പുതിയനിയമ വിശ്വാസികൾ ആരോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരം വർഷമായിട്ടും അനേകം ക്രൈസ്തവർക്കും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് നിശ്ചയമില്ല. എന്താണ് പ്രാർത്ഥന? എന്നറിഞ്ഞാൽ, ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് വേഗത്തിൽ മനസ്സിലാകും. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ചവനും പുതിയ സൃഷ്ടിയാക്കിയവനുമായ ദൈവത്തോട് ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. തങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കുന്നതാണ് പ്രാർത്ഥനയുടെ ഉദ്ദേശ്യം: (ഫിലി, 4:6). ആരാണ് സ്രഷ്ടാവ്? ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11).
അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 → 1കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 → വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി പറയുകവഴി, പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൽ പ്രാർത്ഥനയെ കുറിക്കുന്ന പല പദങ്ങളുണ്ട്:
1️⃣ ”പ്രാർത്ഥിക്കുക, അപേക്ഷിക്കുക” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ക്രിയാപദമാണ് (verb), “പ്രോസെക്ഖോമൈ” (προσεύχομαι – proseuchomai). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 82 വാക്യങ്ങളിലായി 87 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഫിലി, 1:11).
➨ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്താ, 6:9)
➨ “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” (മത്താ, 14:23)
➨ ക്രിസ്തു പിതാവായ ഏകദൈവത്തോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച വേദഭാഗത്തും (മത്താ, 6:9-13; മർക്കൊ, 11:25-26; ലൂക്കൊ, 11:2-4), അവൻ ശിശുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചയിടത്തും (മത്താ, 19:13-15), ശിഷ്യന്മാരോട് പ്രർത്ഥിക്കാൻ പറഞ്ഞ ഭാഗങ്ങളിലും (മത്താ, 26:41; മർക്കൊ, 13:33; മർക്കൊ, 14:38; ലൂക്കൊ, 22:40; ലൂക്കൊ, 22:46) “പ്രോസെക്ഖോമൈ” എന്ന പദമാണ് കാണുന്നത്.
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.”
(മത്താ, 14:23 → മത്താ, 26:36; മത്താ, 26:39; മത്താ, 26:42; മത്താ, 26:44; മർക്കൊ, 1:35; മർക്കൊ, 6:46; മർക്കൊ, 14:32; മർക്കൊ, 14:35; മർക്കൊ, 14:39; ലൂക്കൊ, 3:21; ലൂക്കൊ, 5:16; ലൂക്കൊ, 6:12; ലൂക്കൊ, 9:18; ലൂക്കൊ, 9:28-29; ലൂക്കൊ, 11:1; ലൂക്കൊ, 22:42; ലൂക്കൊ, 22:44-45).
2️⃣ “പ്രാർത്ഥന” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു നാമപദമാണ് (noun), “പ്രോസെവ്ഖേ” (προσευχή – proseuchē). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 37 പ്രവശ്യമുണ്ട്. (പ്രവൃ, 16:13).
➨ “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ?” (മർക്കൊ, 11:17; മത്താ, 21:13; ലൂക്കോ, 19:46 → യെശ, 56:7).
➨ “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലി, 4:6).
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.” (ലൂക്കോ, 6:12 → ലൂക്കൊ, 22:45).
3️⃣ “പ്രാർത്ഥന, അപേക്ഷ, യാചന” എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു നാമപദമാണ് (noun), “ദേയ്സിസ്” (δέησις – deēsis). ദൈവത്തോടുള്ള പ്രാർത്ഥനയെ കുറിക്കാൻ 17 വാക്യങ്ങളിലായി 19 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (റോമ, 10:1).
➨ “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (റോമ, 10:1)
➨ “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12)
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ബാക്കിയുള്ളത് താഴെ ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]
പുതിയനിയമത്തിൽ പ്രാർത്ഥനയെക്കുറിക്കുന്ന പ്രധാനപ്പെട്ട മൂന്നു പദങ്ങളാണ് മുകളിൽ കണ്ടത്. അതിൽ, പിതാവായ ഏകദൈവത്തോടല്ലാതെ, മറ്റൊരോടും പ്രാർത്ഥിക്കുന്നതായി കാണാൻ കഴിയില്ല. ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും മറ്റുള്ളവരും പ്രാർത്ഥിച്ചത്, പിതാവായ ഏകദൈവത്തോടാണ്.
ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ (proseuchomai): സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” (മത്താ, 6:9-13 → മർക്കൊ, 11:25-26; ലൂക്കൊ, 11:2-4). വേദഭാഗം ശ്രദ്ധിക്കുക: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ.” ഏവണ്ണം? “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു സംബോധന ചെയ്തുകോണ്ട് പ്രാർത്ഥിപ്പാനാണ് ക്രിസ്തു പഠിപ്പിച്ചത്.
പിതാവിനോടു പ്രാർത്ഥിക്ക: “നീയോ പ്രാർത്ഥിക്കുമ്പോൾ (proseuchomai) അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” (മത്താ, 6:6). ഇവിടെയും ശ്രദ്ധിക്കുക: “നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” പലരും കരുതുന്നപോലെ, ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ആയിരുന്നെങ്കിൽ, അതിൽ ഒരുത്തനായ പിതാവിനോട് മാത്രം പ്രാർത്ഥിക്കാൻ പുത്രൻ പറയുമായിരുന്നോ❓
അപ്പൊസ്തലൻ്റെ പ്രാർത്ഥന: “അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു (proseuchomai) ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.” (പ്രവൃ, 16:25). അടുത്തവാക്യം: “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും (deēsis) ആകുന്നു.” (റോമ, 10:1). പൗലൊസ് പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്.
സഭയുടെ പ്രാർത്ഥന: “ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന (proseuchē) കഴിച്ചുപോന്നു.” (പ്രവൃ, 12:5). സഭ പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് (Father. the only true God) ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസും പറയുന്നു: (1കൊരി, 8:6 → എഫെ, 4:6). അതുകൊണ്ടാണ്, ക്രിസ്തുവും അപ്പൊസ്തലന്മാരും പിതാവിനോട് പ്രാർത്ഥിച്ചതും പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. (കാണുക: മോണോതീയിസം]
യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പ്രാർത്ഥനയെക്കുറിച്ച് പറയുന്ന ഏഴു വേദഭാഗങ്ങൾ പരിശോധിച്ചാൽ, പ്രാർത്ഥന ആരോടാണെന്നും ആരുടെ നാമത്തിലാണെന്നും സംശയലേശമെന്യേ വ്യക്തമാകും:
1. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു (aiteō) ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹ, 14:13).
2. “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു (aiteō) ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹ, 14:14)
3. “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ (aiteō); അതു നിങ്ങൾക്കു കിട്ടും.” (യോഹ, 15:7)
4. “നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും (aiteō) അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.” (യോഹ, 15:16)
5. “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; (aiteō) അപേക്ഷിപ്പിൻ (aiteō); എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹ, 16:24)
6. “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23)
7. “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26).
അപേക്ഷിക്കുക” (ask) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന “ഐറ്റെഓ” (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും “അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക” എന്ന അർത്ഥമാണുള്ളത്. ഉദാ: (യോഹ, 4:9-10 → യോഹ, 11:22). അതായത്. ദൈവത്തോട് പ്രാർത്ഥിക്കാനും/യാചിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (1തിമൊ, 2:6).
ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യത്തിൽ പറയുന്നത്, വർത്തമാനകാല (സുവിശേഷചരിത്രകാലം) പ്രാർത്ഥനെയെക്കുറിച്ചാണ്. ആറും ഏഴും വേദഭാഗം ഭാവിയിലെ അഥവാ, സഭയുടെ പ്രാർത്ഥനയെക്കുറിച്ചാണ്. “അന്നു” എന്ന പ്രയോഗം നോക്കുക. 1-മുതൽ 5-വരെയുള്ള വേദഭാഗം ശ്രദ്ധിക്കുക: “പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും” എന്നൊക്കെയാണ് പറയുന്നത്. സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 1. മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 2. യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം. ഉദാ: (മത്താ, 9:27 → മത്താ, 9:29. മത്താ, 15:22 → മത്താ, 15:28. മത്താ, 20:31 → മത്താ, 20:34). എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നും (ലൂക്കൊ, 5:17), ദൈവം ക്രിസ്തുവിനോടുകൂടെ ഉള്ളതുകൊണ്ടാണ് അവൻ അടയാളങ്ങൾ ചെയ്തതെന്നും (യോഹ, 3:2), യേശുവിനെക്കൊണ്ട് ദൈവമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്നും (പ്രവൃ, 2:22), ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:38). അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15).
അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 5-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.” അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. അടുത്തഭാഗം: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23). പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.” അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.” (1കൊരി, 1:2). ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും പുത്രൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 → പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). അടുത്തഭാഗം: “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്? ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. അതാണ്, പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്, നാം പ്രാർത്ഥിക്കേണ്ടത് അല്ലെങ്കിൽ അപേക്ഷിക്കേണ്ടത്, പിതാവായ ഏകദൈവത്തോട് പുത്രൻ്റെ നാമത്തിലാണ്; പിതാവ് മറുപടി നല്കുന്നത് നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ പുത്രൻ്റെ നാമത്തിലാണ്. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ വിശ്വസിക്കാതെ, ട്രിനിറ്റിയിൽ വിശ്വസിക്കുന്നതും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയാത്തതും. ക്രിസ്തു ആര്ണെന്ന് അറിയാത്തതുകൊണ്ടാണ്, പിതാവായ സത്യേകദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
Footnote:
4️⃣ ”അപേക്ഷിക്കുക, പ്രാർത്ഥിക്കുക,” എന്ന അർത്ഥത്തിലും “ആഗ്രഹിക്കുക” എന്ന വിശാല അർത്ഥത്തിലും “യൂഖോമൈ” (εὔχομαι – euchomai) എന്ന് ക്രിയാപദം ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ, 26:29; 2കൊരി, 13:7; 2കൊരി, 13:9; യാക്കോ, 5:16; 3യോഹ, 1:2 → പ്രവൃ, 27:29; റോമ, 9:3).
➨ “നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു.” (2കൊരി, 13:7)
➨ “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമ, 9:3)
5️⃣ “അപേക്ഷിക്കുക, ചോദിക്കുക, യാചിക്കുക, പ്രാർത്ഥിക്കുക” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ് (verb), “ഡെഓമൈ” (δέομαι – deomai). ഈ പദം ദൈവത്തോട് മാത്രമല്ല; ക്രിസ്തുവിനോടും സാമാന്യ മനുഷ്യരോടും അപേക്ഷിക്കാൻ അഭിന്നമായിട്ട് 22 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 21:39).
➨ ദൈവം: “ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ” എന്നു പറഞ്ഞു.” (മത്താ, 9:38 → ലൂക്കൊ, 10:2; ലൂക്കൊ, 21:36; പ്രവൃ, 4:31; പ്രവൃ, 8:22; പ്രവൃ, 8:24; പ്രവൃ, 10:2; റോമ, 1:9; 1തെസ്സ, 3:10)
➨ ക്രിസ്തു: “അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.” (ലൂക്കൊ, 5:12 → ലൂക്കൊ, 8:28; ലൂക്കൊ, 8:38; ലൂക്കൊ, 9:38)
➨ സാമാന്യമനുഷ്യർ: അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.” (ലൂക്കൊ, 9:40 → പ്രവൃ, 8:34; പ്രവൃ, 21:39; പ്രവൃ, 26:3; 2കൊരി, 5:20; 2കൊരി, 8:3; 2കൊരി, 10:2; ഗലാ, 4:12)
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു.” (ലൂക്കൊ, 22:32)
6️⃣ “വിളിച്ചപേക്ഷിക്കുക, വിളിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ്, “എപികലെഓ” (ἐπικαλέω -;epikaleō). ഈ പദം 32 പ്രാവശ്യമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കാനും മനുഷ്യരെ വിളിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
➨ “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21)
➨ “പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്.” (പ്രവൃ, 4:36)
7️⃣ “യാചിക്കുക, അപേക്ഷിക്കുക, ചോദിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ഐറ്റെഓ” (αἰτέω – aiteō). ഈ പദം 68 വാക്യങ്ങളിലായി 71 പ്രാവശ്യമുണ്ട്. ദൈവത്തോട് യാചിക്കാനും/അപേക്ഷിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
➨ “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” (മത്താ, 7:11)
➨ “അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.” (മത്താ, 20:20).
➨ “എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.” (മത്താ, 27:20).
➨ “ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.” (യോഹ, 12:21)
➨ ക്രിസ്തുവിൻ്റെ അപേക്ഷ: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22 → യോഹ, 11:42).
➨ ക്രിസ്തു ശമര്യാസ്ത്രീയോട് ചോദിക്കുന്നത്: “അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 4:10).
8️⃣ “പക്ഷവാദം, പ്രാർത്ഥന” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, “എന്റെയുക്സിസ്” (ἔντευξις – enteuxis). ദൈവത്തോട് പക്ഷവാദവും പ്രാർത്ഥനയും കഴിക്കാൻ 2 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:
➨ “വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.” (1തിമൊ, 2:2).
➨ “ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.” (1തിമൊ, 4:5)