യഹോവയുടെ പ്രത്യക്ഷതകൾ
“ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറപ്പാടു് 6:3)
അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monotheos) ആണ് നമുക്കുള്ളത്: (യെശ, 45:15; യിരെ, 23:23,24; യോഹ, 1:18; 4:24; 17:3; കൊലൊ, 1:15; 1തിമൊ, 1:17; 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിരിക്കുന്നു: (1തിമൊ,6:16). ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതി ആർക്കും കാണാൻ സാധിക്കയില്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. ദൈവത്തിന് സ്വർഗ്ഗത്തിൽ നിത്യമായൊരു പ്രത്യക്ഷതയുണ്ട്. സിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഒരു സ്വർഗ്ഗീയശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ ഭക്തന്മാർ പലരും കണ്ടിട്ടുണ്ട്: (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10; വെളി, 4:1-8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു” എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായി യോഹന്നാനും കണ്ടു: (വെളി, 4:8). അദൃശ്യനായ ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവം അദൃശ്യനായ ആത്മാവായിട്ടും (രണ്ടു സന്ദർഭങ്ങളിൽ ആത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്: ലൂക്കൊ, 3:22, പ്രവൃ, 3:1) വചനമായിട്ടും വസ്തുക്കളായിട്ടും (അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്) വ്യക്തികളായിട്ടും (മനുഷ്യർ) പലനിലകളിൽ പ്രത്യക്ഷനായതിൻ്റെ തെളിവുകൾ ബൈബിളിലുണ്ട്:
ദൂതൻ മുഖാന്തരമുള്ള യഹോവയുടെ പ്രത്യക്ഷത: മിസ്രയീമ്യദാസിയായ ഹാഗാർ സാറായിയുടെ കാഠിന്യം നിമിത്തം മരുഭൂമിയിലേക്ക് ഓടിപ്പോയപ്പോൾ ദൂതനാണ് അവളെ കണ്ടതും സംസാരിച്ചതും: (ഉല്പ, 16:7-13). 7-ാം വാക്യത്തിൽ ‘യഹോവയുടെ ദൂതൻ അവളെ കണ്ടു’ എന്നും, 8-12 വാക്യങ്ങളിൽ ദൂതനാണ് അവളോടു സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്. എന്നാൽ 13-ാം വാക്യത്തിൽ ഹാഗാർ പറയുന്നത്: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു (El roiy) എന്നു പേർ വിളിച്ചു.” യഹോവയുടെ ദൂതനാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതും. എന്നാൽ ഹാഗാർ പറഞ്ഞത്: യഹോവയായ ദൈവമാണ് തന്നെ കണ്ടതും തന്നോട് അരുളിച്ചെയ്തതും എന്നു പറഞ്ഞശേഷം, ദൈവം എന്നെ കാണുന്നു എന്നർത്ഥത്തിൽ ‘ഏൽറോയി’ എന്ന് ദൈവത്തിനു പേർവിളിക്കുന്നു. ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായതെന്ന് 10-12 വാക്യങ്ങളിൽനിന്ന് നമുക്കു വ്യക്തമായി മനസ്സിലാക്കാം: “യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും….” എന്നിങ്ങനെ ദൂതനാണ് പറഞ്ഞത്. ഇതുപോലുള്ള പ്രയോഗങ്ങൾ ദൈവത്താൽ അയക്കപ്പെട്ട ആർക്കും, ദൂതന്മാർക്കും പ്രവാചകന്മാർക്കും പറയാവുന്നതാണ്. എന്നാൽ അയക്കപ്പെട്ടവരാണെങ്കിൽ, തുടക്കത്തിലോ ഒടുവിലോ “എന്നു യഹോവ അല്ലെങ്കിൽ ദൈവം അരുളിച്ചെയ്യുന്നു” എന്നു പറയുമായിരുന്നു. ഉദാ: (ഉല്പ, 22:11-18). എന്നാൽ ഇവിടെ അങ്ങനെ കാണാത്തതിനാൽ ദൂതൻ മുഖാന്തരം യഹോവ തന്നെയാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതുമെന്ന് മനസ്സിലാക്കാം. ഹാഗാർ അത് പറഞ്ഞിട്ടുമുണ്ട്. ദൂതൻ മുഖാന്തരം യഹോവ പ്രത്യക്ഷനായതിൻ്റെ വേറെയും തെളിവുകളുണ്ട്: (ഉല്പ, 21:17-20; യോശു, 5:13-15; ന്യായാ 6:11-23).
