ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

ജീഒനുള്ള ദൈവത്തിൻ്റെ പുത്രൻ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു യേശു ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞
(മത്തായി 16:15-17)

യേശു ദൈവപുത്രനാണെന്ന് എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ജീവനുള്ള ദൈവമാണ്: (യിരെ, 10:10; മത്താ, 26:63; പ്രവൃ, 14:15; റോമ, 9:26). ➟അതിനാൽ, യേശു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ് എന്നതിൽ തർക്കമൊന്നുമില്ല. ➟എന്നാൽ മത്തായി സുവിശേഷത്തിൽ ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ➤❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്ന് യേശു പ്രത്യുത്തരം നല്കയാലും അവൻ ജീവനുള്ള ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് പലരും വിശ്വസിക്കുന്നു. ➟അഥവാ, ❝ദൈവപുത്രൻ❞ (Son of God) എന്നത് ക്രിസ്തുവിൻ്റെ ❝അസ്തിത്വം❞ (Existence) ആണെന്ന് പലരും വിചാരിക്കുന്നു. ➟ആ വിശ്വാസത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 
സവിശേഷ വെളിപ്പാടും സാമാന്യ വെളിപ്പാടും: 
➦ ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. ➤❝എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17 ⁃⁃ മത്താ, 16:17). ➟പെന്തെക്കൊസ്തിനു് മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു❞ എന്ന് പറയേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). ➟അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). ➟പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്. ➟പ്രവൃത്തികളുടെ പുസ്തകം രണ്ടുമുതൽ അഞ്ചുവരെയുള്ള അദ്ധ്യായങ്ങൾ അതിന് തെളിവാണ്.
യേശു ദൈവപുത്രൻ എന്ന് സാക്ഷ്യം പറഞ്ഞവർ:
➦ യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. 
➦ യേശു ദൈവപുത്രനാണെന്ന് ആദ്യം സാക്ഷ്യം പറഞ്ഞത് പിതാവാണ്: (മത്താ, 3:17; ലൂക്കൊ, 3:22). ➟ആ സാക്ഷ്യം യോഹന്നാൻ സ്നാപകൻ മാത്രമാണ് കേട്ടത്; അവനാണ് ജനത്തോട് സാക്ഷ്യം പറഞ്ഞത്: (യോഹ, 1:32-34). ➟യോഹന്നാൻ്റെ സാക്ഷ്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ➟ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു: (യോഹ, 1:35 ⁃⁃ യോഹ, 1:40-41). ➟പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. ➟അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. ➟യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം ➤❝നീ ദൈവപുത്രൻ സത്യം❞ എന്നുപറഞ്ഞ് അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. ➟അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ക്രിസ്തുവിൻ്റെ വാക്കുകളാകട്ടെ, പിതാവിൻ്റെ പ്രഥമ സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു ചോദ്യം മൂന്നുത്തരം: 
➦ യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. ➟അതിൽ, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 ⁃⁃ മർക്കൊ, 8:27 ⁃⁃ ലൂക്കൊ, 8:20). ➟എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. ➟മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ➤❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ➤❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
☛ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
☛ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
☛ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
➦ ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ➟ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ➟ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം യേശുവിൻ്റെ ❝അസ്തിത്വം❞ (Existence) ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. ➟യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ❓ ➟അതിനാൽ, ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല.➟ ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ➟ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃⁃ യോഹ, 8:40). ➤❝ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ➟ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. ➟വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്.
