ശിമോൻ

ശിമോൻ (Simon)

പേരിനർത്ഥം — കേട്ടു

പത്രൊസ് അപ്പൊസ്തലൻ്റെ ആദ്യത്തെ പേര് ശിമോൻ എന്നായിരുന്നു. (കാണുക: അപ്പൊസ്തലന്മാർ)

കനാന്യനായ ശിമോൻ

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ മറ്റൊരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

യേശുവിൻ്റെ സഹോദരൻ ശിമോൻ

യേശുവിൻ്റെ സഹോദരന്മാരിൽ ഒരാളാണ് ഇദ്ധേഹം: “ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55; മർക്കൊ, 6:3).

കുഷ്ഠരോഗിയായ ശിമോൻ

ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ യേശു ഇരിക്കുമ്പോൾ ഒരു സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. (മത്താ, 26:6; മർക്കൊ, 14.3). ഈ ശിമോൻ മറിയ, മാർത്ത എന്നിവരുമായി ബന്ധമുള്ള വ്യക്തിയായിരിക്കണം. (യോഹ, 12:1-3).

കുറേനക്കാരനായ ശിമോൻ

യേശുവിന്റെ കുശ് ചുമക്കുവാൻ ഇയാളെ നിർബന്ധിച്ചു. (മത്താ, 27:32; ലൂക്കൊ, 23:26). കുറേനക്കാരനായ ശിമോൻ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനെന്ന് മർക്കൊസ് 15:21 വ്യക്തമാക്കുന്നു. അപ്പൊസ്തവപ്രവൃത്തികൾ 13:1-ലെ ശിമോൻ ഇയാളായിരിക്കണം.

പരീശനായ ശിമോൻ

ഈ പരീശന്റെ വീട്ടിൽ വച്ച് പട്ടണത്തിൽ പാപിനിയായ ഒരു സ്ത്രീ യേശുവിനെ തൈലം പൂശി. (ലൂക്കൊ, 7:40). ഈ സംഭവവും ബേഥാന്യയിലെ സംഭവവും വ്യത്യസ്തമാണ്. എന്നാൽ ഇവ രണ്ടും ഒന്നാണെന്ന് കരുതുന്നവരുമുണ്ട്.

യൂദയുടെ പിതാവായ ശിമോൻ

ഈ ശിമോൻ ഈസ്കരോത്ത യൂദയുടെ പിതാവാണ്. യോഹന്നാൻ സുവിശേഷത്തിൽ മാത്രമേ യൂദയുടെ പിതാവിന്റെ പേരു പറഞ്ഞിട്ടുള്ളു. (യോഹ, 6:70; 13:2,26).

ആഭിചാരകനായ ശിമോൻ

ഇയാൾ ജനത്തിന്റെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ആഭിചാരകനായിരുന്നു. (പ്രവൃ, 8:9-13). ഫിലിപ്പോസിന്റെ പ്രസംഗം കേട്ട് അയാൾ യേശുവിൽ വിശ്വസിച്ചു. അയാളുടെ വിശ്വാസത്തിന്റെ ഉണ്മ സന്ദിഗ്ദ്ധമാണ്. തന്റെ ആഭിചാര ശക്തിയെ അതിശയിക്കുന്ന ദൈവശക്തി ഫിലിപ്പോസിൽ കണ്ടാണ് ശിമോൻ ആകൃഷ്ടനായത്. ഈ ശക്തിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി സ്നാനപ്പെട്ടതിനു ശേഷം ഇയാൾ ഫിലിപ്പോസിനോടു കൂടെനടന്നു. അനന്തരം പരിശുദ്ധാത്മാവു ലഭിക്കുവാൻ പുതിയ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരുടെ മേൽ കൈവയ്ക്കുവാനും ആയി യെരൂശലേം സഭയിൽ നിന്നും പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയച്ചു. അപ്പൊസ്തലന്മാർ കൈവച്ചു. പരിശുദ്ധാത്മാവിനെ നല്കുന്നതു കണ്ടപ്പോൾ ഈ ശക്തി തനിക്കു ലഭിക്കേണ്ടതിനു ശിമോൻ അവർക്ക് ദ്രവ്യം കൊണ്ടു വന്നുകൊടുത്തു. പത്രൊസ് അവനെ ശാസിക്കുകയും നിന്റെ ദ്രവ്യം നിന്നോടു കൂടെ നശിച്ചു പോകട്ടെ എന്നു പറയുകയും ചെയ്തു.

തോല്ക്കൊല്ലനായ ശിമോൻ

പത്രാസ് യോപ്പയിൽ തോല്ക്കൊല്ലനായ ഈ ശിമോന്റെ വീട്ടിൽ വളരെ നാൾ താമസിച്ചു. അവൻ്റെ വീട് കടല്പുറത്ത് ആയിരുന്നു. (പ്രവൃ, 9:43; 10:6,17, 32).

അന്ത്യാക്യ സഭയിലെ ശിമോൻ

അന്ത്യാക്യ സഭയിലെ ഉപദേഷ്ടാക്കന്മാരിൽ ഒരാൾ . ഇയാളുടെ മറുപേരാണു നീഗർ. (പ്രവൃ, 13 : 2)

ശല്മനേസെർ

ശല്മനേസെർ (Shalmaneser)

പേരിനർത്ഥം – ഷുല്മാൻ ദേവൻ പ്രമുഖനാണ്

അശ്ശൂർ രാജാവ്. അശ്ശൂരിലെ പല ഭരണകർത്താക്കളും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഹോശേയ ആശ്രിതനായിരുന്നത് ശല്മനേസെർ അഞ്ചാമനായിരുന്നു. (2രാജാ, 17:3). ഇദ്ദേഹം തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ പുത്രനാണ്. ഹോശേയ കപ്പം കൊടുക്കാതെയായപ്പോൾ ശല്മനേസെർ യിസ്രായേലിന്റെ തലസ്ഥാനമായ ശമര്യയെ മൂന്നുവർഷം നിരോധിച്ചു. ശമര്യയെ തോല്പിച്ച് യിസ്രായേല്യരെ പിടിച്ച് ബദ്ധരാക്കിക്കൊണ്ടു പോയത് ഈ ശല്മനേസർ ആയിരുന്നു. (2രാജാ, 17:6). എന്നാൽ ശമര്യയെ ഒടുവിലായി പിടിച്ചത് ഇദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ രണ്ടാ മനായിരുന്നു.

ശമൂവേൽ

ശമൂവേൽ (Samuel)

പേരിനവത്ഥം – ദൈവം കേട്ടു

യിസ്രായേലിലെ ഒടുവിലത്തെ ന്യായാധിപനും (പ്രവൃ, 13:20) ആദ്യത്തെ പ്രവാചകനും (പ്രവൃ, 3:24) പൗരോഹിത്യത്തിൽ ഏലിയുടെ പിൻഗാമിയായിരുന്ന ശമൂവേൽ ലേവി ഗോത്രജനായിരുന്നു. (1ദിന, 6:1-28, 33-38). പഴയനിയമകാലത്ത് മോശയ്ക്കു ശേഷം ജനിച്ചവരിൽ മഹാനായി കരുതപ്പെട്ടു വന്നു. (യിരെ, 15:1).

