യോസേഫ് (Joseph)
പേരിനർത്ഥം – അവൻ കൂട്ടിച്ചേർക്കും
യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനാണ് യോസേഫ്; റാഹേലിൽ ജനിച്ച ആദ്യത്തെ പുത്രനും. (ഉല്പ, 30:22). യാക്കോബ് ലാബാനെ സേവിക്കുന്ന കാലത്താണ് യോസേഫ് ജനിച്ചത്. ഉല്പ, 30:22-26). പിന്നീടു യോസേഫിനെക്കുറിച്ചു പറയുന്നതു യാക്കോബിനോടൊപ്പം സ്വദേശത്തേക്കു മടങ്ങുന്ന സമയത്താണ്. (ഉല്പ, 33:2, 7). തുടർന്നു യോസേഫിനു പതിനേഴു വയസ്സാകുന്നതു വരെ അവനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. യിസ്രായേലിന്റെ വാർദ്ധക്യത്തിലെ മകനെന്നു യോസേഫിനെ വിശേഷിപ്പിച്ചിരിക്കുന്നു. (ഉല്പ, 37:3). യാക്കോബ് യോസേഫിനെ അധികം സ്നേഹിച്ചിരുന്നു. ബിൽഹയുടെയും സില്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാരെക്കുറിച്ചുള്ള ദു:ശുതി യോസേഫ് യാക്കോബിനോടു വന്നുപറഞ്ഞു. ഇതു സഹോദരന്മാർക്കു അവനോടു വെറുപ്പുളവാക്കി. യോസേഫിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് അവനൊരു നിലയങ്കി ഉണ്ടാക്കിക്കൊടുത്തു. കൂടാതെ താൻ കണ്ട സ്വപ്നങ്ങൾ സഹോദരന്മാരോടു പറഞ്ഞതും അവർക്കു അവനോടു വെറുപ്പിനു കാരണമായി. (ഉല്പ, 37:2-11).
സഹോദരന്മാരുടെ സുഖവൃത്താന്തം അന്വേഷിച്ചു വരന്നതിനു യോസേഫിനെ ഹെബ്രോൻ താഴ്വരയിൽ നിന്നു ശെഖേമിലേക്കയച്ചു. പക്ഷേ അവർ ശെഖേമിലുണ്ടായിരുന്നില്ല. യോസേഫ് അവരെ ദോഥാനിൽ വച്ചു കണ്ടുമുട്ടി. യോസേഫിനെ ദൂരത്തുനിന്നു കണ്ടപ്പോൾ തന്നെ അവരുടെ കോപം ഇരട്ടിച്ചു. രൂബേനൊഴികെ മറ്റെല്ലാവരും ചേർന്നു അവനെ കൊല്ലാനാലോചിച്ചു. യോസേഫിനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതിക്കൊണ്ടു രൂബേൻ, “നിങ്ങൾ അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അങ്ങനെ ചെയ്തു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർ വരുന്നതു കണ്ടു യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റു. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറഞ്ഞു രക്തം പുരണ്ട യോസേഫിന്റെ അങ്കി പിതാവിനു കാണിച്ചുകൊടുത്തു. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുടുത്തു ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദു:ഖിച്ചു. (ഉല്, 37:12-36).
മിദ്യാന്യർ യോസേഫിനെ ഫറവോന്റെ അകമ്പടി നായകനായ പോത്തീഫറിനു വിറ്റു. അങ്ങനെ അവൻ ഒരു മിസ്രയീമ്യ അടിമയായിത്തീർന്നു. യോസേഫ് പോത്തീഫറിനു വിശ്വസ്തനായിരുന്നു. പോത്തീഫർ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. യോസേഫ് കോമളനും മനോഹര രൂപിയും ആയിരുന്നതുകൊണ്ടു പോത്തീഫറിന്റെ ഭാര്യ യോസേഫിനോടു അപമര്യാദയായി പെരുമാറിത്തുടങ്ങി; യോസേഫ് അതിൽ നിന്നു ഒഴിഞ്ഞുമാറി. എന്നാൽ ഒരു ദിവസം പോത്തീഫറിന്റെ ഭാര്യ ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും യോസേഫിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്തു. പോത്തീഫർ അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാരാഗൃഹപമാണിക്കു യോസേഫിനോടു ദയ തോന്നി കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും അവന്റെ കയ്യിൽ ഏല്പിച്ചു. (ഉല്പ, 39:1-23).
ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്നങ്ങൾ യോസേഫ് വ്യാഖ്യാനിച്ചുകൊടുത്തു. സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതു എന്നു യോസേഫ് അവരോടു പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞു ഫറവോൻ രണ്ടു സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി മിസയീമിലെ സകല ജ്ഞാനികളെയും മന്ത്രവാദികളെയും ആളയച്ചു വരുത്തി. എന്നാൽ ആർക്കും തന്നെ ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിപ്പാൻ കഴിഞ്ഞില്ല. അപ്പോൾ പാനപാതവാഹകൻ യോസേഫിനെ ഓർത്തു, അവന്റെ കാര്യം ഫറവോനെ അറിയിച്ചു. യോസേഫ് ഫറവോന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിച്ചു കൊടുത്തു. ഏഴുവർഷം സമൃദ്ധിയും ഏഴുവർഷം മഹാക്ഷാമവും ഉണ്ടാകുമെന്നു യോസേഫ് ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ മുന്നറിയിച്ചു. ഇതു ഫറവോനെയും ഉദ്യോഗസ്ഥന്മാരെയും സന്തുഷ്ടരാക്കി. യോസേഫിനെ അവർ ദൈവാത്മാവുള്ള മനുഷ്യനായി കണക്കാക്കി. ഫറവോൻ യോസേഫിനു സാപ്നത്ത്-പനേഹ് എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. യോസേഫ് മിസയീംരാജവായ ഫറവോന്റെ മുന്നിൽ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. മനശ്ശെ, എഫ്രയീം എന്ന രണ്ടു മക്കൾ യോസേഫിനു ജനിച്ചു. (ഉല്പ, 41:1-52).
യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായി. ക്ഷാമകാലത്തു ജനത്തിനു നല്കാനായി സമൃദ്ധിയുടെ കാലത്തു യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ക്ഷാമകാലത്തു യോസേഫിന്റെ സഹോദരന്മാർ (ബെന്യാമീൻ ഒഴികെ) ധാന്യം വാങ്ങാനായി യോസേഫിന്റെ അടുക്കൽ വന്നു. അവർ ഒറ്റുകാരെന്നു സംശയിക്കുന്ന നിലയിൽ യോസേഫ് പെരുമാറി. അടുത്ത പ്രാവശ്യം ബെന്യാമീനെ കൊണ്ടു വരണമെന്നു പറഞ്ഞു. ജാമ്യമായി ശിമയോനെ തടഞ്ഞു വച്ചു. യാക്കോബിനെ സമ്മതിപ്പിച്ചു ബെന്യാമീനുമായി അടുത്ത പ്രാവശ്യം അവർ വന്നു. യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുകയും യാക്കോബിനെ ഉടനെ തന്നെ മിസ്രയീമിലേക്കു കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഫറവോന്റെ സമ്മതത്തോടുകൂടി യാക്കോബിനെയും കുടുംബത്തെയും മിസ്രയീമിലെ ഗോശെൻ ദേശത്തു താമസിപ്പിച്ചു. യാക്കോബ് മിസ്രയീമിൽ 17 വർഷം വസിച്ചു. 147-ാം വയസ്സിൽ അവൻ മരിച്ചു. യാക്കോബ് മരിച്ചപ്പോൾ യോസേഫിന്റെ കല്പനപ്രകാരം അവനു സുഗന്ധവർഗ്ഗം ഇട്ടു. ഫറവോന്റെ കല്പന വാങ്ങി അവനെ കനാനിൽ കൊണ്ടുപോയി മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 50:13).
യോസേഫും സഹോദരന്മാരും മടങ്ങി മിസ്രയീമിൽ വന്നു. സഹോദരന്മാരോടു വിദ്വേഷം ഇല്ലെന്നും അവരെ തുടർന്നും കരുതികൊള്ളാമെന്നും യോസേഫ് ഉറപ്പു നല്കി. മരിക്കുമ്പോൾ തന്റെ അസ്ഥികൾ സൂക്ഷിക്കുകയും ദൈവം അവരെ സന്ദർശിച്ചു കനാനിലേക്കു മടക്കിക്കൊണ്ടു പോകുമ്പോൾ അവകൂടി കൊണ്ടുപോകുകയും ചെയ്യണമെന്നു യോസേഫ് അവക്കൊണ്ടു സത്യം ചെയ്യിച്ചു. 110 വയസ്സുള്ളപ്പോൾ യോസേഫ് മരിച്ചു. (ഉല്പ, 50:22-26). യിസ്രായേൽ മക്കളെ ദൈവം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്നു യോസേഫ് ദൃഢമായി വിശ്വസിച്ചു. സൗമ്യത, വിശ്വസ്തത, വിശാലമനസ്കത, ക്ഷമാശീലം എന്നിങ്ങനെ മഹനീയമായ ഗുണങ്ങൾ യോസേഫിൽ കാണാം. യോസേഫിനെ യേശുക്രിസ്തുവിന്റെ നിഴലായി ചിത്രീകരിക്കുന്നുണ്ട്.
