ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദത്തിനും, ഹെയ്സ് (heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നാണ് ട്രിനിറ്റി പണ്ഡിതന്മാരുടെ അവകാശവാദം. യഹോവ ഏകൻ (ആവ, 6:4), ദൈവമായ കർത്താവു ഏക കർത്താവു (മർക്കൊ, 12:29), ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (മർക്കൊ, 12:32), ഏകദൈവം (യോഹ, 5:44), ദൈവം ഏകനല്ലോ (റോമർ 3:30), ഏകദൈവമല്ലാതെ ദൈവമില്ല (1കൊരി, 8:4), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവം ഒരുവൻ തന്നേ (1കൊരി 12:6), ദൈവമോ ഒരുത്തൻ മാത്രം (ഗലാ, 3:20), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) തുടങ്ങിയ വേദഭാഗങ്ങളിലെ ഏകൻ, ഒരുവൻ, ഒരുത്തൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ. അഥവാ, സംയുക്തമായ ഐക്യത്തെ അല്ലെങ്കിൽ പലതുചേർന്ന ഒന്നിനെ (compound unity) കുറിക്കുന്നതാണന്ന് ട്രിനിറ്റി പറയുന്നു. ഒന്ന് (1) എന്നാൽ എണ്ണൽ സംഖ്യകളിൽ (1,2,3,4,5…..) ആദ്യത്തേതാണ്. ഒന്ന് എന്ന സംഖ്യയ്ക്ക് ആദ്യത്തേത്, ഒരു വസ്തുവിനെയോ, വ്യക്തിയെയോ കുറിക്കുന്ന സംഖ്യ, എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത് എന്നൊക്കെയാണർത്ഥം. എന്നാൽ നമ്മുടെ പണ്ഡിതന്മാരുടെ ഭാഷയിൽ, എബ്രായയിലെ ഒന്നും (എഹാദ്), ഗ്രീക്കിലെ ഒന്നും (ഹെയ്സും) ക്ലിപ്തമായ അഥവാ, ഖണ്ഡിതമായ ഒന്നിനെ (absolute one) കുറിക്കുന്നതല്ല. ബഹുത്വമുള്ള ഒന്നാണ്. അതുകൊണ്ടാണ്, “ദൈവം ഏകൻ” എന്ന് ബൈബിൾ പറയുന്നത് വിശ്വസിക്കാതെ മൂന്ന് വ്യക്തികളാണെന്ന് അവർ പറയുന്നത്. ട്രിനിറ്റിയുടെ ഭാഷയിൽ, എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളിൽ ആദ്യത്തേതായ ഒന്നിന് കൃത്യമായ ഒരു സംഖ്യാമൂല്യം (Numerical value) ഇല്ല. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയായിട്ടാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എബ്രായയിലും ഗ്രീക്കിലും ഒന്നിനു ഖണ്ഡിതമായൊരു സംഖ്യാവില ഇല്ലെങ്കിൽ ഒന്നും ഒന്നും (1+1) കൂട്ടിയാൽ എത്രയാണെന്ന് അവർ എങ്ങനെ കണ്ടെത്തും? ഒന്നു കേവലമായ ഒന്ന് (Absolute One) അഥവാ, അഖണ്ഡമായ ഒന്നല്ലെങ്കിൽ അവർ കണക്കുകൾ എങ്ങനെ കൂട്ടും? വിശേഷാൽ, എബ്രായർ ലോകത്തിലെ ഏറ്റവും ബുദ്ധിരാക്ഷസരാണ്. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ നോബൽ സമ്മാനങ്ങളിൽ അധികവും കരസ്ഥമാക്കിയിരിക്കുന്നത് അവരാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടുമെന്ന് ഖണ്ഡിതമായി പറയാൻ കഴിയാത്തവർക്ക് ഇത്രയധികം പുരസ്കാരങ്ങൾ എങ്ങനെ കിട്ടും? എന്നുവെച്ചാൽ, ഇത് ട്രിനിറ്റി പണ്ഡിതന്മാരുടെ വഞ്ചന മാത്രമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള എണ്ണൽ സംഖ്യകൾ പോലെതന്നെയാണ് എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളും. അല്ലാതെ, അവരുടേതിനുമാത്രം പ്രത്യേകിച്ച് ബഹുത്വമൊന്നുമില്ല.
ഏകസത്യദൈവത്തെ (The only true God) ത്രിമൂർത്തി ബഹുദൈവമാക്കാൻ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പടച്ചുവിട്ട ഉടായിപ്പ് വ്യാഖ്യാനങ്ങൾക്കുള്ള മറുപടി പറഞ്ഞശേഷം, പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെ തേച്ചോട്ടിക്കുന്നതു കാണാം. തുടർന്ന് ബൈബിളിലെ മറ്റു തെളിവുകളും കാണാം:
1. ഒന്നാം ദിവസം: (ഉല്പ, 1:5). ഒന്നാം ദിവസം എന്നത് സൃഷ്ടിയുടെ ഏഴ് ദിവസങ്ങളിൽ ഒന്നാണ്; അതുകൊണ്ട്, ഒന്ന് ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ! ബെസ്റ്റ് വ്യാഖ്യാനം, ഉപ്പിലിട്ട് വെക്കാൻ കൊള്ളാം.