ദൂതൻ മുഖാന്തരമുള്ള പ്രത്യക്ഷതയ്ക്ക് മറ്റൊരു തെളിവാണ് സമ്മുഖദൂതൻ: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.” (യെശ, 63:9). സമ്മുഖദൂതൻ ഇംഗ്ലീഷിൽ സാന്നിധ്യമാകുന്ന ദൂതനാണ് (angel of his presence). ദൂതൻ (malak – angel) മുഖാന്തരമുള്ള യഹോവയുടെ സാമീപ്യം അഥവാ സാന്നിധ്യമാണ് യിസ്രായേൽ ജനത്തെ രക്ഷിച്ചത്.
ദൂതൻ മുഖാന്തരം വചനത്താലുള്ള പ്രത്യക്ഷത: മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിക്കുവാൻ മോശെയെ വീണ്ടെടുപ്പുകാരനായി അയക്കുമ്പോൾ, യഹോവ ദൂതൻ മുഖാന്തരമാണ് പ്രത്യക്ഷനായത്: (പുറ, 3:1-4-17). അവിടെ 3:2-ൽ ‘യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ പ്രത്യക്ഷനായി’ എന്നാണ് പറഞ്ഞിരിക്കുന്നത്. തീ കത്തുന്ന കാഴ്ചയാണ് മോശെ കാണുന്നത്; അടുത്തുചെന്നപ്പോൾ മോശെ കേൾക്കുന്ന വചനം യഹോവയായ ദൈവത്തിൻ്റെയാണ്. തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4; എബ്രാ, 1:7). സ്തെഫാനോസിൻ്റെ പ്രസംഗത്തിൽ അവനും പറയുന്നു: “മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.” (പ്രവൃ, 7:35). യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ മോശെയ്ക്കു പ്രത്യക്ഷനായി എന്നു പറയുന്നതല്ലാതെ, ഒരിക്കൽപ്പോലും ദൂതൻ സംസാരിക്കുന്നതായി പറഞ്ഞിട്ടില്ല. എന്നാൽ 3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു പ്രാവശ്യം യഹോവയെ ദൈവമെന്നു പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16,18; 6:3. ഒ.നോ: പുറ, 4:1,5; 6:3). മോശെ കണ്ടത് തീയാണ് അഥവാ ദൂതനെയാണ്; കേട്ട ശബ്ദം അഥവാ വചനം യഹോവയുടെയാണ്. അതാണ് ദൂതൻ മുഖാന്തരം വചനമായിട്ടുള്ള യഹോയുടെ പ്രത്യക്ഷത. ശമൂവേലിനോടുള്ള ബന്ധത്തിൽ യഹോവയുടെ വചനത്താലുള്ള വെളിപ്പാടിനെക്കുറിച്ചു കൃത്യമായി പറഞ്ഞിട്ടുമുണ്ട്: (1ശമൂ, 3:21). മുൾപ്പടർപ്പിൽ വസിച്ചവൻ യഹോവയാണെന്ന് മോശെതന്നെ പറഞ്ഞിട്ടുണ്ട്: (ആവ, 33:16).
തീയിലുള്ള വെളിപ്പാട്: തീയുടെ നടുവിൽ യഹോവ തേജസ്സായിട്ടും വചനമായിട്ടും വെളിപ്പെട്ടുകൊണ്ടാണ് ന്യായപ്രമാണം നല്കിയത്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു. (ആവ, 5:24). 1ശമൂവേൽ മൂന്നാമദ്ധ്യായത്തിൽ നാലുപ്രാവശ്യം; 4, 6, 8, 10-14 വാക്യങ്ങളിൽ യഹോവ ശമൂവേലിനു വചനമായി വെളിപ്പെട്ടു. അതായത്, യഹോവ ശമൂവേലിനെ നാലുപ്രാവശ്യം വിളിക്കുകയും നാലാം പ്രാവശ്യം ഏലിയുടെ കുടുംബത്തിൻ്റെ മേലുള്ള ന്യായവിധി അവനെ അറിയിക്കുകയും ചെയ്തു: (1ശമൂ, 3:4-14). അത് യഹോവയുടെ വചനത്താലുള്ള വെളിപ്പാടായിരുന്നു: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21). വചനം മുഖാന്തരമുള്ള വെളിപ്പാടിനു വേറെയും തെളിവുണ്ട്. ഉദാ: (പുറ, 14:15-18).
ജഡത്തിലുള്ള വെളിപ്പാട്: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമായിരുന്നു: (ഉല്പ, 18-1-19:1). ആ അദ്ധ്യായത്തിൽ പത്തുപ്രാവശ്യം യഹോവയെന്നു പറഞ്ഞിട്ടുണ്ട്. (18:1,13,14,17,19,19,20,22,26,33). 18:22-ൽ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയിയെന്നും 19:1-ൽ ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തിയെന്നും പറഞ്ഞിട്ടുണ്ട്. അപ്പോൾ യഹോവ അബ്രാഹാമിനോടുകൂടെ ആയിരുന്നു: (ഉല്പ, 18:22-33). പുതിയനിയമത്തിൽ യഹോവയായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്: (1തിമൊ, 3:14-16; 1പത്രൊ, 1:20. ഒ.നോ: 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6).