എഫ്രയീം മലനാട്ടിൽ രാമാഥയീം സോഫീമിൽ എല്ക്കാനായുടെയും ഹന്നയുടെയും പുത്രനായി ജനിച്ചു. മക്കളില്ലാതിരുന്നതിനാൽ ഹന്ന മനോവ്യസനത്തോടുകൂടി പ്രാർത്ഥിച്ചു വന്നു. ഒരു പുരുഷസന്താനം ലഭിച്ചാൽ അവനെ ജീവപര്യന്തം യഹോവയ്ക്ക് സമർപ്പിക്കും എന്നു അവൾ നിശ്ചയിച്ചു. അവൾക്കു ഒരു മകൻ ജനിച്ചു. ‘ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി’ എന്നു പറഞ്ഞ് ശമൂവേൽ എന്നു പേരിട്ടു. (1ശമൂ, 1:1-20). അവനു മുലകുടി മാറിയശേഷം മാതാപിതാക്കന്മാർ അവനെ ശീലോവിൽ യഹോവയുടെ ആലയത്തിൽ പ്രതിഷ്ഠിച്ചു. (1:28). കുഞ്ഞായിരുന്നപ്പോൾ തന്നെ ശമൂവേൽ ദൈവത്തിന്റെ സന്നിധിയിൽ ഏഫോദ് ധരിച്ചു ശുശ്രൂഷ ചെയ്തു. ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി അമ്മ ശമൂവേലിനു നല്കിയിരുന്നു. (1ശമൂ, 2:11, 18,19). ആ കാലത്ത് യഹോവയുടെ വചനം ദുർല്ലഭമായിരുന്നു. എന്നാൽ ശമൂവേൽ ദൈവാലയത്തിൽ കിടന്നപ്പോൾ യഹോവ വിളിച്ചു അവനോടു സംസാരിച്ചു. ദീർഘനാളുകൾക്കു ശേഷം യഹോവ തന്റെ അരുളപ്പാടു അറിയിക്കുകയായിരുന്നു. ഏലിയുടെ കുടുംബത്തിന്റെ നാശത്തെക്കുറിച്ചുള്ള അരുളപ്പാടു വിമനസ്സോടെ ഏലിയെ അറിയിച്ചു. ശമൂവേൽ വളർന്നു; യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമായില്ല. യിസ്രായേല്യരൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു മനസ്സിലാക്കി. (1ശമൂ, 3:1-20).

യിസ്രായേൽ ഫെലിസ്ത്യരോടു ദാരുണമായി പരാജയപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. അധികകാലവും യഹോവയുടെ നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ ആയിരുന്നു. യിസ്രായേൽ ജനം വിലപിച്ചു. (1ശമൂ, 7:1,2). തങ്ങളുടെ പാപവഴികളെ ഉപേക്ഷിക്കുവാനും അന്യദൈവങ്ങളെ മാറ്റിക്കളയുവാനും ശമൂവേൽ ജനത്തെ ഉപദേശിച്ചു. ജനത്തെയെല്ലാം മിസ്പയിൽ കുട്ടിവരുത്തി. അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ സഭയിൽ വച്ച് ശമൂവേൽ തിരഞ്ഞെടുക്കപ്പെട്ടതായി അഥവാ ജനം ശമൂവേലിനെ ന്യായാധിപനായി അംഗീകരിച്ചതായി കരുതപ്പെടുന്നു. (1ശമൂ, 7:3-6). യിസ്രായേൽ മിസ്പയിൽ ഒന്നിച്ചു കൂടി എന്നറിഞ്ഞു ഫെലിസ്ത്യർ അവരോടു യുദ്ധത്തിനു വന്നു. ശമൂവേൽ യിസായേലിനു വേണ്ടി യാഗം കഴിച്ച് പ്രാർത്ഥിച്ചു. യഹോവ ഇടിമുഴക്കി ഫെലിസ്ത്യരെ ഭയപ്പെടുത്തി. അവർ തോറ്റോടുകയും യിസ്രായേൽ അവരെ സംഹരിക്കുകയും ചെയ്തു. വർഷത്തിലെ പ്രസ്തുത ഋതുവിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രകൃതി പ്രതിഭാസമായിരുന്നു അത്. യിസ്രായേലിന്റെ ശത്രുക്കൾ പരാജയപ്പെട്ടു. യിസ്രായേൽ അവരെ ബേത്കാർ വരെ പിന്തുടർന്നു അവരെ സംഹരിച്ചു. (1ശമൂ, 7:11). ശമൂവേൽ ഒരു കല്ലെടുത്തു മിസ്പെക്കും ശേനിനും മദ്ധ്യേ നാട്ടി ‘ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു’ എന്നു പറഞ്ഞ് അതിനു ‘ഏബെൻ-ഏസെർ’ എന്നു പേരിട്ടു. (1ശമൂ, 7:12). ഫെലിസ്ത്യർ കീഴടക്കിയിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ കിട്ടി. യിസ്രായേലും അമോര്യരും തമ്മിലും സമാധാനമായിരുന്നു. (1ശമൂ, 7:14). ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ചു ന്യായപാലനം ചെയ്തുവന്നു. (1ശമൂ, 7:16,17). രാമയിൽ താമസിച്ചു യിസ്രായേലിനു ന്യായപാലനം ചെയ്യുകയും അവിടെ ഒരു യാഗപീഠം പണിയുകയും ചെയ്തു. ശമൂവേൽ ജീവപര്യന്തം യിസായേലിനു ന്യായപാലനം ചെയ്തു. (7:15).

ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരായ യോവേൽ, അബീയാവ് എന്നിവരെ ന്യായാധിപന്മാരാക്കി. എന്നാൽ അവർ ശമൂവേലിന്റെ വഴിയിൽ നടക്കാതെ കൈക്കൂലി വാങ്ങി ന്യായം മറിച്ചു കളഞ്ഞു. ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ യിസ്രായേലിനു ഒരു രാജാവിനെ നിയമിക്കണമെന്നു അവർ ശമൂവേലിനോട് ആവശ്യപ്പെട്ടു. (1ശമൂ, 8:1-5). ശമൂവേൽ പ്രാർത്ഥിച്ചു. യഹോവ കല്പിച്ചതനുസരിച്ച് രാജനീതി എന്തായിരിക്കുമെന്നു അവരോടു പറഞ്ഞു. എങ്കിലും അവർ രാജാവിനു വേണ്ടി അപേക്ഷിക്കുകയാൽ അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുന്നതിനുള്ള ദൈവകല്പന അവരെ അറിയിച്ചു. (1ശമൂ, 8:6-19). ബെന്യാമീൻ ഗോത്രത്തിൽ ധനികനായ കീഴിന് ശൗൽ എന്നു പേരായ ഒരു പുത്രൻ ഉണ്ടായിരുന്നു. അവൻ കോമളനും എല്ലാവരെക്കാളും തോൾമുതൽ പൊക്കമെറിയവനും ആയിരുന്നു. അപ്പന്റെ കാണാതെ പോയ കഴുതകളെ അന്വേഷിച്ചുപോയ വഴിയിൽ ശൗൽ ശമൂവേലിന്റെ അടുക്കൽ വന്നു. ശമൂവേൽ അവനെ സ്വീകരിക്കുകയും, അവന്റെ തലയിൽ തൈലം ഒഴിച്ചു ‘യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു പറയുകയും ചെയ്തു. (1ശമൂ, 10:1). ശമൂവേൽ ജനത്തെ മിസ്പയിൽ ഒന്നിച്ചു കുട്ടി. അവിടെവച്ചു രാജാവിനായി ചീട്ടിടുകയും ചീട്ട് ശൗലിനു വീഴുകയും ചെയ്തു. (10:17-25). ഇങ്ങനെ ശൗലിനെ ഔപചാരികമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു. (1ശമൂ, 10:17-25). അമ്മോന്യനായ നാഹാശ് യാബേശ് നിവാസികൾക്കെതിരെ യുദ്ധത്തിനൊരുങ്ങി. ഇതറിഞ്ഞ് ശൗൽ ജനത്തെ കൂട്ടി അവർക്കെതിരെ ചെന്നു, അവരെ നിശ്ശേഷം തോല്പിച്ചു. ശൗലിന്റെ രാജത്വം ഉറപ്പിക്കുകയും (1ശമൂ, 11:14-15); ശമൂവേൽ ദീർഘമായ ഒരു വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്തു. തന്റെ ന്യായപാലനകാലത്തെക്കുറിച്ചു വളരെ വ്യക്തമായ അവകാശവാദങ്ങൾ അദ്ദേഹം നിരത്തി. എന്നാൽ പ്രവാചകനെതിരെ ഒരു വാക്കു പോലും പറയുവാൻ ആർക്കും ഇല്ലായിരുന്നു. (1ശമൂ, 12).

