു. (മർക്കൊ, 1:1).
4. പരിശുദ്ധാത്മാവ് അഥവാ ആത്മാവ്. (മത്താ, 1:18; 4:1).
5. യഹോവയുടെ ആത്മാവ് അഥവാ പിതാവിൻ്റെ ആത്മാവ്. (ന്യായാ, 3:10; മത്താ, 10:20).
6. യേശുവിൻ്റെ ആത്മാവ് അഥവാ പുത്രൻ്റെ ആത്മാവ്. (പ്രവൃ, 16:7; ഗലാ, 4:6).
7. ദൈവത്തിൻ്റെ ആത്മാവ് അഥവാ ദൈവാത്മാവ്. (ഉല്പ, 1:2; റോമ, 8:9; മത്താ, 3:16). ദൈവത്തിൻ്റെ ആത്മാവും, പരിശുദ്ധാത്മാവും, യഹോവയുടെ ആത്മാവും, യേശുവിൻ്റെ ആത്മാവും ഒന്നാണെന്നു പറഞ്ഞാൽ ത്രിത്വം അവിടെ തീരും. ഇനിയെന്തു ചെയ്യും???
പുതിയനിയമം
1. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു: (മത്താ, 4:10).
◼️യേശു പിതാവിനെക്കുറിച്ചാണ് പറയുന്നത്; അല്ലെങ്കിൽ ത്രിത്വോപദേശിമാർ പറയുമായിരുന്നു; ദൈവം എന്നു പറഞ്ഞാൽ മൂന്ന് വ്യത്യസ്ത വ്യക്തികൾ ചേർന്നതാണെന്ന്. ഇവിടെ കൃത്യമായിട്ട് ‘അവനെ (ദൈവത്തെ) മാത്രമേ ആരാധിക്കാവു’ എന്നു പ്രഥമപുരുഷ സർവ്വനാമത്തിലാണ് യേശു പറയുന്നത്. ആരാധനയ്ക്ക് യോഗ്യനായത് ദൈവപിതാവെന്ന ഏകവ്യക്തി മാത്രമാണ്; ബഹുതമില്ല. ദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾതന്നെ പറയൂ; ത്രിത്വത്തിൽ ആരാധനയ്ക്ക് യോഗ്യനല്ലാത്ത രണ്ടുപേർ ആരൊക്കെ???…
2. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല: (മത്താ, 24:36).
◼️സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്ന് വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നു സ്ഥാപിക്കാനാണല്ലോ ഏകത്വത്തിൽ ബഹുത്വമുണ്ടാക്കിയത്. ഇവിടെ പറയുന്നു; പുത്രൻ്റെ മഹത്വപ്രത്വപ്രത്യക്ഷത പിതാവിനു മാത്രമേ അറിയൂ; പുത്രനുംകൂടെ അറിയില്ല. അപ്പോൾ പുത്രൻ സർവ്വജ്ഞനും, ദൈവവും അല്ലേ? പുത്രൻ്റെ സമത്വവും സർവ്വജ്ഞാനവും എവിടെപ്പോയി???… പ്രത്യേകിച്ച് നിത്യപുത്രൻ്റെ അവതാരവും, ജഡത്തിൽ പൂർണ്ണദൈവവുമാണ് പുത്രൻ.
3. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു: (ലൂക്കോ, 4:8).
◼️ഇവിടെയും ബഹുത്വമില്ലാത്ത ഒറ്റയൊരുത്തനാണ് ആരാധനയ്ക്ക് യോഗ്യനെന്നല്ലേ തെളിയുന്നത്???…
4. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ (alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി: (ലൂക്കോ, 5:21).
◼️ദൈവമെന്ന ഏകനു മാത്രമേ പാപം മോചിക്കാൻ കഴിയൂ; യേശു പാപം മോചിക്കുകയും ചെയ്തു. ഏകസത്യദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്കിൽ, ഈ വാക്യം ശരിയാണ്. പ്രത്യുത, വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ, പിതാവും പരിശുദ്ധാത്മാവും ദൈവമല്ലാതാകില്ലേ???…
5. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44).
◼️ഇവിടെയും ദൈവം ഏകനാണെന്ന് ഖണ്ഡിതമായിത്തന്നെ പറയുന്നത് മറ്റാരുമല്ല; യേശുക്രിസ്തുവാണ്. ദൈവം ത്രിത്വമാണെങ്കിൽ മൂവരിൽ ആരാണ് ശരിക്കും ദൈവം???…
6. ഏകസത്യദൈവമായ (The Only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു: (യോഹ, 17:3).
