യോഹാനിയൻ കോമ ട്രിനിറ്റിക്ക് തെളിവാണോ?

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൻ്റെ ലാറ്റിൻ പരിഭാഷയിൽ പില്ക്കാലത്ത് കടന്നുകൂടിയ ഒരു ഭാഗമാണ് “യോഹാനിയൻ കോമ” (Comma Johanneum) എന്നറിയപ്പെടുന്നത്. “Comma Johanneum” എന്ന ലാറ്റിൻ പ്രയോഗത്തിൻ്റെ അർത്ഥം, “യോഹന്നാൻ്റെ വാക്യഖണ്ഡം” എന്നാണ്. 1യോഹന്നാൻ 5:7-8 വാക്യങ്ങൾക്കിടയിൽ അഞ്ചാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡം. നാലാം നൂറ്റാണ്ടിലെ “ജറോമിൻ്റെ” (Jerom) “ലാറ്റിൻ വുൾഗാത്തയിൽ” (Latin Valgete) “യോഹാനിയൻ കോമ” ഇല്ലായിരുന്നു. അതിൽ ഇപ്രകാരമാണ്: “quia tres sunt qui testimonium dantSpiritus et aqua et sanguis et tres unum sunt” (കാരണം സാക്ഷ്യം വഹിക്കുന്നവർ മൂന്നുപേരുണ്ട്. ആത്മാവും വെള്ളവും രക്തവും, ഈ മൂന്നും ഒന്നാണ്.). [കാണുക: Latin Vulgate]. നാലാം നൂറ്റാണ്ടിലെ രണ്ടു പ്രധാന ഗ്രീക്കു പരിഭാഷകളായ Codex Vaticanus-ലും Codex Sinaiticus-ലും “Johannine coma” ഇല്ലായിരുന്നു. അഞ്ചാം നൂറ്റാണ്ടുമുതലുള്ള ലാറ്റിൻ സഭാപിതാക്കന്മാർ ത്രിത്വവിശ്വാസം ശക്തിപ്പെടുത്താൻവേണ്ടി ഈ വാക്യഖണ്ഡം വുൾഗത്തയുടെ പരിഭാഷയിൽ തിരുകിക്കയറ്റിയതാണ്. 1546-ലെ ട്രെൻ്റ് കൗൺസിലിൽവെച്ച് (Council of Trent) റോമൻ കത്തോലിക്കാ സഭ തങ്ങളുടെ ഔദ്യോഗിക ബൈബിളായി “വുൾഗാത്തയെ” അംഗീകരിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: 1979-ൽ ലാറ്റിൻ വുൾഗാത്തയുടെ പരിഷ്കരിച്ച പരിഭാഷയായ “നോവ വുൾഗാത്ത” (Nova Vulgate) വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതിൽനിന്ന് പ്രസ്തുതവാക്യം അഥവാ, അവർ തിരുകിക്കയറ്റിയ വാക്യം അവർതന്നെ എടുത്തുകളഞ്ഞു. അതിലെ ഏഴാം വാക്യം ഇപ്പോൾ ഇപ്രകാരമാണ്: “സാക്ഷ്യം പറയുന്നവർ മൂവരുണ്ട്” (Quia tres sunt, qui testificantur). [കാണുക: Nova Vulgate]. കത്തോലിക്കരുടെ പരിഭാഷയായ പി.ഒ.സിയിൽപ്പോലും ആ വാക്യഖണ്ഡം കാണാൻ കഴിയില്ല.” പി.ഒ.സിയിലെ പ്രസ്തുത വേദഭാഗം കാണുക: “മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം- ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.” (1യോഹ, 5:7-8). അതായത്, കത്തോലിക്കർ വിഴുങ്ങിയത് അവർതന്നെ ഛർദിച്ചുകളഞ്ഞു. എന്നിട്ടും പ്രൊട്ടസ്റ്റൻ്റ് ട്രിനിറ്റി പണ്ഡിതന്മാർ ആ ഛർദി ഇപ്പോഴും ചുമക്കുകയാണ്.