മേഘസ്തംഭത്തിലുള്ള വെളിപ്പാട്: “അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:15. ഒ.നോ: പുറ, 13:21,22; 14:24; 33:9; സംഖ്യാ, 12:5; 14:14; നെഹെ, 9:12;19).
അഗ്നിസ്തംഭത്തിലുള്ള വെളിപ്പാട്: “അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.” (സംഖ്യാ, 14:14. ഒ.നോ: പുറ, 13:21,22; നെഹെ, 9:12;19).
മേഘസ്തംഭത്തിൽ വചനമായിട്ടുള്ള വെളിപ്പാട്: “മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9. ഒ.നോ: സംഖ്യാ, 12:5; സങ്കീ, 99:7).
മേഘത്തിലുള്ള വെളിപ്പാട്: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.” (ലേവ്യ, 16:2. ഒ.നോ: പുറ, 16:10; 34:5; ലേവ്യ, 16:2; സംഖ്യാ, 11:25).
തേജസ്സിൻ്റെ പ്രത്യക്ഷത: “യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.” (പുറ, 24:17). “മോശെയും അഹരോനും സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.” (ലേവ്യ, 9:23. ഒ.നോ: പുറ, 29:43; 40:34,35; സംഖ്യാ, 14:10; 16:19; 16:42).
വചനമായിട്ടുള്ള വെളിപ്പാട്: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).
പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്: ദൈവത്താൽ അയക്കപ്പെട്ട ദൂതനെ പലസ്ഥലത്തും ദൈവമെന്നു വിളിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന്, മാനോഹയ്ക്കും ഭാര്യയ്ക്കും ദൈവമല്ല പ്രത്യക്ഷനായത്; ദൈവത്താൽ അയക്കപ്പെട്ട ദൂതനാണ്: (ന്യായാ, 13:2-22). അവിടെ ദൂതനെ ദൈവമെന്ന് മാനോഹ സംബോധന ചെയ്യുന്നതായി കാണാം: “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.” (ന്യായാ, 13:21,22). അവിടെ ദൂതനെ ദൈവമെന്നു പറഞ്ഞിരിക്കുന്നതിന്റെ കാരണം: ദൈവത്തെ കുറിക്കുന്ന എലോഹീം എന്ന എബ്രായപദം സത്യദൈവത്തിനും ജാതികളുടെ ദൈവത്തിനും ദൂതനും മനുഷ്യനും ഒരുപോലെ ഉപയോഗിക്കുന്നതാണ്. ബൈബിളിൽ സത്യദൈവത്തിനു മാത്രമാണ് എലോഹീം ഏകവചനമായി ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 1:1). ബാക്കിയെല്ലാവരെയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്: ദേവൻ (ന്യായാ, 11:24), ദേവന്മാർ (ഉല്പ, 35:2), ദേവി (1രാജാ, 11:5,33), ദൂതൻ (ഉല്പ, 32:30; ന്യായ, 13:22; ഹോശേ, 12:3), ദൂതന്മാർ (സങ്കീ, 8:6; 82:1; 131:1), മനുഷ്യൻ (പുറ, 4:16; 7:1), മനുഷ്യർ (സങ്കീ, 82:6). എലോഹീം എന്ന വാക്കിന് ശക്തൻ, ഉന്നതൻ, ബലവാൻ എന്നൊക്കെയാണ് അർത്ഥം. യഹോവ മോശെയോടു അരുളിച്ചെയ്തതു: “ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു” എന്നാണ്. (പുറ, 7:1). അതിനർത്ഥം: ദൈവം മോശെയെ ഫറവോനെക്കാൾ ശക്തനാക്കിയെന്നാണ്. ദൂതന്മാർ മനുഷ്യരെക്കാൾ താരതമ്യേനെ ശക്തരും സ്വർഗ്ഗവാസികളും യഹോവയുടെ പ്രതിനിധിയായി വന്നവനുമാകയാലാണ് മാനോഹ ദൂതനെ എലോഹീം എന്ന് സംബോധന ചെയ്തത്. അടുത്തത്: യാക്കോബും കുടുംബവും യാബ്ബോക്കു കടവു കടക്കുമ്പോൾ അവൻ ഒരു പുരുഷനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചതായി കാണാം; അവിടെ എലോഹീമിനോടു അഥവാ ദൈവത്തോടു മല്ലുപിടിച്ചു ജയിച്ചതായാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 32:32-32). എന്നാൽ ദൂതനോടാണ് യാക്കോബ് പൊരുതി ജയിച്ചതെന്നും യാബ്ബോക്കു കടവിൽവെച്ചല്ല; ബേഥേലിൽവെച്ചാണ് അവൻ യഹോവയെ കണ്ടെത്തിയതെന്നും ഹോശേയ പ്രവാചകൻ പറഞ്ഞിട്ടുണ്ട്: (12:3-5). വിശദമായ വിവരം താഴെ ചേർത്തിട്ടുണ്ട്:
പഴയപുതിയനിയമങ്ങളിലെ യഹോവയുടെ പ്രത്യക്ഷതകൾ നോക്കാം:
അബ്രാഹാം
1. മെസൊപ്പൊത്താമ്യയിൽ: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. (പ്രവൃ, 7:2,3).
