ഹബക്കൂക്

ഹബക്കൂക് (Habakkuk)

പേരിനർത്ഥം — ആലിംഗനം

പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ എട്ടാമൻ. അല്പം വ്യത്യസ്തമായ രീതിയിലാണ് പേർ രേഖപ്പെടുത്തിക്കാണുന്നത്. സെപ്റ്റ്വജിന്റിൽ അംബാകൂം എന്നാണു രൂപം. പേരിന്റെ അർത്ഥം ആലിംഗനം എന്നാണ്. ഈ പേരിനെ അശ്ശൂര്യ ഭാഷയുമായി ബന്ധിപ്പിക്കുന്നവരുണ്ട്. ഹംബകുകു എന്ന് പേരോടു കൂടിയ ഉദ്യാനസസ്യവുമായി ഈ പേരിനു ബന്ധമുണ്ടെന്നു റെയ്സർ (Reiser) കരുതുന്നു. പക്ഷേ ഇതു വെറും ഊഹം മാത്രമാണ്. ഹബക്കുക് പ്രവാചകൻ ശൂനേംകാരിയുടെ പുത്രനാണെന്നും (2രാജാ, 4:16) യെശയ്യാപ്രവചനത്തിലെ കാവല്ക്കാരൻ (21:6) ആണെന്നും നിർദ്ദേശിക്കുന്നവരുണ്ട്. ‘ബേലും സർപ്പവും’ എന്ന അപ്പോക്രിഫാ ഗ്രന്ഥത്തിന്റെ ശീർഷകത്തിൽ പ്രവാചകനെ ലേവിഗോത്രത്തിലെ യേശുവിന്റെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. അനന്തരം പ്രവാചകനെ സിംഹക്കുഴിയിൽക്കിടന്ന ദാനീയേലുമായി ബന്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനും തെളിവൊന്നുമില്ല. യോശീയാവിന്റെ വാഴ്ചയുടെ അന്ത്യനാളുകളിലും യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും പ്രവാചകൻ ജീവിച്ചിരുന്നിരിക്കണം. കല്ദയരെക്കുറിച്ചുള്ള പരാമർശം 1:5,6-ൽ കാണാം. കല്ദയരുടെ പ്രതാപകാലം 720-538 ബി.സി. ആയിരുന്നു. ദൈവാലയം നിലവിലുള്ളതായി പ്രവചനത്തിൽ പറയുന്നുണ്ട്. (2:20, 3:19). മൂന്നാമദ്ധ്യായത്തിലെ സംഗീത പരാമർശങ്ങൾ ഇദ്ദേഹം ലേവ്യഗായക സംഘത്തിൽ ഉൾപ്പെട്ടവനായിരിക്കണം എന്ന നിഗമനത്തിനു സാധുത്വം നല്കുന്നു. ഇതിൽ നിന്നും ഹബക്കൂക് പ്രവാചകൻ ലേവിഗോത്രജനാണെന്നത് സ്പഷ്ടമാണ്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ, ‘ഹബക്കൂകിൻ്റെ പുസ്തകം’).

നഹൂം

നഹൂം (Nahum)

പേരിനർത്ഥം — ആശ്വാസകൻ

നെഹെമ്യാവ് എന്ന പേരിന്റെ  സംക്ഷിപ്തരൂപമാണ് നഹൂം. ചെറിയ പ്രവാചകന്മാരിൽ ഏഴാമനാണ് നഹൂം. പുസ്തകത്തിന്റെ ശീർഷകത്തിൽ നിന്നു കിട്ടുന്നതൊഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല. എല്ക്കോശ്യനായ നഹൂമിന്റെ ദർശന പുസ്തകം (1:1) എന്നാണ് പുസ്തകം ആരംഭിക്കുന്നത്. എല്ക്കോശ് എന്ന ഗ്രാമത്തിന്റെ സ്ഥാനവും വിവാദവിഷയമാണ്. വിശുദ്ധ ജെറോമിന്റെ അഭിപ്രായത്തിൽ എല്ക്കോശ് ഗലീലയിലാണ്. കഫർന്നഹും എന്ന പേരിന്നർത്ഥം നഹൂമിന്റെ ഗ്രാമമാണെന്നും അതുകൊണ്ട് നഹൂമിന്റെ സ്വദേശം കഫർന്നഹും ആണെന്നും ഒരഭിപ്രായമുണ്ട്. നീനെവേ പട്ടണത്തിന്നെതിരെയുള്ള ആധുനിക മൊസൂളിനു (Mosul) 80 കി.മീ. വടക്കുള്ള അൽഖുഷിൽ ആണ് നഹുവിന്റെ ജന്മസ്ഥലവും കല്ലറയും ഉള്ളതെന്നു ഒരു പാരമ്പര്യം ഉണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘നഹൂമിൻ്റെ പുസ്തകം’).

