വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)

“വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും” എന്ന ലേഖനത്തിൻ്റെ രണ്ടാംഭാഗമാണിത്. ഒന്നാം ഭാഗം വായിച്ചിട്ടില്ലെങ്കിൽ, ദയവായി ഈ ലിങ്കിൽ പോകുക വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (I)

26. രക്ഷിതാവായ ആത്മികസന്തതി: ആത്മികസന്തതിയായ യേശുക്രിസ്തു ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാൻ വേണ്ടിയാണ് അന്ത്യകാലത്ത് വെളിപ്പെട്ടത് എന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. യോസേഫിനോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” ദൈവത്തിൻ്റെ ജനമാണ് യിസ്രായേലെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). 2. യേശുവിൻ്റെ അമ്മയായ മറിയ ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ പറയുന്നത് ശ്രദ്ധിക്കുക: “നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്, തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-55). അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലിനോട് കരുണ ചെയ്യാനാണ് ആത്മികസന്തതി വന്നത്. 3. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ, ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടാണ്, നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിനു തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തിയതെന്നാണ്, സെഖര്യാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പറഞ്ഞത്. (ലൂക്കൊ, 1:69-75). പഴയനിയമത്തിലെ സകല പ്രവാചകന്മാരും അരുളിച്ചെയ്തതിൻ്റെ നിവൃത്തിയാണ് ആത്മികസന്തതിയുടെ ജനനം. 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത നിയമത്തിൻ്റെ മക്കൾ അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പറഞ്ഞശേഷം (ഉല്പ, 22:18; 26:5; 28:14), നിങ്ങളെ അനുഗ്രഹിക്കേണ്ടതിനാണ് യേശുവിനെ അയച്ചിരിക്കുന്നതെന്നാണ് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. 5. പിസിദ്യാദേശത്തെ അന്ത്യൊക്ക്യയിൽ വെച്ചുള്ള പൗലൊസിൻ്റെ പ്രഥമപ്രസംഗത്തിലും രക്ഷിതാവായ ആത്മികസന്തതിയെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർ തുടങ്ങിയുള്ള യിസ്രായേലിന്റെ ചരിത്രം പറഞ്ഞുതുടങ്ങിയിട്ട്, ദാവീദിൻ്റെ സന്തതിയിൽനിന്ന് രക്ഷിതാവിനെ കൊടുത്തകാര്യം പറയുന്നു: “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). അടുത്തവാക്യം:  “സഹോദരന്മാരേ, അബ്രാഹാം വംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അടുത്തവാക്യം: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). മക്കൾ യിസ്രായേലാണെന്ന് മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം: “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39). ഈ വേദഭാഗങ്ങളിൽലൂടെ, വാഗ്ദത്തം ലഭിച്ച സന്തതി യിസ്രായേലാണെന്നും വാഗ്ദത്തം നിവൃത്തിച്ച സന്തതി യേശുക്രിസ്തു ആണെന്നും പൗലോസ് വളരെ സ്പഷ്ടമായിപറഞ്ഞിരിക്കുന്നു. 6. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ഇവിടെപ്പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണമുള്ള സന്തതിയായ യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീതനത നിമിത്തമാണ് ന്യായപ്രമാണത്തിന് അവരുടെ പാപം പോക്കാൻ കഴിയാഞ്ഞതും ആത്മികസന്തതി വെളിപ്പെട്ടതും. 7. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു.” ഇവിടപ്പറയുന്ന മക്കൾ യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനെന്നും പുത്രന്മാരെന്നും യിസ്രായേലിനെ അഭിന്നമായി വിളിച്ചിട്ടുണ്ട്: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, KJV പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ, സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം തുടങ്ങിയവയിലും, “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ” എന്നാണ് കാണുന്നത്. അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). അതായത്, ദൈവത്തിൻ്റെ പുത്രനും തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുള്ള വാഗ്ദത്തത്തിൻ്റെ സന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാൻ ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടത് വാഗ്ദത്തസന്തതിയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ്.

27. നിങ്ങൾ നിമിത്തം അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). വാഗ്ദത്തസന്തതി നിമിത്തം അഥവാ, ഭൗമികസന്തതിക്കുവേണ്ടി അന്ത്യകാലത്താണ് ആത്മികസന്തതി വെളിപ്പെട്ടത്. ആത്മികസന്തതി മുഖാന്തരമാണ് കൃപയും സത്യവും വന്നത്: (യോഹ, 1:17). ഈ ആത്മികസന്തതിയെക്കുറിച്ചാണ്, പ്രവാചകന്മാർ തങ്ങളിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാൽ ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. (1പത്രൊ, 1:10-11). പത്രൊസിൻ്റെ ലേഖനം യെഹൂദന്മാർക്ക് എഴുതിയതാണ്. ലേഖനത്തിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. ചിതറിപ്പാർക്കുന്നവർ (1:1–യാക്കോ, 1:1), വൃതന്മാർ (1:2–1ദിന, 16:12), പിതൃപാരമ്പര്യമുള്ള നടപ്പ് (1:18–ഗലാ, 1:14), തിരഞ്ഞെടുക്കപ്പെട്ട ജാതി (ആവ, 4:20; 10:15), രാജകീയപുരോഹിതവർഗ്ഗം (പുറ, 19:5-6) വിശുദ്ധവംശം (ആവ, 14:21), സ്വന്തജനവും (ആവ, 14:2–1പത്രൊ, 2:9) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം (2:10–റോമ, 9:25-26; ഹോശേ, 2:23), കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ (2:10–ഹോശേ, 2:23), ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിൽ നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി (4:3) തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക. ഭൗമികസന്തതിയായ യിസ്രായേൽലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെന്ന് അനേകം തെളിവുകൾ മുകളിൽ നാം കണ്ടതാണ്: (മത്താ, 1:21; ലൂക്കൊ, 1:54-55;:പ്രവൃ, 3:25-26; 13:23,26,32). അതുകൊണ്ടാണ്, “നിങ്ങൾ നിമിത്തം അഥവാ, യിസ്രായേലെന്ന ഭൗമികസന്തതി നിമിത്തമാണ് ആത്മികസന്തതിയായ യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടതെന്ന് പറയുന്നത്.