ഏഴു ദിവസങ്ങളിൽ ഒന്ന് എന്നൊരു പ്രയോഗം ബൈബിളിൽ ഇല്ല. ഒരു വാദത്തിനുവേണ്ടി ഉണ്ടെന്ന് സമ്മതിച്ചാലും; ഒന്നിന് എങ്ങനെയാണ് ബഹുത്വം വരുന്നത്? ഏഴെന്ന ബഹുത്വത്തിൽ നിന്ന് ഒന്നിനെ അഥവാ, ഒരു ദിവസത്തെ സൃഷ്ടി വേർപെടുത്തി കാണിക്കുകയല്ലേ ചെയ്യുന്നത്? അതായത്, ഏഴുദിവസത്തെയും ചേർത്തല്ല ഒന്നാം ദിവസം എന്നു അവിടെ പറയുന്നത്; സൃഷ്ടിയുടെ ആദ്യത്തെ ദിവസത്തെ മാത്രമാണ്. ആ ഒരു ദിവസം എങ്ങനെ ഐക്യത്തിൽ ഒന്നാകും? തിമൂർത്തികളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരു കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണെങ്കിൽ; അവൻ ഒന്നാം ക്ലാസ്സിൽ അല്ല; ഐക്യത്തിൽ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്തെന്നാൽ, ആ സ്കൂളിൽ അവൻ പത്താം ക്ലാസ്സുവരെ പഠിക്കാനുള്ളതാണ്. തന്മൂലം, പത്തിലൊന്നിലാണ് ഇപ്പോൾ പഠിക്കുന്നത്, അതുകൊണ്ട്, അവൻ ഐക്യത്തിൽ ഒന്നിലാണ് പഠിക്കുന്നത് എന്നല്ലേ പറയേണ്ടത്? എന്തൊരു ദുരന്ത വ്യാഖ്യാനമാണിത്. ആഴ്ചയിലെ ഒന്നാം ദിവസം ഐക്യത്തിൽ ഒരു ദിവസമാണെങ്കിൽ, മാസത്തിലെ ഒന്നാമത്തെ ആഴ്ച ഐക്യത്തിലോരു ആഴ്ചയും വർഷത്തിലെ ഒന്നാമത്തെ മാസം ഐക്യത്തിലൊരു മാസവും നൂറ്റാണ്ടിലെ ഒന്നാമത്തെ വർഷം ഐക്യത്തിലൊരു വർഷവും സഹസ്രാബ്ദത്തിലെ ഒന്നാമത്തെ നൂറ്റാണ്ട് ഐക്യത്തിലൊരു നൂറ്റാണ്ടുമാകണ്ടേ? എന്തൊരു വെളിവുകെട്ട വ്യാഖ്യാനമാണിത്. “സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം” എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്, സന്ധ്യയും ഉഷസ്സും ചേർന്ന ഐക്യത്തിലുള്ള ഒന്നാണെന്നാണ് ഒരു കൊടികെട്ടിയ ത്രിമൂർത്തി പണ്ഡിതൻ്റെ വ്യാഖ്യാനം. ഒരു ദിവസത്തിൽ സന്ധ്യയും ഉഷസ്സും മാത്രമല്ല ഉള്ളത്; 24 മണിക്കൂറും 1,440 മിനിറ്റും 86,400 സെക്കൻ്റുമുണ്ട്. പിന്നെ ഓരോദിവസവും കാറ്റും മഴയും മഞ്ഞും തണുപ്പും വെയിലും ചൂടും കൊടുങ്കാറ്റും പ്രളയുവുമൊക്കെ മാറിമാറി വരാറുണ്ട്. ഇതെല്ലാം ചേർന്ന ഐക്യത്തിൽ ഒന്നാണെന്ന് പറയാത്തതെന്താണ്?
എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: ഐക്യത്തിൽ ഒന്ന് അല്ലെങ്കിൽ, സംയുക്തമയ ഐക്യം എന്ന പ്രയോഗത്തിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; ഒന്നിലധികം എന്നേ അർത്ഥമുള്ളൂ. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണെന്ന് വചനവിരുദ്ധമായി വാദിച്ചുകൊണ്ട്, ദൈവം ത്രിത്വമാണെന്ന് പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാഹരണത്തിന്, “നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്; എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു” എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? കഷ്ടം!
2. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ: (ഉല്പ, 2:11). പീശോൻ എന്ന നദി നാല് ശാഖകളിൽ ഒന്നാമത്തേതാണ്; അതുകൊണ്ട്, അത് ഐക്യത്തിൽ ഒന്നാണത്രേ!
ഏദെനിൽനിന്ന് പുറപ്പെടുന്ന ഒരു നദിയുടെ നാല് ശാഖകളിൽ ഒന്നിൻ്റെ കാര്യമാണ് പറയുന്നത്. അതായത്, ഒരു നദി നാലു ശാഖകളായി അഥവാ, നാല് നദികളായി പിരിഞ്ഞുപോകുന്നതിൽ ഒരു നദിയെക്കുറിച്ചാണ് പരാമർശം. നാലു നദിയെന്ന് പറഞ്ഞാൽ, നദികളിൽ ഒരു ബഹുത്വമുണ്ട്. ആ ബഹുത്വത്തിൽ നിന്ന് ഒന്നാമത്തെ നദിയായ പീശോൻ ഒഴുകി ഹവീലാദേശമൊക്കെയും ചുറ്റുന്നു എന്നു പറഞ്ഞാൽ, ആ ഒരു നദിക്കെങ്ങനാ ബഹുത്വമുണ്ടാകുന്നത്? അവിടെ പീശോനെന്ന ഒറ്റ നദിയെയാണ് ഒന്നാമത്തേത് എന്ന് പറയുന്നത്; ആ നദി എങ്ങനെ ഐക്യത്തിൽ ഒന്നാകും? ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത്, മനുഷ്യൻ്റെ യുക്തിയെയും ബുദ്ധിയെയും എങ്ങനെ ദുരുപദേശത്തിന് അടിമപ്പെടുത്താം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രിമൂത്തി ദൈവശാസ്ത്ര വ്യഖ്യാനം.
3. വാരിയെല്ലുകളിൽ ഒന്ന്: (ഉല്പ, 2:21). ആദാമിൻ്റെ പല വാരിയെല്ലുകളിൽ ഒന്നാണ് ദൈവം എടുത്തത്. അതുകൊണ്ട്, ആ ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണത്രേ.
ആദാമിൻ്റെ ഒരു വാരിയെല്ലെടുത്താണ് ദൈവം ഹവ്വായെ സൃഷ്ടിച്ചത്. മനുഷ്യശരീരത്തിൽ 24 വാരിയെല്ലുകളാണുള്ളത്. അതിൽനിന്ന് ഒരെണ്ണം മാത്രമാണ് ദൈവം എടുത്തത്. അതായത്, 24-ലെന്ന ബഹുത്വത്തിൽ നിന്ന് ഒന്നെടുത്താൽ, ആ എടുത്ത ഒന്നിന് എങ്ങനെ ബഹുത്വമുണ്ടാകും? 24-ൽ നിന്ന് രണ്ടോ, മൂന്നോ, പത്തോ ദൈവം എടുത്തില്ല; ഒന്ന് മാത്രമാണ് എടുത്തത്. ആ ഒന്ന് ഐക്യത്തിൽ ഒന്നാകുമോ? സാത്താനെപ്പോലും ലജ്ജിപ്പിക്കുന്ന ദുർവ്യാഖ്യാനമാണ് ത്രിമൂർത്തി ദൈവശാസ്ത്രത്തിലുള്ളത്.
4. അവർ ഏക ദേഹമായി തീരും: (ഉല്പ, 2:24). അവർ ഏകദേഹമായിത്തീരും എന്ന് പറഞ്ഞിരിക്കയാൽ; അവിടെപ്പറയുന്ന ഒന്ന് ഐക്യത്തിൽ ഒന്നാണത്രേ!