മീഖാ

മീഖാ (Micha)

പേരിനർത്ഥം — യഹോവയെപ്പോലെ ആരുള്ളൂ?

മോരസ്ത്യനായ മീഖാ എന്നു പ്രവാചകൻ സ്വയം പരിചയപ്പെടുത്തുന്നു. (മീഖാ, 1:1). മോരേശെത്തിൽ നിന്നുളള വനാണ് മോരസ്ത്യൻ. ഗത്തിലെ മോരേശെത്ത് ആണ് മീഖാ പ്രവാചകന്റെ ജന്മദേശം. യെരുശലേമിനു 32 കി.മീ. തെക്കു പടിഞ്ഞാറാണ് മോരേശെത്ത്. യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തു (742-687 ബി.സി.) മീഖാ പ്രവചിച്ചു. ഹോശേയാ, ആമോസ്, യെശയ്യാവ് എന്നിവരുടെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലൊന്ന് ഹിസ്കീയാരാജാവിന്റെ വാഴ്ചക്കാലത്തുള്ളതാണ്. (യിരെ, 26:18). യെഹൂദയിൽ പെസഹാ പെരുനാൾ ആരംഭിക്കുന്നതിനു മുമ്പ് ഈ പ്രവചനം നല്കിയിരിക്കണം. യെഹോരാമിനെ കുറ്റപ്പെടുത്തുക നിമിത്തം പാറയിൽ നിന്നു തള്ളിയിട്ടു കൊന്നുവെന്നും സ്വന്തം ഗ്രാമമായ മൊറാതിയിൽ അടക്കിയെന്നും പാരമ്പര്യം പറയുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘മീഖായുടെ പുസ്തകം’).

യോനാ

യോനാ (Jonah)