28. ജാതികളുടെ പ്രകാശം: ഭൗമികസന്തതിയെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെങ്കിൽ ജാതികൾക്ക് രക്ഷ എങ്ങനെയാണ് ലഭിക്കുന്നത്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: 52:10). ദൈവം ജാതികൾക്ക് പ്രകാശമാക്കി വെച്ചിരുന്നത് വാഗ്ദത്തസന്തതിയായ യിസ്രായേലിനെയാണ്. “അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവം” എന്ന് പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ചുകാണാം: (പുറ, 3:6; 3:15; 3:16; 4:5; 2ദിന, 30:6; യിരെ, 33:6; മത്താ, 22:32; മർക്കൊ, 12:26; ലൂക്കൊ, 20:37; പ്രവൃ, 3:13; 7:32). പൂർവ്വപിതാക്കന്മാരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, അവരോടു വാഗ്ദത്തം ചെയ്തപ്പോൾ, “നിന്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നാണ് അരുളിച്ചെയ്തിരുന്നത്: (ഉല്പ, 22:18; 26:5; 28:14). അതായത്, ദൈവം തൻ്റെ ക്രിസ്തുവിലൂടെ അഥവാ, ആത്മികസന്തതിയിലൂടെ ഒരുക്കിയ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്ന ഭൗമികസന്തതിയാണ് യിസ്രായേൽ. പിസിദ്യയിലെ അന്ത്യൊക്യയിൽവെച്ച് യെഹൂദന്മാർ സുവിശേഷത്തെ തള്ളിയപ്പോൾ പൗലൊസ് ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47; യെശ, 49:6). മറ്റൊരുവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള മാനസാന്തരവും പാപമോചനവും അഥവാ, സുവിശേഷം യെരൂശലേമിൽ തുടങ്ങി യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും സകലജാതികളിലും പ്രസംഗിക്കയും ഭൂമിയുടെ അറ്റത്തോളവും സാക്ഷികൾ ആകുവാൻ അപ്പൊസ്തലന്മാരോട് കല്പിച്ചതും നോക്കുക: (ലൂക്കൊ, 24:47; പ്രവൃ, 1:8). പൂർവ്വ പിതാക്കന്മാരുടെയും; ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിലൂടെയാണ് ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. ദൈവത്തിൻ്റെ സാക്ഷികളും യിസ്രായേലെന്ന ഭൗമികസന്തതിയാണ്: (യെശ, 43:12; 44:8; പ്രവൃ, 1:8; 13:31). ലോകത്തിനു് മുഴുവൻ പ്രകാശം പരത്താനാണ്, യിസ്രായേലിനെ ലോകത്തിൻ്റെ നടുവിൽ ദൈവം ആക്കിവെച്ചിരിക്കുന്നത്. (യെഹെ, 5:5).

29. ജാതികളുടെ രക്ഷ: “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.” (എഫെ, 2:14-16). സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തായി അവൻ തിരഞ്ഞടുത്തതും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ തനിച്ചുപാർത്തിരുന്നതമായ ദൈവത്തിൻ്റെ സ്വന്തജനമാണ് യിസ്രായേൽ: (പുറ, 19:15; സംഖ്യാ, 23:9; ആവ, 7:6). പുതിയനിയമത്തിലും ആ ജനതയുടെ ശ്രേഷ്ഠത വർണ്ണിച്ചിട്ടുണ്ട്. “അവര്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്‍റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ചതും (വെളിപ്പെട്ടതും) അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:4-5, സത്യവേദപുസ്തകം സമകാലിക പരിഭാഷ). ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെട്ടതെന്ന് മുകളിൽ നാം കണ്ടതാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നതായിരുന്നു കാലസമ്പൂർണ്ണതയിലെ ദൈവികവ്യവസ്ഥ: (എഫെ, 1:10). അതിന് ആദ്യം, യിസ്രായേലെന്ന ദൈവസന്തതിയുമായി ദൈവമില്ലാത്ത ജാതികളായ നമ്മെ ഒന്നിപ്പിക്കണമായിരുന്നു. ജാതികളായ നമ്മുടെ പഴയ അവസ്ഥ പൗലൊസ് വ്യക്തമാക്കിട്ടുണ്ട്: (എഫെ, 2:11-12). യിസ്രായേലിനെയും ജാതികളെയും തമ്മിൽ വേർതിരിച്ചിരുന്ന പ്രധാന ഘടകം ന്യായപ്രമാണമാണ്. ന്യായപ്രമാണമാണ് യിസ്രായേല്യരെയും ജാതികളെയും തമ്മിൽ വേർതിരിക്കുന്ന മതിലായി നിന്നിരുന്നത്. ക്രിസ്തുവിൻ്റെ മരണത്താൽ, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം ഇല്ലാതാക്കുകയും യെഹൂദരുടെയും ജാതികളുടെയും മദ്ധ്യേയുണ്ടായിരുന്ന ന്യായപ്രമാണമെന്ന വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു തന്നിൽ ഒരു പുതുമനുഷ്യനെ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. അതായത്, ക്രിസ്തു തൻ്റെ ക്രൂശിലെ മരണത്താൽ യെഹൂദനെന്നും യവനെന്നും വ്യത്യാസമില്ലാതെ, ന്യായപ്രമാണമെന്ന ശത്രുത്വം ഇല്ലാതാക്കിട്ട് തന്നിൽ ഒരു പുതിയമനുഷ്യനെ സൃഷ്ടിക്കുകയും ആ മനുഷ്യനെ ദൈവവുമായി നിരപ്പിക്കുകയാണ് ചെയ്തത്. (എഫെ, 2:14-16. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ; നല്ലൊലിവായ യിസ്രായേലിന്റെ ചില കൊമ്പുകളെ ഒടിച്ചിട്ട് കാട്ടൊലിവായ നമ്മെ അതിനോട് ഒട്ടിച്ചു ചേർത്തിട്ട് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന്നു നമ്മെ പങ്കാളിയാക്കിത്തീർക്കുകയാണ് ചെയ്തത്. അതിനാൽ നമുക്ക് പ്രസംശിപ്പാൻ ഒന്നുമില്ല: (റോമ, 11:17-19). യിസ്രായേലിനെ കൂടാതെ ജാതികളായ നമുക്ക് രക്ഷയില്ല; അഥവാ, യിസ്രായേൽ മുഖാന്തരമാണ് ജാതികൾ രക്ഷിക്കപ്പെടുന്നത്. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ (യോഹ, 7:37-39) ആത്മസ്നാനത്താലാണ് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയിൽ യെഹൂദനും യവനനും ദാസനും സ്വതന്ത്രനും ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായിത്തീർന്നത്: (ഗലാ, 3:26-29. ഒ.നോ: റോമ, 12:5). “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12-13). അതായത്, ആത്യന്തികമായി രക്ഷ ദൈവത്തിൽനിന്നാണ് വരുന്നതെങ്കിലും സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാകയാൽ അവൻ മുഖാന്തരമാണ് നാം ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും ആയിത്തീർന്നത്: (റോമ, 8:17). അതുകൊണ്ടാണ്, “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 4:22).

30. ജാതികളുടെ നിയമവും ന്യായാധിപനും:ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്തവാക്യം: “നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു.” (യെശ, 49:9). അടുത്തവാക്യം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). അടുത്തവാക്യം: “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 11:4; 16:5; 42:1; യിരെ, 33:15). യിസ്രായേലാണ് ലോകത്തെ ഭരിക്കേണ്ട നിത്യരാജാവെന്ന് മുകളിൽ നാം കണ്ടതാണ്: (ദാനീ, 7:13-14; 18,21,27). സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9) സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12). സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). അവസാനനാളിൽ യിസ്രായേലിനോടുള്ള ബന്ധത്തിലാണ് ജാതികൾക്ക് ന്യായവിധി വരുന്നത്. മത്തായി ഇരുപത്തഞ്ചാം അദ്ധ്യായത്തിലെ ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്: (മത്താ, 25:31-46). പത്രൊസ് യേശുവിനോടു ചോദിക്കുന്ന ഒരുകാര്യമുണ്ട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും.” (മത്താ, 19:27). അതിന് യേശുവിൻ്റെ മറുപടി: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). സെബദിപുത്രന്മാരുടെ അമ്മ ചോദിക്കുന്നതും ഇതിനോട് ചേർത്ത് ചിന്തിക്കണം: (മത്താ, 20:20-22; മർക്കൊ, 10:37-40). മനുഷ്യപുത്രൻ സിംഹാസനസ്ഥനാകാൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് ഇപ്രകാരമാണ്: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്: മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവാണ് രാജാവെന്ന് വിചാരിക്കുന്നവർ, അവനു് എന്തിനാണ് വിശുദ്ധ ദൂതന്മാരുടെ മഹത്വം എന്നുകൂടി പറയണം? യഥാർത്ഥത്തിൽ ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5–80:17). യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കപ്പെടുന്നത്; അതിനാലാണ് ക്രിസ്തുവിൽ അതെല്ലാം പ്രതീകാത്മകമായി ആരോപിച്ചിരിക്കുന്നത്. അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ആ മക്കളാണ് യിസ്രായേൽ. യേശുവിന്റെ മറ്റൊരു പ്രസ്താവന നോക്കുക: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വേദഭാഗത്ത്, ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നതെന്ന് ഓർക്കുക. യഥാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്. യേശുക്രിസ്തു പറയുന്ന അടുത്തവാക്യം നോക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു ഇത് തന്നെക്കുറിച്ചല്ല പറയുന്നത്. അവൻ മനുഷ്യപുത്രൻ ആകയാൽ, ന്യായവിധിക്കുള്ള അധികാരം നൽകിയിരിക്കുന്നു. അവൻ എന്ന, പ്രഥമപുരുഷ സർവ്വനാമം നോക്കുക. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ മറ്റൊരുത്തനെക്കുറിച്ചാണ് പറയുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, യേശു മുഖാന്തരമാണ് ന്യായം വിധിക്കുന്നതെന്ന് പലരും വിചാരിക്കുന്നത്. ന്യായവിധിക്ക് അധികാരമുള്ള ഭൗമികസന്തതി അഥവാ, മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (പ്രവൃ, 17:31). ദൈവം മിസ്രയീമിൽ നിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനും കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവനും മനുഷ്യപുത്രന്മാരിൽ അതിസുന്ദരനുമായ രാജാവാണ് യിസ്രായേൽ: (സങ്കീ, 45:2,6-7; 80:17; 110:1). അവനാണ് ദൈവത്തിനു് കീഴ്പട്ടിരുന്നുകൊണ്ട് ഈ ലോകത്തെ നീതിയിൽ ന്യായംവിധിക്കുന്ന ഭൗമികരാജാവ്: (1കൊരി, 15:27-28).

31. രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ: ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; ഒരു സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും. തെളിവുകൾ കാണുക: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 37:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). അടുത്തവാക്യം: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ, നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). പന്ത്രണ്ടു ഗോത്രങ്ങളുടെ ഭരണാധികാരം പന്ത്രണ്ട് ശിഷ്യന്മാരുടെ കൈകളിലായിരിക്കും: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). പുരോഹിതൻ:“എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തത്. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തെ ഭരണ സംവിധാനം.

32. ഭൗമികസന്തതിയുടെ ശാശ്വതാവകാശം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും പാലും തേനും ഒഴുകുന്ന സമ്പൽസമൃദ്ധമായ കനാൻ ദേശം അഥവാ, പലസ്തീൻ അവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). വെറും അവകാശമല്ല; ശാശാശ്വതാവകാശം ആണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർത്തു. (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ച സമയത്ത്, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു: (ഉല്പ, 25:3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയുണ്ടായി: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും അവർക്ക് ശാശ്വതമായി ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിനാൽ, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് അവർ കഴിഞ്ഞിരുന്നത്; ഇപ്പോഴും അങ്ങനെതന്നെ. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും നിവൃത്തിയാകാൻ ഇരിക്കുന്നതേയുള്ളു. ദൈവം അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:4-6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ, നിത്യരാജ്യവും രാജത്വവുമാണ്. “ശാശ്വതമായി തരും” (ഉല്പ, 13:15), “ശാശ്വതാവകാശമായി തരും” (17:8), “എന്നേക്കും അവകാശമായി തരും” (പുറ, 32:13), “ആകാശമുള്ള കാലത്തോളം” (89:29), “സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും” (89:36-37), “എന്നേക്കും നിലനില്ക്കുന്ന രാജത്വം” (ദാന, 72:44), “നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം” (7:14), “സദാകാലത്തേക്കും രാജത്വം അനുഭവിക്കും” (7:18), “നിത്യരാജത്വം” (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, ആയിരമാണ്ട് എന്നത്, യിസ്രായേലിൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം. എന്നാൽ ഒരുകാര്യം ബൈബിളിൽനിന്ന് ഉറപ്പിച്ചു പറയാൻ കഴിയും: ഈ ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം യിസ്രായേലിൻ്റെ രാജ്യവും രാജത്വവും ഉണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