◼️ഇവിടെ യേശു, പിതാവാണ് ഏകസത്യദൈവമെന്ന് അനന്യമായ അർത്ഥത്തിലാണ് പറയുന്നത്. നിത്യരായ മൂന്നു വ്യക്തികളാണ് ദൈവമെന്ന് പറയുന്ന നിങ്ങൾക്ക് എന്തു മറുപടിയാണ് ഇതിനു പറയാനുള്ളത്? ആ ഏകസത്യദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതല്ല പുത്രനെങ്കിൽ, പുത്രൻ ദൈവമല്ലെന്നല്ലേ നിങ്ങൾ പറയുന്നത്? ഏകസത്യദൈവത്തിൽനിന്ന് വ്യത്യസ്തനാണ് പുത്രനെന്ന് വിശ്വസിച്ചാൽ നിത്യജീവൻ കിട്ടുമോ???…
7. ഏകജ്ഞാനിയായ (God only wise) ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ: (റോമ, 16:26).
◼️ഇവിടെ പൗലൊസ് പറയുന്നു; ദൈവം മാത്രമാണ് ജ്ഞാനി, ആ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റുന്നു. നിങ്ങളുടെ മൂന്ന് വ്യത്യസ്ത വ്യക്തികളെന്ന ഉപദേശപ്രകാരം യേശുവിൻ്റെ പിതാവു മാത്രമാണ് ജ്ഞാനി അഥവാ, ദൈവം. അപ്പോൾ, യേശു ദൈവമല്ലേ???…
8. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിന്നു (the only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ: (1തിമൊ, 1:17).
◼️നിത്യരാജാവാവ് അക്ഷയനും അദൃശ്യനായ ദൈവം ഏകൻ മാത്രമാണ്. യേശു എല്ലാവർക്കും ദൃശ്യനായവനാണ്. അതേ ദൈവവ്യക്തിയാണ് മനുഷ്യനായി വെളിപ്പെട്ടിരിക്കുന്നതെന്ന് സമ്മതിച്ചാൽ ഓക്കെ, അല്ലെങ്കിൽ യേശു ദൈവമല്ല. പിന്നെയവൻ ആരാണെന്ന് നിങ്ങൾ പറയൂ???…
9. ധന്യനായ ഏകാധിപതിയും (only potentate) രാജാധിരാജാവും കർത്താധികർത്താവും: (1തിമൊ, 6:15).
◼️ധന്യനായ പരമാധികാരിയും രാജാധിരാജാവും കർത്താധികർത്താവും ഒരുവൻ മാത്രമേയുള്ളു. വെളിപ്പാടിൽ ക്രിസ്തുവിനെയും ഇതു പറയുന്നുണ്ട്: (വെളി, 17:14; 19:16). പിതാവും പുത്രനും വ്യത്യസ്ഥരാണെങ്കിൽ, ഇതിൽ ആരാണ് ശരിക്കും പരമാധികാരിയായ ദൈവം???…
10. താൻ മാത്രം അമർത്യതയുള്ളവനും (God only immortality) അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ: (1തിമൊ, 6:16).
◼️ആർക്കും കാണാൻ കഴിയാത്തവനും മരണമില്ലാത്തവനും ദൈവം മാത്രമാണ്. ക്രിസ്തുവാകട്ടെ, എല്ലാവരും കണ്ടവനും, ഒരിക്കൽ മരിച്ചവനുമാണ്. ക്രിസ്തു അതേ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടല്ലെങ്കിൽ, പിന്നെങ്ങനെ ദൈവമാകും???…
11. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏക നാഥനും നമ്മുടെ കർത്താവുമായ (Only Lord God) യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു: (യൂദാ 1:4).
◼️ഇവിടെ, ക്രിസ്തുവിനെ മാത്രമാണ് ഏകനാഥൻ അഥവാ, രക്ഷിതാവെന്ന് പറയുന്നത്. ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും പിന്നെന്താ റോൾ???…
12. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക ദൈവത്തിന്നു (the only God) തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ: (യൂദാ 1:24).
◼️ഇവിടെ വരുമ്പോൾ രക്ഷിതാവ് പിതാവ് മാത്രമാണ്. ദൈവം ഏകവ്യക്തിയും, ആ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നുവന്നാലല്ലേ ഇതൊക്കെ ശരിയാകു. അല്ലെങ്കിൽ ബൈബിൾ തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടി വരില്ലേ???…
13. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ (the only holy); നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും: (വെളി, 15:4).