അരിമത്യയിലെ യോസേഫ്
നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായിരുന്നു അരിമത്യയിലെ യോസേഫ്. (ലൂക്കൊ, 23:50). യേശുവിന്റെ രഹസ്യ ശിഷ്യനായിരുന്നു. (യോഹ, 19:38). ന്യായാധിപസംഘത്തിലെ അംഗമായിരുന്നെങ്കിലും അവരുടെ ആലോചനയെയും പ്രവൃത്തിയെയും അനുകൂലിച്ചില്ല. (ലൂക്കൊ, 23:51). യേശുവിന്റെ ക്രൂശീകരണദിവസം സന്ധ്യയായപ്പോൾ പീലാത്തോസിനോടു യേശുവിന്റെ ശരീരം ചോദിച്ചുവാങ്ങി ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്ത കല്ലറയിൽ അടക്കി. (ലൂക്കൊ, 23:53).
യോസേഫ് (യേശുവിൻ്റെ വളർത്തച്ഛൻ)
യേശുവിന്റെ അമ്മയായ മറിയയുടെ ഭർത്താവ്. മർക്കൊസ് യോസേഫിനെക്കുറിച്ചു പറയുന്നില്ല; യോഹന്നാനിലെ സൂചനകൾ (1:45; 6:42) പരോക്ഷങ്ങളാണ്. മറിയയ്ക്കു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ മറിയയെ യോസേഫിനു വിവാഹനിശ്ചയം ചെയ്തു കഴിഞ്ഞിരുന്നു. മറിയ ഗർഭിണിയാണെന്നു ഗ്രഹിച്ചപ്പോൾ അവൻ നീതിമാൻ ആകയാൽ അവളെ ഗുഢമായി ഉപേക്ഷിക്കുവാൻ ഒരുങ്ങി. എന്നാൽ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളിൽ ഉത്പാദിതമായിരിക്കുന്നതു പരിശുദ്ധാത്മാവിനാൽ ആണെന്നും തന്മൂലം അവളെ ചേർത്തുകൊള്ളുവാൻ ശങ്കിക്കേണ്ടതില്ലെന്നും പറഞ്ഞതനുസരിച്ച് യോസേഫ് അവളെ സ്വീകരിച്ചു. (മത്താ, 1:18-24). പേർവഴി ചാർത്തേണ്ടതിന് യോസേഫ് മറിയയോടുകൂടെ യെഹൂദയിലെ ബേത്ലേഹെമിലേക്കു പോയി. അവിടെ വച്ചു അവൾ യേശുവിനെ പ്രസവിച്ചു. (ലൂക്കൊ, 2:1-7). ഇടയന്മാർ യേശുവിനെ കാണാൻ വന്നപ്പോൾ യോസേഫ് അവിടെ ഉണ്ടായിരുന്നു. ദൈവാലയത്തിലേക്കും അവിടെനിന്നു മിസ്രയീമിലേക്കും പോയ സന്ദർഭങ്ങളിലും മടങ്ങിവന്നു നസറേത്തിൽ താമസമായപ്പോഴും യോസേഫിനെ കാണുന്നുണ്ട്. യേശുവിനു 12 വയസ്സുള്ളപ്പോൾ യെരൂശലേമിൽ പെസഹ പെരുന്നാളിനു പോയതും അമ്മയപ്പന്മാരോടൊപ്പമാണ്. (ലൂക്കൊ, 2:41-51). അതിനുശേഷം നാം യോസേഫിനെ കാണുന്നില്ല. യേശുവിന്റെ പരസ്യ ശുശ്രൂഷാകാലത്തു യോസേഫ് ജനത്തിനു അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. (യോഹ, 6:42). യേശുവിന്റെ ശുശുഷാകാലത്തിനു മുമ്പു തന്നെ യോസേഫ് മരിച്ചുപോയി എന്നാണ് പൊതുവെ കരുതപ്പെടുന്നത്.