➦ ❝ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?❞ എന്നാണ് യേശു ആദ്യം ചോദിച്ചത്: (മത്താ, 16:13). ➟യോഹന്നാൻ സ്നാപകൻ, ഏലീയാവ്, യിരെമ്യാവ്, പ്രവാചകന്മാരിൽ ഒരുത്തൻ എന്നിങ്ങനെ ജനങ്ങൾക്ക് അവനെക്കുറിച്ച് പല ധാരണകളായിരുന്നു: (മത്താ, 16:14). ➟അതിനുശേഷമാണ്, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?❞ എന്ന് ചോദിച്ചത്: (മത്താ, 16:15). ➟അവൻ ദൈവപുത്രൻ അല്ലെങ്കിൽ, ക്രിസ്തു (അഭിഷിക്തൻ) ആകുന്നു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു: (മത്താ, 16:16; മർക്കൊ, 8:29; ലൂക്കൊ, 9:20). ➤❝ദൈവപുത്രൻ❞ എന്നതും ➤❝ക്രിസ്തു❞ എന്നതും അവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് വ്യക്തമായി വചനത്തിൽ കാണാം: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ മത്താ, 3:17. യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ➤❝യേശു ആരാണ്?❞ അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നല്ല പത്രോസ് പറഞ്ഞത്. ➟ജനങ്ങൾക്കുള്ള അറിവുപോലെ, തങ്ങൾക്ക് അവനെക്കുറിച്ചുള്ള അറിവാണ് അവൻ പറഞ്ഞത്. ➟യഥാർത്ഥത്തിൽ, യേശു ആരാണെന്ന് യെഹൂദന്മാർക്ക് അറിയില്ലായിരുന്നു; അതുകൊണ്ടാണ് അവർ അവനെ ക്രൂശിച്ചത്: (യോഹ, 8:19 ⁃⁃ 1കൊരി, 2:7-8). ➟അതുപോലെതന്നെ, ശിഷ്യന്മാർക്കും യേശുവിനെ യഥാർത്ഥമായി അറിയില്ലായിരുന്നു. ➟ക്രൂശുമരണത്തിൻ്റെ തലേദിവസം യേശു അവരോട് പറഞ്ഞുവെങ്കിലും, അവർക്കത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല: (യോഹ, 14:7-9).
ദൈവത്തിൻ്റെ പുത്രീപുത്രന്മാർ: 
➦ ക്രിസ്തു ദൈവമാണെന്നാണ് പലരുടെയും വിചാരം. സർവ്വത്തിന്നും കാരണഭൂതനായ ദൈവം എങ്ങനെ ആരുടെയെങ്കിലും പുത്രനാകും❓ ➟ബൈബിളിൽ ദൂതന്മാരും മനുഷ്യരും മാത്രമാണ് ദൈവപുത്രന്മാർ. ➟അല്ലാതെ, ദൈവം ആരുടെയും പുത്രനല്ല; അവൻ സകലത്തിനും കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ➟ദൈവം മറ്റാരുടെയെങ്കിലും പുത്രനാണെന്ന് പറയുന്നതുപോലെ അസംബന്ധം മറ്റൊന്നില്ല. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), യിസ്രായേൽ (പുറ, 4:22-23), എഫ്രയീം (യിരെ, 31:9) മുതലായർ ക്രിസ്തു ജനിക്കുന്നതിന് മുമ്പെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. ➟എന്നാൽ പുതിയനിയമ വിശ്വാസികളാകട്ടെ ക്രിസ്തുയേശുവിലൂടെ ദൈവത്തിൻ്റെ മക്കളായവരാണ്: (ഗലാ, 3:26 ⁃⁃ 1യോഹ, 3:2). ➟മേല്പറഞ്ഞ എല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ മക്കളല്ല; ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ്. ➟തന്നെയുമല്ല, നമ്മെ വിശുദ്ധീകരിക്കുന്ന യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟അതുകൊണ്ടാണ്, അവൻ നമ്മെ സഹോദരന്മാർ എന്ന് വിളിക്കാൻ ലജ്ജിക്കാതിരുന്നത്: (എബ്രാ, 2:11-12). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവൻ തന്നെയാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33). ➟അതിനാൽ, ക്രിസ്തുവിനെ ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ആരും കരുതണ്ട. 
സ്വന്തപുത്രൻ: 
➦ ❝സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?❞ (റോമ, 8:32). ➟ക്രിസ്തുവിനെ സ്വന്തപുത്രൻ (own Son) എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟ക്രിസ്തു ഒഴികെ, ദൈവത്തിൻ്റെ മറ്റെല്ലാ പുത്രീപുത്രന്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. ➟എന്നാൽ ക്രിസ്തു പിതാവായ ദൈവത്തിൻ്റെ സൃഷ്ടിയല്ല; ജഡത്തിലെ വെളിപ്പാടാണ്. ➟അതാണ്, പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16 ⁃⁃ NMV, KJK). ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ സ്വന്തപുത്രനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ: 
➦ ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ; മൃഗത്തിൻ്റെ പുത്രൻ മൃഗം എന്നിങ്ങനെ ബാലിശമായ ഒരു വ്യാഖ്യാനരീതി ചില വിശ്വാസികളുടെ ഇടയിലുണ്ട്. ➟ആദ്യമവർ സ്രഷ്ടാവായ ഏകദൈവത്തെ സൃഷ്ടിയായ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാക്കി; എന്നിട്ട് ജെൻ്ററില്ലാത്ത സ്രഷ്ടാവിനു് സൃഷ്ടിയെപ്പോലെ പ്രത്യുല്പാദനം ഉണ്ടെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നു. ➟⟦വ്യക്തി എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവത്തെ മനുഷ്യരോട് ഉപമിക്കുന്നവർക്ക് അങ്ങന് പലതും തോന്നും⟧. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ (man) ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. ⁃⁃ Truly this man was the Son of God.❞ (മർക്കൊ, 15:19). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം ➨ ഇതിലും വലിയൊരു സത്യമുണ്ടോ❓ ➟ഇത് വിശ്വാസമാകാത്തവർ ഉണ്ടെങ്കിൽ, ദൈവവും ക്രിസ്തുവും പറയുന്നത് വിശ്വസിക്കുക: ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുന്നു: (ഹോശേ, 11:9 ⁃⁃ സഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). ➤❝ഒരേയൊരു ദൈവം പിതാവാണെന്നും❞ (Father, the only true God) ➤❝താൻ മനുഷ്യനാണെന്നും❞ ക്രിസ്തു പറയുന്നു: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 17:3; യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്നവർ ഒടുവിൽ എന്തുചെയ്യും❓ ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു]
