പരിപാലനവരം

പരിപാലനവരം

‘പരിപാലനവരം’ (1കൊരി, 12:28). സഭയുടെ പരിപാലനത്തിനുള്ള കഴിവ് ഒരു കൃപാവരമാണ്. (1കൊരി, 12:28). ഭരിക്കുന്നവൻ ഉത്സാഹത്തോടെ ചെയ്യേണ്ടതാണ്. (റോമ, 12:8). അന്ന് സഭയുടെ സംവിധാനവും സ്ഥാനങ്ങളും വ്യക്തമായിരുന്നില്ല; സഭയെ നടത്തിയിരുന്നത് നിയമിക്കപ്പെട്ട കാര്യദർശികളുമായിരുന്നില്ല. തന്മൂലം പ്രാദേശിക സഭകളെ ഭരിക്കുന്നതിന് പ്രത്യേകം പരിപാലനവരം ലഭിച്ചവർ വേണ്ടിയിരുന്നു. കാലക്രമത്തിൽ ഈ വരം ചില വ്യക്തികൾക്കു ലഭിക്കുകയും അവർ പ്രസ്തുത ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തു.

സഹായം ചെയ്യുവാനുള്ള വരം

സഹായം ചെയ്യുവാനുള്ള വരം

‘സഹായം ചെയ്യുവാനുള്ള വരം’ (1കൊരി, 12:28). സഹായം ചെയ്യുവാനുള്ള ഈ വരം എന്താണെന്ന് അപ്പൊസ്തപ്രവൃത്തി 20:35-ൽ നിന്ന് മനസ്സിലാക്കാം: “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” സ്വന്തം മാതൃക ചൂണ്ടിക്കാണിച്ചാണ് അപ്പൊസ്തലൻ സഭയെ പ്രബോധിപ്പിക്കുന്നത്. ആദിമസഭ ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു. അതിനു ക്രിസ്തുവാണ് നമ്മുടെ മാതൃക: “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ?” (2കൊരി, 8:9). ഈ വരം മക്കദോന്യ സഭയ്ക്കുണ്ടായിരുന്നതായി അപ്പൊസ്തലൻ സാക്ഷ്യം പറയുന്നു. (2കൊരി, 8:1). “വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കുമീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി.” (2കൊരി, 8:3,4).

ഭാഷകളുടെ വ്യാഖ്യാനം

ഭാഷകളുടെ വ്യാഖ്യാനം

‘മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം’ (1കൊരി, 12:10), ‘എല്ലാവരും വ്യാഖ്യാനിക്കുന്നുവോ?’ (1കൊരി, 12:31), “അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.” (1കൊരി, 14:13). അന്യഭാഷയെ പിന്തുടരുന്ന വരമാണ് വ്യാഖ്യാനവരം. അന്യഭാഷ സംസാരിക്കുന്നവൻ തന്നെ വ്യാഖ്യാനിയാകാം. (1കൊരി, 14:13). പൊതുവെ വ്യാഖ്യാനവരം മറ്റുള്ളവർക്കായിരുന്നു. (1കൊരി, 14:27, 28). പെന്തെക്കൊസ്തിലെ അന്യഭാഷയ്ക്ക് വ്യാഖ്യാനിയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഗലീലക്കാരായ ശിഷ്യന്മാരുടെ അന്യഭാഷ അവിടെ വന്നു കൂടിയ മറുഭാഷക്കാരായ യെഹൂദന്മാർക്ക് മനസ്സിലാകുന്നതായിരുന്നു. (പ്രവൃ, 2:7,8). എന്നാൽ കൊരിന്തു സഭയിൽ വ്യാഖ്യാനിയെക്കുടാതെയുള്ള അന്യഭാഷ വിലക്കുന്നതായും കാണാം. “അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ, വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:27,28). ‘ഭാഷാവരമോ അതു നിന്നുപോകും’ (1കൊരി, 13:8) എന്നു പറഞ്ഞിട്ടുണ്ട്. ഭാഷാവരമുണ്ടെങ്കിൽ മാത്രമേ വ്യാഖ്യാനിയുടെ ആവശ്യമുള്ളൂ. ഇന്ന് ലോകത്തിൽ അനവധിയാളുകൾ അന്യഭാഷകളിൽ സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരാളുപോലും വ്യാഖ്യാനിക്കുന്നില്ല. ഖ്യാഖ്യാനവരം ആർക്കുമില്ലാത്തതും അന്യഭാഷ നിന്നുപോയതിൻ്റെ തെളിവാണ്.