2. ഹാരാനിൽ: യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:1-3)
3. ശെഖേമിൽ: “അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. (ഉല്പ, 12:7)
4. കനാനിൽ: അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. (ഉല്പ, 17:1)
5. മമ്രേയിൽ: അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. (ഉല്പ, 18:1)
യിസ്ഹാക്ക്
1. ഗെരാരിൽ: യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. (ഉല്പ, 26:2)
2. ബേർ-ശേബെയിൽ: അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. (ഉല്പ, 26:24)
യാക്കോബ്
1. ബേഥേലിൽ (ലൂസ്): അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13 ഒ.നോ: 35:1, 7)
2. ബേഥേലിൽ (ലൂസ്): യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു. (ഉല്പ, 35:9,10; ഒ.നോ: 48:3).
രണ്ടുപ്രാവശ്യമാണ് യാക്കോബിന് ദൈവം പ്രത്യക്ഷമായത്. പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ബേഥേലിൻ്റെ പഴയപേര് ലൂസ് എന്നാണ്. (ഉല്പ, 28:19). പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6,7). അവിടെവെച്ച് ദൈവം വീണ്ടും പ്രത്യക്ഷനായി. (ഉല്പ, 35:9,10; 48:3).
യബ്ബോക്കു കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ദൈവമെന്നും ദൂതനെന്നും മാറിമാറി പറഞ്ഞിട്ടുള്ളതുകൊണ്ട്, ദൈവവുമായാണ് യാക്കോബ് മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. എന്നാൽ എല്ലാഭാഗങ്ങളും പരിശോധിച്ചാൽ അതു ദൂതനാണെന്ന് വ്യക്തമാകും. ഒന്ന്: ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു മർമ്മവിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ദൈവത്തേക്കാൾ ശക്തനാണ് യാക്കോബെന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. രണ്ട്: ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ‘എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ’ എന്നാണ്. അതായത്, കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണത്. ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് വ്യക്തം.
എന്നാലവിടെ “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറയുന്നുണ്ട്. (ഉല്പ, 32:30). ഹോശേയ പ്രവചനത്തിൽ കുറച്ചുകൂടി വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: “അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” (ഹോശേ, 12:3-5). ഉല്പത്തിയിൽ പറയുന്നതുപോലെ ‘ദൈവത്തോട് പൊരുതി’ എന്നു പറഞ്ഞശേഷം ‘അവൻ ദൂതനോടു പൊരുതി ജയിച്ചു’ എന്നാണ് അടുത്ത് പറയുന്നത്. അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ദൈവത്തെ കുറിക്കുന്ന എലോഹീം എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഉപയോഗിച്ചിട്ടുണ്ട്. അതായത്, അവിടുത്തെ എലോഹീം അഥവാ ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. അടുത്തഭാഗം: “അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9,10. ഒ.നോ: 35:1, 7, 48:3). അവിടെയാണ് യഹോവ യാക്കോബിനു രണ്ടാമത് പ്രത്യക്ഷനായത്. (ഉല്പ, 35:9,10; ഒ.നോ: 48:3).
മോശെ
1. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. (പുറ, 3:2-6. ഒ.നോ: 4-7; 11-15).
യഹോവ ആദ്യമായി മോശെയ്ക്ക് പ്രത്യക്ഷനാകുന്നത് ദൂതൻ മുഖാന്തരമാണ്. “ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു” എന്നു ലൂക്കൊസ് പറയുന്നതോർക്കുക. (പ്രവൃ, 7:35). ദൈവദൂതനാണ് മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അഥവാ അഗ്നിജ്വാലയായി അവന് പ്രത്യക്ഷനായത്. (പ്രവൃ, 7:30. ഒ.നോ: എബ്രാ, 1:7). എന്നാൽ തീയിൽനിന്ന് മോശെയോട് സംസാരിക്കുന്നത് ദൈവമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമാകുന്നു” എന്നും, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണെന്നു പറയുന്നത് ദൂതനല്ല; യഹോവയായ ദൈവമാണ്. അതായത്, ദൈവം ശമൂവേലിനു വെളിപ്പെട്ടതുപോലെ വചനമായിട്ടാണ് ഒന്നാം പ്രാവശ്യം മോശെയ്ക്ക് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. (1ശമൂ, 3:21).
ഒരു പ്രധാനപ്പെട്ട തെളിവ്: ദൈവപുരുഷനായ മോശെ മരിക്കുന്നതിനു മുമ്പ് യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു പറയുന്നതിൽ ആവർത്തനം 33-ൻ്റെ 16-ാം വാക്യം: “മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.” യിസ്രായേൽ ജനത്തിൻ്റെ നെറുകയിൽ വരാൻ മോശെ ആശംസിച്ച പ്രസാദം ദൂതൻ്റെയല്ല; യഹോവയുടെയാണെന്ന് വ്യക്തമാണല്ലോ; അതിനാൽ ദൂതൻ മുഖാന്തരം യഹോവയാണ് മുൾപ്പടർപ്പിൽ പ്രത്യക്ഷനായതെന്ന് മനസ്സിലാക്കാം. യഹോവ തീയിൽ വീണ്ടും പ്രത്യക്ഷനായി സംസാരിച്ചിട്ടുണ്ട്; കലപനകൾ നല്കുന്നത് തീയിൽ പ്രത്യക്ഷനായിക്കൊണ്ടാണ്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.” (ആവ, 5:24. ഒ.നോ: 5:22). താഴെയുള്ള വാക്യങ്ങളും കാണുക:
നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. (പുറ, 4:16).
“അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.” (പുറ, 4:1. ഒ.നോ: 2-5).
2. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).
3. അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കാല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി: അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. (പുറ, 34:4,5)
4. “എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.” (സംഖ്യാ, 20:6)
5. അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു. (ആവ, 31:14,15)
അഹരോൻ
1. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).
2. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. (സംഖ്യാ, 20:6)
നാദാബ്
“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).
അബീഹൂ
“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).
എഴുപതു മൂപ്പന്മാർ
അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).
യോശുവ
“അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:14,15)
യിസ്രായേൽ ജനം
അഗ്നിമേഘസ്തംഭം: “നീ പകൽ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.” (നെഹെ, 9:12).
“മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9)
അഗ്നിസ്തംഭം: പുറ, 13:21, 22; സംഖ്യാ, 14:14; നെഹെ, 9:12; 9:19)
മേഘസ്തംഭം: പുറ, 13:21,22; 14:19;14:24; 33:9,10; സംഖ്യാ, 12:5; 14:14; ആവ, 31:15; നെഹെ, 9:12; 9:19; സങ്കീ, 99:7).
തേജസ്സിൻ്റ പ്രത്യക്ഷത: പുറ, 16:10; 24:16,17; 33:22-34:5; 40:34,35; ലേവ്യ, 9:23; സംഖ്യാ, 14:10; 16:19; 16:42; 20:6; 1രാജാ, 8:11; 2ദിന, 5:14; 2ദിന, 7;1-3; ഇയ്യോ, 37:22; യെഹെ, 43:2; 43:4,5; 44:4)
ബിലെയാം
1. “ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.” (സംഖ്യാ, 22:9. ഒ.നോ: സംഖ്യാ, 22:13)
2. “രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.” (സംഖ്യാ, 22:20)
3. “ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പിഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 23:4. ഒ.നോ: 23:5)
4. “യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.” (സംഖ്യാ, 23:16)
ശമൂവേൽ
യഹോവ ശമൂവേലിനു നാലുപ്രാവശ്യം വചനമായി വെളിപ്പെട്ടു:
1. “യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.” (1ശമൂ, 3:4)
2. “യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.” (1ശമൂ, 3:6,7)
3. “യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.” (1ശമൂ, 3:8)
4. “അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.” (1ശമൂ, 3:10)
കുറഞ്ഞത് രണ്ടുപ്രാവശ്യം മറ്റുനിലകളിലും യഹോവ ശമൂവേലിനു പ്രത്യക്ഷനായി:
5. “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും (continued) ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21)
6. “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും (continued) ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21)
ദാവീദ്
“അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.” (2ദിന, 3:1)
ശലോമോൻ
1. “ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.” (1രാജാ, 3:5; 2ദിന, 1:7)
2. “അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.” (2ദിന, 7:12; 1രാജാ, 11:9)
മീഖായാവ്
“അതിന്നു അവൻ (മീഖായാവു) പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18)
ഇയ്യോബ്
“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5)
യെശയ്യാവ്
“ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5)
യിരെമ്യാവ്
“യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:3)
യെഹെസ്ക്കേൽ
“അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ളസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:27,28)
ദാനീയേൽ
“ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9)
ആമോസ്
“യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.” (ആമോ, 9:1)
”യഹോവ പ്രത്യക്ഷനായി” എന്നു പറയാതെയും, പഴയനിയമത്തിലെ പ്രവാചകന്മാർക്കെല്ലാം പലനിലകളിൽ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവചനഗ്രന്ഥങ്ങൾ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിൻ്റെ അരുളപ്പാടുകൾ, ദർശനം, സ്വപ്നം, വെളിപ്പാട് എന്നിവയിലൂടെയും ദൈവം തന്നെ വെളിപ്പെടുത്തി.
അരുളപ്പാടു: ദൈവം തൻ്റെ ഹിതം പ്രവാചകന്മാർ മുഖാന്തരം മനുഷ്യരോട് അറിയിക്കുന്നതാണ് അരുളപ്പാട്; “പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല.” (യിരെ, 18:18)
ഉദാ: (യെശ, 38:4; യിരെ, 1:2; യെഹെ, 1:3; ഹോശേ, 1:1; യോവേ, 1:1).
ദർശനം: ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ ഏതെങ്കിലും രംഗമോ ചുറ്റുപാടുകളോ പ്രകൃത്യതീതമായി ആവിഷ്കരിക്കപ്പെടുന്നതാണ് ദർശനം. ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ ഉണർവ്വിൻ്റെയും ഉറക്കത്തിൻ്റെ ഇടയ്ക്ക് ഒരു ആത്മവിവശതയിലായിരിക്കും: “കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ (സംഖ്യാ, 24:4, 16). “അവൻ (പത്രൊസ്) വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.” (പ്രവൃ, 10:10,11).
ഉദാ: (യെശ, 1:1; യെഹെ, 8:4; ദാനീ, 8:1; ഓബ, 1:1; ഹബ, 2:2)
സ്വപ്നം: ഉറക്കത്തിൽ കാണുന്നതാണ് സ്വപ്നം. ദൈവിക ആശയവിനിമയത്തിന്റെ മാർഗ്ഗമായി പഴയനിയമത്തിൽ സ്വപ്നം കണക്കാക്കപ്പെടുന്നു. (1രാജാ, 3:5). “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ.” (യിരെ 23:28).
ഉദാ: (ഉല്പ, 28:19; 37:5; ദാനീ, 7:1)
വെളിപ്പാടു: ദൈവത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു.” (സദൃ, 29:18). “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോ, 3:7)
ഉദാ: യെശ, 22:14; യിരെ, 38:21; യെഹെ, 11:25; ദാനീ, 3:23; ആമോ, 3:7)
പുതിയനിയമത്തിൽ
“ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). ഭാഷയിലെ ‘സർവ്വനാമം’ എന്താണെന്ന് അറിയാവുന്നവർക്ക് ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നതിലെ ‘അവൻ’ എന്ന സർവ്വനാമം മാറ്റി തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നുകിട്ടും: (1തിമൊ, 3:15,16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10).
യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് കർത്താവായ ക്രിസ്തു. യഹോവയായ ദൈവം ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32, 35) തൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിക്കാൻ മനുഷ്യനായി വെളിപ്പെടുകയായിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശ, 25:8). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).
അവതാരമെന്നൊരു പദമോ ആശയമോ ബൈബിളിൽ ഒരിടത്തുമില്ല. ദൈവത്തിന് വെളിപ്പാട് അഥവാ പ്രത്യക്ഷതകളാണുള്ളത്. യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടുകളെ കുറിക്കുന്ന വേദഭാഗങ്ങൾ:
1. അവൻ ജഡത്തിൽ വെളിപ്പെട്ടു (phaneroo) God was manifest in the flesh; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു. (1തിമൊ, 3:16)
1. സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാൽ (epiphaneia) വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. (2തിമൊ, 1:10)
3. അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി (phaneroo). (എബ്രാ, 9:26)
4. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും (phaneroo) ആകുന്നു. (1പത്രൊസ് 1:20)
5. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി (phaneroo) എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. (1യോഹ, 3:5)
6. പാപം ചെയ്യുന്നവൻ പിശാചിന്‍റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി (phaneroo). (1യോഹ, 3:8)
പുനരുത്ഥാനശേഷമുള്ള പ്രത്യക്ഷത
പുനരുത്ഥാനം ചെയ്ത കർത്താവ് ആദ്യം പ്രത്യക്ഷനായത് മഗദലക്കാരത്തി മറിയയ്ക്കും പിന്നെ, കല്ലറകണ്ടുമടങ്ങിയ സ്ത്രീകൾക്കുമാണ്. അപ്പൊസ്തലന്മാരിൽ ആദ്യം പ്രത്യക്ഷനയത് പത്രൊസിനും ഒടുവിൽ പ്രത്യക്ഷനായത് പൗലൊസിനുമാണ്.
1. മഗദലക്കാരത്തി മറിയ
യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി (phaino). (മർക്കൊ, 16:9; യോഹ, 20:14-17)
പുനരുത്ഥാനം ചെയ്ത യേശുവിനെ മനുഷ്യനെന്ന നിലയിൽ കണ്ടത് മഗ്ദലക്കാരത്തി മറിയ മാത്രമാണ്: “യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9). എന്നിട്ട് യേശു അവളോട് പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:14-17). ക്രിസ്തു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേല്ക്കുന്നത് ദൈവാത്മാവിലാണ്. “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). അവൻ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ ചെന്നശേഷമാണ് തൻ്റെ പാപപരിഹാര ശുശ്രൂഷ പൂർണ്ണമായത്. മഗ്ദലക്കാരത്തിയോടുള്ള യേശുവിൻ്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. (യോഹ, 20:17). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശു മഹാപുരോഹിതനായത്. (മത്താ, 3:11; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിച്ച മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല. (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. (ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല) അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയാകുന്നത്: (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: യോഹ, 20:17). ‘ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു‘ അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. അതിനാലാണ് തോമാസ്, തന്നെ ദൈവമെന്ന് വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. (യോഹ, 20:28). ദൈവപുത്രൻ സ്വർഗ്ഗത്തിൽ പോയി എന്നതിനും തെളിവുണ്ട്. മഗ്ദലക്കാരത്തി മറിയയോടു പറയുന്നത്; “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നാണ്. (യോഹ, 20:17). എന്നാൽ അടുത്തസമയംതന്നെ കല്ലറകണ്ടു മടങ്ങിയ യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയ സ്ത്രീകൾക്ക് യേശുക്രിസ്തു പ്രത്യക്ഷനായപ്പോൾ, “അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു” എന്നെഴുതിയിട്ടുണ്ട്. (മത്താ, 28:9). അതിനാൽ, ദൈവപുത്രനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ പൂർത്തിയായതായും; വീണ്ടും പ്രത്യക്ഷനായത് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സർവ്വാധികാരിയായ സാക്ഷാൽ യഹോവയായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. (മത്താ, 28:18). ഈ സംഭവത്തിനും എട്ടു ദിവസങ്ങൾക്കു ശേഷം യേശു എല്ലാ ശിഷ്യന്മാർക്കുമായി പ്രത്യക്ഷനായപ്പോഴാണ് തോമാസ് യേശുവിനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു ഏറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും എൻ്റെ ദൈവം (My God) എന്നു വിളിക്കില്ലെന്ന് വീണ്ടുമോർക്കുക: (സങ്കീ, 35:23).
ദൈവമായിട്ടുള്ള പ്രത്യക്ഷതകൾ:
2. യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ
അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു: ‘നിങ്ങൾക്കു വന്ദനം’ എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. യേശു അവരോടു: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്‍റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു. (മത്താ, 28:8-10)
3. പത്രൊസ്
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും (1കൊരി, 15:3,4), കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി (optanomai) എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. (ലൂക്കോ, 24:34).
4. എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ
പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി (phaneroo). (മർക്കൊ, 16:12; ലൂക്കൊ, 24:13-35)
5. തോമാസ് ഒഴികെയുള്ള അപ്പൊസ്തലന്മാർക്ക്
പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി (phaneroo), തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24). പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി (optanomai) എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. (1കൊരി, 15:5)
6. തോമാസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർക്ക്
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. (യോഹ, 20:26)
7. മൂന്നാം പ്രാവശ്യം അപ്പൊസ്തലന്മാർക്ക് പ്രത്യക്ഷനാകുന്നു
അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo); പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു. (യോഹ, 21:1). യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo). (യോഹ, 21:14)
8. അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു
അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി (optanomai); അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. (1കൊരി, 15:6)
9. കർത്താവിന്റെ സഹോദരനായ യാക്കോബ്
അനന്തരം അവൻ യാക്കോബിന്നു പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)
10. മറ്റു അപ്പൊസ്തലന്മാർക്കു
പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)
11. സ്തെഫാനോസ്
ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. (പ്രവൃ, 7:56)
12. പൗലൊസ്
എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:8). അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്‍റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ (optanomai) യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (പ്രവൃ, 9:17)
13. യോഹന്നാൻ
“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:12-17).
കർത്താവ് പൗലൊസിനു ആദ്യം പ്രത്യക്ഷനായപ്പോൾ വീണ്ടും പ്രത്യക്ഷനാകുമെന്ന് പറയുന്നതിനാൽ ഒന്നിലേറെ പ്രാവശ്യം അവന് പ്രത്യക്ഷപ്പെട്ടുവെന്നു മനസ്സിലാക്കാം: “എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ (optanomai) ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി (optanomai).” (പ്രവൃ, 26:16). അതുപോലെ, പത്രൊസ് തുടങ്ങിയ ശിഷ്യന്മാർക്ക് മൂന്നുപ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങളാണ് സുവിശേഷങ്ങളിൽ ഉള്ളതെങ്കിലും, കൂടുതൽ പ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങൾ പ്രവൃത്തികളിൽ ലൂക്കൊസ് നല്കുന്നുണ്ട്: “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി (optanomai) ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.” (പ്രവൃ, 1:2,3). കൂടാതെ, പൗലൊസിൻ്റെ തൻ്റെ പ്രഥമപ്രസംഗത്തിൽ യേശു അപ്പൊസ്തലന്മാർക്ക് ഏറിയദിവസം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: “അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി (optanomai); അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു.” (പ്രവൃ, 13:31).
മഹത്വത്തിലുള്ള പ്രത്യക്ഷതകൾ
1. അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും (phaino); അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും (optanomai). (മത്താ, 24:30)
2. യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും (optanomai) എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. (മത്താ, 26:64)
3. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും (optanomai). (മർക്കൊ, 13:26)
5. മനുഷ്യപുത്രൻ വെളിപ്പെടുന്ന (apokalypto) നാളിൽ അവ്വണ്ണം തന്നേ ആകും. (ലൂക്കോ, 17:30)
6. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും (optanomai). (ലൂക്കോ, 21:27)
7. ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും (optanomai) എന്നും അവനോടു പറഞ്ഞു. (യോഹ, 1:51)
8. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (phaneroo) നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും (phaneroo). (കൊലൊ, 3:4)
9. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്‍റെ പ്രത്യക്ഷത (epiphaneia) വരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ 6:13)
10. ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും (epiphaneia) രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു. (2തിമൊ, 4:1)
11. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയിൽ (epiphaneia) പ്രിയംവെച്ച ഏവർക്കുംകൂടെ. (2തിമൊ, 4:8)
12. നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും. (തീത്തൊ, 2:12)
13. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും (optanomai). (എബ്രാ, 9:28)
14. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നിങ്ങൾ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും. (1പത്രൊ, 5:4)
15. ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്‍റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയിൽ (phaneroo) നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)
16. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല (phaneroo). അവൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു (optanomai) അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. (1യോഹ, 3:2)
17. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും (optanomai); ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. (വെളി, 1:7)
18. അവർ അവന്‍റെ മുഖംകാണും (optanomai); അവന്‍റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. (വെളി, 22:4)
അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ അറുപതിലേറെ പ്രത്യക്ഷതകൾ (manifestations) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:
1. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്‌കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിന്റെ നിത്യമായ പ്രത്യക്ഷത. ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).
2. സർവ്വശക്തിയുള്ള ദൈവമായിട്ടുള്ള പ്രത്യക്ഷത: (ഉല്പ, 17:1). പൂർവ്വപിതാക്കന്മാർക്ക് ദൈവം യഹോവയെന്ന നാമത്തിലല്ല; സർവ്വശക്തിയുള്ള ദൈവമായിട്ടാണ് താൻ പ്രത്യക്ഷനായിരുന്നത്: (പുറ, 6:3).
3. മമ്രേയുടെ തോപ്പിൽ അബ്രഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉൽപ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).
4. വചനമായുള്ള വെളിപ്പാട്: ശമൂവേലിനു നാലുപ്രാവശ്യം വചനം അഥവാ ശബ്ദമായി ദൈവം വെളിപ്പെട്ടിട്ടുണ്ട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). അത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കി, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കോ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉൽപ, 1:3). കാലസംപൂർണ്ണത വന്നപ്പോൾ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10; ഗലാ, 4:4).
5. ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.
6. ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12).
7. സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കോ, 3:22) പിളർന്ന നാവിന്റെ രൂപത്തിൽ അപ്പൊസ്തലന്മാരും (പ്രവൃ, 2:3) ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴ് ദീപങ്ങളായി യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:5).
8. ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിന്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).
9. മനുഷ്യപുത്രനോട് സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).
10. സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നിൽക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസംപൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).
“ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. എന്‍റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. (മത്തായി 11:25-27)
“അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2)
5 thoughts on “യഹോവയുടെ പ്രത്യക്ഷതകൾ”