പേരിനർത്ഥം — പ്രാവ്

സെബുലൂൻ ഗോത്രത്തിൽ ഗത്ത്-ഹേഫറിൽ നിന്നുള്ള യോനാപ്രവാചകൻ അമിത്ഥായിയുടെ മകനാണ്. (2രാജാ, 14:25). നസറെത്തിനു 6. കി.മീ. വടക്കാണ് ഗത്ത്-ഹേഫർ. തന്റെ പേരിലുള്ള പുസ്തകത്തിനു പുറമെ യോനായെക്കുറിച്ചുള്ള ഏക പഴയനിയമ പരാമർശം 2രാജാക്കന്മാർ 14:25-ലാണ്. യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ (782-753) ഭാരണകാലത്തിലോ അല്പം മുമ്പോ അദ്ദേഹം ജീവിച്ചിരുന്നു. യൊരോബയാം രണ്ടാമൻ ചുറ്റുമുള്ള രാജ്യങ്ങളെ കീഴടക്കി യിസ്രായേലിന്റെ അതിർത്തി വിസതാരമാക്കുമെന്ന യോനായുടെ പ്രവചനം നിവേറി. (2രാജാ, 14:25). യിസ്രായേലിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന കാലത്താണ് ദൈവം യോനായെ നീവയിലേക്കു അയച്ചത്. നീനവേയിലെ ജനത്തോടു പ്രവചിക്കുന്നതിനു യഹോവ യോനയോടു കല്പ്പിച്ചു. നീനെവേയിലേക്കു പോകുവാൻ മനസ്സില്ലാതെ യോനാ യാഫോവിൽ ചെന്നു തർശീശിലേക്കുള്ള കപ്പലിൽ കയറി. സമുദ്രത്തിൽ കൊടുങ്കാറ്റടിച്ചു; കപ്പൽ മുങ്ങുമാറായി. രക്ഷയ്ക്ക് വേണ്ടി തന്റെ ദൈവത്തോടു പ്രാർത്ഥിക്കുവാൻ യോനായോടു കപ്പൽപ്രമാണി ആവശ്യപ്പെട്ടു. കൊടുങ്കാറ്റു ശമിക്കാത്തതിനാൽ ദൈവകോപത്തിനു കാരണക്കാരനായ വ്യക്തിയെ കണ്ടുപിടിക്കുവാൻ ചീട്ടിട്ടു. യോനായുടെ നിർദ്ദേശമനുസരിച്ചു തന്നെ കപ്പൽക്കാർ യോനായെ സമുദ്രത്തിലെറിഞ്ഞു. സമുദ്രത്തിന്റെ കോപമടങ്ങി. ഒരു മഹാമത്സ്യം പ്രവാചകനെ വിഴുങ്ങി. മൂന്നാമത്തെ ദിവസം മത്സ്യം യോനായെ കരയ്ക്കു ഛർദ്ദിച്ചു. വീണ്ടും യഹോവ കല്പ്പിച്ചതനുസരിച്ചു യോനാ നീനെവേയിലേക്കു പോയി. യോനായുടെ പ്രസംഗം കേട്ടു ജനം അനുതപിക്കുകയും പട്ടണം മുഴുവൻ രക്ഷിക്കപ്പെടുകയും ചെയ്തു. താൻ പ്രവചിച്ചതു പോലെ നഗരം നശിക്കാത്തതിൽ കുപിതനായ യോനാ തന്റെ ജീവനെടുത്തുകൊള്ളുന്നതിനു ദൈവത്തോടപേക്ഷിച്ചു. ദ്രുതവളർച്ചയും നാശവും പ്രദർശിപ്പിച്ച ആവണക്കിലുടെ കരുണയുടെ ആവശ്യം ദൈവം യോനായെ പഠിപ്പിച്ചു. യോനാ കടലാനയുടെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലിരിക്കും (മത്താ, 12:40) എന്നു യേശുക്രിസ്തു തന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസ്താവിച്ചു. 

പ്രവചനത്തിന്റെ കർത്താവായ യോനായും 2രാജാ, 14:25-ലെ യോനായും ഒരാളല്ലെന്നു ചില വിമർശകന്മാർ വാദിച്ചു. എന്നാൽ പാരമ്പര്യങ്ങൾ ഇരുവരും ഒരാളാണെന്നു ചൂണ്ടിക്കാണിക്കുന്നു. യോനാപ്രവാചകൻ യൊരോബെയാം രണ്ടാമന്റെ കാലത്തു പ്രവചിച്ചു എന്നു യെഹൂദ്യ ഖ്യാതാക്കൾ ഉറപ്പായി വിശ്വസിച്ചു. ഏലീയാവിനെ സത്കരിച്ച സാരെഫാത്തിലെ വിധവയുടെ പുത്രനാണ് യോനാ എന്നു എലിയേസർ റബ്ബി പറഞ്ഞു. യോനായെ വിഴുങ്ങിയ മഹാമത്സ്യം ഈ ഉദ്ദേശ്യത്തിനു വേണ്ടി ലോകസ്ഥാപനത്തിൽ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നു അദ്ദേഹം പഠിപ്പിച്ചു. മഹാമത്സ്യത്തിനകത്തുവച്ചു പ്രവാചകനുണ്ടായ അനുഭവങ്ങളെക്കുറിച്ചുള്ള പല കഥകളുമുണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യോനായുടെ പുസ്തകം’).

ഓബദ്യാവ്

ഓബദ്യാവ് (Obadiah)

