വെളിപ്പാട് പുസ്തകം

വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്❓ 
➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➟ഈ വേദഭാഗത്ത് പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപുത്രനായ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. ➟അതിനൊരു കാരണമുണ്ട്: വെളിപ്പാട് 1:17-ൽ ❝ഞാൻ ആദ്യനും അന്ത്യനും❞ ആണെന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറയുന്നുണ്ട്. ➟അതുകൊണ്ടാണ്, ❝സർവ്വശക്തിയുള്ള ദൈവം❞ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത്. ➟അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟അതിനാൽ, ❝ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❞ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പ്രയോഗമാണ് ❝അല്ഫയും ഓമേഗയും❞ എന്ന് മനസ്സിലാക്കാം.
എന്നാൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്: യോഹന്നാൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുപുത്രനോടു സദൃശനായവൻ എന്നു പറഞ്ഞാൽ, മനുഷ്യപുത്രനെപ്പോലെയിരിക്കുന്ന ഒരുവൻ എന്നാണ്; അല്ലാതെ മനുഷ്യപുത്രനെന്നല്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ ➟നമ്മുടെ വിഷയം അതല്ലാത്തതിനാൽ അത് വിടുന്നു. ➟നമുക്ക് സർവ്വശക്തിയുള്ള ദൈവം ആരാണെന്ന് നോക്കാം:
❶ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ യേശു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവ് മാത്രമാണ് സത്യദൈവം (Farher, the only true God), പിതാവിനെ മാത്രം ആരാധിക്കണം, പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണു❞ എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3മത്താ, 4:10; യോഹ, 14:28; മത്താ, 24:36; യോഹ, 5:30; യോഹ, 20:17; യോഹ, 8:40). ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവായ ഏകദൈവമേ നമുക്കുള്ളു, ദൈവവും പിതാവുമായവൻ ഒരുവനാണ്, വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു, യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം❞ എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6; എബ്രാ. 2:11, 2കൊരി, 11:31; എഫെ, 1:3; 1പത്രൊ, 1:3). തന്മൂലം, ക്രിസ്തു സർവ്വശക്തനായ ദൈവമല്ലെന്ന് വ്യക്തമാണ്. 
❷ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിൻ്റെ ആദ്യത്തെ വിശേഷണം ❝അല്ഫയും ഒമേഗയും അഥവാ, ആദ്യനും അന്ത്യനും❞ എന്നാണ്. ➟പിതാവായ ദൈവത്തെ ❝അല്ഫയും ഒമേഗയും❞ (ആദ്യനും അന്ത്യനും) എന്ന് പഴയപുതിയനിയമങ്ങളിൽ പല വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്: 
➦ ❝പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.❞ (വെളി,  21:6-7വെളി, 22:13). ➟❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6യെശ, 41:4; യെശ, 46:10; യെശ, 48:12). 
☛ മനുഷ്യപുത്രനോടു സദൃശനായവനെയും ❝ആദ്യനും അന്ത്യനും❞ എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ പിതാവായ ദൈവത്തെ ❝ആദ്യനും അന്ത്യനും❞ എന്ന് വിളിക്കുന്ന അർത്ഥത്തിലല്ല; മനുഷ്യപുത്രനോടു സദൃശനായവനെ വിളിച്ചിരിക്കുന്നത്:
➦ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:17-18). ➟അടുത്തവാക്യം: ❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
➦ ഈ രണ്ടു വേദഭാഗവും ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോടു സദൃശനായവൻ. 
☛ അതായത്, പിതാവായ ദൈവം മരണമില്ലാത്തവനും ആരംഭവും അവസാനവുമില്ലാത്ത (നിത്യൻ) ആദ്യനും അന്ത്യനുമാണ്. (1തിമൊ, 6:16ഉല്പ, 21:33: സങ്കീ, 90:2; യെശ, 40:28; യെശ, 57:15; റോമ, 16:24). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണ്. ➟വ്യത്യാസം ചെറുതല്ല; അജഗജാന്തരമുണ്ട്.
❸ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് ❝അല്ഫയും ഒമേഗയും❞ കൂടാതെ, മറ്റൊരു വിശേഷണം പറഞ്ഞിട്ടുണ്ട്: ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❞ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. 