◼️ഒരേയൊരു പരിശുദ്ധൻ മാത്രമേയുള്ളുവെന്ന് ഖണ്ഡിതമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥരായ മൂന്നു വ്യക്തികളാണെങ്കിൽ, അതിൽ ഒരാൾ മാത്രമാണ് പരിശുദ്ധൻ. അതാരാണെന്ന് ത്രിത്വപണ്ഡിതന്മാർ ഒന്നു കണ്ടുപിടിച്ചു തരണം? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, വെളിപ്പാടുകളും ദൈവം ഏകവ്യക്തിയും ആണെങ്കിലല്ലേ ‘ഏകപരിശുദ്ധൻ’ എന്ന് ഖണ്ഡിതമായി ദൈവത്തെ വിളിക്കാൻ കഴിയൂ???…
നിഖ്യാ സുന്നഹദോസിൽ യേശു ദൈവമല്ലെന്നു പറഞ്ഞ അറിയൂസിൻ്റെ അറിവില്ലായ്മയേക്കാൾ ഗുരുതരമായ കുറ്റമാണ് ദൈവം ത്രിത്വമാണെന്നു വിശ്വാസപ്രമാണംകൊണ്ടു സ്ഥാപിക്കാൻ ശ്രമിച്ച സഭാപിതാക്കന്മാരുടേത്. ദൈവം ത്രിത്വമാണെന്ന് പഠിപ്പിച്ചത് മാത്രമല്ല; സാത്താനോട് അച്ചാരം കൈപ്പറ്റിയ ത്രിത്വപണ്ഡിതന്മാർ ഒത്തിരി വഞ്ചന വിശ്വാസികളോട് കാണിച്ചിട്ടുണ്ട്. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിലൊരു ബഹുത്വമുണ്ടെന്നും; ഏകനെക്കുറിക്കുന്ന എഹാദും, ഹെയ്സും നാനാത്വമുള്ള ഏകത്വമാണെന്നും; പുത്രനെന്ന പദവിയിൽ വെളിപ്പെട്ടവൻ നിത്യപുത്രനാണെന്നും; ജഡത്തിൽ വെളിപ്പെട്ട യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെന്നും; ദൈവം ജഡത്തിൽ വെളിപ്പെടുകയല്ല, അവതരിക്കുകയായിരുന്നു എന്നിങ്ങനെ ഒരുപാട് ദുരുപദേശം ത്രിത്വവുമായി ബന്ധപ്പെട്ടുണ്ട്.
”ഞാനും പിതാവും ഒന്നാകുന്നു” എന്ന യേശുവിൻ്റെ വാക്കുപോലെ, യഹോവയും യേശുവും ഒരു വ്യക്തിയല്ലെങ്കിൽ യേശുവിന് ദൈവമായിരിക്കാൻ കഴിയില്ല. പിതാവു ചെയ്തു കാണുന്നതല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത്. ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു. പിതാവിനല്ലാതെ പുത്രനുംകൂടെ അറിയില്ല. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. എന്റെ പിതാവും എന്റെ ദൈവവും. എന്റെ പിതാവു എല്ലാവരിലും വലിയവൻ. പിതാവു എന്നെക്കാൾ വലിയവൻ. എന്നൊക്കെ പറയുന്ന പുത്രൻ പിതാവിനു സമനായ മറ്റൊരു വ്യക്തിയാണെന്ന് എതിർക്രിസ്തുവിനു മാത്രമേ പറയാൻ സാധിക്കു.
‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം’ എന്ന് പൗലൊസ് ആവർത്തിച്ചു പറയുന്നു. (2കൊരി, 11:31; എഫെ, 1:3; 1:17). ‘എൻ്റെ ദൈവവും എൻ്റെ പിതാവും’ എന്ന് യേശുവും പറയുന്നു. (യോഹ, 20:17). പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളായിരിക്കേ, ത്രിത്വത്തിന് എങ്ങനെയാണ് പുത്രൻ ദൈവമാകുന്നത്???…
“നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഏകസത്യദൈവം (The only true God) എന്ന് പിതാവിനെ വിളിക്കുന്ന പുത്രൻ, പിതാവിൽ നിന്ന് വ്യത്യസ്തനല്ല; പിതാവിൻ്റെ തന്നെ മനുഷ്യ പ്രത്യക്ഷതയാണെന്ന് എന്നാണിനി തിരിച്ചറിയുന്നത്? എല്ലാവരും എത്രയും വേഗത്തിൽ യേശുക്രിസ്തുവിനെ അറിയാൻ അവൻ കൃപനല്കട്ടെ!