ഇനി, ആത്മികസന്തതിയായ ക്രിസ്തുവിനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം:

33. ആത്മികസന്തതി ആരാണ്?: ദൈവപുത്രനായ ക്രിസ്തുവിൻ്റെ അഥവാ, ആത്മികസന്തതിയുടെ പേര് യേശുക്രിസ്തു എന്നാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, അവൻ ആരാണെന്ന് ചോദിച്ചാൽ, എല്ലാവർക്കും ഉത്തരം അറിയില്ല. ആത്മികസന്തതി ആരാണെന്ന് ചോദിച്ചാൽ; അവൻ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്: (1തിമൊ, 3:16). സത്യവേദപുസ്തകത്തിൽ, “അവൻ ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ കാണുന്നത്. “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ടു് തൽസ്ഥാനത്തു് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു് കിട്ടും. (1തിമൊ, 3:14-16).  ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10. ഒ.നോ: ആവ, 5:25-26; യോശു, 3:9-10). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണു്, പുതിയ നിയമത്തിൽ ദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടു്. (എബ്രാ, 10:5; സങ്കീ, 40:6). ചിലർ കരുതുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽനിന്നുവന്ന് കന്യകയിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് കന്യകയിൽ അവനെ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പരിശുദ്ധാത്മാവിലാണ്, അവൻ അവളിൽനിന്ന് ഉദ്ഭവിച്ചതും: (ലൂക്കൊ, (1:35). അതിനെയാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. അതായത്, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:14-16) കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (യോഹ, 8:40; 1യോഹ, 3:5). മനുഷ്യരെല്ലാം പാപികളായതുകൊണ്ടു് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പുതിയ മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അവൻ്റെ രക്തത്താലും മരണത്താലുമാണു് പാപപരിഹാരം വരുത്തിയതു്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

34. ആത്മികസന്തതിയുടെ പ്രകൃതി: ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ; അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). ക്രിസ്തുവിനെ; മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ വിശേഷിപ്പിക്കുന്നത്. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പേടുത്തിയിട്ടുണ്ട്. അതായത്, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). താൻ നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ആകയാൽ; തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ, മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24; മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17). അതുകൊണ്ടാണ്, ജീവനുള്ള ഏകദൈവം പുതിയൊരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതായത്, ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ; സ്വർഗ്ഗത്തിൽനിന്ന് വെളിപ്പെട്ടവൻ ജീവനുള്ള ദൈവമായ പിതാവും, വെളിപ്പാട് പുത്രനുമാണ്. മനുഷ്യൻ്റെ പാപത്തിനു് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടതു്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്.

35. ദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് എന്താണെന്ന് അറിയണമെങ്കിൽ, ബൈബിൽ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18,1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ദൈവം പലരുചേർന്ന ഒന്നല്ല; ഒരുത്തൻ മാത്രമാണ്. അതായത്, ബൈബിളിലുള്ള ദൈവവിശ്വാസം ത്രിത്വവിശ്വാസമല്ല; മോണോതീയിസം ആണ്. “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “എഹാദ്” (ehad) അല്ല; “ബാദ്” (bad) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 31 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 7:4; 1രാജാ, 8:40; 2രാജാ, 19:15; 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 51:3; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 37:16; 37;20; 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തിയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “The only God” ആണ്. ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ഒന്നിനെ കുറിക്കുന്ന “ഹെയ്സ്” (heis) അല്ല; “ഒറ്റയെ” (only) കുറിക്കാൻ ഉപയോഗിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

36. ദൈവത്തിൻ്റെ പ്രത്യക്ഷത: ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി; അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ കാണ്മാൻ കഴിയാത്തവൻ എന്നത്. (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). യെശയ്യാവ് പറയുന്നു: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ദൈവത്തെ, പഴയപുതിയ നിയമങ്ങളിൽ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തെ എന്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്. മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, യോഹന്നാൻ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടവരാണ്. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. (മത്താ, 18:11). അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ദൈവത്തെ മനുഷ്യർ കണ്ടതും ദൂതന്മാർ നിത്യം കാണുന്നതും എങ്ങനെയാണ്? അതിനെയാണ്, ദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എന്ന് പറയുന്നത്. അതായത്, “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റം വരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifestation) എന്ന് പറയുന്നത്.” ദൈവത്തിൻ്റെ പ്രത്യക്ഷതകളെപ്പറ്റി മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷത എന്ന് പറയാതെ, ദൈവത്തെ കണ്ടതായും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം, ദൈവമായിട്ടുതന്നെ അഥവാ, ദൈവിക പ്രത്യക്ഷത എടുത്തതു കൂടാതെ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പുതിയനിയമത്തിൽ മാത്രമല്ല പഴയനിയമത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 18:1-33; 19:1). അതുപോലെ, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയാക്കായി ഏകദൈവം എടുത്ത പുതിയ ഒരു അസ്തിത്വം അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5).

37. യഹോവയും ആത്മികസന്തതിയും: യഹോവയും ആത്മികസന്തതിയായ യേശുക്രിസ്തുവം ഒന്നാണെന്നതിനു് അഥവാ, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു എന്നതിനു് അനേകം തെളിവുകളുണ്ട്: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു” എന്നാണ്, യോഹന്നാൻ സ്നാനാപകൻ പറഞ്ഞത്. (യോഹ, 1:30). ഇവിടെപ്പറയുന്ന പുരുഷൻ (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ദൈവം യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 2:22; 10:38). അല്ലാതെ, മനുഷ്യനായ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15,41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11,13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ഒ.നോ: (യെശ, 25:8-9; 29:18; 35:3-6–മത്താ, 11:4-5; ലൂക്കൊ, 7:22). അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; എബ്രാ, 2:14-16).

പൗലൊസ് പറയുന്നത് നോക്കുക: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ, 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും 1534-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം, “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു” എന്നാണ് കാണുന്നത്. (the second man is the Lord from heaven). പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: “ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ” എന്നാണ് കാണുന്നത്. “The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens}.” (The Aramaic Scriptures, Peshitta Holy Bible Translated). റോമർ 14:9-ലെ വാക്യം ആരാമിക് പെശീത്ത ബൈബിളിൽ ഇപ്രകാരമാണ്: “മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും യഹോവയായ കർത്താവു ആകേണ്ടതിന്നല്ലോ മശീഹ (ക്രിസ്തു) മരിക്കയും ഉയിർക്കയും ചെയ്തതു.” Because of this, even Meshikha {The Anointed One} died, and lived, and rose, so that He would be MarYa {The Lord-YHWH} unto the dead, and unto the living. (The Aramaic Scriptures, Peshitta Holy Bible Translated). യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കോ, 1:32; 1:35; 2:11). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയതെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, ബി,സി. 6-ന് മുമ്പെ യേശുവെന്ന മനുഷ്യനില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷത ആയതുകൊണ്ടാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10). യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 4:7,10; 22:37; മർക്കൊ, 12:29,30; ലൂക്കൊ, 1:16,68; 10:37). അതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്. (സെഖ, 12:10. ഒ.നോ: യോഹ, 19:37). സെഖര്യാവ് 12:10-ൻ്റെ സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, “യഹോവയും യേശുവും ഒന്നാണോ?” എന്ന ലേഖനം ദയവായി കാണുക]

38. ദൈവവും മനുഷ്യനും: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന “മറ്റൊരുത്തൻ” എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37). താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38). പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, “നമ്മെപ്പോലെ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). “നമ്മിൽ, നാം” എന്ന് പിന്നെയും ബഹുവചനങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:21,23). മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46). ഇതുപോലെ അനേകം വാക്യങ്ങളുണ്ട്.

39. ക്രിസ്തുവും ദൈവപുത്രനും: ആത്മികസന്തതിയായ യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആണെന്ന് വിചാരിക്കുന്നവരുണ്ട്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണുഅ പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണു്. (മത്താ, 5:17-18). അതായത്, പലരും കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവിനാൽ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? ദൂതൻ്റെ പ്രവചനത്തിൻ്റെയും യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെയും ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിന് മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് ദൈവപിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതു്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും, അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ആത്മികസന്തതിയായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്.

40. ആത്മികസന്തതി ദൈവമല്ല: ക്രിസ്തു ദൈഒമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്: (1തിമൊ, 3:16; യോഹ, 8:40). താൻ ദൈവമല്ലെന്ന് ആത്മികസന്തതിയായ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 1.  ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “monos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, pater ton monon alethinon theon – πατήρ τὸν μόνον ἀληθινὸν θεὸν ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ യാഹീദിന് തുല്യമായ monos കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. 3. അവനെ മാത്രം ആരാധിക്കണം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). ഈ വാക്യത്തിൽ അഒനെ മാത്രം ആരാധിക്കണം എന്നത് ഗ്രീക്കിൽ, afto mono latrefseis ആണ്. ഇംഗ്ലീഷിൽ Worship Him only ആണ്. തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, പ്രോസ്കുനിയൊ (proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന ലാട്രുവോ (latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം: ▪️ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം. ▪️ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്. ▪️ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. അവനെ മാത്രം ആരാധിക്കണം എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ കുറിക്കുന്ന മോണോസ് (mono) എന്ന പദം കൊണ്ട്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ഇംഗ്ലീഷിൽ (Worship Him only) എന്നാണ്. അവനെ മാത്രം ആരാധിക്കണം എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. 4. പിതാവ് മാത്രം അറിയുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്നു എന്നു ചോദിക്കുമ്പോൾ, ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞത്: (മത്താ, 24:3). പിതാവ് മാത്രം എന്നത്, ഗ്രീക്കിൽ, patir mou monos ആണ്. ഇംഗ്ലീഷിൽ My Father only ആണ്. ഈ വേദഭാഗത്തും “പിതാവ് മാത്രം (only) അറിയുന്നു” എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ പിതാവിനു മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, പുത്രനുംകൂടെ അറിയില്ലെന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല എന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയല്ലെന്ന് പുത്രൻ തന്നെ ഖണ്ഡിതമായി വ്യക്തമാക്കുന്നു. ഇതുപോലെ ക്രിസ്തു പറയുന്ന അനവധി തെളിവുകളുണ്ട്.

അതായത്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Worship Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിനു് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, ക്രിസ്തു പറയുന്നത്, പഴയനിയമത്തിലെ “യാഹീദിന്” തുല്യമായ പുതിയനിയമത്തിലെ “മോണോസ്” കൊണ്ട് ഖണ്ഡിതമായിട്ടാണ്. തന്നെയുമല്ല, താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്നും ക്രിസ്തു പറയുന്നു. ആത്മികസന്തതിയായ ക്രിസ്തുവിന്റെ വാക്കിനെ മറികടന്നുകൊണ്ട്, ഏകസത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. അതായത്, ആത്മികസന്തതി ആരാണെന്നും അവൻ്റെ പ്രകൃതി എന്താണെന്നും ദൈവത്തിൻ്റെ വചനത്തിലൂടെ നമ്മുടെ കണ്ണിനു മുമ്പിൽ വരച്ചുകിട്ടിയിരിക്കെ, അവനെ അപ്ഗ്രേഡ് (upgrade) ചെയ്യാനോ, ഡീഗ്രേഡ് (degrade) ചെയ്യാനോ ആർക്കും സാദ്ധ്യമല്ല. തങ്ങളുടെ ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർ, ദൈവപുത്രനായ ക്രിസ്തുവിനെ കള്ളനാക്കുന്ന എതിർ ക്രിസ്തുക്കൾ മാത്രമാണ്.