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, പിതാവായ ദൈവത്തെയും, ഏഴാത്മാവിനെയും, യേശുക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതിൽ, പിതാവിൻ്റെ വിശേഷണമാണ്, ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്നത്. ➟ഇവിടെ മാത്രമല്ല, വെളിപ്പാടിലെ പല വാക്യങ്ങളിലും അത് കാണാം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗത്ത് പറയുന്ന ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം❞ പുത്രനല്ല; പിതാവാണ്. ➟വേറെയും പല തെളിവുകളുമുണ്ട്: (വെളി, 11:17; വെളി, 16:5). ➟തന്മൂലം, ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവൻ❞ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ അതായത്, വെളിപ്പാട് 1:8-ൽ പറയുന്ന, ❝അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്നീ രണ്ട് പ്രയോഗവും മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്നതല്ല; പിതാവായ ദൈവത്തെ മാത്രം കുറിക്കുന്നതാണ്. ➟തന്മൂലം, വെളിപ്പാട് 1:8-ൽ പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപത്രനായ യേശുവോ, മനുഷ്യപുത്രനോടു സദൃശനായവനോ അല്ല; പിതാവായ സത്യേകദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

വെളിപ്പാട് 1:18: ഞാൻ മരിച്ചവനായിരുന്നു:
➦ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:18). വെളിപ്പാട് പുസ്തകത്തിൽ, മനുഷ്യപുത്രനോട് സദൃശനായവൻ താൻ ❝മരിച്ചവനായിരുന്നു❞എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. 
➦ ❝ഞാൻ മരിച്ചവൻ ആയിരുന്നു❞ (I was dead) എന്നതിൻ്റെ ഗ്രീക്കുരൂപം ❝എഗെനോമെൻ നെക്രോസ്❞ (ἐγενόμην νεκρὸς – egenómen nekrós) എന്നാണ്. ➟ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ഞാൻ ആയിരുന്നു – I was❞ (ἐγενόμην – egenómen) ❝മരിച്ചവൻ – dead❞ (νεκρὸς – nekrós). [BLB].
പദോല്പത്തി: ❝ഞാൻ ആയിരുന്നു❞ (I was) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എഗെനോമെൻ❞ (egenómen) എന്ന പദത്തിൻ്റെ ❝മൂലപദം❞ (Root Word) ❝ഗിനോമൈ❞ (γίνομαι – ginomai) എന്ന ക്രിയാപദം (Verb) ആണ്. അതിൻ്റെ അർത്ഥം: ❝ആകുക, ഉണ്ടാകുക, സംഭവിക്കുക❞ എന്നൊക്കെയാണ്. ➟❝ginomai❞ എന്ന പദത്തിൻ്റെ ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ചേർന്ന വിവധരൂപങ്ങൾ പല അർത്ഥത്തിൽ 680-തോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.
പദത്തിൻ്റെ വിശകലനം (Parsing): ❝എഗെനോമെൻ❞ (egenómen)  എന്ന പദം  ❝Second Aorist Middle Deponent Indicative,1st Person Singular.❞ അതായത്, ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ ഉത്തമപുരുഷ ഭൂതകാല രൂപമാണ് (1st person aorist tense) ❝എഗെനോമെൻ❞ എന്ന പദം. ➟ഈ ഭൂതകാലക്രിയ, സംഭവം എത്രകാലം നീണ്ടുനിന്നു എന്ന് പറയുന്നില്ലെങ്കിലും, ❝ആയിരുന്നു❞ എന്ന പ്രയോഗം കുറച്ചുകാലം ആ അവസ്ഥയിൽ ആയിരുന്നതിനെ കുറിക്കുന്നണ്. ➟ഉദാ: യോഹന്നാൻ താൻ പത്മൊസ് എന്ന ദ്വീപിൽ ❝ഞാൻ ആയിരുന്നു❞ (egenómen) എന്ന് പറയാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 1:9). ➟യോഹന്നാൻ പത്മോസ് ദീപ് സന്ദർശിച്ചിട്ട് മടങ്ങിപ്പോന്നവനല്ല; അവിടെ കുറേക്കാലം ആയിരുന്നവനാണ്. ഈ പദം പതിമൂന്ന് പ്രാവശ്യമുണ്ട്. വെളിപ്പാടിൽ നാലുപ്രാവശ്യമുണ്ട്. (വെളി, 1:9: വെളി, 1:10: 1:18; 4:2). ➟രണ്ടാം അദ്ധ്യായതിൽ, ❝മനുഷ്യപുത്രനോട് സദൃശൻ❞ താൻ മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറയാൻ ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ പ്രഥമമപുരുഷ ഭൂതകാല രൂപമായ (3st person aorist tense) ❝എഗെനെതോ❞ (ἐγένετο – egéneto) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 2:8).