പേരിനർത്ഥം — യഹോവയുടെ ദാസൻ 

പഴയനിയമത്തിലെ ഓബദ്യാ പ്രവചനത്തിന്റെ കർത്താവ്. ഓബദ്യാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും വ്യക്തമായ ഒരറിവുമില്ല. യെരുശലേം പതനത്തിനു ശേഷം (ബി.സി. 587) ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ പ്രവാചകനും ആഹാബ് രാജാവിന്റെ കാര്യവിചാരകനായ ഓബദ്യാവും ഒരാളാണെന്നു ബാബിലോണിയൻ തലമൂദിൽ കാണുന്നു. എന്നാൽ ഈ ധാരണ ശരിയായിരിക്കാനിടയില്ല. ഏലീയാവിനെ പിടിക്കുവാൻ അഹസ്യാവു അയച്ച മൂന്നാമത്തെ സൈന്യാധിപനെ (2രാജാ, 1:13-15) പ്രവാചകനായി കരുതുന്നവരുണ്ട്. തലമുദിന്റെ പാരമ്പര്യമനുസരിച്ച് യെഹൂദ മതാനുസാരിയായിത്തീർന്ന ഏദോമ്യനാണ് പ്രവാചകൻ. ഏദോമിനെതിരെ ഇത്രയും ശക്തമായി സംസാരിക്കുന്ന പ്രവാചകൻ ഏദോമ്യനായിരിക്കുക സ്വാഭാവികമല്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഓബദ്യാവിൻ്റെ പുസ്തകം’).

ആമോസ്

ആമോസ് (Amos)

പേരിനർത്ഥം — ഭാരം വഹിക്കുന്നവൻ  

പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവൻ. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

ഉസ്സീയാവിന്റെയും യൊരോബെയാമിന്റെയും കാലഘട്ടം സമാധാനത്തിന്റേതും സമ്പദ്സമൃദ്ധിയുടേതും ആയിരുന്നു. വളർന്നുവന്ന നഗരവത്കരണവും നഗരങ്ങളിലെ ധനകേന്ദ്രീകരണവും ഗ്രാമപ്രദേശങ്ങളെ വല്ലാതെ ഞെരുക്കി. ന്യായപ്രമാണ കല്പനകൾക്കു വിരുദ്ധമായി കുടുംബാവകാശങ്ങൾ പണക്കാർ പണയം വാങ്ങുകയും കാലാന്തരത്തിൽ അവ അവരുടെ വകയായിത്തീരുകയും ചെയ്തു. ഇങ്ങനെ ധനികരായ ജന്മിമാരുടെ ഒരു പുതിയവർഗ്ഗം വളർന്നുവന്നു. അവകാശം നഷ്ടപ്പെട്ട സാധുക്കൾ മുൻപു് തങ്ങളുടേതായിരുന്ന നിലത്തിൽ ഇപ്പോൾ തങ്ങളുടെ ഋണദാതാക്കൾക്കു വേണ്ടി ജോലി ചെയ്യുവാൻ നിർബന്ധിതരായി തീർന്നു. ഋണബദ്ധൻ അടിമയായി വില്ക്കപ്പെടുകയും മടങ്ങിവരവിന് ഒരു പ്രതീക്ഷയുമില്ലാതവണ്ണം അന്യരാജ്യങ്ങളിലേക്കു പോവുകയും ചെയ്തു. വിഗ്രഹാരാധന വ്യാപകമായി. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് തെക്കോവയിലെ ഒരിടയൻ യിസ്രായേലിനുവേണ്ടി പ്രവാചകശുശ്രൂഷ നിർവ്വഹിക്കുവാൻ ബേഥേലിലേക്കു വന്നത്. യെഹൂദയിൽ നിന്നു ഒരു പ്രവാചകൻ യിസായേലിലേക്കു നിയോഗിക്കപ്പെടുന്നതു തികച്ചും അപൂർവ്വമായ ഒന്നാണ്. പ്രവാചകന്റെ ഭാഷണങ്ങൾ എല്ലാവരുടെയും ശ്രദ്ധയെ ആകർഷിച്ചു. ധനവാന്മാരുടെ ആഡംബരജീവിതം, വിഗ്രഹാരാധന, സാന്മാർഗ്ഗികാധഃപതനം എന്നിവയായിരുന്നു ആമോസിന്റെ പ്രവചന വിഷയം. യൊരോബെയാമിനു എതിരായി ഗൂഢാലോചന നടത്തി എന്ന കുറ്റം ആമോസിലാരോപിച്ചു. ബേഥേലിലെ മഹാപുരോഹിതനായ അമസ്യാവു ആമോസിനെ ഭീഷണിപ്പെടുത്തി. ദൌത്യനിർവ്വഹണ ശേഷം ആമോസ് യെഹൂദയിലേക്കു മടങ്ങിപ്പോയിരിക്കണം. മരണകാലവും മരണവിധവും നമുക്കറിയില്ല. എന്നാൽ അമസ്യാവിനെ സംബന്ധിക്കുന്ന പ്രവചനത്തിനുശേഷം അധികം താമസിയാതെ മഹാപുരോഹിതന്റെ ക്രൂരതയ്ക്ക് വിധേയനായി ആമോസ് മരിച്ചു എന്നൊരു പാരമ്പര്യമുണ്ട്. പുരോഹിതന്റെയും കുടുംബത്തിന്റെയും മേൽ വരേണ്ട നാശത്തെക്കുറിച്ചുള്ള പ്രവചനം ഹേതുവായി ക്ഷഭിതനായ അമസ്യാവ് ആമോസിനെ കയ്യേററം ചെയ്തു എന്നും അർദ്ധപാണനായിത്തീർന്ന ആമോസിനെ സ്വന്തം ദേശത്തു കൊണ്ടുവന്നു എന്നും ചില ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മരിച്ചു എന്നും പറയപ്പെടുന്നു. എന്നാൽ ഈ കഥയ്ക്കു മതിയായ തെളിവില്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ആമോസിൻ്റെ പുസ്തകം’).