41 അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ, സർവ്വകാലത്തിനുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോസ് തിയോസ്’ (mono theo) ആണ്. ഇംഗ്ലീഷിൽ, “The only God” ആണു്. ഇതുപോലെ, അപ്പൊസ്തലന്മാർ പറയുന്ന എട്ടു് വാക്യങ്ങളുണ്ടു്: ദൈവം ഒരുവൻ അഥവാ, മോണോസ് ഹോ തിയൊസ് (monos ho theos – ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം അഥവാ, മോണോ സോഫൊ തിയോ (mono sofo theo – റോമ, 16:26; 1തിമൊ, 1:17), ഏകാധിപതി അഥവാ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis – 1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ അഥവാ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian – 1തിമൊ, 6:16), ഏകകർത്താവായ ദൈവം അഥവാ, ടോൺ മോണോൻ ഡെസ്പോറ്റിൻ തിയോൻ (ton monon despotin theon – യുദാ, 1:4), ഏകപരിശുദ്ധൻ അഥവാ, മോണോസ് ഓസിയൊസ് (monos osios – വെളി, 15:4). ഈ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ കുറിക്കുന്ന യാഹീദിന് തുല്യമായ മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ത്രിത്വമല്ലെന്നും അഥവാ, ദൈവത്തിൽ പല വ്യക്തികളില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. അപ്പൊസ്തലന്മാരോട് ക്രിസ്തു ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അതായത്, അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാതെ അവരെ തള്ളുന്നവർ, പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുന്നവരാണ്. ഇതൊന്നും ആരുടെയും വ്യാഖ്യാനങ്ങളല്ല; മുഖാമുഖമായി എഴുതിവെച്ചിരിക്കുന്ന സത്യങ്ങളാണ്. അടുത്ത തെളിവ്: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ; മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുക സാദ്ധ്യമല്ല. അടുത്തഭാഗത്ത് പറയുന്നതു്, യേശുക്രിസ്തു എന്ന ദൈവം ഉണ്ടെന്നല്ല; ഏക കർത്താവുണ്ടെന്നാണു്. ഇവിടപ്പറയുന്ന, യേശുക്രിസ്തുവും ദൈവം ആണെങ്കിൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന മറ്റൊരു ദൈവവും ഉണ്ടെന്ന് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. അടുത്ത തെളിവ്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു് എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ദൈവപുത്രനായ ക്രിസ്തുയേശുവിൻ്റെ ദൈവത്തിനു് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്ന് ദൈവപുത്രൻതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു സത്യദൈവമാണ്, ദൈവപിതാവിന് തുല്യനാണ് എന്നൊക്കെ പഠിപ്പിക്കുന്നവർ, സത്യദൈവത്തിൻ്റെ ദൈവം ആരാണെന്ന് പറയും? ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ വിശ്വസിക്കുന്നത്? ദൈവമെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമാണോഇനി, വചനവിരുദ്ധമായി സത്യദൈവത്തിനും ഒരു ദൈവമുണ്ടെന്നു് വിശ്വസിച്ചാൽ, ട്രിനിറ്റി എങ്ങനെ ഏകദൈവവിശ്വാസമാകും? ഒരു ദൈവം തനിക്കുതന്നെ ദൈവമാണെന്ന് എങ്ങനെ പറയും? ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. അല്ലാതെ, ആത്മികസന്തതിയായ ക്രിസ്തു ദൈവമല്ല. [മുഴുവൻ തെളിവുകളും കാണാൻ: പിതാവ് മാത്രം സത്യദൈവം എന്ന ലേഖനം കാണുക]

42. ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്ന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു് അപേക്ഷിക്കും എന്ന് ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനുമുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നു പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: “നീ എന്നെ അറിയുന്നില്ലയോ” എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ, ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല. ലോകത്തിൻ്റെ ഒരു പുസ്തകത്തിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും; പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണുഅ ഉണ്ടായിരുന്നത്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ ഉദരത്തിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:5). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: പ്രവൃ, 2:22-24,36; 5:31 പെന്തെക്കൊസ്തുനാളിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ്, ഈ ആത്മികചരിത്രവസ്തുത വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, ദൈവപുത്രനായ യേശുവെന്ന രക്ഷിതാവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:37-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് ബൈബിൾ പറയുന്നത്: (1കൊരി, 8:6. ഒ.നോ: യോഹ, 17:3; റോമ, 16:26; 1തിമൊ, 2:5-6; യൂദാ, 1:4,25). അതായത്, നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ ഏകമനുഷ്യൻ ദൈവപുത്രനുമാണ്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ, അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു എന്ന് യെരൂശലേം കൗൺസിലിൽവെച്ച് പത്രോസ് അപ്പൊസ്തലൻ പറഞ്ഞത്. (പ്രവൃ, 15:11). അതായത്, യേശുവെന്ന പാപം അറിയാത്ത ഏകമനുഷ്യൻ്റെ കൃപായാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷമായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്നു് തോമാസ് ഏറ്റുപറഞ്ഞതു്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു് സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും: (ആവ, 4:5; 18:16; 26:14; യോശ, 14:8,9; 2ശമൂ, 24:24; 1രാജാ, 3:7). ആരെയാണോ പഴയനിയമ ഭക്തന്മാർ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവം ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). മനുഷ്യരുടെ പാപ പരിഹാരാർത്ഥം, ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത; അഥവാ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത ഒരു മനുഷ്യനാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മികസന്തതി. തന്മൂലം, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല.