മൂന്നാംനാൾ ഉയിർക്കും: സുവിശേഷങ്ങളിൽ യേശു തൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, താൻ കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർക്കുകയും ചെയ്യുമെന്നാണ് പറയുന്നത്: ❝അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.❞ (മത്താ, 16:21മത്താ, 17:23; മത്താ, 20:19; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; ലൂക്കോ, 9:22; ലൂക്കോ, 18:32-33; ലൂക്കോ, 24:46; യോഹ, 2:19). ➟ഒരിടത്തും മരിച്ച അവസ്ഥയിൽ ആയിരുന്നിട്ട് ഉയിർക്കുമെന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പ് മരിച്ച യേശു ഞായറാഴ്ച്ച അതികാലത്ത് ഉയിർക്കുകയും ചെയ്തു: (മർക്കൊ, 16:2). 
മരിച്ചിട്ട് ഉയർത്തവൻ: യേശുവിനെ ലേഖനങ്ങളിൽ ഒരിടത്തും മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറഞ്ഞിട്ടില്ല; ❝മരിച്ചിട്ട് ഉയിർത്തവൻ❞ എന്നാണ് പറഞ്ഞിരിക്കുന്നത്: ❝ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു.❞ (റോമ, 1:5റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟മരിച്ചവൻ❝ആയിരുന്നു❞ എന്നതും മരിച്ചിട്ട് ഉയിർത്തവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ➟യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിക്കുന്ന മറ്റനേകം വാക്യങ്ങളും ലേഖനങ്ങളിലുണ്ട്: (യോഹ, 2:22; യോഹ, 20:9; യോഹ, 21:13-14; പ്രവൃ, 3:15; പ്രവൃ, 4:10; പ്രവൃ, 10:40-41; പ്രവൃ, 13:30; പ്രവൃ, 17:3; റോമ, 4:25; റോമ, 6:4; റോമ, 8:11; റോമ, 10:9). ➟എന്നാൽ മരിച്ചവൻ❝ആയിരുന്നു❞ എന്ന അർത്ഥത്തിൽ ❝ഗിനോമൈ❞ (ginomai) എന്ന മൂലപദത്തിൽനിന്ന് ഉത്ഭവിച്ച പ്രഥമപുരുഷനിലും (3rd Person) ഭൂതകാലത്തിലുള്ള പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ➟യേശു കേവലം 37-38 മണിക്കൂർ മാത്രമാണ് കല്ലറയിൽ ആയിരുന്നത്. ➟തന്മൂലം, അവൻ മരിച്ച അവസ്ഥയിൽ കുറച്ചുകാലംപോലും ആയിരുന്നവനല്ല; മരിച്ചിട്ട് തൽക്ഷണം ഉയിർത്തെഴുന്നേറ്റവനാണ്: ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എൻ്റെ സുവിശേഷം.❞ (2തിമൊ, 2:8). ➟വെളിപ്പാടിൽ പറയുന്ന ❝മനുഷ്യപുത്രനോട് സദൃശനായവൻ❞ യേശു ആയിരുന്നെങ്കിൽ, ❝ഞാൻ മരിച്ചവനായിരുന്നു എന്നല്ല; ഞാൻ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ.
ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു:
➦ ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന പ്രയോഗവും യേശുവിനു് യോജിക്കുന്നതല്ല. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമർ 6:23). ➟പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്: (യെഹെ, 18:4). ➟എന്നാൽ യേശു, വിശുദ്ധനും പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഇല്ലാത്തവനും പാപമില്ലാത്തവനുമാണ്: (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5).➟ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാത്തവനായ ക്രിസ്തുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവുമില്ല; അവൻ തൻ്റെ ജനനംമുതൽ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടവൻ തന്നെയാണ്. ➟എന്നാൽ ദൈവം സകലമനുഷ്യരുടെയും പാപം (ആദാമ്യപാപം) അവൻ്റമേൽ ചുമത്തി അവനെ പാപമാക്കിയപ്പോൾ, മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് നിത്യത്മാവിനാൽ തന്നെത്തന്നെ മറുവിലയായി ദൈവത്തിനു് അർപ്പിക്കുകയായിരുന്നു: (2കൊരി, 5:21; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 9:14). അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്: (1പത്രൊ, 3:18; പ്രവൃ, 10:40). ➟മരണത്തിനതീതനായ പാപരഹിതായ ക്രിസ്തു കുറച്ചുസമയത്തേക്ക് മാത്രമാണ് മരണത്തിനധീനനായത്. മൂന്നാംദിവസം മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു: (എബ്രാ, 2:14-15). ➟അതിനാൽ, അല്പസമയത്തേക്കുമാത്രം മരണത്തിന് അതീനനായവൻ, ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് പറവാൻ ഒരാവശ്യവുമില്ല. 
മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു:
➦ യേശുവിൻ്റെ ചില വാക്കുകൾ ശ്രദ്ധിക്കുക: ❝മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.❞ (മത്താ, 20:28മർക്കൊ, 10:45). ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.❞ (യോഹ, 10:10-11യോഹ, 10:15). ➟മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെ താക്കോലുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? (എബ്രാ, 2:14-15). ➟ആടുകൾക്കു വേണ്ടി തൻ്റെ ജീവനെ കൊടുക്കാൻ വന്നവൻ ആടുകളുടെ ജീവനെടുക്കുമോ? (യോഹ, 10:15). ➟മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കാലല്ല; ജീവൻ്റെ താക്കോലാണ് യേശുവിൻ്റെ കയ്യിലുള്ളത്. [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

വെളിപ്പാട് 14:1. കുഞ്ഞാടിനു് നാമമുണ്ടോ
❝പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.❞ {വെളി, 14:1}. 
☛ ആദ്യകാല ആധുനിക ഗ്രീക്കുപരിഭാഷയിലൊന്നും കുഞ്ഞാടിന് നാമമില്ലായിരുന്നു:
➦ ❝Καὶ εἶδον καὶ ἰδού, ἀρνίον ἑστηκὸς ἐπὶ τὸ ὄρος Σιών καὶ μετ’ αὐτοῦ ἑκατὸν τεσσαράκοντα τέσσαρες χιλιάδες ἔχουσαι ❝τὸ ὄνομα τοῦ πατρὸς αὐτοῦ❞ (𝗧𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿) γεγραμμένον ἐπὶ τῶν μετώπων αὐτῶν❞ (Stephanus Textus Receptus 1550Scrivener’s Textus Receptus 1894)
☛ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible.അതിലും ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും കുഞ്ഞാടിനു് നാമമില്ലായിരുന്നു:
➦ And I loked and loo a lambe stode on the mount Syon and with him C. and xliiii. thousande havynge 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿𝘀 𝗻𝗮𝗺𝗲 written in their forhedes. (Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Geneva Bible 1560, Bishops’ Bible of 1568, King James Bible 1611] ➟ [കാണുക: William Tyndale 1526 Orginal]
☛ കെ,ജെ,വിയുടെ 1611-ലെ പരിഭാഷ: 
➦ ❝1And I looked, and loe, a Lambe stood on the mount Sion, and with him an hundreth fourty and foure thousand, hauing 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿𝘀 𝗡𝗮𝗺𝗲 written in their foreheads.❞ (KJV 1611AFVAKJV, HNT, LB, LST, NKJV, YLT, WBT, WNT). ➟ [കാണുക: King James 1611 Orginal]
☛ മൂലഭാഷയായ ഗ്രീക്കിൽ ഇല്ലാതിരുന്നതും നാലാം നൂറ്റാണ്ടിൽ ഉണ്ടായ ജെറോമിൻ്റെ ലാറ്റിൻ വുൾഗാത്തയിലൂടെ കടന്നുകൂടിയതുമാണ് കുഞ്ഞാടിൻ്റെ നാമം: 
➦ ❝et vidi et ecce agnus stabat supra montem Sion et cum illo centum quadraginta quattuor milia habentes 𝗻𝗼𝗺𝗲𝗻 𝗲𝗶𝘂𝘀 et 𝗻𝗼𝗺𝗲𝗻 𝗣𝗮𝘁𝗿𝗶𝘀 eius scriptum in frontibus suis❞ (And I beheld: and lo a Lamb stood upon mount Sion, and with him an hundred forty-four thousand, having 𝗵𝗶𝘀 𝗻𝗮𝗺𝗲 and the name of 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿 written on their foreheads). [Latin Vulgate]. 
☛ ദൈവപുത്രനായ യേശുക്രിസ്തുവിനു് ❝കുഞ്ഞാടു❞ എന്നൊരു പദവി (Title) ഉണ്ടെന്നല്ലാതെ, യോഹന്നാൻ സ്വർഗ്ഗത്തിൽക്കണ്ട് കുഞ്ഞാട് യഥാർത്ഥത്തിൽ ക്രിസ്തുവാണെന്ന് അവൻ പറഞ്ഞിട്ടില്ല. ❝യേശുക്രിസ്തു❞ എന്ന നാമമല്ലാതെ, ദൈവപുത്രനുപോലും മറ്റൊരു നാമത്തിൻ്റെ ആവശ്യമില്ല: (പ്രവൃ, 4:12). പിന്നെ കുഞ്ഞാടിനെന്തിനാണ് നാമം❓ [കാണുക: ക്രിസ്തുവും കുഞ്ഞാടും]

വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ ❝മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെക്കുറിച്ചു❞ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗം പരിശോധിച്ചാൽ, ❝മനുഷ്യപുത്രനോടു സദൃശൻ❞ ഒരു ദൂതനാണെന്ന് കാണാൻ കഴിയും. 14:14: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 14:15: മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:16: മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. 14:17: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 14:18: തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:19: ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 14:20: ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.❞
ദൈവത്തിൻ്റെ ന്യായവിധിയാണ് വിഷയം:
14-ാം വാക്യത്തിൽ, തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്ന ❝മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ❞ കാണാം. ➟ഈ ❝മനുഷ്യപുത്രനോടു സദൃശനായവനും❞ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു ദൂതനാണ്; അതിൻ്റെ ചില തെളിവുകൾ തരാം: ❶15-ാം വാക്യത്തിൽ, ❝മറ്റൊരു ദൂതൻ❞ (another angel – allos angelos) എന്ന പ്രയോഗം, ❝മനുഷ്യപുത്രനോടു സദശനായവൻ❞ ഒരു ദൂതനാണെന്ന് തെളിയിക്കുന്നതാണ്. ➟ആദ്യവാക്യത്തിൽ ഒരുത്തനെ ❝മനുഷ്യപുത്രനോടു സദൃശ്യൻ❞ എന്നു സംബോധന ചെയ്തിട്ട്, അടുത്തവാക്യത്തിൽ അവനോടു സംസാരിക്കുന്ന വേറൊരുത്തനെക്കുറിച്ച് പറയുമ്പോൾ, ഇവൻ്റെ പ്രകൃതി ആദ്യത്തവനിൽനിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിൽ, ❝മറ്റൊരു ദൂതൻ❞ എന്നു പറയാതെ, ❝ഒരു ദൂതൻ❞ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟ഭാഷാപരമായി, ❝മറ്റൊരു ദൂതൻ❞ എന്ന പ്രയോഗം, ആദ്യം പറഞ്ഞിരിക്കുന്ന ❝മനുഷ്യപുത്രനോടു സദൃശൻ❞ ഒരു ദൂതനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. ➟അടുത്തവാക്യങ്ങളിലും ❝മറ്റൊരു ദൂതൻ, വേറൊരു ദൂതൻ❞ എന്ന രണ്ട് പ്രയോഗങ്ങൾ കാണാം: (14:17; 14:18). അത്, പ്രസ്തുത വേദഭാഗങ്ങളിലുള്ള നാലുപേരും ദൂതന്മാരാണെന്നു തെളിയിക്കുന്നു. ➟ഇവിടെ, ന്യായമായിട്ടും തോന്നാനിടയുള്ള ഒരു സംശയമുണ്ട്: നാലുപേരും ദൂതന്മാരാണെങ്കിൽ, ഒരുത്തനെ മാത്രം ❝മനുഷ്യപുത്രനോടു സദൃശൻ❞ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുമോ? ➟പൊൻകിരീട ധാരിയായ ദൂതൻ ഭൂമിയിൽ ന്യായവിധി നടത്തുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, അവനെമാത്രം ❝മനുഷ്യപുത്രനോടു സദൃശൻ❞ എന്നു വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, നാലുപേരുടെയും പ്രകൃതിക്ക് ഒരു വ്യത്യാസവും ഉള്ളതായി വചനത്തിൽനിന്ന് തെളിയിക്കാൻ കഴിയില്ല. ❷അതേ വാക്യത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനോടു; ➟❝കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക❞ എന്നു മറ്റൊരു ദൂതൻ ഉറക്കെ വിളിച്ചുപറയുന്നതായി കാണാം. ➟ക്രിസ്തുവാണ് മനുഷ്യപുത്രനോടു സദൃശൻ എന്നു വിചാരിക്കുന്നവരെ സംബന്ധിച്ച്, അവൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണ്. ➟സൃഷ്ടിയായ ദൂതൽ സ്രഷ്ടാവായ ദൈവത്തോട്, അരിവാൾ അയച്ചു കൊയ്യാൻ (ന്യായവിധി നടത്തുവാൻ) ഉച്ചത്തിൽ വിളിച്ചുപറയേണ്ടതുണ്ടോ? ➟ന്യായവിധി നടത്തുന്ന മനുഷ്യപുത്രനോടു സദൃശൻ ദൈവമാണെങ്കിൽ, ന്യായവിധി നടത്താൻ കല്പിക്കുന്ന ദൂതൻ അവനെക്കാൾ വലിയ ദൈവമാണെന്നല്ലേ വരികയുള്ളു? 16-ാം വാക്യത്തിൽ, ദൂതൻ്റെ കല്പനപോലെ മനുഷ്യപുത്രനോടു സദൃശൻ ന്യായവിധി നടത്തുകയും ചെയ്തു. ❸17-ാം വാക്യത്തിൽ, മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരിക്കുന്ന ❝മറ്റൊരു ദൂതനെ❞ കാണാം. 18-ാം വാക്യത്തിൽ, കോങ്കത്തി പിടിച്ചിരിക്കുന്ന ദൂതനോടു കൊയ്യാൻ കല്പിക്കുന്നത് ❝വേറൊരു ദൂതനാണ്.❞ ദൂതൻ്റെ കല്പനപ്രകാരം അവനും ന്യായവിധി നടത്തുന്നത് അടുത്ത വാക്യങ്ങളിൽക്കാണാം. ➟രണ്ടാംഭാഗത്ത് ദൂതൻ ദൂതനോടാണ് കല്പിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ആദ്യഭാഗത്തും ദൂതൻ ദൂതനോടുതന്നെയാണ് കല്പിക്കുന്നതെന്ന് സംശയലേശെമെന്യ മനസ്സിലാക്കാം. ❹ദാനീയേൽ 7-ാം അദ്ധ്യായത്തിൽ ആകാശമേഘങ്ങളോടെ വരുന്നതായി കാണുന്നവനെയും വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ സൂര്യതേജസ്സോടെ കണ്ടവനെയും വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനായി കാണ്ടവനെയും ❝മനുഷ്യപുത്രനോടു സദൃശൻ❞ (like a son of man) എന്ന് അഭിന്നമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟വെളിപ്പാട് 1:13-ലും 14-14-ലും ❝hómoion yión anthrópou❞ (ὅμοιον υἱὸν ἀνθρώπου) എന്ന ഒരേ പ്രയോഗമാണ് കാണുന്നത്. ➟ദാനീയേലിൽ പറയുന്ന ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ദാനീ, 7:13-14ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟യേശുവിനെ, ❝മനുഷ്യപുത്രൻ❞ (Son of Man) എന്നല്ലാതെ, ❝മനുഷ്യപുത്രനോടു സദൃശൻ❞ (like a son of man) എന്നു ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ➟അതിനാൽ, ഇവിടെപ്പറയുന്ന ❝മനുഷ്യപുത്രനോടു സദൃശൻ❞ യേശുക്രിസ്തു അല്ലെന്നു മനസ്സിലാക്കാം. ❺ദാനീയേൽ 7:13-14-ലെ ❝മനുഷ്യപുത്രനോടു സദൃശൻ❞ ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്നവനാണ്. വെളിപ്പാട് 1:13-ലെ ❝മനുഷ്യപുത്രനോടു സദൃശൻ❞ സൂര്യതേജസ്സോടെ വെളിപ്പെടുന്നവനും, 14-14-ൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനുമാണ്. ➟തന്മൂലം, ദാനീയേൽ കാണുന്നതും യോഹന്നാൻ കാണുന്നതുമായ വെളിപ്പാട്, ഭൂമിയിൽ ന്യായവിധിക്ക് അധികാരമുള്ള യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➟ഒരു ദൂതൻ ന്യായവിധി നടത്താൻ കല്പിക്കുന്നത് മറ്റൊരു ദൂതനോടാണ്; അല്ലാതെ യേശുക്രിസ്തുവിനോടല്ല. ➟അതിനാൽ, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6വെളി, 1:1; വെളി, 22:16). [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

Leave a Reply

Your email address will not be published. Required fields are marked *