ആദാമും ഹവ്വായും ഒരു ദേഹമായിത്തീരും എന്നുപറഞ്ഞാൽ, രണ്ടു വ്യക്തികളുംകൂടി യഥാർത്ഥത്തിൽ ഒന്നായിത്തീരുമെന്നോ, ഒരു ശരീരമായി തീരുമെന്നോ, ഒരു വ്യക്തിയായി തീരുമെന്നോ, ഒരു മനുഷ്യനായി തീരുമെന്നോ ആണോ അതിനർത്ഥം? അല്ല. ‘ഏകദേഹം’ എന്നത് അവരുടെ ദാമ്പത്യത്തെ കുറിക്കുകയാണ്. ആദാമും ഹവ്വായും എന്ന വ്യക്തികളല്ല ഒന്നാകുന്നത്; അവരുടെ ദാമ്പത്യമാണ്. അഥവാ, ദാമ്പത്യമെന്ന സംവിധാനമാണ് അവിടെ ഏകദേഹം എന്നു വിവക്ഷിച്ചിരിക്കുന്നത്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നു എന്നു പഠിപ്പിക്കുന്നവരും, പുനരുത്ഥാനശേഷം ഭാര്യയും ഭർത്താവും ഒരു ശരീരത്തിലായിരിക്കും എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. ആ ഉപദേശം നിങ്ങളുടെ കയ്യിൽത്തന്നെ വെച്ചാൽ മതി. ഇനി, അവർ രണ്ടു വ്യക്തികൾ ചേർന്ന് അക്ഷരാർത്ഥത്തിൽ ഒന്നായിത്തീർന്നാലും ഒന്നിന് എങ്ങനെ ബഹുത്വം വരും; പിന്നെ ബഹുത്വമില്ലല്ലോ, ഏകം മാത്രമല്ലേയുള്ളു? ഇക്കാര്യം ദൈവത്തിൻ്റെ ക്രിസ്തു പറയുന്നുണ്ട്; അപ്പോൾ, ത്രിമൂർത്തികളുടെ ദൂർവ്യാഖ്യാനത്തിൻ്റെയും ദൂരുപദേശത്തിൻ്റെയും പൂച്ച് പുറത്തുചാടും.
5. ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു: (ഉല്പ, 11:6). ജനം ഒന്ന് ഭാഷയും ഒന്ന് എന്ന് പറഞ്ഞിരിക്കയാൽ ഒന്നിന് ബഹുത്വമുണ്ടത്രേ!
ബാബേൽ ഗോപുരം നശിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ദൈവം പറയുന്നതാണിത്. ജനം ഒന്നെന്നു പറഞ്ഞാൽ, ഒരു നേതാവിൻ്റെ കീഴിൽ അവർ ഐക്യത്തോടെ നില്ക്കുന്നുവെന്നാണ്. അവിടെ ‘ജനം’ എന്ന ബഹുത്വം പറഞ്ഞശേഷമാണ് ഒന്നെന്ന ഏകവചനം പറയുന്നത്. എന്നാൽ, അവിടെ പലരായ ജനമെല്ലാം ചേർന്ന് ഒരു മനുഷ്യനാകുകയോ, ഒരു വ്യക്തിയാകുകയോ ചെയ്തിട്ടില്ല; പലരായ അവരുടെ ഏക കൂട്ടായ്മയെ അഥവാ, ഐക്യത്തെയാണ് ഒന്നെന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒന്നെന്ന് പറയുമ്പോൾത്തന്നെയും അവർ തികച്ചും വ്യത്യസ്തരായ പല മനുഷ്യരാണ്; അല്ലാതെ, ഒരു മനുഷ്യനിലുള്ള പല വ്യക്തികളല്ല. അതുപോലെയാണോ, നിങ്ങൾ ത്രിത്വത്തെ നിർവ്വചിക്കുന്നത്? സമനിത്യരും വ്യത്യസ്തരുമെന്ന് നിങ്ങൾ പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും മൂവരും പൂർണ്ണ ദൈവമാണ്. മൂന്ന് പൂർണ്ണദൈവം ഐക്യത്തിൽ ഒരു ദൈവമാകുന്ന കഥയാണ് നിങ്ങൾ പറയുന്നത്. എന്നാൽ ജനം ഒന്നെന്ന് പറയുമ്പോൾ അഥവാ, പലരായ മനുഷ്യർ ഒന്നെന്ന് അവിടെ പറയുമ്പോൾ, അവർ ഒരു മനുഷ്യൻ ആകുകയല്ല ചെയ്യുന്നത്; അവരുടെ കൂട്ടായ്മ അഥവാ, ഐക്യത്തെ മാത്രമാണ് ഒന്നെന്ന് പറയുന്നത്. അല്ലാതെ, ബാബേലിലെ എല്ലാ മനുഷ്യരെയും ചേർത്ത് ഐക്യത്തിൽ ഒരു മനുഷ്യനെന്നല്ല പറയുന്നത്. അടുത്തത്; ഭാഷ ഒന്നെന്നു പറഞ്ഞാൽ; എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ്. ഇവിടെയും, ഒന്നിന് എവിടെയാണ് ബഹുത്വം? അല്പം കഴിഞ്ഞപ്പോൾ ഭാഷയും കലങ്ങി, ജനത്തിൻ്റെ ഒരുമയും കഴിഞ്ഞു; പിന്നെ, അവരെ ഒന്നെന്നു പറഞ്ഞിട്ടുമില്ല. ഐക്യത്തിൽ ഒന്നെന്ന ഒരു ഭാഷയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ സംസാരിക്കുന്നത്, മലയാളം എന്ന ഒരു ഭാഷയാണ്. അതിനെ ഐക്യത്തിലുള്ള ഒരു ഭാഷയെന്ന് ആരെങ്കിലും പറയുമോ? മൂന്നരക്കോടി ജനങ്ങൾ ഒരു ഭാഷ സംസാരിക്കുന്നതുകൊണ്ട് കേരളത്തിൽ ഐക്യത്തിൽ ഒരു മനുഷ്യനാണ് ഉള്ളതെന്ന് ആരെങ്കിലും പറയുമോ? ത്രിമൂർത്തികൾ പറയുമായിരിക്കും; അതാണല്ലോ നിങ്ങളുടെയും വ്യാഖ്യാന രീതി.