യോഹാനിയൻ കോമയെ “പ്രക്ഷിപ്തഭാഗം” (കൂട്ടിച്ചേർത്ത ഭാഗം) എന്നാണ് അറിയപ്പെടുന്നത്. മധ്യയുഗത്തിലെ “ടെക്സ്റ്റസ് റിസപ്റ്റസ്” (Textus Receptus) ശൃംഗലയിലെ ആദ്യരണ്ടു പതിപ്പിൽ (1516, 519) പ്രസ്തുത “വാക്യഖണ്ഡം” (Johannine coma) ഇല്ലായിരുന്നു. ഡച്ച് മാനവിക വാദിയും വടക്കൻ നവോത്ഥാനത്തിലെ ഏറ്റവും വലിയ പണ്ഡിതനുമായിരുന്ന “എറാസ്മസിൻ്റെ” (Erasmus – 1469 – 1536) ഗ്രീക്കിൽനിന്നുള്ള അഞ്ച് പരിഭാഷകളിൽ (1516, 1519, 1522, 1527; 1532) മൂന്നാമത്തേത് മുതലാണ് (1522), “കോമ” (Comma) ചേർക്കപ്പെട്ടത്. ഈ വാക്യത്തിൻ്റെ ആധികാരികതയിൽ സംശയമുണ്ടായിട്ടും അക്കാലത്തെ ലാറ്റിൻ പരിഭാഷയുടെ സ്വാധീനവും റോമൻ കത്തോലിക്കാ സഭയുടെ സമ്മർദ്ദത്തിനും വഴങ്ങിയാണ് “എറാസ്മസ്” വാക്യഖണ്ഡം കൂട്ടിച്ചേർത്തത്. [കാണുക: Erasmus]. അതാണ്, “കിംഗ് ജെയിംസ് വേർഷനിൽ” (KJV) ഈ വാക്യം കടന്നുകൂടാൻ കാരണം. “ടെക്സ്റ്റസ് റിസപ്റ്റസ്” ശൃംഗലയിലെ ആദ്യത്തെ രണ്ട് പരിഭാഷയിൽ “കോമ” ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ. അതിൽ എറാസ്മസിൻ്റെ മൂന്നാമത്തെ 1522-ലെ ആദ്യപരിഭാഷ മുതൽ KJV-യുടെ 2016-വരെയുള്ള ഒറിജിനൽ പരിഭാഷകളിലെല്ലാം അത് ചേർത്തിട്ടുണ്ട്. എന്നാൽ KJV-ക്ക് മുമ്പുള്ള Textus Receptus-ൻ്റെ പല ഓൺലൈൻ പരിഭാഷകളിലും 7-ാം വാക്യം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. [കാണുക: William Tyndle 1526, William Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539]. ആധുനിക പണ്ഡിതന്മാർ അതിനെ ബൈബിളിൻ്റെ ഭാഗമായി കണക്കാക്കുന്നില്ല. അനേകം ബൈബിൾ പരിഭാഷകളിൽ പ്രസ്തുത വാക്യഖണ്ഡം കാണാൻ കഴിയില്ല. ഗ്രീക്കലെ, Berean Greek Bible, Byzantine Textform 2005, Nestle 1904, SBLGNT, Tischendorf, Westcott and Hort / [NA27 variants തുടങ്ങിയവയിൽ കോമയില്ല. ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: Greek Study Bible, Westcott and Hort]. മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ സത്യവേദപുസ്തകം, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ അഞ്ച് പരിഭാഷകളിൽ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ.ആർ.വി, പി.ഒ.സി, പുതിയലോക ഭാഷാന്തരം, മലയാളം ബൈബിൾ 1956 (MBSI), മലയാളം ബൈബിൾ (BCS), മലയാളം ബൈബിൾ നൂതന പരിഭാഷ (MSV’17), വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ തുടങ്ങിയവയിൽ “യോഹാനിയൻ കോമ” ഇല്ല. ഇംഗ്ലീഷിലെ AB, ABPE, ABU, ACV, AFV, AMSB, ANT, ASV, AUV, BLB, BBE, BLB, BV, BSB, CEB, CEV, CGV, CJB, CJBA, CLNT, COMM, CSV, DBT, DBY, DLNT, Diaglott, EHV, EMP, EMTV, ERV, ESV, FAA, FBV, GDBY, GET, GNTA, GW, GWN, GWT, HCSB, HNC, HNV, ISV, LEB, LONT, Logos, MLV, MNT, MSG, NASB, NCV, NEB, NET, NHEB, NIV, NLY, NRS, NRSA, NLV, NLT, NMV, NOG,NSRV-CI, NRS, NTM, Noy, OEB,OJB, PESH, PSNT, RAD, RHB, RKJNT, RNT, RSV, RV, ReV, Rem, SBLG, TLB, TRC, Thomson, t4t, WBT, WEB, WMNT, WONT, WNT തുടങ്ങിയ അനേകം പരിഭാഷകളിൽ “വാക്യഖണ്ഡം” കാണാൻ കഴിയില്ല. ഇംഗ്ലീഷിഷിലെ അംഗീകൃതമായ മിക്ക പരിഭാഷകളിലും “യോഹാനിയൻ കോമ” കാണാൻ കഴിയില്ല. ഒരുദാഹരണം പറഞ്ഞാൽ, ഇംഗ്ലീഷിലെ അംഗീകൃതമായ 36 പരിഭാഷകൾ പരിശോധിച്ചപ്പോൾ, അതിൽ അതിൽ 11 എണ്ണത്തിലാണ് യോഹാനിയൻ കോമ ഉള്ളത്. അതിൽ, മൂന്നെണ്ണം സംശയമുള്ള ഭാഗമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ബൈബിളിൻ്റെ അമാമിക് പരിഭാഷയിലും കോമയില്ല. [കാണുക: The Holy Aramaic Scriptures]