വിവിധഭാഷാവരം

വിവിധഭാഷാവരം

‘വേറൊരുവന്നു പലവിധ ഭാഷകൾ (1കൊരി, 12:10), ‘വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു’ (1കൊരി, 12:28), ‘ഭാഷാവരമോ, അതു നിന്നുപോകും.’ (1കൊരി, 13:8). ഭാഷാവരം ഒരു സഭയ്ക്കോ സഭയുടെ ഏതെങ്കിലും വിഭാഗത്തിനോ മാത്രമായി നല്കപ്പെട്ടതായിരുന്നില്ല. വരങ്ങളുടെ താരതമ്യവിവേചനത്തിൽ ഒടുക്കത്തെ സ്ഥാനമാണ് ഭാഷാവരത്തിനും വ്യാഖ്യാനവരത്തിനും അപ്പൊസ്തലൻ രണ്ടു പട്ടികകളിലും നല്കുന്നത്. (1കൊരി, 12:8-10; 28-30). അന്യഭാഷ ആരും തിരിച്ചറിയുന്നില്ല; അതുകൊണ്ട് അത് സഭയ്ക്ക് ആത്മിക വർദ്ധന വരുത്തുന്നില്ല. (1കൊരി, 14:2). “ലോകത്തിൽ വിവിധ ഭാഷകൾ അനവധിയുണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവകയാൽ സഭയുടെ ആത്മികവർദ്ധനക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.” (1കൊരി, 14’10-12). എന്നാൽ പെന്തെക്കൊസ്തു നാളിൽ സംസാരിച്ചത് അറിയപ്പെട്ട മാനുഷിക ഭാഷയിലായിരുന്നു. “ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതുകേട്ട് അമ്പരന്നു പോയി.” (പ്രവൃ, 2:6). അന്യഭാഷ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു. (1കൊരി, 14:4). അന്യഭാഷ സംസാരിക്കുന്നവന് ബുദ്ധിപരമായ കഴിവുകൾ നഷ്ടപ്പെട്ടിരിക്കും. (1കൊരി, 14:14-15). എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല. (1കൊരി, 12:29). അന്യഭാഷ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്. (1കൊരി, 14:22). സഭയൊക്കെയു കൂടി അന്യഭാഷകളിൽ സംസാരിക്കാൻ പാടില്ല. (1കൊരി, 14:23). വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ ഹൃദയത്തിൽ സംസാരിക്കണം: “വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:28).

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭ ഉണ്ടാകില്ലെന്നു മാത്രമല്ല; വേദപുസ്തകം നിഷ്ക്രിയമാകുകയും ചെയ്യും. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്?

ആധുനിക അന്യഭാഷയുടെ വീഡിയോ കാണാൻ ലിങ്കിൽ പോകുക:👇

ആധുനിക അന്യഭാഷ

ആത്മാക്കളുടെ വിവേചനം

ആത്മാക്കളുടെ വിവേചനം

‘മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം.’ (1കൊരി, 12:10). വ്യക്തികളെ കാണുമ്പോൾ തന്നെ തിരിച്ചറിയാനുള്ള കഴിവാണ് ആത്മാക്കളുടെ വിവേചനവരം. അദ്ധ്യക്ഷന്മാരായിരിക്കുവാൻ യോഗ്യതയുള്ളവരെ തിരിച്ചറിയുവാനുള്ള കഴിവ് അപ്പൊസ്തലന്മാർക്ക് ഉണ്ടായിരുന്നത് ഈ വരത്താലാണ്. (പ്രവൃ, 14:23; 1തിമൊ, 3:1-7; തീത്താ, 1:5-9). സാക്ഷാൽ പ്രവചനവരം ഉള്ളവരോടൊപ്പം കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നു. അവരെ തിരിച്ചറിയുവാനുള്ള കഴിവ് ഈ വരത്താൽ ലഭ്യമായിരുന്നു. “പ്രവചനം തച്ഛീകരിക്കരുതു. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1തെസ്സ, 5:20,21).