യോവേൽ

യോവേൽ (Joel)

പേരിനനർത്ഥം — യഹോവ ദൈവം

യോവേൽപ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.(നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യോവേലിൻ്റെ പുസ്തകം’).

ഹോശേയാ

ഹോശേയാ

പേരിനർത്ഥം — രക്ഷ

ഹോശേയാപ്രവാചകന്റെ വ്യക്തിജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവൊന്നും ലഭ്യമല്ല. പിതാവിന്റെ പേര് ബയേരി എന്നാണ്. ജന്മസ്ഥലവും അജ്ഞാതമാണ്. അദ്ദേഹം ഉത്തരരാജ്യമായ യിസായേൽ രാജ്യത്തിലെ പ്രജയായിരുന്നു എന്നത് പ്രവചനത്തിന്റെ ശൈലിയിലും ഭാഷയിലും നിന്നു വ്യക്തമാണ്. യിസ്രായേലിലെ സ്ഥലങ്ങളും ചുറ്റുപാടുകളും പ്രവാചകനു സുപരിചിതമായിരുന്നു. (5:1, 6:8-9, 12:12, 14:6). കൂടാതെ യിസ്രായേൽ രാജ്യത്തെ ദേശമെന്നും (1:2), യിസ്രായേൽ രാജാവിനെ നമ്മുടെ രാജാവെന്നും (7:5) വിളിക്കുന്നു. പ്രവാചകന്റെ തൊഴിൽ എന്തായിരുന്നു എന്നും അറിയാൻ നിവൃത്തിയില്ല. 7:4-ൽ നിന്നും പ്രവാചകൻ ഒരു അപ്പക്കാരനായി ജോലിചെയ്തിരുന്നു എന്നു കരുതപ്പെടുന്നു. പ്രവചനത്തിലെ കൃഷിയെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ നിന്നും അദ്ദേഹം കർഷകനായിരുന്നു എന്നു കരുതുന്നവരുണ്ട്. ചരിത്രം, രാഷ്ട്രീയകാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിജ്ഞാനവും കാല്പനികമായ ശൈലിയും വർണ്ണനയും ഒരു സാധാരണ കർഷകനല്ല എഴുത്തുകാരനെന്നു വ്യക്തമാക്കുന്നു. ഭാര്യയായ ഗോമരിനെ ദിബ്ലയീമിന്റെ മകൾ എന്നു പറയന്നു. അവൾ മൂന്നു കുഞ്ഞുങ്ങളുടെ മാതാവാണ്. ബത്ത്- ദിവ്ളായീം എന്ന പ്രയോഗത്തിൽ അവളുടെ ജനനസ്ഥലത്തിന്റെ സൂചനകാണുന്നവരുണ്ട്. ഗിലെയാദിലെ ഒരു സ്ഥലമാണതെന്നു അവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അതിനു വിശ്വസനീയമായ തെളിവുകളില്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഹോശേയയുടെ പുസ്തകം’).

ദാനീയേൽ

ദാനീയേൽ

പേരിനർത്ഥം — ദൈവം എൻ്റെ ന്യായാധിപതി

ദാനീയേൽ പ്രവചനത്തിന്റെ കർത്താവ്. ദാനീയേൽ പ്രവാചകന്റെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒരറിവുമില്ല. രാജകുടുംബത്തിലോ പ്രഭു കുടുംബത്തിലോ ജനിച്ചിരിക്കണം. (ദാനീ, 1:3). യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷത്തിൽ ദാനീയേലിനെയും കൂട്ടരെയും ബാബേൽ രാജാവായ നെബുഖദ്നേസർ ബദ്ധരാക്കിക്കൊണ്ടു പോയി. അന്ന് ദാനീയേൽ വളരെ ചെറുപ്പമായിരുന്നു. യിസായേല്യരിൽ രാജസന്തതിയിലും കുലീനന്മാരിലു വച്ച് അംഗഭംഗം ഇല്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും യോഗ്യന്മാരുമായ ചില ബാലന്മാരെ തിരഞ്ഞെടുത്ത് കല്ദയഭാഷയും വിദ്യയും അഭ്യസിപ്പിച്ചു. ആ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ്, എന്നിവർ ഉണ്ടായിരുന്നു. (1:6). ഷണ്ഡാധിപൻ ദാനീയേലിന് ബേൽത്ത്ശസ്സർ എന്ന പേർ നല്കി. ദാനീയേലും കൂട്ടുകാരും ഭക്ഷണസംബന്ധമായ ന്യായപ്രമാണ കല്പന ലംഘിക്കാതിരിക്കുവാൻ ശ്രമിച്ചു. അവർ രാജഭോജനം കൊണ്ട് മലിനപ്പെടാതെ തങ്ങളെത്തന്നെ കാത്തുസൂക്ഷിച്ചു. പത്തു ദിവസത്തെ പരീക്ഷണത്തിൽ ശാകാപദാർത്ഥം കഴിച്ച നാലു ബാലന്മാരും രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരെക്കാളും അഴകും മാംസപുഷ്ടിയും ഉള്ളവരായി കാണപ്പെട്ടു. ദാനീയേൽ ദർശനങ്ങളെയും സ്വപ്നങ്ങളെയും വിവേചിക്കുവാൻ കഴിവുള്ളവനായിത്തീർന്നു. മൂന്നുവർഷത്തെ പരിശീലനത്തിനു ശേഷം നാലുപേരെയും രാജസന്നിധിയിൽ കൊണ്ടുവന്നു. സംതൃപ്തനായ നെബുഖദ്നേസർ അവരെ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിയമിച്ചു. 

നെബുഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ രാജാവു ഒരു സ്വപ്നം കണ്ടു, വ്യാകുലപ്പെട്ടു. രാജാവിനു സ്വപ്നം ഓർക്കാൻ കഴിഞ്ഞില്ല. ബാബേലിലെ വിദ്വാന്മാരിൽ ആർക്കും രാജാവിന്റെ സ്വപ്നവും അർത്ഥവും പറയുവാൻ കഴിഞ്ഞില്ല. എന്നാൽ ദാനീയേൽ രാജാവിനു സ്വപ്നവും അർത്ഥവും വെളിപ്പെടുത്തിക്കൊടുത്തു . (2:1-46). സംപ്രീതനായ രാജാവ് ദാനീയേലിനെ ബാബേൽ സംസ്ഥാനത്തിന് അധിപതിയും ബാബേലിലെ വിദ്വാന്മാർക്കു പ്രധാന വിചാരകനും ആയി നിയമിച്ചു. ദാനീയേൽ രാജാവിന്റെ കൊട്ടാരത്തിൽ പാർത്തു. (2:48-49). അനന്തരം രാജാവിൻ്റെ മറെറാരു സ്വപ്നവും ദാനീയേൽ വ്യാഖ്യാനിച്ചു. അല്പകാലത്തേക്കു നെബുഖദ്നേസരിനു സിംഹാസനം നഷ്ടപ്പെടുകയും രാജാവ് കാളയെപ്പോലെ പുല്ലു തിന്നുകയും ചെയ്യുമെന്നും ആ കാലത്തിനുശേഷം നെബുഖദ്നേസരിന് രാജത്വം ഉറയ്ക്കുമെന്നും ആയിരുന്നു ആ സ്വപ്നത്തിന്റെ അർത്ഥം. (4:1-37). നെബുഖദ്നേസരിന്റെ അനന്തരഗാമികളുടെ കാലത്ത് ദാനീയേലിന് ഇത്രയും ഉന്നതമായ സ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. (8:27). ദാനീയേൽ ശുശൻ രാജധാനിയിൽ വസിക്കുകയായിരുന്നു. ബേൽശസ്സർ രാജാവിന്റെ ഒന്നാം വർഷത്തിലും പിന്നീട് മൂന്നാം വർഷത്തിലും ദാനീയേൽ ദർശനങ്ങൾ കണ്ടു. (7:1, 8:1). ഭാവികാലസംഭവങ്ങളും ലോകരാഷ്ട്രങ്ങളുടെ അന്ത്യവിധിയും അവയ്ക്കു ദൈവരാജ്യത്തോടുള്ള ബന്ധവും ദാനീയേലിനു വെളിപ്പെട്ടു. 