1യോഹന്നാൻ 5:7-8-ൻ്റെ യഥാർത്ഥ വാക്യം സത്യവേദപുസ്തകത്തിൽ നിന്നും ചേർക്കുന്നു: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.;സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” 1യോഹന്നാൻ 5:7-8-ൻ്റെ കൂട്ടിച്ചേർക്കപ്പെട്ട വാക്യത്തോടൊപ്പം ചേർക്കുന്നു: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഊ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.”

രണ്ട്, മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനും ത്രിത്വമെന്ന പദം ആദ്യം ഉപയോഗിച്ചവനുമായ തെർത്തുല്യനും (Tertullian) മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയനും (Cyprian) നാലാം നൂറ്റാണ്ടിൽ അത്താനാസിയസും (Athanasius) യോഹാനിയൻ കോമ തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചതായി ത്രിത്വപണ്ഡിതന്മാരിൽ ചിലർ പറയുന്നുണ്ട്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് എന്ന നിലയിൽ അവർ തങ്ങളുടെ കൃതികളിൽ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, അവർ ഒരിക്കലും യോഹന്നാൻ്റെ ലേഖനത്തിലെ വേദഭാഗമെന്ന നിലയിൽ “യോഹാനിയൻ കോമ” ഉദ്ധരിച്ചിട്ടില്ല. അഥവാ, “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ” എന്നത്, വേദഭാഗം എന്ന നിലയിൽ അവർ ഒരിടത്തും ഉദ്ധരിച്ചിട്ടില്ല; അത് യോഹന്നാൻ്റെ ലേഖനത്തിൽ ഉണ്ടെന്നും അവർ പറഞ്ഞിട്ടില്ല.

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാനാണ് പിൽക്കാലത്ത് ഈ വാക്യം കൂട്ടിച്ചേർക്കപ്പെട്ടതെങ്കിലും, ആധുനിക ത്രിത്വപണ്ഡിതന്മാർ ആരും ത്രിത്വോപദേശം സ്ഥാപിക്കാൻ ഈ വാക്യം എടുക്കാറില്ല. എങ്കിലും, ചുരുക്കം ചില അഭിനവ പണ്ഡിതന്മാർ ഈ വാക്യം ബൈബിളിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം, ഈ വാക്യം യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമായിരുന്നെങ്കിൽ, ത്രിത്വോപദേശം സ്ഥാപിക്കാൻ കഴിയുമായിരുന്നോ എന്നാണ് നാം പരിശോധിക്കുന്നത്. അതായത്, യോഹാനിയൻ കോമ യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണോ, അല്ലയോ എന്നതല്ല നമ്മുടെ വിഷയം. “യോഹാനിയൻ കോമ” ബൈബിളിൻ്റെ ഭാഗം ആയിരുന്നെങ്കിൽ, അത് ത്രിത്വത്തിന് തെളിവാകുമോ എന്നതാണ് നമ്മുടെ വിഷയം. അതാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:

കോമയിലെ ഏഴാം വാക്യം ഇപ്രകാരമാണ്: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ.” ഈ വാക്യത്തിൽ പറയുന്ന വചനം പുത്രനാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അത് ശരിയാണോന്ന് നമുക്ക് നോക്കാം:

1. വചനം യേശുവാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. വചനം ജഡമായിത്തീർന്നവനാണ് യേശു. (യോഹ, 1:14). വചനം യേശുവാണെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, വചനം മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും? ഒന്ന് മറ്റൊന്നായി തീർന്നശേഷം അതുതന്നെയാണ് ഇതെന്ന് പറഞ്ഞാൽ ശരിയാകുമോ? യോഹന്നാൻ പറയുന്ന വചനം യേശുവല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നവനാണ് യേശു എന്നാണ് യോഹന്നാൻ പറയുന്നത്.

2. യോഹന്നാൻ 1:1-ലെ, “വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു” എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതാണ്. [കാണുക: വചനം ജഡമായിത്തീർന്നു]. “ദൈവത്തിൻ്റെ കൂടെയായിരുന്നു” എന്ന് പറയുന്നതും “ദൈവമായിരുന്നു” എന്ന് പറയുന്നതും “ജഡമായിത്തീർന്നതും” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു ഒരു വചനമേയുള്ളു; ആ വചനാണ് “ദൈവത്തോട് കൂടെയായിരുന്നു” എന്ന് യോഹന്നാൻ പറയുന്നത്. ആ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് പറയുന്നത്. (യോഹ, 1:3). ആ വചനം ജഡമായിത്തീർന്നവനാണ് യേശുവെന്നാണ് യോഹന്നാൻ പറയുന്നത്. അല്ലാതെ, യേശു ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനമല്ല. തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. [കാണുക: താൻ സ്രഷ്ടാവായ ദൈവമല്ല]

3. യേശു ദൈവത്തോടുകൂടെയുള്ള വചനമെന്ന നിത്യദൈവം ആയിരുന്നെങ്കിൽ, അവന് ഒരിക്കലും ജഡമായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). തന്മൂലം, അവന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന വചനത്തിനു് സകലവും സാദ്ധ്യമാണ്. ആ വചനമാണ് ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11).

4. യേശു ദൈവത്തോടു കൂടെയുള്ള വചനവും പുത്രദൈവവും ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ല. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്: “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന “വചനം ആരായിരുന്നു” എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം.  അതുകൊണ്ടാണ് “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

5. ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്. (ലൂക്കൊ, 4:22; യോഹ, 12:48; 15:3). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ക്രിസ്തു വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും? യേശു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

6. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് യഥാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

7.ക്രിസ്തു വചനമാണെന്ന് പറഞ്ഞാലുള്ള യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. സ്വർഗ്ഗത്തിൽ നിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; പരിശുദ്ധാത്മാവ് ഒരു വിശുദ്ധപ്രജയെ (ലൂകൊ, 1:35) അഥവാ, ഒരു പരിശുദ്ധമനുഷ്യനെ (യോഹ, 6:69; 8:40) കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). യേശു വചനമാണെന്ന് പറഞ്ഞാൽ, പശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ആരെയാണെന്ന് പറയും? സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന യഹോവയുടെ വചനത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? (സങ്കീ, 119:90). തന്നെയുമല്ല, ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളും ബൈബിളിലുണ്ട്. ((യോഹ, 5:38; 17:6,14,20; പ്രവൃ, 4:30; 10:36; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:2,9,;20:4). യഥാർത്ഥത്തിൽ ലോഗോസ്; അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും ഒരിക്കലും വേർതിരിച്ച് പറയില്ലായിരുന്നു. അപ്പോൾ, യേശു ദൈവത്തോടു കൂടെയുള്ള വചനമെന്ന നിത്യദൈവമാണെന്നു പറഞ്ഞാൽ, അതില്പരം അബദ്ധം വേറെയില്ല. തന്മൂലം, ഏതൊക്കെ വചനം ബൈബിളിനോട് കൂട്ടിച്ചേർത്താലും ട്രിനിറ്റി നടപടിയാകുന്ന ഉപദേശമേയല്ലെന്ന് വ്യക്തമാണ്. ക്രിസ്തു “വചനം” ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ രണ്ട് വേദഭാഗങ്ങളുണ്ട്. അതിനെക്കുറിച്ചറിയാൻ കാണുക: [1യോഹന്നാൻ 1:1, വെളിപ്പാട് 19:13]

രണ്ടാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; യോഹാനിയൻ കോമയിൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേരെക്കൂടാതെ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേരുണ്ട്. അതിലും പരിശുദ്ധാത്മാവിനെ കാണാം: “ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.” (1യോഹ, 5:8). പിരുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്ത യേശു പറഞ്ഞത്; അവൻ എന്നേക്കും കൂടെയിരിക്കും എന്നാണ്. (യോഹ, 14:16). പെന്തെക്കോസ്ത് നാളിൽ എന്നേക്കും കൂടെയിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിൽ വരുകയും ചെയ്തു. (പ്രവൃ, 2:1-3). പിന്നെയും അറുപത് കൊല്ലം കഴിഞ്ഞ് യോഹന്നാൻ ലേഖനം എഴുതുമ്പോൾ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ നിന്ന് സാക്ഷ്യം പറയുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ? എന്നേക്കും ഇരിക്കാൻ ഭൂമിയിൽ വന്ന പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് എങ്ങനെ സാക്ഷ്യം പറയും? പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുമായിരിക്കും. പിന്നെന്തിനാണ്; അയക്കും, വരും, വന്നു എന്നൊക്കെ പറയണം? ഭൂമിയിൽ നിന്ന് സാക്ഷ്യം പറഞ്ഞാലും സ്വർഗ്ഗം അറിയുമെന്നിരിക്കെ, അടുത്തടുത്ത വാക്യങ്ങളിൽ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിൽ നിന്നുമുള്ള ആത്മാവിൻ്റെ രണ്ട് സാക്ഷ്യത്തിൻ്റെ ആവശ്യമെന്താണ്? ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. കോമ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ പ്രശ്നമാണത്. ശുദ്ധ പാഠത്തിലെ വാക്യങ്ങൾ ഇപ്രകാരമാണ്. ഏഴാം വാക്യം: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.” എട്ടാം വാക്യം: സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” കോമ കൂട്ടിച്ചേർത്തവർ, ഏഴാം വാക്യം പൂർണ്ണമായി മാറ്റിയിട്ട്, “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഇവർ മൂവരും ഒന്നുതന്നേ” എന്ന പുതിയവാക്യം ചേർക്കുകയും, എട്ടാം വാക്യത്തോടൊപ്പം “ഭൂമിയിൽ” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെയാണ്, പരിശുദ്ധാത്മാവിൻ്റെ രണ്ട് സാക്ഷ്യമായത്.

മൂന്നാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; കൂട്ടിച്ചേർക്കപ്പെട്ട യോഹാനിയൻ കോമയിലുള്ളത്, സ്വർഗ്ഗത്തിൽ മൂന്നുപേരുടെ സാക്ഷ്യവും ഭൂമിയിൽ മൂന്നുപേരുടെ സാക്ഷ്യവുമാണ്. ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നതെന്ന് ഒൻപതാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ  തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.” (1യോഹ, 5:9). അതായത്, ദൈവം തൻ്റെ പുത്രനെക്കുറിച്ച് സാക്ഷീകരിക്കുന്നതാണ് വിഷയം. വചനം യേശുവല്ലെന്ന് നാം കണ്ടതാണ്. ഇനി, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം പുത്രനാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം; അപ്പോൾ പുത്രൻ തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വരും. എന്നാൽ, ഒരാൾ, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമല്ലെന്ന് വചനം പറയുന്നു. അത് ആദ്യം പറയുന്നത് പുത്രൻ തന്നെയാണ്: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.” (യോഹ, 5:31). യെഹൂദന്മാരും അക്കാര്യം പറയുന്നുണ്ട്: “പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.” (യോഹ, 8:13). അപ്പോൾ, പുത്രൻ വചനമായി സ്വർഗ്ഗത്തിൽ നിന്നുകൊണ്ട്, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ; പുത്രൻ വ്യാജസാക്ഷ്യം പറഞ്ഞുവെന്നല്ലേ വരൂ. തന്മൂലം, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ എന്തായാലും ദൈവപുത്രനായ യേശു ഇല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