43. പുതിയനിയമം: പുതിയനിയമം എന്താണെന്ന് അറിയാത്തതാണ് പുതിയനിയമ വിശ്വാസികളുടെ പ്രശ്നം. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് കൊടുത്ത വാഗ്ദത്തമാണ് പുതിയനിയമം. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നയിരുന്നു വാഗ്ദത്തം. (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-12; യെഹെ, 11:19,20). ആ വാഗ്ദത്തം നിവർത്തിക്കാൻ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ആത്മികസന്തതി. (1തിമൊ, 3:14-16). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് അവൻ വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തനിക്ക് യഹോവ എന്ന ഒരു സംജ്ഞാനാമം (Proper noun) എടുത്തത്: (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂമിയിൽ വെച്ചാണ്, ദൈവം അവർക്ക് ന്യായപ്രമാണം നല്കിയത്. (പുറ, 24:3). അതായത്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് തനിക്ക് യഹോവ എന്ന പേർ എടുത്തത്. അല്ലാതെ, ഏകനായ ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു: (മത്താ, 1:21). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ പുത്രനെ വിടുവിക്കുവാൻ ഒരു നാമം എടുത്ത ദൈവം, സാത്താൻ്റെ അടിമത്വത്തിൽനിന്ന് തൻ്റെ മക്കളെ രക്ഷിക്കുവാൻ ഒരു നാമം എടുക്കുന്നത് ഉചിതം തന്നെ. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). മഹാപൗരോഹിത്യ പ്രാർത്ഥനയിൽ, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണെന്ന് മനസ്സിലാക്കാം. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പുതിയനിയമത്തിൽ, ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിട്ടുള്ളത്; ആ നാമമാണ് യേശു. നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും പുത്രനെ മഹത്വപ്പെടുത്തേണമേ എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). പഴയനിയമത്തിൽ, സകല ഭൂവാസികൾക്കുമുള്ള ഏക രക്ഷകനും രക്ഷാ നാമവും യഹോവ ആയിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണ്. (പ്രവൃ, 4:12). തന്മൂലം, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും മനസ്സിലാക്കാം. തന്നെയുമല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചപ്പോൾ, ശിഷ്യന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: (മത്താ, 28:19; പ്രവൃ, 2:38. ഒ.നോ: 8:16; 10:48; 19:5). യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചിരുന്ന യെഹൂഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ വിളിപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (സങ്കീ, 116:13,17; പ്രവൃ, 9:14,21; 1കൊരി, 1:2). എല്ലാ മുഴങ്കാലും എൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് യഹോവ ആണയിട്ട് പറഞ്ഞിരിക്കുന്നത്. (യെശ, 45:23). എന്നാൽ യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങുമെന്നാണ് പുതിയനിയമം പറയുന്നത്. (ഫിലി, 2:10). ഇതുപോലെ, അനേകം തെളിവുകളുണ്ട്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. യഹോവ പഴയനിയമം ചെയ്തത് മറ്റൊരുത്തനെക്കൊണ്ടല്ല; നേരിട്ടാണ്. ഞാൻ അഥവാ, യഹോവ പുതിയൊരു നിയമം ചെയ്യും എന്നായിരുന്നു വാഗ്ദത്തം. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുക്ഷപ്രത്യക്ഷത എടുത്തത്; (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അക്കാര്യം, യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. (ലൂക്കോ, 1:54-55,68. ഒ.നോ: യെശ, 25:8-9; 35:3-6; 40:4). അതുകൊണ്ടാണ്, ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറഞ്ഞത്. (മത്താ, 5:17-18). യിസ്രായേലിൻ്റെ ദൈവമായ യഹോവ അബ്രാഹാമിനോടും യിസ്രായേലെന്ന സന്തതിയോടും ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ്, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെ നിവൃത്തിച്ച പുതിയനിയമം. (ലൂക്കൊ, 1:75; 22:20; പ്രവൃ, 3:25-26; എബ്രാ, 2:14-16; 8:8-12). അതായത്, യഹോവയായ ഏക ദൈവമാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തുവന്ന്, പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറി അപ്രത്യക്ഷമായത്. (1തിമൊ, 3:14-16; യോഹ, 20:17). പിന്നീട് നാല്പതുനാളോളം നേരിട്ടു അഥവാ, ദൈവിക പ്രത്യക്ഷത എടുത്തുവന്നാണ് ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിച്ചശേഷം ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തത്. (1തിമൊ, 2:6; 3:14-16; മർക്കൊ, 16:14; യോഹ, 20:28; പ്രവൃ, 1:1-9). [കാണുക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം എന്താണ്?, നാല്പതുനാളോളം പ്രത്യക്ഷനായത് ദൈവമോ, ദൈവപുത്രനോ?]

44. രാജ്യസ്ഥാപകൻ: “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). നീ യിസ്രായേലിനു രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്, ഇക്കാലത്തിലാണോ എന്നാണ് ശിഷ്യന്മാരുടെ ചോദ്യം. എന്തെന്നാൽ, യഹോവ അഥവാ, യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവരുടെ പാദപീഠമാക്കിയിട്ടു അവരുടെ നിത്യരാജ്യം അവർക്കു സ്ഥാപിച്ചുകൊടുക്കുന്നത്. യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. (സങ്കീ, 110:1). ഈ വാക്യത്തിലെ ശത്രുക്കൾ പാദപീഠമാക്കുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനൻ വാഗ്ദത്ത രാജാവായ യിസ്രായേലാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്ത് ഇരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേലെന്ന ഭൗമികസന്തതി. (സങ്കീ, 80:17). പുനരാഗമനത്തോടുള്ള ബന്ധത്തിലും യഹോവയും യേശുവും ഒന്നാണെന്ന് മനസ്സിലാക്കാം. “ഇതാ, അവൻ അഥവാ, യേശുക്രിസ്തു മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും എന്നാണ് യോഹന്നാൻ പറഞ്ഞത്. (വെളി, 1:7). “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു എന്നാണ് മോശെ പറഞ്ഞത്. (ആവ, 33:26). യെശൂരൂൻ യിസ്രായേലിൻ്റെ ആലങ്കാരിക നാമമാണ്. യിസ്രായേലിന്റെ രക്ഷയ്ക്കായി മേഘാരൂഢനായി വരുന്നത് യഹോവ അഥവാ യേശുക്രിസ്തു ആണ്. യഹോവ ഒലിവുമലയിൽ വരുമെന്നു സെഖര്യാപ്രവാചകനും യേശുക്രിസ്തു ഒലിവുമലയിൽ വരുമെന്ന് ദൂതന്മാരും അഭിന്നമായി പ്രവചിച്ചിരിക്കുന്നതും നോക്കുക. (സെഖ, 14:4–പ്രവൃ, 1:11. ഒ.നോ: സെഖ, 9:14–1തെസ്സ, 4:16). മഹാദൈവമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയെക്കുറിച്ച് തീത്തൊസ് പറഞ്ഞിരിക്കുന്നതും നോക്കുക. (2:12). താൻ ദൈവമല്ലെന്ന് ദൈവപുത്രനായ ക്രിസ്തു അനേകം വാക്യങ്ങളിലൂടെ അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, തീത്തൊസ് പറയുന്ന മഹാദൈവം ദൈവപുത്രനല്ലെന്ന് മനസ്സിലാക്കാമല്ലോ. അതായത്, യഹോവയുടെ പുതിയ നിയമത്തിലെ നാമമാണ് യേശുക്രിസ്തു. അല്ലാതെ, ദൈവപുത്രനും മനുഷ്യനുമായ ആത്മിക സന്തതിയല്ല ഇനി വരുന്നത്. മഹോപദ്രവകാലത്തിൻ്റെ ഒടുവിൽ ഭൗമികസന്തതിയായ യിസ്രായേൽ തങ്ങൾ കുത്തിയങ്കവലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ ശക്തിയുള്ള ദൂതന്മാരുമായി അഗ്നിജ്വാലയിൽ പ്രത്യക്ഷനായി, യിസ്രായേലിനെ പീഡിപ്പിക്കുന്ന എതിർ ക്രിസ്തുവിനെയും അവൻ്റെ സൈന്യത്തെയും തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിക്കുന്നതും ദൈവത്തെ അറിയാത്തവർക്കും യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുന്നതും: (ദാനീ, 9:27; 2തെസ്സ, 1:6-7; 2:3-8; തീത്തൊ, 2:12; വെളി, 1:7). യഹോവയാണ് ജാതികളോട് പൊരുതുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3). “അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.” ആരെയാണ് യെഹൂദന്മാർ കുത്തിയതെന്ന് സെഖര്യാപ്രവചനത്തിൽ പറയുന്നത് മുകളിൽ നാം ചിന്തിച്ചതാണ്. അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും എന്നാണ് യഹോവ പറയുന്നത്. (സെഖ, 12:10). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഒരു ജ്ഞാനമുണ്ട്. ഏകസത്യദൈവം കാലസമ്പൂർണ്ണതയിൽ മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തും എന്നതായിരുന്നു ആ ജ്ഞാനം. അത് ഈ ലോകത്തിന്റെ പ്രഭുക്കന്മാർ അഥവാ, സകല ജാതികളിലും വെച്ച് ദൈവം ശ്രേഷ്ഠ ജനമായി തിരഞ്ഞെടുത്ത യിസ്രായേല്യർ അറിഞ്ഞില്ല. അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; കൊലൊ, 2:2; 4:3. ഒ.നോ: സെഖ, 12:10; 1തിമൊ, 3:14-16; 1പത്രൊ, 2:24). ആ ജ്ഞാനം അവർക്ക് വെളിപ്പെടുമ്പോഴാണ്, അവർ തങ്ങളുടെ ഏകജാതനെ കുത്തിത്തുളച്ചതുപോലെ വിലപിക്കുന്നത്. എന്തെന്നാൽ, യഹോവയായ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടത് സ്ത്രീയുടെ അഥവാ, യിസ്രായേലിന്റെ സന്തതിയായിട്ടാണ്: (മീഖാ, 5:2-3; മത്താ, 1:21; റോമ, 9:5; ഗലാ, 4:4). ഏകജാതനെന്ന പ്രയോഗം, ക്രിസ്തുവിൻ്റെ നിസ്തുല്യ ജനനത്തെ കുറിക്കുന്നതാണ്. (യോഹ, 1:14,18, 3:16). പുനരാഗമനത്തിലാണ് ഭൗമിക സന്തതിയായ യിസ്രായേലിൻ്റെ പാപം മുഴുവൻ കഴുകിക്കളയുന്നത്. “അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.” (സെഖ, 13:1. ഒ.നോ: യെശ, 43:25; 59:20; യിരെ, 50:20; സെഖ, 14:3; 14:15; വെളി, 19:11റോമ, 11:27). എബ്രാ, 10:16). യഹോവയാണ് യിസ്രായേലിനെ വീണ്ടെടുക്കാൻ വരുന്നത്. (യെശ, 59:20). വിടുവിക്കുന്നവൻ സ്വർഗ്ഗ സീയോനിൽനിന്ന് വെളിപ്പെടുമ്പോഴാണ്, യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുന്നത്. (റോമ, 11:26). അനന്തരം, യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കും: (110:1). ശേഷിക്കുന്ന ജാതീയ രാജാക്കന്മാർ യിസ്രായേലെന്ന ദൈവപുത്രൻ്റെ പാദം ചുംബിച്ച് അവന് കീഴ്പ്പെടും: (സങ്കീ, 2:10-12). ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തനിക്കു സകലവും കീഴാക്കിക്കെടുത്ത ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് സകലജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കും: (സങ്കീ, 2:6-9; 1കൊരി, 15:27-28). അനന്തരം, സ്വർഗ്ഗീയരാജാവായ യഹോവ/യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ദാവീദ് സിഹാസനത്തിൽ ഇരുന്ന് ഭരണം നടത്തും. പുതിയ യെരൂശലേമിലും ദൈവത്തിൻ്റെ ദാസന്മാരായ യിസ്രായേൽ എന്നെന്നേക്കും രാജാക്കന്മാരാണ്. (വെളി, 22:1-5). ഇതാണ് ബൈബിൾ സംഭവങ്ങളുടെ രത്നച്ചുരുക്കം.