ബേൽശസ്സർ രാജാവു ഒരു വലിയ വിരുന്നു നടത്തി. ആ സമയത്ത് ഒരു കൈപ്പത്തിവന്ന് ഭിത്തിയിൽ എഴുതി. ആ എഴുത്ത് വായിക്കുന്നതിനോ അർത്ഥം പറയുന്നതിനോ വിദ്വാന്മാർക്കു കഴിഞ്ഞില്ല. ദാനീയേലിനെ വരുത്തുകയും അദ്ദേഹം എഴുത്തിന്റെ അർത്ഥം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിപ്പിച്ച് രാജാവ് ദാനീയേലിനെ രാജ്യത്തിൽ മൂന്നാമനാക്കി. ആ രാത്രിയിൽ തന്നെ ബേൽശസ്സർ കൊല്ലപ്പെടുകയും ദാര്യാവേശ് രാജാവാകുകയും ചെയ്തു. (5:29). വിസ്തൃതമായ രാജ്യം ഭരിക്കേണ്ടതിനു 120 പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും ദാര്യാവേശ് നിയമിച്ചു. മൂന്നദ്ധ്യക്ഷന്മാരിൽ ഒരാളായിരുന്നു ദാനീയേൽ. ദാനീയേലിൻ്റെ ഉന്നത പദവിയും കർശനമായ നീതിനിഷ്ഠയും സഹപ്രവർത്തകരിൽ അസൂയ ഉളവാക്കി. അവർ ദാനീയേലിനെതിരെ ഗൂഢാലോചന നടത്തി. മുപ്പതു ദിവസത്തേക്കു രാജാവിനോടല്ലാതെ ആരോടും പ്രാർത്ഥിക്കരുതെന്നും അനുസരിക്കാത്തവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നും ഒരു കല്പന പുറപ്പെടുവിക്കുന്നതിന് അവർ രാജാവിനെ പ്രേരിപ്പിച്ചു. ഭാര്യാവേശ് രാജാവു രേഖയും വിരോധ കല്പനയും എഴുതിച്ചു. ഇതറിഞ്ഞ ദാനീയേൽ വീട്ടിൽ ചെന്ന് മുൻപേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു. (6:10). ശത്രുക്കൾ ഈ വിവരം രാജാവിനെ അറിയിച്ചു. രാജാവ് ദാനീയേലിനെ സിംഹഗുഹയിൽ ഇട്ടു. ദു:ഖിതനായ രാജാവ് ഉപവസിച്ച് രാത്രി കഴിച്ചുകൂട്ടി. ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. രാജാവ് രാവിലെ ഗുഹയ്ക്കടുത്തു ചെന്നു. ദാനീയേലിനെ സിംഹഗുഹയിൽ നിന്നു കയറ്റുവാൻ കല്പിച്ചു. അനന്തരം ദാനീയേലിനെ കുറ്റം ചുമത്തിയവരെ സിംഹഗുഹയിലിട്ടു. 

കോരെശിന്റെ കാലത്തും ദാനീയേൽ ശുഭമായിരുന്നു. (6:28). കോരെശിന്റെ മൂന്നാം വർഷത്തിൽ ദാനീയേലിനു പിന്നെയും ദർശനങ്ങൾ ലഭിച്ചു. യിസ്രായേൽ ജാതിയുടെ കഷ്ടതയും അവർക്കു പിന്നീടുണ്ടാകുന്ന മഹത്വവും യേശുക്രിസ്തുവിലൂടെയുള്ള അവരുടെ യഥാർത്ഥ വീണ്ടെടുപ്പും ദാനീയേൽ ദർശിച്ചു. ”നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” എന്നിങ്ങനെ ആശ്വാസവാഗ്ദാനം ദാനീയേലിനു ലഭിച്ചു. ദാനീയേൽ നീതിമാനും ജ്ഞാനിയുമായിരുന്നു എന്ന് യെഹസ്ക്കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നു. (14:14,20, 28:3). യെഹസ്ക്കേൽ ഇതെഴുതുമ്പോൾ ദാനീയേൽ യുവാവായിരുന്നു. അതിനാൽ ഈ ദാനീയേലിനെ അല്ല, മറ്റേതെങ്കിങ്കിലും പ്രവാചകനെയോ റാസ്ഷമ്രാ പുരാണത്തിലെ (ഉഗാരിറ്റിസ് പാഠം) ദാനീയേലിനെയോ ആണ് യെഹെസ്ക്കേൽ വിവക്ഷിക്കുന്നതെന്നു ചിലർ കരുതുന്നു. അതു ശരിയായിരിക്കാനിടയില്ല. കുട്ടിക്കാലം മുതല്ക്കേ വിശുദ്ധിക്കും വിജ്ഞാനത്തിനും ദാനീയേൽ പ്രഖ്യാതി നേടിയിരുന്നു എന്നത് മറക്കാനാവില്ല. (ദാനീ, 1:4,17,20). യെഹെസ്ക്കേലിന്റെ പ്രവചനകാലത്ത് ദാനീയേലിനു മുപ്പതുവയസ്സെങ്കിലും പ്രായം ഉണ്ടായിരുന്നിരിക്കണം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ദാനീയേലിൻ്റെ പുസ്തകം’).

യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകൻ

പേരിനർത്ഥം — ദൈവം ബലപ്പെടുത്തും

നാലു വലിയപ്രവാചകന്മാരിൽ ഒരാളാണ് യെഹെസ്ക്കേൽ. ഇദ്ദേഹം ബുസി എന്ന പുരോഹിതന്റെ പുത്രനായിരുന്നു. യെരൂശലേമിന്റെ നാശത്തിനു പതിനൊന്നു വർഷം മുമ്പു യെഹോയാഖീൻ രാജാവിനോടൊപ്പം പ്രവാസത്തിലേക്കു പോയി. (2രാജാ, 24:12-15). കെബാർ നദീതീരത്തു മറ്റു പ്രവാസികളോടൊപ്പം കഴിയുമ്പോൾ അദ്ദേഹത്തിനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. (യെഹെ, 1:3). യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ (ബി.സി. 592) ആണ് പ്രവാചകനു അരുളപ്പാടു ലഭിച്ചത്. പ്രവാചകന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. ബാബേലിൽ അദ്ദേഹത്തിനു ഒരു വീടുണ്ടായിരുന്നു. (യെഹ, 8:1). അദ്ദേഹത്തിന്റെ ഭാര്യ അപ്രതീക്ഷിതമായി മരിച്ചു. യഹോവയുടെ അരുളപ്പാടനുസരിച്ചു മൃതവിലാപം കഴിച്ചില്ല. (യെഹെ, 24:15-18). പ്രവാസത്തിലും ജനം അദ്ദേഹത്തെ ബഹുമാനിക്കുകയും അവരുടെ മുപ്പന്മാർ എല്ലാ സന്ദർഭങ്ങളിലും പ്രവാചകന്റെ അഭിപ്രായം ആരായുവാൻ കൂടി വരികയും ചെയ്തിരുന്നു. (8:1, 11:25, 141, 20:1). പ്രവാചകൻ രേഖപ്പെടുത്തുന്ന ഒടുവിലത്തെ കാലം പ്രവാസത്തിന്റെ 27-ാം വർഷമാണ്. (29:17). അതിൽ നിന്നും യെഹെക്കേൽ പ്രവാചകൻ 22 വർഷത്തോളം പ്രവചന ശുശ്രൂഷ തുടർന്നുവെന്നു മനസ്സിലാക്കാം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യെഹസ്ക്കേലിൻ്റെ പുസ്തകം’).