6. ഇരുവരും ഒരു ദേഹമായി തീരും. (മത്താ, 19:5). ഇരുവരും ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞിരിക്കയാൽ, ഒന്നിന് ബഹുത്വമുണ്ടത്രേ; സമ്മതിച്ചു. ഇനി, യേശു പറയുന്നത് കേൾക്കുക:
ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്താ, 19:4-5. ഒ.നോ: മർക്കൊ, 10:6-7). 5-ാം വാക്യത്തിൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നത്; വിവാഹബന്ധം അഥവാ, ദാമ്പത്യത്തെക്കുറിച്ചാണ്. വിവാഹത്തിനു മുമ്പുവരെ അപ്പനോടും അമ്മയോടും പറ്റിയിരുന്ന പുരുഷൻ വിവാഹശേഷം ഭാര്യയോടു പറ്റിച്ചേർന്ന് ശരീരവും മനസ്സുംകൊണ്ട് ദാമ്പത്യത്തിൽ മാത്രമാണവർ ഒന്നാകുന്നത്. അതും ശാശ്വതമായ ഒന്നല്ല; അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ ഒന്നല്ല; രണ്ടാണ്. കൂടാതെ, അവർ വിവാഹബന്ധത്തിൽ ഒന്നാണെന്നു പറഞ്ഞാലും; ബുദ്ധിയിലോ, ശക്തിയിലോ, നിറത്തിലോ, ഗുണത്തിലോ തുല്യതയില്ലാത്ത രണ്ടു വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. അർത്ഥാൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാലും, ഇരുവർ അഥവാ, രണ്ട് വ്യക്തികൾ അല്ലെങ്കിൽ, രണ്ട് മനുഷ്യർ യഥാർത്ഥത്തിൽ ഒന്നാകുന്നില്ല; അവരുടെ ദാമ്പത്യ ജീവിതം മാത്രമാണ് ഒരു ദേഹമാത്തീരും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഉപേക്ഷണപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. (മത്താ, 19:7). അതായത്, രണ്ടു മനുഷ്യരുടെ ദാമ്പത്യമെന്ന ഏക സംവിധാനത്തെയാണ് ഏക ദേഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ, ദൈവം ഒരു സംവിധാനമല്ല സൽഗുണപുർണ്ണനായ ഒരു സത്തയാണ്.
എന്നാൽ, ശ്രദ്ധേയമാ കാര്യം അതൊന്നുമല്ല. ഏകനായ ദൈവത്തെ ത്രിമൂർത്തികൾ ഐക്യത്തിൽ ഏകനാക്കിയത് ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്. അതിനാണ്, ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന വിഭിന്ന വ്യക്തികളാണെന്ന വ്യാജവും ട്രിനിറ്റി പടച്ചുണ്ടാക്കിയത്. എന്നാൽ, അതിൻ്റെ 4-ാം വാക്യം ഇപ്രകാരമാണ്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” ഈ വാക്യത്തോടുള്ള ബന്ധത്തിൽ ക്രിസ്തു പറയുന്ന മൂന്നുകാര്യങ്ങൾ വ്യക്തമാക്കാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നുപേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, യഹോവയായ ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ, ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he) എന്ന് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we) എന്ന് പറയുമായിരുന്നില്ലേ? അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. “അതായത്, ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്ന ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെയും ദുരുപദേശത്തെയും ദൈവപുത്രനായ ക്രിസ്തുതന്നെ തേച്ചൊട്ടിച്ചുകളഞ്ഞു.“ ത്രിമൂർത്തികൾക്ക് സന്തോഷമായില്ലേ!
ഒന്നിനെ കുറിക്കുന്ന എബ്രായ പദമായ എഹാദ് (ehad) 952 പ്രാവശ്യവും, ഗ്രീക്കുപദമായ ഹെയ്സ് (heis) 272 പ്രാവശ്യവുമുണ്ട്. ത്രിമൂർത്തികൾ എടുത്തിരിക്കുന്ന ഉദാഹരണങ്ങൾ അല്ലാതെ, ‘ഒന്നിനെ’ കുറിക്കുന്ന വേറെയും വാക്യങ്ങളുണ്ടല്ലോ, അതുംകൂടി പരിശോധിച്ചു കഴിയുമ്പോൾ പണ്ഡിതന്മാരുടെ ത്രിത്വവഞ്ചന പൊളിഞ്ഞടുങ്ങുന്നത് കാണാം:
1. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു: ഒരുത്തിക്കു (എഹാദ്) ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ: (ഉല്പ, 4:19). ആദായെന്നു പറയുന്നവൾ ഒരുത്തി അഥവാ, എഹാദ് ആണെന്ന് ബൈബിൾ പറയുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ അവൾക്കും ബഹുത്വമുണ്ട്. അതായത്, ആദ്യത്തെ ഭാര്യ ഐക്യത്തിൽ ഒരുവൾ അഥവാ, ബഹുത്വമുള്ളവളും അടുത്ത ഭാര്യ ഏകയും. അപ്പോൾ ശരിക്കും ലാമെക്ക് എത്ര ഭാര്യമാരെയാണ് എടുത്തത്? രണ്ടു ഭാര്യമാരെന്ന് എഴുതിപ്പിച്ച ദൈവാത്മാവിന് തെറ്റുപറ്റിയോ?
2. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുത്തുന്നു (എഹാദ്) പേലെഗ് എന്നു പേർ; സഹോദരന്നു യൊക്താൻ എന്നു പേർ: (ഉല്പ, 10:25). ഇതിൽ പേലെഗ് എഹാദ് അഥവാ, ഐക്യത്തിൽ ഒരുവനാണ്. അപ്പോൾ ഏബെരിനു ശരിക്കും എത്ര മക്കളുണ്ട്? രണ്ട് പുത്രന്മാരെന്ന് ബൈബിൾ പറയുന്നത് തെറ്റാണോ?
3. ഭൂമിയിൽ ഒക്കെയും ഒരേ (എഹാദ്) ഭാഷയും ഒരേ (എഹാദ്) വാക്കും ആയിരുന്നു: (ഉല്പ, 11:1). ജലപ്രളയത്തിനു ശേഷം ബാബേലിൽ ദൈവം ഭാഷ കലക്കുന്നതുവരെ ഒരേ ഭാഷയും വാക്കുമാണ് അവർ സംസാരിച്ചിരുന്നതെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. നിങ്ങൾ പറയുന്നു; ഒന്ന് ഒന്നല്ല; ഒന്നിന് ബഹുത്വമുണ്ട്. അപ്പോൾ, അവർ പലഭാഷകൾ സംസാരിച്ചിരിക്കണം. അതിനർത്ഥം, മോശെ എഴുതിവെച്ചിരിക്കുന്നത് തെറ്റാണെന്നല്ലേ?
4. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു (എഹാദ്) കുറുങ്കാട്ടിൻ തണലിൽ ഇട്ടു: (ഉല്പ, 21:15). ഹാഗാർ തൻ്റെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കാര്യമാണ് പറയുന്നത്. ഒരു അഥവാ, എഹാദ് കുറ്റിക്കാടെന്ന് ബൈബിൾ പറയുന്നു. ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണെങ്കിൽ,, ഒന്നിലധികം കുറ്റിക്കാടായി. ഒരു കുഞ്ഞിനെ ഒന്നിലധികം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും?
5. അപ്പോൾ ദൈവം: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു (എഹാദ്) മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു: (ഉല്പ, 22:2). അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ ശ്രമിച്ചതു മോരിയയിലെ ഒരു മലയിലാണ്. അവിടെത്തന്നെയാണ് ശലോമോൻ ദൈവാലയം പണിതതും: (2ദിന, 3:1). ത്രിമൂർത്തികളുടെ ഭാഷയിൽ എഹാദിന് ബഹുത്വമുണ്ട്. അപ്പോൾ, യാഗംകഴിച്ചത് ഒന്നിലധികം മലകളിലാണോ? ശലോമോൻ ദൈവാലയം പണികഴിപ്പിച്ചത് ഒന്നിലധികം മലകളിലാണോ? ദുരപദേശമാണെങ്കിലും, പറയുന്ന കാര്യങ്ങൾക്ക് ഒരു ചേർച്ചവേണ്ടേ?
6. ഞങ്ങൾ ഒരു (എഹാദ്) അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ (എഹാദ്) ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു: (ഉല്പ, 42:32). മിസ്രയീമിലെ മന്ത്രി തങ്ങളുടെ സഹോദരനാണെന്നറിയാതെ, യാക്കോബിൻ്റെ മറ്റു മക്കൾ യോസേഫിനോട് പറയുന്ന കാര്യമാണിത്. “ഞങ്ങൾ ഒരു അപ്പൻ്റെ മക്കൾ.” ഒന്നിന് ബഹുത്വമുണ്ടെങ്കിൽ, യാക്കോബിനും ബഹുത്വമുണ്ട്. അല്ലയോ ത്രിത്വപണ്ഡിതന്മാരെ നിങ്ങളോടൊന്നു ചോദിച്ചോട്ടെ; ഗോത്രപിതാക്കന്മാർക്ക് എത്ര അപ്പന്മാരുണ്ട്? ഈ വെളിവില്ലാത്ത വ്യാഖ്യാനം യെഹൂദന്മാർ കേൾക്കണ്ട. അടുത്തഭാഗത്ത് പറയുന്നത്; “ഒരുത്തൻ ഇപ്പോൾ ഇല്ല.” ഇവിടെപ്പറയുന്ന ഒരുത്തൻ യോസേഫാണ്. എഹാദിന് ബഹുത്വമുണ്ടെങ്കിൽ, അപ്പനായ യാക്കോബ് മാത്രമല്ല; ഇളയമകനായ യോസേഫും ഐക്യത്തിൽ ഒരുവനാണ്. അടിമുടി ദുരുപദേശത്തിൽ മുങ്ങിയവർക്കല്ലാതെ, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന് പറയാൻ കഴിയില്ല.
6. നമുക്കെല്ലാവർക്കും ഒരു (എഹാദ്) പിതാവല്ലോ ഉള്ളതു; ഒരു (എഹാദ്) ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? (മലാ, 2:10). നമുക്കെല്ലാവർക്കും ഒരു പിതാവും ഒരു ദൈവവുമാണ് ഉള്ളതെന്ന് മലാഖി പറയുന്നു. ‘ഒരു ദൈവം’ എന്നു പറഞ്ഞാൽ; ഒന്നിനു ബഹുത്വമുണ്ട്, അതിനാൽ ദൈവത്തിൽ ഒന്നിലധികം വ്യക്തികളുണ്ടെന്ന് നിങ്ങൾ പറയും. “ഒരു പിതാവു” എന്നു പറയുമ്പോൾ, ഒന്നിനു ബഹുത്വം വരില്ലേ? അപ്പോൾ, ത്രിമൂർത്തികൾക്ക് ഒന്നിലധികം അപ്പന്മാരുണ്ടോ?
ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമാണ് ഉപായിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. അതിനാൽ, ദൈവം ഏകനാണ്, ഒരുവനാണ് എന്നൊന്നും പറഞ്ഞാൽ ത്രിമൂർത്തികൾ ആരും വിശ്വസിക്കില്ല. അതിൻ്റെ കാരണം എന്താണെന്നു ചോദിച്ചാൽ; ഉപായിയായ സർപ്പം ഒരു മുഴം മുമ്പെ എറിഞ്ഞുവെച്ചിരിക്കയാണ്. തന്മൂലം, തിരുവചനം തിരിച്ചറിയാത്തവിധം ത്രിമൂർത്തികളുടെ കണ്ണ് സാത്താൻ കുരുടാക്കിയിരിക്കയാണ്. അതിൻ്റെ ഒരു വ്യക്തമായ തെളിവ് കാണിച്ചുതരാം: ഐക്യത്തിലുള്ള ഒന്ന് അഥവാ, ബഹുത്യമുള്ള ഏകത്വമെന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം ഏഹാദ് ആണ്. എണ്ണൽ സംഖ്യകളിൽ ആദ്യത്തേതായ അഥവാ, ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന പദത്തിന് ബഹുത്വമില്ല; ബഹുത്വമുണ്ടാകാൻ പാടില്ല. എന്നാൽ, എഹാദ് (ehad) എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള യഹാദ് (yahad) എന്ന മറ്റൊരു പദമുണ്ട്. യഹാദ് എന്ന പദത്തിന് ഒന്നെന്ന അർത്ഥമല്ല; ഇംഗ്ലീഷിലെ together ആണത്. ഒന്നിച്ച്, ഒരുമിച്ച്, ഒത്തൊരുമിച്ച്, യോജിച്ച് എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. അതാണ്, യഥാർത്ഥത്തിൽ ഇവർ പറയുന്ന ബഹുത്വമുള്ള ഏകത്വം അഥവാ, ഐക്യത്തിലുള്ള ഒന്ന്. സത്യവേദപുസ്തകത്തിൽ അതിനെ, ഒന്നിച്ചു (ഉല്പ, 13:6), ചേർന്നു (26:24), ഒരുപോലെ (ആവ, 12:22), കൂടിക്കലർന്ന (ആവ, 22:11), കുടിയ അഥവാ ഒന്നിച്ചുകൂടിയ (ആവ, 33:5), യോജിച്ചു (യോശു, 9:2), ഒരുമിച്ചു (ന്യായാ, 19:6) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതായത്, ദൈവത്തെ കുറിക്കാൻ യഹാദ് ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ കുറിക്കുന്ന എഹാദിന് ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനുള്ള സാത്താൻ്റെ കുടിലതന്ത്രത്തിൻ്റെ ഫലമാണത്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.
ഇനി, പുതിയനിയമത്തിൽ നോക്കാം:
1. അവർ ഭക്ഷിക്കുമ്പോൾ അവൻ: “നിങ്ങളിൽ ഒരുവൻ (ഹെയ്സ്) എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു: (മത്താ, 26:21. ഒ.നോ: ലൂക്കോ, 22:47). 👉 ഒരുവൻ കാണിച്ചു കൊടുക്കുമെന്നാണ് യേശു പറഞ്ഞത്. ഒന്ന് അഥവാ, ഹെയ്സ് (heis) ഐക്യത്തിൽ ഒന്നാണെങ്കിൽ, എത്രപേർ യേശുവിനെ കാണിച്ചുകൊടുത്തിരിക്കും? അപ്പൊസ്തലന്മാർ എല്ലാവരും കൂടിയാണോ ക്രിസ്തുവിനെ കാണിച്ചുകൊടുത്തത്?
2. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ (ഹെയ്സ്) കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു: (മത്താ, 26:51). പത്രൊസാണ് വാളൂരി മഹാപുര്യോഹിതൻ്റെ ദാസനെ വെട്ടിയത്. ഇവിടെയും, ‘ഒരുവൻ’ ഐക്യത്തിൽ ഒരുവനാണെങ്കിൽ, ഒന്നിലധികം പത്രൊസുമാരായിരുന്നോ യേശുവിനെ വെട്ടിയത്? അതോ, പത്രൊസും മറ്റു ശിഷ്യന്മാരും ചേർന്നാണോ വെട്ടിയത്?
3. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ (ഹെയ്സ്)നിന്നു മനഷ്യജാതിയെ ഒക്കെയും ഉളവാക്കി: (പ്രവൃ, 17:26). ആദാമാണ് ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യൻ; ഭൂമിയിലെ ആദ്യസ്ത്രീയായ ഹവ്വാപോലും ആദമിൽ നിന്നാണ് ജനിച്ചത്: (ഉല്പ, 2:21,22; 1തിമൊ, 2:13,14). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരുത്തന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ട്. അപ്പോൾ, ഒരുത്തനിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായതെന്ന് പറയുന്ന ദൈവവചനം തെറ്റാണോ? ത്രിമൂർത്തികളുടെ ഭാഷയിൽ എത്രപേരിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്?
4. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ (ഹെയ്സ്) ഗർഭം ധരിച്ചു: (റോമ, 9:10). റിബെക്ക ഗർഭംധരിച്ചത് അവളുടെ ഭർത്താവായ യിസ്ഹാക്കെന്ന ഏകനാൽ ആണെന്ന് ബൈബിൾ പറയുന്നു. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെന്ന് നിങ്ങൾ പറയുന്നു. അപ്പോൾ, ഒന്നിലധികം ഭർത്താക്കന്മാരാലാണോ റിബെക്കാ ഗർഭം ധരിച്ചത്? എന്തൊരു ദുരന്തമാണ് നിങ്ങൾ!
5. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ (ഹെയ്സ്) വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ: (1കൊരി, 9:24). ഗ്രീസിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഓട്ടക്കാരുടെ കൂട്ടത്തിൽ ഒരാൾക്കു മാത്രമേ ഒന്നാംസ്ഥാനം (വിരുതു) കിട്ടുകയുള്ളൂ. പണ്ഡിതന്മാർ പറയുന്നതുപോലെ ഒരുവനു ബഹുത്വമുണ്ടെങ്കിൽ, ഇവിടെ പൗലൊസ് പറയുന്ന ഒന്നിലധികംപേർ വിരുതു പ്രാപിക്കുന്ന ലോകമേതാണ്?
6. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ (ഹെയ്സ്) ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ: (ഗലാ, 4:22). അബ്രാഹാമിന് ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ ഒരുവൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുവൻ ബഹുത്വമുള്ള വാക്കാണെങ്കിൽ, യിശ്മായേലിനെയും യിസ്ഹാക്കിനെയും ചേർത്ത് രണ്ടു പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് ബൈബിളിൻ്റെ അബദ്ധമാണോ?
7. ലാസറോ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ (ഹെയ്സ്): (യോഹ, 12:2). ലാസർ ദ്വൈതമോ അതോ, ത്രിത്വമോ? പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) ദിദിമൊസ്: (യോഹ, 20:24). ദിദിമൊസിനു ബഹുത്വമുണ്ടെങ്കിൽ പന്തിരുവരെന്ന പ്രയോഗം തെറ്റല്ലേ? ഏഴുവരിൽ ഒരുവനായ (ഹെയ്സ്) ഫിലിപ്പൊസ് (പ്രവൃ, 21:8). ഒരുവനായ ഫിലിപ്പൊസിനു ബഹുത്വമുണ്ടെങ്കിൽ, ഏഴുപേർ എന്നല്ലല്ലോ പറയേണ്ടത്, എട്ടെന്നോ, ഒമ്പതെന്നോ, നൂറെന്നോ അല്ലേ പറയേണ്ടത്?
ത്രിത്വോപദേശം എന്നു പറയുന്ന നിങ്ങളുടെ അബദ്ധോപദേശത്തിനു നൂറുകണക്കിന് തെളിവ് നിരത്താൻ കഴിയും. വിസ്തര ഭയത്താൽ മറ്റൊരു ഭാഗത്തേക്കു കടക്കുന്നു. ‘ഏകൻ, ഒരുവൻ’ എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായഗ്രീക്കു പദങ്ങൾ ദൈവത്തോടും ക്രിസ്തുവിനോടും ചേർത്തു പറയുമ്പോൾ മാത്രമേ ബഹുത്വമുണ്ടാകു; അല്ലാത്തപ്പോൾ ഏകനാണെന്ന് പറഞ്ഞാലും രക്ഷയില്ല. തിരുവചനം നിങ്ങളെ തലങ്ങും വിലങ്ങും പെരുമാറും. തെളിവുകൾ കാണുക:
1. ഏക (ഹെയ്സ്) മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ (ഹെയ്സ്) അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19). ഇവിടെ, ആദാമിനും ബഹുത്വമുണ്ട്; ക്രിസ്തുവിനും ബഹുത്വമുണ്ട്. ആദാം ഐക്യത്തിൽ ഒരുവൻ ആയിരുന്നല്ലേ? ക്രിസ്തുവെന്ന ഏകൻ്റെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നതെന്ന് വചനം പറയുന്നു. ഹെയ്സ് ഐക്യത്തിൽ ഒന്നാണെന്ന നിങ്ങളുടെ വ്യാഖ്യാനപ്രകാരം, പലരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരാകുന്നത്. അപ്പോൾ, നമ്മുടെ നീകരണത്തിൻ്റെ കാരകൻ ക്രിസ്തു മാത്രമല്ലെന്ന സാത്താന്യ ഉപദേശമല്ലേ നിങ്ങൾ വിശ്വസിക്കുന്നത്?
2. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ (ഹെയ്സ്) മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും: (2കൊരി, 5:14). മനുഷ്യനായി വെളിപ്പെട്ട ക്രിസ്തു എന്ന ഏകൻ അഥവാ, ഹെയ്സ് മാത്രമാണ് മരിച്ചതെന്നാണ് ബൈബിൾ പറയുന്നത്. ഏകൻ ഐക്യത്തിൽ ഏകനാണെങ്കിൽ, മരിച്ച ക്രിസ്തുവിനും ബഹുത്വമുണ്ട്. ഏകദൈവവിശ്വാസികളുടെ പാപത്തിനായി ക്രിസ്തു എന്ന ഏകൻ മാത്രമാണ് മരിച്ചത്. അപ്പോൾ, ത്രിമൂർത്തികളുടെ പാപപരിഹാരാർത്ഥം എത്രപേർ മരിച്ചു? ലജ്ജയായ ദുരുപദേശത്തിൽ മാനം കൊള്ളുന്ന ത്രീമൂർത്തികൾ!
3. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക (ഹെയ്സ്) പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു: (2കൊരി, 11:2). ക്രിസ്തുവെന്ന ഏകപുരുനുമായാണ് സഭയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, നിർമ്മലകന്യകയായ സഭയ്ക്ക് ക്രിസ്തുവിനെക്കൂടാതെ ജാരന്മാരും ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളെ അന്ധം ത്രിമൂർത്തികളെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല.
4. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏക (ഹെയ്സ്) ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ: (എഫെ, 2:16). ക്രിസ്തുവിൻ്റെ ഏകശരീരത്തിലാണ് ക്രൂശിൽ പാപരിഹാരം വരുത്തിയത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, എത്ര ശരീരങ്ങളിലാണ് ദൈവത്തോട് നിരപ്പിച്ചത്? ത്രിമൂർത്തികൾക്കു വേണ്ടിയാണോ രണ്ട് കള്ളന്മാരും ക്രൂശിൽ മരിച്ചത്? നിങ്ങൾ ശരിക്കും അന്ധം ത്രിമൂർത്തികൾ തന്നെ!
5. നിങ്ങളെ വിളിച്ചപ്പോൾ ഏക (ഹെയ്സ്) പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (ഹെയ്സ്), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്): (എഫെ, 4:4). ക്രൈസ്തവസഭയുടെ പ്രത്യാശ, ശരീരം, ആത്മാവ്, കർത്താവ്, വിശ്വാസം, സ്നാനം, പിതാവായ ദൈവം ഇതൊക്കെ ഏകമാണ്. ഒന്നിനെ കുറിക്കുന്ന ഹെയ്സ് എന്ന പദത്തിനു ബഹുത്വമാണ്ടെന്ന് വ്യാജമായി വിശ്വസിക്കുന്ന നിങ്ങൾക്ക് ഒന്നിലധികം പ്രത്യാശയും ഒന്നിലധികം ശരീരവും ഒന്നിലധികം ആത്മാവും ഒന്നിലധികം കർത്താവും ഒന്നിലധികം വിശ്വാസവും ഒന്നിലധികം സ്നാനവും ഒന്നിലധികം പിതാവുമുണ്ടോ?ഏകസത്യദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസത്തിനും പാലംവലിക്കുന്ന ഉപദേശമാണ് ട്രിനിറ്റി.
6. ദൈവം ഒരുവനല്ലോ (ഹെയ്സ്). ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ (ഹെയ്സ്): എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ: (1തിമൊ, 2:5). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം. ഈ വേദഭാഗത്ത് ദൈവത്തിനും ക്രിസ്തുവിനും ബഹുത്വമുണ്ട്. ‘ഒരുവൻ’ എന്ന പദത്തിനു ബഹുത്വമുണ്ടെന്ന് വ്യാജമായി വിശ്വാസികളെ പഠിപ്പിച്ചപ്പോൾ, ഇത്രവലിയ പണി ബൈബിളിലുണ്ടെന്ന് പ്രതീക്ഷിച്ചില്ലല്ലേ? സത്യത്തിൽ നിങ്ങൾ ക്രിസ്തുവിൻ്റെ അനുയായികളോ; എതിർക്രിസ്തുവിൻ്റെ അനുയായികളോ?
7. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ (ഹെയ്സ്) പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11). ഒരുവനല്ലോ അഥവാ, ഹെയ്സ് അല്ലോ പിതാവ്. ത്രിമൂർത്തികളുടെ ഒരുവനായ പിതാവ് ഐക്യത്തിൽ ഒരുവനാണെങ്കിൽ, നിങ്ങൾക്ക് മൊത്തത്തിൽ എത്ര പിതാവുണ്ടെന്ന് പറയാമോ? പല അപ്പന്മാരുണ്ടെന്ന് പറയുന്നത് അഭിമാനമല്ല; അപമാനമാണെന്ന് തിരിച്ചറിയുക.
8. യേശുവോ പാപങ്ങൾക്കു വേണ്ടി ഏക(മിയ)യാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു: (എബ്രാ, 10:12). ഏകന് ബഹുത്വമുണ്ടെങ്കിൽ, യേശുക്രിസ്തു ഏകദേശം എത്രയാഗം കഴിച്ചിരിക്കും ത്രിത്വപണ്ഡിതന്മാരെ? ത്രിമൂർത്തി ബഹുദൈവ ഉപേശം പൈശാചികമാണെന്ന് നിങ്ങളുടെ ദുർവ്യാഖ്യാനവും ദുരുപദേശവം വ്യക്തമാക്കുന്നു.
എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം രംഗപ്രവേശം ചെയ്യുമെന്ന് മുന്നറിഞ്ഞുകൊണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും അതിന് ചെക്ക് (check) വെച്ചിരിക്കുന്ന അതിമനോഹരമായ കാഴ്ചകാണിക്കാം:
ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിമുപ്പതോളം പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നിങ്ങനെ യഹോവതന്നെ ഒന്നാം കല്പന 25 പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എഹാദ് ഐക്യത്തിൽ ഒന്ന് ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം ഉണ്ടാകുമെന്ന് മുന്നറിഞ്ഞ യഹോവ, 3,500 വർഷംമുമ്പെ അതിന് ചെക്ക് (check) വെച്ചിരിക്കയാണ്.
ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകനല്ല; ത്രിത്വമാണെന്നു വരുത്തിത്തീർക്കാൻ, പണ്ഡിതന്മാർ വലിയ വഞ്ചനയാണ് വിശ്വാസികളോട് ചെയ്തിരിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തെക്കുറിക്കുന്ന പ്രധാനപദം ഏഹാദ് (ehad) ആണെന്നും എഹാദ് കേവലമായ ഒന്നല്ല; ഐക്യത്തിൽ ഒന്നാണ്. അതിനാൽ ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്നുമാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അതിന് ഉപോൽബലകമായി അവർ പറയുന്നത്: കേവലമായ ഒന്നിനെ അഥവാ, ഒറ്റയെ (only) കുറിക്കുന്ന യാഹീദ് (yachiyd) എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ്. യാഹീദ് എന്ന പദം 12 പ്രാവശ്യമുണ്ട്. ഉദാ: (ഉല്പ, 22:2; 22:12; 22:16; ന്യായാ, 11:34). ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാൽ അതിനു തുല്യമായ പദങ്ങൾ പഴയപുതിയനിയമങ്ങളിൽ ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെ ആ വഞ്ചനയാണ് ഇനി കാണിക്കാൻ പോകുന്നത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം എഹാദ് അല്ല; എഹാദ് എന്ന പദം ഐക്യത്തിൽ ഏകനുമല്ല; അത് ട്രിനിറ്റിയുടെ വ്യാജവാദമാണ്. മുകളിൽ നാമത് കണ്ടതാണ്. ഇനിയും പ്രധാനപ്പെട്ട തെളിവുകൾ കാണാം:
എഹാദ് ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു ദൈവം അഥവാ, ഏൽ എഹാദ് (El ehad) എന്ന പൂർണ്ണപ്രയോഗം ഉള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ, അതേവാക്യത്തിൽ തന്നെ, ഒരു പിതാവ് അഥവാ, അബ് എഹാദ് (Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോധിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ (Ab ehad) ഉള്ളത്; ഒരു ദൈവം (El ehad) തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്. (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ ഒരു ദൈവം എന്ന് പറയുന്നതും ഒരു പിതാവെന്ന് പറയുന്നതും എഹാദ് എന്ന പദം കൊണ്ടാണ്. അഥവാ, അബ് എഹാദ് എന്നും ഏൽ എഹാദ് എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവം ഐക്യത്തിൽ ഏകനാണെങ്കിൽ, അഥവാ, ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവും ഐക്യത്തിൽ ഏകനാണ്. അഥവാ, പിതാവും മൂന്ന് വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി. അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ അവസാനത്തെ മശീഹയായ മലാഖി പ്രവാചകനും 2,400 വർഷംമുമ്പെ ചെക്ക് (check) വെച്ചിരിക്കയാണ്.
അടുത്ത രണ്ട് വാക്യങ്ങളിൽ, ദൈവം ഏകൻ എന്നല്ല; യഹോവ ഏകൻ അഥവാ, യഹോവ എഹാദ് (Yehova ehad) എന്നാണ്. അതിൽ, ഒന്നാമത്തെ വാക്യം ഷ്മാ പ്രഖ്യാപനമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). രണ്ടാമത്തെ വാക്യം: യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, യഹോവ എഹാദ് (Yehova ehad) എന്നാണ്. യഹോവ ദൈവം തന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ മശീഹമാരും 2,500 വർഷംമുമ്പ് ചെക്ക് (check) വെച്ചിരിക്കയാണ്.
മറ്റൊരു തെളിവ് തരാം: എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തെ, ക്രിസ്തുവും ഒരു യെഹൂദാ ശാസ്ത്രിയും കൂടി ഖണ്ഡിക്കുന്നതായി പുതിയനിയമത്തിൽ കാണാം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെണെന്ന മുഖ്യ കല്പനയാണ്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഈ വേദഭാഗത്ത് ഒന്നിനെ കുറിക്കുന്ന ഹെയ്സ് (heis) ആണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് ക്രിസ്തു മറുപടി കൊടുത്തത്. പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഏകനാണെന്ന് പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? ഷ്മാ പ്രാർത്ഥനയിൽ, പഴയനിയമത്തിൽ എഹാദും പുതിയ നിയമത്തിൽ ഹെയ്സും ആണ്. എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നാണെന്ന് പഠിപ്പിക്കുന്ന ട്രിനിറ്റിയുടെ ദുരുപദേശത്തിന് 2,000 വർഷംമുമ്പെ ക്രിസ്തുവും ശാസ്ത്രിയും ഒരുപോലെ ചെക്ക് (check) വെച്ചിരിക്കയാണ്.
മറ്റൊരു ശക്തമായ മറ്റൊരു തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 2,000 വർഷംമുമ്പെ ദൈവപുത്രനായ യേശു പഴയനിയമത്തിലെ യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട് നല്ല കിടുക്കൻ ചെക്കാണ് (check) വെച്ചിരിക്കുന്നത്. പുത്രനെ വിശ്വസിക്കാത്തവന് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36).
“ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം ആയിമാറും. കർത്താവ് അഥവാ, കുറിയോസ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിലോ, ദൈവപുത്രനും ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ ഒരിക്കലും പറയുമായിരുന്നില്ല. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 1950 വർഷംമുമ്പെ ജാതികളുടെ അപ്പൊസ്തലനായ പൗലൊസും ചെക്ക് ((check) വെച്ചിരിക്കയാണ്.
പഴയനിയമത്തിൽ എഹാദ് (ehad) അല്ല ദൈവത്തെക്കുറിക്കുന്ന പ്രധാന പദമെന്നും യാഹിദിന് (yahid) തുല്യമായ പദങ്ങൾ ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്നതിൻ്റെയും വ്യക്തമായ തെളിവുകൾ കാണാം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (O LORD God of Israel, thou art the God, even thou alone, thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം “ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദൽ ബാദ് (bad – alone) ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് (monos) ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ (Single) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. പഴയനിയമത്തിൽ എഹാദ് (ehad) ആകെ ഉപയോഗിച്ചിരിക്കുന്നത് മൂന്നു പ്രാവശ്യമാണെന്ന് നാം മുകളിൽ കണ്ടു. എന്നാൽ യാഹീദിന് തുല്യമായ ബാദ് (bad) ഇരുപത് പ്രാവശ്യമുണ്ട്. ട്രിനിറ്റി പണ്ഡിതന്മാരുടെ വഞ്ചന മനസ്സിലായോ? പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഹീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നാണെന്നോ, ദൈവം ഐക്യത്തിൽ ഏകനാണെന്നോ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ആർക്കും പറയാൻ കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാകുമോ?
ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?
ഏകനെ കുറിക്കുന ഏഖാദ് എന്ന പദം ബഹുത്വത്തിൽ എകത്വമാണ് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നവർ, ചബാദ് (Chabad) റബ്ബി മോയിഷെ ന്യൂവിൻ്റെ (Rabbi Moishe New) വാക്കുകൾ കേൾക്കുക: ഏഹാദ് എന്ന പദം ഒറ്റയെ കുറിക്കുന്ന അഥവാ, ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന യാഹീദിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു:
9 thoughts on “എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ❓”