ശൗൽ രാജാവായി വാണു തുടങ്ങി എങ്കിലും ശമൂവേൽ ന്യായാധിപനും പ്രവാചകനും ആയി പ്രവർത്തിച്ചു വന്നു. ശൗൽ ഫെലിസ്ത്യർക്കെതിരെ യുദ്ധത്തിലായിരുന്നു. യാഗം നടത്തുവാൻ ഗില്ഗാലിൽ ശമൂവേലിനെ കാത്തിരുന്നു. എന്നാൽ ശമൂവേൽ നിശ്ചിതസമയത്തിനു വരാതിരുന്നതുകൊണ്ട് ശൗൽ ഹോമയാഗം കഴിച്ചു. അതു രാജാവിനു വിഹിതമല്ലായിരുന്നു. യാഗാർപ്പണം അവസാനിക്കും മുമ്പു തന്നെ ശമൂവേൽ വരികയും അവനെ ശാസിക്കുകയും ചെയ്തു. അവന്റെ രാജത്വം നിലനില്ക്കുകയില്ല എന്നും അതു തനിക്കു ബോധിച്ച ഒരു പുരുഷനു യഹോവ നല്കുമെന്നും ശമൂവേൽ പറഞ്ഞു. (1ശമൂ, 13:1-15). ശമൂവേൽ അവനെ വിട്ടു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. അമാലേക്യരെ പൂർണ്ണമായി നശിപ്പിക്കണം എന്ന കല്പന ശൗൽ അനുസരിക്കാതെ രാജാവായ ആഗാഗിനെ രക്ഷിക്കുകയും തടിച്ച മൃഗങ്ങളെ ജീവനോടെ സൂക്ഷിക്കുകയും ചെയ്തു. ശമൂവേൽ ഇതിനു ശൗലിനെ ശാസിച്ചു . അനുസരണക്കേടു നിമിത്തം യഹോവ ശൗലിനെ ഉപേക്ഷിച്ചു എന്നു ശമൂവേൽ ശൗലിനെ അറിയിച്ചു. മടങ്ങിപ്പോകുവാൻ ഭാവിക്കുമ്പോൾ ശൗൽ ശമൂവേലിനെ അവിടെ തന്നോടു കൂടി ആരാധിക്കുവാൻ നിർബന്ധിച്ചു. ശമൂവേൽ കൂട്ടാക്കിയില്ല. ശൗൽ ബലം പ്രയോഗിച്ചു പ്രവാചകനെ പിടിച്ചു നിറുത്തുവാനൊരുങ്ങി. അതിൽ ശമൂവേലിന്റെ അങ്കി കീറിപ്പോയി. യിസ്രായേലിന്റെ രാജത്വം ഇന്നു നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. പിന്നെ ആഗാഗിനെ വരുത്തി കൊന്നുകളഞ്ഞു. അവിടെ നിന്നും ശമൂവേൽ രാമയിലേക്കു പോയി. പിന്നെ ശമൂവേൽ ശൗലിനെ ജീവപര്യന്തം കണ്ടിട്ടില്ല. (1ശമൂ, 15:35).

അനന്തരം യഹോവയുടെ കല്പനപ്രകാരം ശമൂവേൽ ബേത്ലേഹെമിൽ ചെന്നു യിശ്ശായിയുടെ ഇളയ പുത്രനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16;1-13). ശൗൽ ക്രോധത്തിൽ ദാവീദിനെ കൊല്ലാനൊരുങ്ങി. ദാവീദ്
ഓടി രാമയിൽ ചെന്നു ശമൂവേലിനോടു എല്ലാം പറഞ്ഞു. പിന്നെ ദാവീദും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു. ഇതറിഞ്ഞ ശൗൽ ദാവീദിനെ പിടിക്കാൻ ദൂതന്മാരെ അയച്ചു. ഒടുവിൽ ശൗൽ തന്നെ നയ്യോത്തിൽ ചെന്നു. ശൗലിന്റെ മേലും ആത്മാവു വന്നു; ശൗൽ തന്റെ കൃത്യത്തിൽ നിന്നും പിന്മാറി. (1ശമൂ, 19:18-24). ശമൂവേൽ മരിച്ചു. യിസ്രായേൽ അവനെക്കുറിച്ചു വിലപിച്ചു. രാമയിൽ അവന്റെ വീട്ടിനരികിൽ അവനെ അടക്കി. 1ശമൂ, 25:1).

ശമൂവേൽ പ്രവാചകന്റെ സ്വഭാവത്തിൽ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാകുന്നതു അദ്ദേഹത്തിന്റെ ഭക്തിയാണ്. മാതാവ് യഹോവയുടെ ശുശ്രൂഷയ്ക്കായി ശമൂവേലിനെ സമർപ്പിച്ചു. ആജീവനാന്തം അദ്ദേഹം ദൈവത്ത സേവിച്ചു. പ്രതിസന്ധികളിലെല്ലാം യഹോവയിങ്കലേക്കു തിരിയുകയും ഉപദേശം പ്രാപിക്കുകയും ചെയ്തു. പ്രവൃത്തികളും തീരുമാനങ്ങളും എല്ലാം യഹോവയുടെ വചനത്തെ അധിഷ്ഠാനമാക്കിയായിരുന്നു. ജനക്ഷേമമായിരുന്നു തന്റെ ഭരണത്തിന്റെ ലക്ഷ്യം. സ്ഥാനവും മാനവും അധികാരവും അദ്ദേഹത്തിന്റെ പിന്നാലെ ചെല്ലുകയായിരുന്നു. തന്റെ ഉപദേശവും ശുശ്രൂഷയും ഗണിക്കാതെ ഒരു രാജാവിനെ തിരഞ്ഞെടുത്തിട്ടും പ്രവാചകൻ ജനത്തോട് ഒരതൃപ്തിയും പ്രകടിപ്പിച്ചില്ല. ഏകാധിപത്യസ്ഥാപനത്തിൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചു ജനത്തിനു മുന്നറിയിപ്പു നല്കി. തന്റെ പിൻഗാമിയായി ശൗലിനെ തിരഞ്ഞെടുത്തപ്പോൾ യാതൊരു വിദ്വേഷവും കാണിക്കാതെ വളരെ സ്നേഹത്തോടും പൈതൃകമായ വാത്സല്യത്തോടുമാണ് അദ്ദേഹം പെരുമാറിയത്. ഇത്രയും വലിയ ഹൃദയവിശാലതയ്ക്ക് ചരിത്രത്തിൽ മറ്റൊരു ദൃഷ്ടാന്തമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടാവുന്നതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിക്കുക: “ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.” (1ശമൂ, 12:3).

ശദ്രക്

ശദ്രക് (Shadrach)

പേരിനർത്ഥം – രാജകീയം

ദാനീയേൽ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന യെഹൂദബാലനായ ഹനന്യാവിനു കൊടുത്ത ബാബിലോന്യ നാമം. നെബൂഖദ്നേസർ ബാബിലോണിലേക്കു ബദ്ധന്മാരായി കൊണ്ടുപോയവരിൽ ഒരാളാണ് ശദ്രക്ക്. സ്വഭാവശുദ്ധിയും ബുദ്ധിവൈഭവവും കാരണം രാജാവിനെ സേവിക്കുവാനായി ശദ്രക്കിനെയും തിരഞ്ഞെടുത്തു. കായജ്ഞാനം മുഴുവൻ ശദ്രക്കിനെ അഭ്യസിപ്പിച്ചു. ദാനീയേലിനെപ്പോലെ ശാകപദാർത്ഥം ഭക്ഷിച്ചു. (ദാനീ, 1:12). പരിശോധനാകാലം കഴിഞ്ഞശേഷം രാജസന്നിധിയിൽ നിർത്തി. അവർ മറ്റുള്ളവരെക്കാൾ മേന്മയേറിയവരായി കാണപ്പെട്ടു.

രാജാവിന്റെ മറന്നുപോയ സ്വപ്നവും അർത്ഥവും പറയുവാൻ വിദ്വാന്മാർക്കു കഴിഞ്ഞില്ല. നെബൂഖദ്നേസർ അവരെ കൊല്ലാൻ തീരുമാനിച്ചു. ഈ സ്വപ്നം ദാനീയേലിനു വെളിപ്പെടുത്തിക്കൊടുക്കാൻ ശദ്രക്ക് സഖികളോടൊപ്പം പ്രാർത്ഥിച്ചു. (2:17,18). ദാനീയേൽ സ്വപ്നവും അർത്ഥവും വെളിപ്പെടുത്തി. അനന്തരം ദാനീയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ചു. (ദാനീ, 2:49).

അസൂയാലുക്കളായ ചില കല്ദയരുടെ പ്രേരണയാൽ ദൂരാ സമഭൂമിയിൽ നിർത്തിയ സ്വർണ്ണബിംബത്തെ എല്ലാവരും നമസ്കരിക്കണമെന്ന് നെബുഖദ്നേസർ കല്പന പുറപ്പെടുവിച്ചു. അനുസരിക്കായ്ക്കുകൊണ്ട് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ എരിയുന്ന തീച്ചുളയിലിട്ടു. തീ അവർക്ക് ഒരു കേടും വരുത്തിയില്ല. അവരുടെ വിശ്വാസം കണ്ട് രാജാവ് യഹോവയെ ദൈവമെന്ന് അംഗീകരിക്കുകയും വിശ്വസ്തരായ അവർക്കു സ്ഥാനക്കയറ്റം നല്കുകയും ചെയ്തു. (ദാനീ, 3:1-30). ഈ സംഭവത്തിനുശേഷം ഇവരെക്കുറിച്ച് തിരുവെഴുത്തുകളിലൊന്നും പറഞ്ഞിട്ടില്ല. എബ്രായർ 11:34-ൽ തീയുടെ ബലം കെടുത്തു എന്ന സൂചന ഈ സംഭവത്തെയായിരിക്കണം പരാമർശിക്കുന്നത്.

വിഗ്രഹാരാധന

വിഗ്രഹാരാധന (idolatry) 

സ്രഷ്ടാവിനു നല്കേണ്ട ബഹുമാനം സൃഷ്ടിക്കു നല്കുകയും, പ്രകൃതിവസ്തുക്കളിൽ ദൈവിക ശക്തി ആരോപിക്കുകയുമാണ് സാമാന്യാർത്ഥത്തിൽ വിഗ്രഹാരാധന. വിഗ്രഹാരാധനയുടെ രൂപഭേദങ്ങൾ പ്രായേണ താഴെപ്പറയുന്നവയാണ്: 1. കല്ല്, നദി, മരം മുതലായ അചേതന വസ്തുക്കളെ ആരാധിക്കുക. 2. മൃഗങ്ങളെ ആരാധിക്കുക. 3. സൂര്യൻ, ചന്ദ്രൻ, നക്ഷത്രം മുതലായ പ്രപഞ്ച ശക്തികളെയും വായു, തീ മുതലായ പ്രകൃതി ശക്തികളെയും ആരാധിക്കുക. 4. വീരന്മാരെയും മൃതന്മാരെയും ആരാധിക്കുക. 5. സത്യം, നീതി തുടങ്ങിയ അമൂർത്തധർമ്മങ്ങളെ പൂജിക്കുക. വിജാതീയരായ അയല്ക്കാരിൽ നിന്നും കാലാകാലങ്ങളിൽ യിസ്രായേല്യർ സ്വീകരിച്ചതാണ് അവരുടെ വിഗ്രഹാരാധനാരീതികൾ. 

വിഗ്രഹാരാധന അന്ധവിശ്വാസജഡിലമാണ്. മലകളും ഉയർന്ന കുന്നുകളും ബലിപീഠങ്ങളായും വിഗ്രഹങ്ങൾക്കു ധൂപം കാട്ടുവാനുള്ള സ്ഥലങ്ങളായും തിരഞ്ഞെടുത്തിരുന്നു. (1രാജാ, 11:7; 14:23). തോട്ടങ്ങളും പച്ചവൃക്ഷത്തണലുകളും വിഗ്രഹാരാധകരെ വശീകരിച്ചു. (2രാജാ, 16:4; യെശ, 1:29; ഹോശേ, 4:13). ആകാശസൈന്യത്തെ ആരാധിക്കുന്നതു മാളികയുടെ മേല്പുരയിൽ നിന്നുകൊണ്ടാണ്. (2രാജാ, 23:12; യിരെ , 19:13; 32:29; സെഫ, 1:5). വ്യാജാരാധനയുടെ പുരോഹിതന്മാർ കെമാറീം അഥവാ പൂജാഗിരി പുരോഹിതന്മാർ എന്നറിയപ്പെട്ടു. പുജാഗിരികളിൽ ധൂപം കാട്ടുന്ന ലേവ്യരല്ലാത്ത പുരോഹിതന്മാർക്കും (2രാജാ, 23:5) കാളക്കുട്ടികളെ പൂജിക്കുന്ന പുരോഹിതന്മാർക്കും (ഹോശേ, 10:5) ഈ പേർ പറയാറുണ്ട്. പുരോഹിതന്മാരെ കൂടാതെ വിഗ്രഹപൂജയുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളും ഉണ്ട്. സ്ത്രീകളും പുരുഷന്മാരും വിഗ്രഹ ശുശ്രൂഷയ്ക്കായി അർപ്പിക്കപ്പെട്ടിരുന്നു. ഫിനീഷ്യ, അർമേനിയ, ലുദിയ, ബാബിലോണിയ എന്നിവിടങ്ങളിൽ ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ വിഗ്രഹപൂജയ്ക്കായി അർപ്പിക്കപ്പെട്ട ദേവദാസികൾ ഉണ്ടായിരുന്നു. പരസ്യവേശ്യകളിൽ നിന്നും ഇവർ വേർതിരിക്കപ്പെട്ടിരുന്നു : (ഹോശേ, 4:14). വിശുദ്ധ കർമ്മാനുഷ്ഠാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടവരായിരുന്നു അവർ. വിഗ്രഹദേവന്മാർക്ക് ഹോമയാഗം നടത്തുക (2രാജാ, 5:17), ധൂപം കാട്ടുക (1രാജാ, 11:8), അവരുടെ പ്രതിമകൾക്കു മുന്നിൽ ആരാധനാ മനോഭാവത്തോടെ പ്രണമിക്കുക (1രാജാ, 19:18) എന്നിവ അവരുടെ അനുഷ്ഠാനത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു.

വിഗ്രഹാരാധകരുടെ ഇടയിൽ നിന്നാണ് ദൈവം അബ്രാഹാമിനെ വിളിച്ച് (യോശു, 24:2) കനാനിലേക്കു കൊണ്ടുവന്നത്. അബ്രാഹാം ഏകസത്യദൈവത്തെ ആരാധിച്ചു. (ഉല്പ, 12:1). തുടർന്ന് വിഗ്രഹാരാധനയെക്കുറിച്ചുള്ള ഒറ്റപ്പെട്ട പ്രസ്താവനകൾ കാണാം. (ഉല്പ, 3:27; 31:53). റാഹേൽ മോഷ്ടിച്ച ഗൃഹവിഗ്രഹങ്ങൾ (ഉല്പ, 31:19) താണതരത്തിലുള്ള കുടുംബദേവന്മാരുടേത് ആയിരിക്കണം. പിതാക്കന്മാരുടെ ഇടയിലോ മിസ്രയീമിൽ വച്ച് യിസ്രായേല്യരുടെ ഇടയിലോ മോശെയുടെ കാലത്തോ വിഗ്രഹാരാധന ഉണ്ടായിരുന്നതായി കാണുന്നില്ല. പുറപ്പാട് 17:7; സംഖ്യാ 25:2; യോശുവ 24:14; യെഹെസ്ക്കേൽ 20:7; ആമോസ് 5:25,26 എന്നീ ഭാഗങ്ങളിലെ വിഗ്രഹാരാധനയെക്കുറിച്ചുള്ള വിവരണങ്ങൾ യഹോവാരാധനയ്ക്ക് സംഭവിച്ച ഭ്രംശത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വർണ്ണക്കാളക്കുട്ടി (പുറ, 32) മിസ്രയീമ്യ മാതൃകയിൽ യഹോവയെ പ്രതീകവൽക്കരിക്കുകയായിരുന്നു. ആമോസിന്റെ (5:26) ഭർത്സനത്തിൽ വിഗ്രഹങ്ങളെപ്പറ്റി പറയുന്നു. ബാൽ-പെയോരിന്റെ പൂജ താത്ക്കാലിക വിശ്വാസത്യാഗം മാത്രം ആയിരുന്നു. 

യിസ്രായേൽ ജനങ്ങൾക്ക് ആദ്യം വിശ്വാസത്യാഗം സംഭവിച്ചത് കനാന്യർ മൂലമാണ്. യിസ്രായേൽ മക്കൾ കനാന്യരെ ഉന്മൂലനം ചെയ്യാത്തതായിരുന്നു കാരണം. ന്യായാധിപന്മാരുടെ കാലത്താണ് വിശ്വാസത്യാഗം ഉടലെടുത്തത്. കനാന്യദേവന്മാരെ യിസ്രായേല്യർ സേവിച്ചു. അശ്ശൂർ പലസ്തീനെ ആക്രമിച്ചതിനു ശേഷം അശ്ശൂര്യ പ്രതിമകളെയും യിസ്രായേൽ പൂജിച്ചു. യോശുവയുടെയും മൂപ്പന്മാരുടെയും കാലത്തിനു ശേഷം യിസ്രായേല്യർ യഹോവയെ ത്യജിക്കുകയും ബാലിനെയും അസ്തോരത്തിനെയും സവിക്കുകയും (ന്യായാ, 2:13) ചെയ്തു. വിഗ്രഹാരാധന ഒരു ദേശീയപാപം ആയി. ന്യായാധിപനും ലേവ്യനും ആയ ഗിദെയോൻ പോലും (ന്യായാ, 17:7) വിഗ്രഹാരാധനയ്ക്ക് അവസരം നല്കി. പില്ക്കാലത്തു രഹസ്യമായി വിഗ്രഹാരാധന നടത്തിവന്നു. ധാന്യക്കളത്തിലും, ചക്കിലും, കതകിനും കട്ടിളയ്ക്കും പുറകിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു.  (യെശ, 57:8; ഹോശേ, 9:1,2). ഈ പ്രവണതയെ നിയന്ത്രിക്കുവാനാണ് ആവർത്തനം 25:17-ലെ കല്പന നല്കിയത്. ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ, ജനമെല്ലാം ആമേൻ എന്നു ഉത്തരം പറയേണം. ശമൂവേലിന്റെ ഭരണത്തിൻ കീഴിൽ വിഗ്രഹാരാധന പരസ്യമായി ഉപയോഗിച്ചതിന്റെ അടയാളമായി ഉപവാസം നടത്തി. (1ശമൂ, 1:3-6). എന്നാൽ ശലോമോന്റെ കാലത്തു ഇതെല്ലാം മറന്നു. ഓരോ വിദേശീയ ഭാര്യയും അവളുടെ രാജ്യത്തിന്റെ വിഗ്രഹങ്ങളെ കൊണ്ടുവന്നു. അങ്ങനെ അമ്മാനിലെയും മോവാബിലെയും സീദോനിലെയും ദേവന്മാർ യെരുശലേമിൽ കുടിയുറച്ചു. 

യിസ്രായേൽ യെഹൂദാ എന്നിങ്ങനെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ട ശേഷം യിസ്രായേൽ വിഗ്രഹാരാധനയുടെ രംഗമായി മാറി. യൊരോബെയാം ബേഥേലിലും ദാനിനിലും സ്വർണ്ണക്കാളക്കുട്ടികളെ വാർത്തുണ്ടാക്കി. (1രാജാ, 12:26-33). യൊരോബെയാമിന്റെ പിൻഗാമികളും അദ്ദേഹത്തിന്റെ കാലടികളെ പിൻതുടർന്നു . സീദോന്യ രാജകുമാരിയെ വിവാഹം ചെയ്ത ആഹാബ് (1രാജാ, 21:25) അവളുടെ പ്രേരണമൂലം ബാലിനു ഒരു ക്ഷേത്രവും ബലിപീഠവും നിർമ്മിക്കുകയും അമോര്യരുടെ മേച്ഛതകളെ നടപ്പിലാക്കുകയും ചെയ്തു. (1രാജാ, 21:26). അതോടുകൂടി യിസ്രായേലിൽ ബാലിന്റെ ആരാധന വ്യാപിച്ചു. കാലക്രമേണ അതിനെ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടം അനുസരിച്ചുള്ള നടപ്പ് അഥവാ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിലുള്ള നടപ്പ് എന്നു വ്യവഹരിച്ചു. (2രാജാ, 16:3; 17:8). ശല്മനേസർ പത്തു ഗോത്രങ്ങളെയും കീഴടക്കിയതിന്റെ ഫലമായി അവിടെ ഇരുനൂറ്റമ്പതു വർഷത്തിലധികമായി നിലനിന്ന ശ്ലേച്ഛതകൾ അവസാനിക്കുവാൻ തുടങ്ങി. യിസ്രായേലിലെ രാജാക്കന്മാരിൽ നിന്നും ഒരു നവീകരണശ്രമം ഉണ്ടായില്ല. നവീകരണത്തിന്റെ രൂപത്തിൽ എന്തെങ്കിലും സംഭവിച്ചുവെങ്കിൽ അതു ജനങ്ങളുടെ പ്രവർത്തന ഫലമായിട്ടായിരുന്നു. (2ദിന, 31:1). 

യെഹൂദയിൽ രെഹബൈയാം ശലോമോന്റെ വിഗ്രഹാരാധനയുടെ എല്ലാ മ്ലേച്ഛതകളും പിൻതുടർന്നു. (1രാജാ, 14:22 -24). ഇദ്ദേഹത്തിന്റെ ഭരണകാലത്തു ദേശീയമതത്തിൽ പിളർപ്പുണ്ടായി. യെഹിസ്കീയാവ് ആലയത്തെ പുനരുദ്ധരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. (2ദിന, 28:24; 29:3). അദ്ദേഹത്തിന്റെ പിതാവ് ആലയം അടച്ചുകളഞ്ഞു. യെഹൂദയിലും ബെന്യാമീനിലും മാത്രമല്ല എഫ്രയീമിലും മനശ്ശെയിലും വിഗ്രഹഭഞ്ജനം വ്യാപിച്ചു. എന്നാൽ ഈ നവീകരണം ഉപരിതലത്തെ മാത്രമേ സ്പർശിച്ചുള്ളൂ. (യെശ, 29:13). യോശീയാവിന്റെ മരണത്തിനു ശേഷം ജനങ്ങളുടെയിടയിൽ ഒരു ശുദ്ധമായ അനുഷ്ഠാനമെങ്കിലും കൊണ്ടുവരാനുള്ള ശ്രമം നടന്നതായി കാണുന്നില്ല. ബാബിലോന്യപ്രവാസം വരെ യെഹൂദയിൽ വിഗ്രഹാരാധന വർദ്ധമാനമായി നിലനിന്നു. പ്രവാസകാലത്ത് വിഗ്രഹാരാധന പാടേ നശിച്ചു. അക്കാലത്ത് പലർക്കും വിജാതീയ ഭാര്യമാർ ഉണ്ടായിരുന്നു എന്നതാണ് എടുത്തുപറയാവുന്ന ദോഷം. അതിനെ ശരിയാക്കുവാൻ എസ്രാ നല്ലവണ്ണം പരിശ്രമിച്ചു. (എസ്രാ, 9:1). 

യഹോവയെ മാത്രമേ ദൈവമായി സ്വീകരിക്കുകയുള്ളൂ എന്നും അവനെ വിശ്വസ്തതയോടെ സേവിക്കുമെന്നും യിസ്രായേൽ മക്കൾ യഹോവയുമായി ഉടമ്പടി ചെയ്തു. (പുറ, 19:3-8; 20:2). അതിനാൽ വിഗ്രഹാരാധന കുറ്റകരവും (1ശമൂ, 15:23) ഉടമ്പടിയുടെ ലംഘനവുമാണ്. (ആവ, 17:2,3). യഹോവയ്ക്ക് അത് അനിഷ്ടമാണ്. (1രാജാ, 21:25). അകൃത്യഹേതു (യെഹ, 14:3), വ്യാജമൂർത്തികൾ (ആമോ, 2:4; റോമ, 1:25), മ്ലേച്ഛതകൾ (ആവ, 29:17; 32:16; 1രാജാ, 11:5; 2രാജാ, 23:13), അകൃത്യം (ആമോ, 8:14; 2ദിന, 29:8), ലജ്ജാവിഗ്രഹം (യിരെ, 11:13), ലജ്ജാബിംബം (ഹോശേ, 9:10), അന്യദൈവങ്ങൾ (ആവ, 32:16), നുതനദേവന്മാർ (ന്യായാ, 5:8), ദുർഭൂതങ്ങൾ (ആവ, 32:17) എന്നിങ്ങനെയാണ് അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും വിളിക്കുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട പല ആചാരങ്ങളെയും ന്യായപ്രമാണം നിരോധിച്ചിട്ടുണ്ട്. വയലിൽ കൂട്ടുവിത്തു വിതയ്ക്കുവാൻ പാടില്ല, രണ്ടുവക സാധനം കലർന്ന വസ്ത്രം ധരിക്കരുത് എന്നീ നിരോധനങ്ങൾക്കു കാരണം (ലേവ്യ, 19:19) ചില വിഗ്രഹാരാധികൾ ഈ കലർപ്പിൽ മാന്ത്രികശക്തി ദർശിക്കുന്നുവെന്ന് റബ്ബിമാർ പറയുന്നു. സ്ത്രീപുരുഷന്മാർ വസ്ത്രം പരസ്പരം മാറി ധരിക്കുവാൻ പാടില്ല (ആവ, 22:5), മരിച്ചവനു വേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കുവാൻ പാടില്ല (ലേവ്യ, 19:28; ആവ, 14:1; 1രാജാ, 18:28); മുൻകഷണ്ടി ഉണ്ടാക്കുവാൻ പാടില്ല (ആവ, 14:1) എന്നീ കല്പനകൾക്കും അടിസ്ഥാനം പ്രസ്തുത കർമ്മങ്ങൾ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതു തന്നെയാണ്. എല്ലാ വിധത്തിലുമുള്ള വിഗ്രഹാരാധനയെ നിരോധിക്കുന്നതാണ് ആദ്യത്തെ രണ്ടു കല്പനകൾ. കുറ്റക്കാരനെ നശിപ്പിക്കേണ്ടതാണ്. (പുറ, 22:20). അവന്റെ അടുത്ത ബന്ധുവും അവനെ രക്ഷിക്കുവാൻ പാടില്ല. (ആവ, 13:2-10). രണ്ടോ മുന്നോ സാക്ഷികളുടെ തെളിവിന്മേൽ അവനെ കല്ലെറിയാം (ആവ, 17:2-5); മറ്റുള്ളവരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കുന്നതും കുറ്റമാണ്. (ആവ, 13:6-10). 

