ഹന്നാവ്

ഹന്നാവ് (Annas)

പേരിനർത്ഥം – കീഴ്പ്പെടുത്തുക

ഹന്നാവ് എ.ഡി. 6-ൽ മഹാപുരോഹിതനായി നിയമിക്കപ്പെടുകയും എ.ഡി. 15-ൽ നീക്കപ്പെടുകയും ചെയ്തു. എന്നാൽ എ.ഡി. 15-നു ശേഷവും പുതിയനിയമത്തിൽ ഹന്നാവിനെ മഹാപുരോഹിതനായിട്ടാണ് പറഞ്ഞിരിക്കുന്നത്. യെഹൂദന്മാരുടെ ദൃഷ്ടിയിൽ മഹാപരോഹിത്യം ആജീവനാന്തമാണ്. ഹന്നാവിനുശേഷം വന്ന മഹാപുരോഹിതന്മാരിൽ അദ്ദേഹത്തിനു വലിയ സ്വാധീനമുണ്ടായിരുന്നു. ഹന്നാവിന്റെ അഞ്ചു പുത്രന്മാരും മരുമകൻ കയ്യഫാവും മഹാപുരോഹിതന്മാരായി. ലൂക്കൊസ് 3:2-ൽ ഹന്നാവിനെ കയ്യഫാവിനോടൊപ്പം മഹാപുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നു. യേശുവിനെ ആദ്യം വിസ്തരിച്ചതു ഹന്നാവിന്റെ മുമ്പിലായിരുന്നു. (യോഹ, 18:13). ഹന്നാവ് യേശുവിനെ കയ്യഫാവിന്റെ അടുക്കലേക്കു പറഞ്ഞയച്ചു. (യോഹ, 18:24). പത്രോസിനെയും യോഹന്നാനെയും വിസ്തരിക്കുവാനും ഹന്നാവുണ്ടായിരുന്നു. (പ്രവൃ, 4:6).

സ്ക്കേവ

സ്ക്കേവ (Sceva)

പേരിനർത്ഥം – മനസ്സറിയാൻ കഴിവുള്ളവൻ

എഫെസൊസിലെ മഹാപുരോഹിതനായ ഒരു യെഹൂദൻ. സ്ക്കേവയ്ക്ക് ഏഴു പുത്രന്മാരുണ്ടായിരുന്നു. ഇവർ യേശുവിന്റെ നാമത്തിൽ ഭൂതത്തെ പുറത്താക്കുവാൻ ശ്രമിച്ചു. എന്നാൽ ദുരാത്മാവുള്ള മനുഷ്യൻ അവരെ ആക്രമിക്കുകയും അവർ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോകുകയും ചെയ്തു. (പ്രവൃ, 19:13-17). എഫെസൊസിൽ അനേകം മന്ത്രവാദികളുണ്ടായിരുന്നു. പൗലൊസ് യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു കണ്ടപ്പോൾ ഇതൊരു മന്ത്രമായിരിക്കുമെന്നു കരുതി അവർ പ്രയോഗിച്ചു നോക്കിയതായിരിക്കണം. ഈ സംഭവം അറിഞ്ഞ് അനേകർ യേശുവിൽ വിശ്വസിച്ചു.

സ്തെഫനാസ്

സ്തെഫനാസ് (Stephanas)

പേരിനർത്ഥം – കിരീടം

കൊരിന്തു സഭയിലെ ആദിമ വിശ്വാസികളിൽ ഒരാൾ. സ്തെഫനാസിന്റെ ഭവനക്കാരെ പൗലൊസ് സ്നാനം കഴിപ്പിച്ചു. (1കൊരി, 1:16). പൗലൊസ് കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ സ്തെഫനാസ് കൂടെ ഉണ്ടായിരുന്നിരിക്കണം. (16:17). സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലവും വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചവരുമാണ്. (1കൊരി, 16:15).

സ്തെഫാനൊസ്

സ്തെഫാനൊസ് (Stephen)

പേരിനർത്ഥം – കിരീടം

മേശയിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ. (പ്രവൃ, 6:3, 5). സ്തെഫാനൊസ്, ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദ മതാനുസാരിയായ അന്ത്യാക്ക്യക്കാരൻ നിക്കൊലാവൊസ് എന്നിവരായിരുന്നു മേശകളിൽ ശുശ്രൂഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട നല്ല സാക്ഷ്യമുള്ള ഏഴുപേർ.

സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 6:8). അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തു നില്ക്കുവാൻ ആർക്കും കഴിഞ്ഞില്ല. (പ്രവൃ, 6:10). അതുകൊണ്ട് അവർ അവനെ പിടിച്ചു ന്യായാധിപ സംഘത്തിന്റെ മുമ്പിൽ കൊണ്ടുപോയി വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നു എന്നു സ്തെഫാനൊസിനെതിരെ കള്ളസ്സാക്ഷ്യം പറയിച്ചു. (പ്രവൃ, 6:13,14). വിസ്താരസമയത്തു അവൻ പ്രതിവാദമായി ചെയ്ത പ്രസംഗം സുപ്രസിദ്ധമാണ്. (പ്രവൃ, 7:1-53). അതുകേട്ടവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്തെഫാനൊസ് സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും കണ്ടു. (പ്രവൃ, 7:53-56). അവർ അവനെ നഗത്തിന്റെ പുറത്താക്കി കല്ലെറിഞ്ഞു കൊന്നു. വിസ്താരം തീർന്നതായോ ന്യായാധിപൻ വിധി പ്രസ്താവിച്ചതായോ കാണുന്നില്ല. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിന്റെ ശരീരം അടക്കി വിലാപം കഴിച്ചു. (പ്രവൃ, 8:2).

സെർഗ്ഗ്യൊസ് പൗലൊസ്

സെർഗ്ഗ്യൊസ് പൗലൊസ് (Sergius Paulus)

പേരിനർത്ഥം – വിവേകമുള്ള മനുഷ്യൻ

ഒന്നാം മിഷണറിയാത്രയിൽ പൗലൊസും ബർന്നബാസും കുപ്രൊസ് സന്ദർശിച്ചപ്പോൾ അവിടത്തെ റോമാ ദേശാധിപതി സെർഗ്ഗ്യൊസ് പൗലൊസ് ആയിരുന്നു. അവൻ പൗലൊസിനെയും ബർന്നബാസിനെയും വരുത്തി സുവിശേഷം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ അപ്പൊസ്തലന്മാരോട് എതിർത്തുകൊണ്ട് ദേശാധിപതിയുടെ വിശ്വാസം തടുക്കളയാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് പരിശുദ്ധാത്മ പൂർണ്ണനായി എലീമാസിനെ ശപിക്കുകയും അവൻ അന്ധനാകുകയും ചെയ്തു. ഈ സംഭവിച്ചതെല്ലാം ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. (പ്രവൃ, 13:7-12).