സ്നേഹം

സ്നേഹം

‘സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല’ (1കൊരി, 13:8), “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:13). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). നിലനില്ക്കുന്ന കൃപാവരങ്ങളിൽ പ്രഥമസ്ഥാനം സ്നേഹത്തിനാണ്; കാരണം, ദൈവത്തിൻ്റെ ലക്ഷണവും (1യോഹ, 4:8, 16), ക്രിസ്തുവിൻ്റെ സ്വരൂപവും സ്നേഹമാണ്. ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്; അവയിയിൽ വലിയത് സ്നേഹമാണ്. (1കൊരി,13:13). ദൈവം ലോകത്തെ സ്നേഹിച്ചത് തൻ്റെ ഏകജാതനായ പുത്രനിലൂടെയാണ്. (യോഹ, 3:16). പ്രസ്തുതസ്നേഹം വിശ്വാസികളിലേക്ക് ഒഴുക്കിയത് പരിശുദ്ധാത്മാവാണ്. (റോമ, 5:5). ലോകത്തിലേക്ക് ആ സ്നേഹം പകരപ്പെടുന്നത് ദൈവമക്കളിലൂടെയാണ്. (ലൂക്കൊ, 6:35). ദൈവികവും മാനുഷികവുമായ ഉത്തമബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹമാണ്. വിശ്വാസികൾ ദൈവത്തെയും സഹജീവികളെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിൻ്റെ അഭാവത്താൽ മറ്റേതില്ല. (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പനയും (ആവ, 6:5, മത്താ, 22:37), ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നത് സ്നേഹത്തിലധിഷ്ഠിതമായ രണ്ടു കല്പനകളിലാണ്. (മത്താ, 22:37,38). സ്നേഹം നിർവ്യാജമായിരിക്കണം (റോമ, 12:9), ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കണം (1പത്രൊ,1:22), സമ്പൂർണ്ണതയുടെ ബന്ധമാണ് സ്നേഹം. (കൊലൊ, 3:14). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” (റോമ, 13:8). “എന്നാൽ ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം’ എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.” (യാക്കോ, 2:8).

പ്രത്യാശ

പ്രത്യാശ

‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു (1കൊരി, 13:13), “നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും.” (2തെസ്സ, 2:16). വിശ്വാസത്താൽ വാഞ്ചയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു; പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും നിത്യജീവനെന്ന ഭാവിപ്രത്യാശയാലുമാണ് വ്യക്തി രക്ഷിക്കപ്പെടുന്നത്. രണ്ടും ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്: “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്.” (റോമ, 8:24; 15:13; എഫെ, 2:5, 8; തീത്തൊ, 1:2). മുമ്പേ നമ്മൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും, പ്രത്യാശയില്ലാത്തവരും, ദൈവമില്ലാത്തവരും ആയിരുന്നു. (എഫെ, 2:12). എന്നാലിപ്പോൾ, ക്രിസ്തു നമ്മുടെ പ്രത്യാശയും (1തിമൊ, 1:1), മഹത്വത്തിൻ്റെ പ്രത്യാശയും (കൊലൊ, 1:29), നിത്യജീവൻ്റെ പ്രത്യാശയുമാണ്. (തീത്തൊ,1:2). വർത്തമാനകാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടുപോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. (വിലാ, 3:29). “ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10).

വിശ്വാസം

വിശ്വാസം

‘വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം (1കൊരി, 12:9), ‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു.’ (1കൊരി, 13:13). വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. “വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല; ദൈവത്തിന്റെ ശക്തിയാണ് ആധാരമായിരിക്കുന്നത്.” (1കൊരി, 2:4). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമാത്രയാകുന്നു. ആരും പ്രശംസിക്കാതിരിക്കാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9). ദൈവമാണ് വിശ്വാസത്തിന്റെ അളവ് ഓരോരുത്തർക്കും പകുത്തു കൊടുക്കുന്നത്. (റോമ, 12:3). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നു (മത്താ, 21:21), ലോകത്തെ ജയിക്കുന്നു; “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). വിശ്വാസത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും വിശ്വാസം ഏല്ലാവർക്കും ഉണ്ട്. എന്നാൽ ഇവിടെപ്പറഞ്ഞിരിക്കുന്ന വിശ്വാസവരം അസാദ്ധ്യകാര്യങ്ങളെ സാധിപ്പിക്കുവാനുള്ള വിശ്വാസമാണ്. (എബ്രാ, 1:32, 34; 1കൊരി, 13:2).

പരിജ്ഞാനത്തിന്റെ വചനം

പരിജ്ഞാനത്തിന്റെ വചനം

‘മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു.’ (1കൊരി, 12:8). ജ്ഞാനവരവുമായി ബന്ധപ്പെട്ടതാണ് പരിജ്ഞാനവരം. ദൈവത്തെക്കുറിച്ചുള്ള അറിവ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ പരജ്ഞാനമായി മാറുന്നു. പരിജ്ഞാനവും തിരിച്ചറിവു യഥാർത്ഥ ജ്ഞാനത്തിൻ്റെ ഘടകങ്ങളാണ്. (നെഹെ, 10:28). പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനമാണ് വിവേകം. (സദൃ, 2:5). മനുഷ്യൻ പ്രാപിക്കേണ്ടത് ദൈവപരിജ്ഞാനമാണ്. (സദൃ, 2:5; എഫെ, 1:17). ബുദ്ധിയും പരിജ്ഞാനവും ലഭിക്കുന്നത് ദൈവത്തിൽനിന്നാണ്. (സങ്കീ, 119:66). ദൈവത്തിന്റെ സമ്പൂർണ്ണമായ പരിപാലനത്തെക്കുറിച്ചുള്ള പരിജ്ഞാനം മനുഷ്യബുദ്ധിക്കു അത്യത്ഭുതമാണ്. (സങ്കീ, 139:6). ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമാകുമ്പോൾ ആരും ആർക്കും ഒരു ദോഷവും ചെയ്യുകയില്ല. (യെശ, 11:39). ജനം നശിക്കുന്നതിനു കാരണം പരിജ്ഞാനമില്ലാത്തതാണ്. (ഹോശേ, 4:6).

മശീഹയുടെമേൽ പരിജ്ഞാനത്തിന്റെ ആത്മാവ് ആവസിക്കുമെന്ന് യെശയ്യാവു പ്രവചിച്ചു. (11:2). നീതിമാനായ ദാസൻ തന്റെ പരിജ്ഞാനംകൊണ്ട് പലരെയും നീതീകരിക്കും. (യെശ, 53:11). യേശുക്രിസ്തു ദൈവതേജസ്സിന്റെ പരിജ്ഞാനമാണ്. (2കൊരി, 4:6; 6:6; 8:7; 10:5). ക്രിസ്തു ദൈവമർമ്മത്തിന്റെ പരിജ്ഞാനമാണ്; അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:2,3). ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രഷ്ഠതനിമിത്തം അപ്പൊസ്തലൻ എല്ലാം ചേതം എന്നെണ്ണി. (ഫിലി, 3:8). പരിശുദ്ധാത്മാവു നൽകുന്ന കൃപാവരങ്ങളിലൊന്നാണ് പരിജ്ഞാനത്തിൻ വചനം. (1കൊരി, 12:8). ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പരിജ്ഞാനം കൃപയും സമാധാനവും നൽകുകയും ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം പ്രദാനം ചെയ്യുകയും ചെയ്യുന്നു. (2പത്രൊ, 1:2,3). ക്രിസ്ത്യാനി പരിജ്ഞാനത്തിൽ വളരേണ്ടതാണ്. (2പത്രൊ, 1:6, 8; 3:18).

ജ്ഞാനത്തിന്റെ വചനം

ജ്ഞാനത്തിന്റെ വചനം

‘ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും; (1കൊരി, 12:8). ദൈവത്തിന്റെ ആഴങ്ങൾ അറിയുകയും (റോമ, 11:33), വ്യാഖ്യാനിക്കുകയും ചെയ്യുവാനുള്ള കഴിവാണ് ജ്ഞാനത്തിന്റെ വചനം എന്ന വരം. ജ്ഞാനത്തിനു പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘സൊഫിയ’ ആണ്. ദൈവത്തിന്റെ ജ്ഞാനം (റോമ, 11:33; 1കൊരി, 1:21, 24; 2:7; 3:10; വെളി, 7:12), ക്രിസ്തുവിന്റെ ജ്ഞാനം (മത്താ, 13:54, മർക്കൊ, 6:2; ലൂക്കൊ, 20:40, 52, 1കൊരി, 1:30; കൊലൊ, 2:3; വെളി, 5:12), ആത്മീയ ജ്ഞാനം (കൊലൊ, 1:28, 3:16, 4:5; യാക്കോ, 1:5; 3:13, 17; 2പത്രൊ, 3:15, വെളി, 13:18; 17:19), മാനുഷീകജ്ഞാനം (മത്താ, 12:42; ലൂക്കൊ, 13:31; പ്രവൃ, 7:22; 1കൊരി, 1:17) ഇവയ്ക്കെല്ലാം ‘സൊഫിയ’ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോ, 3:17). ജ്ഞാനലക്ഷണമാണ് സൗമ്യത. (യാക്കോ, 3:13). ആദിമസഭയിൽ ജ്ഞാനവരം ഉണ്ടായിരുന്നു. (പ്രവൃ, 5:1-11). നിന്നുപോകുന്ന വരങ്ങളുടെ കൂട്ടത്തിലാണ് ജ്ഞാനം പറഞ്ഞിരിക്കുന്നത്: ‘ജ്ഞാനമോ, അതു നീങ്ങിപ്പോകും’ (1കൊരി, 13:8).