വിഗ്രഹാരാധനയെക്കുറിച്ചുള്ള പരാമർശങ്ങൾ പുതിയനിയമത്തിൽ വിരളമാണ്. മക്കാബ്യയുദ്ധങ്ങളോടു കൂടി യെഹൂദന്മാർ വിഗ്രഹാരാധയിൽ നിന്നും പിന്തിരിഞ്ഞു. യഹോവയെ അല്ലാതെ വിഗ്രഹങ്ങളെയോ അന്യദേവന്മാരെയോ ആരാധിക്കുവാൻ അവർ വശീകരിക്കപ്പെട്ടില്ല. ക്രിസ്തു വിഗ്രഹാരാധനയ്ക്ക് പുതിയമാനം നല്കി. സമ്പത്തിനു ജീവിതത്തിൽ പ്രധാനസ്ഥാനം കൊടുക്കുന്നത് വിഗ്രഹാരാധനയാണെന്ന് (മത്താ, 6:24) യേശു പഠിപ്പിച്ചു. മനഃപൂർവ്വമായ വിശ്വാസത്യാഗമാണ് വിഗ്രഹാരാധനയെന്ന് പൗലൊസ് വ്യക്തമാക്കി. (റോമ, 1:18-25). അപ്പൊസ്തലിക കാലത്ത് ജാതികളിൽ നിന്ന് ക്രിസ്ത്യാനികളായവരോട് വിഗ്രഹങ്ങളെ വിട്ടൊഴിയുവാൻ അപ്പൊസ്തലന്മാർ പ്രത്യേകം ഉപദേശിച്ചു. (1കൊരി, 5:10; ഗലാ, 5:20). ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനം കൈയടക്കുന്ന എന്തും വിഗ്രഹാരാധനയാണ്. (എഫെ, 5:5; കൊലൊ, 3:5). വിഗ്രഹാർപ്പിതങ്ങളെ സംബന്ധിച്ച പ്രശ്നം ആദിമസഭയിലുണ്ടായി. (പ്രവൃ, 15:29; 1കൊരി, 8-10). ഇറച്ചിക്കടകളിൽ വിറ്റിരുന്ന ഇറച്ചി പലപ്പോഴും ജാതീയ ക്ഷേത്രങ്ങളിൽ നിന്ന് വാങ്ങിയവയായിരുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച മാംസം ഭക്ഷിക്കുന്നതു് ശരിയാണോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു. പൗലൊസ് ശ്രദ്ധാപൂർവ്വമായ മറുപടിയാണ് അതിനു നല്കിയത്. ദുർബ്ബലനായ സഹോദരനു ഇടർച്ചയാകരുത്. എല്ലാം സ്നേഹത്തിൽ ചെയ്യേണ്ടതാണ്. അതിഭക്ഷണം വിഗ്രഹാരാധനയുടെ വകഭേദമാണ്. (ഫിലി, 3:19; റോമ, 16:18; 2തിമൊ, 3:4). ‘അവരുടെ ദൈവം വയറു’ അപ്പൊസ്തലൻ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.

ലോത്ത്

ലോത്ത് (Lot)

പേരിനർത്ഥം – പുതപ്പ്

അബ്രാഹാമിന്റെ സഹോദരനായ ഹാരാന്റെ പുത്രൻ. (ഉല്പ, 11:27). തേരഹിന്റെ മരണശേഷം ലോത്ത് അബ്രാഹാമിനോടു കൂടെ കനാനിൽ വന്നു. (ഉല്പ, 12:4,5). രണ്ടു പേരുടെയും മൃഗസമ്പത്തു വർദ്ധിച്ചപ്പോൾ അവരുടെ ഇടയന്മാർക്കു തമ്മിൽ ശണ്ഠ ഉണ്ടായി. തന്മൂലം ഉഭയസമ്മതപ്രകാരം ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം തിരഞ്ഞെടുത്തു സൊദോമിൽ പാർത്തു. (ഉല്പ, 13:5-12). നാലു രാജാക്കന്മാർ സൊദോമിനെ തോല്പിച്ചു ലോത്തിനെയും ദേശനിവാസികളെയും തടവുകാരായി കൊണ്ടുപോയി. അബ്രാഹാം പിന്നാലെ ചെന്നു രാജാക്കന്മാരെ തോല്പിച്ചു ലോത്തിനെ വിടുവിച്ചു. (ഉല്പ, 14:12-16). ലോത്തിന്റെ ഭവനത്തിൽ ചെന്നു താമസിച്ച രണ്ടു ദൂതന്മാർ സൊദോമിന്റെ നാശത്തെക്കുറിച്ചു അറിയിക്കുകയും ഓടി രക്ഷപ്പെടുവാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുകയും ചെയ്തു. അവർ സോവരിലേക്കു ഓടി. ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയാൽ ഉപ്പുതൂണായി. സൊദോം ഗൊമോര പട്ടണങ്ങളെ യഹോവ ഗന്ധകവും തീയും വർഷിപ്പിച്ചു നശിപ്പിച്ചു.

ലോത്തും രണ്ടു പെൺമക്കളും സോവരിൽ നിന്നും പർവ്വതത്തിലെ ഒരു ഗുഹയിൽ പോയി താമസിച്ചു. കുടുംബനാശം ഭയന്നു പിതാവിലൂടെ സന്തതി നേടുവാൻ പുത്രിമാർ ഒരുങ്ങി. അവർ ലോത്തിനെ വീഞ്ഞു കുടിപ്പിച്ചു അവനാൽ ഗർഭിണികളായി. മൂത്തവളുടെ മകൻ മോവാബും ഇളയവളുടെ മകൻ ബെൻ-അമ്മിയും ആണ്. അവരിൽ നിന്ന് മോവാബ്യരും അമ്മോന്യരും ഉത്ഭവിച്ചു. (ഉല്പ, 19:31-38). ക്രിസ്തു തന്റെ പുനരാഗമനത്തെ വ്യക്തമായി ചിത്രീകരിച്ചതു ലോത്തിന്റെയും ഭാര്യയുടെയും ചരിത്രത്തിലൂടെയാണ്. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ എന്നു ക്രിസ്തു മുന്നറിയിപ്പു നല്കി. (ലൂക്കൊ, 17:28-32). പത്രൊസ് അപ്പൊസ്തലൻ ലോത്തിനെ നീതിമാനായി പറഞ്ഞിരക്കുന്നു. (2പത്രൊ, 2:7).

ലെമൂവേൽ

ലെമൂവേൽ (Lemuel)

പേരിനർത്ഥം – ദൈവത്തിന്റേത്

ലെമൂവേൽ രാജാവിനു അമ്മ ഉപദേശിച്ചുകൊടുത്ത വചനങ്ങളാണ് സദൃശവാക്യങ്ങൾ 31:2-9. ലെമൂവേലിനെക്കുറിച്ചു വേറെ സൂചനകളൊന്നും ലഭ്യമല്ല. ശലോമോൻ രാജാവിന്റെ അപരനാമമാണിതെന്ന യെഹൂദാ റബ്ബിമാരുടെ പ്രസ്താവന വെറും ഊഹം മാത്രമാണ്. ഹിസ്ക്കീയാ രാജാവിന്റെ വിശേഷ ണമാണിതെന്നും സമീപപ്രദേശത്തുള്ള ഏതോ അപ്രാമാണികനായ അറേബ്യൻ പ്രഭുവിനെക്കുറിക്കുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്.

ലൂക്യൊസ്

ലൂക്യൊസ് (Lucius)

പേരിനർത്ഥം – ശോഭയുള്ള

അന്ത്യാക്ക്യാ സഭയിൽ ഉണ്ടായിരുന്ന കുറേനക്കാരനായ ലൂക്യൊസ് ഒരു പ്രവാചകനും ഉപദേഷ്ടാവും ആയിരുന്നു. (പ്രവൃ, 13:1). അയാളും മറ്റു ചിലരും പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ബർന്നബാസിനെയും ശൗലിനെയും വേലയ്ക്കായി വേർതിരിക്കുവാൻ പരിശുദ്ധാത്മാവ് പറഞ്ഞത്. അതനുസരിച്ച് അവരുടെമേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.

ലൂക്യൊസ്

റോമാലേഖനത്തിന്റെ അവസാനഭാഗത്ത് പൗലൊസിന്റെ ചാർച്ചക്കാരനായ ലൂക്യൊസും അവരെ വന്ദനം ചെയ്യുന്നു എന്നു എഴുതിയിരിക്കുന്നു. (റോമ, 16:21). ഈ ലുക്യൊസിനെ ഓറിജിൻ ലൂക്കൊസിനോടു സാത്മ്യപ്പെടുത്തുന്നു. എന്നാൽ പൗലൊസിന്റെ ചാർച്ചക്കാരൻ യെഹൂദനും ലൂക്കൊസ് വിജാതീയനുമാണ്. രണ്ടു ലുക്യൊസും ഒന്നാകാനുള്ള സാദ്ധ്യതയും വിരളമാണ്.

ലൂക്കൊസ്

ലൂക്കൊസ് (Luke)

പേരിനർത്ഥം – പ്രകാശം പരത്തുന്ന

മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത് ലൂക്കൊസാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള സൂചനകൾ തിരുവെഴുത്തുകളിൽ വിരളമാണ്. വൈദ്യനായ ലൂക്കൊസ് കൊലൊസ്യസഭയെ വന്ദനം ചെയ്യുന്നു. (4:14). പരിച്ഛേദനക്കാരുടെ കൂട്ടത്തിൽ (4:11) പേരില്ലാത്തതിനാൽ ലൂക്കൊസ് യെഹൂദനല്ല എന്നു കരുതാം. ആദിമുതൽ കണ്ട സാക്ഷികളിലും അദ്ദേഹം ഉൾപ്പെടുന്നില്ല. (ലൂക്കൊ, 1:1,2). അപ്പൊസ്തലപ്രവൃത്തികളിൽ പല ഭാഗങ്ങളിലും കാണുന്ന ഞങ്ങൾ എന്ന പ്രയോഗം ആ ഭാഗങ്ങളിലെ പ്രവർത്തനങ്ങളിൽ ലൂക്കൊസ് ഉൾപ്പെട്ടിരുന്നുവെന്നു കാണിക്കുന്നു. ലൂക്കൊസ് ത്രോവാസിൽ വച്ചു പൗലൊസിനോടു ചേർന്നു മക്കെദോന്യയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:10,11). ഫിലിപ്പിവരെ കൂടെ പോകുന്നുവെങ്കിലും അവിടെ ഉണ്ടായ പീഡനങ്ങളിൽ ലൂക്കൊസ് പങ്കാളിയല്ല (16:25-17:1); പട്ടണം വിട്ടതുമില്ല. കാരണം ഇവിടെ ഉപയോഗിക്കുന്നതു പ്രഥമപുരുഷ ബഹുവചനമാണ്. എന്നാൽ പൗലൊസ് ഫിലിപ്പിയിൽ മടങ്ങി എത്തിയതിനു (20:6) ശേഷം പിന്നെയും ‘ഞങ്ങൾ’ എന്നു കാണുന്നതിനാൽ അതിനുശേഷമുള്ള യാത്രകളിൽ ലൂക്കൊസ് ഭാഗഭാക്കായിരുന്നുവെന്നു കരുതാം. (20:6-21:8). റോമയിലേക്കുള്ള യാത്രയിൽ പൗലൊസിനെ അനുഗമിച്ചു; കപ്പൽച്ചേതം അനുഭവിച്ചു (28:2 ).

സുറക്കൂസ, പുത്യൊലി വഴിയായി റോമിലെത്തി. (പ്രവൃ, 28:12-26). ഒന്നാമത്തെ കാരാഗൃഹവാസത്തിന്റെ അവസാനം വരെ കൂട്ടുവേലക്കാരനായിരുന്നു. (ഫിലെ, 24; കൊലൊ, 4:14). മറ്റു പലരും പൗലൊസിനെ വിട്ടുപോയിട്ടും പ്രയാസമേറിയ അന്ത്യനാളുകളിൽ ലൂക്കൊസ് മാത്രം പൗലൊസിനോടു കൂടെയുണ്ടായിരുന്നതായി കാണുന്നു. (2തിമൊ, 4:11). പൗലൊസിന്റെ മരണത്തെക്കുറിച്ചു പ്രസ്താവിക്കാത്തതുകൊണ്ട് അതിനു മുൻപായിരിക്കണം ലൂക്കൊസ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയത്. യേശുക്രിസ്തുവിന്റെ ജീവിതകാലത്തു അദ്ദേഹം സംഭവങ്ങൾക്കു സാക്ഷിയായിരുന്നില്ല എങ്കിലും സംഭവങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ നടന്ന ഒരു സംഭവം, യെഹൂദന്മാരുടെ മാത്രം വിവരണമാക്കാതെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കേണ്ട ചരിത്രസംഭവമാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സഭയുടെ വളർച്ചയുടെ ചരിത്രം സാക്ഷാൽ ചരിത്രമായി തന്നെ അദ്ദേഹം എഴുതി. ലൂക്കൊസ് രക്തസാക്ഷിയായെന്നു ഒരു പാരമ്പര്യമുണ്ട്.

ലുസാന്യാസ്

ലുസാന്യാസ് (Lysanias)

പേരിനർത്ഥം – ദുഃഖത്തെ അകറ്റുന്നു

അബിലേനയിലെ ഇടപ്രഭു. (ലൂക്കൊ, 3:1). ഇവിടെ മാത്രമേ ഈ പേരു കാണുന്നുള്ളു. ആന്റിലെബാനോൻ പർവ്വതത്തിന്റെ കിഴക്കെ ചരിവിലാണ് അബിലേന. അതിന്റെ തലസ്ഥാനത്തിന്റെ പേർ അബിലാ. അബിലയിൽ നിന്നു ലഭിച്ച ഒരു ശിലാരേഖയിൽ ലുസാന്യാസിന്റെ പേര് കാണുന്നു; കാലം എ.ഡി. 14-നും 19-നും ഇടയ്ക്ക്. ജൊസീഫസും ഈ ഇടപ്രഭുവിനെപ്പറ്റി പറയുന്നുണ്ട്.