വചനപരവും ചരിത്രപരവുമായ തെളിവ്: 
➦ എ.എം 3755-ൽ (ബിസി.6) മറിയയുടെ മൂത്തമകനായി ബേത്ത്ലേഹേമിൽ ജനിച്ച (ലൂക്കൊ, 2:5-7 ⁃⁃ മത്താ, 1:25) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അവൻ യെശയ്യാവിൻ്റെയും ദൂതന്റെയും പ്രവചനങ്ങൾപോലെ (യെശ, 61:1ലൂക്കൊ, 1:32; ലൂക്കൊ, 1:35), എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38മത്താ, 3:17; ലൂക്കൊ, 2:22). ➟അതായത്, ബി.സി. 6-നു് മുമ്പെ യേശു എന്നൊരു വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2 ⁃⁃1പത്രൊ, 1:20). ➟യെശയ്യാവിൻ്റെ പ്രവചനംപോലെ ബി.സി. 29-ൽ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന അഭിക്തൻ (ക്രിസ്തു) ഇല്ല. ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങൾപോലെ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ല. ➟എബ്രായവർഷം 3755-ൽ മാത്രം ജനിച്ചവനും, 3789-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓ [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
ഏഴുപേരുടെ പുത്രൻ: 
➦ യേശു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ➟ദൈവപുത്രൻ (മത്താ, 3:17), ➟മനുഷ്യപുത്രൻ (മത്താ, 8:20), ➟അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➟ദാവീദിന്റെ പുത്രൻ (മത്താ, 1:1), ➟മറിയയുടെ പുത്രൻ (മർക്കൊ, 6:3), ➟യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➟സ്ത്രീയുടെ സന്തതി. (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15 ⁃⁃ ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ➟ഒരുത്തനെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക്, വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കുന്ന കാരണത്താൽ, ഈ വസ്തുത ഗ്രഹിക്കാൻ കഴിയുന്നില്ല. ➟യേശു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ മാത്രം സാക്ഷാൽ പുത്രനാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണ്. ➟മറിയ അവനെ പത്തുമാസം വയറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ചതാണ്. ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟യേശു മറിയയുടെ മകനാണെന്ന് മുപ്പത്തേഴ് പ്രാവശ്യം വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിട്ടുമുണ്ട്. ➟അതിൽ രണ്ടുപ്രാവശ്യം അവളുടെ മൂത്തമകനെന്ന് അവനെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7). ➟ഒരു പ്രാവശ്യം കർത്താവിൻ്റെ മാതാവെന്ന് മറിയയെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43). ➟മറിയയുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദരന്മാർ എന്നും പറഞ്ഞിട്ടുണ്ട്: (1കൊരി, 9:5; ഗലാ, 1:19). ➟ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ അവൾ ദൈവമാതാവാണെന്നും അവൻ്റെ സഹോദരന്മാർ ദൈവത്തിൻ്റെ സഹോദരന്മാരും ദൈവങ്ങളും ആണെന്ന് വിശ്വസിക്കേണ്ടതല്ലയോ❓ ➟അവൻ ദൈവമാണെന്ന് വിശ്വസിക്കുകയും മറിയ ദൈവമാതാവും അവൻ്റെ സഹോദരന്മാർ ദൈവങ്ങളും അല്ലെന്ന് പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റൻ്റുപദേശം വെറും ഇരട്ടത്താപ്പ് മാത്രമാണ്. ➤[കാണുക: മറിയയുടെ മകൻ]  
യേശുവിൻ്റെ പദവികൾ: 
➦ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ പുത്രൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4ഉല്പ, 3:15). ➟ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; പദവികളാണ്. ➟ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:27; പ്രവൃ, 4:30). ➟യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് യഹോവസാക്ഷികളെ പോലുള്ളവർ പറയുന്നത്. ➟യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ❓ ➟എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല. ➟യേശു ആരാണ് എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ➟ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ➟ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]

5 thoughts on “ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ”

Leave a Reply

Your email address will not be published. Required fields are marked *