ഏകസത്യദൈവത്തെയും അവൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുക്രിസ്തുവിനെയും അവൻ്റെ ഭൗമിക ശുശ്രൂഷകളെയും യഥാർത്ഥമായി അറിയണമെങ്കിൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യിസ്രായേലെന്ന ഭൗമിക സന്തതിയെക്കുറിച്ചാണ് നാം ആദ്യം പഠിക്കേണ്ടത്. നിർഭാഗ്യവശാൽ, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അനേകർക്കും അറിയാത്തതുകൊണ്ടും, അവനെക്കുറിച്ച് പഠിക്കാത്തതുകൊണ്ടുമാണ്, ട്രിനിറ്റിയെന്ന ബൈബിൾവിരുദ്ധ ഉപദേശംപോലും ഉണ്ടായത്. ദൈവം ജനിപ്പിച്ച പുത്രൻ, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ, ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവൻ, ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് തുടങ്ങി, ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും അഭിധാനങ്ങളും ഭൗമിക സന്തതിയായ യിസ്രായേലിൻ്റെയാണ്. വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അറിയാഞ്ഞതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവനു് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ അവൻ്റെ പദവികളുമായി യേശുവെന്ന നാമത്തിൽ ഒരു മനുഷ്യ പ്രത്യക്ഷ എടുത്ത് വന്നപ്പോൾ, ഭൗമികസന്തതിയുടെ പദവികൾ ആത്മികസന്തതിയിൽ ആരോപിച്ചുകൊണ്ട് അവനെ മറ്റൊരു ദൈവമാക്കിയത്. ഭൗമികസന്തതിക്കു വേണ്ടിയാണ് അവൻ്റെ ദൈവം അന്ത്യകാലത്ത് ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അവൻ്റെ പാപങ്ങൾ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ടാണ്, ആത്മികസന്തതി ക്രൂശിൽ കയറിയത്. ആത്മികസന്തതിയുടെ അടിപ്പിണരാലാണ് ഭൗമികസന്തതിക്ക് സൗഖ്യം ലഭിച്ചത്. (1പത്രൊ, 2:24). ആത്മികസന്തതിയായ ക്രിസ്തുവിലൂടെ നിവൃത്തിയായതും നിവൃത്തിയാകാനിരിക്കുന്നതുമായ എല്ലാറ്റിൻ്റെയും സാക്ഷാൽ അവകാശി യിസ്രായേലെന്ന ഭൗമികസന്തതിയാണ്.

യേശുക്രിസ്തുവിലൂടെ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ എങ്ങനെ നിവൃത്തിയാകുന്നു എന്ന് മൂന്നാം ഭാഗത്ത് അറിയാം. കാണുക:⏬

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (III)


One thought on “വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)”

Leave a Reply

Your email address will not be published. Required fields are marked *