യോഹാനിയൻ കോമയെന്ന കൂട്ടിച്ചേർക്കപ്പെട്ട വാക്യം ബൈബിൻ്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്ന അഭിനവ പണ്ഡിതന്മാർ, പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന അവരുടെ സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളെ (മൂന്നു ദൈവം) പ്രസ്തുത വാക്യത്തിലൂടെ ഒന്നാക്കാനാണ് ശ്രമിക്കുന്നത്. കൂട്ടിച്ചേർത്ത വാക്യത്തിൽ പുത്രനില്ല; ദൈവത്തിൻ്റെ വചനമാണ് ഉള്ളത്. ആ വചനം പുത്രനല്ലെന്ന് നാം കണ്ടുകഴിഞ്ഞു. ദൈവപിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. ദൈവവും ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനവും ഒന്നുതന്നെ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. താൻ ഒറ്റയ്ക്ക് ആകാശവും ഭുമിയും സൃഷ്ടിച്ചു എന്നും ദൈവത്തിൻ്റെ വചനത്താൽ സൃഷ്ടിച്ചുവെന്നും അഭിന്നമായി പറയുന്നത് നോക്കുക: (2 രാജാ, 19:15; നെഹെ, 9:6: യെശ, 44:24 → സങ്കീ, 33:6; എബ്രാ, 11:3; 2പത്രൊ, 3:5). എന്നാൽ ദൈവത്തിൻ്റെ വചനത്തിന് സാക്ഷ്യം പറയാൻ കഴിയുമോ? കഴിയും. ദൈവത്തിൻ്റെ വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). ആകാശഭൂമികൾ സൃഷ്ടിച്ചത് വചനത്താലാണ്. (സങ്കീ, 33:6). സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതാണ് വചനം. (107:20). വചനം ജീവിപ്പിക്കുന്നതാണ്. (119:50). അതിവേഗം ഓടുന്നതാണ്. (147:15). ആ വചനത്തിന് സാക്ഷ്യം പറയാനും കഴിയും. ഇനി, ദൈവവും പരിശുദ്ധാത്മാവും ഒന്നാണോ എന്ന് നോക്കാം. പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3 പ്രവൃ, 5:4, 1കൊരി, 3:16, 1കൊരി, 6:19 1കൊരി, 3:17. ഒ.നോ: സങ്കീ, 139:8-10, യെശ, 6:8-10 പ്രവൃ, 28:26-27, യേശ, 44:24   ഇയ്യോ, 33:4, ലൂക്കൊ, 3:22 യോഹ, 16:32, മത്താ, 12:28 പ്രവൃ, 10:38, 1പത്രൊ, 3:18 ഗലാ, 1:1, യോഹ, 3:6 1യോഹ, 5:1,18). മുഴുവൻ തെളിവുകളും അറിയാൻ കാണുക: [പരിശുദ്ധാത്മാവ് ആരാണ്?]

പിതാവും തന്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാൽ, ബൈബിളിനോട് കൂട്ടിച്ചേർത്ത ഭാഗമായ യോഹാനിയൻ കോമ, ബൈബിളിൻ്റെ ഭാഗമാണെന്ന് പറഞ്ഞാലും, യാതൊരു തെറ്റുമില്ല. പിതാവ് തന്നെക്കുറിച്ച് സാക്ഷ്യംപറയുന്ന കാര്യം യേശുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:37). തന്മൂലം, പിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ദൈവപുത്രനായ യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞാലോ, പിതാവും വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്ന് പറഞ്ഞാലോ യാതൊരു കുഴപ്പവുമില്ല. എന്നാൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം യേശു അല്ലാത്തതുകൊണ്ട്, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേർ ആണെന്നോ, ട്രിനിറ്റിക്ക് തെളിവാണെന്നോ ആരെങ്കിലും പറഞ്ഞാൽ; അതില്പരം അധോലോക അബദ്ധം വേറെയില്ലെന്ന് വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശമുണ്ടാക്കാൻ ശ്രമിച്ചാൽ, പിടിക്കപ്പെടുമെന്ന് ട്രിനിറ്റിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *